“ആർമെറോ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു!”
കൊളംബിയായിലെ “ഉണരുക!” ലേഖകൻ
കൊളംബിയായിലെ ജനങ്ങൾ ഒരു പുതുദിനത്തിലേക്ക് ഉണരുകയായിരുന്നു. അന്ന് 1985 നവംബർ 14 വ്യാഴമായിരുന്നു. രാവിലത്തെ വാർത്ത കേൾക്കാൻ ഞാൻ റേഡിയോ ഓൺ ചെയ്തു. “ആർമെറോ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു! . . . ഒരു ചെളിപ്രവാഹത്തിൽ ചിൻചിനായുടെ ഒരു ഭാഗം ഒഴുകിപ്പോയിരിക്കുന്നു” എന്ന് അനൗൺസർ പ്രഖ്യാപിച്ചപ്പോൾ എനിക്ക് എന്റെ കാതുകളെ അശേഷം വിശ്വസിക്കാൻ കഴിഞ്ഞില്ല!
വാർത്താറിപ്പോർട്ടു തുടരവേ തികഞ്ഞ അവിശ്വാസത്തോടെ ഞാൻ ശ്രദ്ധിച്ചു. ബൊഗോട്ടായിക്ക് 55 മൈൽ (90 കി. മി.) വടക്കു പടിഞ്ഞാറുമാറി കിടക്കുന്ന ഒരു പട്ടണമായിരുന്നു ആർമെറോ. പഞ്ഞിയും നെല്ലും കൃഷിചെയ്തിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 28000 ആയിരുന്നു. ചെളിയും ഹിമവും ലാവായും കലർന്ന ഒരു പ്രവാഹം യഥാർത്ഥത്തിൽ ആർമെറോയെ ഭൂപടത്തിൽനിന്നു തുടച്ചുനീക്കി. മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം 21000 ത്തിലധികമാണെന്നു കണക്കാക്കപ്പെട്ടു. പർവ്വതങ്ങളുടെ മറുവശത്ത് കാപ്പികൃഷിയുടെ ഒരു പ്രധാന കേന്ദ്രമായ ചിൻചിനായിൽ കുറഞ്ഞതോതിലായിരുന്നു നാശനഷ്ടം. അവിടെ ഏതാണ്ടു 2000പേർ മരണമടഞ്ഞു. ഈ സമ്പൂർണ്ണവിനാശത്തിനിടയാക്കാൻ എന്തു സംഭവിച്ചിരുന്നു?
നൊവാഡോ ഡെൽ റൂയിസിന്റെ ശിഖരം പൊട്ടിച്ചിതറുന്നു
തലേ രാത്രി ഏതാണ്ട് ഒൻപതു മണിക്ക് 17,550 അടി (5400 മീ) ഉയരമുള്ള മഞ്ഞുമൂടിക്കിടക്കുന്ന അഗ്നിപർവ്വതശിഖരം, നെവാഡോ ഡെൽ റൂയിസ്, അതിന്റെ വടക്കുകിഴക്കേ ചെരുവിൽ സ്ഫോടനം ചെയ്യുകയും വലിയ അളവിൽ ഗന്ധകം കലർന്ന അഗ്നിപർവ്വത ചാമ്പൽ പുറത്തേക്കു തുപ്പുകയും ചെയ്തു. അതിനുപുറമേ, അഗ്നിപർവ്വതമുഖത്തുനിന്നുള്ള വമ്പിച്ച ചൂട് മൂടിക്കിടന്ന മഞ്ഞിന്റെ ഒരു ഭാഗത്തെ ഉരുക്കുകയും ചെയ്തു. തൽഫലമായി, സാധാരണഗതിയിൽ സ്ഫടികം പോലെ തെളിഞ്ഞ, ശാന്തമായി ഒഴുകുന്ന മഞ്ഞരുവികൾ ചെളിയും ഉരുകുന്ന മഞ്ഞും കലർന്ന് മരണം വിതറുന്ന പ്രവാഹമായി മാറി. ഇടവിട്ടു തെന്നിയിറങ്ങിക്കൊണ്ടിരുന്ന ഈ പിണ്ഡത്തിന്റെ ഒരു വലിയ ഭാഗം ലാഗുനിലാ നദിയിലേക്കു വഴുതിയിറങ്ങി വേഗതയാർജ്ജിച്ച് വൃക്ഷങ്ങളെ കടപുഴക്കുകയും പാറകളെ ഉരുട്ടിനീക്കുകയും ചെയ്തു. ആർമെറോയിലേക്ക് 32 മൈലോളം (52 കി. മീ.) ഒഴുകിയിറങ്ങി.
വെറും ഒരു മണിക്കൂറിനുശേഷം കുറഞ്ഞപക്ഷം 40 അടി (12 മീ.) ഉയരമുണ്ടായിരുന്ന (90-ൽപരം അടിയെന്നാണ് ഒരു റിപ്പോർട്ട് പറയുന്നത്) ഒരു ചെളിമതിൽ ഇടുങ്ങിയ ഗിരികന്ദരത്തിൽനിന്ന് താഴ്വരയിലേക്ക് ഊർന്നിറങ്ങി സകലവും മാരകമായ ഒരു ചുലുകൊണ്ടെന്നപ്പോലെ തുടച്ചുനീക്കി. നേരിട്ട് അതിന്റെ പാതയിൽ സ്ഥിതിചെയ്തിരുന്ന ആർമെറോ തുടച്ചുനീക്കപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിൽ ചുരുക്കം ചില വീടുകൾ മാത്രമേ അവശേഷിച്ചുള്ളു.
വ്യക്തമായ മുന്നറിയിപ്പില്ലായിരുന്നു
ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് വായുവിൽ ഗന്ധകത്തിന്റെ മണം രൂക്ഷമായിരുന്നുവെന്ന് ഞാൻ സംസാരിച്ച പല അതിജീവകരും പറയുകയുണ്ടായി. ഏതാണ്ടു നാലു മണിയായപ്പോഴേക്ക് ടൗണിൽ ശാന്തമായി ചാരം വീഴാൻ തുടങ്ങി. ഈ വിധത്തിൽ ഏതാണ്ട് ഒരു വർഷമായി അഗ്നിപർവ്വതം സജീവമായിരുന്നതുകൊണ്ട് ഇത് ഒട്ടും ഭയം ജനിപ്പിച്ചില്ല.
ആ ബുധനാഴ്ച ഉച്ചതിരിഞ്ഞ് ബൊഗോട്ടയിൽനിന്ന് ആർമെറോ സന്ദർശിച്ച ജോർജ്ജ് കാസ്റ്റിലാ ശാന്തമായിരിക്കാനും കതകടച്ച് മുറികളിലിരിക്കാനും നനഞ്ഞ തുവാലകൾകൊണ്ട് മുഖം മൂടാനും പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ ആരോ പട്ടണവാസികളെ പ്രോത്സാഹിപ്പിച്ചതായി എന്നോട് പറഞ്ഞു. പള്ളികേന്ദ്രങ്ങളിൽനിന്നുള്ള അറിവനുസരിച്ച് സിവിൽ ഡിഫൻസ് എമേർജൻസി കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു ഇതു ചെയ്തത്. പ്രാരംഭ സന്ധ്യാകുർബാനയിൽ സംബന്ധിച്ചവർക്കും ഭയത്തിന് കാരണമില്ലെന്ന് ഉറപ്പു ലഭിച്ചിരുന്നു.
ഏഴര ആയതോടെ ശക്തമായ മഴപെയ്യാൻ തുടങ്ങി. പിന്നീടു പെട്ടെന്ന് അതു നിലച്ചു. തുടർന്ന് അസാധാരണമായ ഒരു നേർത്ത മണൽ പ്രസരമുണ്ടായി, പെട്ടെന്ന് അത് മേൽക്കൂരകളെയും തെരുവുകളെയും ആവരണം ചെയ്തു. ഇത് പുതിയ ഒരു അനുഭവമായിരുന്നു. ആളുകൾ ഒന്നിനൊന്നിന് അസ്വസ്ഥരായിക്കൊണ്ടിരുന്നു. ചുരുക്കം ചിലർ വീടുകൾ പൂട്ടിയിട്ടിട്ട് ഉയരമേറിയ തലങ്ങളിലേക്കോടി ഭൂരിപക്ഷവും അവിടെത്തന്നെ തങ്ങി.
കുറേസമയം കഴിഞ്ഞ്, മലഞ്ചെരുവിൽ ഉയർന്ന സ്ഥാനങ്ങളിൽനിന്ന് താഴെ ആർമെറോയിലേക്ക് റേഡിയോ റ്റെലഫോൺ സന്ദേശങ്ങൾ അയയ്ക്കപ്പെട്ടു, അഗ്നിപർവ്വതത്തിന്റെ വശത്ത് ഒരു ഭയങ്കര സ്ഫോടനം ഉണ്ടായെന്നും ആർമെറോ പട്ടണം ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പുകൊടുക്കപ്പെട്ടു. 10:13 P.M.ന് ആർമെറോയിലെ മേയറായ റാമോൻ അന്റോണിയോ റോഡ്രിഗസ് ഒരു റെഡ്ക്രോസ് പ്രതിനിധിയുമായുള്ള റേഡിയോ സംഭാഷണം നിർത്തിയിട്ട് “വെള്ളം ഇവിടെ എത്തിക്കഴിഞ്ഞു” എന്ന് ആക്രോശിക്കുകയുണ്ടായി. 32 മൈൽ സഞ്ചരിക്കുന്നതിന് ചെളിപ്രവാഹം ഒന്നേകാൽ മണിക്കൂറാണ് എടുത്തത്!
അഗ്നിപർവ്വതം വരുന്നു!
അതിജീവിച്ചവർ ഏതാണ്ട് ഇതേ കഥതന്നെയാണ് എന്നോടു പറഞ്ഞത്. ചിലർ മേൽക്കൂരയിൽ പതിച്ച കനത്ത മണൽ മഴ നിമിത്തമാണ് ഉണർത്തപ്പെട്ടത്. മറ്റുചിലർ പുറത്തെ ശബ്ദവും അട്ടഹാസവും കേട്ടു. അവർ ഭ്രാന്തുപിടിച്ച് തങ്ങളുടെ കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും കിടക്കയിൽനിന്ന് വിളിച്ചിറക്കി. പെട്ടെന്നു വെളിച്ചം അണഞ്ഞു. ആളുകൾ “ലാഗുനില വരുന്നു! ഓടിക്കോ! ഓടിക്കോ!” എന്ന് അലറിക്കൊണ്ട് വാതിലുകളിൽ തട്ടുകയും തൊഴിക്കുകയും ചെയ്തു. “വെള്ളം നമ്മുടെമേൽ എത്തി!” “അഗ്നിപർവ്വതം വരുന്നു!”
ആയിരങ്ങൾ വീടുകളിൽനിന്ന് ഇറങ്ങി പാഞ്ഞു. വഴിമദ്ധ്യേയുള്ള ആളുകളെ ഗണ്യമാക്കാതെ കാറുകളും മോട്ടോർ സൈക്കിളുകളും ലോറികളും തെരുവുകളിലൂടെ ഹോണടിച്ചുകൊണ്ടു ഭ്രാന്തുപിടിച്ചു ചീറിപ്പാഞ്ഞു. ചെളിമതിൽ പ്രഹരിക്കുന്നതിനു മുമ്പ് അനേകർ വണ്ടികൾക്കടിയിലായി. ആകെ വെപ്രാളത്തിലായി.
ഘോരമായ ഇരുട്ടിൽ അടുത്തുകൊണ്ടിരുന്ന ചെളിപ്രവാഹം ഒരു ഭയങ്കരശബ്ദം പുറപ്പെടുവിച്ചു. ബൊഗോട്ടോയിൽനിന്നുള്ള സന്ദർശകനായ ജോർജ്ജ് കാസ്റ്റിലാ പറഞ്ഞപ്രകാരം രണ്ടു ജംബോ ജറ്റ് വിമാനങ്ങൾ താണുപറക്കുന്നതുപോലെ തോന്നി. ഉരുണ്ടുമറിഞ്ഞുവന്ന പിണ്ഡം നദീതീരങ്ങളിലേക്കു കയറുകയും വീടുകളേക്കാൾ ഉയരുകയും പട്ടണത്തിന്റെ കേന്ദ്രത്തിലേക്കുതന്നെ ഒഴുകുകയും ചെയ്തു. വീടുകളും പള്ളികളും കടകളും മറ്റു കെട്ടിടങ്ങളും വിഴുങ്ങപ്പെടുകയും പെട്ടെന്ന് ഒഴുക്കിക്കൊണ്ടുപോകുകയും ചെയ്തു. കുട്ടികളെ അവരുടെ മാതാപിതാക്കളുടെ കൈകളിൽനിന്ന് പറിച്ചെടുത്ത് ചെളിയിൽ കുഴിച്ചിടുകയോ നിസ്സഹായമായി മരണത്തിലേക്ക് തള്ളിവിടുകയോ ചെയ്തു.
“ഇപ്പോൾ നമ്മൾ യഥാർത്ഥത്തിൽ മരിക്കാൻ പോകുകയാണ്!”
ഒൻപതുപേരുടെ മാതാവും ആർമെറോയിൽ യഹോവയുടെ സാക്ഷികളുമായി സഹവസിച്ചിരുന്നതുമായ ഒബ്ദുലിയാ ആർസി മുറിലോയെ ചെളിപ്രവാഹം പൂർണ്ണമായും നിമജ്ജനം ചെയ്തു. എന്നാൽ കഥ പറയാൻ അവർ ജീവിച്ചിരുന്നു. അവർ പറയുന്നു: “ഞാൻ എന്റെ കുട്ടികളുമായി തെരുവിലേക്കോടി ഒരു പെട്രോൾ ലോറിയിൽ കയറാൻ ശ്രമിച്ചു. അപ്പോൾ വെള്ളം വന്നു. ഞാൻ നിലത്തു വീണു. വെള്ളം ഭീതിജനകമായി ഉയർന്നുകൊണ്ടിരുന്നു. അത് ഗർജ്ജിച്ചുകൊണ്ടേയിരുന്നു. ‘യഹോവേ, യഹോവേ, ഇപ്പോൾ ഞങ്ങൾ യഥാർത്ഥത്തിൽ മരിക്കാൻ പോകുകയാണ്! അവസാനമായി!’ എന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
അപ്പോൾ വെള്ളത്തിലൂടെ ധാരാളം കമ്പുകളും കാലുകളും പാഞ്ഞുവന്നു. ഒരെണ്ണം എന്റെ ഇടതുവശത്തുതട്ടി. അപ്പോഴാണ് എന്റെ കൊച്ചു മകൾ പിടിവിട്ടുപോയത്. ഒരു കാലിലും കുറെ വൈദ്യുതകമ്പികളിലുമായി ഞാൻ കുരുങ്ങി. അപ്പോൾ കുറേ കാപ്പിച്ചാക്കുകൾക്കു മീതെ കയറിയ എന്റെ പെൺമക്കളിലൊരാൾ ‘മുങ്ങാൻ’ വിളിച്ചു പറഞ്ഞു ഞാൻ മുങ്ങിയപ്പോൾ ഒരു തീവണ്ടി എന്റെ മുകളിലൂടെ പാഞ്ഞുപോകുന്നതുപോലെ എനിക്കുതോന്നി. അത് ചെളിയായിരുന്നു. ഞാൻ ചെളിയിൽ പുതഞ്ഞുപോയതുകൊണ്ട് എനിക്ക് യാതൊന്നും കാണാൻ പാടില്ലായിരുന്നു. ഞാൻ മുഴുവനായി മൂടിപ്പോയി.
“എന്നെ വലിച്ചുകൊണ്ടുപോകുന്ന ചെളിയുടെ ശക്തി എനിക്കനുഭവപ്പെട്ടു. ഞാൻ വിളിച്ചുകൂകാൻ ശ്രമിച്ചു, എന്നാൽ എന്റെ വായിൽ ചെളി നിറഞ്ഞുപോയിരുന്നു. എനിക്കു ശ്വാസം മുട്ടി . . . ഞാൻ ബദ്ധപ്പെട്ടു നീന്തി, ഒടുവിൽ ചെളിക്കു മീതെ തല ഉയർത്തി. കൈകൊണ്ട് വായിൽനിന്ന് ചെളിമാറ്റി. എന്റെ മുഖം പിളർന്നുപോയെന്നു തോന്നത്തക്കവണ്ണം അത്ര ശക്തിയോടെയാണ് അതു ചെയ്തത്. ഞാൻ മുങ്ങിച്ചാകാൻ പോകുകയാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു, എന്നാൽ ഒടുവിൽ എനിക്ക് ശ്വാസോച്ഛ്വാസം ചെയ്യാനും വിളിച്ചുകൂകാനും കഴിഞ്ഞു. എന്റെ മുഖം ചെളിയിൽനിന്ന് ഉയർത്താൻ കഴിഞ്ഞതിൽ എനിക്ക് എന്തോരാശ്വാസമാണ് തോന്നിയത്!” എന്നാൽ ഒടുവിൽ അവളെ രക്ഷപെടുത്തിയത് അനേകം മണിക്കൂറുകൾക്കു ശേഷമായിരുന്നു.
എലീനാ ഡി വാൽഡസ് എന്ന മറ്റൊരു സാക്ഷിയും അവളുടെ കുടുംബവും പട്ടണത്തിനു പിൻപിലെ ഉയർന്നപ്രദേശത്തേക്കു കയറി. അവൾ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു. “ഞങ്ങൾ കുന്നിന്റെ ചുവട്ടിൽ എത്തിയപ്പോൾ ഞങ്ങളുടെ പിൻപിൽ പ്രളയത്തിലാണ്ടുപോയവരുടെ നിലവിളിയും അലർച്ചയും ഞങ്ങൾ കേട്ടു. പെട്ടെന്നുതന്നെ ആകെ ചെളിയിൽ പുതഞ്ഞ് മറ്റുള്ളവർ വന്നെത്തി. ആ ‘വസ്തു’ ഉളവാക്കിയ ഭയങ്കര ശബ്ദം ഞങ്ങൾക്കു കേൾക്കാൻ കഴിഞ്ഞു. അതു ഭയങ്കരമായിരുന്നു! ‘സഹായിക്കണേ! സഹായിക്കണേ! ഞങ്ങളേ രക്ഷിക്കേണമേ! ഞങ്ങളേ മരിക്കാൻ വിടരുതേ! ‘എന്ന ദാരുണമായ വിളികൾ!”
ഒടുവിൽ എല്ലാം സമാപിച്ചു. ഒരു ഭയാകുലമായ നിശബ്ദതയും കനത്ത ഇരുട്ടും മാത്രം അവശേഷിച്ചു. ആർമെറോയുടെ പ്രാന്തപ്രദേശത്തെ ഒരു കൃഷിയിടത്തിൽ സുരക്ഷിതനായിരുന്ന ജോർജ്ജ് കാസ്റ്റിലാ തനിക്ക് “രാത്രിയിൽ മരണത്തിന്റെ ഒരു അന്തരീക്ഷം” അനുഭവപ്പെട്ടുവെന്ന് പറയുകയുണ്ടായി. അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “അതിജീവിച്ചവർ—പ്രായമുള്ളവരും ചെറുപ്പക്കാരും—ചെളിക്കുഴിയിൽനിന്ന് കയറിവന്നു, അനേകർക്ക് പരിക്കു പറ്റിയിരുന്നു. അവർ ഉറക്കത്തിൽ നടക്കുന്ന, ആഫ്രിക്കയിലെ സർപ്പദൈവങ്ങളെപ്പോലെ കാണപ്പെട്ടു. അവർ തുറിച്ചുനോക്കുകയായിരുന്നു. അവർ വെള്ളം മാത്രം ചോദിച്ചു അതു ഭയങ്കരമായിരുന്നു!”
അതേ സമയം, ഒബ്ദുലിയാ ആർസി ചെളിക്കുമുകളിൽ തലയുയർത്തിപ്പിടിക്കാൻ അപ്പോഴും പോരാടിക്കൊണ്ടിരിക്കുകയായിരുന്നു. അവൾക്കും ആയിരക്കണക്കിനു മറ്റുള്ള അതിജീവകർക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദീർഘിച്ച രാത്രിയായി അത് സ്മരണയിൽ തങ്ങിനിൽക്കും.
ചെളിപുതഞ്ഞ മമ്മികൾ
പ്രഭാതമുദിച്ചപ്പോൾ ഒരു കർഷകൻ ഒറ്റയ്ക്കു താഴ്വരയിലെ തഴച്ചു നിന്നിരുന്ന വയലുകളിൽ പരിശോധന നടത്തി. അയാൾക്ക് കണ്ണുകളെ അശേഷം വിശ്വസിക്കാൻ കഴിഞ്ഞില്ല. മലഞ്ചെരുവിനോടടുത്ത് ചാരനിറമുള്ള ചെളിയുടെ വിസ്തൃതമായ പരപ്പു സ്ഥിതിചെയ്തിരുന്നു. തഴച്ചുനിന്ന ആർമെറോ അവിടെയായിരുന്നു. മൃഗങ്ങളുടെയും മനുഷ്യരുടെയും ശതക്കണക്കിനു മൃതശരീരങ്ങൾ മുകളിൽ പൊങ്ങിക്കിടന്നിരുന്നു. അയാൾ ഇങ്ങനെ റിപ്പോർട്ടു ചെയ്തു. “ടൗൺ ഒരു വലിയ ചരൽപ്രദേശം മാത്രമായി, ഏതാനും വീടുകൾ മാത്രം ഉയർന്നുനിൽക്കുന്നുണ്ടായിരുന്നു. വൃക്ഷശിഖരങ്ങളിലും മതിലുകളിലും കുന്നിൻ ചരിവുകളിലും ആളുകളെ കാണാൻ കഴിയുമായിരുന്നു.”
വിപത്തു നേരിട്ട പ്രദേശത്തിന്റെ പ്രാന്തത്തിൽ ചാരനിറമുള്ള ചെളി പുതഞ്ഞവരായി അതിജീവിച്ചവർ ഭയചകിതരായി തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി അലഞ്ഞു നടക്കുന്നതായി രക്ഷാപ്രവർത്തകർ കാണുകയുണ്ടായി. കുട്ടികളും വൃദ്ധരും നിരാശപ്പെട്ടു കരഞ്ഞു. തള്ളമാർ തങ്ങളുടെ കുഞ്ഞുങ്ങളെ തേടി ആശ്വാസഹീനരായി അലറിനടന്നു. മറ്റുചിലർ അണ്ടർവെയർ മാത്രം ധരിച്ച് ചെളിയിൽനിന്ന് പുറത്തുവന്ന് പ്രതിമകൾ പോലെ നിന്നു. ചിലർക്ക് പ്രവാഹത്തിന്റെ ഉഗ്രക്ഷോഭത്തിൽ തങ്ങളുടെ നിശാവസ്ത്രം പൂർണ്ണമായി നഷ്ടപ്പെട്ടു. മറ്റു ചിലർ കൂടുതൽ നിർഭാഗ്യവാൻമാരായിരുന്നു.
ജീവനുള്ള ആളുകൾ കഴുത്തുവരെ മണ്ണിനടിയിലായി അനങ്ങാൻ കഴിയാതെ നിലവിളിച്ചുകൊണ്ടു നിൽക്കുന്നതു കാണാമായിരുന്നു. ചതുപ്പിന്റെ വക്കിലായിരുന്നവർ അടുത്തുള്ളവരെ സമീപിക്കാൻ സാഹസശ്രമം നടത്തിക്കൊണ്ടിരുന്നു. പലകകൾ ഉപയോഗിച്ചുകൊണ്ട് ചിലരെ രക്ഷിക്കുന്നതിൽ അവർ വിജയിച്ചു. ചിലർ ധൈര്യപൂർവ്വം ചെളിയിലേക്കിറങ്ങിയെങ്കിലും അവരെ വലിച്ചകറ്റാൻ തുടങ്ങിയപ്പോൾ പിൻമാറേണ്ടിവന്നു. ഒരു രക്ഷാപ്രവർത്തകൻ സഹായിക്കുന്നതിന് ഒരു ട്രാക്ടർ ഓടിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. മൂന്നു വാരക്കുള്ളിൽ ട്രാക്ടർ ഉള്ളിലേക്കു വലിക്കപ്പെട്ടു!
ഒബ്ദുലിയാ ആർസി ചെളിയുടെ ചൂടിനെ വിലമതിച്ചു, എന്തെന്നാൽ രാത്രി തണുത്തതായിരുന്നു. രാത്രിയിൽ അവൾ നിദ്രയിലേക്കു വഴുതിവീണുകൊണ്ടിരുന്നു, എന്നാൽ മുഖം ചെളിയിൽ താഴുമ്പോൾ വായുവിനുവേണ്ടി കിതച്ചുകൊണ്ട് ഉണരും. പ്രഭാതമായി, എന്നാൽ ആരും അവളെ കണ്ടില്ല.
“ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽനിന്ന് കൈകൾ മേൽപ്പോട്ടുയർന്നു”
രാജ്യവ്യാപകമായ പ്രതികരണം സ്വയം പ്രേരിതവും മുഴുഹൃദയത്തോടെയുമായിരുന്നു. സ്ഥാപനങ്ങളും വ്യക്തികളും സഹായിക്കാൻ ഒത്തുചേർന്നു. സായുധസൈന്യങ്ങളും സിവിൽ ഡിഫൻസ് യൂണിറ്റുകളും പോലീസും റെഡ്ക്രോസ് രക്ഷാപ്രവർത്തകസംഘങ്ങളും പ്രദേശത്തേക്കു കുതിച്ചു. ആയിരക്കണക്കിന് സന്നദ്ധസേവകർ—ഡോക്ടർമാരും സർജൻമാരും, പാരാമെഡിക്ക്സും, എൻജിനിയർമാരും മറ്റു തൊഴിൽക്കാരും—തങ്ങളുടെ സേവനം അർപ്പിച്ചു. യഹോവയുടെ സാക്ഷികൾ ബൊഗോട്ടായിൽനിന്ന് സഹായവും വിഭവങ്ങളുമായി മൂന്നു വാഹനങ്ങൾ അയച്ചു.
മറ്റു രാജ്യങ്ങളിൽനിന്ന് രക്ഷാസംഘങ്ങൾ പറന്നെത്തി. പെട്ടെന്ന് ഏതാണ്ട് 30 ഹെലികോപ്റ്ററുകൾ—തദ്ദേശീയവും വിദേശീയവും—അതിജീവിക്കുന്നവർക്കുവേണ്ടി തെരച്ചിൽ നടത്തി. രക്ഷാപ്രവർത്തനങ്ങൾ മിക്കവാറും വ്യോമാർഗ്ഗം മാത്രമേ നടത്താൻ കഴിയുമായിരുന്നുള്ളു, കാരണം കനത്ത ചെളിയിൽ നടത്തിയ മിക്കവാറുമെല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
വിനാശത്തിന്റെ ഗാംഭീര്യം, ജീവിച്ചിരിക്കുന്ന ചുരുക്കം ചിലരെ തെരയുകയും മരിച്ച അനേകരെ കുഴിച്ചെടുക്കുകയും ചെയ്യുന്ന വേലയെ മന്ദീഭവിപ്പിച്ചു. അതിജീവിച്ച നൂറുകണക്കിനാളുകളെ കൊണ്ടുവന്നശേഷം രക്ഷപെടുത്തേണ്ട അനേകർകൂടെ ഉണ്ടെന്ന് രക്ഷാപ്രവർത്തകർ റിപ്പോർട്ടുചെയ്തു. ഒരു രക്ഷാപ്രവർത്തകൻ പറഞ്ഞപ്രകാരം: “അവിടെ ആരും ഇല്ലെന്ന് ഒരുവൻ വിചാരിക്കുന്നു എന്നാൽ ഹെലികോപ്റ്റർ സമീപിക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽനിന്ന് കൈകൾ മേൽപ്പോട്ടുയർന്നു, ഒരു അതിജീവകൻ തന്നെ പൊക്കിയെടുക്കാൻ മാടിവിളിക്കുന്നു.”
ഹെലികോപ്റ്ററുകൾ കടന്നുപോകുന്ന ഓരോ പ്രാവശ്യവും കൈവീശിയവരിൽ പെട്ടവളായിരുന്നു ഒബ്ദുലിയാ. അവളുടെ തലയിൽ ഉണങ്ങിയ ചെളി പൊതിഞ്ഞിരുന്നു. കണംകൈകൊണ്ട് ദുർബ്ബലമായി മാത്രമേ അവൾക്ക് വീശാൻ കഴിഞ്ഞിരുന്നുള്ളു. ദിവസം മുഴുവൻ അവൾ അവരുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു. ആരും അവളെ കണ്ടില്ല. എന്നെങ്കിലും തന്നെ കാണുമെന്നുള്ള അവളുടെ ആശ അറ്റുപോയി. അവൾ തുടർച്ചയായി പ്രാർത്ഥിച്ചു. അവൾ മനോവേദനയുടെ മറ്റൊരു അനന്ത രാത്രിക്ക് തുടക്കമിട്ടു. ചെളിയിൽ കുരുങ്ങിപ്പോയ അവളുടെ പരുക്കു പറ്റിയ വശത്ത് കഠിനമായ വേദനയായിരുന്നു.
വെള്ളിയാഴ്ച പ്രഭാതമുദിച്ചപ്പോൾ അവൾ എങ്ങനെയോ ധൈര്യമാർജ്ജിച്ച് വിളിച്ചുകൂകി. ഒടുവിൽ ആ പ്രദേശത്തു തെരച്ചിൽ നടത്തിക്കൊണ്ടിരുന്ന രക്ഷാപ്രവർത്തകർ അവളെ താഴെ കണ്ടുപിടിച്ചു. 11 മണിക്ക് അവളെ വലിച്ചെടുത്ത് ഒരു ഹെലികോപ്റ്ററിലേക്കു കയറ്റിയപ്പോൾ അവൾ ശക്തമായ വേദനയാൽ നിലവിളിക്കുകയായിരുന്നു. അവളെ ഒരു പ്രഥമശുശ്രൂഷാകേന്ദ്രത്തിലേക്കും പിന്നീട് ഒരു ആശുപത്രിയിലേക്കും കൊണ്ടുപോയി അവൾ ആ ചെളിയിൽ പുതഞ്ഞ് 35 മണിക്കൂർ ചെലവഴിച്ചിരുന്നു.
അവളുടെ കുട്ടികൾക്ക് എന്തു സംഭവിച്ചിരുന്നു? രണ്ടുപേർ മരണമടഞ്ഞെന്ന് അവൾ മനസ്സിലാക്കി. എന്നാൽ മറ്റു കുട്ടികൾ ചതുപ്പിന്റെ വക്കിലേക്ക് അടിച്ചുനീക്കപ്പെടുകയും ഒടുവിൽ രക്ഷപെടുത്തപ്പെടുകയും ചെയ്തു.
നിരാശയും സന്തോഷവും
പൊള്ളുന്ന ഉഷ്ണമേഖലാ ചൂടിൽ ചെളി കട്ടിയാകാൻ തുടങ്ങി. ആളുകളെ വലിച്ചെടുക്കാൻ കൂടുതൽ കൂടുതൽ സമയം ആവശ്യമായിത്തീർന്നു. ദയനീയ കാഴ്ചകൾ പിന്നെയും ദൃശ്യമായിരുന്നു.—സഹായത്തിനായി നിലവിളിച്ചുകൊണ്ട് തലകൾ ഉപരിതലത്തിനു മുകളിൽ പൊന്തിനിൽക്കുന്നു അല്ലെങ്കിൽ ജീവന്റെ സ്ഫുരണം അവശേഷിച്ചിട്ടുണ്ടെന്നുള്ള സൂചനയായി അധരങ്ങളിൽ അനങ്ങുകമാത്രം ചെയ്യുന്നു. ചിലർ കനത്ത ചെളിക്കുള്ളിൽ നഷ്ടശിഷ്ടങ്ങൾക്കു കീഴിൽ അടിഞ്ഞുപോയി. അവരെ മരിക്കാൻ ഉപേക്ഷിക്കേണ്ടിവന്നു.
ഹൃദയഭേദകമായ അത്തരമൊരു കാഴ്ച ഒമൈറാ സാഞ്ചിസിന്റേതായിരുന്നു. അവൾ 12 വയസ്സുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിയായിരുന്നു. അവൾ തന്റെ ധീരതയാലും ശുഭാപ്തിവിശ്വാസത്തോടുകൂടിയ സംഭാഷണത്താലും രക്ഷാപ്രവർത്തകരുടെയും വാർത്താ ലേഖകരുടെയും ആദരവു നേടി. അവളുടെ അമ്മാവിയുടെ മൃതദേഹത്തിനും ഒരു കോൺക്രിറ്റ് സ്ലാബിനും ഇടയിൽ ഉടക്കിപ്പോയ അവളെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഏതാണ്ട് 60 മണിക്കൂർ പോരാട്ടം നടത്തി. ഒടുവിൽ, ചെളിപ്രവാഹമുണ്ടായതിന്റെ മൂന്നാം ദിവസം അവൾ ഹൃദയസ്തംഭനം മൂലം മരിച്ചു, അപ്പോഴും അവൾ കഴുത്തുവരെ ചെളിയിലും വെള്ളത്തിലുമായിരുന്നു. രക്ഷാപ്രവർത്തകരും വാർത്താലേഖകരും—യഥാർത്ഥത്തിൽ മുഴു ജനതയും—കരഞ്ഞു.
ദുരന്തത്തിനുശേഷം 60 മണിക്കൂർ കഴിഞ്ഞ് നാലുവയസ്സുകാരൻ ഗില്ലർമോ പയസ്സിന്റെ അനക്കമില്ലാഞ്ഞ ശരീരം കണ്ടെത്തിയപ്പോൾ ഏറേ സന്തോഷകരമായ അനുഭവമുണ്ടായി. ശൂന്യമായ ചാരപരപ്പിൽ കാണാൻ കഴിയാതെ കിടന്നിരുന്ന അവൻ ഉറങ്ങുകയായിരുന്നു, മരിച്ചിട്ടില്ലായിരുന്നു! താണിറങ്ങിയ ഹെലികോപ്റ്ററിന്റെ ശബദത്തിൽ അവൻ ഉണർന്നു. അവൻ ചാഞ്ചല്യത്തോടെ എഴുന്നേറ്റിരുന്നു. ഹെലികോപ്റ്റർ അവന്റെ അടുത്തേക്ക് താണ് അവനെ അകത്തേക്ക് പൊക്കിയെടുത്തു. നിസ്വാർത്ഥ രക്ഷാപ്രവർത്തകരുടെ ഹൃദയങ്ങൾക്ക് സന്തോഷമേകിയ ഒരു സംഭവമായിരുന്നു അത്.
കാലവും മുൻകൂട്ടികാണാത്ത സംഭവവും
കണക്കനുസരിച്ച് ആർമെറോയിലെ ദുരന്തത്തിൽ 21000 പേരും ചിഞ്ചിനായിൽ ഏതാണ്ട് 2000 പേരും നഷ്ടപ്പെട്ടു. ആർമെറോയിൽ 5400-ഓളം പേരെ രക്ഷപെടുത്തി. അവരിൽ 2000 പേരെ രാജ്യത്തെമ്പാടുമുള്ള ആശുപത്രികളിൽ ചികിത്സിച്ചു. പ്രവാഹത്തിന്റെ ഉഗ്രരോഷത്തിൽ അനേകർക്ക് കൈകാലുകൾ മുറിഞ്ഞുപോയി, മരവിപ്പുനിമിത്തം അവ ഛേദിച്ചുകളയേണ്ടിവന്നു. ഇവരിൽ ഒരാൾ എപ്പിഫാനിയാ കാംപോസ് ആയിരുന്നു. അവൾ യഹോവയുടെ സാക്ഷികളിലൊരാളും ആർമെറോയിലെ ബാങ്ക് ജീവനക്കാരിയുമായിരുന്നു. സങ്കടകരമെന്നു പറയട്ടെ, മരവിപ്പിന്റെ ഫലമായി മരിച്ചു.
യഹോവയുടെ സാക്ഷികളുടെ ആർമൊറോ സഭയോടു സഹവസിച്ചിരുന്ന 59 പേരിൽ, ടൗണിനെ ഗുരുതരമായി ബാധിച്ച ഭാഗത്തു പാർത്തിരുന്ന 40 പേർ പൂർണ്ണമായും അപ്രത്യക്ഷമായി. ചിഞ്ചിനാ സഭയോടു സഹവസിച്ചിരുന്ന മൂന്നു പേർക്കു ജീവഹാനി ഭവിച്ചു. വേറെ 30 പേർക്ക് വീടും വസ്തുക്കളും നഷ്ടപ്പെട്ടു.
ദുരന്തം കഴിഞ്ഞ് ആറാഴ്ചക്കുശേഷം ഞാൻ ഗർവാസിയോ മാസികായോടൊപ്പം അവിടം വീണ്ടും സന്ദർശിച്ചു. അയാൾ ആർമൊറോയിൽ എട്ടുവർഷം പാർത്തിരുന്നു. രാജ്യഹാൾ എവിടെയായിരുന്നുവെന്ന് അയാൾക്ക് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞില്ല—അത്രസമഗ്രമായിരുന്നു നാശം. പട്ടണം സ്ഥിതിചെയ്തിരുന്നടത്ത്, ഒരു വലിയ ഫാനിന്റെ ആകൃതിയിൽ ചാരനിറത്തിൽ പാറകൾ ചിതറിക്കിടക്കുന്ന ഒരു ചരൽപ്രദേശമാണിപ്പോഴുള്ളത്.
യഹോവയുടെ സാക്ഷികൾ മറ്റാരെയുംപോലെ വിപത്തുകൾക്കും പ്രകൃതിയുടെ ചാപല്യങ്ങൾക്കും വിധേയരാണെന്ന് സ്പഷ്ടമാണ്. ഇങ്ങനെയുള്ള സമയങ്ങളിൽ സഭാപ്രസംഗി 9:11, 12-ൽ പ്രസ്താവിച്ചിരിക്കുന്ന തത്വം വിവേചനാരഹിതമായി എല്ലാവർക്കും ബാധകമാകുന്നതെങ്ങനെയെന്നു നമുക്കു വിലമതിക്കാൻ കഴിയും. “വേഗതയുള്ളവർ ഓട്ടത്തിലോ ബലവാൻമാർ യുദ്ധത്തിലോ ജയിക്കുന്നില്ലെന്ന് സൂര്യനു കീഴിൽ കാണാൻ ഞാൻ പിന്തിരിഞ്ഞു . . . അറിവിലുള്ളവർക്കുപോലും ആനുകൂല്യം ലഭിക്കുന്നില്ല; എന്തുകൊണ്ടെന്നാൽ കാലവും മുൻകൂട്ടിക്കാണാത്ത സംഭവവും അവർക്കെല്ലാം ഭവിക്കുന്നു. എന്തെന്നാൽ മനുഷ്യൻ തന്റെ കാലം അറിയുന്നില്ല . . . അങ്ങനെ മനുഷ്യപുത്രൻമാർ തന്നെ ഒരു അനർത്ഥകാലത്ത് കെണിയിലകപ്പെടുന്നു, അത് പെട്ടെന്ന് അവരുടെമേൽ നിപതിക്കുമ്പോൾതന്നെ.”
എന്നിരുന്നാലും, ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നതുപോലെ, “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം” ഉണ്ടാകും. “ഞാൻ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നിൽ വിശ്വാസം പ്രകടമാക്കുന്നവൻ, മരിക്കുന്നുവെങ്കിലും, ജീവനിലേക്കു വരും” എന്ന് ക്രിസ്തുയേശു പറഞ്ഞു. ദൈവരാജ്യഭരണത്തിനും ഭൂമിയിലെ പരദീസായവസ്ഥകളുടെ പുന:സ്ഥിതീകരണത്തിനുമുള്ള സമയം അടുത്തിരിക്കുന്നുവെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. അപ്പോൾ മരിച്ചവർ യഥാർത്ഥ ജീവന്റെ, നിത്യജീവന്റെ, ഒരു അവസരത്തിലേക്കു തിരിച്ചുവരും.—പ്രവൃത്തികൾ 24:15; യോഹന്നാൻ 5:25, 29; 11:25; 17:3. (g86 5/8)
[13-ാം പേജിലെ ചിത്രം/രേഖാചിത്രം]
(For fully formatted text, see publication.)
നെവാഡോ ഡെൽ റൂയിസ്
ആർമൊറോ
[14-ാം പേജിലെ ചിത്രങ്ങൾ]
പ്രവാഹത്തിന്റെ ശക്തി മനോരോഗാശുപത്രിയെ നശിപ്പിക്കുകയും ഈ ശുന്യശിഷ്ടങ്ങൾക്കു ചുറ്റുമായി ഗേർഡറുകൾ പൊതിയുകയും ചെയ്തു
[15-ാം പേജിലെ ചിത്രങ്ങൾ]
ഈ തെരുവിലെ ചെളിയിൽ കിടക്കുന്ന ഒരു ഡിപ്ലോമ—തകർന്ന ഒരു കുടുംബത്തിന്റെ ദുരന്തത്തിന്റെ തെളിവ്
[16-ാം പേജിലെ ചിത്രങ്ങൾ]
ചെളി ഈ വൃക്ഷത്തെ 25 അടി വരെ കുഴിച്ചിടുകയും ഒരിഞ്ചു ഇരുമ്പുകമ്പികൾ ചുറ്റും പൊതിയുകയും ചെയ്തു
ഒബ്ദുലിയാ ആർസി മുറിലോ ചെളിയിൽ 35 മണിക്കൂർ അതിജീവിച്ചു