ചെറുപ്പക്കാർ ചോദിക്കുന്നു . . .
ശൂരത്വം കാട്ടുന്നതിലെ തെറ്റെന്താണ്?
“പോയി ടീച്ചറിനോട് അവളുടെവായ് നാറുന്നെന്ന് പറ!” ലിസയുടെ സഹപാഠികൾ നിർബ്ബന്ധിച്ചു. അത് വായിലെ എന്തെങ്കിലും അസുഖം നിമിത്തമായിരുന്നില്ല. മറിച്ച് പതിനാല് വയസ്സുള്ള ലിസയെ ഒരു ധിക്കാര പ്രവൃത്തി ചെയ്യാൻ വെല്ലുവിളിക്കുകയായിരുന്നു—അത് തികച്ചും ഒരു സാഹസപ്രവൃത്തിതന്നെ!
‘ഒറ്റ അടി കൊട്!’ ‘ഒരു പെണ്ണിനെ ചുംബിക്ക്!’ ‘ക്ലാസ്സിൽനിന്ന് പതുക്കെ പൊക്കോ!’ ‘ഒരു വാച്ച് മോഷ്ടിച്ചോ!’ ‘റെയിൽവേ ട്രാക് ചാട്!’ യുവാക്കൾ ഇപ്രകാരം പ്രേരിപ്പിക്കുന്നു. അത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ മറ്റുള്ളവരെ വെല്ലുവിളിക്കുന്നതിൽ അവർ അനുചിതമായ ഉല്ലാസം കണ്ടെത്തുന്നു. അവരുടെ അത്തരം ചെറിയ കുസൃതിത്തരങ്ങൾ ഒടുവിൽ തനി ആത്മഹത്യയിൽ പരിണമിക്കുന്നു.
‘ഞാൻ 100 രൂപാ ബെറ്റ് വെക്കാം, നിനക്ക് വെള്ളത്തിൽ ചാടാൻ പേടിയാ’ ഒരു യുവാവ് 14 വയസ്സുള്ള തന്റെ കൂട്ടുകാരനെ എരിവു കേറ്റി. സമ്മർദ്ദത്തിനു വഴങ്ങി, തന്റെ കൂട്ടുകാരൻ അവർ തുഴഞ്ഞുകൊണ്ടിരുന്ന കടത്തു വള്ളത്തിൽനിന്ന് വെള്ളത്തിലേക്ക് എടുത്തു ചാടി. വെള്ളത്തിനടിയിൽ നല്ല ഒഴുക്കുണ്ടെന്ന് അവൻ അറിഞ്ഞിരുന്നില്ല. വാസ്തവത്തിൽ അമരക്കാരൻ ഇതു കണ്ടിട്ട് അവന്റെ ജീവൻ രക്ഷിക്കാൻ എടുത്തുചാടിയില്ലായിരുന്നെങ്കിൽ, ഈ കഥ വിവരിക്കാൻ ആ കുട്ടി ജീവിച്ചിരിക്കയില്ലായിരുന്നു.
കുറെ ബീയർ കുടിച്ചശേഷം, 17 വയസ്സുള്ള ജയിംസ്, തന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചിട്ട് തീ കൊളുത്താൻ കൂട്ടുകാരിലൊരുവനെ വെല്ലുവിളിച്ചു. അവരിലൊരാൾ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് തീ കൊളുത്തി. തൽഫലമായി ജയിംസിന് തന്റെ ശരീരത്തിന്റെ 30 ശതമാനം ഭാഗത്ത് മൂന്നാം തരം പൊള്ളൽ അനുഭവിക്കേണ്ടതായി വന്നു. വസ്തുതകൾ ലളിതമായി വിവരിച്ചുകൊണ്ട് ജയിംസിന്റെ പിതാവ് ഇപ്രകാരം സംക്ഷേപിച്ചു: “എന്റെ മകൻ പറയുന്നതിൽനിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നതനുസരിച്ച്, ഇത് കുട്ടികളുടെ വെറും പിള്ളകളിയാണ്. ഇത് തികച്ചും വിഡ്ഢിത്തമാണ്.” ഇത് സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു?
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിനാലിലെ അമേരിക്കൻ പൊതുജനാരോഗ്യ മാസിക പറയുന്നതനുസരിച്ച് “വെല്ലുവിളി” എന്നത് ‘വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ചെയ്യാൻ ഒരുവനെ പ്രേരിപ്പിക്കുന്ന പ്രക്രിയയാണ്.’ നിശ്ചയമായും വെല്ലുവിളികൾ എല്ലായ്പ്പോഴും അതിൽത്തന്നെ കൊള്ളരുതാത്തവയല്ല. ഉദാഹരണത്തിന് കണക്കിന് വളരെ താഴ്ന്ന മാർക്ക് കിട്ടുമ്പോൾ ‘പോയി ഇപ്പോൾത്തന്നെ ആ ഗുണന പട്ടിക പഠിക്ക്!’ എന്ന് നിങ്ങളുടെ മാതാപിതാക്കൾ തികച്ചും ആവശ്യപ്പെട്ടേക്കാം. അപ്പോൾ നിങ്ങൾ ആ വെല്ലുവിളിക്കനുസരിച്ച് ഝടിതിയിൽ വളരുന്നതായി നിങ്ങളെത്തന്നെ കണ്ടെത്തും!
എന്നാൽ വിവേകശൂന്യവും ദയയില്ലാത്തതും തികച്ചും അപകടം പിടിച്ചതുമായ കാര്യങ്ങൾ ചെയ്യാൻ ആരെങ്കിലും നിങ്ങളെ വെല്ലുവിളിച്ചാൽ അപ്രകാരം ചെയ്യുന്നതിനുമുമ്പ് വീണ്ടും വീണ്ടും ചിന്തിക്കാൻ സമയമെടുക്കുക. ഒരു ജ്ഞാനി ഇപ്രകാരം പറഞ്ഞു: “ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അതുപോലെ അല്പഭോഷത്വം ജ്ഞാനമാനമുള്ള ഒരുവനെ വിലകെട്ടതാക്കുന്നു.” (സഭാപ്രസംഗി 10:1) പുരാതന കാലങ്ങളിൽ, ഒരു ചത്ത ഈച്ചയെപ്പോലുള്ള ചെറിയ എന്തിനെങ്കിലും ഒരു വിലയേറിയ തൈലമോ സുഗന്ധദ്രവ്യമോ ഉപയോഗശൂന്യമാക്കാൻ കഴിയുമായിരുന്നു. സമാനമായി, കേവലം “അല്പ ഭോഷത്വം” വളരെ പണിപ്പെട്ട് നേടിയെടുത്ത ഒരുവന്റെ സൽപ്പേരിനെ നശിപ്പിച്ചേക്കാം. നിങ്ങൾ ആ സാഹസം ചെയ്യാൻ ആഗ്രഹിക്കുമോ?
നിരസിക്കുന്നത് പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്?
എന്നാൽ, ഏതാണ്ട് മൂന്ന് ചെറുപ്പക്കാരിൽ ഒരാൾ ‘ഭീരു’ എന്ന് വിളിക്കപ്പെടുന്നതിനെക്കാൾ ഒരു വെല്ലുവിളിസ്വീകരിക്കാൻ ഇഷ്ടപ്പെട്ടുവെന്ന് ഗവേഷകരായ ചാൾസും മേരി ആൻ ലൂയിസും കണ്ടെത്തി. നിഃസംശയമായും തരപ്പടിക്കാരാൽ സ്വീകരിക്കപ്പെടാനുള്ള ആഗ്രഹം ശക്തമാണ്. ചെറുപ്പക്കാർ ധനികരോ ദരിദ്രരോ ആയിരുന്നാലും അവർ “മറ്റുള്ളവരുടെ പ്രീതിയെക്കുറിച്ച് ചിന്തയുള്ളവരാണ്? എന്ന് ഒരു സർവ്വേ ചൂണ്ടിക്കാണിക്കുന്നതായി അമേരിക്കൻ നവയുവാവ് ചുണ്ടിക്കാണിക്കുന്നു.
അതുകൊണ്ട് ഒരു വെല്ലുവിളി നിങ്ങളെ വിഷമസ്ഥിതിയിലാക്കിയേക്കാം. നിങ്ങൾ മറ്റുള്ളവരുടെ പ്രീതി ആഗ്രഹിക്കുന്നതിനാൽ ഒരു വെല്ലവിളി തള്ളിക്കളയുന്നത് വലിയ ഒരു നഷ്ടമായി തോന്നിയേക്കാം. യുവാവായ മൈക്ക് പറഞ്ഞപ്രകാരം: “നിങ്ങളുടെ കൂട്ടുകാർ നിങ്ങൾ ഒരു ഭ്രഷ്ടനാണെന്ന് തോന്നുമാറാക്കും.” പക്ഷേ ഒരു വെല്ലുവിളിയുടെ അടിസ്ഥാനത്തിൽ എടുത്തുചാടുന്നത് ആപൽക്കരമായിരിക്കും.
കൂടാതെ, നിങ്ങൾ അവരുടെ പ്രചോദനത്തിന് വഴങ്ങി പ്രവർത്തിക്കുന്നെങ്കിൽ നിങ്ങൾ ബൈബിളിന്റെ നിലവാരങ്ങളെയും നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ പഠിപ്പിച്ചിരിക്കുന്ന നിലവാരങ്ങളെയും മറികടക്കുമോ? അങ്ങനെയെങ്കിൽ നേരം പോക്കുകാരായ യുവാക്കളുടെ നിലവാരങ്ങൾ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാൻ നിങ്ങൾ വാസ്തവത്തിൽ ആഗ്രഹിക്കുമോ? മാത്രമല്ല, നിങ്ങളുടെ ജീവനും സൽപ്പേരും അപകടത്തിലാക്കാൻ ആവശ്യപ്പെടുന്ന ചെറുപ്പക്കാർ യഥാർത്ഥ കൂട്ടുകാരാണോ? ഒരു സദൃശവാക്യം ഇപ്രകാരം പറയുന്നു: “അന്യോന്യം വേർപെടുത്താൻ ചായ്വ് കാട്ടുന്ന സുഹൃത്തുക്കൾ ഉണ്ട്, അതേസമയം ഒരു സഹോദരനെക്കാളും അടുപ്പമുള്ള കൂട്ടുകാരുമുണ്ട്.” (സദൃശവാക്യങ്ങൾ 18:24) ഒരു യഥാർത്ഥ കൂട്ടുകാരൻ നിങ്ങളെ അപകടകരമായ ഒരു സ്ഥിതിയിലാക്കാൻ ഒരിക്കലും ചിന്തിക്കയില്ല.
അവൻ “ചെറുപ്പക്കാരെ” ശ്രദ്ധിച്ചു
പുരാതന യിസ്രായേൽ രാജാവായ രെഹബെയാമിന്റെ അനുഭവത്തിൽ സമപ്രായക്കാരായ ചെറുപ്പക്കാരുടെ വാക്കുകളനുസരിച്ച് പ്രവർത്തിക്കുന്നതിലെ അപകടം ദൃഷ്ടാന്തീകരിച്ചിട്ടുണ്ട്. അവന്റെ ഭരണത്തിന്റെ പ്രാരംഭഘട്ടത്തിൽ അവന്റെ പ്രജകൾ തന്റെ പിതാവ് അവരുടെമേൽ വച്ച ഭാരങ്ങൾ ലഘൂകരിക്കാൻ അപേക്ഷിച്ചു. രെഹബെയാം ആദ്യം പ്രായമേറിയ പുരുഷൻമാരുടെ ഉപദേശം തേടി. “അവരോട് നല്ല വാക്ക് പറയുക; അങ്ങനെയെങ്കിൽ അവർ എന്നും നിനക്ക് ദാസൻമാരായിരിക്കും” എന്ന് അവർ ബുദ്ധിയുപദേശിച്ചു. (1 രാജാക്കൻമാർ 12:7) അത് ഉചിതമായ ഉപദേശമായിരുന്നില്ലേ? എന്നാൽ, അവർ പറഞ്ഞതിൽ സംതൃപ്തനാകാതെ, രെഹബെയാം സമപ്രായകാരായ ചെറുപ്പക്കാരുടെ ഉപദേശം തേടി.
ഫലത്തിൽ, അവന്റെ സുഹൃത്തുക്കൾ അവനെ മയമില്ലാത്തവനായിരിക്കാൻ ഉപദേശിച്ചു: “എന്റെ അപ്പൻ നിങ്ങളുടെ മേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിനു ഭാരം കൂട്ടും എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ട് ദണ്ഡിപ്പിച്ചു. ഞാനോ തേളുകളെക്കൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും.”—1 രാജാക്കൻമാർ 12:10, 11.
രെഹബെയാം തന്റെ യുവ സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ചു. തൽഫലമായി, അവന്റെ പ്രജകൾ കോപിക്കുകയും 12 യിസ്രായേൽ ഗോത്രങ്ങളിൽ പത്തെണ്ണം മത്സരിച്ച് മറ്റൊരു രാജാവിനെ തെരഞ്ഞെടുക്കുകയും ചെയ്തു! രെഹബെയാം ‘സമപ്രായക്കാരായ ചെറുപ്പക്കാരുടെ ഉപദേശം തേടിയതു നിമിത്തമാണ്’ ഇതെല്ലാം സംഭവിച്ചത്.—1 രാജാക്കൻമാർ 12:8-17.
വിവേചന നട്ടുവളർത്തുക
“ജ്ഞാനികളുടെ വചനങ്ങൾ ചെവിചായ്ച്ച് കേൾക്കു”ന്നത് നിങ്ങൾക്ക് നൻമ കൈവരുത്തുകതന്നെ ചെയ്യും. (സദൃശവാക്യം 22:17) അത് തികഞ്ഞ ആത്മാർത്ഥതയുള്ള കൂടുതൽ സുഹൃത്തുക്കളെ കണ്ടെത്തുന്നത് അർത്ഥമാക്കിയേക്കാം. “ജ്ഞാനികളോടുകൂടെ നടക്കുന്നവൻ ജ്ഞാനിയായിത്തീരും, എന്നാൽ മൂഢൻമാരോട് ഇടപെടുന്നവന് ദോഷം ഭവിക്കും” എന്ന് സദൃശവാക്യം 13:20 പറയുന്നു.
അതിൽ സഹായകരമായ ബുദ്ധ്യുപദേശവും “യൗവനമോഹങ്ങളുടെ—ഒരുപക്ഷേ ഹാനികരമായിരിക്കുന്ന—ലീലാപ്രകടനവും തമ്മിൽ വിവേചിക്കാൻ പഠിക്കുന്നതും ഉൾപ്പെട്ടേക്കാം. (2 തിമൊഥെയോസ് 2:22) എന്തെങ്കിലും ചെയ്യാൻ ആരെങ്കിലും നിങ്ങളെ എരിവുകേറ്റുന്നെങ്കിൽ അത് ചെയ്യുന്നതിൽനിന്നുണ്ടാകുന്ന പരിണതഫലങ്ങൾ ചിന്തിക്കുക. ഒരു യുവാവായ ആൻഡ്രൂ പറഞ്ഞപ്രകാരം “ആരും കാണുകയില്ല” എന്ന് പറഞ്ഞുകൊണ്ട് ചെറുപ്പക്കാർ പലപ്പോഴും നിങ്ങളെ വശികരിച്ചേക്കാം എന്നത് സത്യംതന്നെ. എന്നാൽ ‘നിങ്ങൾ വിതക്കുന്നത് നിങ്ങൾ കൊയ്യും.’ (ഗലാത്യർ 6:7) ബാലിശമായ കുസൃതിത്തരം പലപ്പോഴും താഴ്ന്ന മാർക്കിലും സ്കൂളിൽ നിന്നുള്ള ബഹിഷ്ക്കരണത്തിലും അറസ്റ്റിൽപോലും പരിണമിക്കുന്നു!
നിരസിക്കാൻ പഠിക്കുക
അങ്ങനെയെങ്കിൽ, നിങ്ങൾക്ക് വെല്ലുവിളിയുടെ കെണികൾ ഒഴിവാക്കാൻ കഴിയുന്നതെങ്ങനെ? ഒരു ബൈബിൾ എഴുത്തുകാരൻ ഇങ്ങനെ പറഞ്ഞു: “ഏതു മനുഷ്യനും കേൾക്കുന്നതിന് വേഗതയും സംസാരത്തിന് [അല്ലെങ്കിൽ പ്രതികരണത്തിന്] താമസവും ഉള്ളവനായിരിക്കട്ടെ.” (യാക്കോബ് 1:19) ആരാണ് സംസാരിക്കുന്നതെന്നും നിങ്ങളോട് എന്താണ് ആവശ്യപ്പെടുന്നതെന്നും ചിന്തിക്കുക. അത് ഉചിതമാണോ? അത് സ്നേഹനിർഭരമാണോ? അത് മറ്റുള്ളവരോടുള്ള നിസ്വാർത്ഥമായ സ്നേഹവും ദയയും പ്രകടിപ്പിക്കുന്നുണ്ടോ? ഇല്ലെങ്കിൽ വെല്ലുവിളി അവഗണിക്കുക. മറ്റൊരു യുവാവായ മോറിസ് പറഞ്ഞപ്രകാരം ഇത് സത്യമാണ്: “അവർ നിങ്ങളെ ഒരു വിചിത്ര ജീവിയെന്ന് തോന്നുമാറാക്കും.” എന്നാൽ വാസ്തവത്തിൽ “വിചിത്രജീവി” ആരാണ്? സുബുദ്ധിയുള്ളവനോ അതോ ഭോഷത്വത്തിന് പ്രേരിപ്പിക്കുന്നവനോ?
അതിനാൽ, ശൂരത്വം കാട്ടാൻ പ്രേരിപ്പിക്കുന്ന ചെറുപ്പക്കാരുമായി ന്യായവാദം ചെയ്യാൻ നിങ്ങൾ ശ്രമിച്ചേക്കാം. പതിനെട്ട് വയസ്സുള്ള റ്റെറി “അതിൽ ആനന്ദം കണ്ടെത്താൻ” ഇഷ്ടപ്പെടുന്നു. ‘ഞാൻ എന്തുകൊണ്ട് അത് ചെയ്യണം?’ ‘ഞാൻ അത് ചെയ്താൽ അത് എന്തു സാധിക്കും?’ ‘ഞാൻ അതിൽനിന്ന് എങ്ങനെ പ്രയോജനമനുഭവിക്കും?’ അവൻ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നു. ഒരുപക്ഷേ ബൈബിൾ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. നിങ്ങൾ പിൻപറ്റേണ്ട വസ്തുനിഷ്ടമായ ചില നിലവാരങ്ങളുണ്ടെന്ന് മനസ്സിൽ പിടിക്കുക. ഒരു പെൺകുട്ടി ഒരു ചെറുപ്പക്കാരനെ അധാർമ്മികതയ്ക്കു പ്രേരിപ്പിച്ചു. അവൾ ഇപ്രകാരം പറഞ്ഞു: “നീ നഷ്ടപ്പെടുത്തുന്നത് എന്താണെന്ന് നിനക്കറിയില്ല.” “എനിക്കറിയാം, ഹെർപ്പസ്, ഗൊണോറിയാ, സിഫിലിസ് . . . ” ഇതായിരുന്നു അവന്റെ മറുപടി. പിന്നീട് നിങ്ങൾ ദുഃഖിച്ചേക്കാവുന്ന ഏതെങ്കിലും പ്രവർത്തനം ഒഴിവാക്കാൻ ഒരു ബൈബിൾ പരിശീലിത മനഃസാക്ഷിക്ക് നിങ്ങളെ സഹായിക്കാൻ കഴിയുമെന്നത് എത്രകണ്ട് സത്യമാണ്!—ഉല്പത്തി 39:7-12 താരതമ്യപ്പെടുത്തുക.
എന്നാൽ, യുവതിയായിരിക്കുന്ന ലിസ പറയുന്നു: “നിങ്ങൾ അവരുടെ താളത്തിനൊത്ത് തുള്ളുകയില്ലെന്ന് അവർ അറിയുമ്പോൾ, മിക്ക കുട്ടികളും നിങ്ങളെ ശല്യപ്പെടുത്താനാഗ്രഹിക്കുകയില്ല. എന്നിരുന്നാലും നിങ്ങളെ വീണ്ടും വീണ്ടും പരീക്ഷിക്കുന്ന ചില ആളുകളുമുണ്ട്.” മരുഭൂമിയിൽ 40 ദിവസം ഒറ്റയ്ക്കായിരുന്നപ്പോൾ സാത്താൻ മൂന്ന് സന്ദർഭത്തിൽ യേശുക്രിസ്തുവിനെ പരീക്ഷിച്ചു. സാത്താൻ അധിക്ഷേപിച്ചു: ‘കല്ലുകളെ അപ്പമാക്കുക!’ ‘ദൈവാലയ മതിലിൽനിന്ന് താഴോട്ട് ചാടുക!’ ‘എന്നെ നമസ്ക്കരിക്കുക!’ യേശുവിന്റെ മറുപടി “സാത്താനെ, ദൂരെ പോകു!” എന്നായിരുന്നു. (മത്തായി 4:1-10) എന്നിട്ടും, ലൂക്കോസ് 4:13 തുടർന്നു പറയുന്നു: “പിശാച് സകല പരീക്ഷയും തികച്ചശേഷം, സൗകര്യപ്രദമായ മറ്റൊരു സമയം വരെ അവനിൽനിന്ന് വിട്ടുമാറി.” തുടർച്ചയായുള്ള വെല്ലുവിളികളെ ചെറുത്തുനിൽക്കാൻ നിങ്ങളുടെ ഭാഗത്ത് സമാനമായ സ്ഥിരോദ്യമം ആവശ്യമായിരിക്കാം. എന്നാൽ ശൂരത്വം കാട്ടാനുള്ള ബാലിശമായ പ്രേരണകൾ വെല്ലുവിളിയെന്ന നിലയിൽ കണക്കാക്കാതിരിക്കുക. ശരിയായതിനുവേണ്ടി ഉറച്ചുനിൽക്കാനുള്ള ധൈര്യമുണ്ടായിരിക്കുക!
ഇപ്പോൾ അത് ഒരു യഥാർത്ഥ വെല്ലുവിളിയാണ്, അല്ലേ?. (g86 5/8)
[19-ാം പേജിലെ ചിത്രം]
നിങ്ങളുടെ ബൈബിൾ പരിശീലിത മനഃസാക്ഷി പിൻപറ്റുന്നത് നിങ്ങൾ പിൽക്കാലത്ത് ദുഃഖിച്ചേക്കാവുന്ന എന്തെങ്കിലും പ്രവർത്തിക്കുന്നതിൽനിന്നു നിങ്ങളെ തടയുന്നു