2026 ജൂലൈ 13-19
ഗീതം 127 ഞാൻ എങ്ങനെയുള്ള ആളായിരിക്കണം?
നിങ്ങളുടെ മനസ്സാക്ഷിയെ ബൈബിൾതത്ത്വങ്ങൾകൊണ്ട് പരിശീലിപ്പിക്കുക
“ഓരോരുത്തരും സ്വന്തം ചുമടു ചുമക്കണമല്ലോ.”—ഗലാ. 6:5.
ഉദ്ദേശ്യം
നമ്മുടെ മനസ്സാക്ഷിയെ നല്ലൊരു വഴികാട്ടിയായി പരിശീലിപ്പിക്കാൻ ബൈബിൾതത്ത്വങ്ങൾ എങ്ങനെ സഹായിക്കുമെന്നു നോക്കും.
1-2. (എ) ആദാമിനും ഹവ്വയ്ക്കും എന്തു സമ്മാനമാണു കൊടുത്തത്? (ബി) അവർക്ക് ആ സമ്മാനത്തോടു നന്ദി കാണിക്കാൻ കഴിയുമായിരുന്നത് എങ്ങനെ?
മൃഗങ്ങൾ സഹജജ്ഞാനത്തോടെ കാര്യങ്ങൾ ചെയ്യുന്നു. പല യന്ത്രങ്ങളും അതു പ്രോഗ്രാം ചെയ്തുവെച്ച വിധത്തിൽ പ്രവർത്തിക്കുന്നു. എന്നാൽ മനുഷ്യരുടെ കാര്യം അങ്ങനെയല്ല. ദൈവം നമ്മളെ സൃഷ്ടിച്ചത് ഒരു പ്രത്യേക സമ്മാനം തന്നുകൊണ്ടാണ്. അതാണ് ഇച്ഛാസ്വാതന്ത്ര്യം. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള മനുഷ്യന്റെ കഴിവാണ് അത്. ആദ്യ മനുഷ്യനായ ആദാമിനെ ദൈവം തന്റെ ഛായയിൽ അഥവാ സാദൃശ്യത്തിൽ സൃഷ്ടിച്ചതായി ബൈബിൾ പറയുന്നു. (ഉൽപ. 1:26, 27) ബുദ്ധിശക്തിയുള്ള സൃഷ്ടികൾ എന്ന നിലയിൽ ആദാമിനും ഹവ്വയ്ക്കും സ്വന്തമായി തീരുമാനമെടുക്കാനുള്ള അവസരം യഹോവ കൊടുത്തു.
2 യഹോവ ആദാമിനും ഹവ്വയ്ക്കും നിയമങ്ങളുടെ വലിയൊരു ലിസ്റ്റൊന്നും കൊടുത്തില്ല. ദൈവം ലളിതമായ ചില കാര്യങ്ങളാണ് അവരോടു പറഞ്ഞത്: ഭൂമിയെ പരിപാലിക്കുക, മക്കളെക്കൊണ്ട് ഭൂമി നിറയ്ക്കുക, പരിധികൾ വെക്കാനുള്ള ദൈവത്തിന്റെ അധികാരത്തെ ആദരിക്കുക. (ഉൽപ. 1:28; 2:16, 17) ഇച്ഛാസ്വാതന്ത്ര്യം എന്ന സമ്മാനം കൊടുത്ത ദൈവത്തോട് ആദാമിനും ഹവ്വയ്ക്കും എങ്ങനെ നന്ദി കാണിക്കാനാകുമായിരുന്നു? യഹോവ കൊടുത്ത എല്ലാ നന്മകളെക്കുറിച്ചും ചിന്തിച്ചുകൊണ്ട്, ഒട്ടും ബുദ്ധിമുട്ടില്ലാതിരുന്ന ആ കല്പനകൾ അവർ അനുസരിക്കണമായിരുന്നു. യഹോവയോടുള്ള സ്നേഹംകൊണ്ടും യഹോവയെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹംകൊണ്ടും വേണമായിരുന്നു അവർ അതു ചെയ്യാൻ.—സുഭാ. 23:15.
3. ആദാമും ഹവ്വയും തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം എങ്ങനെയാണ് ഉപയോഗിച്ചത്?
3 ആദാമും ഹവ്വയും അവരുടെ ഇച്ഛാസ്വാതന്ത്ര്യം നന്നായി ഉപയോഗിച്ചില്ലെന്നു ബൈബിൾ കാണിച്ചുതരുന്നു. അവർ യഹോവയോട് അനുസരണക്കേടു കാണിക്കാൻ തീരുമാനിച്ചു. അവർ ഒരു തീരുമാനമെടുത്തപ്പോൾ യഹോവയോടുള്ള സ്നേഹവും നന്ദിയും അല്ല പകരം സ്വാർഥതയാണ് അവരെ നയിച്ചത്. (ഉൽപ. 3:1-7) അവർ ചെയ്തതിന്റെ ദുരന്തഫലങ്ങൾ നമ്മൾ ഇന്നും അനുഭവിക്കുന്നു.—റോമ. 5:12.
4. (എ) ഗലാത്യർ 6:5 അനുസരിച്ച് നമ്മൾ എല്ലാവരും എന്തു ചെയ്യണം? (ബി) ഏതു സമ്മാനത്തെക്കുറിച്ചാണു നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്?
4 ഇന്നത്തെ ജീവിതം ഒട്ടും എളുപ്പമല്ല; ഓരോ ദിവസവും നമുക്ക് ഒരുപാട് തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നു. (ഗലാത്യർ 6:5 വായിക്കുക.) ചിലതു ചെറിയചെറിയ തീരുമാനങ്ങളാണ്; എന്നാൽ മറ്റു ചിലതു ഗൗരവമുള്ളതാണ്. എങ്കിൽ യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുക്കാൻ നമുക്ക് എങ്ങനെ കഴിയും? അതിന് ആദ്യം, നമുക്ക് യഹോവയുടെ സഹായം ആവശ്യമാണെന്നു തിരിച്ചറിയണം. (സുഭാ. 16:3; യിരെ. 10:23) പൂർണമനുഷ്യനായിരുന്ന യേശുപോലും തനിക്ക് യഹോവയുടെ സഹായം വേണമെന്നു മനസ്സിലാക്കി. (എബ്രാ. 5:7) അങ്ങനെയെങ്കിൽ അപൂർണരായ നമ്മുടെ കാര്യം പറയേണ്ടതുണ്ടോ? യേശുവിന് ആവശ്യമായിരുന്നതിനെക്കാൾ കൂടുതൽ സഹായം നമുക്ക് ഇന്നു വേണ്ടേ? നമുക്ക് ഇപ്പോൾ ശരിയായ തീരുമാനങ്ങളെടുക്കാൻ യഹോവ തന്നിരിക്കുന്ന മറ്റൊരു സമ്മാനത്തെക്കുറിച്ച് നോക്കാം—നമ്മുടെ മനസ്സാക്ഷിയാണ് അത്.
എന്താണ് മനസ്സാക്ഷി?
5. (എ) എന്താണ് മനസ്സാക്ഷി? (ബി) മനസ്സാക്ഷി നമ്മളെ സഹായിക്കുന്നത് എങ്ങനെയാണ്? (റോമർ 2:14, 15)
5 ശരിയും തെറ്റും തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്ന ഒന്നാണ് മനസ്സാക്ഷി. ദൈവനിയമങ്ങളെക്കുറിച്ച് ഒന്നും അറിയാത്ത ഒരു വ്യക്തിക്കുപോലും മനസ്സാക്ഷിയുണ്ട്. (2 കൊരി. 4:2) നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും ഒന്നുകിൽ കുറ്റപ്പെടുത്തുകയോ അല്ലെങ്കിൽ ന്യായീകരിക്കുകയോ ചെയ്യുന്ന ഒരു ജഡ്ജിയെപ്പോലെയാണു നമ്മുടെ മനസ്സാക്ഷി എന്നു പറയാം. (റോമർ 2:14, 15 വായിക്കുക.) തെറ്റെന്ന് അറിയാവുന്ന ഒരു കാര്യം നമ്മൾ ചെയ്യാൻ തുടങ്ങുമ്പോൾ മനസ്സാക്ഷി നമുക്കു മുന്നറിയിപ്പു തരും. (1 ശമു. 26:8-11) അതുപോലെ ശരിയായ കാര്യം ചെയ്യാൻ അതു നമ്മളെ നിർബന്ധിക്കുകയും ചെയ്യും. ഇച്ഛാസ്വാതന്ത്ര്യം ഉള്ളതുകൊണ്ടുമാത്രം യഹോവയ്ക്ക് ഇഷ്ടമുള്ള തീരുമാനങ്ങൾ നമ്മൾ എപ്പോഴും എടുക്കണമെന്നില്ല. അതിനു മനസ്സാക്ഷിയുടെ സഹായംകൂടി വേണം. ശരിയായ തീരുമാനവും തെറ്റായ തീരുമാനവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സഹായിക്കുന്നതു മനസ്സാക്ഷിയാണ്.
6. നമ്മുടെ മനസ്സാക്ഷിക്കുള്ള ഒരു കുഴപ്പം എന്താണ്?
6 എന്നാൽ നമ്മുടെ മനസ്സാക്ഷിക്ക് ഒരു കുഴപ്പമുണ്ട്. നമ്മൾ അപൂർണരായതുകൊണ്ട് നമ്മുടെ മനസ്സാക്ഷിയും അപൂർണമാണ്. വളർന്നുവന്ന സാഹചര്യങ്ങളും സംസ്കാരവും നമ്മുടെ ഉള്ളിലെ തെറ്റായ ആഗ്രഹങ്ങളും ഒക്കെ അതിനെ മോശമായി സ്വാധീനിച്ചേക്കാം. ബൈബിൾ പറയുന്നത്, നമ്മുടെ മനസ്സാക്ഷി ‘ദുർബലവും’ ‘അശുദ്ധവും’ ‘ചുട്ടുപഴുത്ത ഇരുമ്പുകൊണ്ടെന്നപോലെ പൊള്ളിത്തഴമ്പിച്ചതും’ ‘ദുഷിച്ചതുപോലും’ ആയേക്കാം എന്നാണ്. (1 കൊരി. 8:12; തീത്തോ. 1:15; 1 തിമൊ. 4:2; എബ്രാ. 10:22) അങ്ങനെയൊരു മനസ്സാക്ഷി ഒരിക്കലും ഒരു നല്ല വഴികാട്ടി ആയിരിക്കില്ല. തെറ്റായ സമയം കാണിക്കുന്ന ഒരു വാച്ച് പോലെയായിരിക്കും അത്. വാച്ച് ശരിയാക്കിയെടുക്കുന്നതുപോലെ, നമ്മുടെ മനസ്സാക്ഷി നന്നായി പ്രവർത്തിക്കണമെങ്കിൽ അതിനെ ശരിയായി പരിശീലിപ്പിക്കേണ്ടതുണ്ട്. (1 പത്രോ. 3:16) അതു നമുക്ക് എങ്ങനെ ചെയ്യാം?
നമുക്ക് എങ്ങനെ മനസ്സാക്ഷിയെ പരിശീലിപ്പിക്കാം
7-8. (എ) നമുക്ക് എങ്ങനെ മനസ്സാക്ഷിയെ പരിശീലിപ്പിക്കാനാകും? (ബി) ബൈബിൾതത്ത്വങ്ങൾ നമ്മളെ എങ്ങനെയാണു വഴിനയിക്കുന്നതെന്ന് ഒരു ദൃഷ്ടാന്തത്തിലൂടെ വിശദീകരിക്കുക. (ചിത്രവും കാണുക.)
7 മനസ്സാക്ഷിയെ പരിശീലിപ്പിക്കാൻ നമുക്ക് എന്തു ചെയ്യാം? പതിവായി ബൈബിൾ വായിക്കുകയും യഹോവയുടെ വീക്ഷണത്തിൽ ഏതാണ് ശരി, ഏതാണ് തെറ്റ് എന്നു പഠിക്കുകയും ചെയ്യേണ്ടതുണ്ട്. ദൈവനിയമങ്ങളെക്കുറിച്ച് പഠിക്കുന്നതു ദൈവത്തിന്റെ ചിന്ത മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. എന്നാൽ മുൻലേഖനത്തിൽ കണ്ടതുപോലെ നിയമങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ഉപകാരപ്പെടുന്നതായിരിക്കും. അതുകൊണ്ടാണു നമ്മൾ അതിനു പിന്നിലെ തത്ത്വവുംകൂടെ മനസ്സിലാക്കേണ്ടത്. തത്ത്വങ്ങൾ യഹോവയുടെ ചിന്തകളെയും വികാരങ്ങളെയും കുറിച്ചുള്ള വിശാലമായ ഒരു വീക്ഷണം നമുക്കു തരും.—യശ. 55:9.
8 നമ്മുടെ ജീവിതയാത്രയെ മരുഭൂമിയിലൂടെയുള്ള ഒരു യാത്രയോട് ഉപമിക്കാം. ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന വ്യക്തമായ റോഡുകളോ സൈൻ ബോർഡുകളോ ഒന്നും അവിടെ ഇല്ലെന്നു ചിന്തിക്കുക. സൂര്യന്റെയും നക്ഷത്രങ്ങളുടെയും സ്ഥാനം നോക്കി, പോകേണ്ട ഏകദേശ ദിശ മനസ്സിലാക്കാനായേക്കും. പക്ഷേ വഴിയടയാളങ്ങൾ ഒക്കെ കാണിച്ചിരിക്കുന്ന ഒരു മാപ്പ് നമ്മുടെ കൈയിൽ ഉണ്ടെങ്കിൽ അതു നമ്മളെ കുറച്ചുകൂടി നന്നായി സഹായിക്കും. നമ്മൾ പോകുന്ന വഴി ശരിയാണോ എന്ന് ഉറപ്പാക്കാനും ഇടത്തോട്ടോ വലത്തോട്ടോ തിരിയണോ എന്നു മനസ്സിലാക്കാനും ആ മാപ്പ് സഹായിക്കും. നമ്മുടെ ലക്ഷ്യസ്ഥാനം യഹോവയെ സന്തോഷിപ്പിക്കുക എന്നതാണ്. വ്യക്തമായ നിർദേശങ്ങൾ ഉള്ള ഒരു മാപ്പ് പോലെയാണു ബൈബിൾ. അതിലെ വഴിയടയാളങ്ങളാണ് ബൈബിൾതത്ത്വങ്ങൾ. ആ തത്ത്വങ്ങൾക്കു ചേർച്ചയിൽ നടക്കുകയാണെങ്കിൽ നമ്മൾ ഉറപ്പായും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും.
ബൈബിൾതത്ത്വങ്ങൾ വഴിയടയാളങ്ങൾ പോലെയാണ്. നമ്മൾ ശരിയായ ദിശയിലാണു പോകുന്നതെന്ന് അത് ഉറപ്പുതരുന്നു (8-ാം ഖണ്ഡിക കാണുക)
9. മനസ്സാക്ഷിയെ പരിശീലിപ്പിക്കാനുള്ള മറ്റേത് സഹായത്തെക്കുറിച്ചാണ് റോമർ 9:1 പറയുന്നത്?
9 നമുക്കു മനസ്സാക്ഷിയെ നന്നായി പരിശീലിപ്പിക്കണമെങ്കിൽ പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേതീരൂ. (റോമർ 9:1 വായിക്കുക.) ഒരു കാര്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ചിന്ത എന്താണെന്നു മനസ്സിലാക്കാൻ പരിശുദ്ധാത്മാവ് സഹായിക്കും. അതുപോലെ യഹോവയുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാനുള്ള പ്രചോദനവും ഊർജവും അതു നൽകും. (ഫിലി. 2:13) എന്നാൽ പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് എങ്ങനെ ലഭിക്കും?
10. പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് എങ്ങനെ ലഭിക്കും? (ലൂക്കോസ് 11:10, 13)
10 പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുക. (ലൂക്കോസ് 11:10, 13 വായിക്കുക.) യഹോവ പരിശുദ്ധാത്മാവിനെ ഒരു പിശുക്കും കൂടാതെ നമുക്കു തരുമെന്ന കാര്യം ഉറപ്പാണ്. (യോഹ. 3:34) പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവർക്ക് യഹോവ അതു ഉദാരമായി കൊടുക്കും. (സുഭാ. 1:23; യാക്കോ. 1:5) നമുക്ക് ഇനി മനസ്സാക്ഷിയെ പരിശീലിപ്പിക്കാനുള്ള മറ്റൊരു വിധം നോക്കാം.
11. (എ) എന്തായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം? (ബി) നമ്മുടേതു പരിശീലിപ്പിക്കപ്പെട്ട ഒരു മനസ്സാക്ഷിയാണെന്നും അതു നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് എന്തുകൊണ്ട്?
11 യഹോവയുടെ ഇഷ്ടം ചെയ്യാൻ എപ്പോഴും ശ്രമിക്കുക. (സുഭാ. 8:34, 35) അതായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ആ ലക്ഷ്യം നമ്മുടെ മനസ്സിലുണ്ടെങ്കിൽ മനസ്സാക്ഷിയെ പരിശീലിപ്പിക്കാൻ നമുക്കാകും. യഹോവയുടെ ചിന്തകളോടു ചേരുന്ന ഒരു മനസ്സും യഹോവയുടെ വികാരങ്ങൾ മനസ്സിലാക്കുന്ന ഒരു ഹൃദയവും ചേരുന്നതാണു പരിശീലിപ്പിക്കപ്പെട്ട ഒരു മനസ്സാക്ഷി. ഇന്നത്തെ നമ്മുടെ ജീവിതം ഒരുപാടു കാര്യങ്ങൾകൊണ്ട് നിറഞ്ഞതാണ്. ഉദാഹരണത്തിന് വിനോദം, ജോലി, വിദ്യാഭ്യാസം, മറ്റുള്ളവരുമായുള്ള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട് ബൈബിളിൽ എടുത്തുപറഞ്ഞിട്ടില്ലാത്ത പല സാഹചര്യങ്ങളിലും നമുക്കു തീരുമാനങ്ങൾ എടുക്കേണ്ടതായിവരും. അതുകൊണ്ട് നന്നായി പരിശീലിപ്പിക്കപ്പെട്ട ഒരു മനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതു വളരെ പ്രധാനമാണ്. അങ്ങനെയെങ്കിൽ ഇത്തരം കാര്യങ്ങളിൽ നമ്മൾ ഒരു തീരുമാനമെടുക്കുമ്പോൾ അത് യഹോവയെ സന്തോഷിപ്പിക്കുന്നതാണെന്നു നമുക്ക് എങ്ങനെ ഉറപ്പാക്കാം?—2 കൊരി. 1:12.
12. ശരിയായ രീതിയിലാണോ മനസ്സാക്ഷി പ്രവർത്തിക്കുന്നതെന്നു തിരിച്ചറിയാൻ നമ്മളെ എന്തു സഹായിക്കും? (എഫെസ്യർ 5:10)
12 ബൈബിളിൽ വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. (സങ്കീ. 49:3) ബൈബിൾ വായിക്കുമ്പോൾ യഹോവയുടെ ചിന്ത മനസ്സിലാക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ കണ്ടെത്തുക. (എഫെസ്യർ 5:10 വായിക്കുക.) നമുക്കു ജീവിതത്തിൽ വലിയൊരു പ്രശ്നം നേരിടുമ്പോൾ നമ്മുടെ മനസ്സാക്ഷി പോകേണ്ട ഒരു വഴി കാണിച്ചുതന്നേക്കാം. എന്നാൽ മനസ്സാക്ഷി ശരിയായ രീതിയിലാണോ പ്രവർത്തിക്കുന്നതെന്ന് അറിയാൻ അതുമായി ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങൾ നമ്മൾ ഒത്തുനോക്കണം. (സുഭാ. 2:4-9, 11-13) മനസ്സാക്ഷി ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ അതിനെ തിരുത്താനും നല്ല തീരുമാനങ്ങളെടുക്കാനും ബൈബിൾതത്ത്വങ്ങൾ സഹായിക്കും.—എബ്രാ. 5:14.
13. നമ്മൾ ഏതു കാര്യം ഒഴിവാക്കണം? ഒരു ഉദാഹരണം പറയുക.
13 ഒരു തീരുമാനമെടുത്തിട്ട് അതിനെ പിന്തുണയ്ക്കുന്ന ബൈബിൾതത്ത്വം കണ്ടെത്താൻ ശ്രമിക്കുന്നത് ഒഴിവാക്കുക. ബി.സി. 607-ലെ യരുശലേമിന്റെ നാശത്തിനു ശേഷം യഹൂദാദേശത്ത് ബാക്കി ഉണ്ടായിരുന്ന ഇസ്രായേല്യരെ അനുകരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. അവർ എന്താണ് ചെയ്തത്? അവർ യിരെമ്യയോട് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പോകേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങളും അങ്ങയുടെ ദൈവമായ യഹോവ ഞങ്ങൾക്കു പറഞ്ഞുതരുമാറാകട്ടെ.” (യിരെ. 42:3-6) പക്ഷേ അവർ അപ്പോൾത്തന്നെ ഒരു തീരുമാനമെടുത്തിട്ടാണ് യഹോവയുടെ അഭിപ്രായം ചോദിച്ചത്. അവർ ആഗ്രഹിക്കാത്ത ഒരു നിർദേശം യഹോവ കൊടുത്തപ്പോൾ അത് അനുസരിക്കാതെ സ്വന്തം തീരുമാനത്തോടുതന്നെ പറ്റിനിന്നു. അതു വലിയ ദുരന്തങ്ങളിൽ ചെന്ന് അവസാനിച്ചു. (യിരെ. 42:19-22; 43:1, 2, 4) അതുകൊണ്ട് നമ്മൾ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പുതന്നെ, ആ കാര്യത്തിലുള്ള യഹോവയുടെ ചിന്ത എന്താണെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ കണ്ടെത്തുക. എന്നിട്ട് അതിനു ചേർച്ചയിൽ പ്രവർത്തിക്കുക.
14. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ തീരുമാനമെടുക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലുള്ള തീരുമാനങ്ങളെടുക്കുക. (മത്താ. 7:24-29; യാക്കോ. 1:23-25) അങ്ങനെയുള്ള തീരുമാനങ്ങളെടുക്കുമ്പോൾ നമ്മൾ ദൈവാത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരിക്കും. അതിന്റെ ഫലമോ? യഹോവ തന്റെ ആത്മാവിനെ തുടർന്നും നമുക്കു തരും. (പ്രവൃ. 5:32) എന്നാൽ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനെ അവഗണിക്കുകയാണെങ്കിൽ നമ്മൾ ആത്മാവിനെ ‘ദുഃഖിപ്പിക്കുകയായിരിക്കും’ അല്ലെങ്കിൽ അതിന് എതിരെ പ്രവർത്തിക്കുകയായിരിക്കും. (എഫെ. 4:30; യശ. 63:10; പ്രവൃ. 7:51) അപ്പോൾ ദൈവം തന്റെ ആത്മാവിനെ നമുക്കു തരുന്നതു നിറുത്തുകപോലും ചെയ്തേക്കാം. (സങ്കീ. 51:11; 1 തെസ്സ. 5:19) അത് എത്ര സങ്കടകരമായിരിക്കും. കാരണം നമുക്കു ദൈവാത്മാവിന്റെ ശക്തി കൂടിയേതീരൂ.—എഫെ. 3:16.
ബൈബിൾതത്ത്വങ്ങൾ എങ്ങനെ കണ്ടുപിടിക്കാം
15-16. (എ) ബൈബിൾതത്ത്വങ്ങൾ എങ്ങനെ കണ്ടെത്താം? (ബി) പുകവലി നിറുത്താൻ ഏതെല്ലാം ബൈബിൾതത്ത്വങ്ങൾ ഒരു വിദ്യാർഥിയെ സഹായിച്ചേക്കാം?
15 പഠിക്കാനുള്ള ഉപകരണങ്ങൾ നന്നായി ഉപയോഗിക്കുക. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ പറ്റണമെങ്കിൽ നമ്മൾ ആദ്യം അവ കണ്ടെത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ബൈബിൾവിദ്യാർഥി പുകവലി നിറുത്താൻ മടി കാണിക്കുന്നെങ്കിലോ? അദ്ദേഹം ചിലപ്പോൾ ഇങ്ങനെ ന്യായീകരിച്ചേക്കാം: ‘പുകവലി തെറ്റാണെന്നു ബൈബിളിൽ എവിടെയും പറയുന്നില്ലല്ലോ.’ അങ്ങനെയാണെങ്കിൽ അതിനു പറ്റിയ ബൈബിൾതത്ത്വങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് അദ്ദേഹത്തെ എങ്ങനെ സഹായിക്കാനാകും? അതിനുള്ള ഒരു ഉപകരണമാണ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി. അതിലെ “സാത്താന്റെ വ്യവസ്ഥിതി” എന്നതിനു കീഴിലെ “പുകവലി ഉപേക്ഷിക്കാം” എന്ന തലക്കെട്ട് വിദ്യാർഥിക്കു കാണിച്ചുകൊടുക്കാം. ആ തലക്കെട്ടിനു കീഴിൽ “പുകവലി—എന്താണ് ദൈവത്തിന്റെ വീക്ഷണം?” എന്ന ലേഖനം (2014 ജൂലൈ 1, വീക്ഷാഗോപുരം കാണുക.) അദ്ദേഹത്തിനു കണ്ടെത്താനാകും. ആ ലേഖനത്തിൽ സഹായകമായ ഏതെല്ലാം ബൈബിൾതത്ത്വങ്ങൾ അദ്ദേഹം കണ്ടെത്തിയേക്കാം?
16 ആ ലേഖനത്തിൽ കൊടുത്തിരിക്കുന്ന അഞ്ച് തത്ത്വങ്ങൾ നോക്കാം. (1) മരണത്തിലേക്കു നയിക്കുന്ന ഒന്നിനും നമ്മൾ അടിമകളാകരുത്. (റോമ. 6:16) (2) നമ്മുടെ ശരീരത്തിനു ദോഷം ചെയ്യുന്നതെല്ലാം നമ്മൾ ഒഴിവാക്കണം. (2 കൊരി. 7:1) (3) തന്നെ മുഴുദേഹിയോടെ സേവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. (മത്താ. 22:37) (4) നമ്മുടെ പ്രവൃത്തികൾ മറ്റുള്ളവർക്കു ദോഷം ചെയ്യുന്നതാകരുത്. (മത്താ. 22:39; 1 കൊരി. 10:24) (5) ശരിയായതു ചെയ്യാനുള്ള ശക്തി യഹോവ തരും. (ഫിലി. 4:13) അതുകൊണ്ട് പുകവലിയെക്കുറിച്ച് ബൈബിളിൽ നേരിട്ട് പറയുന്നില്ലെങ്കിലും അതിലെ തത്ത്വങ്ങൾ യഹോവയുടെ ചിന്ത മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കും.
17. വധൂവരന്മാർ വിവാഹം പ്ലാൻ ചെയ്യുമ്പോൾ സഹായകമായ ബൈബിൾതത്ത്വങ്ങൾ എങ്ങനെ കണ്ടെത്താം?
17 ഒരു വധുവും വരനും തങ്ങളുടെ വിവാഹദിവസം പ്ലാൻ ചെയ്യുമ്പോൾ, സഹായകമായ ബൈബിൾതത്ത്വങ്ങൾ അവർക്ക് എങ്ങനെ കണ്ടെത്താം? ഇവിടെയും ഗവേഷണസഹായി ഉപയോഗിക്കാം. “കുടുംബജീവിതം” എന്ന ഭാഗത്തെ “വിവാഹവും വിവാഹവിരുന്നും” എന്ന തലക്കെട്ടിനു കീഴിൽ സഹായകമായ ബൈബിൾതത്ത്വങ്ങളുള്ള പല ലേഖനങ്ങൾ കാണാനാകും. നമുക്ക് ഇപ്പോൾ അവരെ സഹായിക്കുന്ന ആറു ബൈബിൾതത്ത്വങ്ങൾ നോക്കാം: (1) വിവാഹദിവസം നടക്കുന്ന എല്ലാ പരിപാടികളും യഹോവയെ മഹത്ത്വപ്പെടുത്തുന്നതായിരിക്കണം. (1 കൊരി. 10:31, 32) (2) വസ്ത്രധാരണം അന്തസ്സുള്ളതും മാന്യമായതും ആയിരിക്കണം. (1 തിമൊ. 2:9; 1 പത്രോ. 3:3, 4) (3) വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കുന്ന സാത്താന്റെ ലോകത്തെ അനുകരിക്കരുത്. (യോഹ. 17:14; യാക്കോ. 1:27; 1 യോഹ. 2:15, 16) (4) കാര്യങ്ങളെല്ലാം ചിട്ടയോടെ പ്ലാൻ ചെയ്തുനടത്തണം. (1 കൊരി. 14:40) (5) മുഴുക്കുടി ഉൾപ്പെടുന്ന വന്യമായ ആഘോഷങ്ങൾ ഒഴിവാക്കണം. (ഗലാ. 5:21) (6) കാര്യങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്വപ്പെട്ട ഒരാളെ ഏൽപ്പിക്കണം.—യോഹ. 2:8, 9.
18-19. (എ) നമ്മളെ സഹായിക്കുന്ന മറ്റ് ഏത് ഉപകരണമാണുള്ളത്? (ബി) ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ബൈബിൾതത്ത്വങ്ങൾ കണ്ടെത്താൻ ഈ ഉപകരണം നമ്മളെ എങ്ങനെ സഹായിക്കും? (“നിങ്ങൾക്ക് ബൈബിൾതത്ത്വങ്ങൾ മനസ്സിലാക്കാനാകുന്നുണ്ടോ?” എന്ന ചതുരം കാണുക.)
18 ഇനി പലർക്കും പ്രയോജനം ചെയ്തിട്ടുള്ള മറ്റൊരു ഉപകരണമാണ് ക്രിസ്തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ എന്ന പുസ്തകം. അതിൽ പല തരത്തിലുള്ള വിഷയങ്ങളും അതുമായി ബന്ധപ്പെട്ട തിരുവെഴുത്തുകളും കൊടുത്തിട്ടുണ്ട്. നിങ്ങൾ ഒരു വിഷയം തിരഞ്ഞെടുത്താൽ അതിനു കീഴിൽ ചില ചോദ്യങ്ങളുണ്ടാകും. അതോടൊപ്പം ബൈബിൾതത്ത്വങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന വാക്യങ്ങളും കൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ഒരു പ്രത്യേക ആഘോഷത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് ഒരു ക്രിസ്ത്യാനി ചിന്തിച്ചേക്കാം. അപ്പോൾ അദ്ദേഹത്തിന് “ആഘോഷങ്ങൾ” എന്ന തലക്കെട്ടിനു കീഴിലുള്ള “ക്രിസ്ത്യാനികൾ ഒഴിവാക്കുന്ന ആഘോഷങ്ങൾ” എന്ന ഉപതലക്കെട്ട് നോക്കാനാകും.
19 അതിനു കീഴിലായി കൊടുത്തിരിക്കുന്ന ചില ഭാഗങ്ങൾ നോക്കാം: “വ്യാജമതവുമായി ബന്ധമുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് തെറ്റായിരിക്കുന്നത് എന്തുകൊണ്ട്? (1 കൊരി. 10:21; 2 കൊരി. 6:14-18; എഫെ. 5:10, 11).” അത്തരം ചില ആഘോഷങ്ങളുടെ ഉദാഹരണങ്ങൾ അതിൽ കൊടുത്തിട്ടുണ്ട്. ഇനി “ദേശീയ ആഘോഷങ്ങൾ” എന്നൊരു ഉപതലക്കെട്ടും കാണാനാകും. ഗവൺമെന്റുകളോ രാഷ്ട്രങ്ങളോ സംഘടിപ്പിക്കുന്ന ദേശീയാഘോഷങ്ങളിലോ യുദ്ധങ്ങളെ അനുസ്മരിക്കുന്ന ചടങ്ങുകളിലോ പ്രമുഖവ്യക്തികളെ ആരാധനാപൂർവം ആദരിക്കുന്ന ചടങ്ങുകളിലോ ഒരു ക്രിസ്ത്യാനി പങ്കെടുക്കണോ എന്നു തീരുമാനിക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ അതിനു കീഴിൽ കൊടുത്തിട്ടുണ്ട്. നമ്മുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കാൻ സഹായിക്കുന്ന ഇത്തരം ഉപകരണങ്ങൾ യഹോവയുടെ സംഘടന തന്നിരിക്കുന്നതിൽ നമുക്ക് ഒരുപാട് നന്ദിയില്ലേ!
പരിശീലിപ്പിക്കപ്പെട്ട മനസ്സാക്ഷിയുണ്ടെന്നു തെളിയിക്കുക
20. മനസ്സാക്ഷിയെ ശരിയായി പരിശീലിപ്പിച്ചിട്ടുണ്ടെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
20 ഇച്ഛാസ്വാതന്ത്ര്യം എന്ന സമ്മാനത്തെ നമ്മൾ ഒരുപാട് വിലമതിക്കുന്നു. എന്നാൽ യഹോവയെ സന്തോഷിപ്പിക്കുന്ന രീതിയിൽ അത് ഉപയോഗിക്കണമെങ്കിൽ നമ്മൾ മനസ്സാക്ഷിയെ നന്നായി പരിശീലിപ്പിക്കണം. അത്തരമൊരു മനസ്സാക്ഷി യഹോവയ്ക്ക് ഇഷ്ടമുള്ള, യഹോവയെ മഹത്ത്വപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കാൻ നമ്മളെ സഹായിക്കും. അതിനു നമുക്കു പരിശുദ്ധാത്മാവിന്റെ സഹായം വേണം. അതുകൊണ്ട് നമുക്കു പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കാം, അതിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കാം. ഇനി, ബൈബിൾതത്ത്വങ്ങളും മനസ്സാക്ഷിയെ പരിശീലിപ്പിക്കാൻ നമ്മളെ സഹായിക്കും. അതുകൊണ്ട് മനസ്സാക്ഷി, ഇച്ഛാസ്വാതന്ത്ര്യം എന്നീ സമ്മാനങ്ങൾ നന്നായി ഉപയോഗിക്കാം. അപ്പോൾ നമുക്ക് ജീവിതത്തിൽ ദൈവവചനത്തിന്റെ ശക്തി അനുഭവിച്ചറിയാനാകും.—2 തിമൊ. 3:16, 17; എബ്രാ. 4:12.
ഗീതം 135 യഹോവയുടെ സ്നേഹത്തോടെയുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനിയായിരിക്ക’