കടൽപ്പോച്ച തീരത്ത് എത്തുമ്പോൾ
വലിയ കടൽപ്പോച്ചകൾ നിങ്ങൾ ചിന്തിക്കുന്നതിനെക്കാൾ കൂടുതൽ നിങ്ങളുടെ ജീവിതത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കടൽജീവി ശാസ്ത്രജ്ഞരായ റോൺ എച്ച് മക്ക്പീക്കിന്റെയും ഡേൽ എ. ഗ്ലാൻസിന്റെയും ഓഷനസിലെ ഒരു ലേഖനം സമുദ്രത്തിൽ നിന്ന് നമുക്ക് കടൽപ്പോച്ച ലഭിക്കുന്നതെങ്ങനെയെന്നും അത് നമ്മിൽ പലരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്നതെങ്ങനെയെന്നും വിവരിക്കുന്നു. അത് ഉത്തര സാൻഡിഗോ മുതൽ കാർമൽ വരെയുള്ള കാലിഫോർണിയാ തീരത്ത് കൊയ്തെടുക്കപ്പെടുന്നു.
ഫലപ്രദമായ തട്ടുകളിൽനിന്ന് ഇത് പ്രതിവർഷം മൂന്നു പ്രാവശ്യം മുറിച്ചെടുക്കുന്നു. ആധുനിക കൊയ്ത്തു കപ്പലുകൾ ഇതിന്റെ തട്ടിലൂടെ ആദ്യമായി പുറകോട്ട് നീങ്ങുന്നു. യന്ത്രോപകരണത്തിന്റെ അടിയിൽ സ്ഥിതിചെയ്യുന്നതും മേലോട്ടും കീഴോട്ടും പോകുന്നതുമായ കത്തികൾ പുൽത്തകിടിയിലെ പുൽത്തലകൾ വെട്ടി നിരപ്പാക്കുന്നതിനുള്ള യന്ത്രോപകരണം പോലെ പ്രവർത്തിക്കുന്നു. അവ കടൽപ്പോച്ചകളുടെ തട്ടിന്റെ പർണ്ണങ്ങൾ ഉപരിതലത്തിന്റെ 0.9 മീറ്റർ താഴെവച്ച് മുറിക്കുന്നു. ആ യന്ത്രോപകരണം മുറിച്ചെടുത്ത കടൽപ്പോച്ചകളെ കപ്പലിനുള്ളിലേക്ക് കൊണ്ടുവരുന്നു. ഒരു ദിവസം ഒരു കൊയ്ത്തുകപ്പലിന് ഏതാണ്ട് 550 മെട്രിക് ടൺ കൊയ്തെടുക്കാൻ കഴിയും. കാലിഫോർണിയായിലെ കടൽപ്പോച്ച വ്യവസായം ഒരു വർഷം ഏതാണ്ട് 1,56,000 മെട്രിക് ടൺ കൊയ്തെടുത്തു.
ഈ കൊയ്ത്തുമൂലം കടൽപ്പോച്ച വനങ്ങൾക്ക് നാശം സംഭവിക്കുന്നില്ല. കടൽപ്പോച്ചയുടെ മുറിച്ചെടുത്ത ഭാഗത്ത് പ്രജനനം നടക്കുന്നു. കൂടാതെ പർണ്ണങ്ങളുടെ മുഴുഭാഗത്തും പ്ലവനവും പ്രഭാകലനവും നടക്കുന്നു. തിങ്ങിയ മച്ചിന്റെ നീക്കം മൂലം കൂടുതൽ സൂര്യപ്രകാശം താഴേക്ക് വരുന്നു. അത് ഉപരിതലത്തിനടിയിലുള്ള പുതു പർണ്ണങ്ങളുടെ ത്വരിത വളർച്ചയ്ക്കിടയാക്കുന്നു. പെട്ടെന്നുതന്നെ പുതിയ മച്ച് രൂപപ്പെടുകയും മറ്റൊരു കൊയ്ത്തിന് കളമൊരുങ്ങുകയും ചെയ്യും.
കടൽപ്പോച്ച തീരത്തെത്തുമ്പോൾ അത് തീരപ്രദേശത്തുനിന്ന് ബഹുദൂരം പോകുന്നു. അതിന്റെ ഉൽപ്പന്നങ്ങൾ നിങ്ങളുടെ അടുക്കളയിലും ഊണുമുറിയിലും കുളിമുറിയിലും മരുന്നറയിലും കടന്നുചെല്ലുന്നു. അത് രാസവളങ്ങളിലും കന്നുകാലികളുടെയും കോഴികളുടെയും ഭക്ഷണത്തിലും കടന്നു ചെല്ലുന്നു. കടൽപ്പോച്ചയിൽനിന്നുള്ള രാസവസ്തുക്കൾ വ്യവസായോൽപ്പന്നങ്ങളിൽ പര്യവസാനിക്കുന്നു.
കടൽപ്പോച്ചയുടെ ഏറ്റം പ്രധാന സംഭാവന അൾജിനാണ്. ഇത് 1883-ൽ ഒരു ബ്രിട്ടീഷ് ഔഷധ വിക്രയിയാണ് ആദ്യമായി കണ്ടുപിടിച്ചത്. എന്നാൽ 1929-ൽ ഒരു സാൻഡിഗോ കമ്പനിയായിരിക്കുന്ന കെൽക്കോ ലോകത്തിലെ അൾജിൻ ഉല്പന്നങ്ങളുടെ ആദ്യത്തെ നിർമ്മാതാക്കളായിത്തീർന്നു. ഇപ്പോൾ കാലിഫോർണിയായിൽ നിർമ്മിക്കുന്ന ഈ ഉൽപ്പന്നങ്ങളുടെ പ്രതിവർഷവിൽപ്പന 350 ലക്ഷം ഡോളറിലധികമാണ്. അവയുടെ ഉപഭോക്താക്കൾ അസംഖ്യമാണ്. “അവ കൊഴുപ്പിക്കുന്നു, മിനുസപ്പെടുത്തുന്നു, കുഴമ്പാക്കുന്നു, ദൃഢമാക്കുന്നു, പശിമ വരുത്തുന്നു, മറ്റ് മൂലകങ്ങളുമായി ചേർക്കപ്പെടുമ്പോൾ ഉറപ്പുവരുത്തുന്നു.” ഈ വിവരം നൽകിയ ശേഷം സ്പോർട്ട് ഡൈവർ മാസിക വിശദീകരിക്കുന്നു: “മദ്യം വാറ്റുന്ന മിക്കവരും വീര്യമുള്ള ബിയർ കുമിളകൾ രൂപപ്പെടുത്തുന്നതിനുവേണ്ടി അൾജിൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. അവ ദീർഘ സമയം നിലനിൽക്കുന്ന നുരയുണ്ടാക്കുന്നു. അൾജിൻ ഉൽപ്പന്നങ്ങൾ സൗന്ദര്യ വർദ്ധക ക്രീമുകൾ വിണ്ടുകീറാതെ നിലനിർത്തുന്നു. അവ ഐസ് ക്രീമിന്റെ മൃദുലതയ്ക്കു സഹായിക്കുന്നു. ചോക്ക്ലേറ്റ് പാനീയങ്ങളുടെയും കൊഴുപ്പിൽ വറുത്തെടുത്ത പലഹാരങ്ങളുടെയും രുചിയും ഗുണവും അൾജിൻ വസ്തുക്കളിൽനിന്ന് ഉണ്ടാകുന്നതാണ്. ഇത് അച്ചടിയുടെ ഗുണം മെച്ചപ്പെടുത്തുന്നതിനുള്ള കടലാസിന്റെ പൂശൽ മുതൽ അവ കൊഴുപ്പു പിടിക്കാത്തതാക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നു.
“ഈ ഉപയോഗങ്ങൾക്കു പുറമേ, തുണി പെട്ടെന്ന് കത്തിയെരിഞ്ഞ് പോകാതിരിക്കുന്നതിനുവേണ്ടി ഇത് തുണിയിലേക്ക് കടത്തിവിടുന്നു. തുണിയുണ്ടാക്കുമ്പോഴും തുണി അലക്കുമ്പോഴും ഉപയോഗിക്കുന്ന പശകളിലും ഇവ ഉപയോഗിക്കുന്നു. ചില മരുന്നുകളിലും പശകളിലും റബ്ബർ ഉല്പന്നങ്ങളിലും സിമൻറുകളിലും പെയിൻറുകളിലും ഇത് കാണപ്പെടുന്നു.”
കാലിഫോർണിയായിലെ ദേശീയ മത്സ്യ, വിനോദ കമ്മീഷൻ വലിയ കടൽപ്പോച്ചക്കൊയ്ത്തിനെ നിയന്ത്രിച്ചിരിക്കയാണ്. മാനുഷ ചൂഷണത്തിൽ നിന്ന് കടൽപ്പോച്ചകളെ സംരക്ഷിക്കുന്നതിനുള്ള ജോലി കമ്മീഷൻ നന്നായി നിർവ്വഹിക്കട്ടെ. മനോജ്ഞമായ കടൽനായ്ക്കൾ കടൽച്ചൊറികളിൽനിന്നും അവയെ സംരക്ഷിക്കട്ടെ. ഈ വനങ്ങളുടെ സൗന്ദര്യം തുടർന്ന് നമ്മുടെ കണ്ണുകളെ രമിപ്പിക്കട്ടെ. അതിന്റെ ഉല്പന്നങ്ങൾ തുടർന്ന് നമ്മുടെ അണ്ണാക്കുകളെ രസിപ്പിക്കട്ടെ.
[അടിക്കുറിപ്പുകൾ]
1 ft = 0.3 m.
[18-ാം പേജിലെ ചിത്രം]
കെൽക്കോ കൊയ്ത്തു കപ്പൽ