അത് വാസ്തവമായി മടങ്ങിയെത്തുമോ?
ആസ്ത്രേലിയയിലെ ഉണരുക! ലേഖകനിൽനിന്ന്
ആസ്ത്രേലിയൻ വൻകരയുടെ ദക്ഷിണപൂർവ്വഭാഗത്തുള്ള ദ്വീപരാഷ്ട്രമായ ടാസ്മേനിയയിലെ ഹൂവോൺവില്ലിലാണ് മോറിസ് താമസിക്കുന്നത്. തന്റെ അടുത്തേക്കുതന്നെ മടങ്ങിവരത്തക്കവണ്ണം ബൂമറാംഗ് എറിയാനുള്ള അപൂർവ്വ ചാതുര്യം അവനുണ്ട്. ഈ കല ഇടയ്ക്കെല്ലാം പ്രകടിപ്പിച്ചു കാണിക്കുന്നത് അവന്റെ കച്ചവടം വർദ്ധിപ്പിക്കുന്നു. അവന്റെ ഉപഭോക്താക്കളിൽ മിക്കവരും ടാസ്മേനിയയുടെ തലസ്ഥാനനഗരമായ ഹോബാർട്ട് സന്ദർശിക്കുന്ന ടൂറിസ്റ്റുകളാണ്, അവരിൽ ജാപ്പനീസ് നാവികരും ഉൾപ്പെടുന്നു. ആദ്യമായി ബൂമറാംഗുമായി പരിചയപ്പെടുമ്പോൾ ആ നാവികർ സാധാരണ സംശയം പ്രകടിപ്പിച്ചുകൊണ്ട് ഇങ്ങനെ ചോദിക്കാറുണ്ട്: “ഇത് വാസ്തവത്തിൽ മടങ്ങി വരുമോ?”
“അവരുടെ സംശയം തീർക്കാനുള്ള ഉത്തമാർഗ്ഗം ഒരു യഥാർത്ഥമായ അഭ്യാസപ്രകടനം തന്നെയാണ്” എന്ന് മോറിസ് പറയുന്നു. “പലപ്പോഴും സംശയാലുക്കളെ തൃപ്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തിൽ ഞാൻ തുറമുഖത്തറയിൽ നിന്ന് കപ്പലിന്റെ മുൻഭാഗം ചുറ്റി ബൂമറാംഗ് എറിഞ്ഞിട്ടുണ്ട്. അപ്പോഴത് ദൃഷ്ടിയിൽനിന്ന് മറയുകയും കപ്പലിന്റെ മേൽക്കെട്ടിന്റെ പിൻഭാഗത്തുകൂടി വളഞ്ഞ് അടുത്തുള്ള തുറമുഖത്തറയിൽ തന്നെ വന്നു പതിക്കുകയും ചെയ്തിരുന്നു.”
അപ്പോഴും ബോദ്ധ്യമാകാത്തവർ അടുത്തുള്ള ഒരു പാർക്കിലേക്ക് മോറിസിനോടൊപ്പം പോയി, അല്പം നിർദ്ദേശങ്ങൾക്ക് ശേഷം ബൂമറാംഗ് സ്വയം പരീക്ഷിച്ചു നോക്കുന്നു. ഫലമെന്തെന്ന് നിങ്ങൾക്കറിയാമോ? “അടുത്ത മിനിറ്റിൽതന്നെ, പ്രായേണ പെട്ടെന്ന് മനസ്സ് മയങ്ങാത്ത ജപ്പാൻകാരുടെ ഒരു സമൂഹം കുട്ടികളെപ്പോലെ ചിരിച്ചുകൊണ്ടു തുള്ളിച്ചാടുന്നതും, ആ ആദ്യ ഏറിന്റെ ഉല്ലാസാനുഭൂതിയും ആശ്ചര്യവും ആനന്ദവും—വിശേഷിച്ച് തങ്ങളുടെ അരികെ എവിടെയെങ്കിലും ബൂമറാംഗ് മടങ്ങി എത്തുമ്പോഴുള്ള ആനന്ദം—പകർത്താൻ ക്യാമറ ക്ലിക്ക് ചെയ്യുന്നതും കാണാം.”
ഒരു ബൂമറാംഗ് എന്താണ്?
ഒരു നിഘണ്ടു അതിനെ “ഒരു വൃത്തത്തിന്റെ ഖണ്ഡംപോലെ രൂപപ്പെടുത്തിയിട്ടുള്ളതും ദൂരേയ്ക്ക് എറിഞ്ഞാൽ എറിയുന്ന ആളുടെ അടുത്തേക്ക് മടങ്ങി എത്തുമാറ് അത്ര സമതുലിതവും ആയ ആസ്ത്രേലിയൻ നാട്ടുകാർ ഉപയോഗിക്കുന്ന ഒരുതരം കട്ടിത്തടികൊണ്ടുള്ള ഏറായുധം” എന്ന് വർണ്ണിക്കുന്നു. തീർച്ചയായും ഒരു ക്രിയാപദം എന്ന രൂപത്തിൽ “ബൂമറാംഗ്” തിരിച്ചടിയേൽപ്പിച്ചുകൊണ്ട് കുറ്റക്കാരനെത്തന്നെ ഉപദ്രവിക്കുന്ന ഒരു പദ്ധതിയെ പരാമർശിക്കുന്നു. പക്ഷേ നമുക്കിപ്പോൾ എറിയുന്ന ബൂമറാംഗിനെപ്പറ്റി അൽപം പരിചിന്തിക്കാം.
ഇന്ന് ബൂമറാംഗ് എറിയുന്നത് പ്രധാനമായും ഒരു വിനോദമാണ്. അതിനെ കാര്യമായെടുത്തിട്ടുള്ളവർ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുമുണ്ട്. ആസ്ത്രേലിയയിലെ ക്യൂൻസ്ലാണ്ടിലുള്ള മുഡ്ഗീരബാ ക്രീക്ക് എമു—റേസിംഗ് ആൻറ് ബൂമറാംഗ് ത്രോയിംഗ് അസ്സോസിയേഷൻ ഇതിലൊന്നാണ്. ആസ്ത്രേലിയൻ ആദിവാസികളുടെയിടയിൽ ഒരു വേട്ടയ്ക്കുള്ള ഉപകരണവും യുദ്ധായുധവും എന്ന നിലയ്ക്കാണ് ബൂമറാംഗ് രൂപവികാസം പ്രാപിച്ചത്.
എന്നാൽ ബൂമറാംഗ് കേവലം ഒരു ആസ്ത്രേലിയൻ ഉപകരണം മാത്രമാണ് എന്നു കരുതരുത്. പുരാതന ഈജിപ്ഷ്യൻ ശവകുടീരങ്ങളിൽ ബൂമറാംഗ് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ചിലതിന്റെ അഗ്രങ്ങളിൽ സ്വർണ്ണം പൊതിഞ്ഞിട്ടുണ്ട്, അതൊരുപക്ഷേ അതിന്റെ ആയതി വർദ്ധിപ്പിക്കാനായിരുന്നിരിക്കാം. പക്ഷേ അതിന്റെ പുരാതന നാമധേയം എന്തായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, അതിന്റെ “ബൂമറാംഗ്” എന്ന പേർ, സിഡ്നിക്കടുത്ത് ജോർജസ് നദിയുടെ കരയിൽ ജീവിച്ചിരുന്ന തുരാവൽ എന്ന ആദിവാസി വർഗ്ഗത്തിന്റെ ഭാഷയിൽ നിന്നുടലെടുത്ത ഒരു ആധുനിക നാമാണ്.
ഹോളണ്ട്, ഡെൻമാർക്ക്, ജർമ്മനി, വടക്കുകിഴക്കൻ ആഫ്രിക്ക, ഇൻഡ്യ (അവിടെ ഉരുക്കോ ആനക്കൊമ്പോ കൊണ്ടുള്ളവയാണ് പ്രചാരത്തിൽ) എന്നിവിടങ്ങളിലും ഐക്യനാടുകളിലെ അരിസോണയിലുള്ള ഹോപി ഇൻഡ്യക്കാരുടെ ഇടയിലും ബൂമറാംഗ് പോലുള്ള കമ്പുകൾ എറിയുന്ന രീതി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പൊതുവേ അമ്പും വില്ലും ബൂമറാംഗിനെ പിന്തള്ളിക്കൊണ്ട് പ്രചാരത്തിലായി എങ്കിലും ആസ്ത്രേലിയൻ ആദിവാസികളുടെ ഇടയിൽ ഈ പുരാതന ആയുധം ആധുനിക കാലം വരെ പൊതു ഉപയോഗത്തിൽ ഇരിക്കുന്നു.
വേട്ടയിൽ അതിന്റെ ഉപയോഗം
ഞങ്ങളോട് കൂടെവന്ന് ഒരു വേട്ട ആയുധം എന്ന നിലയിലുള്ള ബൂമറാംഗിന്റെ ഉപയോഗം കണ്ടു മനസ്സിലാക്കുക. വേട്ടയാടിയിരുന്ന ആദിവാസികൾ മരങ്ങൾക്കിടയിൽ സൂക്ഷ്മതയോടെ വലകൾ വലിച്ചുകെട്ടിയിരുന്നു എന്നു കാണുക. അതിലെ പറന്നുവരുന്ന പക്ഷികൾ ഈ വലയ്ക്കു നേരേ മുകളിലുള്ള ഒരു സ്ഥാനത്ത് വന്നിരിക്കുന്നു. ആ പക്ഷികൾ താഴ്ന്നു പറന്ന് ആ വലയിൽ കുരുങ്ങാനിടയാക്കുക എന്നതാണ് ലക്ഷ്യം. അവ മരങ്ങൾക്ക് മുകളിലേക്ക് പറന്നുയർന്നാൽ അവയെല്ലാംതന്നെ കൈവിട്ട് പോകും.
നോക്കൂ! നിരവധി വേട്ടക്കാർ ചാടി എഴുന്നേൽക്കുന്നു. സൂക്ഷ്മലക്ഷ്യത്തോടെ അവർ ഇരയ്ക്കു നേരെ ബൂമറാംഗ് എറിയുന്നു. കറങ്ങിപ്പോകുന്ന ആ ഏറമ്പുകൾ പെട്ടെന്ന് വായുവിലുയർന്ന് മരങ്ങൾക്കിടയിലൂടെ തെന്നി നീങ്ങിക്കൊണ്ട് പക്ഷികൾക്ക് നേരെ മുകളിൽ ചുറ്റിക്കറങ്ങുന്നു. മുഴക്കത്തോടെ ചുറ്റിത്തിരിയുന്ന ആ ദണ്ഡിന്റെ അഗ്രങ്ങൾ പരുന്തിന്റെ ശബ്ദം മുഴക്കുന്നു. പക്ഷികൾ താഴേക്കു പറന്നടിയുന്നു. പരുന്തിൻ ശബ്ദം ഉണ്ടാക്കിക്കൊണ്ട് വേട്ടക്കാർ മിഥ്യാബോധം വർദ്ധിപ്പിക്കുന്നതെങ്ങനെയെന്ന് നിരീക്ഷിക്കുക. പരിഭ്രാന്തരായ പക്ഷികൾ താഴെ കാത്തുകിടക്കുന്ന വലയിലേക്ക് വീഴുന്നു. വേട്ട അങ്ങനെ വലിയ വിജയമായിത്തീരുന്നു.
അതേസമയം, ചുറ്റിക്കറങ്ങുന്ന ബൂമറാംഗുകളിലോരോന്നും ഒരു പൂർണ്ണവൃത്തം പൂർത്തിയാക്കുന്നു. ആജ്ഞയാലെന്നവണ്ണം ഓരോന്നും മടങ്ങിവന്ന്, ഒന്നുകിൽ എറിഞ്ഞയാളുടെ കൈകളിലോ കാൽക്കലോ വന്നു പതിക്കുന്നു.
ഒരു ബൂമറാംഗ് എറിഞ്ഞയാളുടെ അരികിലേക്ക് മടങ്ങിവരുന്നതിന് അത് ചെറുതും നേർത്തതും ആയിരിക്കണം. അതുകൊണ്ട് മിക്കതിനും ഏതാണ്ട് 30 ഇഞ്ച് നീളമാണുള്ളത്. കങ്കാരു, വല്ലാഭി (ചെറിയ ഇനം കങ്കാരു) തുടങ്ങിയ വലിയ മൃഗങ്ങളെ സാരമായി ഹനിക്കാൻ കഴിയാതെവണ്ണം ഇത് അവയെ അത്ര ലോലമാക്കിത്തീർക്കുന്നു. അത്തരം ഒരു ബൂമറാംഗ്, ഏറുകാരന്റെ ഉന്നം അത്യന്തം കുറ്റമറ്റതാണെങ്കിൽ ഒരു ചെറിയ മൃഗത്തെയോ പറക്കുന്ന ഒരു പക്ഷിയേയോ താഴെവീഴ്ത്തിയേക്കാം. പക്ഷേ, മേൽവിവരിച്ച വേട്ടയഭ്യാസമൊഴിച്ചാൽ മടങ്ങിവരുന്ന ബൂമറാംഗ് ഏറ് പരിശീലിക്കാനും വിനോദിക്കാനും മാത്രമാണ് പ്രായേണ ഉപയോഗിക്കപ്പെടുന്നത്.
മടങ്ങിവരാത്ത “ബൂമറാംഗ്”
നായാട്ടിലോ യുദ്ധത്തിലോ ഉപയോഗിച്ചിരുന്ന ഉപകരണം കൈലീ അഥവാ കൊലവടി ആയിരുന്നു. അതും ബൂമറാംഗിന്റെ അതേ ആകൃതിയിലാണുണ്ടാക്കിയിരുന്നത്. പക്ഷേ അതിന് വലിപ്പം ഏറിയിരുന്നു. അവയ്ക്ക് നീളം 4 അടിയോളവും ഭാരം ഏകദേശം 0.7 കിലോഗ്രാമും ആയിരുന്നു. പക്ഷേ കൈലീ എറിഞ്ഞാൽ തിരികെ വരുമായിരുന്നില്ല. അത് അതിന്റെ ചെറിയ പ്രതിരൂപത്തേക്കാൾ അത്യധികം മാരകമായിരുന്നു. അതിന്റെ ഭ്രമണശേഷി അധികദൂരം സഞ്ചരിക്കാൻ അതിനു സഹായകവും ആയിരുന്നു. കൈലീയെ ഒരു കുന്തത്തേക്കാൾ കൃത്യമായി ഉന്നം വച്ച് എറിയാനാകുമായിരുന്നു. കൂടാതെ 4 അടി വിസ്തൃതിയിലുള്ള അതിന്റെ ഭ്രമണ മണ്ഡലം ഹേതുവായി കുന്തത്തിന്റേതുപോലെ കേവലം ഒരു ബിന്ദുവിലല്ലാതെ അതിവിസ്തൃതമായ മേഖലയിലേക്ക് അതിന്റെ നശീകരണ ശക്തി വ്യാപിക്കുന്നു. ഏതാണ്ട് 660 അടി ദൂരം വരേയ്ക്കുള്ള ചില കൃത്യമായ ഏറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആ ദൂരത്തിനുള്ളിൽ ഒരു കങ്കാരുവിനെയോ വല്ലാഭിയെയോ എറിഞ്ഞു വീഴ്ത്തുക എളുപ്പമാണ്.
വായുഗതിവേഗത്തിനൊത്ത ആകൃതി
ഏറുവടി, ബൂമറാംഗ്, കൈലീ തുടങ്ങിയവയെല്ലാം വായു ഗതിവേഗ തത്വങ്ങൾ ആധാരമാക്കിയുള്ള ആകൃതിയിലുള്ളവ ആയതുകൊണ്ട് അവ മറ്റേതൊരു എറിയപ്പെടുന്ന വസ്തുവിനേക്കാളും കൂടുതൽ നേരം വായുവിൽ ഉയർന്നു നിൽക്കുന്നു. അവയുടെ “പത്രങ്ങൾ” ഒരു വിമാനത്തിന്റെയോ പറന്നുയരുന്ന പക്ഷിയുടെയോ ആകൃതിക്ക് സദൃശ്യമാണ്. പറക്കുമ്പോൾ ബൂമറാംഗിന്റെ ഉരുണ്ട അഗ്രം വായുവിനെ രണ്ടായി “പിളർന്ന്” വായു “ചിറകുകൾക്ക്” മുകളിലൂടെയും കീഴിലൂടെയും നീങ്ങാനിടയാക്കുന്നു. “ചിറകിന്” മുകളിലുള്ള വായു അതിന്റെ പ്രതലത്തിന് കുറുകെ തെന്നിനീങ്ങുമ്പോൾ ബൂമറാംഗ് മുകളിലേക്കുയരുന്നു. ബൂമറാംഗ് കൈയിൽ നിന്ന് തൊടുത്തുവിടുമ്പോഴേ ചുഴറ്റിവിട്ടുകൊണ്ട് ഏറുകാരന് ആ ഉയർച്ച വർദ്ധിപ്പിക്കാൻ കഴിയും.
ബൂമറാംഗിന്റെ ഒരു വിശേഷത ഒരറ്റം മേലോട്ടും മറ്റേ അറ്റം കീഴോട്ടും പിരിച്ചുവച്ചുകൊണ്ടുള്ള അതിന്റെ രൂപം ആണ്. വായുഗതിവേഗത്തെപ്പറ്റിയുള്ള യാതൊരു പരിശീലനവും കൂടാതെ ആദിവാസികൾ ഇതിന്റെ ആവശ്യം മനസ്സിലാക്കി എന്നത് അത്ഭുതമായിരിക്കുന്നു. ഇതിനായി അവലംബിച്ചിരുന്ന ഒരു മാർഗ്ഗം ബൂമറാംഗിന് വഴക്കം വരുവോളം അത് ചൂട് ചാരത്തിലിട്ട് വേവിക്കുകയാണ്. മറ്റൊന്ന് ഉദ്ദേശിക്കുന്ന ആകൃതിയിൽ വളച്ചെടുക്കാൻ കഴിയത്തക്ക മാർദ്ദവം കൈവരുവോളം വെള്ളത്തിലിട്ട് അത് കുതിർക്കുന്നതാണ്.
നല്ല മടക്കത്തിനുള്ള ഏറ്
ബൂമറാംഗ് മടങ്ങിയെത്തത്തക്കവണ്ണം എറിയാൻ നിപുണരായവർ, ഇത് പ്രയാസമല്ല എന്നും ക്ഷമയും പരിശീലനവും മാത്രമെ ആവശ്യമുള്ളു എന്നും അവകാശപ്പെടുന്നു. ബൂമറാംഗിന്റെ “മുട്ടഭാഗം” ഏറുകാരനിൽ നിന്നകലെ ആയിരിക്കണം. കൂടാതെ അത് തിരശ്ചീനമായിട്ടല്ല, ലംബമായിത്തന്നെ പിടിക്കണം (ചിത്രം കാണുക) ബൂമറാംഗിനെപ്പറ്റിയുള്ള സർവ്വതും എന്ന തങ്ങളുടെ പുസ്തകത്തിൽ ലോരിൻ ഹോവസും മേരിഹോവസും പറയുന്നത് ബൂമറാംഗ് കൃത്യമായി എറിഞ്ഞാൽ ഏറുകാരൻ പിടിച്ചിരിക്കുന്നത് ഏതറ്റം ആണെന്നത് പ്രശ്നമല്ല എന്നാണ്. നന്നായി ചുഴറ്റി എറിഞ്ഞാൽ ബൂമറാംഗ് എപ്പോഴും മടങ്ങിവരും. അവർ ഇങ്ങനെ പറയുന്നു:
“ബൂമറാംഗ് എറിയുക എന്നത് കൈതുറന്ന് വെറുതെ അത് അയച്ചുവിടുക എന്നത് മാത്രമല്ല, പിന്നെയോ കൈക്കുള്ളിൽ ആയിരിക്കുമ്പോൾ തന്നെ കൊളുത്തിപ്പിടിച്ചിരിക്കുന്ന ചൂണ്ടുവിരലിനുള്ളിൽ അത് ചുറ്റിത്തിരിഞ്ഞ് ആക്കം കൈവരിക്കേണ്ടതുണ്ട്. . . . എറിയുമ്പോഴുള്ള കൈയുടെ ചലനം ഒരു ചാട്ടകൊണ്ട് അടിക്കുമ്പോഴത്തേതിനോട് സാദൃശ്യം വഹിക്കുന്നു. തോളിന് പിറകിലുള്ള ഒരു സ്ഥാനത്ത് കൈ വലിച്ചുപിടിച്ച് നേരെ മുമ്പോട്ട് ഓങ്ങി തോളിന് ഒരു കൈയകലം മുമ്പിലെത്തുന്നമാത്രയിൽ ബൂമറാംഗ് തൊടുത്തുവിടുകയും ചെയ്യുന്നു. കൈമുട്ട് മടക്കിക്കൊണ്ടാണ് എറിയാനുള്ള ഊർജ്ജം പകരുന്നത്. ഏറിന്റെ അവസാനത്തിന് മുമ്പായി കൈ പിന്നോട്ട് വലിക്കരുത്. മറിച്ച് ഏറിന്റെ ദിശയിൽ തന്നെ കൈയ്യും നീണ്ടു ചെന്നിരിക്കണം?
വലതുകൈകൊണ്ട് എറിഞ്ഞാൽ ബൂമറാംഗ് 30 വാരകളോളം നേരേ മുമ്പോട്ട് പോകയും തുടർന്ന് ഇടത്തേക്ക് തിരിയുകയും ചെയ്യും. അത് തിരിയുന്ന ഘട്ടത്തിൽ തിരശ്ചീനമായി പറന്നുയരുകയും ഏറുകാരന്റെ അരികെ മടങ്ങിയെത്തുന്നതിന് മുമ്പേ ഒന്നു മുതൽ അഞ്ചു പ്രാവശ്യം വരെ വട്ടം കറങ്ങുകയും ചെയ്യുന്നു. ഒരു നല്ല ഏറിനുശേഷമുള്ള അതിന്റെ മടങ്ങി വരവിൽ ഏറുകാരന് കൈമിടുക്കോടെ ബൂമറാംഗ് പിടിച്ചെടുക്കുന്നതിന് കഴിയുന്നു, അല്ലെങ്കിൽ അത് അയാളുടെ കാൽക്കലെങ്കിലും വീഴുന്നു.
ചില അപകടങ്ങളുണ്ട്
ഏറുകാരൻ തന്നെത്തന്നെ ഉന്നം വച്ച് എറിയുന്ന ഏക വിനോദം ബൂമറാംഗ് ആയിരിക്കാനാണ് സാദ്ധ്യത, കാരണം അയാൾ തന്നെയാണ് അയാളുടെ ലക്ഷ്യബിന്ദു. പക്ഷേ കാണികൾക്കും വഴിപോക്കർക്കും അപകടം ഭവിക്കാം. കാറ്റിന്റെ സ്വാധീനവും പരിഗണിക്കേണ്ടതുണ്ട്. കാറ്റ് ഒരു ഇളം കാറ്റിനേക്കാൾ ശക്തമാണെങ്കിൽ എറിയുകയേ അരുത് എന്ന് അനുഭവസിദ്ധരായ ഏറുകാർ മുന്നറിയിപ്പ് നൽകുന്നു. പുല്ലോ, ചെറിയ ഇലകളോ നിലത്തേക്കിട്ട് അവയുടെ കീഴോട്ടുള്ള പോക്കിനെ നിരീക്ഷിച്ചുകൊണ്ട് കാറ്റിന്റെ വേഗത നിർണ്ണയിക്കാം.
അനുഭവ ഹീനരായ ഏറുകാർ വളരെ കരുതലോടെ തുറസ്സായ ഇടങ്ങളിൽ വച്ച് മാത്രമേ എറിയാവൂ. നിർഭാഗ്യകരമായ ഒരു അപകടത്തിൽ നിന്ന് ഗുരുതരമായ ക്ഷതമോ മരണം പോലുമോ സംഭവിക്കാം. ഒരു ഉദാഹരണം ഇതാ: ക്വീൻസ്ലൻറിലെ ഒരു ആദിവാസി സെനറ്റർ ഒരു അറിയപ്പെട്ട ബൂമറാംഗ് ഏറുകാരനായിരുന്നു. പക്ഷേ ഒരു സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഈ കല അവതരിപ്പിച്ചപ്പോൾ പൊടുന്നനെ വീശിയടിച്ചുവന്ന ഒരു കാറ്റ് ബൂമറാംഗിന്റെ ഗതി മാറ്റുകയും അത് ഒരു സ്കൂൾ കുട്ടിയെ ചെന്ന് തട്ടുകയും ചെയ്തു. ആ മുറിവിന് നിരവധി തുന്നിക്കെട്ട് ആവശ്യമായി വന്നു.
ചില സവിശേഷ നേട്ടങ്ങൾ
സ്മിത്ത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ബെൻ റൂഹെ, ബൂമറാംഗ് പരിപാടികളുടെ ലോക റെജിസ്ട്രാറും സംയോജകനും ആണ്. ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ നിന്നുള്ള ആധുനിക ബൂമറാംഗ് ഏറുകാരുടെ ആകർഷകങ്ങളായ നേട്ടങ്ങൾ അദ്ദേഹം ക്രോഡീകരിച്ചെഴുതിയിട്ടുണ്ട്.
◼ എറിയപ്പെട്ട ഏറ്റവും വലിയ ദൂരം: 480 അടി (146.3മീ).
◼ കൃത്യത: പാദം അനങ്ങാതെ ക്രമായ പതിനൊന്ന് പിടുത്തം.
◼ ഏറ്റവും ധീരമായ ഏറ്: ആസ്ത്രേലിയയിലെ പരാമറ്റായിലെ ഒരു ഏറുകാരൻ കണ്ണു കെട്ടിക്കൊണ്ട് ക്രമായി ഒരു ബൂമറാംഗ് എറിഞ്ഞ് അനങ്ങാതെ നിന്ന് തന്റെ തലയിലെ ആപ്പിൾ തെറിപ്പിച്ചു.
◼ ഏറ്റവും നല്ല ഇരട്ട ഏറ്: ഇംഗ്ലണ്ടിലെ ബാൽബിയിൽ ഒരു ഏറുകാരൻ ഇടതും വലതും കൈകൊണ്ട് ബൂമറാംഗ് ഒന്നിച്ച് എറിഞ്ഞിട്ട് അവ ഒന്നിനുമേലൊന്നായി തന്റെ പാദങ്ങൾക്കിടയിൽ വന്നു വീഴാൻ ഇടയാക്കി.
ആസ്ത്രേലിയ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കിടയിൽ ബൂമറാംഗ്, കോലാകരടിയെയും കങ്കാരുവിനെയും പോലെ അതിവേഗം പ്രിയമാർജ്ജിച്ചു വരികയാണ്. ബൂമറാംഗ് വ്യക്തിപരമായി എറിയാനുള്ള സാദ്ധ്യത നിങ്ങൾക്ക് കുറവാണെങ്കിലും കൃത്യമായി എറിയപ്പെട്ടാൽ അത് വാസ്തവത്തിൽ തിരികെ വരികതന്നെ ചെയ്യും! (g87 1/22)
[27-ാം പേജിലെ ചിത്രങ്ങൾ]
മടങ്ങിവരാത്ത വടി
മടങ്ങിവരാത്ത ബൂമറാംഗ്
മടങ്ങിവരുന്ന ബൂമറാംഗുകൾ
[28-ാം പേജിലെ ചിത്രം/രേഖാചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ബൂമറാംഗിന്റെ ഭാഗങ്ങൾ
പത്രം
മുട്ട്
വായുഖണ്ഡനാഗ്രം
പത്രം
വായുഖണ്ഡനാഗ്രം
ഭ്രമണദിശ