ഓർമ്മിക്കാനുള്ള ദിവസം
“നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.”—യോഹന്നാൻ 16:33.
1, 2. ചരിത്രത്തിലെ ഏതു ഏക ദിവസം മറെറല്ലാ ദിവസങ്ങളിൽനിന്നും മുന്തിനിൽക്കുന്നു, എന്തുകൊണ്ട്?
ലോകത്തിന് ഇന്ന് സമാധാനത്തെക്കുറിച്ച് വളരെയധികം പറയാനുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ സമാധാനം സഖ്യകക്ഷികളുടെ വി-ഈ ദിനത്തോടും വി-ജെ ദിനത്തോടും ബന്ധപ്പെട്ടിരുന്നു.a ഓരോ വർഷവും, ക്രിസ്‌മസ് ആളുകൾ ‘ഭൂമിയിലെ സമാധാന’ത്തെക്കുറിച്ച് ചിന്തിക്കാനിടയാക്കുന്നു. (ലൂക്കോസ് 2:14) എന്നാൽ മുഴു മനുഷ്യചരിത്രത്തിലും മറെറല്ലാററിൽനിന്നും മുന്തിനിൽക്കുന്ന ഒരു ദിവസമുണ്ട്. അത് മേലുദ്ധരിക്കപ്പെട്ട വാക്കുകൾ യേശുക്രിസ്‌തു പറഞ്ഞ ദിവസമാണ്. മനുഷ്യവർഗ്ഗം ഇവിടെ ഭൂമിയിൽ സ്ഥിതിചെയ്‌തിരിക്കുന്ന ഇരുപതുലക്ഷത്തിൽപരം ദിവസത്തിൽ മനുഷ്യവർഗ്ഗത്തിന്റെ നിത്യനൻമക്കായി അതിന്റെ ഗതിക്ക് പൂർണ്ണമായും മാററംവരുത്തിയ ഏക ദിവസം ആണത്.
2 ആ സുപ്രധാന ദിവസം യഹൂദ പഞ്ചാംഗത്തിൽ നീസാൻ 14 ആണ്. നമ്മുടെ പൊതുയുഗത്തിന്റെ 33-ാമാണ്ടിൽ നീസാൻ 14 ഏപ്രിൽ 1ന്റെ സൂര്യാസ്‌തമയത്തിങ്കൽ തുടങ്ങി. നമുക്ക് ആ അതീവ പ്രാധാന്യമുള്ള ദിവസത്തിലെ സംഭവങ്ങളെക്കുറിച്ച് പരിചിന്തിക്കാം.
നീസാൻ 14
3. ഈ അന്തിമ മണിക്കൂറുകളെ യേശു എങ്ങനെ വിനിയോഗിച്ചു?
3 ആ സായാഹ്നമാകവേ, യഹോവ സമയങ്ങളെയും കാലങ്ങളെയും നിശ്ചയിക്കുന്നുവെന്നതിന്റെ ഒരു ഓർമ്മിപ്പിക്കലായി മനോഹരമായ ഒരു പൂർണ്ണചന്ദ്രൻ പ്രകാശിച്ചിരിക്കാനിടയുണ്ട്. (പ്രവൃത്തി 1:7) യഹൂദൻമാരുടെ വാർഷികപെസഹാ ആഘോഷിക്കാൻ യേശുവും അവന്റെ 12 അപ്പോസ്‌തലൻമാരും സമ്മേളിച്ചിരിക്കുന്ന ആ മാളികമുറിയിൽ എന്താണ് സംഭവിക്കുന്നത്? യേശു ‘ഈ ലോകത്തിൽനിന്ന് പിതാവിന്റെ അടുക്കലേക്ക് നീങ്ങാൻ ഒരുക്കംനടത്തുമ്പോൾ അവൻ തന്റെ സ്വന്തക്കാർക്കുവേണ്ടി അവസാനത്തോളം സ്‌നേഹം പ്രകടമാക്കുകയാണ്.’ (യോഹന്നാൻ 13:1) അവൻ ഇത് എങ്ങനെയാണ് ചെയ്യുന്നത്? യേശു ലോകത്തെ ജയിക്കാൻ തന്റെ ശിഷ്യൻമാരെ സഹായിക്കുന്ന ഗുണങ്ങൾ അവരിൽ വാക്കിനാലും ദൃഷ്ടാന്തത്താലും നിവേശിപ്പിക്കുന്നതിൽ തുടരുന്നു.
താഴ്‌മയും സ്‌നേഹവും ധരിക്കൽ
4. (എ) യേശു തന്റെ ശിഷ്യൻമാർക്ക് എങ്ങനെ ഒരു അടിസ്ഥാനഗുണം പ്രകടിപ്പിച്ചുകാണിച്ചു? (ബി) പത്രോസ് താഴ്‌മയുടെ പാഠം പഠിച്ചുവെന്ന് നാം എങ്ങനെ അറിയുന്നു?
4 അപ്പോസ്‌തലൻമാർക്ക് ഇപ്പോഴും അതിമോഹത്തോടുകൂടിയ അസൂയയും അഹങ്കാരവും ഒരളവിൽ നീക്കംചെയ്യേണ്ടതുണ്ട്. അതുകൊണ്ട് യേശു തന്റെ അരക്ക് ഒരു തോർത്ത് കെട്ടി അവരുടെ പാദങ്ങൾ കഴുകാൻ തുടങ്ങുന്നു. റോമിൽ ഓരോ വർഷവും ക്രൈസ്‌തവലോകത്തിലെ പാപ്പാ അഭിനയിക്കുന്നതുപോലെയുള്ള കളിയായ താഴ്‌മയുടെ പ്രകടനമല്ല. തീർച്ചയായുമല്ല! യഥാർത്ഥ താഴ്‌മ ‘മററുള്ളവരെ ശ്രേഷ്‌ഠരെന്നു പരിഗണിക്കുന്ന മനസ്സിന്റെ എളിമ’യിൽനിന്ന് സംജാതമാകുന്ന ഒരു സ്വയംകൊടുക്കലാണ്. (ഫിലിപ്പിയർ 2:2-5) ആദ്യം, പത്രോസ് ആശയം മനസ്സിലാകാതെ തന്റെ പാദങ്ങൾ യേശു കഴുകുന്നതിനു വിസമ്മതിക്കുന്നു. തിരുത്തപ്പെട്ടപ്പോൾ, തന്റെ മുഴു ശരീരവും കഴുകാൻ അവൻ യേശുവിനോട് അപേക്ഷിക്കുന്നു. (യോഹന്നാൻ 13:1-10) എന്നുവരികിലും, പത്രോസ് പാഠം പഠിച്ചിരിക്കണം. വർഷങ്ങൾ കഴിഞ്ഞ് അവൻ മററുള്ളവരെ ശരിയായി ബുദ്ധിയുപദേശിക്കുന്നതായി നാം കാണുന്നു. (1 പത്രോസ് 3:8, 9; 5:5) ഇന്ന് നമ്മളെല്ലാം ക്രിസ്‌തുവിനുവേണ്ടി താഴ്‌മയോടെ അടിമവേല ചെയ്യുന്നത് എത്ര പ്രധാനമാണ്!—സദൃശവാക്യങ്ങൾ 22:4; മത്തായി 23:8-12 കൂടെ കാണുക.
5. യേശുവിനാലുള്ള ഏതു കല്‌പന കൂടുതലായ ഏതു അടിസ്ഥാന ഗുണത്തിന്റെ പ്രാധാന്യം പ്രകടമാക്കി?
5 യേശുവിന്റെ ബുദ്ധിയുപദേശത്തിൽനിന്ന് 12 പേരിൽ ഒരാൾക്ക് പ്രയോജനംകിട്ടുന്നില്ല. അത് യൂദാ ഈസ്‌കരിയോത്തായിക്കാണ്. പെസഹാഭക്ഷണം തുടരുമ്പോൾ യേശു ആത്മാവിൽ അസ്വസ്ഥനായി തന്റെ ഒററുകാരനായി യൂദായെ തിരിച്ചറിയിക്കുകയും അവനെ പറഞ്ഞുവിടുകയും ചെയ്യുന്നു. ഇതിനുശേഷം മാത്രമാണ് യേശു വിശ്വസ്‌തരായ തന്റെ 11 അപ്പോസ്‌തലൻമാരോട് ഇങ്ങനെ പറയുന്നത്: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്ന് പുതിയോരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്ക് തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) ഇത് യഥാർത്ഥത്തിൽ യേശുവിന്റെ പരമവിശിഷ്ടമായ ദൃഷ്ടാന്തത്താൽ ചിത്രീകരിക്കപ്പെട്ടതുപോലെ, ഒരു പുതിയ കല്‌പനയാണ്. യേശുവിന്റെ ബലിമരണത്തിന്റെ നാഴിക സമീപിച്ചുവരുമ്പോൾ അവൻ മുന്തിയ സ്‌നേഹം പ്രകടമാക്കുന്നു. അവൻ തന്റെ ശിഷ്യൻമാരെ പഠിപ്പിക്കാനും പ്രോൽസാഹിപ്പിക്കാനും വിലയേറിയ ഓരോ മിനിററും ഉപയോഗിക്കുന്നു. പിന്നീട്, അവൻ സ്‌നേഹത്തിന്റെ പ്രാധാന്യത്തെ ദൃഢീകരിച്ചുകൊണ്ടു പറയുന്നു: “ഞാൻ നിങ്ങളെ സ്‌നേഹിച്ചിരിക്കുന്നതുപോലെ, നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നാകുന്നു എന്റെ കല്‌പന. സ്‌നേഹിതൻമാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആർക്കുമില്ല.”—യോഹന്നാൻ 15:12, 13.
“വഴിയും സത്യവും ജീവനും”
6. യേശു തന്റെ ഉററ ശിഷ്യരുടെ മുമ്പാകെ ഏതു ലക്ഷ്യം വെക്കുന്നു?
6 യേശു വിശ്വസ്‌തരായ 11 പേരോടു പറയുന്നു: “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.” (യോഹന്നാൻ 14:1, 2) ഈ സ്ഥലം “സ്വർഗ്ഗരാജ്യ”ത്തിൽ ആയിരിക്കേണ്ടതാണ്. (മത്തായി 7:21) ഈ വിശ്വസ്‌ത ശിഷ്യരുടെ ഉററ സംഘത്തിന് എങ്ങനെ തങ്ങളുടെ ലക്ഷ്യം പ്രാപിക്കാമെന്ന് യേശു പ്രസ്‌താവിക്കുന്നു. അവൻ പറയുന്നു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരം അല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” (യോഹന്നാൻ 14:6) ഭൂമിയിലെ നിത്യജീവൻ പ്രാപിക്കുന്ന മനുഷ്യവർഗ്ഗത്തിൽ പെട്ടവർക്കും ഇത് ബാധകമാണ്.—വെളിപ്പാട് 7:9, 10; 21:1-4.
7-9. യേശു തന്നേത്തന്നെ “വഴിയും സത്യവും ജീവനും” എന്ന് വർണ്ണിച്ചതെന്തുകൊണ്ട്?
7 യേശു “വഴി”യാണ്. പ്രാർത്ഥനയിൽ ദൈവത്തെ സമീപിക്കാനുള്ള ഏക വഴി യേശുക്രിസ്‌തുവിലൂടെ മാത്രമാണ്. യേശുവിന്റെ നാമത്തിൽ എന്തുതന്നെ യാചിച്ചാലും പിതാവ് അവർക്ക് കൊടുക്കുമെന്ന് യേശുതന്നെ അവർക്ക് ഉറപ്പുകൊടുക്കുന്നു. (യോഹന്നാൻ 15:16) വിഗ്രഹങ്ങളിലേക്കോ മത “വിശുദ്ധൻമാരി”ലേക്കോ തിരിച്ചുവിടുന്നതോ നൻമനിറഞ്ഞ മറിയം നിറഞ്ഞതോ ആവർത്തനമായ ജല്‌പനം നിറഞ്ഞതോ ആയ പ്രാർത്ഥനകളൊന്നും പിതാവ് കേൾക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. (മത്തായി 6:5-8) കൂടാതെ, യേശുവിനെക്കുറിച്ച് പ്രവൃത്തികൾ 4:12-ൽ നാം ഇങ്ങനെ വായിക്കുന്നു: “നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.”
8 യേശു “സത്യ”മാണ്. അവനെക്കുറിച്ച് അപ്പോസ്‌തലനായ യോഹന്നാൻ ഇങ്ങനെ പ്രസ്‌താവിച്ചു: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു.” (യോഹന്നാൻ 1:14) യേശു എബ്രായ തിരുവെഴുത്തുകളിലെ നൂറുകണക്കിന് പ്രവചനങ്ങൾ നിവർത്തിച്ചുകൊണ്ട് അവയിലെ സത്യമായിത്തീർന്നു. (2 കൊരിന്ത്യർ 1:20; വെളിപ്പാട് 19:10) തന്റെ ശിഷ്യൻമാരോടും തന്നെ കേട്ട ജനക്കൂട്ടങ്ങളോടും സംസാരിച്ചപ്പോഴും കപടഭക്തരായ വൈദികരോടു തർക്കിച്ചപ്പോഴും തന്റെ ജീവിക്കുന്ന ദൃഷ്ടാന്തത്താലും അവൻ സത്യം അറിയിച്ചു.
9 യേശു “ജീവൻ” ആണ്. ദൈവപുത്രൻ എന്ന നിലയിൽ യേശു പറഞ്ഞു: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹന്നാൻ 3:36) യേശുവിന്റെ ബലിയിൽ അർപ്പിക്കപ്പെടുന്ന വിശ്വാസം നിത്യജീവനിലേക്കു നയിക്കുന്നു—അഭിഷിക്തക്രിസ്‌ത്യാനികളുടെ ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിന് സ്വർഗ്ഗത്തിലെ അമർത്ത്യജീവനും “വേറെ ആടുകളുടെ” ഒരു മഹാപുരുഷാരത്തിന് പറുദീസാഭൂമിയിലെ നിത്യജീവനും.—ലൂക്കോസ് 12:32; 23:43; യോഹന്നാൻ 10:16.
പീഡനം സഹിക്കൽ
10. നാം ‘ലോകത്തെ ജയിക്കേണ്ട’ ആവശ്യമുള്ളതെന്തുകൊണ്ട്, ഈ കാര്യത്തിൽ യേശു എന്തു പ്രോൽസാഹനം നൽകി?
10 യഹോവയുടെ പുതിയ വ്യവസ്ഥിതിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്നവർ പിശാചായ സാത്താനായ “ദുഷ്ടനായവന്റെ അധികാരത്തിൻ കീഴിൽ കിടക്കുന്ന” ഒരു ലോകത്തോട് പോരാടേണ്ടിയിരിക്കുന്നു. (1 യോഹന്നാൻ 5:19, NW.) അപ്പോൾ യോഹന്നാൻ 15:17-19-ലെ യേശുവിന്റെ വാക്കുകൾ എത്ര പ്രോൽസാഹജനകമാണ്! അവൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണ്ടതിന്നു ഞാൻ ഇതു നിങ്ങളോടു കൽപ്പിക്കുന്നു. ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ. നിങ്ങൾ ലോകക്കാർ ആയിരുന്നുവെങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ട് ലോകം നിങ്ങളെ പകെക്കുന്നു.” സത്യക്രിസ്‌ത്യാനികൾ ഈ 1992 വരെയും പകെക്കപ്പെട്ടിട്ടുണ്ട്, ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ വിനീതമായി ശക്തി കണ്ടെത്തിക്കൊണ്ട് ഉറച്ചുനിൽക്കുന്നതിൽ തുടരുന്നവരുടെ നല്ല ദൃഷ്ടാന്തങ്ങളിൽ നാം എത്ര സന്തോഷിക്കുന്നു! (1 പത്രോസ് 5:6-10) ഹൃദയോദ്ദീപകമായ ഈ വാക്കുകളോടെ പര്യവസാനിപ്പിക്കുന്ന യേശുവിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ട് നമുക്കെല്ലാം പീഡാനുഭവങ്ങൾ സഹിക്കാൻ കഴിയും: “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.”—യോഹന്നാൻ 16:33.
ഒരു പുതിയ ഉടമ്പടി അവതരിപ്പിക്കുന്നു
11. ഒരു പുതിയ ഉടമ്പടിയെസംബന്ധിച്ച് യിരെമ്യാവ് എന്തു പ്രവചിച്ചു?
11 ആ സന്ധ്യാവേളയിൽ, പെസഹാ ആഘോഷം സമാപിച്ചശേഷം യേശു ഒരു പുതിയ ഉടമ്പടിയെക്കുറിച്ചു സംസാരിക്കുന്നു. പ്രവാചകനായ യിരെമ്യാവ് നൂററാണ്ടുകൾക്കു മുമ്പുതന്നെ ഇതിനെക്കുറിച്ച് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഞാൻ യിസ്രായേൽ ഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം (ഉടമ്പടി, NW) ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്. . . . ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും . . . . ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയുമില്ല.” (യിരെമ്യാവ് 31:31-34) ക്രി.വ. 33ലെ നീസാൻ 14ന് ഈ പുതിയ ഉടമ്പടിയെ പ്രാബല്യത്തിലാക്കുന്ന യാഗം നടക്കേണ്ടതാണ്!
12. യേശു എങ്ങനെ പുതിയ ഉടമ്പടി സ്ഥാപിച്ചു, അത് എന്തു സാധിക്കുന്നു?
12 തന്റെ വിശ്വസ്‌തരായ 11 പേരോടുകൂടെ ഈ പെസഹാ ഭക്ഷിക്കാൻ യേശു അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് അവൻ അവരോടു പറയുന്നു. അനന്തരം അവൻ ഒരു അപ്പം എടുത്ത് നന്ദി കൊടുത്തിട്ട് അതു നുറുക്കി അവർക്ക് കൊടുത്തുകൊണ്ട് ഇങ്ങനെ പറയുന്നു: “ഇത് നിങ്ങൾക്കുവേണ്ടി നൽകപ്പെടാനിരിക്കുന്ന എന്റെ ശരീരത്തെ അർത്ഥമാക്കുന്നു. എന്റെ ഓർമ്മക്കായി ഇതു ചെയ്‌തുകൊണ്ടിരിക്കുക.” അതേ വിധത്തിൽ, അവൻ ഒരു കപ്പ് ചുവന്ന വീഞ്ഞ് അവർക്ക് നീട്ടിക്കൊടുത്തിട്ട് പറയുന്നു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ രക്തം ഹേതുവായുള്ള പുതിയ ഉടമ്പടിയെ അർത്ഥമാക്കുന്നു.” (ലൂക്കോസ് 22:15, 19, 20, NW) ഇസ്രയേലിന്റെ ന്യായപ്രമാണ ഉടമ്പടിയെ പ്രാബല്യത്തിലാക്കുന്നതിന് തളിക്കപ്പെട്ട മൃഗരക്തത്തെക്കാൾ വളരെയധികം മൂല്യവത്തായ യേശുവിന്റെ “വിലയേറിയ രക്ത”ത്താലാണ് പുതിയ ഉടമ്പടി പ്രവർത്തനക്ഷമമാകുന്നത്! (1 പത്രോസ് 1:19; എബ്രായർ 9:13, 14) പുതിയ ഉടമ്പടിയിലേക്ക് എടുക്കപ്പെടുന്നവർ പരിപൂർണ്ണ പാപമോചനം ആസ്വദിക്കുന്നു. അതുകൊണ്ട്, ആത്മീയ ഇസ്രയേൽ എന്ന നിലയിൽ ഒരു നിത്യാവകാശം പ്രാപിക്കുന്ന 1,44,000ത്തിൽ ഉൾപ്പെടുവാൻ അവർക്ക് യോഗ്യത പ്രാപിക്കാവുന്നതാണ്.—ഗലാത്യർ 6:16; എബ്രായർ 9:15-18; 13-20; വെളിപ്പാട് 14:1.
“എന്റെ ഓർമ്മക്കായി”
13. (എ) സ്‌മാരകസമയത്ത് നാം എന്തിനെക്കുറിച്ച് വിചിന്തനം ചെയ്യണം? (ബി) ആർ മാത്രമേ ചിഹ്നങ്ങളിൽ പങ്കെടുക്കാവൂ, എന്തുകൊണ്ട്?
13 യേശുവിന്റെ മരണത്തിന്റെ 1960-ാമത്തെ വാർഷിക സ്‌മാരകം 1992 ഏപ്രിൽ 17-ാം തീയതിയായിരുന്നു. ആ തീയതി കഴിഞ്ഞ സ്ഥിതിക്ക് യേശുവിന്റെ പൂർണ്ണതയുള്ള യാഗം സാധിക്കുന്നതിനെക്കുറിച്ചെല്ലാം നാം വിചിന്തനം ചെയ്യുന്നതു നല്ലതാണ്. ഈ ക്രമീകരണം യഹോവയുടെ ജ്ഞാനത്തെയും മനുഷ്യവർഗ്ഗത്തോടുള്ള അവന്റെ അഗാധസ്‌നേഹത്തെയും പുകഴ്‌ത്തുന്നു. വേദനാജനകമായ മരണംവരെ പോലുമുള്ള യേശുവിന്റെ അന്യൂനമായ നിർമ്മലത യഹോവയുടെ മനുഷ്യസൃഷ്ടി ന്യൂനതയുള്ളതാണെന്നും പരിശോധനയിൽ പരാജയപ്പെടുമെന്നുമുള്ള സാത്താന്റെ പരിഹാസത്തിനെതിരെ യഹോവയെ നീതിമത്‌ക്കരിക്കുന്നു. (ഇയ്യോബ് 1:8-11; സദൃശവാക്യങ്ങൾ 27:11) യേശു തന്റെ യാഗരക്തംകൊണ്ട് “ഒരു തെരഞ്ഞെടുക്കപ്പെട്ട വർഗ്ഗം, ഒരു രാജകീയ പുരോഹിതവർഗ്ഗം, ഒരു വിശുദ്ധ ജനത, തന്റെ പ്രത്യേകസ്വത്തായ ജനം” ആയവരെ തെരഞ്ഞെടുക്കുന്നതിനുള്ള യഹോവയുടെ മുഖാന്തരമായ പുതിയ ഉടമ്പടിക്ക് മാദ്ധ്യസ്ഥം വഹിക്കുന്നു. ഭൂമിയിൽത്തന്നെയായിരിക്കുമ്പോൾ ഇവർ തങ്ങളുടെ ദൈവമായ യഹോവയുടെ “മാഹാത്മ്യങ്ങളെ വിസ്‌തൃതമായി ഘോഷിക്കുന്നു,” അവൻ അവരെ ‘അന്ധകാരത്തിൽനിന്ന് തന്റെ അത്ഭുതപ്രകാശത്തിലേക്ക് വിളിച്ചിരിക്കുകയാണ്.’ (1 പത്രോസ് 2:9; പുറപ്പാട് 19:5, 6 താരതമ്യപ്പെടുത്തുക.) ഉചിതമായി, അവർ മാത്രമാണ് ഓരോ വർഷവും സ്‌മാരകചിഹ്നങ്ങളിൽ പങ്കുപററുന്നത്.
14. ദശലക്ഷക്കണക്കിന് നിരീക്ഷകർ എങ്ങനെ സമ്പന്നരാക്കപ്പെടുന്നു?
14 കഴിഞ്ഞ വർഷത്തെ സസ്‌മാരകത്തിന് ഭൂമിക്കു ചുററും 1,06,50,158 പേർ ഹാജരായി, എന്നാൽ ഇവരിൽ 8,850 പേർ മാത്രമേ—1 ശതമാനത്തിന്റെ പത്തിലൊന്നിലും കുറവ്—ചിഹ്നങ്ങളിൽ പങ്കുപററിയുള്ളു. അപ്പോൾ ഈ ആഘോഷംകൊണ്ട് ദശലക്ഷക്കണക്കിനുള്ള നിരീക്ഷകർക്ക് എന്തു പ്രയോജനം? വലിയ പ്രയോജനമുണ്ട്! പങ്കുപററുന്നില്ലെങ്കിലും, യഹോവ തന്റെ പുത്രന്റെ യാഗത്തിലൂടെ നിർവഹിക്കുന്ന മഹത്തായ സകല കാര്യങ്ങളും അവർ കേൾക്കവേ വിപുലമായ ആഗോള സഹോദരവർഗ്ഗവുമായുള്ള ഈ സഹവാസത്താൽ അവർ ആത്മീയമായി സമ്പന്നരാക്കപ്പെടുന്നു.
15. അഭിഷിക്തരല്ലാത്ത മററുള്ളവർ യേശുവിന്റെ യാഗത്തിൽനിന്ന് എങ്ങനെ പ്രയോജനം അനുഭവിക്കുന്നു?
15 മാത്രവുമല്ല, അപ്പോസ്‌തലൻ 1 യോഹന്നാൻ 2:1, 2-ൽ നമ്മെ ഇങ്ങനെ അറിയിക്കുന്നു: “നീതിമാനായ യേശുക്രിസ്‌തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ട്; അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സർവലോകത്തിന്റെ പാപത്തിന്നും തന്നേ.” അതേ, ആദ്യം പുതിയ ഉടമ്പടിയിലേക്ക് എടുക്കപ്പെടുന്ന യോഹന്നാൻവർഗ്ഗത്തിന് പ്രയോജനപ്പെടുന്നുവെങ്കിലും യേശുവിന്റെ യാഗം “സർവലോകത്തിന്റെ” പാപങ്ങളുടെ മോചനത്തിനുവേണ്ടിയും കരുതൽ ചെയ്യുന്നു. അത് യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസമർപ്പിക്കുന്ന മനുഷ്യവർഗ്ഗത്തിലെ മററു സകലരുടെയും പാപങ്ങൾക്കുവേണ്ടിയുള്ള ഒരു “പ്രായശ്ചിത്ത”യാഗമാകുന്നു, ഒരു പറുദീസാഭൂമിയിലെ നിത്യജീവന്റെ സന്തുഷ്ട പ്രത്യാശ അവർക്കു തുറന്നുകൊടുക്കുന്നത് ആ രക്തമാണ്.—മത്തായി 20:28.
“എന്റെ പിതാവിന്റെ രാജ്യത്തിൽ”
16. (എ) യേശുവും അവന്റെ കൂട്ടവകാശികളും എന്തിൽ ഇപ്പോൾ പങ്കുപററുന്നതായി കാണപ്പെടുന്നു? (ബി) ഇന്ന് അഭിഷിക്തരിൽനിന്നും മഹാപുരുഷാരത്തിൽനിന്നും എന്താവശ്യപ്പെട്ടിരിക്കുന്നു?
16 തന്റെ അപ്പോസ്‌തലൻമാരെ പ്രോൽസാഹിപ്പിക്കുന്നതിൽ തുടർന്നുകൊണ്ട്, യേശു തന്റെ പിതാവിന്റെ രാജ്യത്തിൽ തന്റെ ശിഷ്യൻമാരുമായി മുന്തിരിവള്ളിയുടെ ഫലം ഒരു പ്രതീകാത്മകമായ വിധത്തിൽ പുതുതായി കുടിക്കുന്ന ദിവസത്തിലേക്കു വിരൽചൂണ്ടുന്നു. (മത്തായി 26:29) അവൻ അവരോടു പറയുന്നു: “എന്റെ പരിശോധനകളിൽ എന്നോടു പററിനിന്നിട്ടുള്ളവർ നിങ്ങളാണ്; എന്റെ പിതാവ് എന്നോട് ഒരു ഉടമ്പടി ചെയ്‌തതുപോലെ ഞാൻ ഒരു രാജ്യത്തിനുവേണ്ടി നിങ്ങളോട് ഒരു ഉടമ്പടിചെയ്യുന്നു, എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യേണ്ടതിനും ഇസ്രയേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളെയും ന്യായം വിധിക്കുന്നതിന് സിംഹാസനങ്ങളിൽ ഇരിക്കേണ്ടതിനും തന്നെ.” (ലൂക്കോസ് 22:28-30, NW.) യേശു 1914-ൽ സ്വർഗ്ഗങ്ങളിൽ രാജ്യാധികാരം പ്രാപിച്ചതുകൊണ്ട്, നൂററാണ്ടുകളിൽ ശേഖരിക്കപ്പെട്ട യേശുവിന്റെ കൂട്ടവകാശികളിൽ അധികംപേരും അവനോടുകൂടെ “സിംഹാസനങ്ങളിൽ ഇരിക്കുന്നതിന്” പുനരുത്ഥാനംചെയ്‌തുകഴിഞ്ഞുവെന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്. (1 തെസ്സലോനീക്യർ 4:15, 16) “മഹോപദ്രവ”ത്തിന്റെ “നാലുകാററും” ദൂതൻമാർ അഴിച്ചുവിടുന്നതിനുള്ള ദിവസം സത്വരം സമീപിച്ചുവരികയാണ്! അപ്പോഴേക്കും 1,44,000 ആത്മീയ ഇസ്രയേലിന്റെ മുദ്രയിടീലും ദശലക്ഷക്കണക്കിനുള്ള മഹാപുരുഷാരത്തിന്റെ കൂട്ടിച്ചേർപ്പും പൂർത്തിയായിരിക്കും. ഇവരെല്ലാം നിത്യജീവന്റെ സമ്മാനം നേടാൻ യേശു ചെയ്‌തതുപോലെ നിർമ്മലത പാലിക്കേണ്ടതാണ്.—വെളിപ്പാട് 2:10; 7:1-4, 9.
17. ഉം ചതുരവും. (എ) ഒരു അഭിഷിക്തൻ അവിശ്വസ്‌തനായി തള്ളപ്പെട്ടാൽ ന്യായാനുസൃതം ആർ പകരമാകും? (ബി) 1938-ലെ വീക്ഷാഗോപുര ലേഖനങ്ങൾ ഭൂമിയിലെ ദിവ്യാധിപത്യസ്ഥാപനത്തിന്റെ കെട്ടുപണിയും പിൽക്കാല വികസനവും സംബന്ധിച്ച് ഏത് കൗതുകകരമായ വെളിച്ചം വീശി?
17 അഭിഷിക്തരിൽ ചിലർ നിർമ്മലത പാലിക്കുന്നവരായിരിക്കുന്നതിൽ പരാജയപ്പെടുന്നുവെങ്കിലോ? ഈ വൈകിയ നാഴികയിൽ അങ്ങനെയുള്ള അവിശ്വസ്‌തരുടെ സംഖ്യ ചുരുക്കമായിരിക്കുമെന്നുള്ളതിനു സംശയമില്ല. ന്യായാനുസൃതം, ഏതു പകരമെടുക്കലും പുതുതായി സ്‌നാപനമേററവരിൽനിന്നായിരിക്കുകയില്ല, പിന്നെയോ അനേകം വർഷത്തെ വിശ്വസ്‌തസേവനത്തിലൂടെ യേശുവിന്റെ പരിശോധനകളിൽ അവനോട് പററിനിന്നിട്ടുള്ളവരിൽനിന്നായിരിക്കും. 1920കളിലും 1930കളിലും വീക്ഷാഗോപുരത്തിലൂടെ വന്ന ആത്മീയ വെളിച്ചത്തിന്റെ ശോഭായമാനമായ മിന്നലുകൾ അഭിഷിക്ത ശേഷിപ്പിന്റെ കൂട്ടിച്ചേർപ്പ് ആ കാലഘട്ടത്തിൽ മിക്കവാറും പൂർത്തിയായി എന്നു സൂചിപ്പിക്കുന്നു. അന്നുമുതൽ ‘കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ അലക്കിവെളുപ്പിക്കുന്നവർ’ക്ക് സന്തോഷകരമായ ഒരു വ്യത്യസ്‌ത പ്രത്യാശയാണുള്ളത്. ക്രിസ്‌തു മുഖാന്തരം യഹോവയുടെ ആത്മാവ് അവരെ പറുദീസാഭൂമിയിൽ “ജീവജലത്തിന്റെ ഉറവുകളിലേക്ക്” നടത്തുന്നു.—വെളിപാട് 7:10, 14, 17.
അത്യന്തം ആത്മാർത്ഥമായ ഒരു പ്രാർത്ഥന
18. യോഹന്നാൻ 17-ാം അദ്ധ്യായത്തിലെ യേശുവിന്റെ പ്രാർത്ഥനയിൽനിന്ന് നാം ഏതു ശക്തമായ പാഠങ്ങൾ പഠിക്കുന്നു?
18 യേശു യോഹന്നാൻ 17:1-26വരെ രേഖപ്പെടുത്തിയിരിക്കുന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ തന്റെ ശിഷ്യൻമാരുമായുള്ള സ്‌മാരക കൂടിവരവ് പര്യവസാനിപ്പിക്കുന്നു. താൻ അവസാനത്തോളം നിർമ്മലത പാലിക്കവേ തന്റെ പിതാവ് തന്നെ മഹത്വീകരിക്കാൻ അവൻ ആദ്യമായി പ്രാർത്ഥിക്കുന്നു. ഈ വിധത്തിൽ യഹോവയും മഹത്വീകരിക്കപ്പെടും, അവന്റെ നാമം സകല നിന്ദയും നീക്കപ്പെട്ടു വിശുദ്ധീകരിക്കപ്പെടുന്നതിനാൽത്തന്നെ. എന്തെന്നാൽ തീർച്ചയായും, പൂർണ്ണമനുഷ്യനായ യേശു അതികഠിനമായ പരിശോധനയിൻകീഴിൽപോലും ദൈവത്തിന്റെ മനുഷ്യസൃഷ്ടിക്ക് കുററമററവരായിരിക്കാൻ കഴിയുമെന്ന് തെളിയിക്കുക തന്നെ ചെയ്യുന്നു. (ആവർത്തനം 32:4, 5; എബ്രായർ 4:15) കൂടാതെ, യേശുവിന്റെ ബലിമരണം ആദാമിന്റെ സന്തതികൾക്ക് മഹത്തായ ഒരു അവസരം തുറന്നുകൊടുക്കുന്നു. യേശു പറയുന്നു: “ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” യഹോവയാം ദൈവത്തെയും യഹോവയുടെ സംസ്ഥാപനത്തിനും മനുഷ്യവർഗ്ഗത്തിന്റെ രക്ഷക്കുമായി തന്റെ ജീവൻ കൊടുത്ത ദൈവത്തിന്റെ കുഞ്ഞാടായ അവന്റെ പുത്രനെയും കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനം സമ്പാദിക്കുന്നത് എത്ര അത്യന്താപേക്ഷിതമാണ്! (യോഹന്നാൻ 1:29; 1 പത്രോസ് 2:22-25) നിങ്ങളെ മുഴുവനായി യഹോവക്കും അവന്റെ വിലയേറിയ സേവനത്തിനുമായി സമർപ്പിക്കുന്ന അളവോളം ആ അത്യന്തം സ്‌നേഹനിർഭരമായ യാഗത്തെ നിങ്ങൾ വിലമതിക്കുന്നുവോ?
19. ശേഷിപ്പിനും മഹാപുരുഷാരത്തിനും വിലയേറിയ ഐക്യം എങ്ങനെ ആസ്വദിക്കാവുന്നതാണ്?
19 കൂടാതെ, ശിഷ്യൻമാർ തങ്ങൾ ലോകത്തിന്റെ ഭാഗമല്ലെന്ന് തെളിയിക്കുകയും സത്യമെന്ന നിലയിൽ തന്റെ വചനത്തോട് പററിനിൽക്കുകയും പിതാവിനോടും പുത്രനോടും വിലയേറിയ ഏകത നിലനിർത്തുകയും ചെയ്യവേ അവരെ കാവൽചെയ്യണമെന്ന് യേശു തന്റെ പരിശുദ്ധപിതാവിനോടു പ്രാർത്ഥിക്കുന്നു. അഭിഷിക്ത ശേഷിപ്പും മഹാപുരുഷാരവും ലോകത്തോടും അതിന്റെ അക്രമത്തോടും അതിന്റെ ദുഷ്ടതയോടും നിഷ്‌പക്ഷത പാലിക്കെ, ഒററക്കെട്ടായി സ്‌നേഹബന്ധങ്ങളിൽ ഒരുമിച്ചു സേവിക്കുമ്പോൾ ഈ പ്രാർത്ഥനക്ക് ഇക്കാലംവരെയും അത്ഭുതകരമായി ഉത്തരം കിട്ടിയിട്ടില്ലയോ? തന്റെ പിതാവായ യഹോവയോടുള്ള യേശുവിന്റെ സമാപനവാക്കുകൾ എത്ര വിലയേറിയവയാണ്! “നീ എന്നെ സ്‌നേഹിക്കുന്ന സ്‌നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും” എന്ന് യേശു പറയുന്നു.—യോഹന്നാൻ 17:14, 16, 26.
20. ക്രി.വ. 33ലെ നീസാൻ 14 തീർച്ചയായും ഓർമ്മിക്കാനുള്ള ദിവസമായിരിക്കുന്നതെന്തുകൊണ്ട്?
20 യേശു ഗത്സമേനത്തോട്ടത്തിലേക്കു പോയി തന്റെ ശിഷ്യൻമാരുമായി ചുരുങ്ങിയ, കെട്ടുപണിചെയ്യുന്ന സഹവാസം പുലർത്തുന്നു. അപ്പോൾ അവന്റെ ശത്രുക്കൾ അവന്റെമേൽ ചാടിവീഴുന്നു! യേശുവിന്റെ ശാരീരികമായ വേദനകളെയും യഹോവയുടെ മേൽ കുന്നിക്കപ്പെട്ട നിന്ദയിലെ അവന്റെ ഹൃദയഭേദകമായ ദുഃഖത്തെയും അതിലെല്ലാമുള്ള അവന്റെ പരമോൽകൃഷ്ട നിർമ്മലതയെയും വർണ്ണിക്കാൻ വാക്കുകൾക്കാവില്ല. യേശു രാത്രിയിലും അന്നത്തെ പകലിലെ മിക്ക മണിക്കൂറുകളിലും അവസാനത്തോളം സഹിച്ചുനിൽക്കുന്നു. തന്റെ രാജ്യം ലോകത്തിന്റെ ഭാഗമല്ലെന്ന് അവൻ വ്യക്തമായി പ്രകടമാക്കുന്നു. അവന്റെ അന്ത്യശ്വാസത്തോടെ അവൻ ഉദ്‌ഘോഷിക്കുന്നു: “പൂർത്തിയായിരിക്കുന്നു!” (യോഹന്നാൻ 18:36, 37; 19:30) അവന്റെ ലോകവിജയം പൂർത്തിയായിരിക്കുന്നു. തീർച്ചയായും പൊതുയുഗം 33-ലെ നീസാൻ 14 ഓർമ്മിക്കാനുള്ള ദിവസമാണ്!
[അടിക്കുറിപ്പുകൾ]
a യൂറോപ്പിലെ വിജയദിവസവും ജപ്പാന്റെമേലുള്ള വിജയദിവസവും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ താഴ്‌മയെയും സ്‌നേഹത്തെയും കുറിച്ച് യേശു എന്തു പഠിപ്പിച്ചു?
◻ യേശു “വഴിയും സത്യവും ജീവനും” ആയിത്തീർന്നതെങ്ങനെ?
◻ പുതിയ ഉടമ്പടിയുടെ ഉദ്ദേശ്യമെന്താണ്?
◻ അഭിഷിക്തശേഷിപ്പിനും മഹാപുരുഷാരത്തിനുമിടയിൽ ഏതു ഐക്യവും സ്‌നേഹവും പങ്കിടപ്പെടുന്നു?
[20-ാം പേജിലെ ചതുരം]
വലിപ്പമേറിയ ശലോമോന്റെ ജ്ഞാനം
വീക്ഷാഗോപുരത്തിന്റെ 1938 ജൂൺ 1ലെയും ജൂൺ 15ലെയും ലക്കങ്ങളിൽ “സ്ഥാപനം” എന്ന ശീർഷകത്തിൽ വന്ന ലേഖനങ്ങൾ ഇന്നോളം യഹോവയുടെ സാക്ഷികൾ പിന്തുടരുന്ന അടിസ്ഥാന ദിവ്യാധിപത്യ ക്രമീകരണം സ്ഥാപിക്കുകയുണ്ടായി. അവ 1919-ൽ തുടങ്ങിയ ഉപദേശപരവും സംഘടനാപരവുമായ ഒരു പുനഃക്രമീകരണത്തിന്റെ ശ്രദ്ധേയമായ ഒരു കാലഘട്ടത്തിന്റെ പാരമ്യമായിത്തീർന്നു. (യെശയ്യാവ് 60:17) ആ 20വർഷ കാലഘട്ടത്തെ ശലോമോൻ യരൂശലേമിൽ ആലയവും രാജഗൃഹവും പണികഴിപ്പിച്ച 20വർഷത്തോടു താരതമ്യപ്പെടുത്തിക്കൊണ്ട് വീക്ഷാഗോപുരം ഇങ്ങനെ പറയുകയുണ്ടായി: “ശലോമോന്റെ ഇരുപതു വർഷത്തെ നിർമ്മാണപരിപാടിക്കുശേഷം . . . , അവൻ ദേശവ്യാപകമായ ഒരു നിർമ്മാണപരിപാടിയിൽ ഏർപ്പെട്ടുവെന്ന് തിരുവെഴുത്തുകൾ പ്രകടമാക്കുന്നു. (1 രാജാ. 9:10, 17-23; 2 ദിനവൃ. 8:1-10) പിന്നീട് ‘ശലോമോന്റെ ജ്ഞാനം കേൾക്കുന്നതിന് ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന്’ ശേബയിലെ രാജ്ഞി വന്നു. (മത്താ. 12:42; 1 രാജാ. 10:1-10; 2 ദിനവൃ. 9:1-9, 12) ഇത് ഈ ചോദ്യം സൂചിപ്പിക്കുന്നു: ഭൂമിയിലെ യഹോവയുടെ ജനത്തിന് സത്വരഭാവിയിൽ എന്താണുള്ളത്? പൂർണ്ണവിശ്വാസത്തോടെ നാം കാത്തിരിക്കും, നാം കാണുകയും ചെയ്യും.” ആ വിശ്വാസം അസ്ഥാനത്തല്ലായിരുന്നു. ദിവ്യാധിപത്യസ്ഥാപനത്തിൻകീഴിൽ വിപുലമായ ഒരു ലോകവ്യാപക ആത്മീയ നിർമ്മാണപരിപാടി മഹാപുരുഷാരത്തിലെ നാല്‌പതുലക്ഷത്തിൽപരംപേരെ കൂട്ടിച്ചേർത്തിരിക്കുന്നു. ശേബയിലെ രാജ്ഞിയെപ്പോലെ അവർ വിശ്വസ്‌തനും വിവേകിയുമായ അടിമയിലൂടെ തങ്ങളിലേക്ക് ഒഴുകിവരുന്ന, വലിപ്പമേറിയ ശലോമോനായ യേശുക്രിസ്‌തുവിന്റെ ജ്ഞാനം കേൾക്കുന്നതിന് ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് വന്നിരിക്കുന്നു.—മത്തായി 24:45-47.