രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
യഹോവ ഒരു വിശ്വസ്ത യുവാവിന് പ്രതിഫലം കൊടുക്കുന്നു
വിശ്വസ്തരായ യുവാക്കൾ യഹോവയുടെ ദൃഷ്ടികളിൽ വിലയേറിയവരാണ്. വിശ്വസ്തനായ ഒരു ചെറുപ്പക്കാരന്റെ ചുവടെ ചേർക്കുന്ന അനുഭവം യഹോവയെ സേവിക്കുമ്പോൾ നിർമ്മലത പാലിക്കുന്നതിന് മററു ചെറുപ്പക്കാരെ പ്രോൽസാഹിപ്പിക്കേണ്ടതാണ്.
അർജൻറീനായിൽ 11വയസ്സുള്ള ഒരു ബാലനും അവന്റെ ഇളയ സഹോദരനും തങ്ങളുടെ വല്യമ്മയോടൊത്ത് നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം പഠിച്ചു. പെട്ടെന്നുതന്നെ ബാലൻമാരുടെ മാതാപിതാക്കൾ എതിർപ്പു പ്രകടമാക്കി. രാജ്യഹാളിലെ മീററിംഗുകൾക്കു പോകുന്നതിൽനിന്ന് അവർ കുട്ടികളെ വിലക്കി. കുറേ കാലത്തേക്ക് യോഗങ്ങൾക്ക് ഹാജരാകാൻ ആ ബാലൻമാർ കുളിമുറിയുടെ ജനാലയിലൂടെ പുറത്ത് മുററത്തേക്ക് ചാടുകയും അവിടെനിന്ന് മതിലിനുമീതെ അയൽക്കാരന്റെ മുററത്തേക്ക് കടക്കുകയും രാജ്യഹാളിലേക്കു പോകുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ അവർ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്ക് ഹാജരാകുന്നുണ്ടെന്ന് ആരോ അവരുടെ മാതാവിനോടു പറഞ്ഞു. അമ്മ അവരെ അടിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇത് ഇളയ കുട്ടിയെ ഭയപ്പെടുത്തുകയും അവൻ പഠിത്തം നിർത്തുകയും ചെയ്തു. എന്നാൽ മൂത്തവൻ പിടിച്ചുനിന്നു. അഞ്ചുവർഷം മാതാപിതാക്കളറിയാതെ അവന് യോഗങ്ങൾക്ക് ഹാജരാകാൻ കഴിഞ്ഞു.
അവന് 16വയസ്സായപ്പോൾ അവന്റെ സ്വന്തം പട്ടണത്തിൽ ലഭ്യമല്ലാഞ്ഞ ഒരു ഹൈസ്കൂൾ കോഴ്സിൽ ചേരാൻ അവൻ ആഗ്രഹിച്ചു. വീട്ടിൽനിന്ന് അകലെയായിരിക്കുമ്പോൾ അവന് സത്യത്തെ പിന്തുടരുന്നതിന് കൂടുതൽ സ്വാതന്ത്ര്യമുണ്ടായിരിക്കുമായിരുന്നു. അവനെ പോകാനനുവദിക്കുന്നതിന് മാതാപിതാക്കൾ സമ്മതിച്ചു. മൂന്നുമാസം എല്ലാം ശുഭമായിരുന്നു. അനന്തരം മകൻ പതാകയെ വന്ദിക്കുകയോ ദേശീയഗാനം ആലപിക്കുകയോ ഇല്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ മാതാപിതാക്കൻമാരെ അറിയിച്ചു. പ്രിൻസിപ്പലും അവന്റെ മാതാപിതാക്കളും ഒരു സെക്രട്ടറിയും ഒരു വക്കീലും പത്തു പ്രൊഫസ്സർമാരും അടങ്ങിയ ഒരു സദസ്സിൻമുമ്പാകെ തനിക്ക് മനഃസാക്ഷിപൂർവം എന്തുകൊണ്ട് ഈ പ്രവൃത്തികൾ ചെയ്യാൻ കഴിയില്ലെന്ന് വിശിഷ്ടമായ ഒരു സാക്ഷ്യംകൊടുക്കാൻ ചെറുപ്പക്കാരനു കഴിഞ്ഞു. (പുറപ്പാട് 20:4, 5) മാതാപിതാക്കൾ കുപിതരായി. ഇതിനുത്തരവാദിയാണെന്ന് താൻ കരുതിയ വല്യമ്മയെ വെടിവെക്കാൻ ഉദ്ദേശിച്ചുകൊണ്ടു മാതാവ് ഒരു കൈത്തോക്ക് വാങ്ങി. എന്നാൽ അവൾക്ക് വല്യമ്മയെ ഒരിക്കലും ഒററക്ക് കാണാൻ കഴിഞ്ഞില്ല.
പിന്നീട്, ഒരു കുടുംബസുഹൃത്തിന്റെ നിർദ്ദേശപ്രകാരവും സ്കൂൾ പ്രിൻസിപ്പലിന്റെ അംഗീകാരത്തോടെയും മനോരോഗചികിത്സ അവന്റെ വിശ്വാസമുപേക്ഷിക്കാനിടയാക്കുമെന്ന് വിചാരിച്ചുകൊണ്ട് മാതാപിതാക്കൾ മാനസികരോഗികൾക്കായുള്ള ഒരു ക്ലിനിക്കിൽ അവനെ ആക്കാൻ തീരുമാനിച്ചു. ക്ലിനിക്കിലെ ആളുകൾ കുട്ടിയെ 100 കി.മീ. ദൂരെ കാറിൽ കൊണ്ടുപോയി ഇൻസുലിന്റെയും മററു മരുന്നുകളുടെയും വമ്പിച്ച മാത്രകൾ കുത്തിവെക്കുകയും അവന്റെ ബോധം നഷ്ടപ്പെടുകയും ചെയ്തു. ഉണർന്നപ്പോൾ അവന് തികച്ചും ലക്കില്ലായിരുന്നു, ആരെയും അറിയുകയുമില്ലായിരുന്നു, ഭാഗികമായി ഓർമ്മക്കുറവും ബാധിച്ചു. പല പഠനങ്ങൾക്കുശേഷം ഡോക്ടർമാർക്ക് അവനിൽ ഏതെങ്കിലും മാനസികവൈകല്യം കാണാൻ കഴിഞ്ഞില്ല. എന്നാൽ ക്ലിനിക്ക് ചികിൽസയുമായി മുമ്പോട്ടുപോയി. ബോധംവീഴുമ്പോൾ തന്നെ ഉപേക്ഷിക്കാതിരിക്കാൻ യഹോവയോട് തുടർച്ചയായി പ്രാർത്ഥിക്കുകയും സഹിച്ചുനിൽക്കുന്നതിനുള്ള ശക്തിക്കായി അവനോടു യാചിക്കുകയും ചെയ്തു. യഹോവ അവനെ സംരക്ഷിക്കുകതന്നെ ചെയ്തു, ഒടുവിൽ അവൻ ക്ലിനിക്കിൽനിന്ന് വിട്ടയക്കപ്പെട്ടു.
ഒരു സന്ദർഭത്തിൽ വിശ്വാസം തള്ളിപ്പറയാൻ അവൻ ഒരുക്കമാണോയെന്ന് പ്രിൻസിപ്പൽ ചെറുപ്പക്കാരനോടു ചോദിച്ചു. അല്ല എന്ന് അവൻ പറഞ്ഞപ്പോൾ അവന് മുമ്പത്തേക്കാൾ കൂടുതൽ ഭ്രാന്തായതുകൊണ്ട് വീണ്ടും അവനെ ക്ലിനിക്കിൽ കൊണ്ടുപോകാൻ മാതാപിതാക്കളോട് പറഞ്ഞു. മാതാപിതാക്കൾ അവനെ ഒരു ബോർഡിംഗ്ഹൗസിലാക്കുകയും അവൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു പോകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ലാൻഡ്ലേഡിയോട് പറയുകയും ചെയ്തു. മാതാപിതാക്കൾ പോയിക്കഴിഞ്ഞപ്പോൾ കുട്ടിക്ക് എന്തൊരു അതിശയമാണുണ്ടായത്! ബോർഡിംഗ് ഹൗസിന്റെ ഉടമസ്ഥർ യഹോവയുടെ സാക്ഷികളായിരുന്നു! ഒടുവിൽ ഡോക്ടർമാർ തങ്ങളോടു വ്യാജമാണ് പറഞ്ഞതെന്ന് ബോദ്ധ്യമായപ്പോൾ മാതാപിതാക്കൾ അവന്റെ മനോരോഗചികിത്സ നിർത്തി. ഇതിനിടയിൽ അർജൻറീനായിലെ സുപ്രീം കോടതി പതാകയെ വന്ദിക്കാത്തതിനാൽ യഹോവയുടെ സാക്ഷികളെ സ്കൂളുകളിൽനിന്ന് പുറത്താക്കാൻ പാടില്ലെന്ന് വിധിച്ചു.
ഈ പീഡാനുഭവങ്ങൾ ഈ വിശ്വസ്തനായ യുവാവിന് പ്രയോജനംചെയ്തോ? ഉവ്വ്, അവൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “എനിക്ക് ഡോക്ടർമാർക്കും പ്രൊഫസ്സർമാർക്കും സഹപാഠികൾക്കും മാതാപിതാക്കൾക്കും ബന്ധുക്കൾക്കും, യഥാർത്ഥത്തിൽ മുഴു നഗരത്തിനും ഒരു വിപുലമായ സാക്ഷ്യം കൊടുക്കാൻ കഴിഞ്ഞു. എന്റെ മാതാപിതാക്കൾ കുറെയൊക്കെ മയപ്പെട്ടിട്ടുണ്ട്, സാക്ഷികളെക്കുറിച്ച് മെച്ചമായ ഒരു ധാരണയും ഉണ്ട്. ഇപ്പോൾ എന്റെ കുട്ടിക്കാലത്തേക്കു ഞാൻ പിന്തിരിഞ്ഞുനോക്കുമ്പോൾ യഹോവ തന്നോടു വിശ്വസ്തനായി നിലകൊള്ളുന്ന ഒരുവനെ എത്ര അത്ഭുതകരമായും സ്നേഹപൂർവവും പരിപാലിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. അത് സങ്കീർത്തനം 27:10-ൽ സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെതന്നെയാണ്: ‘എന്റെ സ്വന്തം അപ്പനും എന്റെ സ്വന്തം അമ്മയും എന്നെ ഉപേക്ഷിച്ചാലും യഹോവതന്നെ എന്നെ ചേർത്തുകൊള്ളും.’”
ഈ ചെറുപ്പക്കാരന് ഇപ്പോൾ 23 വയസ്സുണ്ട്, വിവാഹിതനും യഹോവയുടെ സേവനത്തിൽ വളരെ പ്രവർത്തനനിരതനുമാണ്. വാസ്തവമായി യഹോവയുടെ സംരക്ഷകശക്തി അതിരററതാണ്.—സങ്കീർത്തനം 55:22.