ഉപസംഹാരം
“ധൈര്യമുള്ളവരായിരിക്കുക”
1. ധൈര്യത്തെക്കുറിച്ച് ബൈബിളിൽനിന്ന് നമുക്കു മറ്റെന്തെല്ലാം പഠിക്കാം?
ഈ പുസ്തകത്തിൽ ധൈര്യത്തിന്റെ നല്ല മാതൃകകളായിരുന്ന പലരെക്കുറിച്ചും, അവരെ നമുക്ക് എങ്ങനെയെല്ലാം അനുകരിക്കാം എന്നതിനെക്കുറിച്ചും നമ്മൾ കണ്ടു. അതിന്റെ അർഥം ഇനി ധൈര്യത്തെക്കുറിച്ച് നമുക്ക് ഒന്നും പഠിക്കാനില്ലെന്നാണോ? അല്ല. ധൈര്യം കാണിച്ച മറ്റു പലരെയുംകുറിച്ച് ബൈബിളിൽ നമുക്കു കാണാം. കൂടാതെ ശരിക്കും ധൈര്യമുള്ളവരായിരിക്കാൻ നമുക്ക് ആവശ്യമായ മറ്റൊരു കാര്യവുമുണ്ട്. അതെക്കുറിച്ചും ഈ അധ്യായത്തിൽ നമ്മൾ കാണും.
2. ധൈര്യം കാണിച്ച വിശ്വസ്തരായ മറ്റു ചില ദൈവദാസർ ആരൊക്കെയാണ്?
2 ഈ പുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്ത, ധൈര്യം കാണിച്ച മറ്റേതെങ്കിലും ബൈബിൾ കഥാപാത്രങ്ങളുടെ പേരുകൾ നിങ്ങൾക്ക് ഓർമയുണ്ടോ? എബ്രായതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന ചില പ്രവാചകന്മാരുടെ പേരുകൾ ഒരുപക്ഷേ നിങ്ങളുടെ മനസ്സിലേക്കു വരുന്നുണ്ടാകും. ഉദാഹരണത്തിന് യശയ്യ, യിരെമ്യ, യഹസ്കേൽ, യോന, മലാഖി എന്നിവരെപ്പോലുള്ളവർ. എബ്രായർ 11-ാം അധ്യായത്തിൽ പൗലോസ് സൂചിപ്പിച്ചതുപോലുള്ള പല കഷ്ടങ്ങളും സഹിച്ചവരാണ് അവർ. പൗലോസ് പറഞ്ഞു, “ചിലർ പരിഹാസവും ചാട്ടയടിയും സഹിച്ചു. മാത്രമല്ല ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു, ജയിലുകളിൽ കഴിഞ്ഞു.” വേറെ ചിലർ “ദാരിദ്ര്യവും കഷ്ടതയും ഉപദ്രവവും സഹിച്ചു.” ഇനി ചിലരാണെങ്കിൽ വധിക്കപ്പെടുകപോലും ചെയ്തു. (എബ്രാ. 11:36, 37) ഉപദ്രവങ്ങൾ സഹിക്കേണ്ടിവന്നെങ്കിലും അവർ ധൈര്യത്തോടെ യഹോവയെ സേവിച്ചു.
3-4. അപകടം പിടിച്ച ഒരു സാഹചര്യത്തിൽ, ബൈബിളിൽ പേര് രേഖപ്പെടുത്തിയിട്ടില്ലാത്ത രണ്ടു സ്ത്രീകൾ ദാവീദ് രാജാവിനെ സഹായിച്ചത് എങ്ങനെ?
3 ധൈര്യം കാണിച്ച വേറെയും ആളുകളെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. എന്നാൽ അവരുടെ പേരുകൾ അതിൽ രേഖപ്പെടുത്തിയിട്ടില്ല. ഉദാഹരണത്തിന്, ദാവീദ് രാജാവിന്റെ കാലത്തുണ്ടായിരുന്ന രണ്ടു സ്ത്രീകളുടെ കാര്യം നോക്കാം. ദാവീദിന്റെ മകനായ അബ്ശാലോം അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ രണ്ടു സ്ത്രീകൾ ദാവീദിനെ സഹായിച്ചു. അഹങ്കാരിയും ക്രൂരനും ആയിരുന്ന അബ്ശാലോം ദാവീദിൽനിന്ന് രാജസ്ഥാനം തട്ടിയെടുക്കാൻ ശ്രമിച്ചു. അങ്ങനെ ദാവീദിനു യരുശലേം വിട്ട് ഓടിപ്പോകേണ്ടിവന്നു. ദാവീദ് ധൈര്യശാലിയായ സാദോക്ക് പുരോഹിതനോടു തിരിച്ച് യരുശലേമിലേക്കു ചെന്ന് അബ്ശാലോമിന്റെ പദ്ധതികൾ ചോർത്തിയെടുക്കാൻ ആവശ്യപ്പെട്ടു. അബ്ശാലോമിന്റെ അടുത്ത പദ്ധതി എന്താണെന്നു ദാവീദിനെ അറിയിക്കാൻ സാദോക്ക് ‘ഒരു ദാസിയെ’ അയച്ചു. ആ സ്ത്രീയുടെ പേര് അറിയില്ലെങ്കിലും അവർ നല്ല ധൈര്യശാലിയായിരുന്നെന്നു ഉറപ്പാണ്. തന്റെ ജീവൻ പണയംവെച്ചാണ് ആ ദാസി സാദോക്ക് പറഞ്ഞ കാര്യം ദാവീദിന്റെ വിശ്വസ്തരായ രണ്ടു ദാസന്മാരെ അറിയിച്ചത്. ആ ദാസന്മാർ ദാവീദിന്റെ അടുത്തേക്കു പോകുമ്പോൾ അത് ഒരു ചെറുപ്പക്കാരൻ കാണുകയും അക്കാര്യം അബ്ശാലോമിനെ അറിയിക്കുകയും ചെയ്തു. അതു മനസ്സിലാക്കിയ ആ ദാസന്മാർ ഒരു വീട്ടുമുറ്റത്ത് കണ്ട കിണറ്റിൽ ഇറങ്ങി ഒളിച്ചു. ഉടനെ ആ വീട്ടുകാരന്റെ ഭാര്യ ഒരു വിരി എടുത്ത് കിണറിന്റെ മുകളിൽ വിരിച്ചിട്ട് അതിന്റെ പുറത്ത് ധാന്യം നിരത്തി. അബ്ശാലോമിന്റെ ഭൃത്യന്മാർ അവരെ തേടി വന്നപ്പോൾ ആ സ്ത്രീ അവരെ വഴിതിരിച്ച് വിട്ടു. ദാവീദിന്റെ ദാസന്മാരെ സംരക്ഷിച്ച ആ സ്ത്രീയുടെ പേരും ബൈബിളിൽ പറഞ്ഞിട്ടില്ല. ഈ രണ്ടു സ്ത്രീകളുടെയും ധൈര്യത്തോടെയുള്ള പ്രവൃത്തികൾ, യഹോവ തിരഞ്ഞെടുത്ത രാജാവിനെ സംരക്ഷിച്ചു!—2 ശമു. 15:23-37; 17:8-22.
ധൈര്യശാലികളായ ദാസിപ്പെൺകുട്ടിയും കിണറിന്റെ ഉടമയുടെ ഭാര്യയായ സ്ത്രീയും
4 ബൈബിളിൽ ധൈര്യത്തിന്റെ മാതൃകകളായ ഒരുപാടു സ്ത്രീപുരുഷന്മാരെക്കുറിച്ച് പറയുന്നുണ്ട്. പേരു പറഞ്ഞിട്ടുള്ളവരും ഇല്ലാത്തവരും, ധനികരും പാവപ്പെട്ടവരും, പ്രമുഖരും സാധാരണക്കാരും ആയിട്ടുള്ള പലരെയുംകുറിച്ച്. അവരെല്ലാം യഹോവയ്ക്കുവേണ്ടി ധൈര്യത്തോടെ നിലപാടെടുത്തവരാണ്. അവരുടെ മാതൃക ഇന്നു നമ്മളെയും സഹായിക്കും.
പ്രാർഥന പ്രധാനമാണ്
5-7. കടുത്ത ഉപദ്രവം സഹിക്കേണ്ടിവന്നപ്പോഴും ധൈര്യമുള്ളവനായിരിക്കാൻ പൗലോസിനെ സഹായിച്ചത് എന്താണ്?
5 ബൈബിളിൽ പറയുന്ന ധൈര്യശാലികളായ സ്ത്രീപുരുഷന്മാരെ നമുക്ക് എങ്ങനെ അനുകരിക്കാം? അവരെല്ലാവരും സ്വതവേ ധൈര്യമുള്ളവരായിരുന്നില്ല. അതുപോലെ എന്തെങ്കിലും പ്രത്യേക കഴിവുകളുള്ളതുകൊണ്ടുമല്ല അവർ യഹോവയെ വിശ്വസ്തമായി സേവിക്കാൻ ധൈര്യം കാണിച്ചത്. അതിനു മറ്റൊരു കാര്യം ആവശ്യമായിരുന്നു.
6 ഉദാഹരണത്തിന്, ധൈര്യം കാണിക്കാൻ പൗലോസ് അപ്പോസ്തലനെ സഹായിച്ചത് എന്താണ്? ഫിലിപ്പിയിലായിരുന്നപ്പോൾ ഒരു കൂട്ടം ആളുകൾ പൗലോസിനെയും ശീലാസിനെയും ആക്രമിച്ചു. കൂടാതെ അവരുടെ വസ്ത്രം വലിച്ചുകീറി, വടികൊണ്ട് കുറെ അടിച്ചു. തുടർന്ന് അവരെ ജയിലിന്റെ ഇരുട്ടുള്ള ഉള്ളറയിലാക്കി, അവരുടെ കാലുകൾ തടിവിലങ്ങിലിട്ട് പൂട്ടി. (പ്രവൃ. 16:12, 19-24) ജയിലിൽനിന്ന് പുറത്ത് വന്നപ്പോൾ പ്രസംഗപ്രവർത്തനം തുടരാൻ പൗലോസിനു പേടിയുണ്ടായിരുന്നോ? കുറച്ചൊക്കെ ഉണ്ടായിരുന്നിരിക്കണം. എന്നാൽ താൻ തുടർന്നും സന്തോഷവാർത്ത അറിയിക്കണമെന്നാണ് യഹോവ ആഗ്രഹിക്കുന്നതെന്നു പൗലോസിന് അറിയാമായിരുന്നു. തെസ്സലോനിക്യയിൽ ചെന്ന് അവിടെയുള്ളവരോടു പ്രസംഗിക്കുക എന്നതായിരുന്നു പൗലോസിന്റെ അടുത്ത നിയമനം. അതിന് ആവശ്യമായ ധൈര്യവും ശക്തിയും പൗലോസിന് എവിടെനിന്നാണു കിട്ടിയത്?
7 പൗലോസ് പിന്നീട് എഴുതി: “നിങ്ങൾക്ക് അറിയാവുന്നതുപോലെ, ആദ്യം ഞങ്ങൾക്കു ഫിലിപ്പിയിൽവെച്ച് ഉപദ്രവമേൽക്കുകയും ആളുകൾ ഞങ്ങളോട് അപമര്യാദയായി പെരുമാറുകയും ചെയ്തെങ്കിലും, നമ്മുടെ ദൈവത്തിന്റെ സഹായത്താൽ ഞങ്ങൾ ധൈര്യമാർജിച്ച് വലിയ എതിർപ്പുകൾക്കു നടുവിലും ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത നിങ്ങളെ അറിയിച്ചു.” (1 തെസ്സ. 2:2) ദൈവം ആവശ്യപ്പെട്ട കാര്യം ചെയ്യാൻ ഒരുപാടു ധൈര്യം വേണ്ടിവരുമെന്നു പൗലോസിന് അറിയാമായിരുന്നു. എന്നാൽ എവിടെനിന്നാണു പൗലോസിന് ആ ധൈര്യം കിട്ടിയത്? അദ്ദേഹത്തിനു സ്വതവേ ഉണ്ടായിരുന്ന ഏതെങ്കിലും പ്രത്യേകശക്തിയാൽ കിട്ടിയ ധൈര്യമായിരുന്നോ അത്? അല്ല. ‘ദൈവത്തിന്റെ സഹായത്താലാണ്’ അദ്ദേഹത്തിനു ധൈര്യം കിട്ടിയത്. ധൈര്യമുള്ളവനായിരിക്കാൻ തന്നെ സഹായിക്കണമെന്ന് അദ്ദേഹം താഴ്മയോടെ യഹോവയോട് അപേക്ഷിച്ചു. യഹോവ അതു കൊടുക്കുകയും ചെയ്തു.
8. ധൈര്യം ആവശ്യമുള്ളപ്പോൾ പൗലോസിനെപ്പോലെ നമുക്ക് എന്തു ചെയ്യാം?
8 പൗലോസിനെപ്പോലെ നിങ്ങൾക്കും ധൈര്യത്തിനായി യഹോവയോട് അപേക്ഷിക്കാം. നിങ്ങൾക്കു പ്രത്യേകകഴിവുകളൊന്നും ഇല്ലാത്തതുകൊണ്ട് ധൈര്യമുള്ളവരായിരിക്കാൻ കഴിയില്ലെന്നു ചിന്തിക്കേണ്ടതില്ല. കാരണം യഹോവയോടു പ്രാർഥിക്കുന്നെങ്കിൽ ആവശ്യമായ ധൈര്യം യഹോവ തരുമെന്ന് ഉറപ്പാണ്.—പ്രവൃ. 4:29.
9. വിശ്വാസം വർധിപ്പിച്ചുതരാൻ നമ്മൾ യഹോവയോട് അപേക്ഷിക്കേണ്ടത് എന്തുകൊണ്ട്?
9 ധൈര്യവുമായി അടുത്ത ബന്ധമുള്ള വിശ്വാസത്തിനുവേണ്ടിയും നമുക്കു പ്രാർഥിക്കാം. ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു വശമാണു വിശ്വാസം. (ഗലാ. 5:22, 23) കൂടാതെ ഓരോ ക്രിസ്ത്യാനിക്കും ആവശ്യമായ ആത്മീയപടക്കോപ്പിന്റെ ഒരു ഭാഗംകൂടിയാണ് അത്. (എഫെ. 6:16) വിശ്വാസം വളരെ ശക്തമായ ഗുണമാണ്. കാരണം ബൈബിൾ പറയുന്നതനുസരിച്ച് വിശ്വാസത്താൽ നമുക്കു ‘ലോകത്തെ കീഴടക്കാനാകും.’ (1 യോഹ. 5:4) യഹോവയിലുള്ള വിശ്വാസമാണു നമ്മുടെ ധൈര്യത്തിന്റെ അടിസ്ഥാനം. ആവശ്യമായ സമയത്ത് യഹോവ നമ്മളെ സഹായിക്കുമെന്ന ഉറപ്പ് നമ്മുടെ ധൈര്യം ശക്തമാക്കും. അതുകൊണ്ട് യേശുവിന്റെ അപ്പോസ്തലന്മാർ ചോദിച്ചതുപോലെ നമുക്കും യഹോവയോട് ഇങ്ങനെ അപേക്ഷിക്കാം: “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ.”—ലൂക്കോ. 17:5.
“ധൈര്യമായിരിക്കുക!”
10-11. യരുശലേമിലും അതിനു ചുറ്റും ഉള്ള ക്രിസ്ത്യാനികൾക്ക് ധൈര്യം ആവശ്യമാണന്നു പൗലോസ് പറഞ്ഞത് എന്തുകൊണ്ടാണ്?
10 യരുശലേം നശിപ്പിക്കപ്പെടുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. അതു സംഭവിക്കുന്നതിനു കുറച്ച് വർഷങ്ങൾക്കു മുമ്പ് പൗലോസ് യരുശലേമിലും അതിനു ചുറ്റും ഉള്ള ക്രിസ്ത്യാനികൾക്ക് ഒരു കത്ത് എഴുതി. അവർക്കു നേരിടാൻപോകുന്ന കഠിനമായ പ്രശ്നങ്ങൾക്കുവേണ്ടി അവരെ ഒരുക്കുന്നതിനായിരുന്നു അത്. (ലൂക്കോ. 19:41-44; 21:20-24) ധൈര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗലോസ് അവരെ ഓർമിപ്പിച്ചു. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ ഉദ്ധരിച്ചിരിക്കുന്ന ആ തിരുവെഴുത്ത് നമുക്ക് ഒന്നുകൂടെ നോക്കാം. യഹോവ സ്നേഹത്തോടെ ഇങ്ങനെ ഉറപ്പു കൊടുത്തതായി പൗലോസ് പറഞ്ഞു: “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല.” ആ ഉറപ്പ് അവരെ എങ്ങനെ സഹായിക്കുമായിരുന്നു? പൗലോസ് തുടർന്ന് ഇങ്ങനെ പറഞ്ഞു: “അതുകൊണ്ട്, ‘യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും’ എന്നു ധൈര്യത്തോടെ നമുക്കു പറയാം.”—എബ്രാ. 13:5, 6.
11 എ.ഡി. 70-ൽ റോമാക്കാർ യരുശലേം നശിപ്പിച്ചപ്പോൾ സംഭവിച്ച എല്ലാ കാര്യങ്ങളും ബൈബിൾ വിശദമായി പറയുന്നില്ല. എന്നാൽ വിശ്വസ്തരായ ക്രിസ്ത്യാനികൾ പൗലോസിന്റെ ഉപദേശം അനുസരിച്ചെന്നു നമുക്ക് ഉറപ്പാണ്. ‘മലകളിലേക്ക് ഓടിപ്പോകാനുള്ള’ യേശുവിന്റെ ഉപദേശം അനുസരിക്കാൻ അവർ ധൈര്യം കാണിച്ചു. ഓടിപ്പോകേണ്ട കൃത്യസമയത്തുതന്നെ അവർ അതു ചെയ്തു.—ലൂക്കോ. 21:20, 21.
12. (എ) ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ധൈര്യമുള്ളവരായിരിക്കാൻ ഏതെല്ലാം ഉറപ്പ് നിങ്ങളെ സഹായിക്കും? (ബി) ഈ അവസാനനാളുകളിൽ എങ്ങനെയാണു ചില സ്ത്രീപുരുഷന്മാർ അസാമാന്യധൈര്യം കാണിച്ചിട്ടുള്ളത്, എന്തു ചെയ്യാനാണു നിങ്ങളുടെ തീരുമാനം? (“അവരുടെ ധൈര്യം അനുകരിക്കുക” എന്ന ചതുരം കാണുക.)
12 ഇപ്പോഴും ഭാവിയിലും ധൈര്യമുള്ളവരായിരിക്കാൻ യഹോവ നിങ്ങളെയും സഹായിക്കും. (യഹ. 38:1, 2, 10-12; മത്താ. 24:21) നിങ്ങളെ സംരക്ഷിക്കുമെന്ന് യഹോവ ഉറപ്പു തന്നിട്ടുണ്ടെന്ന കാര്യം എപ്പോഴും ഓർക്കുക. (യഹ. 38:19-23; 2 തെസ്സ. 3:3) തന്നെ സ്നേഹിക്കുകയും തന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവരെ യഹോവ ഒരിക്കലും ഉപേക്ഷിക്കില്ല. യോശുവയോടു യഹോവ പറഞ്ഞ വാക്കുകൾ നിങ്ങളോടുംകൂടെയുള്ളതാണ്. ‘നല്ല ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക.’ (യോശു. 1:7, 9, 18) “ധൈര്യമായിരിക്കുക!” എന്ന യേശുവിന്റെ വാക്കും എപ്പോഴും ഓർക്കുക. നിങ്ങൾക്കുവേണ്ടി പരിശുദ്ധാത്മാവിനെ അയയ്ക്കുമെന്നു യേശു ഉറപ്പു തന്നിട്ടുണ്ട്. യേശു ആ ഉറപ്പിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യും. യഹോവയോടു വിശ്വസ്തരായിരിക്കാൻ ആവശ്യമായ ധൈര്യം പരിശുദ്ധാത്മാവ് നിങ്ങൾക്കു തരും. (യോഹ. 14:26; 15:26, 27; 16:33) നിങ്ങൾക്ക് ഉറപ്പായും ‘ധൈര്യമുള്ളവരായിരിക്കാനാകും.’
നമ്മുടെ സാഹചര്യം എന്തുതന്നെയാണെങ്കിലും നമുക്ക് നേരിടുന്ന ഏതൊരു പരീക്ഷണത്തെയും ധൈര്യത്തോടെ നേരിടാൻ ആവശ്യമായ ശക്തി പരിശുദ്ധാത്മാവിലൂടെ നൽകുമെന്ന് യഹോവ വാക്കു തന്നിരിക്കുന്നു
13. ധൈര്യം കാണിക്കാൻ നിങ്ങളെ എന്താണു സഹായിക്കുന്നത്?
13 ഭൂമിയിലെങ്ങും സമാധാനമുണ്ടായിരിക്കുകയും യഹോവ തന്റെ ഓർമയിൽ സൂക്ഷിച്ചിട്ടുള്ള മരിച്ചവരെല്ലാം തിരിച്ച് ജീവനിലേക്കു വരുകയും ചെയ്യുന്ന ആ കാലത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക. ഈ പുസ്തകത്തിൽ കണ്ട സ്ത്രീപുരുഷന്മാരെയും ധൈര്യം കാണിച്ച മറ്റു പലരെയും നമ്മൾ അന്നു നേരിട്ട് കാണും. സാത്താന്റെ ഈ ലോകത്ത് യഹോവയോടു വിശ്വസ്തരായിരിക്കാൻ അവർ കഷ്ടം സഹിച്ചു, മരിക്കുകപോലും ചെയ്തു. പുതിയ ഭൂമിയിൽ ഉയിർത്തെഴുന്നേൽക്കുമ്പോൾ യഹോവയെ സേവിച്ചതിന്റെ പേരിൽ അവർക്കു ദുഃഖം തോന്നുമോ? ഒരിക്കലുമില്ല! ഇനി നിങ്ങളുടെ കാര്യം ചിന്തിക്കുക. നിങ്ങൾക്ക് അന്നു നല്ല സന്തോഷവും ആവേശംകൊള്ളിക്കുന്ന ജോലിയും ഉണ്ടാകും. മുമ്പ് ജീവിച്ചിരുന്ന വിശ്വസ്തരായ ആ സ്ത്രീപുരുഷന്മാരുടെകൂടെ ചേർന്ന് ഭൂമി മനോഹരമായ ഒരു പറുദീസയാക്കി മാറ്റാനുള്ള അവസരം നിങ്ങൾക്കുണ്ടായിരിക്കും. പറുദീസയിലായിരിക്കുമ്പോൾ യഹോവയെ സേവിക്കാൻ നിങ്ങൾ എടുത്ത തീരുമാനത്തെക്കുറിച്ച് ഓർത്ത് നിങ്ങൾക്ക് എപ്പോഴെങ്കിലും ദുഃഖം തോന്നുമോ? ഒരിക്കലുമില്ല! അതുകൊണ്ട് അവസാനംവരെ ധൈര്യമുള്ളവരായിരിക്കാൻ തീരുമാനിച്ചുറയ്ക്കുക. അങ്ങനെ ചെയ്തതിനെക്കുറിച്ച് ഓർത്ത് നിങ്ങൾ എന്നെന്നും സന്തോഷിക്കും!