10 മോശ
ശരിയായ തീരുമാനമെടുത്തു
മോശയ്ക്ക് ആ പേര് നൽകിയത് അവന്റെ എബ്രായ മാതാപിതാക്കളല്ല. മോശയെ എടുത്തുവളർത്തിയ ഈജിപ്തിലെ രാജകുമാരിയാണ്. മോശ എന്ന പേരിന്റെ അർഥം “വെള്ളത്തിൽനിന്ന് രക്ഷിച്ച” എന്നാണ്. ഫറവോന്റെ മകൾ കുഞ്ഞുമോശയെ വെള്ളത്തിൽനിന്ന് രക്ഷിച്ചതുകൊണ്ടാണ് ആ പേര് നൽകിയത്. മോശ വളർന്ന് ഈജിപ്തിലെ രാജകുടുംബത്തിൽ ഒരു പ്രധാനവ്യക്തിയായിത്തീരുമെന്ന് അവൾ സാധ്യതയനുസരിച്ച് പ്രതീക്ഷിച്ചു. ഈജിപ്തിലെ ഏറ്റവും നല്ല വിദ്യാഭ്യാസം അവനു കിട്ടുന്നതു കാണാനും അവൾ ആഗ്രഹിച്ചു. “മോശയ്ക്ക് ഈജിപ്തിലെ സകല ജ്ഞാനത്തിലും പരിശീലനം ലഭിച്ചു” എന്നാണു ബൈബിൾ പറയുന്നത്.
മോശ മിടുക്കനായ ഒരു ചെറുപ്പക്കാരനായി വളർന്നു. “വാക്കിലും പ്രവൃത്തിയിലും മോശ ശക്തനായിത്തീർന്നു” എന്നു ബൈബിൾ പറയുന്നു. മോശയ്ക്കു വേണമെങ്കിൽ സമ്പത്തും പ്രശസ്തിയും നേടാമായിരുന്നു. ഈജിപ്തിലെ എല്ലാവിധ സുഖങ്ങളും അനുഭവിക്കാമായിരുന്നു. എന്നാൽ അത്തരം കാര്യങ്ങളുടെ പിന്നാലെ പോയാൽ യഹോവയുമായി നല്ലൊരു ബന്ധം സാധ്യമാകില്ലെന്നു മോശ തിരിച്ചറിഞ്ഞു. അതുകൊണ്ട് മോശയ്ക്ക് ഒരു തീരുമാനമെടുക്കേണ്ടിവന്നു: തുടർന്നുള്ള ജീവിതംകൊണ്ട് എന്തു ചെയ്യും?
40-ാം വയസ്സിൽ മോശയുടെ തീരുമാനം എന്താണെന്നു വ്യക്തമായി. ബൈബിൾ പറയുന്നു: “മോശ വളർന്നപ്പോൾ, വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ഫറവോന്റെ മകളുടെ മകൻ എന്ന് അറിയപ്പെടുന്നതു വേണ്ടെന്നുവെച്ചു. പാപത്തിന്റെ താത്കാലികമായ സുഖത്തിനു പകരം ദൈവജനത്തോടൊപ്പം ദ്രോഹം സഹിക്കുന്നതു മോശ തിരഞ്ഞെടുത്തു.” അങ്ങനെ മോശ ശരിയായ ഒരു തീരുമാനമെടുത്തു. അദ്ദേഹത്തിന്റെ വിശ്വാസവും ധൈര്യവും തെളിയിക്കുന്ന ഒരു തീരുമാനമായിരുന്നു അത്. പക്ഷേ മോശയ്ക്കു ചില തെറ്റുകളും പറ്റി.
മോശ ‘തന്റെ സഹോദരങ്ങളായ’ ഇസ്രായേല്യരെ സഹായിക്കാൻ ആഗ്രഹിച്ചു. കാരണം അവർ ഈജിപ്തിലെ ഉപദ്രവം സഹിക്കുകയായിരുന്നു. ഒരു ദിവസം മോശ ഇസ്രായേൽമക്കൾ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്നു കാണാൻ അവരുടെ അടുത്ത് ചെന്നു. അപ്പോൾ ഒരു ഈജിപ്തുകാരൻ, സാധ്യതയനുസരിച്ച് അവരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നയാൾ, ഒരു എബ്രായ അടിമയെ അടിക്കുന്നതു മോശ കണ്ടു. അടിക്കുന്നതു നിറുത്താൻ മോശ ആ ഈജിപ്തുകാരനോട് ആവശ്യപ്പെട്ടോ? അതു നമുക്ക് അറിയില്ല. എന്നാൽ “മോശ നാലുപാടും നോക്കി” എന്നു ബൈബിൾ പറയുന്നു: ഒരുപക്ഷേ അടിമയെ രക്ഷിക്കാൻ ആരെങ്കിലും വരുമോ എന്ന് അറിയാനായിരിക്കാം അങ്ങനെ ചെയ്തത്. പക്ഷേ ആരെയും കണ്ടില്ല. അതുകൊണ്ട് മോശതന്നെ ആ അടിമയെ രക്ഷിക്കാൻ തീരുമാനിച്ചു. മോശ ആ “ഈജിപ്തുകാരനെ കൊന്നു.” അയാളെ കൊല്ലാൻ മോശ ഉദ്ദേശിച്ചിരുന്നോ? അതോ ദേഷ്യത്തിൽ അടിച്ചപ്പോൾ, അത് ഉദ്ദേശിച്ചതിലും ശക്തമായിപ്പോയതാണോ? അതെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. എന്തായാലും കാര്യം പ്രശ്നമാകുമെന്നു കണ്ട് മോശ ആ ഈജിപ്തുകാരന്റെ ശരീരം മണലിൽ കുഴിച്ചുമൂടി.
അടുത്ത ദിവസം മോശ വീണ്ടും പുറത്ത് പോയി. അപ്പോൾ രണ്ട് എബ്രായ അടിമകൾ തമ്മിൽ അടികൂടുന്നതു കണ്ട് പ്രശ്നം പരിഹരിക്കാൻ അദ്ദേഹം അവരുടെ അടുത്ത് ചെന്നു. എന്നാൽ തെറ്റുകാരനായ അടിമ മോശയോടു ചോദിച്ചു: “നിന്നെ ആരാണു ഞങ്ങളുടെ പ്രഭുവും ന്യായാധിപനും ആക്കിയത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ ഭാവം?” അതു കേട്ടപ്പോൾ മോശ പേടിച്ചുപോയി. കാര്യം പാട്ടായെന്നു മോശയ്ക്കു മനസ്സിലായി. ഇനി അവിടെ നിന്നാൽ ആപത്താണെന്നു മോശയ്ക്കു തോന്നി.
എന്നാൽ കാര്യങ്ങളൊന്നും മോശ പ്രതീക്ഷിച്ചതുപോലെയല്ല നടന്നത്. മോശ എന്താണു ചിന്തിച്ചത്? ബൈബിൾ പറയുന്നു: “തന്നിലൂടെ ദൈവം അവർക്കു രക്ഷ നൽകുകയാണെന്നു സഹോദരന്മാർ മനസ്സിലാക്കുമെന്നാണു മോശ വിചാരിച്ചത്. പക്ഷേ അവർ അതു മനസ്സിലാക്കിയില്ല.” ഇസ്രായേല്യരെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് വിടുവിക്കാൻ തന്നെ ദൈവം തിരഞ്ഞെടുത്തിരിക്കുകയാണെന്നു മോശ ചിന്തിച്ചുകാണും. എന്നാൽ തന്റെ ജനത്തെ രക്ഷിക്കാൻ യഹോവ നിശ്ചയിച്ചിരിക്കുന്ന സമയം അപ്പോഴുമായിട്ടില്ലെന്നു മോശ തിരിച്ചറിഞ്ഞില്ല. തന്റെ സ്വന്തം ആളുകൾ ഈ രീതിയിൽ തന്നോടു പെരുമാറുമെന്നും മോശ വിചാരിച്ചില്ല. ഈജിപ്തിലെ കൊട്ടാരത്തിൽ വളർന്നുവന്ന ആ എബ്രായനെ വിശ്വസിക്കാൻ അവർ തയ്യാറായില്ല.
മോശ സമ്പത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ പോകുമോ, അതോ യഹോവയുടെ ജനത്തെ പിന്തുണയ്ക്കുമോ?
യഹോവയുടെ ജനത്തെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് വിടുവിക്കാൻ താൻ അപ്പോൾത്തന്നെ യോഗ്യനാണെന്നു മോശ ചിന്തിച്ചു. എന്നാൽ യഹോവയുടെ ദൃഷ്ടിയിൽ മോശയ്ക്ക് അപ്പോൾ അതിനുള്ള യോഗ്യതയായിട്ടില്ലായിരുന്നു. മോശയ്ക്കു നല്ല ധൈര്യമുണ്ടായിരുന്നു എന്നതു ശരിയാണ്. അതുപോലെ ശക്തിയുമുണ്ടായിരുന്നു. ‘വാക്കിലും മോശ ശക്തനായിത്തീർന്നിരുന്നു.’ എന്നാൽ യഹോവ വളരെ വിലയേറിയതായി കാണുന്ന മറ്റൊരു ഗുണം മോശയ്ക്ക് ആവശ്യമായിരുന്നു—സൗമ്യത. മോശ ഈജിപ്തുകാരനെ കൊന്നതു മുന്നുംപിന്നും നോക്കാതെയുള്ള ഒരു എടുത്തുചാട്ടമായിരുന്നു.
മോശ കാണിച്ച അതിക്രമത്തെക്കുറിച്ച് ഫറവോൻ പെട്ടെന്നുതന്നെ അറിയാനിടയായി. സംഭവിച്ചത് എന്താണെന്നു പറയാൻ മോശയ്ക്ക് ഒരു അവസരംപോലും കൊടുക്കാതെ ഫറവോൻ മോശയെ കൊല്ലാൻ ശ്രമിച്ചു. അതുകൊണ്ട് മോശ അവിടെനിന്ന് ഓടിപ്പോയി. മുന്നോട്ടുള്ള തന്റെ ജീവിതം എങ്ങനെയായിരിക്കുമെന്നു മോശയ്ക്ക് ഒരു നിശ്ചയവുമില്ലായിരുന്നു. കാരണം ഈജിപ്തിൽ തനിക്കുണ്ടായിരുന്ന സമ്പത്തും സുഖസൗകര്യങ്ങളും പ്രശസ്തിയും എല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹം പോയത്. അങ്ങനെ എല്ലാം വിട്ട് അങ്ങു ദൂരെയുള്ള മിദ്യാൻ ദേശത്തേക്കു പോകാൻ മോശയ്ക്കു നല്ല ധൈര്യം ആവശ്യമായിരുന്നു. അന്യനാട്ടിലെ ആ തരിശുഭൂമിയിൽ പതിറ്റാണ്ടുകളോളം മോശയ്ക്ക് ഒരു “പരദേശിയായി” ജീവിക്കേണ്ടിവരുമായിരുന്നു. അവിടെ മോശയുടെ ജീവിതം എങ്ങനെയായിരിക്കുമായിരുന്നു? അദ്ദേഹം തുടർന്നും ധൈര്യം കാണിക്കുമായിരുന്നോ? യഹോവ ആഗ്രഹിക്കുന്നതുപോലെ അദ്ദേഹം താഴ്മയും സൗമ്യതയും ഉള്ള ഒരു വ്യക്തിയായി മാറുമായിരുന്നോ? നമുക്കു നോക്കാം.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
തന്റെ ജീവിതത്തിലെ ഈ ഒരു സമയത്ത് മോശ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ഇസ്രായേല്യർ ഈജിപ്തിൽ അടിമകളായിരുന്നു എന്നതിന് എന്തു പുരാവസ്തു തെളിവുകളുണ്ട്? (w20.03 പേ. 30) A
Courtesy Brooklyn Museum, gift of Theodora Wilbour
ചിത്രം A: പുരാതന ഈജിപ്തിലെ അടിമകളുടെ പേരുവിവരപ്പട്ടികയുടെ ചില ഭാഗങ്ങൾ. അതിലെ 40-ലധികം എബ്രായപേരുകൾ ഇസ്രായേല്യർ ഈജിപ്തിൽ അടിമകളായിരുന്നെന്നു സൂചിപ്പിക്കുന്നു
2. മോശ മാതാപിതാക്കളിൽനിന്നും പിന്നീട് ഈജിപ്തുകാരിൽനിന്നും എന്തെല്ലാം പഠിച്ചു? (പ്രവൃ. 7:22; w02 6/15 പേ. 10 ഖ. 2-5)
3. ഈജിപ്തുകാർ പൊതുവേ എങ്ങനെയാണു ശവശരീരം മറവ് ചെയ്തിരുന്നത്? മോശ ഈജിപ്തുകാരനെ കൊല്ലുകയും അയാളുടെ ശരീരം മണലിൽ കുഴിച്ചിടുകയും ചെയ്തപ്പോൾ ഈജിപ്തുകാർക്ക് എന്തു തോന്നിയിരിക്കാം? (it “ഈജിപ്ത്, ഈജിപ്തുകാർ” ഖ. 28-wcgr) B
ചിത്രം B: ഈജിപ്തിലെ ഒരു മമ്മി
4. മോശ മിദ്യാനിലേക്ക് ഓടിപ്പോയി. മിദ്യാന്യർക്കും ഇസ്രായേല്യർക്കും പൊതുവായി എന്താണുണ്ടായിരുന്നത്? (it “മിദ്യാൻ” നമ്പർ 2 ഖ. 1-2-wcgr)
നമുക്കുള്ള പാഠങ്ങൾ
ദേഷ്യം അടക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മോശയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ധൈര്യത്തോടെ ശരിയായ ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് മോശയിൽനിന്ന് ചെറുപ്പക്കാർക്ക് എന്തു പഠിക്കാം? C
ചിത്രം C
ഈ വിവരണത്തിൽ മോശ കാണിച്ച ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന മോശയോട് ഈജിപ്തിലെയും മിദ്യാനിലെയും ജീവിതത്തെക്കുറിച്ച് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
മോശയുടെ ആത്മത്യാഗജീവിതരീതി നമുക്ക് എങ്ങനെ അനുകരിക്കാമെന്നു കാണുക.
വിശ്വാസമുള്ളവരെ അനുകരിക്കുക, വിശ്വാസമില്ലാത്തവരെയല്ല—മോശയെ, ഫറവോനെയല്ല (2:27)
യഹോവയെ സേവിക്കാനായി മോശ സമ്പന്നമായ ഒരു ജീവിതം ഉപേക്ഷിച്ചു. പക്ഷേ ഇക്കാലത്ത് അങ്ങനെയൊരു തീരുമാനം ബുദ്ധിയായിരിക്കുമോ?
എന്നേക്കുമുള്ള ഭാവിക്കുവേണ്ടി ഒരു ജീവിതചര്യ തിരഞ്ഞെടുക്കുന്നു (4:58)