ലോകത്തിന് മാററംവരുത്തിയ വാരം
“യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ ആകുന്നു!”—മത്തായി 21:9, NW.
1. കഴിഞ്ഞ ഓഗസ്ററിലെ സംഭവങ്ങളാൽ ഏതു രണ്ടു വ്യത്യസ്ത കൂട്ടങ്ങൾ ബാധിക്കപ്പെട്ടു?
“ലോകത്തെ പിടിച്ചുകുലുക്കിയ അത്യന്തം ക്ലേശകരമായിരുന്ന മൂന്നു ദിവസങ്ങൾ.” 1991 ഓഗസ്ററിൽ ഇതുപോലുള്ള മാദ്ധ്യമ തലക്കെട്ടുകൾ ദിവസങ്ങൾക്കുള്ളിൽ ലോകത്തെ കീഴ്മേൽമറിക്കാൻ കഴിയുമെന്നുള്ള വസ്തുതയെ ദൃഢീകരിച്ചു. തീർച്ചയായും, ഓഗസ്ററിലെ അവസാന ദിവസങ്ങൾ ലോകത്തിനു മാത്രമല്ല, “അവർ ലോകത്തിന്റെ ഭാഗമല്ല” എന്ന് യേശുക്രിസ്തു പറഞ്ഞ ഒരു കൂട്ടത്തിനും അത്യന്തം സംഭവബഹുലമായിരുന്നു. ഈ കൂട്ടം ഇന്ന് യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്നു.—യോഹന്നാൻ 17:14.
2, 3. (എ) യുദ്ധത്തിന്റെ അപകടങ്ങൾ ഉണ്ടായിരുന്നിട്ടും സാഗ്രബിൽ എങ്ങനെ സ്വാതന്ത്ര്യം പ്രദീപ്തമാക്കപ്പെട്ടു? (ബി) ഒഡേസ്സായിൽ ശക്തമായ വിശ്വാസത്തിന് എങ്ങനെ പ്രതിഫലം കിട്ടി?
2 യൂഗോസ്ലാവിയായിക്കുവേണ്ടി ആസൂത്രണംചെയ്യപ്പെട്ട യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ അന്താരാഷ്ട്ര കൺവെൻഷൻ ഓഗസ്ററ് 16മുതൽ 18വരെ നടത്താൻ പട്ടികപ്പെടുത്തിയിരുന്നു. സംഭവിച്ചതുപോലെ, അത് ആഭ്യന്തരയുദ്ധത്തിന്റെ വക്കിലായിരുന്ന ഒരു ജനതക്കുള്ളിലെ യഹോവയുടെ ജനത്തിന് ആദ്യത്തെ വലിയ കൺവെൻഷനുമായിരുന്നു. അയൽരാജ്യങ്ങളിൽനിന്നുള്ള സന്നദ്ധസേവകരോടുകൂടെ സ്ഥലത്തെ സാക്ഷികൾ സാഗ്രബിലെ ഹാസ്ക്ക് ഗ്രാഡൻസ്ക്കി ഫുട്ബോൾ സ്റേറഡിയത്തിന് ഒരു പൂർണ്ണ നവീകരണം വരുത്തുന്നതിന് രണ്ടു മാസം അദ്ധ്വാനിച്ചിരുന്നു. അത് അത്യന്തം വെടിപ്പുള്ളതായി, “ദൈവികസ്വാതന്ത്ര്യ സ്നേഹികൾ” കൺവെൻഷന് പററിയ ഒരു സ്ഥാനം. ഐക്യനാടുകളിൽനിന്നുള്ള 600 പേർ ഉൾപ്പെടെ ആയിരക്കണക്കിന് സാർവദേശീയ പ്രതിനിധികൾ ഹാജരാകുന്നതിന് ആസൂത്രണം ചെയ്തിരുന്നു. ആഭ്യന്തരയുദ്ധത്തിന്റെ അപകടങ്ങൾ ഭീഷണിപ്പെടുത്തിയപ്പോൾ “അമേരിക്കക്കാർ ഒരിക്കലും വരുകയില്ല” എന്ന വാർത്ത പരന്നു. എന്നാൽ മററു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കൊപ്പം അവർ വരുകതന്നെ ചെയ്തു. 10,000 പേരുടെ ഹാജർ പ്രതീക്ഷിക്കപ്പെട്ടിരുന്നു, എന്നാൽ 14,684 പേർ അവസാനത്തെ ദിവസം സ്റേറഡിയത്തിൽ ഉണ്ടായിരുന്നു! ‘കൂടിവരവ് ഉപേക്ഷിക്കാഞ്ഞതുകൊണ്ട്’ എല്ലാവരും സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു.—എബ്രായർ 10:25.
3 സാഗ്രബ് കൺവെൻഷനെ തുടർന്നുള്ള മൂന്നു ദിവസക്കാലത്ത് സോവ്യററ് യൂണിയനിൽ അലസിപ്പോയ ഒരു സൈനിക വിപ്ലവം നടന്നു. ആ സമയത്ത്, ദൈവിക സ്വാതന്ത്ര്യസ്നേഹികൾ ഉക്രെയിനിലെ ഒഡേസ്സായിൽ തങ്ങളുടെ കൺവെൻഷനുവേണ്ടി അന്തിമ ഒരുക്കങ്ങൾ നടത്തുകയായിരുന്നു. കൺവെൻഷൻ നടത്താൻ കഴിയുമോ? ശക്തമായ വിശ്വാസത്തോടെ സഹോദരൻമാർ സ്റേറഡിയത്തിന്റെ ഒരു സമ്പൂർണ്ണ നവീകരണത്തിന്റെ അന്തിമ മിനുക്കുപണികൾ നടത്തി, പ്രതിനിധികൾ വന്നുകൊണ്ടേയിരുന്നു. ഒരു അത്ഭുതത്താലെന്നപോലെ, സൈനിക വിപ്ലവം അവസാനിച്ചു. ഓഗസ്ററ് 24, 25 എന്നീ ദിവസങ്ങളിൽ ആഹ്ലാദകരമായ ഒരു കൺവെൻഷൻ നടത്തപ്പെട്ടു, 12,115പേർ ഹാജരായി— അത്യുച്ച ഹാജരിന്റെ 16ശതമാനമായ 1943 പേർ സ്നാപനമേററു! ദീർഘകാല നിർമ്മലതാപാലകരോടൊപ്പം ഈ പുതിയ സാക്ഷികൾ യഹോവയിലുള്ള പൂർണ്ണമായ ആശ്രയത്തോടെ കൺവെൻഷനു വന്നതിൽ സന്തോഷിക്കുകയുണ്ടായി.—സദൃശവാക്യങ്ങൾ 3:5, 6.
4. കിഴക്കൻ യൂറോപ്പിലെ സാക്ഷികൾ യേശു വെച്ച ഏതു മാതൃക പിന്തുടർന്നുകൊണ്ടാണിരിക്കുന്നത്?
4 ഈ വിശ്വസ്ത സാക്ഷികൾ നമ്മുടെ മാതൃകാപുരുഷനായ യേശുക്രിസ്തു വെച്ച മാതൃക പിന്തുടരുകയായിരുന്നു. യഹൂദൻമാർ അവനെ കൊല്ലാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾപോലും യഹോവയാൽ കല്പിക്കപ്പെട്ടിരുന്ന പെരുന്നാളുകൾക്ക് അവൻ ഒരിക്കലും ഹാജരാകാതിരുന്നിട്ടില്ല. അവൻ തന്റെ അവസാനത്തെ പെസഹായ്ക്ക് യെരൂശലേമിലേക്കു വരവേ യഹൂദൻമാർ ആലയത്തിനു ചുററും നിന്നുകൊണ്ട് “എന്തു തോന്നുന്നു? അവൻ പെരുനാൾക്കു വരുകയില്ലയോ?” എന്ന് ചോദിക്കുകയായിരുന്നു. (യോഹന്നാൻ 11:56) എന്നാൽ അവൻ വരികതന്നെ ചെയ്തു! ഇത് മനുഷ്യചരിത്രത്തിന്റെ ഗതിയുടെ ഒരു പിമ്പോട്ടടിയിൽ പാരമ്യത്തിലെത്തിയ ഒരു വാരത്തിന് വഴിയൊരുക്കി. നമുക്കിപ്പോൾ യഹൂദ പഞ്ചാംഗത്തിൽ നീസാൻ 8മുതൽ 14വരെയുള്ള ആ വാരത്തിന്റെ സവിശേഷതകളിൽ ചിലത് പുനരവലോകനം ചെയ്യാം.
നീസാൻ 8
5. ക്രി.വ. 33ലെ നീസാൻ 8ന് യേശു ബെഥനിയിലേക്കു യാത്രചെയ്തപ്പോൾ അവന് എന്തിനെക്കുറിച്ച് അറിയാമായിരുന്നു?
5 ഈ ദിവസം യേശുവും അവന്റെ ശിഷ്യൻമാരും ബെഥനിയിൽ എത്തുന്നു. ഇവിടെ, യേശു സമീപകാലത്ത് മരിച്ചവരിൽനിന്ന് ഉയർപ്പിച്ചിരുന്ന തന്റെ പ്രിയ സുഹൃത്തായിരുന്ന ലാസറിന്റെ വീട്ടിൽ ആറു രാത്രികൾ ചെലവഴിക്കും. ബെഥനി യെരൂശലേമിനടുത്താണ്. യേശു സ്വകാര്യമായി തന്റെ ശിഷ്യൻമാരെ ഇങ്ങനെ ബുദ്ധിയുപദേശിച്ചിരിക്കുന്നു: “നോക്കൂ! നാം യരൂശലേമിലേക്ക് പോകുകയാണ്, മനുഷ്യപുത്രൻ മുഖ്യപുരോഹിതൻമാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും, അവർ അവനു മരണശിക്ഷ വിധിക്കും, കളിയാക്കുന്നതിനും ചമ്മട്ടികൊണ്ടടിക്കുന്നതിനും തൂക്കിക്കൊല്ലുന്നതിനും അവനെ ജനതകളിലെ ആളുകൾക്ക് വിട്ടുകൊടുക്കും, എന്നാൽ മൂന്നാം ദിവസം അവൻ ഉയർപ്പിക്കപ്പെടും.” (മത്തായി 20:18, 19, NW) താൻ ഇപ്പോൾ വേദനാകരമായ പീഡാനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടതാണെന്ന് യേശുവിന് പൂർണ്ണമായ അറിവുണ്ട്. എന്നിരുന്നാലും, പരമമായ പരിശോധനയുടെ സമയം സമീപിക്കവേ അവൻ തന്റെ സഹോദരൻമാരെ സ്നേഹപൂർവം സേവിക്കുന്നതിന് സകല ശ്രമവും ചെയ്യുന്നു. നമുക്ക് എല്ലായ്പ്പോഴും “ക്രിസ്തുയേശുവിലും ഉണ്ടായിരുന്ന . . . ഈ മനോഭാവം” ഉള്ളവരായിരിക്കാം.—ഫിലിപ്പിയർ 2:1-5; 1 യോഹന്നാൻ 3:16.
നീസാൻ 9
6. നീസാൻ 9ലെ സന്ധ്യക്ക് മറിയ എന്തു ചെയ്തു, യേശു യൂദായോട് എന്തു പറഞ്ഞു?
6 സൂര്യാസ്തമയത്തെ തുടർന്ന് നീസാൻ 9 തുടങ്ങവേ, യേശു മുൻ കുഷ്ഠരോഗിയായിരുന്ന ശിമോന്റെ വീട്ടിൽ ഒരു ഭക്ഷണം ആസ്വദിക്കുന്നു. ഇവിടെവച്ചാണ് ലാസറിന്റെ സഹോദരിയായ മറിയ വിലയേറിയ പരിമളതൈലം യേശുവിന്റെ തലയിലും പാദങ്ങളിലും ഒഴിച്ചിട്ട് വിനീതമായി തന്റെ തലമുടികൊണ്ട് തുടക്കുന്നത്. യൂദാ എതിർക്കുമ്പോൾ യേശു പറയുന്നു: “അവളെ വിടുക, അവൾ എന്റെ സംസ്കാരദിവസത്തിന്റെ വീക്ഷണത്തിൽ ഈ അനുഷ്ഠാനം നടത്തേണ്ടതിനുതന്നെ.” അനേകം യഹൂദൻമാർ ബെഥനിയിലേക്കു പോകുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് കേൾക്കുകയാൽ മുഖ്യ പുരോഹിതൻമാർ അവനെയും ലാസറിനെയും കൊല്ലാൻ ഗൂഢാലോചന നടത്തുന്നു.—യോഹന്നാൻ 12:1-7, NW.
7. നീസാൻ 9 രാവിലെ യഹോവയുടെ നാമം എങ്ങനെ ബഹുമാനിക്കപ്പെട്ടു, യേശു എന്ത് മുൻകൂട്ടിപ്പറഞ്ഞു?
7 യേശു അതിരാവിലെ യെരൂശലേമിലേക്കു പുറപ്പെടുന്നു. ജനക്കൂട്ടങ്ങൾ പനയോലകൾ വീശിക്കൊണ്ടും “രക്ഷിക്കേണമേ, ഞങ്ങൾ നിന്നോടു പ്രാർത്ഥിക്കുന്നു! യഹോവയുടെ നാമത്തിൽ വരുന്നവൻ, ഇസ്രയേലിന്റെ രാജാവുതന്നെ, വാഴ്ത്തപ്പെട്ടവൻ ആകുന്നു!” എന്ന് ഉദ്ഘോഷിച്ചുകൊണ്ടും അവനെ സ്വീകരിക്കാൻ പുറപ്പെടുന്നു. അനന്തരം യേശു ഒരു കഴുതപ്പുറത്ത് നഗരത്തിലേക്ക് സവാരിചെയ്തുകൊണ്ട് സെഖര്യാവ് 9:9-ലെ പ്രവചനം നിവർത്തിക്കുന്നു. അവൻ യെരൂശലേമിനെ സമീപിക്കുമ്പോൾ അതിനെക്കുറിച്ച് കരയുകയും റോമാക്കാർ നഗരത്തിനു ചുററും കൂർത്ത പത്തലുകൾ നാട്ടി അതിനെ പൂർണ്ണമായി നശിപ്പിക്കുമെന്ന് മുൻകൂട്ടിപ്പറയുകയും ചെയ്യുന്നു—അത് 37 വർഷം കഴിഞ്ഞ് ശ്രദ്ധേയമായ നിവൃത്തി ഉണ്ടാകുന്ന ഒരു പ്രവചനമായിരുന്നു. (ഇത് പുരാതന ഇസ്രയേലിന്റെ മാതൃകയിൽ വിശ്വാസത്യാഗം ചെയ്ത ക്രൈസ്തവലോകത്തിനും അശുഭസൂചകമാണ്.) യഹൂദ ഭരണാധികാരികൾ യേശുവിനെ തങ്ങളുടെ രാജാവായി ആഗ്രഹിക്കുന്നില്ല. അവർ കുപിതരായി “കാൺമിൻ! ലോകം അവന്റെ പിന്നാലെ പോയിരിക്കുന്നു” എന്ന് ആക്രോശിക്കുന്നു.—യോഹന്നാൻ 12:13, 19, NW.
നീസാൻ 10
8. നീസാൻ 10ന് യേശു എങ്ങനെ യഹോവയുടെ പ്രാർത്ഥനാലയത്തോട് അഗാധമായ ആദരവ് പ്രകടമാക്കി, തുടർന്ന് എന്തുണ്ടായി?
8 യേശു വീണ്ടും ആലയം സന്ദർശിക്കുന്നു. രണ്ടാം പ്രാവശ്യവും അവൻ അത്യാഗ്രഹികളായ കച്ചവടക്കാരെയും പണകൈമാററക്കാരെയും തുരത്തുന്നു. വ്യാപാരപ്രസ്ഥാനം—“പണസ്നേഹം”—യഹോവയുടെ പ്രാർത്ഥനാലയത്തിന്റെ നിയന്ത്രണം ഏറെറടുക്കരുത്! (1 തിമൊഥെയോസ് 6:9, 10) യേശു പെട്ടെന്ന് മരിക്കാനിരിക്കുകയാണ്. ഇതിനെ ചിത്രീകരിക്കാൻ അവൻ ഒരു വിത്തു പാകുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ആദ്യത്തെ വിത്തു ചാകുന്നു, എന്നാൽ അത് ധാരാളം ധാന്യം കായിക്കുന്ന ഒരു കാണ്ഡം ഉല്പാദിപ്പിക്കാൻ തക്കവണ്ണം മുളച്ചുവരുന്നു. സമാനമായി, യേശുവിന്റെ മരണം അവനിൽ വിശ്വാസമർപ്പിക്കുന്ന പുരുഷാരങ്ങൾക്ക് നിത്യജീവനിൽ കലാശിക്കും. അടുത്തുവരുന്ന തന്റെ മരണത്തെക്കുറിച്ചുള്ള ചിന്തയിൽ അസ്വസ്ഥനായി ആ വിധത്തിൽ തന്റെ പിതാവിന്റെ നാമം മഹത്വീകരിക്കപ്പെടേണമേ എന്ന് യേശു പ്രാർത്ഥിക്കുന്നു. പ്രതികരണമായി, ഹാജരുണ്ടായിരുന്ന എല്ലാവരും കേൾക്കുമാറ് “ഞാൻ അതിനെ മഹത്വീകരിച്ചിരിക്കുന്നു, വീണ്ടും അതിനെ മഹത്വീകരിക്കും” എന്ന് ദൈവത്തിന്റെ ശബ്ദം സ്വർഗ്ഗത്തിൽ നിന്ന് ഇടിനാദം പോലെ മുഴങ്ങുന്നു.—യോഹന്നാൻ 12:27, 28, NW.
നീസാൻ 11—ഒരു പ്രവർത്തനദിവസം
9. (എ) നീസാൻ 11-ലെ പകൽസമയത്ത് നേരത്തെ യേശു എങ്ങനെ വിശ്വാസിത്യാഗികളായ യഹൂദൻമാരെ കുററംവിധിക്കുന്നതിന് ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു? (ബി) യേശുവിന്റെ ഉപമക്ക് ചേർച്ചയായി ആർ ഒരു മഹത്തായ അവസരം നഷ്ടപ്പെടുത്തിയിരിക്കുന്നു?
9 യേശുവും അവന്റെ ശിഷ്യൻമാരും വീണ്ടും ഒരു പൂർണ്ണദിവസത്തെ പ്രവർത്തനത്തിനായി ബെഥനി വിട്ടുപോകുന്നു. വിശ്വാസത്യാഗം ഭവിച്ച യഹൂദമതം കുററം വിധിക്കപ്പെട്ടിരിക്കുന്നതെന്തുകൊണ്ടെന്ന് കാണിക്കാൻ യേശു മൂന്ന് ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നു. മാർഗ്ഗമദ്ധ്യേ, അവൻ ഫലമില്ലാതിരുന്ന അത്തിവൃക്ഷത്തെ ശപിക്കുകയും അങ്ങനെ വിശ്വാസമില്ലാതിരുന്ന, ഫലമില്ലാതിരുന്ന, യഹൂദജനതയുടെ ശിക്ഷാവിധിയെ ചിത്രീകരിക്കുകയും ചെയ്യുന്നു. ആലയത്തിൽ പ്രവേശിക്കവേ, അവൻ ഒരു യജമാനന്റെ മുന്തിരിത്തോട്ടത്തിലെ വിലകെട്ട കർഷകർ ഒടുവിൽ യജമാനന്റെ പുത്രനും അവകാശിയുമായവനെ പോലും കൊന്നതെങ്ങനെയെന്ന് വർണ്ണിക്കുന്നു—യഹൂദൻമാർ യഹോവയിൽനിന്നുള്ള തങ്ങളുടെ സൂക്ഷിപ്പുധനത്തെ തള്ളിക്കളഞ്ഞതിനെ ചിത്രീകരിച്ചുകൊണ്ടുതന്നെ, അത് യേശുവിനെ കൊല്ലുന്നതിനാൽ പാരമ്യത്തിലെത്താനിരിക്കുകയാണ്. അവൻ ഒരു രാജാവ്—യഹോവ—ക്രമീകരിച്ച ഒരു വിവാഹവിരുന്നിനെ വർണ്ണിക്കുന്നു. ക്ഷണിക്കപ്പെട്ട അവന്റെ അതിഥികൾ (യഹൂദൻമാർ) ഹാജരാകുന്നതിൽനിന്ന് സ്വാർത്ഥപൂർവം ഒഴിഞ്ഞുമാറുന്നു. തന്നിമിത്തം ക്ഷണം പുറത്തുള്ളവരിലേക്ക്—വിജാതീയരിലേക്ക്—പോകുന്നു. അവരിൽ ചിലർ പ്രതികരിക്കുന്നു. എന്നാൽ വിവാഹവസ്ത്രം ധരിക്കാത്തവനായി കാണപ്പെട്ട ഒരാൾ പുറത്തു തള്ളപ്പെടുന്നു. അയാൾ ക്രൈസ്തവലോകത്തിലെ കൃത്രിമ ക്രിസ്ത്യാനികളെ പ്രതിനിധാനം ചെയ്യുന്നു. യേശുവിന്റെ നാളിലെ അനേകം യഹൂദൻമാർ ക്ഷണിക്കപ്പെട്ടിരുന്നു, എന്നാൽ സ്വർഗ്ഗീയരാജ്യത്തെ അവകാശപ്പെടുത്തുന്ന 1,44,000 മുദ്രയിടപ്പെട്ടവരിൽ ഉൾപ്പെടുന്നതിന് “തെരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം.”—മത്തായി 22:14; വെളിപ്പാട് 7:4.
10-12. (എ) യേശു യഹൂദ വൈദികരെ ശാസിച്ചതെന്തുകൊണ്ട്, അവൻ ആ കപടഭക്തരുടെമേൽ എന്തു ഉഗ്രമായ അപലപനം കുന്നിച്ചു? (ബി) വിശ്വാസത്യാഗം ഭവിച്ച യഹൂദമതത്തിൻമേൽ എങ്ങനെ ഒടുവിൽ ന്യായവിധി നടത്തപ്പെട്ടു?
10 കപടഭക്തരായ യഹൂദ വൈദികർ യേശുവിനെ പിടിക്കുന്നതിന് ഒരു അവസരം അന്വേഷിക്കുന്നു, എന്നാൽ അവൻ അവരുടെ നിരവധി കുടുക്കുചോദ്യങ്ങൾക്ക് ഉത്തരം പറയുകയും അവരെ ജനത്തിന്റെ മുമ്പാകെ കുഴക്കുകയും ചെയ്യുന്നു. ഹാ, ആ വിശ്വാസത്യാഗികളായ യഹൂദൻമാർ! എത്ര തുറന്ന് യേശു അവരെ ശാസിക്കുന്നു! അവർ നമ്മുടെ നാളിലെ അനേകം വൈദികർക്കു സമാനമായി പ്രാമുഖ്യതയും വിശിഷ്ടമായ വേഷവും “റബ്ബി,” “പിതാവ്” എന്നിങ്ങനെയുള്ള ഗംഭീര സ്ഥാനപ്പേരുകളും കാംക്ഷിക്കുന്നു. യേശു ഈ ചട്ടം പ്രസ്താവിക്കുന്നു: “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.”—മത്തായി 23:12.
11 യേശു ഉഗ്രമായി ആ മതനേതാക്കൻമാരെ അപലപിക്കുന്നു. “നിങ്ങൾക്ക് ഹാ കഷ്ടം!” എന്ന് ഏഴു പ്രാവശ്യം അവൻ ഉദ്ഘോഷിക്കുകയും കുരുടരായ വഴികാട്ടികളെന്നും കപടഭക്തരെന്നും അവരെ വിളിക്കുകയും ചെയ്യുന്നു. ഓരോ പ്രാവശ്യവും അവൻ കുററംവിധിക്കലിന് വ്യക്തമായ കാരണം നൽകുന്നു. അവർ സ്വർഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനത്തെ തടയുകയാണ്. അവർ ഒരു പുതുവിശ്വാസിയെ കെണിയിലാക്കുമ്പോൾ അയാൾ ഇരട്ടിയായി ഗീഹെന്നായ്ക്ക് ഇരയായിത്തീരുന്നു, ഒരുപക്ഷേ അപ്പോൾത്തന്നെ കടുത്ത മുൻപാപമോ മതഭ്രാന്തോ നിമിത്തം നാശത്തിന് യോഗ്യനായിരിക്കയാൽത്തന്നെ. “മൂഢരും കുരുടൻമാരും”! എന്ന് യേശു പ്രഖ്യാപിക്കുന്നു, എന്തെന്നാൽ പരീശൻമാർ ആലയത്തിൽ നിർമ്മലാരാധന നിലനിർത്തുന്നതിനു പകരം അവിടത്തെ സ്വർണ്ണത്തിൽ കേന്ദ്രീകരിക്കുന്നു. അവർ മോഹിക്കപ്പെട്ട തുളസി, ചതകുപ്പ, ജീരകം എന്നിവയുടെ ദശാംശം കൊടുക്കുകയും എന്നാൽ ന്യായപ്രമാണത്തിലെ ഘനമേറിയ കാര്യങ്ങളെ അവഗണിക്കുകയും ചെയ്യവേ നീതിയെയും കരുണയെയും വിശ്വസ്തതയെയും അവഗണിക്കുകയാണ്. കർമ്മാനുഷ്ഠാനപരമായ കഴുകലുകൾ ഒരിക്കലും അവരുടെ ആന്തരിക മാലിന്യത്തെ നീക്കംചെയ്യുമായിരുന്നില്ല—സമീപിച്ചുകൊണ്ടിരുന്ന യേശുവിന്റെ ബലിയിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ട ഒരു ഹൃദയത്തിനു മാത്രമേ അതു സാധിക്കുമായിരുന്നുള്ളു. അവരുടെ ആന്തരിക കപടഭക്തിയും അധർമ്മവും “വെള്ളപൂശിയ” ഏതു ബാഹ്യപ്രതലത്തെയും ഭോഷ്കാക്കിത്തീർക്കുന്നു.—മത്തായി 23:13-29
12 അതേ, തീർച്ചയായും പരീശൻമാർക്ക് അയ്യോ കഷ്ടം, യഥാർത്ഥത്തിൽ പൂർവകാലത്തെ “പ്രവാചകൻമാരെ കൊലചെയ്തവരുടെ പുത്രൻമാർ”തന്നെ! അവർ സർപ്പങ്ങളും അണലിസന്തതികളുമായി ഗീഹെന്നായ്ക്ക് വിധിക്കപ്പെട്ടവരാണ്, എന്തെന്നാൽ അവർ യേശുവിനെ മാത്രമല്ല, അവൻ അയക്കുന്ന എല്ലാവരെയും കൊല്ലും. ഇത് “ഈ തലമുറയുടെമേൽ” നടത്തപ്പെടേണ്ട ഒരു ന്യായവിധിയാണ്. അതിന്റെ നിവൃത്തിയായി യെരൂശലേം 37 വർഷം കഴിഞ്ഞ് പൂർണ്ണമായി നശിപ്പിക്കപ്പെട്ടു.—മത്തായി 23:30-36.
13. ആലയ സംഭാവനകളെക്കുറിച്ചുള്ള യേശുവിന്റെ പ്രസ്താവനകൾ ഇന്നത്തെ ഏതു സാഹചര്യങ്ങളിൽ പ്രതിഫലിക്കുന്നു?
13 ആലയം വിട്ടുപോകുന്നതിനു മുമ്പ് യേശു ഭണ്ഡാരത്തിൽ രണ്ടു ചെറിയ നാണയങ്ങൾ—“അവളുടെ ഉപജീവനമാർഗ്ഗം മുഴുവൻ”—ഇടുന്ന ദരിദ്രയായ വിധവയെ പുകഴ്ത്തിപ്പറയുന്നു. തുച്ഛമായ സംഭാവനകൾ മാത്രം ഇടുന്ന അത്യാഗ്രഹികളായ ധനവാൻമാരിൽനിന്ന് തീർച്ചയായും വ്യത്യസ്തം! ആ ദരിദ്രയായ വിധവയെപ്പോലെ, ഇന്ന് യഹോവയുടെ സാക്ഷികൾ ലോകവ്യാപക രാജ്യവേലയെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി മനസ്സൊരുക്കത്തോടെ സമയവും ഊർജ്ജവും പണവും ബലിചെയ്യുന്നു. തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ വഞ്ചിക്കുകയും വ്യക്തിപരമായ സ്വത്തിന്റെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്ന ആ അധാർമ്മികരായ ററിവി സുവിശേഷകൻമാരിൽനിന്ന് എത്ര വ്യത്യസ്തർ!—ലൂക്കോസ് 20:45–21:4.
നീസാൻ 11 അവസാനിക്കുമ്പോൾ
14. യേശു ഏതു ദുഃഖം പ്രകടമാക്കി, അവൻ തന്റെ ശിഷ്യൻമാരുടെ കൂടുതലായ അന്വേഷണത്തിന് എങ്ങനെ ഉത്തരം പറഞ്ഞു?
14 യേശു യെരൂശലേമിനെയും അതിലെ ജനത്തെയും കുറിച്ചു കരയുകയും ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്യുന്നു: “‘യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ ആകുന്നു!’ എന്ന് നിങ്ങൾ പറയുന്നതുവരെ നിങ്ങൾ തീർച്ചയായും എന്നെ ഇനി കാണുകയില്ല.” (മത്തായി 23:37-39, NW.) പിന്നീട്, ശിഷ്യൻമാർ ഇതിനെക്കുറിച്ച് ചോദിക്കുന്നു, ഉത്തരമായി യേശു രാജ്യാധികാരത്തിലുള്ള തന്റെ സാന്നിദ്ധ്യത്തെയും സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ സമാപനത്തെയും കുറിക്കുന്ന അടയാളം വർണ്ണിക്കുന്നു.—മത്തായി 24:1–25:46; മർക്കോസ് 13:1-37; ലൂക്കോസ് 21:5-36.
15. യേശു ന്യായവിധിക്കായുള്ള തന്റെ സാന്നിദ്ധ്യത്തെ സംബന്ധിച്ച് ഏതടയാളം നൽകി, അത് എപ്പോൾ മുതൽ നിവൃത്തിയായിക്കൊണ്ടിരിക്കുന്നു?
15 ആലയത്തിൻമേൽ പെട്ടെന്നു നടപ്പിലാക്കാനിരുന്ന യഹോവയുടെ ന്യായവിധിയെ പരാമർശിച്ചുകൊണ്ട് അത് മുഴുവ്യവസ്ഥിതിയുടെയും സമാപനത്തിങ്കലെ വിപത്ക്കരമായ ഭാവിസംഭവങ്ങളെ പ്രരൂപപ്പെടുത്തുന്നുവെന്ന് യേശു സൂചിപ്പിക്കുന്നു. തന്റെ സാന്നിദ്ധ്യത്തിന്റെ ആ കാലം മുമ്പുണ്ടായിട്ടില്ലാത്ത തോതിലുള്ള യുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടലിനാലും അതുപോലെതന്നെ ക്ഷാമങ്ങളാലും ഭൂകമ്പങ്ങളാലും ഒപ്പം സ്നേഹരാഹിത്യത്താലും അധർമ്മത്താലും സൂചിപ്പിക്കപ്പെടും. 1914മുതൽ നമ്മുടെ 20-ാംനൂററാണ്ടിനെ സംബന്ധിച്ച് ഇത് എത്ര സത്യമാണ്!
16, 17. യേശു ഏതു ലോകവികാസങ്ങളെ വർണ്ണിച്ചു, ക്രിസ്ത്യാനികൾ ഈ പ്രവചനത്തോട് എങ്ങനെ പ്രതികരിക്കണം?
16 “ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ട”ത്തിൽ ഒരു പാരമ്യം വന്നെത്തും. ഇത് നോഹയുടെ കാലത്തെ പ്രളയത്തെപ്പോലെതന്നെ വിനാശകരമായിരിക്കുമെന്നുള്ളതുകൊണ്ട് യേശു ലൗകിക വ്യാപാരങ്ങളിൽ ലയിച്ചുപോകുന്നതിനെതിരെ മുന്നറിയിപ്പുനൽകുന്നു. “നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ട് ഉണർന്നിരിപ്പിൻ.” യജമാനൻ മുന്നറിയിപ്പു മുഴക്കുന്നതിനും തന്റെ ഈ സാന്നിദ്ധ്യനാളിലേക്ക് സമൃദ്ധമായ ആത്മീയാഹാരം പ്രദാനംചെയ്യുന്നതിനും അഭിഷിക്തനായ ഒരു “വിശ്വസ്തനും വിവേകിയുമായ അടിമയെ” നിയമിച്ചിരിക്കുന്നതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാൻ കഴിയും!—മത്തായി 24:21, 42, 45-47.
17 നമ്മുടെ 20-ാം നൂററാണ്ടിൽ, നാം “ഭയത്താലും നിവസിത ഭൂമിമേൽ വരാനിരിക്കുന്ന കാര്യങ്ങളുടെ പ്രതീക്ഷയാലും മനുഷ്യർ മോഹാലസ്യപ്പെടുമ്പോൾ . . . ഭൂമിയിൽ പോംവഴിയറിയാത്ത ജനതകളുടെ അതിവേദന” കണ്ടിരിക്കുന്നു. എന്നാൽ യേശു നമ്മോട് ഇങ്ങനെ പറയുന്നു: “ഈ കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ നിവർന്നു നിൽക്കുകയും നിങ്ങളുടെ തലകൾ ഉയർത്തുകയും ചെയ്യുക, എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വിടുതൽ അടുത്തുവരുന്നു.” അവൻ നമുക്ക് ഇങ്ങനെ മുന്നിറിയിപ്പുനൽകുന്നു: “നിങ്ങളുടെ ഹൃദയങ്ങൾ അതിഭക്ഷണത്താലും കനത്ത കുടിയാലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട് പെട്ടെന്ന് ആ ദിവസം ഒരു കെണിപോലെ ക്ഷണത്തിൽ നിങ്ങളുടെമേൽ വരാതിരിപ്പാൻ നിങ്ങൾക്കുതന്നെ ശ്രദ്ധകൊടുക്കുക.” ഉണർന്നിരിക്കുന്നതിനാൽ മാത്രമേ “മനുഷ്യപുത്രനായ” യേശുവിന്റെ മുമ്പാകെ അവന്റെ സാന്നിദ്ധ്യത്തിൽ അംഗീകാരമുള്ളവരായി നിൽക്കാൻ കഴിയുകയുള്ളു.—ലൂക്കോസ് 21:25-28, 34-36, NW.
18. പത്തുകന്യകമാരെയും താലന്തുകളെയും കുറിച്ചുള്ള യേശുവിന്റെ ഉപമകളിൽനിന്ന് നമുക്ക് എന്ത് പ്രോൽസാഹനം സ്വീകരിക്കാൻ കഴിയും?
18 ആധുനികകാല സംഭവങ്ങളെക്കുറിച്ചുള്ള തന്റെ വിദഗ്ദ്ധ പൂർവവീക്ഷണത്തിന്റെ സമാപനത്തിൽ യേശു മൂന്ന് ദൃഷ്ടാന്തങ്ങൾ നൽകുന്നു. ഒന്നാമതായി, പത്തു കന്യകമാരുടെ ഉപമയിൽ, അവൻ വീണ്ടും “ഉണർന്നിരി”ക്കേണ്ടതിന്റെ ആവശ്യകത ദൃഢീകരിക്കുന്നു. പിന്നീട് അടിമകളുടെയും താലന്തുകളുടെയും ദുഷ്ടാന്തത്തിൽ ‘യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്കാ’നുള്ള ഒരു ക്ഷണത്താൽ ഉത്സാഹത്തിന് എങ്ങനെ പ്രതിഫലം കിട്ടുന്നുവെന്ന് അവൻ പ്രകടമാക്കുന്നു. ഈ ഉപമകളിൽ മുൻനിഴലാക്കപ്പെടുന്ന അഭിഷിക്തക്രിസ്ത്യാനികൾക്കും അതുപോലെതന്നെ വേറെ ആടുകൾക്കും ഈ വാങ്മയ ചിത്രങ്ങളിൽനിന്ന് വളരെയധികം പ്രോൽസാഹനം സ്വീകരിക്കാൻ കഴിയും.—മത്തായി 25:1-30.
19, 20. ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തത്തിൽ ഏത് ആഹ്ലാദകരമായ ആധുനികകാല ബന്ധം വിശേഷവൽക്കരിക്കപ്പെട്ടിരിക്കുന്നു?
19 മൂന്നാമത്തെ ദൃഷ്ടാന്തം യേശു തന്റെ മഹത്വമുള്ള സ്വർഗ്ഗീയ സിംഹാസനത്തിൽ ഇരിക്കാൻ വന്നെത്തിയശേഷമുള്ള രാജ്യാധികാരത്തിലെ അവന്റെ സാന്നിദ്ധ്യത്തെ പരാമർശിക്കുന്നു. അത് ജനതകളെ ന്യായം വിധിക്കുന്നതിനും ഭൂമിയിലെ ജനങ്ങളെ രണ്ടു കൂട്ടങ്ങളായി വേർതിരിക്കുന്നതിനുമുള്ള ഒരു സമയമാണ്—ഒന്നിൽ സൗമ്യതയുള്ള ചെമ്മരിയാടുതുല്യരായ ആളുകളും മറേറതിൽ ശാഠ്യമുള്ള കോലാടുതുല്യരും ഉൾപ്പെടുന്നു. ചെമ്മരിയാടുകൾ രാജാവിന്റെ സഹോദരൻമാരെ—ഈ ലോകാവസാനകാലത്ത് ഭൂമിയിൽ ശേഷിച്ചിട്ടുള്ള അഭിഷിക്തരെ—പിന്താങ്ങുന്നവരായി തങ്ങളേത്തന്നെ പ്രകടമാക്കുന്നതിന് കൂടുതലായ ശ്രമം നടത്തുന്നു. ഈ ചെമ്മരിയാടുകൾക്ക് ജീവന്റെ പ്രതിഫലം ലഭിക്കുന്നു, അതേസമയം വിലമതിപ്പില്ലാത്ത കോലാടുകൾ നിത്യനാശത്തിലേക്കു പോകുന്നു.—മത്തായി 25:31-46.
20 ഈ വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ വേറെ ആടുകളും രാജാവിന്റെ സഹോദരൻമാരും തമ്മിൽ എത്ര മഹത്തായ ബന്ധമാണ് നാം കാണുന്നത്! രാജാവിന്റെ സാന്നിദ്ധ്യത്തിന്റെ തുടക്കത്തിൽ അഭിഷിക്ത ശേഷിപ്പ് വേലയുടെ സിംഹഭാഗവും ചെയ്തുവെങ്കിലും ഇപ്പോൾ ഭൂമിയിലെ ദൈവദാസൻമാരുടെ 99.8 ശതമാനം തീക്ഷ്ണതയുള്ള ദശലക്ഷക്കണക്കിന് വേറെ ആടുകൾ ആണ്. (യോഹന്നാൻ 10:16) അവരും നിർമ്മലതാപാലകരായ അഭിഷിക്തരുടെ സഹപ്രവർത്തകരെന്ന നിലയിൽ ‘വിശപ്പും ദാഹവും നഗ്നതയും രോഗവും തടവും’ സഹിക്കുന്നതിന് സന്നദ്ധരാണെന്ന് പ്രകടമാക്കിയിരിക്കുന്നു.a
നീസാൻ 12
21. നീസാൻ 12ന് എന്തിന് ആക്കം കൂടി, എങ്ങനെ?
21 യേശുവിനെ കൊല്ലാനുള്ള ഗൂഢാലോചനക്ക് ആക്കം കൂടുന്നു. യൂദാ ആലയത്തിൽ മുഖ്യപുരോഹിതൻമാരെ സന്ദർശിക്കുകയും യേശുവിനെ 30 വെള്ളിക്കാശിന് ഒററിക്കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്യുന്നു. ഇതുപോലും പ്രവചിക്കപ്പെട്ടിരുന്നു.—സെഖര്യവ് 11:12.
നീസാൻ 13
22. നീസാൻ 13ന് ഏത് ഒരുക്കങ്ങൾ ചെയ്യപ്പെട്ടു?
22 ഒരുപക്ഷേ പ്രാർത്ഥനക്കും ധ്യാനത്തിനുമായി ബെഥനിയിൽ തുടർന്നു കഴിയുന്ന യേശു ഒരു പ്രത്യേക “ഇന്നവനെ” കണ്ടെത്താൻ തന്റെ ശിഷ്യൻമാരെ യെരൂശലേമിലേക്ക് അയക്കുന്നു. ഈ മമനുഷ്യന്റെ വീട്ടിൽ, ഒരു വലിയ മാളികമുറിയിൽ, അവർ പെസഹാ ഒരുക്കുന്നു. (മത്തായി 26:17-19) നീസാൻ 13-ാം തീയതി സൂര്യൻ അസ്തമിക്കുമ്പോൾ സകല ചരിത്രത്തിലും വെച്ച് അത്യന്തം പ്രധാന സംഭവമായ ആഘോഷത്തിനുവേണ്ടി യേശു അവരോടു ചേരുന്നു. നീസാൻ 14ന് ഇനി എന്താണ് സംഭവിക്കാനിരിക്കുന്നത്? നമ്മുടെ അടുത്ത ലേഖനം പറയും.
[അടിക്കുറിപ്പ്]
a അടുത്ത ലേഖനം അഭിഷിക്തരായ ചെറിയ ആട്ടിൻകൂട്ടവും വേറെ ആടുകളും തമ്മിലുള്ള അടുത്ത ബന്ധത്തെ വിലമതിക്കാൻ നമ്മെ സഹായിക്കേണ്ടതാണ്.
നിങ്ങൾ എങ്ങനെ സംഗ്രഹിക്കും?
◻ ചിലർ നീസാൻ 8മുതൽ 10വരെ യേശുവിന് ഏത് ആതിഥ്യവും സ്വാഗതവും അരുളി?
◻ യേശു നീസാൻ 11ന് കപടഭക്തരായ വൈദികരെ എങ്ങനെ തുറന്നുകാട്ടി?
◻ യേശു ഏതു വലിയ പ്രവചനം നൽകി, അത് ഇന്ന് എങ്ങനെ നിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു?
◻ നീസാൻ 12നും 13നും സംഭവങ്ങൾ എങ്ങനെ ഒരു പാരമ്യത്തിലേക്കു നീങ്ങി?
[12-ാം പേജിലെ ചിത്രം]
തനിക്ക് ഉണ്ടായിരുന്ന സകലവുമായ രണ്ട് ചെറിയ നാണയങ്ങൾ സംഭാവന കൊടുത്ത ദരിദ്രയായ വിധവയെ യേശു അഭിനന്ദിക്കുന്നു