ആറാം ലോകമഹച്ഛക്തി—റോമാ
ക്രിസ്ത്യാനിത്വത്തിന്റെ തുടക്കത്തിൽ റോമാ സാമ്രാജ്യം ഭരണം നടത്തിയിരുന്നു. പുരാതന റോമിനെക്കുറിച്ചുള്ള ഒരു മെച്ചപ്പെട്ട അറിവ് ഏതു സാഹചര്യങ്ങളിൻ കീഴിലായിരുന്നു യേശു പ്രസംഗിച്ചിരുന്നത് എന്നും അവന്റെ ആദിമ അനുഗാമികൾ അന്ന് അറിയപ്പെട്ടിരുന്ന ലോകത്ത് ക്രിസ്ത്യാനിത്വം വ്യാപിപ്പിച്ചപ്പോൾ നിലവിലിരുന്ന അന്തരീക്ഷം എന്തായിരുന്നു എന്നും ഗ്രഹിക്കുന്നതിന് നിങ്ങളെ സഹായിക്കും.
യേശു ജനിച്ചപ്പോഴും അവന്റെ അപ്പോസ്തലൻമാരുടെ പ്രസംഗ കാലയളവിലും ബൈബിൾ ചരിത്രത്തിലെ ആറാം ലോകശക്തിയായിരുന്ന റോമായായിരുന്നു ഭരിച്ചുകൊണ്ടിരുന്നത്. അതിനു മുമ്പിലത്തെ ലോകശക്തിയായിരുന്ന ഗ്രീസ് ലോകത്തിന്റെ ആ ഭാഗത്താകെ ക്രിസ്തീയ ഉപദേശം പ്രചരിപ്പിക്കുക സാധ്യമാക്കിത്തീർത്ത ഒരു അന്തർദ്ദേശീയ ഭാഷ പ്രദാനം ചെയ്തു—കൊയ്നി അഥവാ സാധാരണ ഗ്രീക്ക്. ഇപ്പോൾ റോമാ ക്രിസ്തീയ സത്യത്തിന്റെ സത്വര വ്യാപനത്തെ സഹായിച്ച സാഹചര്യങ്ങളും റോഡുകളും പ്രദാനം ചെയ്തു.
ഇററലിയിലെ ലാററിയത്തിൽ ഒരിക്കൽ ചെറിയ ഒരു നഗരമായിരുന്ന റോം പുരാതന ബൈബിൾകാലങ്ങളിലെ ഏററവും വലിയ ലോകസാമ്രാജ്യത്തിന്റെ തലസ്ഥാനമായി വളർന്നു. തുടക്കത്തിൽ അത് ഇററാലിയൻ ഉപദ്വീപിനെ നിയന്ത്രിക്കത്തക്കവണ്ണം വികസിച്ചു. അത് ആഫ്രിക്കയുടെ വടക്കെ തീരത്തെ ശക്തമായ കാർത്തേജിനെ തോൽപ്പിച്ചു. സ്പെയിനും മാസിഡോണിയായും ഗ്രീസും അതിന്റെ നിയന്ത്രണത്തിൻകീഴിൽ വന്നു. പിന്നീട്, ക്രി.മു. 63-ൽ അത് യെരുശലേമിനെ പിടിച്ചടക്കുകയും ക്രി.മു. 30-ൽ ഈജിപ്ററിനെ ഒരു റോമൻ പ്രവിശ്യയാക്കിത്തീർക്കുകയും ചെയ്തു. ഈ ശക്തമായ സാമ്രാജ്യം അതിന്റെ അത്യുച്ചാവസ്ഥയിൽ ബ്രിട്ടൻ മുതൽ ഈജിപ്ററു വരെയും പോർട്ടുഗൽ മുതൽ പുരാതന ബാബിലോൻദേശമായ മെസൊപ്പൊത്താമിയാ വരെയും വ്യാപിച്ചുകിടന്നിരുന്നു. അത് മെഡിറററേനിയനെ പൂർണ്ണമായും ചുററിക്കിടന്നിരുന്നു, അതിനെ മറെ നോസ്ട്രം (നമ്മുടെ സമുദ്രം) എന്നു വിളിച്ചിരുന്നു.
ഇപ്പോഴും ആ വിസ്തൃതമായ സാമ്രാജ്യത്തിന്റെ പ്രദേശങ്ങളിലെല്ലാം അനേകം റോമൻ നഷ്ടശിഷ്ടങ്ങൾ സന്ദർശിക്കാൻ കഴിയും. നിങ്ങൾക്ക് ബ്രിട്ടനിൽ ഹാഡ്രിയൻസ് മതിലും സ്പെയിനിൽ സെഗൊവിയായിലെ മഹനീയമായ ജലപാത്തിയും ഓറഞ്ചിലെ തിയേറററും ആൾസിലെ പോർക്കളവും (രണ്ടും ദക്ഷിണ ഫ്രാൻസിൽ) കാണാൻ കഴിയും. നിങ്ങൾക്ക് റോമിനടുത്തുള്ള ഓസ്ററിയാ ആൻറിക്കായുടെ നിശബ്ദ നഷ്ടശിഷ്ടങ്ങളിലൂടെ നടക്കാനും നേപ്പിൾസിനു തെക്ക് പുരാതന പോംപിയിൽ അത്ഭുതം കൂറാനും കഴിയും. റോമിൽ നിങ്ങൾക്ക് പൊതുവിനോദക്കളരിയിലെ ഉത്തേജിതരായ ജനക്കൂട്ടങ്ങളെ സങ്കൽപ്പിക്കുന്നതിനും, യേശു 35-ൽ പരം വർഷം മുമ്പ് മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ ക്രി.വ. 70-ൽ യെരുശലേമും അതിന്റെ ആലയവും തീത്തോസ് നശിപ്പിച്ചതിന്റെ സ്മാരകമായ തീത്തോസിന്റെ കമാനം കാണാനും കഴിയും.
പുരാതന റോമിൽ സമ്പന്നർക്ക് വലിയ കുടുംബങ്ങളും ചിലപ്പോൾ ശതക്കണക്കിനുള്ള ദാസൻമാരും അടിമകളും ഉണ്ടായിരുന്നു. ദരിദ്രർ വൃത്തികെട്ട വളഞ്ഞുപുളഞ്ഞ തെരുവുകളിൽ നിരനിരയായി സ്ഥിതിചെയ്തിരുന്ന ബഹുനില വാടകക്കെട്ടിടങ്ങളിൽ തിങ്ങിക്കൂടിയിരുന്നു. ഇടത്തരക്കാർ എന്ന് വളരെക്കുറച്ചുപേരെ മാത്രമെ വിളിക്കാൻ കഴിയുമായിരുന്നുള്ളു. ദരിദ്രർ പ്രക്ഷോഭണം ഉണ്ടാക്കാതിരിക്കാൻ വേണ്ടി സംസ്ഥാനം സൗജന്യമായ ഒരു ധാന്യ അലവൻസും വിനോദവും പ്രദാനം ചെയ്തിരുന്നു. പ്രോവിൻസുകൾക്കു ചുമത്തിയിരുന്ന നികുതികൾ ഈ ചെലവുകൾ വഹിച്ചിരുന്നു.
റോമൻ സൈന്യം
പ്രസിദ്ധമായിരുന്ന റോമൻ സൈന്യം അനേകം ലീജിയൻസ് (വ്യൂഹങ്ങൾ) ചേർന്നതായിരുന്നു. ഓരോ വ്യൂഹവും 4,500-7,000 പടയാളികളടങ്ങിയ, അതിൽതന്നെ പൂർണ്ണമായ ഒരു സേനയായിരുന്നു. അതിന്റെ കമാൻഡർ ചക്രവർത്തിയോടു മാത്രമായിരുന്നു കടപ്പെട്ടിരുന്നത്. ഒരു ലീജിയനെ സാധാരണയായി നൂറ് പടയാളികളടങ്ങിയ 60 ശതങ്ങളായി വിഭാഗിച്ചിരുന്നു. ശതം, “സൈനികോദ്യോഗസ്ഥൻ” എന്നു പുതിയലോക ഭാഷാന്തരത്തിൽ വിളിക്കപ്പെട്ടിരിക്കുന്ന ഒരു ശതാധിപന്റെ നേതൃത്വത്തിൻ കീഴിലായിരുന്നു. യേശുവിന്റെ വധം നിർവഹിച്ച നാലു സൈനികരുടെമേൽ നിയന്ത്രണമുണ്ടായിരുന്ന ഒരു ശതാധിപനായിരുന്നു ആ സാഹചര്യങ്ങളും അത്ഭുത സംഭവങ്ങളും നിരീക്ഷിച്ചശേഷം: “നിശ്ചയമായും ഇവൻ ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞത്. (മത്തായി 27:54; യോഹന്നാൻ 19:23) ഒരു ശതാധിപനായ കൊർന്നേല്യൊസ് ആയിരുന്നു ക്രിസ്ത്യാനിയായിത്തീർന്ന പരിച്ഛേദനയേൽക്കാത്ത ആദ്യത്തെ യഹൂദേതരൻ.—പ്രവൃത്തികൾ 10:22.
ലീജിയൻസിന് കൊടിയടയാളങ്ങളുണ്ടായിരുന്നു, പ്രത്യക്ഷത്തിൽ ആധുനിക പതാകകൾ സാധിക്കുന്നതിനു സമാനമായ ഒരു ഉദ്ദേശ്യം സാധിച്ചിരുന്ന മരം കൊണ്ടൊ ലോഹം കൊണ്ടൊ നിർമ്മിച്ച പ്രതിമകൾ അല്ലെങ്കിൽ ചിഹ്നങ്ങൾതന്നെ. ഇവയെ വിശുദ്ധമായി പരിഗണിച്ചുകൊണ്ട് മാനുഷ ജീവൻ നൽകിക്കൊണ്ടുപോലും സംരക്ഷിച്ചിരുന്നു. ബ്രിട്ടാനിക്കാ സർവ വിജ്ഞാനകോശം ഇപ്രകാരം പറയുന്നു: “റോമൻ കൊടികൾ മതപരമായ പൂജയോടെ റോമൻ ക്ഷേത്രങ്ങളിൽ സൂക്ഷിക്കപ്പെട്ടിരുന്നു. ഒരുപക്ഷേ ഒരു ജനറലിന്റെ പടയാളികളെ സംബന്ധിച്ചിടത്തോളം ഭൂമിയിലുള്ളതിലേക്കും ഏററം വിശുദ്ധമായ വസ്തു വീണ്ടെടുക്കുന്നതിന് ഉത്തേജിപ്പിച്ചുകൊണ്ട് അവരുടെ ആക്രമണോത്സുകത വർദ്ധിപ്പിക്കാൻ അയാൾ ഒരു കൊടി ശത്രുവിന്റെ പാളയത്തിലേക്ക് എറിയാൻ കൽപ്പിക്കുന്നത് അസാധാരണമല്ലായിരുന്നു.
റോമൻ റോഡുകളും സ്ഥാനപ്പേരുകളും
റോമാ അതിന്റെ ആശ്രിതരാഷ്ട്രങ്ങളെ ഒരു ലോക സാമ്രാജ്യമായി ഉരുക്കിച്ചേർത്തു. ഈ സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരത്തക്കവണ്ണം അത് റോഡുകൾ പ്രദാനം ചെയ്തു. ആളുകൾ യാത്രചെയ്യുകയും ചെയ്തിരുന്നു! ക്രി.വ. 33ലെ പെന്തെക്കൊസ്തു പെരുന്നാളിന് യെരുശലേമിലേക്ക് ഏതെല്ലാം സ്ഥലങ്ങളിൽ നിന്ന് ആളുകൾ വന്നിരുന്നു എന്നതിന്റെ ലിസ്ററ് നോക്കുക. അവർ വിദൂരമായ വടക്കുകിഴക്കെ മേദ്യയിൽനിന്നും വിദൂരപശ്ചിമഭാഗത്തെ റോമിൽനിന്നും വടക്കെ ആഫ്രിക്കയിൽനിന്നും അവക്കിടയിലുള്ള അനേകം സ്ഥലങ്ങളിൽ നിന്നുമുള്ളവരായിരുന്നു.—പ്രവൃത്തികൾ 2:9-11.
റോമൻ റോഡുനിർമ്മാതാക്കളാൽ ഇടപ്പെട്ട പഥങ്ങൾ ഇന്നും ഉപയോഗത്തിലിരിക്കുന്നു. നിങ്ങൾക്ക് റോമിന്റെ തെക്കുഭാഗത്തുള്ള പുരാതന ആപ്പിയൻ പാതയിലൂടെ കാറോടിച്ചുപോകാൻ കഴിയും. അപ്പോസ്തലനായ പൗലോസ് തന്നെ റോമിൽ പ്രവേശിച്ചത് അതിലെയായിരുന്നു. (പ്രവൃത്തികൾ 28:15, 16) റോമൻ റോഡുകൾ, “തീവണ്ടിപ്പാതകൾ വരുന്നതിനു മുമ്പ് മികവിൽ കുറവില്ലാഞ്ഞ കരയിലൂടെയുള്ള യാത്രാസൗകര്യങ്ങൾ പ്രദാനം ചെയ്തിരുന്നു” എന്നു പറയപ്പെട്ടിരിക്കുന്നു.—ദി വെസ്ററമിനിസ്ററർ ഹിസ്റേററിക്കൽ അററലസ് ററ ദി ബൈബിൾ.
റോമാക്കാർ വിസ്തൃതമായ തങ്ങളുടെ സാമ്രാജ്യത്തെ ഭരിച്ചപ്പോൾ മിക്കപ്പോഴും പ്രാദേശികമായ ആചാരങ്ങൾ നിലനിർത്തി. അതുകൊണ്ട് വിവിധ പ്രദേശങ്ങളിലെ അധികാരികൾ വിവിധ പേരുകളിൽ അഥവാ സ്ഥാനപ്പേരുകളിൽ അറിയപ്പെട്ടിരുന്നു. മോഡേൺ ഡിസ്കവറി ആൻഡ് ബൈബിൾ എന്ന പുസ്തകത്തിൽ എ. റെൻഡൽ ഷോർട്ട്, “അംഗീകൃത ചരിത്രകാരൻമാർ”പോലും “ഈ അധികാരികൾക്കെല്ലാം അവരുടെ കൃത്യമായ അഭിധാനങ്ങൾ” കൊടുക്കാൻ ശ്രമിക്കുമായിരുന്നില്ല. എന്നാൽ ബൈബിൾ എഴുത്തുകാരനായ ലൂക്കോസിന് ഈ കാര്യത്തിൽ “എപ്പോഴും പൂർണ്ണമായ കൃത്യത നേടാൻ സാധിക്കുന്നു” എന്ന് അദ്ദേഹം പറയുന്നു. ദൃഷ്ടാന്തത്തിന്, ലൂക്കോസ്, ഹെരോദാവിനെ ഒരു “റെറട്രാർക്ക്” (ഒരു പ്രവിശ്യയുടെ നാലിലൊന്നു ഭാഗത്തിന്റെ ഭരണാധിപൻ) എന്നും ഹെരോദ് അഗ്രിപ്പായെ ഒരു “രാജാവ്” എന്നും തെസ്സലോനിയൻ ഉദ്യോഗസ്ഥൻമാരെ “പോളിററാർക്ക്സ്” എന്നും സൈപ്രസ് ഗവർണ്ണരായിരുന്ന സെർഗ്യൊസ് പൗലോസിനെ “പ്രോകോൺസൽ” എന്നും വിളിച്ചു. (ലൂക്കോസ് 3:1; പ്രവൃത്തികൾ 25:13; പ്രവൃത്തികൾ 17:6; പ്രവൃത്തികൾ 13:7; പുതിയലോക ഭാഷാന്തരം റഫറൻസ് ബൈബിൾ അടിക്കുറിപ്പു കാണുക.) ചിലപ്പോൾ കേവലം ഒരിടത്തു കണ്ടെത്തുന്ന ഒരു നാണയമൊ മറെറാരിടത്തു കണ്ടെത്തുന്ന ഒരു ശിലാലിഖിതമൊ ആയിരുന്നു ആ ബൈബിൾ എഴുത്തുകാരൻ ശരിയായ സ്ഥാനപ്പേര് ശരിയായ സമയത്ത് ഉപയോഗിച്ചുവെന്ന് സ്ഥിരീകരിച്ചത്. അത്തരത്തിലുള്ള സൂക്ഷ്മതയും കൃത്യതയും യേശുക്രിസ്തുവിന്റെ കാലവും ജീവിതവും സംബന്ധിച്ചു രേഖപ്പെടുത്തുന്ന ചരിത്രവസ്തുതകളുടെ സത്യതയുടെ കൂടുതലായ തെളിവാണ്.a
സാമ്രാജ്യവും ക്രിസ്ത്യാനിത്വവും
തഴച്ചുവളരുന്ന ഒരു ക്രിസ്തീയ സഭ റോമിൽ സ്ഥിതിചെയ്തിരുന്നു. അത് സാധ്യതയനുസരിച്ച് ക്രി.വ. 33-ലെ പെന്തെക്കൊസ്തു നാളിൽ യെരുശലേമിൽവെച്ച് ക്രിസ്ത്യാനിത്വം സ്വീകരിച്ചശേഷം റോമിലേക്കു തിരിച്ചുചെന്നവരാൽ രൂപവൽക്കരിക്കപ്പെട്ടതായിരിക്കണം. (പ്രവൃത്തികൾ 2:10) റോമർ എന്ന ബൈബിൾ പുസ്തകം ഈ സഭക്ക് ക്രി.വ. ഉദ്ദേശം 56-ാമാണ്ടിൽ എഴുതപ്പെട്ടു. പിന്നീട് പൗലോസ് ഒരു തടവുകാരനായി റോമിലേക്കു വരികയും രണ്ടുവർഷക്കാലം അവൻ തന്റെ വീട്ടുതടങ്കലിൽ സന്ദർശിച്ചവർക്ക് ഒരു പൂർണ്ണസാക്ഷ്യം കൊടുക്കുകയും ചെയ്തു. അങ്ങനെ ചക്രവർത്തിയുടെ അകമ്പടിപ്പട്ടാളത്തിലെ അംഗങ്ങൾ രാജ്യസന്ദേശം മനസ്സിലാക്കി, “കൈസറുടെ ഭവനക്കാർ”പോലും ക്രിസ്ത്യാനികളായിത്തീർന്നു.—ഫിലിപ്പിയർ 1:12, 13; 4:22.
റോമാ സാമ്രാജ്യത്തിന്റെ ആചാരങ്ങളും നിയമങ്ങളും നിബന്ധനകളും മിക്കപ്പോഴും ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഔഗുസ്തോസിന്റെ കൽപന യൗസേഫിനെയും മറിയാമിനെയും യേശു ജനിക്കാനിടയായ യെരുശലേമിലേക്കു വരുത്തി. കൈസർ ആവശ്യപ്പെട്ട നികുതി അടക്കുന്നതിന്റെ ഔചിത്യം യേശു ഉറപ്പിച്ചു പറഞ്ഞു. യഹൂദ പുരോഹിതൻമാർ യേശുവിനെ വധിപ്പിക്കാൻ കൈസറോട് കൂറു നടിച്ചു. റോമൻ നിയമപ്രകാരം ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് അവന്റെ കേസ് സംബന്ധിച്ച് കൈസർക്ക് അപ്പീൽ കൊടുത്തു.—ലൂക്കോസ് 2:1-6; 20:22-25; യോഹന്നാൻ 19:12, 15; പ്രവൃത്തികൾ 25:11, 12.
സാത്താന്റെ ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്ന പ്രതിരോധങ്ങളായി സത്യത്തിന്റെ മൂല്യം, രക്ഷയുടെ പ്രത്യാശ, നീതി, വിശ്വാസം, സുവാർത്താപ്രസംഗം, ദൈവവചനം എന്നിവയെ ചിത്രീകരിക്കുന്നതിന് ഒരു റോമാ പടയാളിയുടെ പടക്കോപ്പ്—അയാളുടെ ശിരസ്ത്രം, മാർച്ചട്ട, പരിച, പാദരക്ഷ, വാൾ—ഉപയോഗിക്കപ്പെട്ടു. (എഫേസ്യർ 6:10-18; 1 തെസ്സലോനിക്യർ 5:8) “ക്രിസ്തുയേശുവിന്റെ ഒരു നല്ല ഭടനായി”രിക്ക എന്ന് പൗലോസ് തിമൊഥെയോസിനോടു പറഞ്ഞപ്പോൾ അവൻ നന്നായി ശിക്ഷണം ലഭിച്ച ഒരു റോമൻ പടയാളിയുടെ മാതൃകയെ ആയിരുന്നു പരാമർശിച്ചത്. (2 തിമൊഥെയോസ് 2:3, 4) എന്നിരുന്നാലും ക്രിസ്തീയ പോരാട്ടം ആത്മീയമായിരുന്നു, ജഡികമല്ലായിരുന്നു. അതുകൊണ്ട് ആദിമക്രിസ്ത്യാനികൾ റോമൻസൈന്യത്തിൽ സേവിക്കുന്നതിനു വിസമ്മതിച്ചു. ക്രിസ്ത്യാനിത്വം “നമ്മുടെ യുദ്ധായുധങ്ങൾക്കു മാററം വരുത്തി—നമ്മുടെ വാളുകളെ കൊഴുക്കളും കുന്തങ്ങളെ കൃഷിയുപകരണങ്ങളുമാക്കി”യെന്ന് ജസ്ററിൻ മാർട്ടർ (ക്രി.വ. 110-165) പറയുകയുണ്ടായി. അനേകം ക്രിസ്ത്യാനികൾ പട്ടാളസേവനം അനുഷ്ഠിക്കാൻ വിസമ്മതിച്ചതിനാൽ അവരുടെ ജീവൻ നഷ്ടപ്പെട്ടു.
കൈസർമാർ
റോമാ കൈസർമാരുടെ കീഴിൽ അതിന്റെ അത്യുച്ചത്തിലെത്തി. അവർ ബൈബിൾ ചരിത്രത്തിൽ ഉൾപ്പെട്ടിരുന്നതിനാൽ അവരിൽ ചുരുക്കം ചിലരെ സംബന്ധിച്ച മുഖ്യ വസ്തുതകൾ പുനരവലോകനം ചെയ്യുന്നത് നല്ലതായിരിക്കും.
ക്രിസ്തുവിനു മുമ്പ് 44-ൽ ജൂലിയസ് സീസർ കൊലചെയ്യപ്പെട്ടു. ഒക്ടേവിയൻ ക്രമേണ ഏകാധികാരിയായിത്തീർന്നു. ക്രി.മു. 30-ൽ ഒക്ടേവിയൻ ഈജിപ്ററിലെ ഗ്രീക്ക് റേറാളമീയ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് അതിനെ ആക്രമിച്ചു കീഴ്പ്പെടുത്തി. ഇത് 300 വർഷം മുമ്പ് അലക്സാണ്ടറിന്റെ കാലം മുതൽ സ്ഥിതിചെയ്തിരുന്ന ഗ്രീക്ക് ലോകശക്തിക്ക് അന്തിമമായി അറുതി വരുത്തി.b
ഒക്ടേവിയൻ ക്രി.മു. 27-ാമാണ്ടിൽ ചക്രവർത്തിയായിത്തീർന്നു. അദ്ദേഹം, “വിശുദ്ധൻ, ഉന്നതൻ” എന്നർത്ഥമുള്ള “ഔഗുസ്തോസ്,” എന്ന സ്ഥാനപ്പേരു സ്വീകരിച്ചു. അദ്ദേഹം ഒരു മാസത്തെ അദ്ദേഹത്തിനുവേണ്ടിത്തന്നെ പുനർനാമകരണം ചെയ്യുകയും ജൂലിയസ് സീസറിന്റെ പേരിലുള്ള മാസത്തെപ്പോലെ ഓഗസ്ററിനും അത്രയുംതന്നെ ദിവസങ്ങൾ ഉണ്ടായിരിക്കത്തക്കവണ്ണം ഫെബ്രുവരിയിൽ നിന്ന് ഒരു ദിവസം കടംവാങ്ങുകയും ചെയ്തു. യേശു ജനിച്ചപ്പോൾ ഔഗുസ്തോസായിരുന്നു ചക്രവർത്തി, അദ്ദേഹം ക്രി.വ. 14-ാമാണ്ടു വരെ ഭരിക്കയും ചെയ്തു.—ലൂക്കോസ് 2:1.
ഔഗുസ്തോസിന്റെ പിൻഗാമിയായിരുന്ന തിബര്യോസ് ക്രി.വ. 14 മുതൽ 37 വരെ ഭരിച്ചു. തിബര്യോസിന്റെ വാഴ്ചയുടെ 15-ാമാണ്ടിൽ യോഹന്നാൻ സ്നാപകൻ പ്രസംഗിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ വാഴ്ചക്കാലത്തുതന്നെയായിരുന്നു യേശു സ്നാപനമേൽക്കുകയും അവന്റെ മൂന്നര വർഷത്തെ ഭൗമിക ശുശ്രൂഷ നിർവഹിക്കുകയും തന്റെ ജീവൻ ഒരു യാഗമായി അർപ്പിക്കുകയും ചെയ്തത്. യേശുവിന്റെ അനുഗാമികൾ അന്ന് അറിയപ്പെട്ടിരുന്ന ലോകത്തിലെല്ലാം ക്രിസ്ത്യാനിത്വം പരത്താൻ തുടങ്ങിയപ്പോഴും അദ്ദേഹം തന്നെയായിരുന്നു ഭരിച്ചുകൊണ്ടിരുന്നത്.—ലൂക്കോസ് 3:1-3, 23.
കലിഗുലാ എന്ന പരിഹാസപ്പേരുണ്ടായിരുന്ന ഗായസ് ക്രി.വ. 37 മുതൽ 41 വരെ ഭരിച്ചു. ക്ലൗദ്യോസ് (ക്രി.വ. 41-54) അദ്ദേഹത്തിന്റെ പിൻഗാമിയായിത്തീരുകയും പ്രവൃത്തികൾ 18:1, 2-ൽ പറഞ്ഞിരിക്കുന്ന പ്രകാരം യഹൂദൻമാരെ റോമിൽ നിന്ന് പുറത്താക്കയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തിന് വിഷംകൊടുത്തുകൊല്ലുകയും അവളുടെ ഇളയ പുത്രനായ നീറൊ സിംഹാസനസ്ഥനായിത്തീരുകയും ചെയ്തു. ക്രി.വ. 64 ജൂലൈയിൽ റോമിൽ വലിയ ഒരു തീപിടുത്തം ഉണ്ടാകയും നഗരത്തിന്റെ ഏകദേശം നാലിലൊന്നിനെ നശിപ്പിക്കുകയും ചെയ്തു. നീറോ തന്നെ സംശയിക്കാതിരിക്കാൻ അഗ്നിബാധക്ക് ക്രിസ്ത്യാനികളെ കുററപ്പെടുത്തി; അവരെ “പട്ടികൾ കടിച്ചു കീറുകയും നശിപ്പിക്കയും” ചെയ്തു, “പകൽവെളിച്ചം പോയപ്പോൾ രാത്രിയിൽ പ്രകാശമായി ഉതകത്തക്കവണ്ണം തീയിലിട്ടു എരിക്കുന്നതിന് വിധിക്കയും ചെയ്തു. നീറോ തന്റെ പൂന്തോട്ടങ്ങൾ ആ കാഴ്ചക്ക് വിട്ടുകൊടുത്തു.” ഈ പീഡനത്തിന്റെ കാലത്തായിരുന്നു യരുശലേം മുതൽ റോം വരെയും ഒരുപക്ഷേ സ്പെയിൻവരെ പോലും പ്രസംഗിച്ച പൗലോസ് രണ്ടാം പ്രാവശ്യം തടവിലാക്കപ്പെട്ടത്. അവൻ ക്രി.വ. 66-ൽ നീറോയാൽ വധിക്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.
മററു റോമാ ചക്രവർത്തിമാരിൽ നമുക്കു താൽപര്യമുള്ളവരിൽ വെസ്പേഷ്യൻ (ക്രി.വ. 69-79) ഉൾപ്പെടുന്നു, അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ തീത്തൂസ് യെരുശലേം നശിപ്പിച്ചു, തീത്തൂസ് തന്നെയും (ക്രി.വ. 79-81), ക്രിസ്ത്യാനികളുടെ ഔദ്യോഗിക പീഡനം പുനരുജ്ജീവിപ്പിച്ച തീത്തൂസിന്റെ സഹോദരനായ ഡൊമീഷ്യനും (ക്രി.വ. 81-96). പാരമ്പര്യമനുസരിച്ച് ഈ പീഡനത്തിന്റെ സമയത്തായിരുന്നു വൃദ്ധ അപ്പോസ്തലനായ യോഹന്നാനെ ശിക്ഷാ ദ്വീപായ പത്മോസിലേക്ക് നാടുകടത്തിയത്. അവിടെവെച്ച് യോഹന്നാന് ഈ ദുഷ്ട മാനുഷ വ്യവസ്ഥിതിയുടെ നാശവും ദൈവത്തിന്റെ നീതിയുള്ള സ്വർഗ്ഗീയ രാജ്യത്താലുള്ള അവയുടെ മാററിസ്ഥാപിക്കലും സംബന്ധിച്ച വികാരോജ്വലമായ ദർശനം കൊടുക്കപ്പെട്ടു, അത് അവൻ വെളിപ്പാട് എന്ന ബൈബിൾ പുസ്തകത്തിൽ രേഖപ്പെടുത്തി. (വെളിപ്പാട് 1:9) പ്രത്യക്ഷത്തിൽ യോഹന്നാൻ അടുത്ത ചക്രവർത്തിയായ നെർവെയുടെ ഭരണ കാലത്ത് (ക്രി.വ. 96-98) വിടുവിക്കപ്പെടുകയും ട്രാജൻ (ക്രി.വ. 98-117) ഭരിക്കാൻ തുടങ്ങിയശേഷം അവന്റെ സുവിശേഷവും മൂന്നു ലേഖനങ്ങളും പൂർത്തീകരിക്കയും ചെയ്തു.
റോമാസാമ്രാജ്യത്തിന്റെ അധപതനം
നാലാം നൂററാണ്ടിൽ കോൺസ്ററന്റൈൻ ചക്രവർത്തി ജനങ്ങളെ ഏക “കത്തോലിക്കാ” അഥവാ സാർവദേശീയ മതത്തിന്റെ കീഴിൽ ഏകീകരിക്കുന്നതിന് തീരുമാനിച്ചു. പുറജാതി അനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കും “ക്രിസ്തീയ” പേരുകൾ നൽകപ്പെട്ടു, എന്നാലും അതേ പഴയ ദുഷിപ്പ് തുടർന്നു. ക്രി.വ. 325-ൽ കോൺസ്ററന്റൈൻ നിഖ്യായിലെ സഭാ കൗൺസിലിന് ആദ്ധ്യക്ഷം വഹിക്കയും ത്രിത്വോപദേശത്തിന് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തു. ഒരു യഥാർത്ഥ ക്രിസ്ത്യാനിയായിരിക്കാതെ കോൺസ്ററന്റൈൻ തന്റെ മൂത്ത പുത്രനായിരുന്ന ക്രിസ്പസിനെയും അദ്ദേഹത്തിന്റെ സ്വന്തം ഭാര്യയായിരുന്ന ഫോസ്ററായെയും വധിക്കുന്നതിന് കാരണം കണ്ടു പിടിച്ചു.
കോൺസ്ററന്റൈൻ തന്റെ ഗവൺമെൻറ് ബൈസാൻറിയത്തിലേക്കു നീക്കുകയും ആദ്യം അതിന് പുതിയ റോം എന്നും പിന്നീട് കോൺസ്ററാൻറിനോപ്പിൾ (കോൺസ്ററന്റൈനിന്റെ നഗരം) എന്നും നാമകരണം ചെയ്യുകയും ചെയ്തു. ഏഷ്യയും യൂറോപ്പും സന്ധിക്കുന്നിടമായ ബോസ്പൊറസിൽ സ്ഥിതിചെയ്തിരുന്ന ഈ നഗരം 1453ൽ ഒട്ടോമാൻ തുർക്കികൾക്കു കീഴടങ്ങുന്നതുവരെ കിഴക്കൻ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായി 11 നൂററാണ്ടുകളിൽ തുടർന്നു.
റോമിൽ, റോമാ സാമ്രാജ്യത്തിന്റെ പശ്ചിമ ഭാഗം ജർമ്മൻ വംശജനായ ഒരു ജനറലായിരുന്ന ഒഡോസർ രാജാവിനാൽ ചക്രവർത്തി, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ക്രി. വ. 476-ൽ നിലംപതിക്കുകയും സിംഹാസനം ഒഴിഞ്ഞു കിടക്കുകയും ചെയ്തു. പിന്നീട് ഷാൾമാൻ പശ്ചിമ സാമ്രാജ്യം പുനഃസ്ഥിതീകരിക്കാൻ ശ്രമിക്കയും ക്രി. വ. 800-ാമാണ്ടിൽ ലിയൊ III-ാമൻ പാപ്പായാൽ ചക്രവർത്തിയായി വാഴിക്കപ്പെടുകയും ചെയ്തു. അനന്തരം, ക്രി. വ. 962ൽ ജോൺ XII-ാമൻ പാപ്പാ ഓട്ടോ I-ാമനെ ജർമ്മൻ ജനതയുടെ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി വാഴിച്ചു—1806-ാമാണ്ടിൽ മാത്രമാണ് ആ പേര് ഉപേക്ഷിച്ചത്.
എന്നിരുന്നാലും ആ സമയമായപ്പോഴേക്കും ബൈബിൾ ചരിത്രത്തിലെ ഏഴാമത്തേതും അവസാനത്തേതുമായ ലോകശക്തി ഉരുത്തിരിഞ്ഞുവരികയായിരുന്നു. പ്രവചിക്കപ്പെട്ടപ്രകാരം അതും ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യമാകുന്ന ഒരു സ്ഥിരമായ ഗവൺമെൻറിനാൽ പ്രതിസ്ഥാപിക്കപ്പെട്ടുകൊണ്ട് നീങ്ങിപ്പോകും.—വെളിപ്പാട് 17:10; ദാനിയേൽ 2:44. (w88 5/1)
[അടിക്കുറിപ്പുകൾ]
a “എല്ലാ തിരുവെഴുത്തും ദൈവ നിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു,” പേജ് 340-1 കാണുക.
b അതുകൊണ്ട് റോമാ ഭരണത്തിന്റെ കാലത്ത് ദൂതന് ലോക ശക്തികളെക്കുറിച്ച് ഇപ്രകാരം പറയാൻ കഴിഞ്ഞു: “ഏഴു രാജാക്കൻമാർ ഉണ്ട്: അഞ്ചുപേർ വീണുപോയി [ഈജിപ്ററ്, അസീറിയ, ബാബിലോൻ, മെദോ-പേർഷ്യ, ഗ്രീസ്], ഒന്ന് ഉണ്ട് [റോമാ], മറേറത് [ആംഗ്ലോ-അമേരിക്കാ] ഇതു വരെ വന്നിട്ടില്ല.”—വെളിപ്പാട് 17:10.
[24-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
റോമാ സാമ്രാജ്യത്തിന്റെ വിസ്തൃതി
അററ്ലാൻറിക്ക് മഹാസമുദ്രം
ബ്രിട്ടാനിയാ
ഗൗൾ
സ്പെയിൻ
ഇററലി
റോം
ഗ്രീസ്
മെഡിറററേനിയൻ കടൽ
കരിങ്കടൽ
കാസ്പിയൻ കടൽ
ഈജിപ്ററ്
യെരൂശലേം
ടൈഗ്രിസ്
യൂഫ്രട്ടീസ്
[26-ാം പേജിലെ ചിത്രം]
പൗലോസ് റോമിലേക്കു യാത്ര ചെയ്ത ആപ്പിയൻ പാത