കൂടുതൽ പഠിക്കാനായി. . .
ബൈബിൾവിവരണങ്ങൾ ഭാവനയിൽ കാണുക
നമ്മളെ പ്രധാനപ്പെട്ട പല പാഠങ്ങളും പഠിപ്പിക്കുന്ന ചരിത്രവിവരണങ്ങൾ ബൈബിളിലുണ്ട്. ആ വിവരണങ്ങൾ ഭാവനയിൽ കാണുന്നത്, അവ വായിക്കുമ്പോൾ നന്നായി മനസ്സിലാക്കാനും അതിൽനിന്ന് കൂടുതൽ പ്രയോജനം നേടാനും നമ്മളെ സഹായിക്കും. ഭാവന ഉണർത്താൻ ചില കാര്യങ്ങൾ ചെയ്തുനോക്കാം.
ഉച്ചത്തിൽ വായിക്കുക. ബൈബിൾ ഉച്ചത്തിൽ വായിക്കുന്നത് ആ സംഭവങ്ങൾ നന്നായി ഭാവനയിൽ കാണാൻ നമ്മളെ സഹായിക്കും. കുടുംബം ഒരുമിച്ചിരുന്ന് ബൈബിൾ വായിക്കുമ്പോൾ ഓരോ കഥാപാത്രത്തെ ഓരോരുത്തർക്കു നിയമിച്ചുകൊടുക്കുക. അങ്ങനെ വായിക്കുന്നത് ആ വിവരണത്തിനു ജീവൻ പകരും.
സംഭവങ്ങൾ നേരിൽ കാണുന്നതായി ചിന്തിക്കുക. കഥാപാത്രങ്ങളുടെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്, സ്വയം ചോദിക്കുക: ‘ആ വ്യക്തി അങ്ങനെ സംസാരിച്ചത് അല്ലെങ്കിൽ പ്രവർത്തിച്ചത് എന്തുകൊണ്ടാണ്? ഞാനായിരുന്നു ആ സാഹചര്യത്തിലെങ്കിൽ എന്റെ ചിന്തകളും വികാരങ്ങളും എന്തായിരിക്കും?’
വരയ്ക്കുക. ബൈബിൾവിവരണങ്ങൾ വരയ്ക്കുന്നത് ആ സംഭവങ്ങൾ ഭാവനയിൽ കാണാനും ഓർത്തിരിക്കാനും കൂടുതൽ സഹായിക്കും. നിങ്ങളുടെ ചിത്രം മികച്ച ഒരു കലാസൃഷ്ടി ആകണമെന്നൊന്നും ഇല്ല.