നിങ്ങൾ ഓർക്കുന്നുണ്ടോ?
വീക്ഷാഗോപുരത്തിന്റെ ഈ വർഷത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധയോടെ വായിച്ചുകാണുമല്ലോ. പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോ?
യഹോവയ്ക്കു മഹത്ത്വം കൊടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്?
യഹോവയെ ആഴമായി ബഹുമാനിക്കുന്നതുകൊണ്ടും ഒരുപാടു സ്നേഹിക്കുന്നതുകൊണ്ടും മറ്റുള്ളവർ യഹോവയെക്കുറിച്ച് അറിയാൻ നമ്മൾ ആഗ്രഹിക്കുന്നതുകൊണ്ടും ആണ് നമ്മൾ യഹോവയ്ക്കു മഹത്ത്വം കൊടുക്കുന്നത്.—w25.01, പേ. 3.
ആരെങ്കിലും നമ്മളെ വേദനിപ്പിക്കുമ്പോൾ അവരോടു ക്ഷമിക്കാൻ നമ്മളെ എന്തു സഹായിക്കും?
നമ്മൾ വികാരങ്ങൾ വെറുതേ അവഗണിക്കില്ല. എങ്കിലും ഉള്ളിലുള്ള ദേഷ്യവും വെറുപ്പും വിട്ടുകളയാൻ തീരുമാനിക്കുന്നെങ്കിൽ വിദ്വേഷം ഉള്ളിൽവെക്കുന്നതിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാൻ നമുക്കു കഴിയും.—w25.02, പേ. 15-16.
ശിഷ്യനായ മർക്കോസ് യുവസഹോദരന്മാർക്കു നല്ലൊരു മാതൃകയായിരിക്കുന്നത് എന്തുകൊണ്ട്?
മറ്റുള്ളവരെ സേവിക്കാൻ നിയമനം കിട്ടിയപ്പോൾ മർക്കോസ് അതു മനസ്സോടെ സ്വീകരിച്ചു. മർക്കോസിന് സങ്കടവും നിരാശയും തോന്നിയിരിക്കാവുന്ന ഒരു സാഹചര്യം ഉണ്ടായപ്പോഴും അദ്ദേഹം മടുത്ത് പിന്മാറിയില്ല. പൗലോസ് ഉൾപ്പെടെയുള്ള വിശ്വസ്തരായ പല സഹോദരങ്ങളുമായി അദ്ദേഹം നല്ലൊരു ബന്ധം വളർത്തിയെടുത്തു.—w25.04, പേ. 27.
“ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു” എന്നു പ്രാർഥിച്ചപ്പോൾ യേശു എന്താണ് അർഥമാക്കിയത്? (യോഹ. 17:26)
യേശുവിന്റെ ശിഷ്യന്മാർക്കു ദൈവത്തിന്റെ പേര് അപ്പോൾത്തന്നെ അറിയാമായിരുന്നു. അതുകൊണ്ട് ആ പേരിനു പിന്നിലെ വ്യക്തിയെക്കുറിച്ച് താൻ പഠിപ്പിച്ചെന്നാണു യേശു ഉദ്ദേശിച്ചത്. അതായത് യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതിയെക്കുറിച്ചും യേശു അവരെ പഠിപ്പിച്ചു.—w25.05, പേ. 20-21.
എളിമയുണ്ടെങ്കിൽ നമ്മൾ എന്തു മനസ്സിലാക്കും?
അറിയില്ലാത്ത ചില കാര്യങ്ങളുമുണ്ടെന്ന് നമ്മൾ മനസ്സിലാക്കും. ഉദാഹരണത്തിന്, അവസാനം എപ്പോൾ വരുമെന്നോ ആ സമയത്ത് യഹോവ ഏതു വിധത്തിൽ പ്രവർത്തിക്കുമെന്നോ നാളെ എന്തു സംഭവിക്കുമെന്നോ നമുക്ക് അറിയില്ല. അതുപോലെ യഹോവയ്ക്കു നമ്മളെ എത്ര നന്നായി അറിയാമെന്നും നമുക്കു മനസ്സിലാക്കാനാകില്ല.—w25.06, പേ. 14-18.
ഒരു ലേഖനത്തിൽനിന്നോ പൊതുപ്രസംഗത്തിൽനിന്നോ പ്രയോജനം നേടാൻ എന്തു സഹായിക്കും?
നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഈ ബൈബിൾസത്യം ബോധ്യപ്പെടുത്താൻ എന്തൊക്കെ തെളിവുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്? പഠിപ്പിക്കുമ്പോൾ എനിക്കു പറയാനാകുന്ന നല്ലൊരു ദൃഷ്ടാന്തം ഇതിലുണ്ടോ? ഈ വിഷയം ഇഷ്ടപ്പെടുന്നത് ആർക്കായിരിക്കും?’—w25.07, പേ. 19.
യഹോവ ദാവീദിനോട് ഇടപെട്ടതിൽനിന്ന് യഹോവ ക്ഷമിക്കുന്നതിനെക്കുറിച്ച് നമുക്ക് എന്തു മനസ്സിലാക്കാം?
ദാവീദ് ഗുരുതരമായ പാപങ്ങൾ ചെയ്തെങ്കിലും ആത്മാർഥമായി പശ്ചാത്തപിച്ചതുകൊണ്ട് യഹോവ അദ്ദേഹത്തോട് ക്ഷമിച്ചു. (1 രാജാ. 9:4, 5) ദൈവം ഒരു തെറ്റ് ക്ഷമിച്ചാൽപ്പിന്നെ അതു മനസ്സിൽ വെച്ചുകൊണ്ടിരിക്കുകയോ ഭാവിയിൽ വീണ്ടും അതിന്റെ പേരിൽ കുറ്റപ്പെടുത്തുകയോ ചെയ്യില്ല.—w25.08, പേ. 17.
ഒരു കാര്യം ബൈബിൾവിദ്യാർഥിക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം?
നിങ്ങൾ ബൈബിളിൽനിന്ന് ഒരു കാര്യം നന്നായി പഠിപ്പിച്ചശേഷവും വിദ്യാർഥിക്ക് അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ പഠനം മുന്നോട്ടു കൊണ്ടുപോകുക. പിന്നീട് പതിയെ അതിലേക്ക് തിരിച്ചുവരാൻ പ്ലാൻ ചെയ്യുക.—w25.09, പേ. 24.
പാപത്തിനു നമ്മളെ ‘വഞ്ചിക്കാനുള്ള’ ശക്തിയുണ്ട്. (എബ്രാ. 3:13) അതിന്റെ അർഥം എന്താണ്?
നമ്മുടെ ഉള്ളിലെ പാപത്തിനു തെറ്റായ പ്രവൃത്തികൾ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കാനാകും. യഹോവ നമ്മളെ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്നതുപോലുള്ള സംശയങ്ങൾ എപ്പോഴും തോന്നാനും അത് ഇടയാക്കിയേക്കാം.—w25.10, പേ. 16.
ഉള്ളുതുറന്ന് പ്രാർഥിക്കാൻ നമ്മളെ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ ഏതൊക്കെയാണ്?
(1) യഹോവയുടെ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക. (2) ഇപ്പോൾ നമ്മൾ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് ചിന്തിച്ചിട്ട് അതു പ്രാർഥനയിൽ പറയുക. ഉദാഹരണത്തിന് നമ്മൾ ആരോടെങ്കിലും ക്ഷമിക്കേണ്ടതുണ്ടെങ്കിൽ അതു പറയാം. (3) സമയമെടുത്ത് പ്രാർഥിക്കുക. അപ്പോൾ ഉള്ളിലെ ചിന്തകളും വികാരങ്ങളും നമ്മൾ തുറന്നുപറയാനുള്ള സാധ്യത കൂടുതലാണ്.—w25.10, പേ. 19-20.
പ്രായമായവരെ നമുക്ക് എങ്ങനെ സഹായിക്കാം?
നമുക്കു പ്രായമായ സഹോദരങ്ങളെ പതിവായി ചെന്നുകാണുകയും വിളിക്കുകയും ചെയ്യാം. ഡോക്ടറെ കാണാൻ അവരുടെ കൂടെ പോകാനും നമുക്കു കഴിഞ്ഞേക്കും. അല്ലെങ്കിൽ ശുശ്രൂഷയുടെ വിവിധ വശങ്ങളിൽ അവരോടൊപ്പം പ്രവർത്തിക്കാൻ നമുക്കാകും.—w25.11, പേ. 6-7.
യഹോവയ്ക്കു മഹത്ത്വം കൊടുക്കുന്ന, മാന്യമായ ഒരു വിവാഹം എങ്ങനെ നടത്താം?
ഗവൺമെന്റ് നിയമങ്ങൾ അനുസരിക്കുക. വിവാഹപരിപാടികളുടെയും വിരുന്നിന്റെയും സമയത്ത് ദൈവാത്മാവിന്റെ ഗുണങ്ങൾ പ്രതിഫലിക്കുന്ന ഒരു അന്തരീക്ഷമാണ് ഉള്ളതെന്ന് ഉറപ്പുവരുത്തുക. വസ്ത്രം മാന്യമായിരിക്കണം; തിരുവെഴുത്ത് വിരുദ്ധമായ ആചാരങ്ങൾ ഒഴിവാക്കണം. വിവാഹദിനത്തോട് ബന്ധപ്പെട്ട് പ്ലാൻ ചെയ്യുമ്പോൾ നല്ല ആശയവിനിമയം ഉണ്ടായിരിക്കുകയും വേണം.—w25.12, പേ. 21-24