‘സകല സത്പ്രവൃത്തിക്കും ഒരുങ്ങിയിരിപ്പിൻ’
1 ഒരു പുതിയ പ്രസംഗ പര്യടനത്തിനു തുടക്കംകുറിച്ചപ്പോൾ അതിനായി തന്റെ ശിഷ്യന്മാരെ സജ്ജരാക്കാൻ യേശു സമയം ചെലവഴിച്ചു. (മത്താ. 10:5–14) നാമെല്ലാം വളരെ തിരക്കുള്ളവരാണെങ്കിലും വീടുതോറുമുള്ള ശുശ്രൂഷയ്ക്കുമുമ്പ് തയ്യാറാകാൻ ഏതാനും മിനിട്ടുകൾ ചെലവഴിക്കുന്നതുപോലും സത്ഫലങ്ങൾ കൊയ്യാൻ നമ്മെ സഹായിക്കും.—2 കൊരി. 9:6.
2 തയ്യാറാകേണ്ട വിധം: സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രസിദ്ധീകരണത്തിന്റെ ഉള്ളടക്കം മനസ്സിലാക്കുന്നതാണ് നല്ല തയ്യാറാകലിന്റെ ആദ്യപടി. പ്രദേശത്തുള്ള ആളുകൾ എങ്ങനെയുള്ളവരാണെന്ന കാര്യവും നാം മനസ്സിൽപ്പിടിക്കണം. അവരെ വ്യാകുലപ്പെടുത്തുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? അവർ ഏതു മതപശ്ചാത്തലങ്ങളിൽപ്പെട്ടവരാണ്? എന്തു സമീപനം സ്വീകരിക്കണമെന്നു തീരുമാനിക്കാൻ നമ്മുടെ രാജ്യ ശുശ്രൂഷയിലും ന്യായവാദം പുസ്തകത്തിലുമുള്ള മാതൃകാവതരണങ്ങൾ പരിശോധിക്കാവുന്നതാണ്.
3 സേവനയോഗത്തിലെ അവതരണങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നതും നമ്മെ സഹായിക്കും. അനുഭവപരിചയം വർധിക്കുമ്പോൾ തയ്യാറാകാൻ നമുക്ക് അധികം സമയം വേണ്ടിവരില്ല. എന്നാൽ ഓരോ പ്രാവശ്യവും ശുശ്രൂഷയ്ക്കു പുറപ്പെടുന്നതിനുമുമ്പ്, പറയാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് അൽപ്പമൊന്നു ചിന്തിച്ചുകൊണ്ട് അവതരണം മികവുറ്റതാക്കുന്നെങ്കിൽ നമ്മുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമായിത്തീരും. സാക്ഷീകരണത്തിന് ആവശ്യമുള്ളതെല്ലാം നമ്മുടെ ബാഗിലുണ്ടെന്നും നാം ഉറപ്പുവരുത്തണം.
4 അവതരണങ്ങൾ ഓർത്തിരിക്കാൻ നമ്മെ എന്തു സഹായിക്കും? ഉച്ചത്തിൽ പറഞ്ഞുപരിശീലിക്കുന്നതാണ് ഒരു മാർഗം. ചിലർ കുടുംബാധ്യയനവേളയിൽ പരിശീലന സെഷനുകൾ നടത്തുന്നു. അവതരണത്തിന്റെ ഒരു ചെറിയ കുറിപ്പുണ്ടാക്കുന്നതും വീട്ടുകാരനെ സമീപിക്കുന്നതിനു തൊട്ടുമുമ്പ് അതിലൂടെ ഒന്നു കണ്ണോടിക്കുന്നതും സഹായകമാണെന്ന് മറ്റു ചിലർ കണ്ടെത്തിയിരിക്കുന്നു.
5 പ്രയോജനകരമായിരിക്കുന്നതിന്റെ കാരണം: നല്ല തയ്യാറാകൽ ശുശ്രൂഷയിലുള്ള നമ്മുടെ ഫലപ്രദത്വവും സന്തോഷവും വർധിപ്പിക്കും. അങ്ങനെയാകുമ്പോൾ പിരിമുറുക്കം കൂടാതെ വീട്ടുകാരനെ സമീപിക്കാനാകും. ചോദ്യങ്ങളോ ആരോപണങ്ങളോ ഉണ്ടാകുമ്പോൾ ഉചിതമായ വാക്കുകൾ ഉപയോഗിച്ച് സൗമ്യതയോടെ ഉത്തരം നൽകാൻ നമുക്കാകും. എന്തു പറയണമെന്നു ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം വീട്ടുകാരനു നല്ല ശ്രദ്ധ കൊടുക്കാൻ അതിലൂടെ നമുക്കു കഴിയും. കൂടാതെ, പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം നന്നായി മനസ്സിലാക്കുന്നത് കൂടുതൽ ബോധ്യത്തോടും ഉത്സാഹത്തോടും കൂടെ അവ നൽകാൻ നമ്മെ സഹായിക്കും.
6 “സകലസൽപ്രവൃത്തിക്കും ഒരുങ്ങി”യിരിക്കാൻ തിരുവെഴുത്തുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (തീത്തൊ. 3:1) സുവാർത്താഘോഷണത്തെക്കാൾ മികച്ച എന്തു വേലയാണുള്ളത്? നന്നായി തയ്യാറാകുന്നതിലൂടെ, ശ്രദ്ധിക്കാൻ മനസ്സു കാണിക്കുന്ന വീട്ടുകാരോടും നാം പ്രതിനിധാനം ചെയ്യുന്ന യഹോവയോടും ആദരവ് പ്രകടമാക്കുകയാണു നാം.—യെശ. 43:10.