2026 മാർച്ച് 2-8
ഗീതം 97 ജീവന് ആധാരം ദൈവവചനം
‘ആത്മീയദാഹം’ തുടർന്നും തൃപ്തിപ്പെടുത്തുക
2026-ലെ നമ്മുടെ വാർഷികവാക്യം: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.”—മത്താ. 5:3.
ഉദ്ദേശ്യം
യഹോവ തരുന്ന ആത്മീയഭക്ഷണത്തിൽനിന്നും വസ്ത്രത്തിൽനിന്നും പാർപ്പിടത്തിൽനിന്നും എങ്ങനെ തുടർന്നും പ്രയോജനം നേടാമെന്ന് നോക്കാം.
1. എന്തെല്ലാം അടിസ്ഥാന ആവശ്യങ്ങളോടെയാണ് യഹോവ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്? (മത്തായി 5:3)
മനുഷ്യർക്ക് ജീവിക്കാൻ ചില കാര്യങ്ങൾ അത്യാവശ്യമാണ്. യഹോവ അവരെ ആ രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, നമുക്കു ഭക്ഷണവും വസ്ത്രവും താമസിക്കാൻ സുരക്ഷിതമായൊരു സ്ഥലവും വേണം. ഇതിൽ ഏതെങ്കിലും ഒരു കാര്യം കുറച്ച് സമയത്തേക്കാണെങ്കിൽപ്പോലും ഇല്ലാതായാൽ ജീവിതം ബുദ്ധിമുട്ടിലാകും. ഈ ഭൗതികാവശ്യങ്ങൾക്കു പുറമേ യഹോവ നമ്മുടെ ഉള്ളിൽ മറ്റൊരു ആവശ്യംകൂടി വെച്ചിട്ടുണ്ട്. അതാണ് ആത്മീയകാര്യങ്ങൾക്കായുള്ള ദാഹം. (മത്തായി 5:3 വായിക്കുക.) നമുക്കു ശരിക്കും സന്തോഷം വേണമെങ്കിൽ, അങ്ങനെ ഒരു ആവശ്യം നമ്മുടെ ഉള്ളിലുണ്ടെന്നു തിരിച്ചറിയുകയും അതു തൃപ്തിപ്പെടുത്തുന്നതിൽ തുടരുകയും ചെയ്യേണ്ടതുണ്ട്.
2. ‘ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുക’ എന്നതിന്റെ അർഥം മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം പറയുക.
2 ‘ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുക’ എന്നു പറഞ്ഞാൽ എന്താണ് അർഥം? ഇതിന്റെ ഗ്രീക്കുപദം, സഹായത്തിനായി യാചിക്കുന്ന ഒരു ഭിക്ഷക്കാരന്റെ ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നത്. അങ്ങനെ ഒരാളെ ഭാവനയിൽ കാണുക: മെലിഞ്ഞുണങ്ങിയ ശരീരം, കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ. തെരുവിന്റെ ഒരു മൂലയിൽ അയാൾ കൂനിക്കൂടി ഇരിക്കുകയാണ്. ഈ രൂപം കാരണം ആരും ആ യാചകനെ അടുപ്പിക്കുന്നില്ല. അയാൾ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. പകലിന്റെ പൊള്ളുന്ന ചൂടും രാത്രിയിലെ കൊടുംതണുപ്പും ഏറ്റ് അയാൾ ക്ഷീണിതനാണ്. തന്റെ അവസ്ഥയ്ക്കു മാറ്റം വരണമെങ്കിൽ തനിക്കു സഹായം കിട്ടിയേ തീരൂ എന്ന് ആ യാചകന് അറിയാം. ഇതുപോലെതന്നെയാണ് ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്ന അഥവാ ആത്മാവിനുവേണ്ടി യാചിക്കുന്ന ഒരാളുടെ കാര്യവും. തന്റെ ജീവിതത്തിൽ ദൈവത്തിന്റെ സഹായം കൂടിയേ തീരൂ എന്ന് ആ വ്യക്തിക്ക് അറിയാം. അതുകൊണ്ട് തന്നെ സ്നേഹിക്കുന്നവർക്ക് യഹോവ സമൃദ്ധമായി നൽകുന്ന ആത്മീയകരുതലുകളിൽനിന്ന് പ്രയോജനം നേടാൻ അദ്ദേഹം അതിയായി ആഗ്രഹിക്കും.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
3 ഈ ലേഖനത്തിൽ, യേശുവിനോടു സഹായം യാചിച്ച ഫൊയ്നിക്യക്കാരി സ്ത്രീയെക്കുറിച്ച് നമ്മൾ ആദ്യം പഠിക്കും. ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ വളർത്തിയെടുക്കേണ്ട മൂന്നു പ്രധാനപ്പെട്ട ഗുണങ്ങളെക്കുറിച്ച് ആ വിവരണത്തിൽനിന്ന് നമ്മൾ മനസ്സിലാക്കും. തുടർന്ന്, ആത്മീയപുരുഷന്മാരായിരുന്ന അപ്പോസ്തലനായ പത്രോസിന്റെയും പൗലോസിന്റെയും ദാവീദ് രാജാവിന്റെയും മാതൃകകളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും.
നമുക്കുവേണ്ട പ്രധാനപ്പെട്ട മൂന്ന് ഗുണങ്ങൾ
4. ഫൊയ്നിക്യക്കാരി യേശുവിനോട് എന്താണ് യാചിച്ചത്?
4 ഒരിക്കൽ ഒരു ഫൊയ്നിക്യക്കാരി യേശുവിന്റെ അടുത്ത് വന്നു. അവരുടെ മകൾക്ക് “കടുത്ത ഭൂതോപദ്രവം” നേരിടുന്നുണ്ടായിരുന്നു. (മത്താ. 15:21-28) ആ സ്ത്രീ യേശുവിന്റെ അടുത്ത് വന്ന് മുട്ടുകുത്തി സഹായത്തിനായി യാചിച്ചു. ആ സമയത്ത് അവർ കാണിച്ച ഗുണങ്ങൾ എടുത്തുപറയേണ്ടതു തന്നെയാണ്. അവയിൽ ചിലതു നോക്കാം.
5. ഫൊയ്നിക്യക്കാരി ഏതെല്ലാം ഗുണങ്ങൾ കാണിച്ചു, യേശു എങ്ങനെയാണ് പ്രതികരിച്ചത്? (ചിത്രവും കാണുക.)
5 ഫൊയ്നിക്യക്കാരി യഥാർഥ താഴ്മ കാണിച്ചു. എന്തുകൊണ്ടാണ് നമ്മൾ അങ്ങനെ പറയുന്നത്? ജൂതന്മാരല്ലാത്തവർ അവരുടെ വീട്ടിൽ ഓമനമൃഗമായി നായ്ക്കുട്ടികളെ വളർത്തിയിരുന്നിരിക്കാം. അത്തരമൊരു നായ്ക്കുട്ടിയോടാണ് യേശു ആ സ്ത്രീയെ താരതമ്യം ചെയ്തത്. അതു കേട്ടപ്പോൾ അവൾ അസ്വസ്ഥയായില്ല. നിങ്ങളോടാണ് അങ്ങനെ പറഞ്ഞതെങ്കിൽ നിങ്ങൾക്ക് എന്തു തോന്നുമായിരുന്നു? യേശു നിങ്ങളെ അപമാനിച്ചതായി ചിന്തിച്ച് സഹായം ചോദിക്കുന്നത് നിറുത്തിക്കളയുമായിരുന്നോ? ഫൊയ്നിക്യക്കാരി അങ്ങനെ ചെയ്തില്ല. ആ സ്ത്രീ താഴ്മ മാത്രമല്ല സ്ഥിരോത്സാഹവും കാണിച്ചു. മടുത്ത് പിന്മാറാതെ അവർ യേശുവിനോട് സഹായം ചോദിച്ചുകൊണ്ടിരുന്നു. അങ്ങനെ ചെയ്യാൻ ഈ ഫൊയ്നിക്യക്കാരിയെ പ്രേരിപ്പിച്ചത് എന്താണ്? യേശുവിലുള്ള വിശ്വാസം. ശക്തമായ ആ വിശ്വാസം കണ്ടപ്പോൾ അവൾക്കുവേണ്ടി വലിയൊരു അത്ഭുതം ചെയ്യാൻ യേശുവിനു തോന്നി. “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്” എന്ന് യേശു തൊട്ടുമുമ്പ് പറഞ്ഞെങ്കിലും ജനതകളിൽപ്പെട്ട ആ സ്ത്രീയെ യേശു സഹായിച്ചു. അവരുടെ മകളിൽനിന്നും ഭൂതത്തെ പുറത്താക്കി.
സഹായം കിട്ടാൻ ഫൊയ്നിക്യക്കാരിക്കു താഴ്മയും സ്ഥിരോത്സാഹവും വിശ്വാസവും വേണമായിരുന്നു (5-ാം ഖണ്ഡിക കാണുക)
6. ഫൊയ്നിക്യക്കാരിയുടെ വിവരണത്തിൽനിന്ന് നമ്മൾ എന്താണ് പഠിക്കുന്നത്?
6 ആത്മീയദാഹം തൃപ്തിപ്പെടുത്താൻ നമ്മളും ഇതേ ഗുണങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. നമ്മൾ താഴ്മയും സ്ഥിരോത്സാഹവും ശക്തമായ വിശ്വാസവും ഉള്ളവരായിരിക്കണം. താഴ്മയുള്ള ഒരാൾ മാത്രമേ മടുത്തുപോകാതെ സ്ഥിരോത്സാഹത്തോടെ ദൈവത്തോട് സഹായം യാചിച്ചുകൊണ്ടിരിക്കുകയുള്ളൂ. അതുപോലെ യേശുവിലും തന്റെ ശിഷ്യരെ നയിക്കാൻ യേശു ഉപയോഗിക്കുന്നവരിലും നമുക്കു ശക്തമായ വിശ്വാസവും ഉണ്ടായിരിക്കണം. (മത്താ. 24:45-47) ഈ ഗുണങ്ങൾ കാണിക്കുന്നവരുടെ ആത്മീയാവശ്യം തൃപ്തിപ്പെടുത്താൻ യഹോവയും യേശുവും വളരെയധികം ആഗ്രഹിക്കുന്നു. (യാക്കോബ് 1:5-7 താരതമ്യം ചെയ്യുക.) ഇനി യഹോവ എങ്ങനെയാണ് നമുക്ക് ആത്മീയഭക്ഷണവും വസ്ത്രവും പാർപ്പിടവും തരുന്നതെന്നു നോക്കാം. അതുപോലെ ഈ അവശ്യകാര്യങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിനു നമ്മൾ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കാൻ പൗലോസ്, പത്രോസ് എന്നീ അപ്പോസ്തലന്മാരുടെയും ദാവീദ് രാജാവിന്റെയും മാതൃകകളെക്കുറിച്ചും നമ്മൾ പഠിക്കും.
പത്രോസിനെപ്പോലെ ആത്മീയഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക
7. പത്രോസിന് എന്ത് ഉത്തരവാദിത്വമാണ് കിട്ടിയത്, എന്നാൽ അദ്ദേഹം എന്തുകൂടെ ചെയ്യണമായിരുന്നു? വിശദീകരിക്കുക. (എബ്രായർ 5:14–6:1)
7 അപ്പോസ്തലനായ പത്രോസിന്റെ മാതൃക നോക്കുക. യേശു മിശിഹയാണെന്ന് മനസ്സിലാക്കിയ ആദ്യത്തെ ജൂതന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. “നിത്യജീവന്റെ വചനങ്ങൾ” ആളുകളിലേക്ക് എത്തിക്കാൻ യഹോവ യേശുവിനെയാണ് ഉപയോഗിക്കുന്നതെന്ന് പത്രോസ് തിരിച്ചറിഞ്ഞു. (യോഹ. 6:66-68) പുനരുത്ഥാനപ്പെട്ട യേശു സ്വർഗത്തിലേക്ക് പോകുന്നതിനു മുമ്പ് പത്രോസിന് ഈ ഉത്തരവാദിത്വം കൊടുത്തു: “എന്റെ കുഞ്ഞാടുകളെ തീറ്റുക.” (യോഹ. 21:17) പത്രോസ് അത് വിശ്വസ്തമായി ചെയ്തു. ഇപ്പോൾ ബൈബിളിന്റെ ഭാഗമായിരിക്കുന്ന രണ്ട് കത്തുകൾ എഴുതാൻപോലും യഹോവ അദ്ദേഹത്തെ ഉപയോഗിച്ചു. അങ്ങനെയൊക്കെ ആയിരുന്നെങ്കിലും പത്രോസ് സ്വന്തമായും ആത്മീയാഹാരം കഴിക്കേണ്ടതുണ്ടായിരുന്നു. ഉദാഹരണത്തിന്, അതിനോടകം പൗലോസ് എഴുതിയ ദൈവപ്രചോദിതമായ കത്തുകൾ പത്രോസ് പഠിച്ചു. പൗലോസ് എഴുതിയ ചില കാര്യങ്ങൾ “മനസ്സിലാക്കാൻ പ്രയാസമാണ്” എന്നു പത്രോസ് സമ്മതിച്ചുപറയുന്നുണ്ട്. (2 പത്രോ. 3:15, 16) പക്ഷേ പത്രോസ് മടുത്തുപിന്മാറിയില്ല. ദൈവപ്രചോദിതമായി പൗലോസ് തന്റെ കത്തുകളിലൂടെ വിളമ്പിയ “കട്ടിയായ ആഹാരം” മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും യഹോവ തന്നെ സഹായിക്കുമെന്ന് പത്രോസിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു.—എബ്രായർ 5:14–6:1 വായിക്കുക.
8. ദൂതനിലൂടെ ദൈവം കൊടുത്ത പുതിയ വെളിച്ചത്തോടു പത്രോസ് പ്രതികരിച്ചത് എങ്ങനെയാണ്?
8 യഹോവയുടെ നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് പത്രോസ് തനിക്കു ശക്തമായ വിശ്വാസമുണ്ടെന്ന് തെളിയിച്ചു. അതിന് ഒരു ഉദാഹരണമാണ് തുറമുഖനഗരമായ യോപ്പയിൽവെച്ച് നടന്ന സംഭവം. അവിടെവെച്ച് കണ്ട ഒരു ദർശനത്തിൽ ഒരു ദൂതൻ പത്രോസിനോട്, മോശയുടെ നിയമം അശുദ്ധമെന്നു പറഞ്ഞിരുന്ന മൃഗങ്ങളെ അറുത്ത് തിന്നാൻ ആവശ്യപ്പെട്ടു. ഒരു ജൂതനെ സംബന്ധിച്ച് അത് ഞെട്ടിക്കുന്ന ഒരു നിർദേശമായിരുന്നു. അതുകൊണ്ട് പത്രോസ് പെട്ടെന്ന് ഇങ്ങനെ പറഞ്ഞു: “അയ്യോ, അങ്ങനെ പറയരുതു കർത്താവേ, മലിനമോ അശുദ്ധമോ ആയ ഒന്നും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.” അപ്പോൾ ദൂതൻ ഇങ്ങനെ പറഞ്ഞു: “ദൈവം ശുദ്ധീകരിച്ചവയെ നീ മലിനമെന്നു വിളിക്കരുത്.” (പ്രവൃ. 10:9-15) പത്രോസിനു കാര്യം പിടികിട്ടി. അത് നമുക്ക് എങ്ങനെ അറിയാം? പത്രോസ് ഈ ദർശനം കണ്ട ഉടനെ മൂന്നു പുരുഷന്മാർ അവിടെ എത്തി. പത്രോസിനെ തന്റെ അടുത്തേക്ക് ക്ഷണിക്കാനായി ജനതകളിൽപ്പെട്ട കൊർന്നേല്യൊസ് അയച്ചതായിരുന്നു അവരെ. ഒരു ജൂതൻ എന്ന നിലയിൽ പത്രോസ് ആ ക്ഷണം ഒരിക്കലും സ്വീകരിക്കേണ്ടതല്ല. കാരണം ജൂതന്മാർ ജനതകളിൽപ്പെട്ടവരെ അശുദ്ധരായിട്ടാണ് കണ്ടിരുന്നത്. (പ്രവൃ. 10:28, 29) പക്ഷേ യഹോവയിൽനിന്ന് തനിക്കു ലഭിച്ച പുതിയ വെളിച്ചത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ പത്രോസ് പെട്ടെന്നുതന്നെ തയ്യാറായി. (സുഭാ. 4:18) പത്രോസ് കൊർന്നേല്യൊസിനോടും അദ്ദേഹത്തിന്റെ വീട്ടിലുള്ളവരോടും സന്തോഷവാർത്ത അറിയിച്ചു. അവർ അത് സ്വീകരിച്ചു; അവർക്കു പരിശുദ്ധാത്മാവ് ലഭിക്കുകയും അവർ സ്നാനപ്പെടുകയും ചെയ്തു. ഇതെല്ലാം കണ്ടപ്പോൾ പത്രോസിന് എത്ര സന്തോഷം തോന്നിക്കാണും!—പ്രവൃ. 10:44-48.
9. കട്ടിയായ ആത്മീയാഹാരത്തോട് ആഗ്രഹം വളർത്തുന്നതുകൊണ്ട് നമുക്ക് ഏതു രണ്ട് പ്രയോജനങ്ങൾ ഉണ്ട്?
9 പത്രോസിനെപ്പോലെ നമ്മളും ദൈവവചനം പതിവായി പഠിക്കണം. ദൈവവചനത്തിലെ അടിസ്ഥാനസത്യങ്ങളാകുന്ന പാൽ മാത്രമല്ല കട്ടിയായ ആത്മീയാഹാരത്തോടും നമ്മൾ ആഗ്രഹം വളർത്തിയെടുക്കണം. ചില കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടായി തോന്നാമെങ്കിലും അതിനായി നമ്മൾ മാറ്റിവെയ്ക്കുന്ന സമയവും ചെയ്യുന്ന ശ്രമവും ഒരിക്കലും ഒരു നഷ്ടമല്ല. എന്തുകൊണ്ട്? അതിലൂടെ നമുക്ക് കുറഞ്ഞത് രണ്ട് പ്രയോജനങ്ങൾ കിട്ടും. ഒന്ന്, യഹോവയോടുള്ള നമ്മുടെ സ്നേഹവും ആദരവും കൂട്ടുന്ന കാര്യങ്ങൾ നമ്മൾ പഠിക്കും. രണ്ട്, സ്വർഗീയപിതാവിനെക്കുറിച്ച് പുതിയപുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ അത് മറ്റുള്ളവരോടു പറയാൻ നമുക്ക് ആവേശം തോന്നും. (റോമ. 11:33; വെളി. 4:11) പത്രോസിന്റെ മാതൃകയിൽനിന്ന് പഠിക്കാനാകുന്ന മറ്റൊരു പാഠവുമുണ്ട്. ദൈവവചനത്തിലെ ചില കാര്യങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യത്തിൽ മാറ്റം വരുമ്പോൾ അതിനു ചേർച്ചയിൽ നമ്മുടെ ചിന്തകളിലും പ്രവൃത്തികളിലും പെട്ടെന്ന് മാറ്റം വരുത്താൻ തയ്യാറാകണം. എങ്കിൽ മാത്രമേ നമുക്ക് ആത്മീയാരോഗ്യത്തോടെ ഇരിക്കാനും യഹോവയ്ക്ക് നമ്മളെ ഉപയോഗിക്കാനും കഴിയൂ.
പൗലോസിനെപ്പോലെ എപ്പോഴും ആത്മീയവസ്ത്രം ധരിക്കുക
10. ആത്മീയവസ്ത്രം ധരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? (കൊലോസ്യർ 3:8-10)
10 ദൈവത്തെ സന്തോഷിപ്പിക്കാൻ നമ്മൾ ദൈവം നൽകുന്ന മറ്റൊരു കരുതലിൽനിന്നും പ്രയോജനം നേടേണ്ടതുണ്ട്. അതാണ് ആത്മീയവസ്ത്രം. എന്താണ് അത്? അപ്പോസ്തലനായ പൗലോസ് ‘പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ് പുതിയ വ്യക്തിത്വം’ ധരിക്കാൻ നമ്മളോട് ആവശ്യപ്പെടുന്നു. (കൊലോസ്യർ 3:8-10 വായിക്കുക.) ഈ വസ്ത്രം ധരിക്കുന്നതിനു നല്ല സമയവും തുടർച്ചയായ ശ്രമവും വേണം. പൗലോസിന്റെതന്നെ ജീവിതം നോക്കുക. ചെറുപ്പത്തിലേ അദ്ദേഹം ദൈവത്തിന്റെ അംഗീകാരം നേടാൻ ശ്രമിച്ചു. (ഗലാ. 1:14; ഫിലി. 3:4, 5) എന്നാൽ ദൈവത്തെ ശരിയായ രീതിയിൽ ആരാധിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ട് അദ്ദേഹം ആത്മീയമായി ദരിദ്രാവസ്ഥയിലായിരുന്നു. ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ അവഗണിക്കുന്നതോടൊപ്പം അഹങ്കാരം കൂടിയായപ്പോൾ അദ്ദേഹം ഒരു “ധിക്കാരി” ആയിത്തീർന്നു. മോശം ഗുണങ്ങൾ നിറഞ്ഞ ഒരു വസ്ത്രമാണ് പൗലോസ് ധരിച്ചിരുന്നതെന്നു പറയാം.—1 തിമൊ. 1:13.
11. പൗലോസിന് എന്ത് മാറ്റം വരുത്തേണ്ടതുണ്ടായിരുന്നു? വിശദീകരിക്കുക.
11 ഒരു ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് പൗലോസ് പെട്ടെന്ന് ദേഷ്യപ്പെടുന്ന ഒരാളായിരുന്നു. യേശുവിന്റെ ശിഷ്യന്മാരോട് വല്ലാത്ത ദേഷ്യം തോന്നിയിട്ട് പൗലോസ് അവർക്കെതിരെ ‘ഭീഷണി ഉയർത്തുകയും അവരെ ഇല്ലാതാക്കാൻ ആഗ്രഹിക്കുകയും’ ചെയ്തതായി പ്രവൃത്തികളുടെ പുസ്തകം പറയുന്നു. (പ്രവൃ. 9:1) ഒരു ക്രിസ്ത്യാനിയായിത്തീർന്ന ശേഷം പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാനും ഈ സ്വഭാവത്തിൽ മാറ്റം വരുത്താനും പൗലോസ് കഠിനമായി ശ്രമിച്ചു എന്നതിനു സംശയമില്ല. (എഫെ. 4:22, 31) എങ്കിലും പിന്നീട് ഒരു സമയത്ത് ബർന്നബാസുമായി ഒരു അഭിപ്രായവ്യത്യാസം ഉണ്ടായപ്പോൾ അത് ‘വലിയൊരു വഴക്കായി’ മാറി. (പ്രവൃ. 15:37-39) അങ്ങനെയൊരു വീഴ്ച സംഭവിച്ചെങ്കിലും പൗലോസ് മടുത്തുപിന്മാറിയില്ല. അദ്ദേഹം തന്റെ “ശരീരത്തെ ഇടിച്ചിടിച്ച്” കൊണ്ടുനടന്നു; യഹോവയുടെ അംഗീകാരം നേടാനായി തന്റെ അപൂർണതകളോട് പോരാടിക്കൊണ്ടേയിരുന്നു.—1 കൊരി. 9:27.
12. മോശം സ്വഭാവരീതികൾ ഉരിഞ്ഞുകളയാൻ പൗലോസിനെ എന്താണ് സഹായിച്ചത്?
12 മോശം സ്വഭാവരീതികൾ ഉരിഞ്ഞുകളയാനും പുതിയ വ്യക്തിത്വം ധരിക്കാനും പൗലോസിനു സാധിച്ചു. കാരണം അദ്ദേഹം സ്വന്തം ശക്തിയിൽ ആശ്രയിച്ചില്ല. (ഫിലി. 4:13) പത്രോസിനെപ്പോലെ പൗലോസും ‘ദൈവം നൽകുന്ന ശക്തിയിലാണ് ആശ്രയിച്ചത്.’ (1 പത്രോ. 4:11) എങ്കിലും ചില സമയങ്ങളിൽ താൻ ഒരു പരാജയമാണെന്നു പൗലോസിനു തോന്നിയിട്ടുണ്ട്. അപ്പോഴെല്ലാം അദ്ദേഹം സ്വർഗീയപിതാവ് തനിക്കുവേണ്ടി ചെയ്തുതന്ന നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു. അത് മടുത്തുപോകാതെ ശ്രമം തുടരാനുള്ള ശക്തി പൗലോസിനു നൽകി.—റോമ. 7:21-25.
13. നമുക്ക് പൗലോസിനെ എങ്ങനെ അനുകരിക്കാം?
13 നമുക്ക് ഇക്കാര്യത്തിൽ പൗലോസിനെ അനുകരിക്കാം. യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായാലും, പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാനും ദൈവം തരുന്ന ആത്മീയവസ്ത്രമായ പുതിയ വ്യക്തിത്വം ധരിക്കാനും നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം. എന്നാൽ അതിൽ ഒരു വീഴ്ച സംഭവിക്കുന്നെങ്കിലോ? ഉദാഹരണത്തിന്, നിങ്ങൾ ആരോടെങ്കിലും അറിയാതെ പൊട്ടിത്തെറിക്കുകയോ ദയയില്ലാതെ സംസാരിക്കുകയോ ചെയ്തുപോയെങ്കിലോ? നിങ്ങൾ ഒരു പരാജയമാണെന്നു വിചാരിക്കേണ്ടതില്ല. പകരം നിങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയിൽ മാറ്റം വരുത്താനുള്ള ശ്രമം തുടരുക. (റോമ. 12:1, 2; എഫെ. 4:24) ആ സമയത്ത് നമ്മൾ ഓർക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്: ശരിക്കുള്ള വസ്ത്രത്തിന്റെ കാര്യത്തിൽ, നമ്മുടെ വലുപ്പത്തിനനുസരിച്ച് നമ്മൾ അത് വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യും. എന്നാൽ ദൈവം തരുന്ന ആത്മീയവസ്ത്രത്തിന്റെ കാര്യം അങ്ങനെയല്ല. ദൈവത്തിന്റെ നിലവാരങ്ങളിൽ നമുക്കു മാറ്റം വരുത്താൻ പറ്റില്ല, പകരം അതിനനുസരിച്ച് നമ്മളാണ് മാറേണ്ടത്.
ദാവീദിനെപ്പോലെ ആത്മീയപാർപ്പിടത്തിൽത്തന്നെ ആയിരിക്കുക
14-15. യഹോവ തന്റെ ജനത്തിന് ആത്മീയപാർപ്പിടം കൊടുക്കുന്നത് ഏത് അർഥത്തിലാണ്? (സങ്കീർത്തനം 27:5) (ചിത്രവും കാണുക.)
14 ശരിക്കും സന്തോഷം വേണമെങ്കിൽ നമുക്ക് ആത്മീയഭക്ഷണവും ആത്മീയവസ്ത്രവും മാത്രം പോരാ, ആത്മീയപാർപ്പിടവും വേണം. എന്താണ് അത്? ആ സുരക്ഷിതസ്ഥാനത്തുതന്നെ തുടരാൻ നമുക്ക് എന്തു ചെയ്യാനാകും?
15 യഹോവ സുരക്ഷിതത്വം തരുന്ന ആത്മീയപാർപ്പിടത്തെക്കുറിച്ച് അഥവാ അഭയകേന്ദ്രത്തെക്കുറിച്ച് ദാവീദ് രാജാവ് പറഞ്ഞിട്ടുണ്ട്. (സങ്കീർത്തനം 27:5 വായിക്കുക.) യഹോവ ഇന്ന് തന്റെ ജനത്തിന് സുരക്ഷിതത്വം കൊടുക്കുന്നത് എങ്ങനെയാണ്? ദൈവത്തിൽനിന്ന് നമ്മളെ എന്നേക്കുമായി അകറ്റാൻ യഹോവ ഒന്നിനെയും, ആരെയും സമ്മതിക്കില്ല. നമ്മളെ ആളുകൾ എതിർത്താൽപ്പോലും തന്റെ ജനത്തിനെതിരെ ഉണ്ടാകുന്ന ഒരു ആയുധവും ഫലിക്കില്ലെന്നു ദൈവം ഉറപ്പു തന്നിട്ടുണ്ട്. (സങ്കീ. 34:7; യശ. 54:17) സാത്താനും അവനെ പിന്തുണയ്ക്കുന്നവരും ശക്തരാണെങ്കിലും നമുക്കു നിലനിൽക്കുന്ന ഹാനി വരുത്താൻ അവർക്കു കഴിയില്ല. അവർ നമ്മുടെ ജീവനെടുത്താൽപ്പോലും യഹോവ പുനരുത്ഥാനത്തിലൂടെ അത് തിരിച്ചുതരും. (1 കൊരി. 15:55-57; വെളി. 21:3, 4) ഇനി നമ്മുടെ വിശ്വാസം തകർത്ത് കളഞ്ഞേക്കാവുന്ന തരം ഉത്കണ്ഠകളും നമുക്കുണ്ടായേക്കാം. അതിനെ നേരിടാനും യഹോവ സഹായിക്കുന്നു. (സുഭാ. 12:25; മത്താ. 6:27-29) അതുപോലെ നമ്മുടെ സ്വർഗീയപിതാവ് ഒരു ആത്മീയകുടുംബത്തെയും നമുക്കു തന്നിട്ടുണ്ട്. നമ്മളെ പിന്തുണയ്ക്കുന്ന സഹോദരങ്ങളും നമുക്ക് ഇടയവേല ചെയ്യുന്ന മൂപ്പന്മാരും അതിൽ ഉൾപ്പെടുന്നു. (യശ. 32:1, 2) കൂടാതെ യോഗങ്ങൾക്കു പോകുമ്പോൾ യഹോവയുടെ സംരക്ഷണത്തിൽനിന്ന് പ്രയോജനം നേടാൻ കഴിയുന്ന വ്യത്യസ്തവഴികളെക്കുറിച്ച് നമുക്കു പഠിക്കാനാകുന്നു.—എബ്രാ. 10:24, 25.
ഒരു സഹോദരി ആത്മീയസഹായം കിട്ടുന്നതിനായി സഹോദരങ്ങളോടൊപ്പം മീറ്റിങ്ങിൽ പങ്കെടുക്കുന്നു (14-15 ഖണ്ഡികകൾ കാണുക)
16. യഹോവ ദാവീദിനെ ഏതൊക്കെ വിധങ്ങളിൽ സംരക്ഷിച്ചു?
16 ദാവീദ് യഹോവയെ അനുസരിച്ചപ്പോൾ, മനഃപൂർവം തെറ്റ് ചെയ്യുന്നവർക്കുണ്ടാകുന്ന പ്രശ്നങ്ങളിൽനിന്ന് അദ്ദേഹത്തിനു സംരക്ഷണം കിട്ടി. (സുഭാഷിതങ്ങൾ 5:1, 2 താരതമ്യം ചെയ്യുക.) എന്നാൽ ദാവീദ് യഹോവയുടെ നിലവാരങ്ങൾ അവഗണിച്ചപ്പോൾ അതിന്റെ പരിണതഫലങ്ങളിൽനിന്ന് ദൈവം അദ്ദേഹത്തെ സംരക്ഷിച്ചില്ല. (2 ശമു. 12:9, 10) ഇനി, സ്വന്തം തെറ്റുകൊണ്ട് അല്ലാതെ ദാവീദിനു പ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോഴോ? അപ്പോൾ ദാവീദ് യഹോവയുടെ മുമ്പാകെ തന്റെ ഹൃദയം പകർന്നു. താൻ ദാവീദിനെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിനുവേണ്ടി കരുതുന്നുണ്ടെന്നും ഉറപ്പുകൊടുത്തുകൊണ്ട് യഹോവ ദാവീദിന്റെ ഉത്കണ്ഠ കുറയ്ക്കാൻ സഹായിച്ചു.—സങ്കീ. 23:1-6.
17. നമുക്ക് ദാവീദിനെ എങ്ങനെ അനുകരിക്കാം?
17 തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ യഹോവയുടെ നിർദേശങ്ങൾക്കായി നോക്കിക്കൊണ്ട് നമുക്കു ദാവീദിനെ അനുകരിക്കാനാകും. എന്നാൽ യഹോവയെ അനുസരിക്കാതെ നമ്മൾ തെറ്റായ തീരുമാനങ്ങളാണ് എടുക്കുന്നതെങ്കിൽ അതിന്റെ പരിണതഫലങ്ങളിൽനിന്ന് യഹോവ നമ്മളെ സംരക്ഷിക്കില്ലെന്നു നമ്മൾ ഓർക്കണം. (ഗലാ. 6:7, 8) ഇനി, നമ്മൾ തെറ്റൊന്നും ചെയ്തില്ലെങ്കിലും മറ്റു കാരണങ്ങൾകൊണ്ട് പ്രശ്നങ്ങൾ സഹിക്കേണ്ടിവന്നേക്കാം. ആ സമയത്ത് യഹോവ നമ്മളെ ആശ്വസിപ്പിക്കുകയും നമ്മുടെ ചിന്തകളെ കാക്കുകയും ചെയ്യും എന്ന ഉറപ്പോടെ ഉള്ളുതുറന്ന് യഹോവയോട് പ്രാർഥിക്കുക.—ഫിലി. 4:6, 7.
ആത്മീയദാഹം തൃപ്തിപ്പെടുത്തുന്നതിൽ തുടരുക
18. ഇന്ന് നമ്മൾ എന്തു പ്രശ്നം നേരിടുന്നു, നമ്മുടെ ആത്മീയദാഹം തൃപ്തിപ്പെടുത്തുന്നതിൽ തുടരാൻ നമുക്ക് എന്തു ചെയ്യാനാകും? (ചിത്രങ്ങളും കാണുക.)
18 2026-ലെ നമ്മുടെ വാർഷികവാക്യം ഇതാണ്: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.” ഇത് മുമ്പെന്നത്തേക്കാളും ഇന്നു സത്യമാണ്. നമുക്കു ചുറ്റുമുള്ള സന്തോഷമില്ലാത്ത ആളുകളെ നോക്കിയാൽ അതു മനസ്സിലാകും. അവരിൽ പലരും തങ്ങൾക്ക് ഒരു ആത്മീയാവശ്യമുണ്ടെന്ന് അംഗീകരിക്കാത്തവരോ അല്ലെങ്കിൽ ആ ആവശ്യത്തെ വ്യാജമതങ്ങളിലൂടെയോ മനുഷ്യരുടെ തത്ത്വജ്ഞാനത്തിലൂടെയോ തൃപ്തിപ്പെടുത്താൻ നോക്കുന്നവരോ ആണ്. അവരുടെ ഈ ചിന്താഗതി നമ്മളെ സ്വാധീനിക്കാൻ അനുവദിക്കരുത്. അതിനു നമുക്ക് എന്ത് ചെയ്യാനാകും? യഹോവ തരുന്ന ആത്മീയഭക്ഷണം നന്നായി കഴിക്കുക. പുതിയ വ്യക്തിത്വമാകുന്ന വസ്ത്രം ധരിക്കുക. അതുപോലെ യഹോവ തരുന്ന സംരക്ഷണം എന്ന പാർപ്പിടത്തിൽത്തന്നെ കഴിയുക.
ആത്മീയ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിൽ നമ്മൾ തുടരണം (18-ാം ഖണ്ഡിക കാണുക)a
ഗീതം 162 എന്റെ ആത്മീയദാഹം
a ചിത്രത്തിന്റെ വിവരണം: മുൻചിത്രത്തിലെ സഹോദരി വീക്ഷാഗോപുരം പഠിച്ചുകൊണ്ട് ആത്മീയഭക്ഷണം കഴിക്കുന്നു, തന്റെ പുതിയ വ്യക്തിത്വത്തിന്റെ ഭാഗമായി മറ്റുള്ളവരോട് ദയ കാണിക്കുന്നു, തന്നെ സ്നേഹത്തോടെ വഴി നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മൂപ്പന്മാരുടെ സഹായം സ്വീകരിക്കുന്നു.