2026 മാർച്ച് 9-15
ഗീതം 45 എന്റെ ഹൃദയത്തിൻ ധ്യാനം
വിഷമിപ്പിക്കുന്ന ചിന്തകളോടു നിങ്ങൾക്കു പോരാടാനാകും
“എന്തൊരു പരിതാപകരമായ അവസ്ഥയാണ് എന്റേത്!”—റോമ. 7:24.
ഉദ്ദേശ്യം
നിരുത്സാഹപ്പെടുത്തുന്ന ചിന്തകളോടും വികാരങ്ങളോടും എങ്ങനെ പോരാടാമെന്നു നോക്കും.
1-2. പൗലോസ് അപ്പോസ്തലനു ചിലപ്പോഴൊക്കെ എങ്ങനെ തോന്നിയിട്ടുണ്ട്, അദ്ദേഹത്തിന്റെ മാതൃക നമ്മളെ സഹായിച്ചേക്കാവുന്നത് എന്തുകൊണ്ട്? (റോമർ 7:21-24)
അപ്പോസ്തലനായ പൗലോസ് എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് എന്താണു വരുന്നത്? ധൈര്യമുള്ള ഒരു മിഷനറി, വിദഗ്ധനായ ഒരു അധ്യാപകൻ, ഒരുപാടു ബൈബിൾ പുസ്തകങ്ങൾ എഴുതിയ ആൾ എന്നൊക്കെയാണോ? ഇതെല്ലാം വളരെ ശരിയാണ്. എങ്കിലും നമ്മളെപ്പോലെ പൗലോസിന്റെ മനസ്സിനെയും പല വികാരങ്ങൾ അലട്ടിയിട്ടുണ്ട്. അദ്ദേഹത്തിനും ചിലപ്പോഴൊക്കെ സങ്കടവും നിരാശയും ഉത്കണ്ഠയും ഒക്കെ തോന്നി.
2 റോമർ 7:21-24 വായിക്കുക. റോമർക്ക് എഴുതിയ കത്തിൽ പൗലോസ് തനിക്കു തോന്നിയ ചില വികാരങ്ങളെക്കുറിച്ച് പറയുന്നുണ്ട്. നമ്മളിൽ പലർക്കും ചിലപ്പോഴെങ്കിലും അങ്ങനെയൊക്കെ തോന്നിയിട്ടുണ്ടാകും. പൗലോസ് വിശ്വസ്തനായ ഒരു ക്രിസ്ത്യാനിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു പോരാട്ടമുണ്ടായിരുന്നു. ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള അതിയായ ആഗ്രഹവും തെറ്റു ചെയ്യാനുള്ള ചായ്വും തമ്മിലുള്ള ഒരു പോരാട്ടം. അതിനു പുറമേ മുമ്പ് ചെയ്തുപോയ തെറ്റുകൾ ഓർത്തുള്ള വിഷമവും, തന്നെ വിടാതെ പിന്തുടരുന്ന ഒരു പ്രശ്നം കാരണമുള്ള നിരുത്സാഹവും അദ്ദേഹത്തെ ചിലപ്പോഴൊക്കെ ബാധിച്ചു.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും? (അടിക്കുറിപ്പും കാണുക.)
3 പൗലോസിന്റെ ഉള്ളിൽ ഇത്തരം വിഷമിപ്പിക്കുന്ന ചിന്തകളൊക്കെa ഉണ്ടായിരുന്നെങ്കിലും അതൊന്നും തന്നെ കാർന്നുതിന്നാൻ അദ്ദേഹം അനുവദിച്ചില്ല. ഈ ലേഖനത്തിൽ പിൻവരുന്ന ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും: തന്റേതു “പരിതാപകരമായ ഒരു അവസ്ഥയാണ്” എന്നു ചിലപ്പോഴൊക്കെ പൗലോസിനു തോന്നിയത് എന്തുകൊണ്ടാണ്? വിഷമിപ്പിക്കുന്ന ചിന്തകളോട് അദ്ദേഹം എങ്ങനെയാണു പോരാടിയത്? അത്തരം ചിന്തകളോടു പോരാടാൻ നമുക്ക് എന്തു ചെയ്യാനാകും?
പൗലോസിന്റെ വിഷമിപ്പിക്കുന്ന ചിന്തകളുടെ കാരണം
4. പൗലോസിനു വിഷമം തോന്നാനുള്ള ഒരു കാരണം എന്തായിരുന്നു?
4 പണ്ട് ചെയ്തുപോയ കാര്യങ്ങൾ. ശൗൽ എന്ന് അറിയപ്പെട്ടിരുന്ന പൗലോസ് ഒരു ക്രിസ്ത്യാനിയാകുന്നതിനു മുമ്പ്, പിന്നീട് ഓർത്ത് വിഷമിക്കുന്ന പല കാര്യങ്ങളും ചെയ്തു. ഉദാഹരണത്തിന്, വിശ്വസ്തനായ സ്തെഫാനൊസിനെ കല്ലെറിഞ്ഞ് കൊല്ലുന്ന സമയത്ത്, അതിനെ അനുകൂലിച്ചുകൊണ്ട് അദ്ദേഹം അവിടെയുണ്ടായിരുന്നു. (പ്രവൃ. 7:58; 8:1) അതുപോലെ ക്രിസ്ത്യാനികളെ ക്രൂരമായി ഉപദ്രവിക്കുന്നതിനു മുന്നിൽനിന്ന ആളുമായിരുന്നു ശൗൽ.—പ്രവൃ. 8:3; 26:9-11.
5. മുമ്പു ചെയ്തുപോയ കാര്യങ്ങളെക്കുറിച്ച് പൗലോസിന് എന്തു തോന്നി?
5 ഒരു ക്രിസ്ത്യാനിയായതിനു ശേഷം അപ്പോസ്തലനായ പൗലോസിനെ ആ പഴയ ഓർമകൾ ചിലപ്പോഴൊക്കെ അലട്ടിയിട്ടുണ്ട്. വർഷങ്ങൾ കടന്നുപോയപ്പോൾ ക്രിസ്ത്യാനികളെ ഉപദ്രവിച്ചതിനെക്കുറിച്ച് ഓർത്തുള്ള അദ്ദേഹത്തിന്റെ വിഷമം കൂടിയിട്ടുണ്ടാകണം. ഉദാഹരണത്തിന്, ഏതാണ്ട് എ.ഡി. 55-ൽ കൊരിന്ത്യർക്കുള്ള തന്റെ ആദ്യത്തെ കത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ സഭയെ ഉപദ്രവിച്ച ഞാൻ അപ്പോസ്തലൻ എന്നു വിളിക്കപ്പെടാൻപോലും യോഗ്യനല്ല.” (1 കൊരി. 15:9) ഏകദേശം അഞ്ചു വർഷം കഴിഞ്ഞ് എഫെസ്യർക്കു കത്ത് എഴുതിയപ്പോൾ ‘ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനെക്കാൾ താഴെയാണ്’ എന്നാണു പൗലോസ് പറഞ്ഞത്. (എഫെ. 3:8) ഇനി തിമൊഥെയൊസിന് എഴുതിയ കത്തിൽ, താൻ ‘മുമ്പ് ദൈവത്തെ നിന്ദിക്കുന്നവനും ദൈവത്തിന്റെ ജനത്തെ ഉപദ്രവിക്കുന്നവനും ധിക്കാരിയും ആയിരുന്നു’ എന്ന് പൗലോസ് എഴുതി. (1 തിമൊ. 1:13) പൗലോസ് ഒരു സഭ സന്ദർശിച്ചപ്പോൾ, മുമ്പ് ഉപദ്രവിച്ചവരെയോ അവരുടെ കുടുംബാംഗങ്ങളെയോ കണ്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് എന്തു തോന്നിയിട്ടുണ്ടാകും എന്നു ചിന്തിച്ചുനോക്കൂ.
6. പൗലോസിനെ വല്ലാതെ വിഷമിപ്പിച്ച മറ്റൊരു കാര്യം എന്താണ്? (അടിക്കുറിപ്പും കാണുക.)
6 ജഡത്തിലെ മുള്ള്. പൗലോസിനെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്ന എന്തോ ഒരു പ്രശ്നമുണ്ടായിരുന്നു. അതിനെ അദ്ദേഹം ‘ജഡത്തിലെ ഒരു മുള്ള്’ എന്നാണു വിളിച്ചത്. (2 കൊരി. 12:7) അത് എന്താണെന്നു പൗലോസ് കൃത്യമായി പറഞ്ഞിട്ടില്ല. പക്ഷേ ‘ജഡത്തിലെ മുള്ള്’ എന്നു പറഞ്ഞിരിക്കുന്നതിൽനിന്ന് അത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്ന എന്തോ ഒരു പ്രശ്നമാണെന്നു മനസ്സിലാക്കാം. അത് ഒരു അസുഖമോ അദ്ദേഹത്തെ വല്ലാതെ ടെൻഷൻ അടിപ്പിച്ച എന്തെങ്കിലും കാര്യമോ ആയിരുന്നിരിക്കാം.b
7. പൗലോസിനെ തന്റെ അപൂർണതകൾ എങ്ങനെയാണു ബാധിച്ചത്? (റോമർ 7:18, 19)
7 അദ്ദേഹത്തിന്റെ അപൂർണതകൾ. പൗലോസ് തന്റെ അപൂർണതകളുമായി പോരാടി. (റോമർ 7:18, 19 വായിക്കുക.) പൗലോസിനു ശരി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പാപം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ചായ്വ് പലപ്പോഴും അതിന് ഒരു തടസ്സമായിരുന്നു. ശരിയും തെറ്റും തമ്മിലുള്ള ഈ പോരാട്ടം തന്റെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നതായി പൗലോസുതന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ മെച്ചപ്പെടാൻ പൗലോസ് വളരെയധികം ശ്രമിച്ചു. (1 കൊരി. 9:27) എന്നിട്ടും തന്റെ മോശം സ്വഭാവരീതികൾ വീണ്ടും പൊങ്ങിവന്നപ്പോൾ അദ്ദേഹത്തിന് എത്ര നിരാശ തോന്നിക്കാണും!
വിഷമിപ്പിക്കുന്ന ചിന്തകളോടു പൗലോസ് എങ്ങനെ പോരാടി
8. തന്റെ അപൂർണതകളുമായി പോരാടാൻ പൗലോസ് എന്തെല്ലാം ചെയ്തു?
8 തനിക്കും തന്റെ സഹവിശ്വാസികൾക്കും, ദൈവാത്മാവിന്റെ സഹായത്താൽ അപൂർണചായ്വുകളോട് എങ്ങനെ പോരാടി വിജയിക്കാമെന്നു പൗലോസ് ഉറപ്പായും ചിന്തിച്ചിരുന്നു. അദ്ദേഹത്തിന്റെ കത്തുകൾ നോക്കിയാൽ അതു മനസ്സിലാകും. (റോമ. 8:13; ഗലാ. 5:16, 17) ക്രിസ്ത്യാനികൾ ഒഴിവാക്കേണ്ട തെറ്റായ ആഗ്രഹങ്ങളെക്കുറിച്ചും സ്വഭാവരീതികളെക്കുറിച്ചും ഒക്കെ പൗലോസ് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. (ഗലാ. 5:19-21, 26) അതുകൊണ്ട് പൗലോസ് സ്വന്തം ബലഹീനതകളെക്കുറിച്ച് ചിന്തിക്കുകയും എന്തൊക്കെ മാറ്റങ്ങൾ, എങ്ങനെയൊക്കെ വരുത്തണമെന്നു തിരുവെഴുത്തുകളിൽനിന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു എന്നതിനു സംശയമില്ല. മറ്റുള്ളവർക്കു കൊടുത്ത ഉപദേശം പൗലോസ് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി എന്ന് ഉറപ്പാണ്.
9-10. വിഷമിപ്പിക്കുന്ന ചിന്തകളോടു പോരാടാൻ പൗലോസിനെ എന്താണു സഹായിച്ചത്? (എഫെസ്യർ 1:7) (ചിത്രവും കാണുക.)
9 പൗലോസിനു ചിലപ്പോഴൊക്കെ നിരുത്സാഹം തോന്നിയെങ്കിലും മിക്ക സമയങ്ങളിലും പോസിറ്റീവായി ചിന്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഉദാഹരണത്തിന്, ദൂരെയുള്ള സഭകളിൽനിന്നുള്ള നല്ല റിപ്പോർട്ടുകൾ കേട്ടപ്പോൾ അദ്ദേഹത്തിനു സന്തോഷം തോന്നി. (2 കൊരി. 7:6, 7) സഹോദരങ്ങളുമായുള്ള നല്ല സൗഹൃദം അദ്ദേഹത്തെ സന്തോഷിപ്പിച്ചു. (2 തിമൊ. 1:4) അതുപോലെ യഹോവയുടെ അംഗീകാരം തനിക്കുണ്ടെന്നും പൗലോസിന് അറിയാമായിരുന്നു. “ശുദ്ധമനസ്സാക്ഷിയോടെ” ദൈവത്തെ സേവിക്കാനായതിൽ അദ്ദേഹത്തിനു സന്തോഷം തോന്നി. (2 തിമൊ. 1:3) റോമിൽ തടവിലായിരുന്നപ്പോൾപ്പോലും പൗലോസ് സഹവിശ്വാസികളോട് ‘കർത്താവിൽ സന്തോഷിക്കൂ!’ എന്നാണ് പറഞ്ഞത്. (ഫിലി. 4:4) വിഷമിപ്പിക്കുന്ന ചിന്തകൾ കാരണം നിരുത്സാഹപ്പെട്ടിരിക്കുന്ന ഒരാൾക്ക് ഒരിക്കലും അങ്ങനെ പറയാനാകില്ല. നെഗറ്റീവ് ചിന്തകൾ ഇടയ്ക്കൊക്കെ മനസ്സിലേക്കു വന്നിട്ടുണ്ടെങ്കിലും അതിനോടു പോരാടാനും വീണ്ടും പോസിറ്റീവായി ചിന്തിക്കാനും പൗലോസിനു കഴിഞ്ഞെന്നു വ്യക്തമാണ്.
10 യേശുക്രിസ്തുവിന്റെ മോചനവില തനിക്കുവേണ്ടിയുള്ള ഒരു സമ്മാനമാണെന്നു ചിന്തിച്ചതും വിഷമിപ്പിക്കുന്ന ചിന്തകൾക്ക് എതിരെ പോരാടാൻ പൗലോസിനെ സഹായിച്ചു. (ഗലാ. 2:20; എഫെസ്യർ 1:7 വായിക്കുക.) മോചനവിലയുടെ അടിസ്ഥാനത്തിൽ യഹോവ തന്റെ പാപങ്ങൾ ക്ഷമിച്ചുതരുമെന്നു പൗലോസിന് ഉറപ്പായിരുന്നു. (റോമ. 7:24, 25) അതുകൊണ്ടുതന്നെ മുമ്പ് പല തെറ്റുകൾ ചെയ്തുപോയിട്ടും, തനിക്കു പല ബലഹീനതകളുണ്ടായിട്ടും സന്തോഷത്തോടെ ദൈവത്തിനു “വിശുദ്ധസേവനം അർപ്പിക്കാൻ” പൗലോസിനു കഴിഞ്ഞു.—എബ്രാ. 9:12-14.
മുൻകാലതെറ്റുകൾ പൗലോസിനെ ചിലപ്പോൾ വിഷമിപ്പിച്ചെങ്കിലും മോചനവിലയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അദ്ദേഹം സന്തോഷം നിലനിറുത്തി (9-10 ഖണ്ഡികകൾ കാണുക)
11. പൗലോസിന്റെ ജീവിതം നമുക്ക് ഒരു പ്രോത്സാഹനമായിരിക്കുന്നത് എങ്ങനെ?
11 പൗലോസിനെപ്പോലെ നമ്മുടെ ഉള്ളിലും ഒരു പോരാട്ടം നടക്കുന്നുണ്ടാകും. നമ്മൾ ചിന്തിക്കുന്നതോ പറയുന്നതോ പ്രവർത്തിക്കുന്നതോ ആയ കാര്യങ്ങളോടു ബന്ധപ്പെട്ടായിരിക്കാം അത്. “എന്തൊരു പരിതാപകരമായ അവസ്ഥയാണ് എന്റേത്!” എന്നു നമുക്കും തോന്നിയേക്കാം. 20-കളിലുള്ള എലീസc സഹോദരി തന്റെ ചിന്തകളെക്കുറിച്ച് ഇങ്ങനെ പറയുന്നു: “പൗലോസിന്റെ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്നെ പ്രോത്സാഹിപ്പിക്കുന്നു. എനിക്കു മാത്രമല്ല ഇങ്ങനെയൊക്കെ തോന്നുന്നതെന്നു മനസ്സിലാക്കിയത് എന്നെ ആശ്വസിപ്പിച്ചു. അതുപോലെ, തന്റെ ജനം കടന്നുപോകുന്ന സാഹചര്യത്തെക്കുറിച്ച് യഹോവ അറിയുന്നുണ്ടെന്നും ഈ വിവരണം എന്നെ ഓർമിപ്പിക്കുന്നു.” പൗലോസിനെപ്പോലെ ഒരു ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കാനും വിഷമിപ്പിക്കുന്ന ചിന്തകളുണ്ടെങ്കിലും സന്തോഷത്തോടെയിരിക്കാനും നമുക്ക് എങ്ങനെ കഴിയും?
വിഷമിപ്പിക്കുന്ന ചിന്തകളോടു നമുക്ക് എങ്ങനെ പോരാടാം
12. ആത്മീയകാര്യങ്ങൾ പതിവായി ചെയ്യുന്നതു വിഷമിപ്പിക്കുന്ന ചിന്തകളോടു പോരാടാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയാണ്?
12 ആത്മീയകാര്യങ്ങൾ പതിവായി ചെയ്യുക. ആത്മീയകാര്യങ്ങൾ പതിവായി ചെയ്യുന്ന ഒരു ശീലം വളർത്തിയിട്ടുണ്ടെങ്കിൽ നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്ക് എളുപ്പമായിരിക്കും. ഇതെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ: നിങ്ങൾ നല്ല ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ആവശ്യത്തിന് ഉറങ്ങുകയും ചെയ്യുന്നുണ്ടെങ്കിൽ നല്ല ഉന്മേഷം തോന്നില്ലേ? ഇതുപോലെതന്നെയാണ് ആത്മീയകാര്യങ്ങൾ പതിവായി ചെയ്യുമ്പോഴും. എന്നും ബൈബിൾ വായിക്കുകയും ക്രമമായി ശുശ്രൂഷയിൽ ഏർപ്പെടുകയും മീറ്റിങ്ങുകൾക്കു പോകുകയും നന്നായി തയ്യാറായി അതിൽ പങ്കുപറ്റുകയും ഒക്കെ ചെയ്യുമ്പോൾ നിങ്ങൾക്കു സന്തോഷം കിട്ടുന്നതായി തോന്നിയിട്ടില്ലേ? അതെ, വിഷമിപ്പിക്കുന്ന ചിന്തകളോടു പോരാടാൻ ഇത്തരം ആത്മീയപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതു നിങ്ങളെ സഹായിക്കും.—റോമ. 12:11, 12.
13-14. ആത്മീയകാര്യങ്ങൾ പതിവായി ചെയ്തതു ചില ക്രിസ്ത്യാനികളെ സഹായിച്ചിരിക്കുന്നത് എങ്ങനെ?
13 ജോണിന്റെ അനുഭവം നോക്കുക. 39-ാം വയസ്സിൽ അദ്ദേഹത്തിനു കാൻസറാണെന്നു കണ്ടെത്തി. തുടക്കത്തിൽ, വിഷമിപ്പിക്കുന്ന ചിന്തകൾ അദ്ദേഹത്തെ വരിഞ്ഞുമുറുക്കി. ‘ഇത്ര ചെറുപ്പത്തിലേ എനിക്ക് അസുഖം വന്നല്ലോ’ എന്നൊക്കെ അദ്ദേഹം ചിന്തിച്ചു. ആ സമയത്ത് ജോണിന്റെ മകനു വെറും മൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ. നിരുത്സാഹപ്പെടുത്തുന്ന ചിന്തകളോടു പോരാടാൻ ജോണിനെ എന്താണു സഹായിച്ചത്? അദ്ദേഹം പറയുന്നു: “എനിക്കു നല്ല ക്ഷീണം ഉണ്ടായിരുന്നെങ്കിലും എന്റെ കുടുംബം പതിവായി ആത്മീയകാര്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നു ഞാൻ ഉറപ്പുവരുത്തി, ഞങ്ങൾ എല്ലാ മീറ്റിങ്ങുകളിലും പങ്കെടുത്തു, എല്ലാ ആഴ്ചയും ശുശ്രൂഷയ്ക്കു പോയി, പതിവായി കുടുംബാരാധനയും നടത്തി. ഇതിനൊക്കെ സമയം കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നപ്പോഴും ഞങ്ങൾ അതു മുടക്കിയില്ല.” തിരിഞ്ഞുനോക്കുമ്പോൾ ജോണിന് ഇങ്ങനെയാണു തോന്നുന്നത്: “ആദ്യത്തെ ഒരു ഞെട്ടൽ മാറിക്കഴിയുമ്പോൾ, അലട്ടുന്ന ചിന്തകളുടെ സ്ഥാനത്ത് യഹോവ തരുന്ന ശക്തിയെയും സ്നേഹത്തെയും കുറിച്ചുള്ള ചിന്തകൾ വന്നുനിറയും. എന്റെ കാര്യത്തിൽ ചെയ്തതുപോലെ യഹോവ നിങ്ങളെയും ശക്തിപ്പെടുത്തും.”
14 മുമ്പ് കണ്ട എലീസ പറയുന്നു: “ഞാൻ മീറ്റിങ്ങുകൾക്കു പോകുകയും വ്യക്തിപരമായി പഠിക്കുകയും ചെയ്യുന്ന ഓരോ സമയത്തും യഹോവ എന്റെ പ്രാർഥന കേൾക്കുന്നുണ്ടെന്നും എന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നും എനിക്കു മനസ്സിലാകാറുണ്ട്. അത് എനിക്കു സന്തോഷം തരുന്നു.” ആഫ്രിക്കയിലെ ഒരു സർക്കിട്ട് മേൽവിചാരകനായ നോളൻ, തന്നെയും തന്റെ ഭാര്യ ഡിയാനിനെയും എന്താണു സഹായിക്കുന്നതെന്നു പറയുന്നു: “നിരുത്സാഹം തോന്നുമ്പോൾപ്പോലും ഞങ്ങൾ ആത്മീയദിനചര്യ മുടക്കാറില്ല. ശരിയായി ചിന്തിക്കാൻ യഹോവ ഞങ്ങളെ സഹായിക്കുന്നുണ്ടെന്ന് ആ സമയത്ത് ഞങ്ങൾക്കു വ്യക്തമാകും. യഹോവ ഞങ്ങളെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമെന്നു നിരുത്സാഹം തോന്നുമ്പോൾ ഞങ്ങൾ ഓർക്കാറുണ്ട്. എങ്ങനെയായിരിക്കും സഹായിക്കുന്നതെന്ന് അറിയില്ലെങ്കിലും യഹോവ അതു ചെയ്യും എന്ന് ഞങ്ങൾക്ക് ഉറപ്പാണ്.”
15. വിഷമിപ്പിക്കുന്ന ചിന്തകൾ മറികടക്കാൻ നമ്മൾ എന്തൊക്കെ ചെയ്യേണ്ടതുണ്ടായിരിക്കാം? ഒരു ദൃഷ്ടാന്തം പറയുക.
15 വിഷമിപ്പിക്കുന്ന ചിന്തകൾ മറികടക്കാൻ നമ്മൾ ചിലപ്പോൾ അടിസ്ഥാനകാര്യങ്ങൾ മാത്രം ചെയ്താൽ പോരായിരിക്കും. ഉദാഹരണത്തിന്, നിങ്ങൾക്കു നടുവേദന ഉണ്ടെന്നു വിചാരിക്കുക. ദിവസവും നടക്കുന്നതുകൊണ്ട് മാത്രം അതു മാറണമെന്നില്ല. ആ വേദനയുടെ കാരണം മനസ്സിലാക്കാൻ നിങ്ങൾ അതെക്കുറിച്ച് കൂടുതൽ പഠിക്കുകയും ഒരു ഡോക്ടറോടു സംസാരിക്കുകയും ചെയ്യേണ്ടതുണ്ടായിരിക്കും. അതുപോലെ, ഇടയ്ക്കിടയ്ക്കു വരുന്ന വിഷമിപ്പിക്കുന്ന ചിന്തകളോടു പോരാടാൻ നമ്മൾ ബൈബിളും പ്രസിദ്ധീകരണങ്ങളും ഗവേഷണം ചെയ്യുകയും പക്വതയുള്ള ഒരു ക്രിസ്ത്യാനിയോടു സംസാരിക്കുകയും ചെയ്യേണ്ടിവന്നേക്കാം. നമ്മളെ സഹായിക്കുന്ന മറ്റു ചില നിർദേശങ്ങൾ ഇനി നോക്കാം.
16. വിഷമിപ്പിക്കുന്ന ചിന്തകളുടെ കാരണം എന്താണെന്നു മനസ്സിലാക്കാൻ നിങ്ങളെ എന്തു സഹായിക്കും? (സങ്കീർത്തനം 139:1-4, 23, 24)
16 നിങ്ങൾക്കു ശരിക്കും എന്താണ് ആവശ്യമെന്നു മനസ്സിലാക്കാൻ പ്രാർഥിക്കുക. യഹോവയ്ക്കു തന്നെ നന്നായി അറിയാമെന്നു മനസ്സിലാക്കിയ ദാവീദ് രാജാവ് തന്റെ ‘ഉത്കണ്ഠകളുടെ’ കാരണം തിരിച്ചറിയാൻ സഹായിക്കണേ എന്നു പ്രാർഥിച്ചു. (സങ്കീർത്തനം 139:1-4, 23, 24 വായിക്കുക.) നിങ്ങൾക്കും അതുതന്നെ ചെയ്യാനാകും. വിഷമിപ്പിക്കുന്ന ചിന്തകളുടെ കാരണം എന്താണെന്നും അത് എങ്ങനെ മറികടക്കാമെന്നും മനസ്സിലാക്കാൻ സഹായിക്കണേ എന്നു ദൈവത്തോടു പ്രാർഥിക്കുക. നിങ്ങൾക്ക് ഇത്തരം ചില ചോദ്യങ്ങളും സ്വയം ചോദിക്കാനാകും: ‘എന്നെ ഉത്കണ്ഠപ്പെടുത്തുന്ന ചിന്തകളുടെ ശരിക്കുള്ള കാരണം എന്താണ്? എന്റെ ഉള്ളിൽ നെഗറ്റീവായ ചിന്തകൾ തലപൊക്കാൻ ഇടയാക്കുന്ന എന്തെങ്കിലും പ്രത്യേകകാര്യമുണ്ടോ? വിഷമിപ്പിക്കുന്ന ചിന്തകൾ വരുമ്പോൾ അത് അപ്പോൾത്തന്നെ തള്ളിക്കളയുന്നതിനു പകരം ഞാൻ അതെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കാറുണ്ടോ?’
17. പ്രോത്സാഹിപ്പിക്കുന്ന ചിന്തകൾകൊണ്ട് മനസ്സുനിറയ്ക്കാൻ ഏതൊക്കെ വിഷയങ്ങളെക്കുറിച്ച് പഠിക്കുന്നതു നിങ്ങളെ സഹായിക്കും? (ചിത്രവും കാണുക.)
17 വ്യക്തിപരമായ പഠനത്തിൽ, നിങ്ങളുടെ സാഹചര്യത്തിനുവേണ്ട കാര്യങ്ങൾ പഠിക്കുക. ഇടയ്ക്കിടയ്ക്ക് യഹോവയുടെ വ്യത്യസ്തഗുണങ്ങളെക്കുറിച്ച് പഠിക്കുന്നതു നിങ്ങൾക്കു ഗുണം ചെയ്തേക്കും. ഉദാഹരണത്തിന്, മോചനവിലയെക്കുറിച്ചും യഹോവ ക്ഷമിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചത് അപ്പോസ്തലനായ പൗലോസിനെ വളരെയധികം സഹായിച്ചു. നിങ്ങൾക്കും അതുതന്നെ ചെയ്യാം. യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയോ ക്രിസ്തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ എന്ന പുസ്തകമോ നിങ്ങളുടെ ഭാഷയിലുള്ള മറ്റു പ്രസിദ്ധീകരണങ്ങളോ ഉപയോഗിച്ച് ദൈവത്തിന്റെ കരുണ, ക്ഷമിക്കാനുള്ള സന്നദ്ധത, അചഞ്ചലസ്നേഹം തുടങ്ങിയ ഗുണങ്ങളെക്കുറിച്ചെല്ലാം പഠിക്കാനാകും. നിങ്ങൾക്കു പറ്റിയ നല്ല ലേഖനങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ അതിന്റെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. എന്നിട്ട് എളുപ്പം കാണാനാകുന്ന ഒരിടത്ത് അതു വെക്കുക. മനസ്സ് തളരുന്നെന്നു തോന്നിത്തുടങ്ങുമ്പോൾത്തന്നെ ആ ലിസ്റ്റിലെ ലേഖനങ്ങൾ പഠിക്കാൻ ശ്രമിക്കുക. വായിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ സാഹചര്യത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു ചിന്തിക്കുക.—ഫിലി. 4:8.
വിഷമിപ്പിക്കുന്ന ചിന്തകളെ മറികടക്കാൻ നിങ്ങളെ സഹായിക്കുന്ന വിഷയങ്ങൾ പഠിക്കുക (17-ാം ഖണ്ഡിക കാണുക)
18. ഏതൊക്കെ വിഷയങ്ങളെക്കുറിച്ച് പഠിച്ചതു ചില ക്രിസ്ത്യാനികളെ സഹായിച്ചിരിക്കുന്നു?
18 മുമ്പ് കണ്ട എലീസ തന്റെ വ്യക്തിപരമായ പഠനത്തിൽ ഇയ്യോബിനെക്കുറിച്ച് പഠിച്ചു. സഹോദരി പറയുന്നു: “ഇയ്യോബിനെപ്പോലെ ഒന്നിനു പുറകേ ഒന്നായി പല പ്രശ്നങ്ങൾ എനിക്കു നേരിട്ടു. ഇയ്യോബ് ജീവിതത്തിൽ ഏറ്റവും തകർന്നിരിക്കുന്ന സമയത്തുപോലും യഹോവയിൽ ആശ്രയിക്കുന്നതു നിറുത്തിയില്ല; തന്റെ പ്രശ്നങ്ങളുടെ കാരണം എന്താണെന്ന് അറിയാതിരുന്നിട്ടുപോലും!” (ഇയ്യോ. 42:1-6) മുമ്പ് കണ്ട ഡിയാൻ പറയുന്നു: “ഞാനും ഭർത്താവും യഹോവയോട് അടുത്ത് ചെല്ലുവിൻ എന്ന പുസ്തകം ഒരു പഠനപ്രോജക്ട് ആയിട്ടെടുത്തു. ഒരു കുശവനെപ്പോലെ യഹോവ ഞങ്ങളെ മനയുന്നതിൽ ഞങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്. തെറ്റുകൾ കാരണം നിരുത്സാഹം തോന്നുന്ന സമയത്ത്, യഹോവ ഞങ്ങളെ മനയുകയാണെന്നും മെച്ചപ്പെട്ട വ്യക്തികളാകാൻ സഹായിക്കുകയാണെന്നും ഞങ്ങൾ ഓർക്കും. അതു ഞങ്ങളെ യഹോവയോടു കൂടുതൽ അടുപ്പിക്കുന്നു.”—യശ. 64:8.
ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുക
19. ചിലപ്പോൾ നമുക്ക് എന്തു തോന്നാനിടയുണ്ട്, എന്നാൽ നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാം?
19 നമ്മൾ ആത്മീയകാര്യങ്ങൾ പതിവായി ചെയ്യുകയും നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഒരു പഠനപ്രോജക്ട് നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും വിഷമിപ്പിക്കുന്ന ചിന്തകളും വികാരങ്ങളും എല്ലാം പൂർണമായി മാറുമെന്നു പ്രതീക്ഷിക്കാനാകില്ല. ജീവിതത്തിൽ ഇരുളടഞ്ഞ ദിവസങ്ങൾ ഇനിയും ഉണ്ടായേക്കാം. എന്നാൽ അപ്പോൾ യഹോവയുടെ സഹായത്താൽ വിഷമിപ്പിക്കുന്ന ചിന്തകളെ നിയന്ത്രിക്കാൻ നമുക്കാകും. ജീവിതത്തിലെ മിക്ക ദിവസങ്ങളിലും സന്തോഷത്തോടെയിരിക്കാനും ഒരു ശുദ്ധമനസ്സാക്ഷിയോടെ ദൈവത്തെ സേവിക്കാനും നമുക്ക് കഴിയുമെന്നു ഉറപ്പുണ്ടായിരിക്കാം.
20. എന്താണു നിങ്ങളുടെ തീരുമാനം?
20 നമ്മുടെ മുൻകാലതെറ്റുകളോ ഇപ്പോഴത്തെ പ്രശ്നങ്ങളോ നമ്മുടെതന്നെ അപൂർണതകളോ ഒന്നും നമ്മുടെ സന്തോഷം കെടുത്തിക്കളയാൻ ഒരിക്കലും അനുവദിക്കരുത്. അവയെക്കുറിച്ചുള്ള വിഷമിപ്പിക്കുന്ന ചിന്തകൾ നിയന്ത്രിക്കാൻ യഹോവ നമ്മളെ സഹായിക്കും. (സങ്കീ. 143:10) പോസിറ്റീവായി ചിന്തിക്കാൻ ആർക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത ഒരു കാലമാണു നമുക്കു മുന്നിൽ വരാനിരിക്കുന്നത്. അന്നു നമ്മൾ ഓരോ ദിവസവും ഉണർന്നെഴുന്നേൽക്കുന്നതു ഭാരപ്പെടുത്തുന്ന ചിന്തകളോടെ ആയിരിക്കില്ല, പകരം സ്നേഹവാനായ യഹോവയെ സേവിക്കുന്നതിന്റെ സന്തോഷത്തോടെ ആയിരിക്കും.
ഗീതം 34 നിഷ്കളങ്കരായി നടക്കാം
a ഈ ലേഖനത്തിൽ, ഇടയ്ക്കൊക്കെ വിഷമമോ ഉത്കണ്ഠയോ തോന്നുന്ന ആളുകളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. അല്ലാതെ നീണ്ടുനിൽക്കുന്ന വിഷാദംപോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നം ഉള്ളവരെക്കുറിച്ചല്ല.
b പൗലോസിന്റെ കത്തുകൾ സൂചിപ്പിക്കുന്നത്, അദ്ദേഹത്തിന്റെ കാഴ്ചയ്ക്ക് പ്രശ്നമുണ്ടായിരുന്നു എന്നാണ്. കത്തുകൾ എഴുതാനും ശുശ്രൂഷ ചെയ്യാനും അതു കാരണം അദ്ദേഹത്തിനു ബുദ്ധിമുട്ടായിരുന്നിരിക്കണം. (ഗലാ. 4:15; 6:11) അതല്ലെങ്കിൽ, വ്യാജോപദേഷ്ടാക്കൾ തന്നെക്കുറിച്ച് പറഞ്ഞ നുണകൾ കാരണം തനിക്കുണ്ടായിരുന്ന ഉത്കണ്ഠയെക്കുറിച്ച് ആയിരിക്കാം പൗലോസ് പറഞ്ഞത്. (2 കൊരി. 10:10; 11:5, 13) പ്രശ്നം എന്തുതന്നെയായാലും പൗലോസിനെ അതു വല്ലാതെ വിഷമിപ്പിച്ചിരുന്നു എന്നു വ്യക്തമാണ്.
c ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.