ഒററ സെക്കൻറുകൊണ്ട് നശിച്ചു!
നിങ്ങൾ തലക്കുമീതെ 15 നിലകളുടെ മുകളിലെത്തുന്ന വൃക്ഷപംക്തികൾക്കിടയിലൂടെ ഹരിതാഭമായ സന്ധ്യാവെളിച്ചമാർന്ന പ്രദേശത്തുകൂടെ ചുററിക്കറങ്ങുകയാണ്. നിങ്ങളുടെ മുകളിൽ വിസ്തൃതമായ സമ്മിശ്രജീവസമൂഹം, ഭൂമിയിലെ ഏററവും അതിനിബിഡവും അതിസമ്പന്നവുമായ ജീവമണ്ഡലം. വൃക്ഷങ്ങൾ നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിനുപോലും അടി നീളമുള്ളവയായി തായ്ത്തടികളിലും ശിഖരങ്ങളിലും വേരുറപ്പിച്ചു ചുററിപ്പടർന്നുകിടക്കുന്ന ലതകളാലും പുഷ്പങ്ങളാലും അലംകൃതമാണ്. തഴച്ചുനിൽക്കുന്ന ഉഷ്ണമേഖലാ പുഷ്പങ്ങൾ പ്രശാന്തമായ, മിതോഷ്ണാന്തരീക്ഷത്തിൽ പരിമളം പരത്തുന്നു.
ഇതാണ് ഉഷ്ണമേഖലാ മഴവനം. എന്നാൽ അത് ഒരു പ്രകൃതിരമണീയമായ ഭൂഭാഗത്തെക്കാൾ ഉപരിയാണ്, പ്രകാശരശ്മികൾ തുളച്ചുകയറുന്ന മൂടൽമഞ്ഞണിഞ്ഞ വനങ്ങളിലെ കമാനങ്ങളോടുകൂടിയ ഇടനാഴികളേക്കാൾ ഉപരിയാണ്. അത് ഭാഗങ്ങൾ കൃത്യമായി മർമ്മരം മുഴക്കി സംഘടിതമായി പ്രവർത്തിക്കുന്ന അവിശ്വസനീയമായ സങ്കീർണ്ണതയോടുകൂടിയ ഒരു യന്ത്രസംവിധാനമാണ്.
ഇവിടെ ജീവിതം സമൃദ്ധമാണ്, നമ്മുടെ ഗ്രഹത്തിന്റെ കരഭാഗത്ത് മറെറവിടത്തെക്കാളും കിടയററ വൈവിധ്യത്തോടെതന്നെ. മഴവനങ്ങൾ ഭൂമിയുടെ മൊത്തം കരഭാഗത്തിന്റെ 6 ശതമാനം മാത്രമെ വരുന്നുള്ളുവെങ്കിലും മുഴു സസ്യങ്ങളുടെയും ജന്തുവർഗ്ഗത്തിന്റെയും പകുതിയോളം ഇവിടെയുണ്ട്. അവ കരയിലെ ജീവജാലങ്ങളിൽ മൂന്നിലൊന്നോളം ഉൽപ്പാദിപ്പിക്കുന്നു. നിങ്ങളിൽനിന്ന് വളരെ ഉയരത്തിലുള്ള വനമേൽക്കെട്ടി അതിവിശിഷ്ട പ്രാണികളുടെയും പക്ഷികളുടെയും കുരങ്ങുകളുടെയും മററു സസ്തനജീവികളുടെയും ഭവനമാണ്. മിക്കതും താഴെ തറയിലേക്ക് ഒരിക്കലും വരുന്നുപോലുമില്ല. വൃക്ഷങ്ങൾ അവക്ക് തീററിയും വസതിയും പ്രദാനം ചെയ്യുന്നു. തിരികെ അവ വൃക്ഷങ്ങളുടെ പരാഗണം നടത്തുകയൊ അവയുടെ ഫലങ്ങൾ തിന്നശേഷം വിത്തുകൾ അവയുടെ കാഷ്ഠത്തിലൂടെ വിതരണം ചെയ്യുകയൊ ചെയ്യുന്നു.
വനങ്ങളെ നനച്ചുകൊണ്ടും അവയുടെ വിപുലമായ ജീവചക്രത്തിന് ഇന്ധനം പ്രദാനം ചെയ്തുകൊണ്ടും ദിവസവും മഴ പെയ്യുന്നു. മഴ ഇലകളെയും പാഴ്വസ്തുക്കളെയും തടിയിലൂടെ കീഴോട്ടൊഴുക്കി വൃക്ഷങ്ങളിൽ വളരുന്ന അധിജീവിസസ്യങ്ങൾ എന്നറിയപ്പെടുന്ന സസ്യങ്ങളെ പോഷിപ്പിക്കുന്ന ഒരു പോഷകസമൃദ്ധമായ സൂപ്പാക്കുന്നു. അധിജീവിസസ്യങ്ങൾ തിരികെ വൃക്ഷത്തിന്റെ മുഖ്യ ആഹാരമായ നൈട്രജൻ വായുവിൽനിന്ന് വലിച്ചെടുക്കുന്നതിന് അതിനെ സഹായിക്കുന്നു. അനേകം അധിജീവിസസ്യങ്ങൾക്ക് ഗ്യാലൻകണക്കിനു വെള്ളം ശേഖരിച്ചിട്ടുള്ള പത്ര “ടാങ്കുകൾ” ഉണ്ട്, അവ ഉയരത്തിൽ വായുവിൽ വൃക്ഷത്തവളകൾക്കും ഉടുമ്പുകൾക്കും പക്ഷികൾക്കും വസിക്കാനുതകുന്ന ചെറിയ കുളങ്ങൾ സൃഷ്ടിക്കുന്നു.
വനത്തിന്റെ തറയിൽ എത്തുന്ന ഏതു പോഷകാംശങ്ങളും പെട്ടെന്ന് വിഴുങ്ങപ്പെടുന്നു. സസ്തനങ്ങളും പ്രാണികളുടെ കൂട്ടങ്ങളും ബാക്ടീരിയാകളും പരിപ്പുകളും മൃഗങ്ങളുടെ ജീർണ്ണാവശിഷ്ടങ്ങളും ഇലകളും പാഴ്വസ്തുക്കളാക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. പിന്നീട് മണ്ണുതന്നെ അതിനെ ആകാംക്ഷയോടെ സ്വീകരിക്കുന്നു. നിങ്ങൾ നിങ്ങളുടെ പാദങ്ങൾക്കടിയിലെ ജീർണ്ണാവശിഷ്ടങ്ങൾ തുടച്ചുനീക്കുകയാണെങ്കിൽ നിങ്ങൾ കട്ടിയുള്ള സ്പഞ്ചുപോലുള്ള വെളുത്ത നാരുകളുടെ, വേരുകളുടെയും കുമിളുകളുടെയുംതന്നെ, ഒരു വല കണ്ടെത്തും. ഈ കുമിളുകളാണ് പോഷകങ്ങളെ മഴവെള്ളം ഒഴുക്കിക്കളയുന്നതിനു മുമ്പ് വേരുകൾ അവയെ സത്വരം വലിച്ചെടുക്കുന്നതിന് സഹായിക്കുന്നത്.
എന്നാൽ മഴവനത്തിലൂടെയുള്ള നിങ്ങളുടെ ചുററിക്കറങ്ങൽ ഒരു അമേരിക്കൻ ഫുഡ്ബോൾഗ്രൗണ്ടിന്റെ വലിപ്പത്തിലുള്ള ഒരു ചെറിയ ഭാഗത്ത് പരിമിതപ്പെടുത്തപ്പെടുന്നു എന്ന് സങ്കൽപ്പിക്കുക. പെട്ടെന്ന് വനത്തിന്റെ ആ മുഴുഭാഗവും അപ്രത്യക്ഷമാകുന്നു. അത് ഒരു നിമിഷംകൊണ്ട് പൂർണ്ണമായും നശിപ്പിക്കപ്പെടുന്നു! നിങ്ങൾ ഭയവിഹ്വലനായി നോക്കിക്കൊണ്ടിരിക്കെ അതേ വലിപ്പത്തിലുള്ള നിങ്ങളുടെ തൊട്ടടുത്തുള്ള ഭാഗം അടുത്ത നിമിഷത്തിൽ തുടച്ചുനീക്കപ്പെടുന്നു, അടുത്തത് അടുത്ത നിമിഷത്തിൽ, അങ്ങനെ തുടർന്നുകൊണ്ടിരിക്കുന്നു. ഒടുവിൽ ഉജ്ജ്വലമായ ഉഷ്ണമേഖലാവെയിലിൽ ചുട്ടുപൊള്ളുന്ന ഒരു ശൂന്യമായ സമതലത്ത് നിങ്ങൾ ഒററക്ക് നിൽക്കുന്നു.
ചില കണക്കുകളനുസരിച്ച് അത്ര വേഗത്തിലാണ് ഉഷ്ണമേഖലാ മഴവനങ്ങൾ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ചിലർ അതിനേക്കാൾ കൂടിയ നിരക്കാണ് കണക്കാക്കുന്നത്. ന്യൂസവീക്ക മാസികയനുസരിച്ച്, കാലിഫോർണിയായുടെ വിസ്തീർണ്ണത്തിന്റെ പകുതി വരുന്ന ഭാഗം ഓരോ വർഷവും വെട്ടിയിടപ്പെടുന്നു. 1989 സെപ്ററംബറിലെ സയിൻറിഫിക അമേരിക്കൻ മാസിക അത് സ്വിററ്സർലണ്ടും നെതർലാൻഡ്സും ഒരുമിച്ചുചേർക്കുന്നത്ര വരുമെന്ന് പറയുന്നു.
എന്നാൽ വ്യാപ്തി എത്രമാത്രമാണെങ്കിലും നഷ്ടം ഞെട്ടിക്കുന്നതാണ്. വനനശീകരണം ഒരു ആഗോളമായ ആവേശം ഉണർത്തിയിരിക്കുന്നു, അത് അധികമായും ഒരു ഒററ രാജ്യത്തെ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.
ദൃഷ്ടാന്തം: ബ്രസീൽ
ഈ ഒററ പ്രദേശത്തെ വനനശീകരണ നിരക്ക് ചില കണക്കുകളനുസരിച്ച് മുഴുഗ്രഹത്തിലെയും വനനശീകരണത്തേക്കാളും കൂടുതലാണെന്ന് 1987-ൽ എടുത്ത ആമസോൺതടത്തിന്റെ ചിത്രങ്ങൾ കാണിച്ചു! ആളുകൾ വനം തെളിക്കാൻ തീ കത്തിച്ചപ്പോൾ ആയിരക്കണക്കിന് അഗ്നിജ്വാലകൾ രാത്രികളെ പ്രകാശമാനമാക്കി. പുകമേഘം ഇൻഡ്യയുടെ വലിപ്പമുള്ളതായിരുന്നു. ചില വിമാനത്താവളങ്ങൾ അടക്കാനിടയാക്കത്തക്കവണ്ണം അത് അത്രയധികം സാന്ദ്രവുമായിരുന്നു. ഒരു കണക്കനുസരിച്ച് ആമസോൺതടത്തിൽ ബെൽജിയത്തിന്റെ വിസ്തീർണ്ണത്തോളം വ്യാപ്തിയിൽ ഓരോ വർഷവും മഴവനങ്ങൾ നഷ്ടപ്പെടുന്നു.
ബ്രസീലിയൻ പരിസ്ഥിതിശാസ്ത്രജ്ഞനായ ജോസ് ലട്ട്സൻബർഗർ അതിനെ, “ജീവന്റെ ചരിത്രത്തിലെ ഏററവും വലിയ കൂട്ടനാശം” എന്ന് വിളിച്ചു. ലോകത്തെങ്ങും പാരിസ്ഥിതികവിജ്ഞാനികൾ ആയുധമേന്തുകയാണ്. അവർ മഴവനങ്ങളുടെ ദുരവസ്ഥയെ പൊതുജനസമക്ഷം വെക്കുന്നു. ററി-ഷേർട്ടുകളും റോക്ക്സംഗീതമേളകളും പോലും “മഴവനങ്ങളെ സംരക്ഷിക്കൂ” എന്ന് പ്രഘോഷിച്ചു. പിന്നീട് സാമ്പത്തികഞെരുക്കം അനുഭവപ്പെട്ടു.
ബ്രസീലിന് പതിനായിരംകോടിയിലധികം ഡോളർ വിദേശക്കടമുണ്ട്, അതിന്റെ കയററുമതി വരുമാനത്തിന്റെ 40 ശതമാനം കേവലം പലിശ അടക്കാൻ ചെലവഴിക്കേണ്ടിവരുന്നു. അത് വിദേശ സഹായത്തിലും വായ്പകളിലും അമിതമായി ആശ്രയിക്കുന്നു. അതുകൊണ്ട് അന്തർദ്ദേശീയ ബാങ്കുകൾ വനങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ചേക്കാവുന്ന വായ്പകൾ പിൻവലിച്ചുതുടങ്ങി. വികസിതരാഷ്ട്രങ്ങൾ ബ്രസീലിന്റെ പരിസ്ഥിതിയുടെ മെച്ചമായ സംരക്ഷണത്തിനുവേണ്ടി അതിന്റെ കടത്തിൽ കുറെ എഴുതിത്തള്ളാമെന്ന് വാഗ്ദാനംചെയ്തു. യു.എസ്സ്. പ്രസിഡണ്ട് ബുഷ് ജപ്പാനോട് കന്നി മഴവനങ്ങളിലൂടെ ഒരു റോഡുവെട്ടുന്നതിന് ബ്രസീലിന് പണം കടംകൊടുക്കരുത് എന്നുപോലും ആവശ്യപ്പെട്ടു.
ഒരു ആഗോളപ്രതിസന്ധി
അനേകം ബ്രസീൽകാർക്ക് ഈ സമ്മർദ്ദത്തിലെല്ലാം കാപട്യത്തിന്റെ ഗന്ധമാണനുഭവപ്പെടുന്നത്. വികസിതരാഷ്ട്രങ്ങൾ വളരെ നേരത്തേതന്നെ തങ്ങളുടെ സ്വന്തം വനങ്ങൾ വൻതോതിൽ നശിപ്പിച്ചുകഴിഞ്ഞു, അങ്ങനെ ചെയ്യുന്നതിനെ തടയാൻ ഏതെങ്കിലും വിദേശശക്തിയെ അനുവദിക്കുകയുമില്ലായിരുന്നു. ഐക്യനാടുകൾ ഇപ്പോൾ അതിന്റെതന്നേ സ്വന്തം മഴവനങ്ങളിൽ അവസാനത്തേതിനെ തുടച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്. അവ തീർച്ചയായും ഉഷ്ണമേഖലാവനങ്ങളല്ല; അവ ഉത്തരപശ്ചിമ പസഫിക്കിലെ മിതോഷ്ണമഴവനങ്ങളാണ്. അവിടെയും ജന്തുവർഗ്ഗങ്ങൾ തിരോധാനംചെയ്യും.
അതുകൊണ്ട് വനനശീകരണം ഒരു ആഗോള പ്രശ്നമാണ്, ബ്രസീലിന്റെ മാത്രം പ്രശ്നമല്ല. ഉഷ്ണമേഖലാ മഴവനനഷ്ടം ഇപ്പോൾതന്നെ അത്യന്തം നിർണ്ണായകമാണ്. ആ നഷ്ടത്തിന്റെ പകുതിയിലധികം ബ്രസീലിനുവെളിയിൽ സംഭവിക്കുന്നു. മദ്ധ്യ ആഫ്രിക്കയും തെക്കുകിഴക്കേ ഏഷ്യയുമാണ് ലോകത്തെ ഏററവും വലിയ മററു രണ്ട് മഴവനപ്രദേശങ്ങൾ, അവിടെയും വനങ്ങൾ വേഗത്തിൽ തിരോധാനം ചെയ്തുകൊണ്ടിരിക്കുന്നു.
വനനശീകരണത്തിന്റെ ഫലങ്ങളും ആഗോളമാണ്. അതിന്റെ അർത്ഥം ദശലക്ഷങ്ങൾക്കിടയിലെ വിശപ്പും ദാഹവും മരണവുമാണ്. അത് നിങ്ങളുടെതന്നെ ജീവിതത്തിലേക്ക് നേരിട്ട് എത്തിച്ചേരുന്ന ഒരു പ്രശ്നമാണ്. അത് നിങ്ങൾ കഴിക്കുന്ന ആഹാരത്തെയും നിങ്ങൾ ഉപയോഗിക്കുന്ന മരുന്നിനെയും നിങ്ങൾ ജീവിക്കുന്നിടത്തെ കാലാവസ്ഥയെയും—ഒരുപക്ഷേ മനുഷ്യവർഗ്ഗത്തിന്റെ ഭാവിയേപോലും—സ്പർശിക്കുന്നു.
എന്നാൽ നിങ്ങൾ ശരിക്കും അതിശയിച്ചേക്കാം: ‘ഈ മഴവനങ്ങൾക്ക് അത്തരത്തിലുള്ള ദൂരവ്യാപകമായ ഫലങ്ങളുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ? ചില വിദഗ്ദ്ധർ പറയുന്നതുപോലെ അവ ഏതാനും ദശകങ്ങൾ കൊണ്ട് തിരോധാനം ചെയ്യുകതന്നെ ചെയ്യുന്നെങ്കിൽ എന്ത്? അത് യഥാർത്ഥത്തിൽ അത്ര വലിയ ഒരു ദുരന്തമായിരിക്കുമോ?
നമുക്ക് ആ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയുന്നതിനുമുമ്പ് ആദ്യം മറെറാന്ന് വരണം: തുടക്കത്തിൽത്തന്നെ, മഴവനങ്ങളുടെ നാശത്തിന് ഇടയാക്കുന്നതെന്താണ്? (g90 3⁄22)
[5-ാം പേജിലെ ഭൂപടം/ചിത്രം]
തിരോധാനം ചെയ്തുകൊണ്ടിരിക്കുന്ന മഴവനങ്ങൾ
വനനശീകരണത്തിനു മുമ്പ്
ഇപ്പോഴത്തെ വ്യാപ്തി
ഇന്നത്തെ വനനശീകരണ നിരക്കിൽ 2000-ാമാണ്ട്