53 പൗലോസ്
“നിങ്ങൾ ധൈര്യത്തോടിരിക്കണമെന്നു ഞാൻ ഇപ്പോൾ അപേക്ഷിക്കുന്നു”
പൗലോസ് ഒരു ക്രിസ്ത്യാനിയായിത്തീർന്നപ്പോൾ, സന്തോഷവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന്റെ പേരിൽ അദ്ദേഹത്തിന് ഒരുപാടു കഷ്ടങ്ങൾ ‘സഹിക്കേണ്ടിവരുമെന്ന്’ യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഏതാണ്ട് 20 വർഷം കഴിഞ്ഞ് കൊരിന്ത്യർക്കുള്ള രണ്ടാമത്തെ കത്ത് എഴുതിയ സമയമായപ്പോഴേക്കും അദ്ദേഹം ‘കണക്കില്ലാതെ തല്ലുകൊള്ളുകയും പലവട്ടം മരണത്തെ മുഖാമുഖം കാണുകയും’ ചെയ്തിരുന്നു. മാത്രമല്ല, മൂന്നു തവണ കപ്പലപകടത്തിൽപ്പെട്ടു. ഒരിക്കലാണെങ്കിൽ അപകടമുണ്ടായപ്പോൾ ഒരു രാത്രിയും പകലും പുറങ്കടലിൽ ഒഴുകിനടന്നു. എന്നാൽ ആ കത്ത് എഴുതി കുറച്ച് വർഷം കഴിഞ്ഞ് അദ്ദേഹത്തിനു മറ്റൊരു കപ്പലപകടംകൂടി നേരിട്ടു.
പൗലോസ് കൈസര്യയിൽ രണ്ടിലേറെ വർഷം തടവിലായിരുന്നു. കൈക്കൂലി കൊടുക്കാഞ്ഞതുകൊണ്ട് ഗവർണർ അദ്ദേഹത്തെ വിട്ടയയ്ക്കാൻ തയ്യാറായില്ല. പിന്നീട് മറ്റൊരു ഗവർണർ അവിടെ അധികാരത്തിൽ വന്നപ്പോൾ താൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നതായി പൗലോസ് പറഞ്ഞു. അങ്ങനെ പൗലോസിനെ റോമിലേക്ക് അയച്ചു. കപ്പലിലായിരുന്നു യാത്ര. കൈസര്യയിൽനിന്ന് റോമിലേക്കുള്ള 3,000-ത്തിലേറെ കിലോമീറ്റർ വരുന്ന ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. പൗലോസിന്റെകൂടെ, അദ്ദേഹത്തോടൊപ്പം പ്രസംഗപ്രവർത്തനം ചെയ്തിരുന്ന “പ്രിയപ്പെട്ട വൈദ്യനായ ലൂക്കോസും” കൂടാതെ മറ്റൊരു ക്രിസ്ത്യാനിയായ അരിസ്തർഹോസും ഉണ്ടായിരുന്നു.—കൊലോ. 4:14.
കപ്പൽ ആദ്യം ഏഷ്യാമൈനറിലുള്ള മിറ തുറമുഖത്ത് എത്തി. അവിടെവെച്ച് സൈനികോദ്യോഗസ്ഥനായ യൂലിയൊസ്, പൗലോസിനെയും മറ്റു തടവുകാരെയും റോമിലേക്കുള്ള മറ്റൊരു കപ്പലിൽ കയറ്റി. ഈജിപ്തിൽനിന്നുള്ള ഒരു ധാന്യക്കപ്പലായിരുന്നു അത്. കാറ്റ് പ്രതികൂലമായിരുന്നതുകൊണ്ട് യാത്ര ഒട്ടും സുഖകരമായിരുന്നില്ല. അങ്ങനെ വളരെ “കഷ്ടപ്പെട്ട്” ആ കപ്പൽ ശുഭതുറമുഖത്ത് എത്തി. തണുപ്പുകാലം കഴിയാതെ പുറപ്പെട്ടാൽ വലിയ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നു പൗലോസിന് അറിയാമായിരുന്നു.
പൗലോസ് ധൈര്യത്തോടെ യൂലിയൊസിനോട്, ശുഭതുറമുഖത്തുതന്നെ തുടരുന്നതായിരിക്കും സുരക്ഷിതമെന്നും യാത്ര തുടർന്നാൽ അതു കപ്പലിനും ആളുകൾക്കും അപകടം ‘വരുത്തിവെക്കുമെന്നും’ പറഞ്ഞു. എന്നാൽ യൂലിയൊസ് പൗലോസിന്റെ വാക്കുകൾ കേൾക്കാൻ കൂട്ടാക്കിയില്ല. പകരം മറ്റുള്ളവർ പറഞ്ഞതനുസരിച്ച് യാത്ര തുടരാൻ തീരുമാനിച്ചു. അങ്ങനെ ചെയ്തത് ഓർത്ത് പിന്നീട് യൂലിയൊസിനു ദുഃഖം തോന്നിക്കാണും. കാരണം, ‘പെട്ടെന്ന് ഒരു കൊടുങ്കാറ്റ് ആഞ്ഞടിച്ചു. അവരുടെ കപ്പൽ കൊടുങ്കാറ്റിൽപ്പെട്ടു’ എന്നു ലൂക്കോസ് എഴുതിയിട്ടുണ്ട്. കാറ്റിന്റെ ശക്തി കൂടിക്കൂടിവന്നു. അങ്ങനെ മണിക്കൂറുകളോളം, ദിവസങ്ങളോളം കപ്പൽ “കൊടുങ്കാറ്റിൽപ്പെട്ട് . . . ആടിയുലഞ്ഞു.” കപ്പലിന്റെ ഭാരം കുറയ്ക്കാൻ നാവികർ ചരക്കുകളൊക്കെ കടലിൽ എറിഞ്ഞുകളയാൻതുടങ്ങി. കുറെ ദിവസത്തേക്ക് ആരും ഒന്നും കഴിച്ചില്ല. ഏതാണ്ട് രണ്ടാഴ്ച അങ്ങനെ കടന്നുപോയി. അതോടെ “രക്ഷപ്പെടാമെന്നുള്ള ഞങ്ങളുടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു” എന്നു ലൂക്കോസ് പറയുന്നു.
ഒരു തടവുകാരനായി കപ്പലിൽ യാത്ര ചെയ്യുന്ന സമയത്ത് ഒരു കൊടുങ്കാറ്റുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ പൗലോസ് സഹായിച്ചു
പൗലോസ് അവരോട്, “നിങ്ങൾ ധൈര്യത്തോടിരിക്കണമെന്നു ഞാൻ ഇപ്പോൾ അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “കപ്പൽ നശിക്കുമെങ്കിലും നിങ്ങളിൽ ആരുടെയും ജീവൻ നഷ്ടപ്പെടില്ല.” ദൈവദൂതൻ കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ഇതു പറയാൻ കഴിഞ്ഞത്. നാവികരിൽ ചിലർ തോണി കടലിൽ ഇറക്കി കപ്പലിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അവർ കപ്പലിൽത്തന്നെ നിന്നില്ലെങ്കിൽ പലർക്കും ജീവൻ നഷ്ടമാകുമെന്നു പൗലോസ് മുന്നറിയിപ്പു കൊടുത്തു. അതുകൊണ്ട് അവർ രക്ഷപ്പെടുന്നതിനു മുമ്പുതന്നെ പടയാളികൾ കയറുകൾ മുറിച്ച് തോണി കടലിൽ ഇട്ടുകളഞ്ഞു.
നേരം വെളുക്കാറായപ്പോൾ, ഇനി ഒന്നും പേടിക്കാനില്ല എന്നും “ആരുടെയും ഒരു തലമുടിനാരിനുപോലും ഒന്നും സംഭവിക്കില്ല” എന്നും പൗലോസ് അവരോടു പറഞ്ഞു. എന്നിട്ട് ഭക്ഷണം കഴിക്കാൻ എല്ലാവരെയും നിർബന്ധിച്ചു. അവർ കഴിക്കുന്നതിനു മുമ്പ് പൗലോസ് ഭക്ഷണത്തിനു നന്ദി പറഞ്ഞുകൊണ്ട് യഹോവയോടു പ്രാർഥിച്ചു. അവരെല്ലാവരും അപ്പം കഴിച്ചു, എന്നിട്ട് ബാക്കിയുണ്ടായിരുന്ന ഗോതമ്പ് കടലിൽ എറിഞ്ഞുകളഞ്ഞു. പൗലോസ് പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങൾ കപ്പലിൽ ഉണ്ടായിരുന്നവരെയെല്ലാം ധൈര്യപ്പെടുത്തി. ‘എല്ലാവരും മനക്കരുത്ത് വീണ്ടെടുത്തു’ എന്നാണു ലൂക്കോസ് എഴുതിയിരിക്കുന്നത്. കുറച്ച് കഴിഞ്ഞ്, നേരം വെളുത്തപ്പോൾ കപ്പൽ ഒരു മണൽത്തിട്ടയിൽ ചെന്നുകയറി, തുടർന്ന് ശക്തമായ തിരയിൽപ്പെട്ട് കപ്പൽ തകരാൻതുടങ്ങി. കപ്പൽ നശിച്ചെങ്കിലും പൗലോസ് പറഞ്ഞതുപോലെതന്നെ “എല്ലാവരും സുരക്ഷിതരായി കരയ്ക്ക് എത്തി.”
അവർ ചെന്നെത്തിയതു മാൾട്ട ദ്വീപിലാണ്. പൗലോസും കൂട്ടരും, കണ്ടുമുട്ടിയ എല്ലാവരോടും പെട്ടെന്നുതന്നെ സന്തോഷവാർത്ത അറിയിക്കാൻതുടങ്ങി. അവിടെ അത്ഭുതങ്ങൾ ചെയ്യാനുള്ള പ്രാപ്തിയും യഹോവ പൗലോസിനു കൊടുത്തു. മാൾട്ടക്കാരിൽ പലരും അവരെ സന്തോഷത്തോടെ സ്വീകരിക്കുകയും അവരോട് ആതിഥ്യം കാണിക്കുകയും ചെയ്തു.
മാർച്ച്/ഏപ്രിൽ മാസത്തോടെ പൗലോസ് റോമിൽ എത്തി. അവിടെ ഒരു പടയാളിയുടെ കാവലിൽ രണ്ടു വർഷത്തോളം അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. ബുദ്ധിമുട്ടുള്ള ആ സാഹചര്യത്തിലും പൗലോസ് നല്ല ധൈര്യം കാണിച്ചു. അവിടെ വന്ന എല്ലാവരോടും അദ്ദേഹം സന്തോഷവാർത്ത അറിയിക്കുകയും സഭകൾക്കു കത്തുകൾ എഴുതുകയും ചെയ്തുകൊണ്ടിരുന്നു. അതിനു ശേഷം അദ്ദേഹം മോചിതനായി. അപ്പോൾ അദ്ദേഹത്തിനു സ്വാതന്ത്ര്യത്തോടെ പ്രസംഗപ്രവർത്തനം ചെയ്യാൻ കഴിഞ്ഞു. എന്നാൽ കുറച്ച് വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും റോമിൽ തടവിലായി. അത് ഒരുപക്ഷേ അവസാനത്തെ തവണയായിരുന്നു. കാരണം, സാധ്യതയനുസരിച്ച് അധികം താമസിയാതെതന്നെ റോമാക്കാർ അദ്ദേഹത്തെ കൊന്നുകളഞ്ഞു. അങ്ങനെ പൗലോസ് അവസാനശ്വാസംവരെ വിശ്വസ്തനും ധീരനും ആയി തുടർന്നു. പൗലോസിനു മരണത്തെ പേടിയില്ലായിരുന്നു. കാരണം തന്നെ യഹോവ വീണ്ടും ജീവനിലേക്കു കൊണ്ടുവരുമെന്നും ഭാവിയിൽ മരണത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹത്തിന് ഉറപ്പായിരുന്നു. (1 കൊരി. 15:26) യഹോവയുടെ സമയം വരുമ്പോൾ മുമ്പ് വാഗ്ദാനം ചെയ്തിരുന്നതുപോലെതന്നെ തനിക്കു പ്രതിഫലം കിട്ടുമെന്നു പൗലോസിന് അറിയാമായിരുന്നു: സ്വർഗത്തിലെ അമർത്യജീവനും ഒപ്പം യേശുക്രിസ്തുവിന്റെകൂടെ രാജാവും പുരോഹിതനും ആയി സേവിക്കാനുള്ള മഹത്തായ അവസരവും!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
തന്റെ ജീവിതത്തിലെ ഈ ഒരു സമയത്ത് പൗലോസ് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ശൗലിനു പൗലോസ് എന്നൊരു റോമൻ പേരും ഉണ്ടായിരുന്നു. അദ്ദേഹം ആ പേര് ഉപയോഗിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് എന്തുകൊണ്ടായിരിക്കാം? (w08 3/1 പേ. 12 ഖ. 4-5-wcgr)
2. പൗലോസ് തർസൊസിൽ മടങ്ങിയെത്തിയതിനും പിന്നീട് അന്ത്യോക്യയിലേക്കു മാറിയതിനും ഇടയ്ക്ക് ഏതാണ്ട് ഒൻപതു വർഷമുണ്ടായിരുന്നു. ആ കാലഘട്ടത്തെ “നിശ്ശബ്ദവർഷങ്ങൾ” എന്നാണു പൊതുവേ വിളിക്കുന്നത്. ആ സമയത്ത് പൗലോസിന് എന്തെല്ലാം ബുദ്ധിമുട്ടുകൾ നേരിട്ടിരിക്കാം? (w00 7/15 പേ. 26-27, ചതുരം ഖ. 3-4)
3. ഇറ്റലിയിലേക്കുള്ള കപ്പൽയാത്ര നീട്ടിവെക്കാൻ പൗലോസ് യൂലിയൊസിനോടു പറഞ്ഞത് എന്തുകൊണ്ടാണ്? (പ്രവൃ. 27:9, 10; wp17.5 പേ. 9 ഖ. 3-4) A
ചിത്രം A: മിറയിൽനിന്ന് പൗലോസ് യാത്ര ചെയ്തതിനു സമാനമായ, ഒന്നാം നൂറ്റാണ്ടിലെ ഒരു ചരക്കുകപ്പൽ
4. മാൾട്ടക്കാർ പൗലോസിനെക്കുറിച്ച് “ഇയാൾ ഒരു കൊലപാതകിയാണ്” എന്നു പറഞ്ഞത് എന്തുകൊണ്ടാണ്? (പ്രവൃ. 28:4; w15 10/1 പേ. 9 ഖ. 5-6-wcgr)
നമുക്കുള്ള പാഠങ്ങൾ
കപ്പലിൽ തന്റെകൂടെ ഉണ്ടായിരുന്ന ആളുകളോട്, ദൈവം അവരെ സഹായിക്കും എന്നും “ആരുടെയും ഒരു തലമുടിനാരിനുപോലും ഒന്നും സംഭവിക്കില്ല” എന്നും പൗലോസ് പറഞ്ഞു. (പ്രവൃ. 27:22, 34) യഹോവയ്ക്ക് എന്തു ചെയ്യാനുള്ള ശക്തിയുണ്ടെന്നാണ് ഇതു നിങ്ങളെ പഠിപ്പിക്കുന്നത്? സന്തോഷവാർത്ത അറിയിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ഈ അറിവ് എങ്ങനെ സ്വാധീനിക്കുന്നു?
പൗലോസ് പ്രാർഥിച്ചുകഴിഞ്ഞപ്പോൾ കപ്പലിൽ കൂടെയുണ്ടായിരുന്ന എല്ലാവരും “മനക്കരുത്ത് വീണ്ടെടുത്തു.” (പ്രവൃ. 27:35, 36) എങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ പ്രാർഥന മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചേക്കാം? B
ചിത്രം B
ഈ വിവരണത്തിൽ പൗലോസ് കാണിച്ച ധൈര്യം നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഈ അധ്യായം പഠിച്ചുകഴിഞ്ഞപ്പോൾ പൗലോസ് സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കുമെന്നുള്ള അറിവ് നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്തുകൊണ്ട്?
കൂടുതൽ അറിയാൻ
പൗലോസിന്റെ നാളിൽ കപ്പൽയാത്ര എത്ര പ്രധാനമായിരുന്നെന്നും പല സ്ഥലങ്ങളിൽ പോയി സന്തോഷവാർത്ത അറിയിക്കാൻ ക്രിസ്ത്യാനികൾ അവ എങ്ങനെ ഉപയോഗിച്ചെന്നും കാണുക.
ചില മൂപ്പന്മാർ എങ്ങനെയാണു പൗലോസിനെ അനുകരിച്ചുകൊണ്ട് സഹനശക്തി കാണിക്കുകയും സഹോദരങ്ങളെ സഹായിക്കുകയും ചെയ്തിട്ടുള്ളത്?
ക്ഷമയോടെ കാത്തിരുന്ന് വാഗ്ദാനങ്ങൾ അവകാശമാക്കിയവരെ അനുകരിക്കുക—പൗലോസ് (3:22)