സമുദ്രത്തിലെ വനങ്ങൾ
എന്റെ പേര് ഗാരിബോർഡി എന്നാണ്. ഇതാണെന്റെ ഭവനം. ഇത് മനോഹരമല്ലേ? ഒരിക്കൽ മനുഷ്യർ എന്നെപ്പിടിച്ച് ഒരു ചെറിയ ടാങ്കിലിടാൻ ശ്രമിച്ചു. നിങ്ങൾക്കത് സങ്കൽപ്പിക്കാൻ കഴിയുമോ? ഞാൻ ഏകാന്തതാഭീതിനിമിത്തം ചത്തുപോയേനേ. വലിയ പദം ഉപയോഗിച്ചതിന് ക്ഷമാപണം. അതിന്റെയർത്ഥം ഒറ്റപ്പെട്ട ഇടുങ്ങിയ സ്ഥാനങ്ങളിലെ ഭയം എന്നാണ്.
എന്നാൽ ഞാൻ ഇപ്പോൾ സുരക്ഷിതാവസ്ഥയിലാണ്. എന്നെ കാലിഫോർണിയായുടെ ദേശീയ കടൽ മൽസ്യമാക്കി. ഞാൻ ഇപ്പോൾ സംരക്ഷണയിലാണ്.
നിങ്ങൾ എന്റെ മനോഹരമായ ഭവനത്തെക്കുറിച്ചറിയുന്നതിനും എന്റെ ചില അയൽക്കാരെ പരിചയപ്പെടുന്നതിനും ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഈ ലേഖനം വായിക്കുക
കാലിഫോർണിയായുടെ തീരപ്രദേശത്തെ അതിസ്ഥൂലമായ കാറ്റാടിവൃക്ഷ വാടിക സന്ദർശിക്കുന്നവർ ചേതോവികാരത്തോടെ അനിമേഷനയനമായി നിന്നുപോകുന്നു. നിങ്ങൾ ഉത്തുംഗമായ വൻ വൃക്ഷകാണ്ഡങ്ങളാലും ശിരസ്സിനുമുകളിൽ ഉയർന്നുനിൽക്കുന്ന ഇലതിങ്ങിയ മച്ചിനാലും ഇലകൾകൊണ്ടുള്ള ഈ തട്ടിലൂടെ ചാഞ്ഞുവരുന്ന പ്രകാശരശ്മികളാലും ചുറ്റപ്പെട്ടിരിക്കുമ്പോൾ നിങ്ങൾ വളരെ നിസ്സാരനാണെന്ന് നിങ്ങൾക്ക് സ്വയം തോന്നും. നിങ്ങളെ വലയം ചെയ്തിരിക്കുന്ന ബൃഹത്തായ വനത്തിന്റെ നിഴലിൽ വളരെ നാടകീയമായി സംവിധാനം ചെയ്തിരിക്കുന്ന പ്രകാശരശ്മികളും നിശ്ചലതയും നിശബ്ദതയും നിമിത്തം ഭക്ത്യാദരപ്രയുക്തമായ ഭയത്തിന്റെ ഏതോ ചേതോവികാരം നിങ്ങളെ കവർന്നുകളയുന്നു. പലരും അതിസ്ഥൂലമായ ഈ കാറ്റാടി വൃക്ഷവാടികയെക്കുറിച്ച് സംസാരിക്കുന്നു.
എന്നാൽ വളരെയധികംപേർ മറ്റൊരു തരത്തിലുള്ള ബൃഹത്തായ വനത്തെക്കുറിച്ച് സംസാരിക്കുന്നില്ല. അവ കാലിഫോർണിയായുടെ തീരപ്രദേശത്തല്ല. അതിലും ആഴത്തിൽ സ്ഥിതിചെയ്യുന്നു. അവയും ശിരസ്സിനുമുകളിൽ ഉയർന്നു നിൽക്കുകയും ഒരു മച്ച് വിരിക്കുകയും ചെയ്യുന്നു. അവയിലൂടെ പ്രകാശരശ്മികൾ താഴേക്ക് വരുന്നുമുണ്ട്. അവിടെയും നിശബ്ദതയും നിശ്ചലതയുമുണ്ട്. നിങ്ങളെ വലയം ചെയ്തിരിക്കുന്ന വനത്തിന്റെ മനോഹാരിതയ്ക്കു മാറ്റുകൂട്ടുന്ന പ്രകാശരശ്മികൾ അവിടെയുമുണ്ട്—നിങ്ങൾ സമാനമായ ആദരപ്രയുക്തമായ ഭയത്താലും വികാരങ്ങളാലും ആറാടുന്നു.
ഈ വനത്തിൽ യാതൊരു മരങ്ങളുമില്ല, പർണ്ണങ്ങളേയുള്ളു. കാണ്ഡങ്ങളില്ല പിന്നെയോ പത്രാകാരമായ പിണ്ഡകങ്ങളേയുള്ളു. ഇലകളില്ല പിന്നെയോ പത്രദളങ്ങളേയുള്ളു; വേരുകളില്ല പിന്നെയോ കുറ്റികളേയുള്ളു. ഈ വനം വെള്ളത്തിനടിയിലാണ്. ഇതിന്റെ വിചിത്രപ്പേര് മൈക്രോസിസ്റ്റിസ് പൈറിഫെറ എന്നാണ്. സാധാരണയായി കാണപ്പെടുന്നത് ബൃഹത്തായ കടൽപ്പോച്ചയാണ്—അത് കടൽപ്പോച്ച വർഗ്ഗത്തിലെ ധൂമ്രവണ്ണമുള്ളതും “ലോകത്തിലെ ഏറ്റം വലുതും പെട്ടെന്ന് പെരുകുന്നതുമായ ഒരു കടൽ സസ്യമാണ്.” അതിന്റെ വനങ്ങൾ സന്ദർശിക്കുന്നവർ ശ്വസിക്കുന്നതിനുവേണ്ടി വായുവും കൂടെ കൊണ്ടുപോകണം. അവർ ക്യൂബാ സ്യൂട്ടും സമുദ്രത്തിലെ തണുപ്പിൽനിന്ന് സംരക്ഷണം നേടാൻ നീഹാര സ്യൂട്ടുകളും ധരിക്കുന്നു. അവർ സ്മരണകളെക്കാൾ കൂടുതൽ ആഗ്രഹിക്കുന്നെങ്കിൽ വെള്ളത്തിനടിയിലുപയോഗിക്കുന്ന ക്യാമറകളും കൃത്രിമ ലൈറ്റും കൊണ്ടുപോകണം.
ബൃഹത്തായ കടൽപ്പോച്ച അതിന്റെ തുടക്കത്തിൽ അതിസൂക്ഷ്മമാംവിധം ചെറുതാണ്. ബീജസ്ഫുരകങ്ങൾ മുപ്പതു മീറ്റർ ആഴത്തിൽ വരെ പാറക്കെട്ടുകളോട് പറ്റിച്ചേർന്നു നിൽക്കുന്നു. അതിൽനിന്നും അതിസൂക്ഷ്മമായ സ്ത്രീപുരുഷ ചെടികൾ വികാസം പ്രാപിക്കുന്നു. അതിൽ ഒരു ഭ്രൂണം ഉല്പാദിപ്പിക്കാനുള്ള അണ്ഡവും ബീജവും ഉൾക്കൊണ്ടിട്ടുണ്ട്. ഈ ഭ്രൂണങ്ങളിൽ നിന്ന് പർണ്ണങ്ങൾ മുകളിലേക്ക് വളരുന്നു; മക്രോണി സമാനമായ ഞരമ്പുകൾ താഴേക്ക് വളരുന്നു. പർണ്ണങ്ങൾ സൂര്യപ്രകാശത്തിനുവേണ്ടി ഉപരിതലം വരെ എത്തുന്നു. ഞരമ്പുകൾ പാറക്കെട്ടുകളിൽ നന്നായി ഒട്ടിപ്പിടിച്ചിരിക്കുകയും ചെടികളെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചുനിർത്തുകയും ചെയ്യുന്നു. ഹപ്റേറ്റാ എന്നുവിളിക്കുന്ന ഈ ഞരമ്പുകൾ വലിയ കെട്ടുകളായി വളരുന്നു. അത് കുറ്റികൾ എന്ന് അറിയപ്പെടുന്നു.
പർണ്ണങ്ങൾ വളരുമളവിൽ അവയിൽ പത്രദളങ്ങൾ ഉണ്ടാകുന്നു. അതിൽ ഗ്യാസ് നിറഞ്ഞിരിക്കുന്നതിനാൽ അത് സമുദ്രത്തിന്റെ ഉപരിതലത്തിലേക്ക് വളർന്ന് അവിടെ പൊങ്ങിക്കിടക്കുന്നു. അവിടെ അവ തുടർന്ന് വളർന്ന് പടരുകയും ഒരു മച്ച് രൂപപ്പെടുത്തുകയും ചെയ്യുന്നു. ഓരോ പർണ്ണവും ആറ് മാസമേ ജീവിച്ചിരിക്കയുള്ളു. എന്നാൽ പുതുപർണ്ണങ്ങൾ കുറ്റിയിൽ നിന്നുണ്ടാകും. മുഴു കടൽപ്പോച്ചക്കും അഞ്ച് വർഷമോ അതിലധികമോ നിലനിൽക്കാൻ കഴിയും. ഇത് ഇതിന്റെ പത്രദളങ്ങൾ, പിണ്ഡകങ്ങൾ, കുറ്റികൾ തുടങ്ങിയ മൃദുലമായ മുഴുഭാഗങ്ങളിലൂടെയും പോഷകങ്ങൾ സ്വീകരിക്കുന്നു.
പർണ്ണങ്ങൾ പ്രതിദിനം രണ്ടടി വളരുന്നു! ജലനിരപ്പിലെത്താൻ അവ നൂറോ അതിലധികമോ അടി വളർന്നേക്കാം. തുടർന്ന് ജലനിരപ്പിൽ ഒരു മച്ചുണ്ടാക്കുന്നതിനുവേണ്ടി മറ്റൊരു നൂറടി വളരുന്നു. ഈ മച്ചുകളിലൂടെ അല്ലെങ്കിൽ ജലനിരപ്പിലുള്ള കടൽപ്പോച്ചകളിലൂടെയാണ് സൂര്യരശ്മികൾ താഴേക്ക് പതിക്കുന്നത്. അത് വെള്ളത്തിനടിയിലുള്ള മറ്റൊരു ലോകത്തിന് മായാസൗന്ദര്യം പകരുന്നു.
ഒരു കടൽപ്പോച്ച ജീവികളാൽ നിറഞ്ഞിരിക്കുന്നു. പാകമായ ഒരു കടൽപ്പോച്ചക്ക് ഒരു ദശലക്ഷത്തിലധികം ജീവികളെ നിലനിർത്താനുള്ള പ്രാപ്തിയുണ്ടെന്ന് ശാസ്ത്രജ്ഞൻമാർ അവകാശപ്പെടുന്നു. അതിന്റെ കുറ്റിയിൽത്തന്നെ ഏതാണ്ട് 178 ഗണങ്ങൾ അധിവസിക്കുന്നു—ഞണ്ടുകൾ, നഗ്നകുലജീവികൾ, കടൽച്ചൊറികൾ, കടലിരകൾ തുടങ്ങിയവ. ഒരു കടൽപ്പോച്ചയുടെ മച്ചിലും അതിന്റെ പരിസരത്തുമായി ഏതാണ്ട് 800 ഗണങ്ങൾ കഴിഞ്ഞുകൂടുന്നു. അവ അത് ഭക്ഷണത്തിനും പാർപ്പിനും അല്ലെങ്കിൽ ഇരപിടിക്കുന്നതിനുമായി ഉപകരിക്കുന്നു. ഉഡുപ്പുറ്റ്, അൻമോൺ, ജെല്ലി മത്സ്യം, വ്ളാങ്കുകൾ തുടങ്ങിയ നിരവധി മത്സ്യങ്ങൾ കടൽപ്പോച്ചയുടെ തട്ട് തുടർച്ചയായി സന്ദർശിക്കുന്നു. അവയിൽ ഒരു കുസൃതിക്കുട്ടൻ ഓറഞ്ചു നിറത്തിലുള്ള ഗാരിബോർഡിയാണ്—അത് കാലിഫോർണിയായുടെ ദേശീയ കടൽ മത്സ്യമായും അറിയപ്പെടുന്നു.
1950-കളുടെ അവസാനത്തിൽ കാലിഫോർണിയായുടെ നിരവധി കടൽപ്പോച്ച വനങ്ങളും ഏതാണ്ട് നാശത്തിന്റെ വക്കിലായിരുന്നു. ഉഷ്ണസമുദ്രങ്ങൾ അവയെ നശിപ്പിക്കുകയും കൊടുങ്കാറ്റുകൾ അവയെ അവയുടെ കുറ്റിയിൽനിന്ന് പിച്ചിച്ചീന്തുകയും ചെയ്യും. എന്നാൽ പ്രമുഖ ഭീഷണി കടൽച്ചൊറിയിൽനിന്നായിരുന്നു. അത് പലപ്പോഴും മനുഷ്യന്റെ പണിയായിരുന്നു. കെൽക്കോ കോർപ്പറേഷന്റെ ന്യൂസ് ബുള്ളറ്റിൻ ഇപ്രകാരം വിശദീകരിക്കുന്നു:
“കടൽപ്പോച്ചകളുടെ കുറ്റികളിലും പർണ്ണങ്ങളിലും ചെറുചെടികളിലും ആഹാരം കണ്ടെത്തുന്ന കണ്ടകാവൃതമായ സമുദ്രജീവികളാണ് കടൽച്ചൊറികൾ. കടൽനായാണ് അതിന്റെ സ്വാഭാവിക ശത്രു. ആദ്യകാലങ്ങളിൽ കടൽനായെ വലിയ അളവിൽ വേട്ടയാടിയതിന്റെ ഫലമായി കടൽച്ചൊറികൾ സ്വതന്ത്രരായിത്തീരുകയും കടൽപ്പോച്ചകളിൽനിന്ന് തങ്ങളുടെ വിശപ്പടക്കുകയും ചെയ്തിരുന്നു. തൽഫലമായി അവർ ക്രമാതീതമായി പെറ്റുപെരുകുകയും അവ കടൽപ്പോച്ച വനങ്ങൾ ആർത്തിയോടെ തിന്നൊടുക്കുകയും ചെയ്തു. ഇത് കടൽപ്പോച്ചകളുടെ നിലനിൽപ്പിനെ മോശമായി ബാധിച്ചു. കടൽച്ചൊറികൾ കടൽപ്പോച്ചകൾ ഭക്ഷിച്ച് ഒരു മാസത്തിനുള്ളിൽ 30 അടി വളരുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു.”
അതിന്റെ പ്രതിവിധിയും മനുഷ്യന്റെ പണിയായിരുന്നു. കടൽനായെ വേട്ടയാടുന്നതിൽനിന്ന് സംരക്ഷിച്ചു. അവയുടെ സംഖ്യ വർദ്ധിച്ചപ്പോൾ കടൽച്ചൊറികളുടെ എണ്ണം കുറഞ്ഞു. അങ്ങനെ കടൽപ്പോച്ചവനങ്ങൾ സംരക്ഷിക്കപ്പെടാൻ തുടങ്ങി. കെൽക്കോ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ഇന്ന് നമ്മുടെ കടൽപ്പോച്ചവനങ്ങൾ ഏതാണ്ട് 60 വർഷങ്ങൾക്കു മുമ്പത്തെ അവസ്ഥയോടടുക്കുകയാണ്. കടൽപ്പോച്ചകളുടെ നിലനിൽപ്പ് പുനഃസ്ഥിതീകരിക്കപ്പെട്ടു. ഒരിക്കൽ വംശനാശത്തിന്റെ വക്കിലായിരുന്ന പ്രകൃതിസമ്പത്ത് പുനരുജ്ജീവിപ്പിക്കപ്പെട്ടു.”
ഈ പുനർജ്ജനനത്തോടെ മുങ്ങൽ വിദഗ്ദ്ധർ കടൽപ്പോച്ച വനങ്ങളിലൂടെ സഞ്ചരിച്ച് സമുദ്രത്തിലെ ഈ വനങ്ങളിൽ കാണുന്ന മഹൽദൃശ്യങ്ങൾ ഒരളവിൽ ക്യാമറയിലാക്കി മടങ്ങുന്നു. (g87 3/22)
[അടിക്കുറിപ്പുകൾ]
1 ft = 0.3 m.
[17-ാം പേജ് നിറയെയുള്ള ചിത്രം]
[18-ാം പേജിലെ ചിത്രങ്ങൾ]
കടൽനായ്
കടൽച്ചൊറികൾ
കുറ്റി