യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ദൃഷ്ടാന്തങ്ങളാൽ പഠിപ്പിക്കുന്നു
യേശു പരീശൻമാരെ ശാസിക്കുമ്പോൾ പ്രത്യക്ഷത്തിൽ അവൻ കഫർന്നഹൂമിൽ ആണ്. അവൻ അതേദിവസം പിന്നീട് വീടുവിട്ട് അടുത്തുള്ള ഗലീലാ കടൽക്കരയിലേക്ക് നടക്കുന്നു, അവിടെ ജനക്കൂട്ടങ്ങൾ തടിച്ചുകൂടുന്നു. അവിടെ അവൻ ഒരു പടകിൽ കയറി തുഴഞ്ഞുനീക്കിയശേഷം കരയിലുള്ള ആളുകളോട് സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാൻ തുടങ്ങുന്നു. അവൻ ഉപമകളുടെ അഥവാ ദൃഷ്ടാന്തങ്ങളുടെ ഒരു പരമ്പര ഉപയോഗിച്ചുകൊണ്ട്പഠിപ്പിക്കുന്നു, ഓരോന്നിനും ആളുകൾക്ക് സുപരിചിതമായ ഒരു രംഗവിധാനമാണുണ്ടായിരുന്നത്.
ആദ്യമായി യേശു വിത്തു വിതക്കുന്ന ഒരു വിതക്കാരനെക്കുറിച്ചു പറയുന്നു. ചില വിത്തുകൾ വഴിയരികിൽ വീഴുകയും പക്ഷികൾ അവയെ കൊത്തിത്തിന്നുകയും ചെയ്യുന്നു. മററു ചില വിത്തുകൾ പാറമേലുള്ള മണ്ണിൽ വീഴുന്നു. വേരുകൾക്ക് ആഴം കുറവാകയാൽ പുതിയ ചെടികൾ പൊള്ളിക്കുന്ന വെയിലിൽ ഉണങ്ങിപ്പോകുന്നു. ഇനിയും മററു ചില വിത്തുകൾ മുള്ളുകൾക്കിടയിൽ വീഴുന്നു. ചെടികൾ വളർന്നു വന്നപ്പോൾ മുള്ളുകൾ അവയെ ഞെരുക്കിക്കളയുന്നു. ഒടുവിൽ ചില വിത്തുകൾ നല്ല നിലത്തു വീഴുകയും നൂറുമേനിയും ഏതാനും അറുപതുമേനിയും ഏതാനും മുപ്പതുമേനിയും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.
മറെറാരു ദൃഷ്ടാന്തത്തിൽ യേശു ദൈവരാജ്യം ഒരു മനുഷ്യൻ വിത്തുവിതച്ചതുപോലെയാണെന്നു പറയുന്നു. ദിവസങ്ങൾ കഴിയവേ ആ മനുഷ്യൻ ഉറങ്ങുകയും ഉണരുകയുംചെയ്യുമ്പോൾ വിത്തു വളരുന്നു. എപ്രകാരമെന്ന് ആ മനുഷ്യൻ അറിയുന്നില്ല. അതു സ്വയം വളരുകയും ധാന്യം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ധാന്യം വിളയുമ്പോൾ ആ മനുഷ്യൻ അതു കൊയ്യുന്നു.
യേശു മൂന്നാമത്, ഒരു മനുഷ്യൻ ശരിയായ ഇനം വിത്തു വിതക്കുന്നുവെങ്കിലും അയാൾ ഉറങ്ങുമ്പോൾ ഒരു ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതക്കുന്നതായ ഒരു ദൃഷ്ടാന്തം പറയുന്നു. ആ മമനുഷ്യന്റെ ദാസൻമാർ കളകൾ പറിച്ചുമാററട്ടെ എന്ന് ചോദിക്കുന്നു. എന്നാൽ അവൻ ഉത്തരം പറയുന്നു: ‘വേണ്ട, നിങ്ങൾ അങ്ങനെ ചെയ്താൽ ഗോതമ്പിൽ കുറേ പിഴുതുകളയും. കൊയ്തോളം രണ്ടും ഒരുമിച്ചു വളരട്ടെ. അപ്പോൾ ഞാൻ കൊയ്തുകാരോട് കളകൾ വേർതിരിച്ച് ചുട്ടുകളയുന്നതിനും ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുന്നതിനും പറയും.’
കടൽക്കരയിലെ ജനക്കൂട്ടത്തോടു സംസാരം തുടർന്നുകൊണ്ട് യേശു രണ്ടു ദൃഷ്ടാന്തങ്ങൾകൂടി പറയുന്നു. അവൻ ഇപ്രകാരം വിശദീകരിക്കുന്നു, “സ്വർഗ്ഗരാജ്യം” ഒരു മനുഷ്യൻ നടുന്ന കടുകുമണിയോടു സദൃശമാകുന്നു. അത് എല്ലാ വിത്തുകളിലും വെച്ച് ഏററം ചെറുതാണെങ്കിലും അത് എല്ലാ സസ്യങ്ങളേക്കാളും വലുതായി വളരുന്നു. അത് ഒരു വൃക്ഷമായിത്തീരുകയും അതിലേക്ക് പക്ഷികൾ വരികയും അതിന്റെ ശിഖരങ്ങളിൽ ചേക്കേറുകയും ചെയ്യുന്നു.
ഇന്നു ചിലർ കടുകുമണിയേക്കാൾ ചെറിയ വിത്തുകൾ ഉണ്ടെന്നു പറഞ്ഞുകൊണ്ട് എതിർത്തേക്കാം. എന്നാൽ യേശു ഒരു സസ്യശാസ്ത്രത്തിന്റെ ക്ലാസ്സെടുക്കുകയല്ല. യഥാർത്ഥത്തിൽ തന്റെ നാളിലെ ഗലീലക്കാർക്കു പരിചയമുണ്ടായിരുന്ന വിത്തുകളിൽ കടുകുമണിയായിരുന്നു ഏററം ചെറുത്. അതുകൊണ്ട് അവർ യേശു ദൃഷ്ടാന്തീകരിച്ച അസാധാരണ വളർച്ചയുടെ സംഗതി വിലമതിക്കുന്നു.
അവസാനമായി, യേശു “സ്വർഗ്ഗരാജ്യ”ത്തെ ഒരു സ്ത്രീ എടുത്ത് മൂന്നു വലിയ അളവ് മാവിന്റെ കൂടെ ചേർക്കുന്ന പുളിച്ച മാവിനോടു ഉപമിക്കുന്നു. ക്രമേണ അത് കുഴച്ച മാവിന്റെ മുഴുഭാഗത്തും വ്യാപിക്കുന്നു എന്ന് അവൻ പറയുന്നു.
ഈ അഞ്ചു ദൃഷ്ടാന്തങ്ങളും പറഞ്ഞശേഷം യേശു ജനക്കൂട്ടത്തെ പറഞ്ഞു വിടുകയും അവൻ താമസിച്ചുകൊണ്ടിരുന്ന വീട്ടിലേക്കു മടങ്ങിപ്പോകയും ചെയ്യുന്നു. പെട്ടെന്ന് അവന്റെ 12 അപ്പോസ്തലൻമാരും മററു ശിഷ്യൻമാരും അവിടെ അവന്റെ അടുക്കൽ വരുന്നു. മത്തായി 13:1-9, 24-36; മർക്കോസ് 4:1-9, 26-32; ലൂക്കോസ് 8:1-8.
◆ യേശു എപ്പോൾ എവിടെവെച്ച് ജനക്കൂട്ടത്തോട് ദൃഷ്ടാന്തങ്ങളാൽ സംസാരിച്ചു?
◆ യേശു ജനക്കൂട്ടത്തോടു പറഞ്ഞ അഞ്ചു ദൃഷ്ടാന്തങ്ങൾ ഏതെല്ലാം?
◆ യേശു കടുകുമണി എല്ലാ വിത്തുകളിലും വെച്ച് ഏററം ചെറിയ വിത്താണെന്നു പറഞ്ഞതെന്തുകൊണ്ട്? (w87 3/15)