വിശ്വസ്തതയുടെ ദൃഷ്ടാന്തങ്ങൾ
1 മുഴുസമയ സേവനത്തിന്റെ ഒരു പുതിയ സവിശേഷതയായിരുന്നു 1937-ൽ ആരംഭിച്ച പ്രത്യേക പയനിയർ വേല. പ്രാപ്തരും ക്രിസ്തീയ ശുശ്രൂഷയിൽ അനുഭവസമ്പന്നരുമായ സ്ത്രീപുരുഷന്മാർ സംഘടന താത്പര്യപ്പെടുന്ന എവിടെയും സേവിക്കാൻ സന്നദ്ധരായി മുന്നോട്ടുവന്നു. പതിറ്റാണ്ടുകൾക്കുശേഷം ഇന്നും പ്രത്യേക പയനിയർമാർ വിശ്വസ്തതയുടെ അനുകരണയോഗ്യമായ ദൃഷ്ടാന്തങ്ങളായി തുടരുന്നു.—എബ്രാ. 6:12.
2 മുൻനിരയിൽ പ്രവർത്തിച്ചവർ: ഗ്രാമഫോണുമായി വീടുകൾ സന്ദർശിച്ച് റെക്കോർഡു ചെയ്ത സന്ദേശങ്ങൾ കേൾപ്പിച്ചുകൊണ്ടായിരുന്നു പ്രത്യേക പയനിയർമാർ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചത്. മടക്കസന്ദർശനവേളയിലും ബൈബിൾ ചർച്ചകൾക്കുള്ള അടിസ്ഥാനമായി റെക്കോർഡു ചെയ്ത വിവരങ്ങൾ അവർ ഉപയോഗിച്ചിരുന്നു. സഭകൾ അപ്പോൾത്തന്നെ സ്ഥാപിതമായിരുന്ന വലിയ നഗരങ്ങളിലായിരുന്നു ആ രീതി അവലംബിച്ചിരുന്നത്. പിന്നീട് രാജ്യഘോഷകരുടെ വർധിച്ച ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേക പയനിയർമാരെ അയയ്ക്കുകയുണ്ടായി. താത്പര്യം കാണിച്ച സകലരെയും അവർ വീണ്ടും സന്ദർശിക്കുകയും ബൈബിളധ്യയനങ്ങൾ നടത്തുകയും ചെയ്തു. അവരുടെ ആത്മാർഥമായ പരിശ്രമത്തിന്റെ ഫലമായി നൂറുകണക്കിനു പുതിയ സഭകൾ രൂപംകൊണ്ടു. സുവാർത്താപ്രസംഗത്തിലെ അവരുടെ അക്ഷീണയത്നം നാം ഇന്നു സംഘടനയിൽ കാണുന്ന വളർച്ചയ്ക്കു കളമൊരുക്കി. (യെശ. 60:22) “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” സുവാർത്ത എത്തിക്കുന്നതിൽ പ്രത്യേക പയനിയർമാർ ഇന്നും ഒരു സുപ്രധാന പങ്കുവഹിക്കുന്നു.—കൊലൊ. 1:23.
3 അനുകരണയോഗ്യർ: പതിറ്റാണ്ടുകളായി മുഴുസമയ ശുശ്രൂഷ ചെയ്യുന്നവരാണ് ചില പ്രത്യേക പയനിയർമാർ. ഈ വർഷങ്ങളിലെല്ലാം വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കടന്നുപോയ വിശ്വസ്തരായ ആ സ്ത്രീപുരുഷന്മാരുടെ വിശ്വാസം നല്ലവണ്ണം സ്ഫുടം ചെയ്യപ്പെട്ടിരിക്കുന്നു. (1 പത്രൊ. 1:6, 7) പ്രത്യേക ആവശ്യമുള്ള സ്ഥലങ്ങളിൽ സേവിക്കാനായി സുഖസൗകര്യങ്ങൾ ബലികഴിക്കാൻ അവർ തയ്യാറായിരുന്നിട്ടുണ്ട്. അവരിൽ ചിലരെല്ലാം ഇപ്പോൾ പ്രായംചെന്നവരും ആരോഗ്യപ്രശ്നങ്ങളോ വെല്ലുവിളി നിറഞ്ഞ മറ്റു സ്ഥിതിവിശേഷങ്ങളോ നേരിടുന്നവരുമാണ്. (2 കൊരി. 4:16, 17) സാമ്പത്തിക സ്ഥിതിയിലുണ്ടായ അപ്രതീക്ഷിതമാറ്റം ഇന്ത്യയിലെ വേലയെ ബാധിച്ചപ്പോൾ അവരിലനേകർക്കും പ്രിയങ്കരമായ തങ്ങളുടെ സേവനപദവി കൈവിടേണ്ടിവന്നു. എങ്കിലും “വാർദ്ധക്യത്തിലും അവർ ഫലം കായിച്ചു”കൊണ്ടിരിക്കുന്നു. (സങ്കീ. 92:14) യഹോവയിൽ ആശ്രയം വെച്ചുകൊണ്ട് അവർ അവനിൽനിന്നുള്ള അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു.—സങ്കീ. 34:8; സദൃ. 10:22.
4 പ്രത്യേക പയനിയർമാർ തീർച്ചയായും നമ്മുടെ ഹൃദയംഗമമായ അഭിനന്ദനം അർഹിക്കുന്നു. മുമ്പു പ്രത്യേക പയനിയർമാർ ആയിരുന്നവരോ ഇപ്പോൾ പ്രത്യേക പയനിയർമാരായി സേവിക്കുന്നവരോ നിങ്ങളുടെ സഭയിൽ ഉണ്ടെങ്കിൽ അവരോടൊത്തു സമയം ചെലവഴിച്ചുകൊണ്ടും അവരുടെ അനുഭവപരിചയത്തിൽനിന്നു പഠിച്ചുകൊണ്ടും നിങ്ങൾക്കുള്ള നല്ല അവസരം നന്നായി പ്രയോജനപ്പെടുത്തുക. വിശ്വസ്ത രാജ്യഘോഷകർ എന്ന നിലയിൽ അവർ അനുഷ്ഠിക്കുന്ന സേവനത്തോടു വിലമതിപ്പു പ്രകടമാക്കുക. അവരുടെ ദൃഢവിശ്വസ്തതയിൽനിന്നു പ്രോത്സാഹനം ഉൾക്കൊള്ളുക. അവരുടെ വിശ്വാസം അനുകരിക്കുന്ന ഏവർക്കും അവരെപ്പോലെതന്നെ യഹോവയുടെ പ്രീതിയും അനുഗ്രഹവും ആസ്വദിക്കാനാകും, എന്തുകൊണ്ടെന്നാൽ “വിശ്വസ്തതാപൂർവം പെരുമാറുന്നവർ അവനു പ്രിയങ്കരരാണ്.”—സദൃ. 12:22, ഓശാന ബൈബിൾ.