2026 ജൂൺ 8-14
ഗീതം 8 യഹോവ നമുക്ക് അഭയം
‘സത്യത്തിന്റെ ദൈവം’ പറഞ്ഞിരിക്കുന്നതെല്ലാം ഉറപ്പായും നടക്കും
“സത്യത്തിന്റെ ദൈവമായ യഹോവേ, അങ്ങ് എന്നെ വീണ്ടെടുത്തിരിക്കുന്നു.”—സങ്കീ. 31:5.
ഉദ്ദേശ്യം
പിൻവരുന്ന കാര്യങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കും: യഹോവ തന്റെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റും, സാത്താൻ പറഞ്ഞുപരത്തിയതൊക്കെ പച്ചക്കള്ളമാണെന്ന് ദൈവരാജ്യം ഉടൻതന്നെ തെളിയിക്കും.
1. യഹോവയിൽ നമുക്കു പൂർണമായി വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്? (സങ്കീർത്തനം 31:2-5)
സാത്താൻ ഭരിക്കുന്ന ഈ ലോകത്തിൽ എല്ലായിടത്തും നുണയും വഞ്ചനയും ചതിയും മാത്രമാണുള്ളത്. ആരെ വിശ്വസിക്കണമെന്നു നമുക്കറിയില്ല. ഉദാഹരണത്തിന്, ബിസിനെസ്സുകാർ തങ്ങളുടെ മേഖലയിലുള്ള എതിരാളികളെ ചതിക്കുന്നു. പരസ്യക്കമ്പനികൾ ഉപഭോക്താക്കളെ പറ്റിച്ച് പണം ഉണ്ടാക്കുന്നു. എന്തിന്, അടുത്ത കൂട്ടുകാർപോലും വിശ്വാസവഞ്ചന കാണിക്കുന്നു. എന്നാൽ നമുക്കു വിശ്വസിക്കാനാകുന്ന ഒരാൾ ഈ പ്രപഞ്ചത്തിലുണ്ട്. “സത്യത്തിന്റെ ദൈവമായ” യഹോവയാണ് അത്. (സങ്കീർത്തനം 31:2-5 വായിക്കുക.) സത്യം യഹോവയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ യഹോവയ്ക്കു നുണ പറയാനാകില്ല. ദൈവം പറഞ്ഞിരിക്കുന്നതെല്ലാം നടക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 ഈ ലേഖനത്തിൽ നമ്മൾ ആദ്യം, യഹോവയെ പൂർണമായി വിശ്വസിക്കാനാകുന്നതിന്റെ ചില കാരണങ്ങൾ ചർച്ച ചെയ്യും. അതുകഴിഞ്ഞ് സത്യത്തിന്റെ ദൈവം സാത്താന്റെ ഈ ദുഷ്ടവ്യവസ്ഥിതി ഇല്ലാതാക്കുന്നത് എങ്ങനെയെന്നും തന്റെ ഉദ്ദേശ്യം നടപ്പാക്കാനായി യഹോവ ഇപ്പോൾത്തന്നെ എന്താണ് ചെയ്യുന്നതെന്നും കാണും. ധൈര്യത്തോടെ യഹോവയെക്കുറിച്ചുള്ള സത്യം മറ്റുള്ളവരോട് പറയാൻ ഈ പഠനം നമ്മളെ സഹായിക്കും.
സത്യത്തിന്റെ ദൈവത്തെ വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്?
3. യഹോവയിൽ നമുക്കു പൂർണമായി വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്?
3 യഹോവ സ്രഷ്ടാവായതുകൊണ്ട്. ആകാശവും ഭൂമിയും സൃഷ്ടിച്ചത് യഹോവയാണ്. ജീവനുള്ള സകലത്തിന്റെയും ഉറവ് ദൈവമാണ്. (ഉൽപ. 1:1; സങ്കീ. 36:9; വെളി. 4:11) ജീവൻ നിലനിറുത്താൻ ആവശ്യമായ വായുവും വെള്ളവും പോലെയുള്ള സകലതും യഹോവ ഭൂമിയിൽ നമുക്കു തന്നിരിക്കുന്നു. ഈ പ്രപഞ്ചത്തിന്റെമേൽ യഹോവയ്ക്കു പൂർണനിയന്ത്രണമുണ്ട്. അത് എന്നും അങ്ങനെയായിരിക്കും. അതുകൊണ്ട് സർവജ്ഞാനിയായ, സർവശക്തനായ സ്രഷ്ടാവിനെ നമുക്കു നമ്മുടെ ജീവിതവും ഭാവിയും എല്ലാം വിശ്വസിച്ച് ഏൽപ്പിക്കാനാകും.
4. യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം?
4 യഹോവ നമ്മളെ സ്നേഹിക്കുന്നതുകൊണ്ട്. യഹോവ മനുഷ്യർക്കു ജീവൻ കൊടുത്തതുതന്നെ അവരും തന്നെപ്പോലെ സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ വേണ്ടിയാണ്. താൻ ചെയ്യാൻപോകുന്ന കാര്യത്തെക്കുറിച്ച് യഹോവ ഇങ്ങനെയാണ് പറഞ്ഞത്: “നമുക്കു നമ്മുടെ ഛായയിൽ, നമ്മുടെ സാദൃശ്യത്തിൽ മനുഷ്യനെ ഉണ്ടാക്കാം.” (ഉൽപ. 1:26) ഇനി, തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം യഹോവ നമുക്കു തന്നു. അതുപോലെ നമുക്കുവേണ്ടി മനോഹരമായ ഒരു വീടും ഒരുക്കി. (സങ്കീ. 115:16) ആ വീട്ടിൽ നമുക്ക് ആസ്വദിക്കാനായി ഒരുപാടു ഭക്ഷണവും വ്യത്യസ്തതരം ചെടികളും മൃഗങ്ങളും ഒക്കെ യഹോവ ഉണ്ടാക്കി. ഭൂമി ഒരു പറുദീസയാക്കാനുള്ള ആവേശം നിറഞ്ഞ ഒരു നിയമനവും ദൈവം നമ്മുടെ ആദ്യമാതാപിതാക്കൾക്കു കൊടുത്തു. (ഉൽപ. 1:28; 2:15) ഇതെല്ലാം യഹോവയ്ക്കു നമ്മളോടുള്ള സ്നേഹമാണ് തെളിയിക്കുന്നത്. ആ ‘അചഞ്ചലസ്നേഹം എന്നേക്കുമുള്ളതാണ്.’—സങ്കീ. 103:17.
5. (എ) മനുഷ്യകുടുംബത്തെ ഇല്ലാതാക്കാൻ സാത്താൻ ശ്രമിച്ചിട്ടും യഹോവ വാക്കു പാലിച്ചിരിക്കുന്നത് എങ്ങനെ? (ബി) ദൈവം വാക്കു പാലിച്ചതിന്റെ ചില ഉദാഹരണങ്ങൾ പറയുക. (“ദൈവം വാക്കു പാലിച്ചിരിക്കുന്നു” എന്ന ചതുരം കാണുക.)
5 യഹോവ എപ്പോഴും വാക്കു പാലിക്കുന്നതുകൊണ്ട്. ദൈവം “ഭൂമിയെ വെറുതേ സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ” വേണ്ടിയാണ് ഉണ്ടാക്കിയത്. (യശ. 45:18, 19) ആദാമും ഹവ്വയും യഹോവയ്ക്ക് എതിരെ മത്സരിച്ചതുകൊണ്ട് അവർക്ക് മരണശിക്ഷ കിട്ടി. അപ്പോൾ യഹോവയുടെ ആദിമ ഉദ്ദേശ്യം പരാജയപ്പെട്ടതായി തോന്നിയേക്കാം. എന്നാൽ യഹോവയുടെ വാക്കുകൾ നടപ്പിലാകുകതന്നെ ചെയ്യും. (യശ. 46:10, 11) നീതിയുള്ള മനുഷ്യരെക്കൊണ്ട് ഭൂമി നിറയ്ക്കാനുള്ള യഹോവയുടെ ഉദ്ദേശ്യത്തിന് ഇളക്കം തട്ടിയില്ല. അതുകൊണ്ടാണ് ആദാമിനും ഹവ്വയ്ക്കും മക്കൾ ഉണ്ടാകാൻ ദൈവം അനുവദിച്ചത്. അതുപോലെ ആദാമിന്റെ പിൻഗാമികൾക്കു രക്ഷയും എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയും നൽകാനായി തന്റെ സ്വന്തം മകനെ മോചനവിലയായി യഹോവ നൽകി.—യോഹ. 3:16.
സത്യത്തിന്റെ ദൈവം തന്റെ ഉദ്ദേശ്യം നടപ്പിലാക്കുന്നു
6. ഏദെനിലെ സംഭവത്തിനു ശേഷം യഹോവ എന്താണ് മുൻകൂട്ടി പറഞ്ഞത്?
6 ആദാമിനെയും ഹവ്വയെയും ദൈവത്തിന് എതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത് ‘പിശാച് എന്നും സാത്താൻ എന്നും അറിയപ്പെടുന്ന പഴയ പാമ്പാണ്.’a (വെളി. 12:9; ഉൽപ. 3:4, 5; യോഹ. 8:44) ആ ദുഷ്ടനെ നശിപ്പിക്കുമെന്നുള്ള ന്യായവിധി യഹോവ പ്രഖ്യാപിച്ചുകഴിഞ്ഞു. (ഉൽപ. 3:15) പക്ഷേ ആ നാശത്തിനു മുമ്പ് ഒരുപാടു പേർ സാത്താന്റെ കൂടെ കൂടുകയും സാത്താനെപ്പോലെ പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ യഹോവയോട് വിശ്വസ്തരായി നിൽക്കുന്ന ചിലരും ഉണ്ടായിരിക്കും.
7. ആരാണ് സാത്താന്റെ പക്ഷം ചേരുന്നത്, അവർക്ക് എന്ത് സംഭവിക്കും?
7 സാത്താന്റെ മോശം മാതൃക പിന്തുടരുന്നവരിൽ യഹോവയ്ക്ക് എതിരെ മത്സരിച്ച ദൂതന്മാരും ദൈവത്തെ അനുസരിക്കാൻ വിസമ്മതിക്കുന്ന മനുഷ്യരും ഉൾപ്പെടുന്നു. ദൈവത്തിന്റെ ഉദ്ദേശ്യത്തെ എതിർക്കുന്നതുകൊണ്ട് അവർ സാത്താന്റെ സന്തതിയുടെ ഭാഗമാണ്. എന്നാൽ ദൈവം നിശ്ചയിച്ച സമയത്തുതന്നെ സാത്താനെയും അവന്റെ കൂടെയുള്ളവരെയും നശിപ്പിച്ചുകളയും.—ദാനി. 2:44; റോമ. 16:20.
8. 1914-ൽ യേശു എന്തു ചെയ്തു? (ചിത്രങ്ങളും കാണുക.)
8 സാത്താനെയും അവന്റെ കൂടെയുള്ളവരെയും നശിപ്പിക്കാനുള്ള യഹോവയുടെ ഉദ്ദേശ്യം ഉറപ്പായും നടക്കുമെന്നതിന് എന്ത് തെളിവാണുള്ളത്? 1914-ൽ യേശു സ്വർഗത്തിൽ ഒരു യുദ്ധം തുടങ്ങുകയും സാത്താനെയും ഭൂതങ്ങളെയും ഭൂമിയിലേക്കു വലിച്ചെറിയുകയും ചെയ്തു. (വെളി. 12:7-9) ആ യുദ്ധം സ്വർഗത്തിലാണ് നടന്നതെങ്കിലും അതിന്റെ മോശം ഫലങ്ങൾ ഭൂമിയിൽ വ്യക്തമായിരുന്നു. ബൈബിൾ പറയുന്നു: “ഭൂമിക്കും സമുദ്രത്തിനും ഹാ, കഷ്ടം! തനിക്കു കുറച്ച് കാലമേ ബാക്കിയുള്ളൂ എന്ന് അറിഞ്ഞ് പിശാച് ഉഗ്രകോപത്തോടെ നിങ്ങളുടെ അടുത്തേക്കു വന്നിരിക്കുന്നു.” (വെളി. 12:12) 1914 മുതൽ സാത്താന്റെ മുഴുവൻ ശ്രദ്ധയും ഭൂമിയുടെമേലാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ലോകാവസ്ഥകൾ ഒന്നിനൊന്നു മോശമായിക്കൊണ്ടിരിക്കുന്നു. ശരിക്കും ‘ഭൂമിക്ക് ഹാ, കഷ്ടം’ തന്നെ! എന്നാൽ യേശു പെട്ടെന്നുതന്നെ ‘സമ്പൂർണമായി കീഴടക്കും.’ യേശു സാത്താനെ 1,000 വർഷത്തേക്കു ബന്ധിക്കുകയും അവനെ പിന്തുണയ്ക്കുന്ന മനുഷ്യരെ നശിപ്പിക്കുകയും ചെയ്യും. (വെളി. 6:2) യേശു എന്നെന്നേക്കുമായി യഹോവയുടെ നാമം വിശുദ്ധീകരിക്കും. (സങ്കീ. 45:4-6) യഹോവയാണ് സത്യത്തിന്റെ ദൈവമെന്ന് എല്ലാവരും അന്ന് അറിയും!—യഹ. 38:23.
World War I: U.S. National Archives photo; bomb: USAF photo; pandemic: blvdone/stock.adobe.com; riot: inhauscreative/E+ via Getty Images
1914 മുതൽ ലോകാവസ്ഥകൾ ഒന്നിനൊന്ന് മോശമായിക്കൊണ്ടിരിക്കുന്നു (8-ാം ഖണ്ഡിക കാണുക)
സത്യത്തിന്റെ ദൈവം സത്യത്തെ സ്നേഹിക്കുന്നവരെ കൂട്ടിച്ചേർക്കുന്നു
9. യഹോവ ഇന്ന് ആരെയാണ് കൂട്ടിച്ചേർക്കുന്നത്?
9 ഇന്ന് യഹോവ ‘സ്വർഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം ക്രിസ്തുവിൽ ഒന്നിച്ചുചേർക്കുകയാണ്.’ (എഫെ. 1:10) ‘സ്വർഗത്തിലുള്ളത്’ എന്നു പറയുമ്പോൾ യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻ യഹോവ തിരഞ്ഞെടുത്തിരിക്കുന്ന അഭിഷിക്തരെയാണ് അർഥമാക്കുന്നത്. ‘ഭൂമിയിലുള്ളത്’ എന്നു പറയുമ്പോൾ, ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻപോകുന്ന ആളുകളാണ്. യഹോവയെ ആരാധിക്കുന്ന ഈ രണ്ടു കൂട്ടരും സാത്താന്റെ നുണകൾ തുറന്നുകാട്ടുന്നതിലും യഹോവയെക്കുറിച്ചുള്ള സത്യം അറിയാൻ ആളുകളെ സഹായിക്കുന്നതിലും ഇന്ന് ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു.
10. വ്യാജമതങ്ങൾ പഠിപ്പിക്കുന്ന നുണകളിൽനിന്ന് യഹോവ ആളുകളെ സ്വതന്ത്രരാക്കുന്നത് എങ്ങനെ? (വെളിപാട് 14:6, 7)
10 ഇതുവരെ നടന്നിട്ടുള്ളതിലേക്കും വെച്ച് ഏറ്റവും വലിയ പ്രസംഗപ്രവർത്തനത്തിലൂടെ യഹോവ ഇന്ന് സത്യത്തെ സ്നേഹിക്കുന്നവരെ കൂട്ടിച്ചേർക്കുന്നു. (വെളിപാട് 14:6, 7 വായിക്കുക.) മനുഷ്യരെ ഉപയോഗിച്ചാണ് യഹോവ സന്തോഷവാർത്ത ആളുകളെ അറിയിക്കുന്നതെങ്കിലും ആത്മാർഥഹൃദയരായവരെ ക്രിസ്തീയസഭയിലേക്കു കൂട്ടിച്ചേർക്കുന്നതിൽ ദൂതന്മാർക്കും പങ്കുണ്ട്. ഈ പ്രസംഗപ്രവർത്തനം ബാബിലോൺ എന്ന മഹതി പഠിപ്പിക്കുന്ന നുണകൾ തുറന്നുകാട്ടുന്നു. നൂറ്റാണ്ടുകളായി ഈ വ്യാജമതങ്ങളെ ഉപയോഗിച്ചാണ് സാത്താൻ യഹോവയെക്കുറിച്ചുള്ള നുണകൾ പറഞ്ഞുപരത്തിയിരിക്കുന്നത്. (വെളി. 18:2, 4) പെട്ടെന്നുതന്നെ വ്യാജമതങ്ങളെല്ലാം പൂർണമായി നശിപ്പിക്കപ്പെടും. സത്യത്തിന്റെ ദൈവമായ യഹോവ അർഹിക്കുന്ന എല്ലാ മഹത്ത്വവും അന്ന് യഹോവയ്ക്കു ലഭിക്കും.—വെളി. 17:16.
11. സത്യാരാധകരെ എങ്ങനെ തിരിച്ചറിയാം?
11 എല്ലാ ജനതകളിൽനിന്നും സംസ്കാരങ്ങളിൽനിന്നും സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽനിന്നും യഹോവ ആളുകളെ കൂട്ടിച്ചേർക്കുന്നു. (വെളി. 7:9, 10) അവർ “സന്തോഷവാർത്ത” കേട്ടപ്പോൾ ഇതാണ് സത്യമെന്നു തിരിച്ചറിയുകയും സന്തോഷത്തോടെ യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. (മർക്കോ. 13:10) ആരാണ് ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുന്നതെന്ന് കാലം കടന്നുപോകുംതോറും വളരെ വ്യക്തമായിക്കൊണ്ടിരിക്കുന്നു. അതെക്കുറിച്ച് മലാഖി ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങൾ വീണ്ടും കാണും.” (മലാ. 3:18) തങ്ങളുടെ പെരുമാറ്റത്തിലൂടെയും പ്രസംഗപ്രവർത്തനത്തിലൂടെയും ദൈവജനം, സത്യത്തിന്റെ ദൈവത്തെയാണ് ആരാധിക്കുന്നതെന്ന് തെളിയിക്കുന്നു.
12. യഹോവയുടെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ പ്രസംഗപ്രവർത്തനത്തിന് എന്തു പങ്കാണുള്ളത്?
12 “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത” പ്രസംഗിക്കുമ്പോൾ നമ്മൾ യേശുവിന്റെ കല്പന അനുസരിക്കുകയാണ്. അതുപോലെ യേശു പറഞ്ഞ പ്രവചനം നിറവേറ്റുകയുമാണ്. (മത്താ. 24:14; 28:18-20) ഈ പ്രവർത്തനത്തിലൂടെ ലോകമെമ്പാടുമുള്ള ആളുകൾക്ക് യേശുവിന്റെ ശിഷ്യരാകാനും നിത്യതയിലുടനീളം സത്യത്തിന്റെ ദൈവത്തെ ആരാധിക്കാനും ഉള്ള അവസരമാണ് തുറന്നുകിട്ടുന്നത്. യഹോവയുടെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ നമുക്ക് ഒരു പങ്കുണ്ടായിരിക്കാനാകുന്നത് എത്ര മഹത്തായ കാര്യമാണ്!
ഉറച്ച വിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുക
13. ആരെയാണ് സാത്താൻ പ്രത്യേകം ലക്ഷ്യം വെച്ചിരിക്കുന്നത്, എന്തുകൊണ്ട്?
13 താൻ പടുത്തുയർത്തിയിരിക്കുന്ന ഈ ലോകം നശിക്കാൻ ഇനി “കുറച്ച് കാലമേ ബാക്കിയുള്ളൂ” എന്ന് അറിയാവുന്നതുകൊണ്ട് സാത്താൻ വളരെ ദേഷ്യത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. (വെളി. 12:12, 13) അവൻ പ്രത്യേകം ലക്ഷ്യം വെച്ചിരിക്കുന്നത് “ദൈവകല്പനകൾ അനുസരിക്കുകയും യേശുവിനുവേണ്ടി സാക്ഷി പറയാൻ നിയമനം ലഭിക്കുകയും” ചെയ്ത അഭിഷിക്തരെയാണ്. (വെളി. 12:17; 14:12) ഇനി അവർ ചെയ്യുന്ന പ്രവർത്തനത്തെയും അവരെ പിന്തുണയ്ക്കുന്നവരെയും സാത്താൻ ലക്ഷ്യം വെച്ചിരിക്കുന്നു.
14. സാത്താൻ യഹോവയുടെ ജനത്തെ ആക്രമിക്കുമ്പോൾ എന്ത് സംഭവിക്കും? (ചിത്രവും കാണുക.)
14 ബാബിലോൺ എന്ന മഹതിയുടെ നാശത്തിനു ശേഷം സാത്താന്റെ പക്ഷത്തുള്ളവർ യഹോവയുടെ ജനത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ശ്രമിക്കും. അർമഗെദോൻ യുദ്ധത്തിലായിരിക്കും അത് ചെന്നെത്തുന്നത്. (വെളി. 16:13, 14, 16) യേശുവും സ്വർഗീയസൈന്യവും ചേർന്ന് സാത്താന്റേതായി ഈ ലോകത്തിൽ ബാക്കിയുള്ളതെല്ലാം തകർത്ത് നശിപ്പിക്കുകയും യഹോവയുടെ ജനത്തെ സംരക്ഷിക്കുകയും ചെയ്യും. (വെളി. 19:19-21) അതോടെ നുണയന്മാരും ദുഷ്ടന്മാരും വഞ്ചകരും എല്ലാം ഇല്ലാതാകും. (വെളി. 21:8) അന്ന് സത്യത്തിന്റെയും നീതിയുടെയും ദൈവമായ യഹോവയുടെ പേര് ശരിക്കും വിശുദ്ധീകരിക്കപ്പെടും.
യേശുവും സ്വർഗീയസൈന്യവും ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കാൻ അർമഗെദോൻ യുദ്ധത്തിനായി പുറപ്പെടുന്നു (14-ാം ഖണ്ഡിക കാണുക)
15. നമുക്ക് ഉറപ്പോടെ ഭാവിയിലേക്കു നോക്കാനാകുന്നത് എന്തുകൊണ്ട്? (യശയ്യ 65:16, 17) (ചിത്രവും കാണുക.)
15 മുമ്പൊരിക്കലും ഇല്ലാത്തതുപോലെ ഇന്ന് ആളുകൾക്കിടയിൽ പ്രശ്നങ്ങളാണ്. അവർക്കിടയിൽ ഐക്യമില്ല. എന്നാൽ യഹോവയുടെ സഹായത്താൽ ദൈവജനം ഒറ്റക്കെട്ടായി നിൽക്കുന്നു. ആളുകളെ കൂട്ടിച്ചേർക്കുന്ന പ്രവർത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. തന്റെ ജനത്തെയും അവർ ചെയ്യുന്ന പ്രവർത്തനത്തെയും അനുഗ്രഹിക്കുന്നതിൽനിന്ന് യഹോവയെ തടയാൻ ഒന്നിനുമാകില്ല. (യശയ്യ 65:16, 17 വായിക്കുക.) അതുകൊണ്ട് നമ്മൾ ഉറച്ച വിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുന്നു. റോമർ 8:38, 39-ലെ പൗലോസിന്റെ വാക്കുകളിൽ നമുക്ക് ഈ ഉറപ്പ് കാണാം: “മരണത്തിനോ ജീവനോ ദൂതന്മാർക്കോ ഗവൺമെന്റുകൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ അധികാരങ്ങൾക്കോ ഉയരത്തിനോ ആഴത്തിനോ മറ്റ് ഏതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താൻ കഴിയില്ല.”
പുതിയ ലോകത്തിൽ ഇന്നത്തെ പ്രശ്നങ്ങളൊന്നും ഓർമയിലേക്ക് വരില്ല (15-ാം ഖണ്ഡിക കാണുക)
16. പൂർണഹൃദയത്തോടെ നിങ്ങൾക്ക് യഹോവയിൽ വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്?
16 സത്യത്തിന്റെ ദൈവമായ യഹോവയെ വിശ്വസിക്കാൻ എല്ലാ കാരണങ്ങളും നമുക്കുണ്ട്. യഹോവ നമ്മുടെ സ്രഷ്ടാവാണ്. ദൈവം നമ്മളെ ആഴമായി സ്നേഹിക്കുന്നു. അതുപോലെ, ശരിയായ രീതിയിൽ ആരാധിക്കാനായി യഹോവ സകല ജനതകളിൽനിന്നുമുള്ള ആളുകളെ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്. ആ മഹാപുരുഷാരം ഇന്ന് വളർന്നുകൊണ്ടിരിക്കുന്നു. (യശ. 60:22; സെഖ. 8:23) അതെ, യഹോവ തന്റെ ഉദ്ദേശ്യം എപ്പോഴും നടപ്പാക്കുമെന്ന് നമുക്ക് ഉറപ്പാണ്. സാത്താൻ നുണകളാൽ കെട്ടിപ്പൊക്കിയ അവന്റെ സാമ്രാജ്യം യഹോവ ഉടൻതന്നെ തകർക്കും. ദാവീദിനെപ്പോലെ നമുക്ക് ഇങ്ങനെ പ്രാർഥിക്കാം: “ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ; ആ ദൈവം മാത്രമല്ലോ അത്ഭുതകാര്യങ്ങൾ ചെയ്യുന്നത്. ദൈവത്തിന്റെ മഹനീയനാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ; ദൈവത്തിന്റെ മഹത്ത്വം ഭൂമി മുഴുവൻ നിറയട്ടെ.”—സങ്കീ. 72:18, 19.
ഗീതം 2 യഹോവ—അതാണ് അങ്ങയുടെ പേര്
a ഈ ദുഷ്ടദൂതന്റെ ശരിക്കുള്ള പേര് ബൈബിളിൽ പറഞ്ഞിട്ടില്ല. “പിശാച്” (പരദൂഷണം പറയുന്നവൻ) “സാത്താൻ” (എതിർത്തുനിൽക്കുന്നയാൾ) എന്നിങ്ങനെയുള്ള വിശേഷണങ്ങളേ ബൈബിളിൽ കാണുന്നുള്ളൂ.