11 മോശ
“ഫറവോന്റെ അടുത്ത് ചെല്ലുക”
മോശ ആളാകെ മാറി. അദ്ദേഹം ഈജിപ്തിൽനിന്ന് പോയിട്ട് ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു. ഇസ്രായേല്യരെ അടിമത്തത്തിൽനിന്ന് വിടുവിക്കാൻ, തന്നെയാണ് യഹോവ ഉപയോഗിക്കുന്നതെന്ന ചിന്തയൊക്കെ ഈ സമയമായപ്പോഴേക്കും മോശ വിട്ടുകളഞ്ഞെന്നു തോന്നുന്നു. അദ്ദേഹത്തിന് ഇപ്പോൾ ഏകദേശം 80 വയസ്സായി. ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട്. മിദ്യാന്യർ ജീവിച്ചിരുന്ന ചൂടുള്ള ആ തരിശുഭൂമിയിൽ, 40 വർഷം അമ്മായിയപ്പന്റെ ആടുകളെ മേയ്ച്ച് നടന്ന സമയംകൊണ്ട് മോശ താഴ്മ പഠിച്ചു.
മോശയ്ക്ക് എത്ര വലിയ മാറ്റമാണു വന്നിരിക്കുന്നതെന്ന് യഹോവ കണ്ടു. ഒരു ദിവസം യഹോവ ഹോരേബ് പർവതത്തിന്റെ അഥവാ സീനായ് പർവതത്തിന്റെ അടിവാരത്തുള്ള ഒരു മുൾച്ചെടി കത്താനിടയാക്കി. അതു പക്ഷേ എരിഞ്ഞുതീരുന്നില്ലായിരുന്നു. അസാധാരണമായ ആ കാഴ്ച കണ്ടപ്പോൾ മോശ അതിന് അടുത്തേക്കു ചെന്നു. അപ്പോൾ യഹോവ ശക്തനായ ഒരു ദൂതനിലൂടെ ആ തീയിൽനിന്ന് മോശയോടു സംസാരിച്ചു. ഈജിപ്തിലേക്കു തിരികെ പോയി തന്റെ ജനത്തെ അടിമത്തത്തിൽനിന്ന് വിടുവിക്കാൻ ദൈവം പറഞ്ഞു. മോശയെ പ്രോത്സാഹിപ്പിക്കാനായി യഹോവ ഇങ്ങനെയും പറഞ്ഞു: “ഞാൻ എന്ത് ആയിത്തീരാൻ തീരുമാനിച്ചാലും അങ്ങനെ ആയിത്തീരും.” യഹോവ എന്ന പേരിന്റെ അർഥത്തിന്റെ ഒരു പ്രധാനഭാഗമായിരുന്നു അത്. ഈജിപ്തിൽ ദുരിതം അനുഭവിക്കുന്ന തന്റെ ജനത്തെ സ്വതന്ത്രരാക്കാനും അവരെ ശക്തമായ ഒരു ജനതയാക്കാനും വേണ്ടതെല്ലാം ചെയ്തുകൊണ്ട് അവർക്കൊരു രക്ഷകനായിത്തീരാൻ യഹോവയ്ക്കു കഴിയുമായിരുന്നു എന്നാണ് അതു സൂചിപ്പിച്ചത്.
എന്നിട്ടും മോശ മടിച്ചുനിന്നു. ഇസ്രായേൽ ജനത്തെ വിടുവിക്കാനുള്ള യോഗ്യതയോ ഈജിപ്തിലെ ഫറവോന്റെ മുന്നിൽ നിന്ന് സംസാരിക്കാനുള്ള പ്രാപ്തിയോ തനിക്കില്ലെന്നു മോശയ്ക്കു തോന്നി. എന്നാൽ യഹോവ അദ്ദേഹത്തെ തിരുത്തി. അതിശയിപ്പിക്കുന്ന ഒരു കാര്യം ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്തു. യഹോവ മോശയ്ക്ക് അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവ് നൽകി. യഹോവ ഒരു മനുഷ്യന് ഇത്തരത്തിലുള്ള കഴിവ് നൽകുന്നതിനെക്കുറിച്ച് ബൈബിളിൽ ആദ്യമായിട്ടു കാണുന്ന സന്ദർഭമാണ് ഇത്. മോശയ്ക്ക് ഒരു സഹായിയായി ചേട്ടനായ അഹരോനെ ദൈവം നിയമിച്ചു. അദ്ദേഹം മോശയ്ക്കുവേണ്ടി സംസാരിക്കുമായിരുന്നു. അവസാനം മോശ ആ നിയമനം സ്വീകരിക്കാൻ തയ്യാറായി. അങ്ങനെ മോശ ഒരു മിശിഹ അല്ലെങ്കിൽ ക്രിസ്തു ആയി, അതായത് തന്റെ ജനത്തെ രക്ഷിക്കാൻ യഹോവ തിരഞ്ഞെടുത്ത വ്യക്തി.—എബ്രാ. 11:26.
മോശ അഹരോന്റെകൂടെ ഈജിപ്തിലേക്കു ചെന്ന് ഫറവോനോടു സംസാരിച്ചു. അതു കേട്ടപ്പോൾ ഫറവോനു നല്ല ദേഷ്യംവന്നു. ഇസ്രായേല്യരെ പോകാൻ അനുവദിക്കുന്നതിനു പകരം ഫറവോൻ അവരുടെ ജോലി കൂടുതൽ കഠിനമാക്കി. അപ്പോൾ യഹോവ മോശയോട്, ഫറവോന്റെ അടുത്ത് തിരികെ ചെന്ന് ഈജിപ്തിന്മേൽ വരുത്താൻ പോകുന്ന ആദ്യത്തെ ബാധയെക്കുറിച്ച് പറയാൻ ആവശ്യപ്പെട്ടു. നൈൽ നദിയിലെ വെള്ളം രക്തമാക്കുന്നതായിരുന്നു അത്. അങ്ങനെ സംഭവിച്ചു. പക്ഷേ ഫറവോൻ കുലുങ്ങിയില്ല. യഹോവ വീണ്ടുംവീണ്ടും മോശയെ ഫറവോന്റെ അടുത്തേക്ക് അയച്ചു. ഓരോ തവണയും മോശ ധൈര്യത്തോടെ “ഫറവോന്റെ അടുത്ത് ചെന്ന്” യഹോവ ഈജിപ്തിന്മേൽ വരുത്താൻപോകുന്ന അടുത്ത ബാധയെക്കുറിച്ച് പറഞ്ഞു. എന്നാൽ അഹങ്കാരിയായ ഫറവോൻ അതിനു ചെവികൊടുത്തില്ല. നാലുമുതലുള്ള ബാധകൾ ഈജിപ്തുകാരെ മാത്രമേ ബാധിച്ചുള്ളൂ. അവയിൽനിന്ന് യഹോവ തന്റെ ജനത്തെ സംരക്ഷിച്ചു.
ഈജിപ്തുകാർ ആരാധിക്കുന്ന ദൈവങ്ങൾക്ക് ഒരു ശക്തിയുമില്ലെന്ന് ആ ഓരോ ബാധയും തെളിയിച്ചു. അവരുടെ ദൈവങ്ങൾക്കോ ഫറവോനോ ഫറവോന്റെ മന്ത്രവാദികൾക്കോ ആ ബാധകളൊന്നും തടയാനായില്ല. എന്നിട്ടും ഫറവോൻ തന്റെ ഹൃദയം കഠിനമാക്കിക്കൊണ്ടിരുന്നു. തന്റെ അടിമകളെ വിട്ടയയ്ക്കാൻ അയാൾ തയ്യാറായില്ല. ഒമ്പതാമത്തെ ബാധ ഈജിപ്ത് ദേശത്തെങ്ങും കനത്ത കൂരിരുട്ടു പരത്തി. എന്നാൽ ഇസ്രായേല്യരുടെ വീടുകളിൽ മാത്രം വെളിച്ചമുണ്ടായിരുന്നു. അവസാനം ഫറവോൻ അടിമകളെ വിട്ടയയ്ക്കാമെന്നു സമ്മതിച്ചെങ്കിലും വീണ്ടും ധിക്കാരത്തോടെ മനസ്സുമാറ്റി. മാത്രമല്ല, ഇനി മോശ തന്റെ മുന്നിൽ വന്നാൽ മരിക്കേണ്ടിവരുമെന്നു മുന്നറിയിപ്പും കൊടുത്തു.
മോശയ്ക്കു ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ കോപത്തിനു വീണ്ടുംവീണ്ടും ഇരയാകേണ്ടിവന്നു
തുടർന്ന് പത്താമത്തേതും അവസാനത്തേതും ആയ ബാധയുണ്ടായി. അതിൽ ഈജിപ്ത് ദേശത്തെ മൂത്ത ആൺമക്കളെല്ലാം മരിച്ചു. അക്കൂട്ടത്തിൽ ഫറവോന്റെ മകനും മരിച്ചു. അതുപോലെ മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും ദൈവം കൊന്നു. അപമാനിതനായ ഫറവോൻ മോശയെ വിളിപ്പിച്ചു. അങ്ങനെ യഹോവ അവസാനമായി ഒരിക്കൽക്കൂടെ മോശയെ ഫറവോന്റെ അടുത്തേക്ക് അയച്ചു. ഇത്തവണ ഫറവോൻ ഇസ്രായേല്യരെ വിട്ടയയ്ക്കുകയും തന്നെ അനുഗ്രഹിക്കാൻ മോശയോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അബ്രാഹാം വാഗ്ദത്തദേശത്ത് ആദ്യമായി പ്രവേശിച്ച് കൃത്യം 430 വർഷത്തിനു ശേഷം ഇസ്രായേൽ ജനം മോചിതരായി! അവർ ഇപ്പോൾ അടിമകളല്ല. അവർ ഈജിപ്ത് വിട്ടുപോയപ്പോൾ “ഒരു വലിയ സമ്മിശ്രപുരുഷാരവും” കൂടെ പോയി. സാധ്യതയനുസരിച്ച് അവരിൽ പലരും ഈജിപ്തുകാരായിരുന്നു. എന്നാൽ വീണ്ടും ഫറവോന്റെ മനസ്സുമാറി. അയാൾ തന്റെ വലിയ സൈന്യത്തെ വിളിച്ചുകൂട്ടി ഇസ്രായേല്യരുടെ പിന്നാലെ പാഞ്ഞു.
മോശയും ഇസ്രായേൽ ജനവും ചെങ്കടലിന്റെ തീരത്ത് എത്തി. രക്ഷപ്പെടാൻ ഇനി ഒരു വഴിയുമില്ലെന്നു തോന്നിയ ഇസ്രായേൽ ജനം വല്ലാതെ പേടിച്ചുപോയി. അപ്പോൾ മോശ സഹായത്തിനായി യഹോവയെ വിളിച്ചപേക്ഷിച്ചു. ഇന്നേവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും വിസ്മയകരമായ ഒരു അത്ഭുതം പ്രവർത്തിച്ചുകൊണ്ടാണ് യഹോവ അതിന് ഉത്തരം നൽകിയത്. യഹോവ ചെങ്കടൽ വിഭജിച്ചു! അങ്ങനെ ഇസ്രായേൽ ജനം കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടെ അക്കരെ കടന്നു. അവർ രക്ഷപ്പെട്ട് പോകുന്നതു കണ്ട ഫറവോൻ തന്റെ സൈന്യത്തെയും കൂട്ടി പുറകേ ചെന്നു. ഇസ്രായേല്യർ സുരക്ഷിതരായി അക്കരെ എത്തിയ ഉടനെ യഹോവ വീണ്ടും ചെങ്കടൽ പഴയതുപോലെയാകാൻ ഇടയാക്കി. ഇസ്രായേല്യരുടെ പിന്നാലെ ചെന്ന ഈജിപ്തുകാർ വെള്ളത്തിൽ മുങ്ങിപ്പോയി. അങ്ങനെ ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം ഇല്ലാതായി!
അതിശയകരമായ ആ സംഭവങ്ങളൊന്നും മോശ ഒരിക്കലും മറന്നില്ല. അദ്ദേഹത്തിന്റെ വിശ്വാസം മുമ്പത്തെക്കാൾ ശക്തമായി. അടുത്ത 40 വർഷക്കാലം, അതായത് 120-ാം വയസ്സിൽ മരിക്കുന്നതുവരെ, മോശ ദൈവജനത്തെ വഴിനയിക്കുകയും പരിപാലിക്കുകയും ചെയ്തു. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും എത്ര നല്ല മാതൃക!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
തന്റെ ജീവിതത്തിലെ ഈ ഒരു സമയത്ത് മോശ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ആ സമയത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോന്റെ പേര് നമുക്ക് അറിയില്ല. ഇനി, ഇസ്രായേൽ ജനം അവിടെനിന്ന് പുറപ്പെട്ടുപോന്നതിനെക്കുറിച്ച് ഈജിപ്തുകാരുടെ ചരിത്രരേഖകളിൽ ഇതുവരെ കണ്ടിട്ടുമില്ല. എങ്കിലും അതെക്കുറിച്ചുള്ള ബൈബിൾവിവരണം നമുക്ക് എന്തുകൊണ്ട് വിശ്വസിക്കാം? (g04 4/8 പേ. 7 ഖ. 4–പേ. 9 ഖ. 1-wcgr)
2. ആളുകൾ ഫറവോനെ ഭയപ്പെട്ടിരുന്നത് എന്തുകൊണ്ട്? (w14 4/15 പേ. 8 ഖ. 1) A
PRISMA ARCHIVO/Alamy Stock Photo
ചിത്രം A: പിൽക്കാലത്ത് ഭരിച്ച ഒരു ഫറവോന്റെ ചിത്രം ഭിത്തിയിൽ കൊത്തുപണി ചെയ്തുവെച്ചിരിക്കുന്നു
3. പത്തു ബാധ ഈജിപ്തിലെ ദൈവങ്ങൾക്കു ശക്തിയില്ലെന്നു തെളിയിച്ചത് എങ്ങനെ? (it “ദേവന്മാരും ദേവിമാരും” ഖ. 24-26-wcgr)
4. യഹോവ ചെങ്കടലിലൂടെ വലിയൊരു വഴി തുറന്നു എന്നതിന് എന്തു സൂചനയുണ്ട്, എത്ര ഇസ്രായേല്യർ അതിലൂടെ മറുകര കടന്നിരിക്കാം? (it “പുറപ്പാട്” ഖ. 46-51-wcgr) B
ചിത്രം B: ഇസ്രായേല്യർ ചെങ്കടൽ കടന്നിരിക്കാൻ സാധ്യതയുള്ള ഭാഗത്തിന്റെ സീനായിയിൽനിന്നുള്ള കാഴ്ച
നമുക്കുള്ള പാഠങ്ങൾ
യഹോവ തരുന്ന ഒരു നിയമനം ചെയ്യാൻ നമുക്കു യോഗ്യതയില്ലെന്നു തോന്നുമ്പോൾ മോശയുടെ മാതൃക നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ? (പുറ. 4:10; 7:6, 7)
ധൈര്യത്തോടെ തന്റെ നിയമനം ചെയ്യാൻ മോശയെ അഹരോൻ സഹായിച്ചതുപോലെ, നമ്മുടെ സഹോദരങ്ങളെ നമുക്ക് എങ്ങനെ സഹായിക്കാം? (പുറ. 4:14-16) C
ചിത്രം C
ഈ വിവരണത്തിൽ മോശ കാണിച്ച ധൈര്യം നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന മോശയോട് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ ഒരു സമയത്തെക്കുറിച്ച് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
യഹോവയുടെ പേരിന്റെ അർഥം അറിയുന്നതു ധൈര്യമുള്ളവരായിരിക്കാൻ കുട്ടികളെ എങ്ങനെ സഹായിക്കുമെന്നു കാണുക.
മോശയുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ യഹോവയുടെ ഗുണങ്ങളെക്കുറിച്ച് അദ്ദേഹത്തെ എന്തു പഠിപ്പിച്ചു?