അധ്യായം 28
“അങ്ങ് മാത്രമാണു വിശ്വസ്തൻ”
1, 2. ദാവീദ് രാജാവ് പലപ്പോഴും വിശ്വാസവഞ്ചനയ്ക്ക് ഇരയായിട്ടുണ്ട് എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
ദാവീദ് രാജാവ് വിശ്വാസവഞ്ചനയ്ക്ക് ഇരയാകുന്നത് ഇത് ആദ്യമായിട്ടല്ലായിരുന്നു. ഒരു ഘട്ടത്തിൽ, സ്വന്തം ജനതയിൽപ്പെട്ടവർതന്നെ ദാവീദിന് എതിരെ ഗൂഢാലോചനകൾ നടത്തുകയും അദ്ദേഹത്തിന്റെ വാഴ്ച സംഘർഷപൂരിതം ആയിത്തീരുകയും ചെയ്തു. കൂടാതെ, ദാവീദിന്റെ അടുത്ത സഹകാരികളായിരിക്കേണ്ടവർതന്നെ അദ്ദേഹത്തോടു വിശ്വാസവഞ്ചന കാട്ടി. ദാവീദിന്റെ ആദ്യഭാര്യയായ മീഖളിന്റെ കാര്യമെടുക്കുക. ആദ്യമൊക്കെ മീഖൾ ‘ദാവീദുമായി സ്നേഹത്തിലായിരുന്നു,’ രാജകീയ കർത്തവ്യങ്ങളിൽ ദാവീദിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും പിൽക്കാലത്ത് മീഖളിനു “ഹൃദയത്തിൽ ദാവീദിനോടു പുച്ഛം തോന്നി,” “വെളിവുകെട്ട ഒരാളെപ്പോലെ” പെരുമാറി എന്നു പറഞ്ഞ് ദാവീദിനെ ആക്ഷേപിക്കുകപോലും ചെയ്തു.—1 ശമുവേൽ 18:20; 2 ശമുവേൽ 6:16, 20.
2 ഇനി ദാവീദിന്റെ സ്വകാര്യ ഉപദേശകനായിരുന്ന അഹിഥോഫെലിനെക്കുറിച്ച് ചിന്തിക്കുക. അയാളുടെ ഉപദേശം യഹോവയിൽനിന്ന് നേരിട്ടുള്ള അരുളപ്പാടുപോലെ കരുതി ദാവീദ് വിലമതിച്ചിരുന്നു. എന്നാൽ ദാവീദ് വിശ്വസ്തനായി കരുതിയ ഈ ഉറ്റമിത്രം കാലക്രമത്തിൽ വഞ്ചകനായി മാറുകയും ദാവീദിനെതിരായ ഒരു സംഘടിത മത്സരത്തിൽ ഉൾപ്പെടുകയും ചെയ്തു. മത്സരത്തിന്റെ ചരടുവലിച്ചത് ആരായിരുന്നു? ദാവീദിന്റെ സ്വന്തം പുത്രനായ അബ്ശാലോം! അവസരവാദിയും തന്ത്രശാലിയും ആയിരുന്ന അബ്ശാലോം തന്നെത്തന്നെ ഒരു ബദൽരാജാവായി അവരോധിച്ചുകൊണ്ട് “ഇസ്രായേൽമക്കളുടെ ഹൃദയം കവർന്നുതുടങ്ങി.” അബ്ശാലോമിന്റെ മത്സരം ശക്തമായതിനെ തുടർന്ന് ദാവീദിനു പ്രാണരക്ഷാർഥം അവിടെനിന്ന് ഓടിപ്പോകേണ്ടിവന്നു.—2 ശമുവേൽ 15:1-6, 12-17.
3. ദാവീദിന് എന്തു ബോധ്യമുണ്ടായിരുന്നു?
3 ദാവീദിനോടു വിശ്വസ്തത പുലർത്തിയ ആരും ഇല്ലായിരുന്നു എന്നാണോ? അനർഥങ്ങളുടെ ആ കാലഘട്ടത്തിൽ ഉടനീളം തന്നോടു വിശ്വസ്തത പുലർത്തുന്ന ഒരാൾ ഉണ്ടെന്ന് ദാവീദിന് അറിയാമായിരുന്നു. ആരായിരുന്നു അത്? ദൈവമായ യഹോവതന്നെ. “വിശ്വസ്തനോട് അങ്ങ് വിശ്വസ്തത കാണിക്കുന്നു” എന്ന് ദാവീദ് യഹോവയെക്കുറിച്ച് പറഞ്ഞു. (2 ശമുവേൽ 22:26) എന്താണു വിശ്വസ്തത? യഹോവ ഈ ഗുണത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ മാതൃക ആയിരിക്കുന്നത് എങ്ങനെ?
എന്താണു വിശ്വസ്തത?
4, 5. (എ) എന്താണു “വിശ്വസ്തത”? (ബി) ജീവനില്ലാത്ത വസ്തുക്കൾ പ്രകടമാക്കുന്ന ആശ്രയയോഗ്യത വ്യക്തികൾ പ്രകടമാക്കുന്ന വിശ്വസ്തതയിൽനിന്ന് വ്യത്യസ്തം ആയിരിക്കുന്നത് എങ്ങനെ?
4 എബ്രായ തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നപ്രകാരം “വിശ്വസ്തത” എന്ന പദം, ഒരു സംഗതിയോട് അല്ലെങ്കിൽ വ്യക്തിയോട് സ്നേഹപൂർവം പറ്റിനിൽക്കുന്നതും ആ സംഗതിയോട് അല്ലെങ്കിൽ വ്യക്തിയോട് ബന്ധപ്പെട്ട ഉദ്ദേശ്യം സാധിക്കുന്നതുവരെ വിട്ടുപോകാത്തതുമായ ദയയെ അർഥമാക്കുന്നു. വിശ്വസ്തനായ ഒരു വ്യക്തി സ്നേഹസമ്പന്നനുമായിരിക്കും. രസാവഹമായി, സങ്കീർത്തനക്കാരൻ ചന്ദ്രനെ “ആകാശത്തിലെ ഒരു വിശ്വസ്തസാക്ഷി” എന്ന് വിളിക്കുകയുണ്ടായി. (സങ്കീർത്തനം 89:37) ചന്ദ്രൻ രാത്രിയിൽ ക്രമമായി പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ് അദ്ദേഹം അതിനെ അപ്രകാരം വിശേഷിപ്പിച്ചത്. ഈ അർഥത്തിൽ ചന്ദ്രൻ ആശ്രയയോഗ്യത പ്രകടമാക്കുന്നു. എന്നാൽ ഒരു വ്യക്തി വിശ്വസ്തത കാണിക്കുന്ന അതേ അർഥത്തിൽ ചന്ദ്രൻ വിശ്വസ്തത കാണിക്കുന്നതായി പറയാൻ സാധിക്കില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഒരു വ്യക്തി പ്രകടമാക്കുന്ന വിശ്വസ്തത സ്നേഹത്തിന്റെ ഒരു തെളിവാണ്—അതു നിർജീവ വസ്തുക്കൾക്കു പ്രകടമാക്കാൻ കഴിയാത്ത ഒന്നാണ്.
ചന്ദ്രനെ ഒരു വിശ്വസ്ത സാക്ഷിയെന്നു വിളിച്ചിരിക്കുന്നു, എന്നാൽ ബുദ്ധിശക്തിയുള്ള ജീവികൾക്കു മാത്രമേ യഥാർഥത്തിൽ യഹോവയുടെ വിശ്വസ്തതയെ പ്രതിഫലിപ്പിക്കാൻ കഴിയൂ
5 തിരുവെഴുത്തിൽ ദ്യോതിപ്പിക്കുന്നപ്രകാരം, വിശ്വസ്തത ഊഷ്മളമാണ്. അതിന്റെ പ്രകടനംതന്നെ ഈ ഗുണം പ്രകടമാക്കുന്ന വ്യക്തിക്കും അതിന്റെ പ്രയോജനം അനുഭവിക്കുന്ന വ്യക്തിക്കും ഇടയിൽ ഒരു ബന്ധം സ്ഥിതിചെയ്യുന്നു എന്നു സൂചിപ്പിക്കുന്നു. അത്തരം വിശ്വസ്തത അസ്ഥിരമല്ല. കാറ്റത്ത് ഗതിമാറിപ്പോകുന്ന തിരമാലകൾപോലെയല്ല അത്. മറിച്ച്, ഏറ്റവും പ്രയാസകരമായ പ്രതിബന്ധങ്ങളെ പോലും തരണം ചെയ്യാനുള്ള സ്ഥിരതയും കരുത്തും അതിനുണ്ട്.
6. (എ) മനുഷ്യരുടെ ഇടയിൽ വിശ്വസ്തത എത്രത്തോളം അപൂർവമാണ്, ബൈബിൾ ഇതു സംബന്ധിച്ച് എന്തു സൂചന നൽകുന്നു? (ബി) വിശ്വസ്തതയിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നുവെന്നു പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം എന്ത്, എന്തുകൊണ്ട്?
6 അത്തരം വിശ്വസ്തത ഇന്ന് അപൂർവമാണ് എന്നതു ശരിതന്നെ. അടുത്ത ചങ്ങാതിമാരായിരിക്കെ ‘പരസ്പരം നശിപ്പിക്കാൻ തക്കംനോക്കിയിരിക്കുന്നവരെ’ ഇന്ന് എവിടെയും കാണാം. തങ്ങളുടെ വിവാഹ ഇണകളെ ഉപേക്ഷിക്കുന്നവരെക്കുറിച്ച് നാം ധാരാളം കേൾക്കുന്നുണ്ട്. (സുഭാഷിതങ്ങൾ 18:24; മലാഖി 2:14-16) വഞ്ചനാപരമായ പ്രവൃത്തികൾ വളരെ സാധാരണമായതുകൊണ്ട്, “വിശ്വസ്തരായവർ ഭൂമിയിൽനിന്ന് ഇല്ലാതായി” എന്ന മീഖ പ്രവാചകന്റെ വാക്കുകളോടു നമ്മളും യോജിച്ചേക്കാം. (മീഖ 7:2) മനുഷ്യർ വിശ്വസ്തത കാണിക്കുന്നതിൽ മിക്കപ്പോഴും പരാജയപ്പെടുന്നെങ്കിലും, അതുല്യമായ വിധത്തിൽ യഹോവ ശ്രേഷ്ഠമായ ഈ ഗുണം പ്രകടമാക്കുന്നു. വിശ്വസ്തതയിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗം യഹോവ തന്റെ സ്നേഹത്തിന്റെ ഈ മഹത്തായ വശം പ്രകടമാക്കുന്ന വിധം പരിശോധിക്കുകയാണ്.
യഹോവയുടെ അതുല്യമായ വിശ്വസ്തത
7, 8. യഹോവ മാത്രമാകുന്നു വിശ്വസ്തൻ എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
7 “അങ്ങ് മാത്രമാണു വിശ്വസ്തൻ” എന്നു യഹോവയെക്കുറിച്ച് ബൈബിൾ പറയുന്നു. (വെളിപാട് 15:4) അത് എങ്ങനെ? ചില സമയങ്ങളിൽ മനുഷ്യരും ദൂതന്മാരും ശ്രദ്ധേയമായ വിശ്വസ്തത പുലർത്തിയിട്ടില്ലേ? (ഇയ്യോബ് 1:1; വെളിപാട് 4:8) യേശുക്രിസ്തുവോ? യേശു ദൈവത്തോട് അങ്ങേയറ്റം വിശ്വസ്തത പുലർത്തിയില്ലേ? (സങ്കീർത്തനം 16:10) അപ്പോൾ യഹോവ മാത്രമാണ് വിശ്വസ്തൻ എന്ന് എങ്ങനെ പറയാൻ കഴിയും?
8 ആദ്യംതന്നെ വിശ്വസ്തത സ്നേഹത്തിന്റെ ഒരു വശം ആണെന്ന് ഓർക്കുക. ‘ദൈവം സ്നേഹം’ ആകയാൽ—ദൈവം ഈ ഗുണത്തിന്റെ മൂർത്തിമദ്ഭാവം ആകയാൽ—യഹോവയെക്കാൾ തികവോടെ ആർക്കാണ് വിശ്വസ്തത പ്രകടമാക്കാൻ കഴിയുക? (1 യോഹന്നാൻ 4:8) ദൂതന്മാരും മനുഷ്യരും ദൈവത്തിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിച്ചേക്കാം എന്നതു ശരിയാണ്, എന്നാൽ യഹോവയ്ക്കു മാത്രമേ അതിശ്രേഷ്ഠമായ അളവിൽ വിശ്വസ്തത പ്രകടമാക്കാൻ കഴിയുകയുള്ളൂ. “പുരാതനകാലംമുതലേ ഉള്ളവൻ” എന്ന നിലയിൽ, ഭൗമികമോ ആത്മീയമോ ആയ ഏതു സൃഷ്ടിയെക്കാളുമധികം കാലം യഹോവ വിശ്വസ്തത പ്രകടമാക്കിയിരിക്കുന്നു. (ദാനിയേൽ 7:9) അതുകൊണ്ട്, യഹോവ വിശ്വസ്തതയുടെ മകുടോദാഹരണമാണ്. ഒരു സൃഷ്ടിക്കും കിടനിൽക്കാൻ കഴിയാത്ത വിധത്തിൽ യഹോവ ഈ ഗുണം പ്രകടമാക്കുന്നു. ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
9. യഹോവ “താൻ ചെയ്യുന്നതിലെല്ലാം വിശ്വസ്തൻ” ആയിരിക്കുന്നത് എങ്ങനെ?
9 യഹോവ “താൻ ചെയ്യുന്നതിലെല്ലാം വിശ്വസ്തൻ” ആണ്. (സങ്കീർത്തനം 145:17) ഏതു വിധത്തിൽ? 136-ാം സങ്കീർത്തനം ഉത്തരം നൽകുന്നു. ചെങ്കടലിലൂടെയുള്ള ഇസ്രായേല്യരുടെ വിടുതൽ ഉൾപ്പെടെ യഹോവയുടെ നിരവധി രക്ഷാപ്രവൃത്തികളെക്കുറിച്ച് അവിടെ പരാമർശിച്ചിരിക്കുന്നു. ഈ സങ്കീർത്തനത്തിലെ ഓരോ വാക്യവും “ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്” എന്ന് ഊന്നിപ്പറയുന്നു. 289-ാം പേജിലെ ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങളിൽ ഈ സങ്കീർത്തനം ഉൾപ്പെടുത്തിയിട്ടുണ്ട്. ആ വാക്യങ്ങൾ വായിക്കുമ്പോൾ, യഹോവ തന്റെ ജനത്തോടു അചഞ്ചലസ്നേഹം അഥവാ വിശ്വസ്തസ്നേഹം പ്രകടമാക്കിയിരിക്കുന്ന അനേകം വിധങ്ങൾ നിങ്ങളിൽ തീർച്ചയായും മതിപ്പുളവാക്കും. അതെ, സഹായത്തിനായുള്ള തന്റെ വിശ്വസ്ത ദാസന്മാരുടെ നിലവിളികൾ കേട്ടുകൊണ്ടും തക്കസമയത്ത് നടപടി എടുത്തുകൊണ്ടും യഹോവ അവരോടു വിശ്വസ്തത പ്രകടമാക്കുന്നു. (സങ്കീർത്തനം 34:6) അവർ യഹോവയോടു വിശ്വസ്തരായി നിലകൊള്ളുന്നിടത്തോളംകാലം, അവരോടുള്ള യഹോവയുടെ വിശ്വസ്തമായ സ്നേഹത്തിന് യാതൊരു ഇളക്കവും സംഭവിക്കില്ല.
10. യഹോവ തന്റെ നിലവാരങ്ങളോടുള്ള ബന്ധത്തിൽ എങ്ങനെ വിശ്വസ്തത പ്രകടമാക്കുന്നു?
10 ഇതിനു പുറമേ, തന്റെ നിലവാരങ്ങളോടു പറ്റിനിന്നുകൊണ്ട് യഹോവ തന്റെ ദാസന്മാരോടുള്ള വിശ്വസ്തത പ്രകടമാക്കുന്നു. വെറും തോന്നലിനാലോ വികാരങ്ങളാലോ നയിക്കപ്പെടുന്ന ചഞ്ചലചിത്തരായ ചില മനുഷ്യരിൽനിന്ന് വ്യത്യസ്തനായി യഹോവ ശരിയും തെറ്റും സംബന്ധിച്ച തന്റെ വീക്ഷണത്തിൽനിന്നു വ്യതിചലിക്കുന്നില്ല. സഹസ്രാബ്ദങ്ങളിൽ ഉടനീളം ഭൂതവിദ്യ, വിഗ്രഹാരാധന, കൊലപാതകം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച യഹോവയുടെ വീക്ഷണം മാറ്റമില്ലാതെ തുടർന്നിരിക്കുന്നു. “നിങ്ങൾക്കു വയസ്സായാലും എനിക്കു മാറ്റം വരില്ല” എന്ന് തന്റെ പ്രവാചകനായ യശയ്യ മുഖാന്തരം യഹോവ അരുളിച്ചെയ്തു. (യശയ്യ 46:4) അതുകൊണ്ട്, ദൈവവചനത്തിൽ കാണുന്ന വ്യക്തമായ ധാർമിക മാർഗനിർദേശം അനുസരിക്കുന്നത് പ്രയോജനങ്ങൾ കൈവരുത്തും എന്നതു സംബന്ധിച്ച് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—യശയ്യ 48:17-19.
11. യഹോവ തന്റെ വാഗ്ദത്ത വചനത്തോടു വിശ്വസ്തനാണ് എന്നതിന് എന്തു തെളിവുണ്ട്?
11 തന്റെ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ടും ദൈവം വിശ്വസ്തത പ്രകടമാക്കുന്നു. യഹോവ മുൻകൂട്ടി പറയുന്നതെല്ലാം നിവൃത്തിയേറുന്നു. അതുകൊണ്ട് യഹോവ ഇപ്രകാരം പ്രസ്താവിച്ചു: ‘എന്റെ വായിൽനിന്ന് പുറപ്പെടുന്ന വാക്കു ഫലം കാണാതെ എന്റെ അടുത്തേക്കു മടങ്ങിവരില്ല. അത് എന്റെ ഇഷ്ടമെല്ലാം നിറവേറ്റും; ഞാൻ അയച്ച കാര്യം ഉറപ്പായും നടത്തും!’ (യശയ്യ 55:11) തന്റെ വാക്കു പാലിച്ചുകൊണ്ട് യഹോവ തന്റെ ജനത്തോടു വിശ്വസ്തത പ്രകടമാക്കുന്നു. താൻ നിവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലാത്ത എന്തിനെങ്കിലുംവേണ്ടി അവർ ആകാംക്ഷാപൂർവം കാത്തിരിക്കാൻ യഹോവ ഇടയാക്കുന്നില്ല. ഈ കാര്യത്തിലെ യഹോവയുടെ കീർത്തി പിൻവരുന്നപ്രകാരം പറയാൻ ദൈവദാസനായ യോശുവയെ പ്രേരിപ്പിച്ചു: “ഇസ്രായേൽഗൃഹത്തിന് യഹോവ കൊടുത്ത നല്ല വാഗ്ദാനങ്ങളെല്ലാം നിറവേറി. അവയിൽ ഒന്നുപോലും നിറവേറാതിരുന്നില്ല.” (യോശുവ 21:45) അതുകൊണ്ട് തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നതിലുള്ള യഹോവയുടെ ഭാഗത്തെ ഏതെങ്കിലും പരാജയം നിമിത്തം നാം ഒരിക്കലും നിരാശപ്പെടേണ്ടിവരില്ലെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—യശയ്യ 49:23; റോമർ 5:5.
12, 13. യഹോവയുടെ അചഞ്ചലസ്നേഹം അഥവാ വിശ്വസ്തസ്നേഹം എന്നും നിലനിൽക്കുന്നതാണെന്നു പറയാൻ കഴിയുന്നത് ഏതു വിധങ്ങളിൽ?
12 നേരത്തേ കണ്ടതുപോലെ, യഹോവയുടെ അചഞ്ചലസ്നേഹം അഥവാ വിശ്വസ്തസ്നേഹം “എന്നും നിലനിൽക്കുന്നത്” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 136:1) ഇതു സത്യമായിരിക്കുന്നത് എങ്ങനെ? യഹോവ പാപങ്ങളെ എന്നേക്കുമായി ക്ഷമിക്കുന്നു എന്നതാണ് ഒരു സംഗതി. 26-ാം അധ്യായത്തിൽ ചർച്ച ചെയ്തപ്രകാരം, ഒരു വ്യക്തി ചെയ്തുപോയ തെറ്റുകൾ ക്ഷമിച്ചശേഷം യഹോവ അത് പിന്നീടൊരിക്കൽ കുത്തിപ്പൊക്കുന്നില്ല. “എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സില്ലാത്തവരായി” തീർന്നതിനാൽ, യഹോവയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കും നന്ദിയുള്ളവർ ആയിരിക്കാം.—റോമർ 3:23.
13 എന്നാൽ മറ്റൊരർഥത്തിലും യഹോവയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നതാണെന്നു പറയാൻ കഴിയും. നീതിമാൻ, ‘നീർച്ചാലുകൾക്കരികെ നട്ടിരിക്കുന്ന, കൃത്യസമയത്തുതന്നെ കായ്ക്കുന്ന, ഇലകൾ വാടാത്ത ഒരു മരംപോലെയാണ്. അവൻ ചെയ്യുന്നതെല്ലാം സഫലമാകും’ എന്ന് യഹോവയുടെ വചനം പറയുന്നു. (സങ്കീർത്തനം 1:3) ഒരിക്കലും ഇല വാടാത്ത ഒരു മരത്തെക്കുറിച്ച് സങ്കൽപ്പിക്കുക! നാം ദൈവവചനത്തിൽ യഥാർഥ ഉല്ലാസം കണ്ടെത്തുന്നെങ്കിൽ, നമ്മുടെ ജീവിതം സുദീർഘവും സമാധാനപരവും സംതൃപ്തിദായകവും ആയിരിക്കും. യഹോവ വിശ്വസ്തതയോടെ തന്റെ വിശ്വസ്ത ദാസന്മാർക്കു നൽകുന്ന അനുഗ്രഹങ്ങൾ നിലനിൽക്കുന്നവയാണ്. തീർച്ചയായും, യഹോവ ആനയിക്കുന്ന നീതിയുള്ള പുതിയലോകത്തിൽ അനുസരണമുള്ള മനുഷ്യവർഗം നിത്യതയിലുടനീളം യഹോവയുടെ അചഞ്ചലസ്നേഹം അനുഭവിച്ചറിയും.—വെളിപാട് 21:3-5.
യഹോവ ‘തന്റെ വിശ്വസ്തരെ ഉപേക്ഷിക്കില്ല’
14. യഹോവ തന്റെ ദാസന്മാരുടെ വിശ്വസ്തതയോട് വിലമതിപ്പു പ്രകടമാക്കുന്നത് എങ്ങനെ?
14 യഹോവ കൂടെക്കൂടെ തന്റെ വിശ്വസ്തത പ്രകടമാക്കിയിട്ടുണ്ട്. യഹോവ തന്റെ വിശ്വസ്ത ദാസന്മാരോടു കാട്ടുന്ന വിശ്വസ്തതയ്ക്ക് ഒരിക്കലും മങ്ങലേൽക്കുകയില്ല. കാരണം യഹോവ പൂർണമായ അർഥത്തിൽ സ്ഥിരതയുള്ളവനാണ്. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “ഞാൻ ഒരിക്കൽ ചെറുപ്പമായിരുന്നു, ഇപ്പോഴോ പ്രായം ചെന്നിരിക്കുന്നു; എന്നാൽ, ഒരു നീതിമാൻപോലും ഉപേക്ഷിക്കപ്പെട്ടതായോ അവന്റെ മക്കൾ ആഹാരം ഇരക്കുന്നതായോ ഇതുവരെ കണ്ടിട്ടില്ല. കാരണം, യഹോവ നീതിയെ സ്നേഹിക്കുന്നു; ദൈവം തന്റെ വിശ്വസ്തരെ ഉപേക്ഷിക്കില്ല.” (സങ്കീർത്തനം 37:25, 28) സ്രഷ്ടാവ് എന്ന നിലയിൽ യഹോവ നമ്മുടെ ആരാധന അർഹിക്കുന്നു എന്നതു ശരിതന്നെ. (വെളിപാട് 4:11) എന്നിരുന്നാലും, വിശ്വസ്തനായതുകൊണ്ട് യഹോവ നമ്മുടെ വിശ്വസ്ത പ്രവർത്തനങ്ങളെ വിലമതിക്കുന്നു.—മലാഖി 3:16, 17.
15. ഇസ്രായേലുമായുള്ള ഇടപെടലുകൾ യഹോവയുടെ വിശ്വസ്തതയെ പ്രതിഫലിപ്പിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
15 തന്റെ ജനം അരിഷ്ടതയിൽ ആയിരിക്കുമ്പോഴെല്ലാം അവരുടെ സഹായത്തിനെത്താൻ അചഞ്ചലസ്നേഹം അഥവാ വിശ്വസ്തസ്നേഹം യഹോവയെ പ്രേരിപ്പിക്കുന്നു. സങ്കീർത്തനക്കാരൻ നമ്മോടു പറയുന്നു: “യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ! തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു; ദുഷ്ടന്റെ കൈയിൽനിന്ന് അവരെ മോചിപ്പിക്കുന്നു.” (സങ്കീർത്തനം 97:10) ഇസ്രായേൽ ജനതയുമായുള്ള യഹോവയുടെ ഇടപെടലുകളെക്കുറിച്ച് ചിന്തിക്കുക. ചെങ്കടലിലൂടെയുള്ള അവരുടെ വിടുതലിനുശേഷം ഇസ്രായേല്യർ യഹോവയ്ക്കുള്ള ഗീതത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു: “അങ്ങ് മോചിപ്പിച്ച ജനത്തെ അചഞ്ചലസ്നേഹത്തോടെ അങ്ങ് നയിച്ചിരിക്കുന്നു.” (പുറപ്പാട് 15:13) ചെങ്കടലിലെ വിടുതൽ യഹോവയുടെ വിശ്വസ്തസ്നേഹത്തിന്റെ ഒരു പ്രകടനം ആയിരുന്നു. അതുകൊണ്ട് മോശ ഇസ്രായേല്യരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മറ്റെല്ലാ ജനങ്ങളിലുംവെച്ച് എണ്ണത്തിൽ കൂടുതലായിരുന്നതുകൊണ്ടല്ല യഹോവയ്ക്കു നിങ്ങളോടു വാത്സല്യം തോന്നിയതും നിങ്ങളെ തിരഞ്ഞെടുത്തതും; എല്ലാ ജനങ്ങളിലുംവെച്ച് ഏറ്റവും ചെറിയ ജനമായിരുന്നല്ലോ നിങ്ങൾ. യഹോവയ്ക്കു നിങ്ങളോടുള്ള സ്നേഹവും നിങ്ങളുടെ പൂർവികരോട് ആണയിട്ട് ചെയ്ത സത്യവും നിമിത്തമാണു ദൈവം നിങ്ങളെ മോചിപ്പിച്ചത്. അതുകൊണ്ടാണ് യഹോവ തന്റെ ബലമുള്ള കൈയാൽ അടിമവീട്ടിൽനിന്ന്, ഈജിപ്തിലെ രാജാവായ ഫറവോന്റെ കൈയിൽനിന്ന്, നിങ്ങളെ വിടുവിച്ച് കൊണ്ടുവന്നത്.”—ആവർത്തനം 7:7, 8.
16, 17. (എ) ഇസ്രായേല്യർ ഞെട്ടിക്കുന്ന ഏത് നന്ദിയില്ലായ്മ പ്രകടമാക്കി, എന്നിരുന്നാലും യഹോവ അവരോട് അനുകമ്പ കാണിച്ചത് എങ്ങനെ? (ബി) ഇസ്രായേല്യരിൽ മിക്കവരും “സുഖപ്പെടുത്താൻ പറ്റാത്ത അളവോളം” പ്രവർത്തിച്ചത് എങ്ങനെ, ഇതു നമുക്ക് എന്തു മുന്നറിയിപ്പിൻ ദൃഷ്ടാന്തം നൽകുന്നു?
16 തീർച്ചയായും, ഒരു ജനത എന്ന നിലയിൽ ഇസ്രായേല്യർ യഹോവയുടെ അചഞ്ചലസ്നേഹത്തോടു നന്ദി പ്രകടമാക്കുന്നതിൽ പരാജയപ്പെട്ടു, അവരുടെ വിടുതലിനുശേഷം “അവർ മരുഭൂമിയിൽ അത്യുന്നതനെ ധിക്കരിച്ച് പിന്നെയുംപിന്നെയും പാപം ചെയ്തു.” (സങ്കീർത്തനം 78:17) നൂറ്റാണ്ടുകളിലുടനീളം അവർ വീണ്ടുംവീണ്ടും ധിക്കാരം കാണിക്കുകയും യഹോവയെ ഉപേക്ഷിച്ച് ജനതകളിൽപ്പെട്ടവരുടെ ഹീനമായ ആചാരങ്ങളിലേക്കും വ്യാജദൈവങ്ങളിലേക്കും തിരിയുകയും ചെയ്തു. എന്നിട്ടും യഹോവ തന്റെ ഉടമ്പടി ലംഘിച്ചില്ല. പകരം, പ്രവാചകനായ യിരെമ്യ മുഖാന്തരം യഹോവ തന്റെ ജനത്തോട് അപേക്ഷിച്ചു: “വിശ്വാസവഞ്ചന കാണിച്ച ഇസ്രായേലേ, മടങ്ങിവരൂ. . . . ഞാൻ വിശ്വസ്തനാണല്ലോ. അതുകൊണ്ട് കോപത്തോടെ നിന്നെ നോക്കില്ല.” (യിരെമ്യ 3:12) എന്നാൽ 25-ാം അധ്യായത്തിൽ കണ്ടതുപോലെ, ഇസ്രായേല്യരിൽ മിക്കവരും മാറ്റംവരുത്താൻ പ്രേരിതരായില്ല. തീർച്ചയായും, “അവർ സത്യദൈവത്തിന്റെ സന്ദേശവാഹകരെ പരിഹസിക്കുകയും ദൈവത്തിന്റെ വാക്കുകൾ പുച്ഛിച്ചുതള്ളുകയും ദൈവത്തിന്റെ പ്രവാചകന്മാരെ നിന്ദിക്കുകയും ചെയ്തുകൊണ്ടിരുന്നു.” ഒടുവിൽ, അവർ “സുഖപ്പെടുത്താൻ പറ്റാത്ത അളവോളം” എത്തി. ഫലമെന്തായിരുന്നു? ‘യഹോവയുടെ ഉഗ്രകോപം സ്വന്തം ജനത്തിനു നേരെ ജ്വലിച്ചു.’—2 ദിനവൃത്താന്തം 36:15, 16.
17 നാം ഇതിൽനിന്ന് എന്തു പഠിക്കുന്നു? യഹോവ അന്ധമായി വിശ്വസ്തത പ്രകടമാക്കുന്നില്ല, നമുക്ക് യഹോവയുടെ വിശ്വസ്തതയെ മുതലെടുക്കാനുമാവില്ല. യഹോവ ‘അചഞ്ചലസ്നേഹം നിറഞ്ഞവൻ’ ആണെന്നതും അടിസ്ഥാനമുള്ളപ്പോൾ കരുണ കാണിക്കാൻ യഹോവ സന്തോഷമുള്ളവനാണ് എന്നതും സത്യംതന്നെ. എന്നാൽ ഒരു ദുഷ്പ്രവൃത്തിക്കാരൻ നേരെയാക്കാൻ കഴിയാത്തവിധം ദുഷ്ടനാണെന്നു തെളിയുമ്പോൾ എന്തു സംഭവിക്കുന്നു? അങ്ങനെയുള്ള സന്ദർഭത്തിൽ യഹോവ തന്റെ നീതിനിഷ്ഠമായ സ്വന്തം നിലവാരങ്ങളോടു പറ്റിനിൽക്കുകയും അയാളെ പ്രതികൂലമായി ന്യായംവിധിക്കുകയും ചെയ്യുന്നു. മോശയോടു പറയപ്പെട്ടതുപോലെ “കുറ്റക്കാരനെ ഒരു കാരണവശാലും (യഹോവ) ശിക്ഷിക്കാതെ വിടില്ല.”—പുറപ്പാട് 34:6, 7.
18, 19. (എ) യഹോവ ദുഷ്ടന്മാരെ ശിക്ഷിക്കുന്നത് വിശ്വസ്തതയുടെ ഒരു പ്രകടനം ആയിരിക്കുന്നത് എങ്ങനെ? (ബി) മരണത്തോളം പീഡിപ്പിക്കപ്പെട്ടിട്ടുള്ള തന്റെ ദാസന്മാരോടു യഹോവ ഏതു വിധത്തിൽ വിശ്വസ്തത പ്രകടമാക്കും?
18 ദൈവം ദുഷ്ടന്മാർക്കു കൊടുക്കുന്ന ശിക്ഷ അതിൽത്തന്നെ വിശ്വസ്തതയുടേതായ ഒരു പ്രവൃത്തിയാണ്. എങ്ങനെ? വെളിപാട് പുസ്തകത്തിൽ യഹോവ ഏഴു ദൂതന്മാർക്കു കൊടുക്കുന്ന കല്പനകളിൽ ഒരു സൂചന കാണുന്നു: “നിങ്ങൾ പോയി ആ ഏഴു പാത്രങ്ങളിലുള്ള ദൈവകോപം ഭൂമിയുടെ മേൽ ഒഴിക്കുക.” മൂന്നാമത്തെ ദൂതൻ തന്റെ കലശം “നദികളിലും ഉറവകളിലും” ഒഴിച്ചപ്പോൾ അവ രക്തമായി. അപ്പോൾ ദൂതൻ യഹോവയോട് ഇങ്ങനെ പറയുന്നതായി നാം വായിക്കുന്നു: “ഉണ്ടായിരുന്നവനും ഉള്ളവനും വിശ്വസ്തനും ആയ ദൈവമേ, ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ട് അങ്ങ് നീതിമാനാണ്. കാരണം വിശുദ്ധരുടെയും പ്രവാചകന്മാരുടെയും രക്തം ചൊരിഞ്ഞവർക്ക് അങ്ങ് രക്തം കുടിക്കാൻ കൊടുത്തിരിക്കുന്നു; അവർ അത് അർഹിക്കുന്നു.”—വെളിപാട് 16:1-6.
19 ന്യായവിധി സന്ദേശം അറിയിക്കുന്നതിനിടയ്ക്ക്, ദൂതൻ യഹോവയെ ‘വിശ്വസ്തൻ’ എന്നു പരാമർശിക്കുന്നതു ശ്രദ്ധിക്കുക. ഈ പരാമർശം ഉചിതമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദുഷ്ടന്മാരെ നശിപ്പിക്കുകവഴി യഹോവ തന്റെ ദാസന്മാരോടു വിശ്വസ്തത കാണിക്കുകയാണ്, അവരിൽ അനേകരും മരണത്തോളം പീഡിപ്പിക്കപ്പെട്ടവരാണ്. യഹോവ വിശ്വസ്തതയോടെ അത്തരം ആളുകളെ തന്റെ ഓർമയിൽ സൂക്ഷിക്കുന്നു. മരണത്തിൽ നിദ്രകൊള്ളുന്ന വിശ്വസ്തരായ ഈ വ്യക്തികളെ വീണ്ടും കാണാൻ യഹോവ അതിയായി വാഞ്ഛിക്കുന്നു. ഒരു പുനരുത്ഥാനത്താൽ അവർക്കു പ്രതിഫലം കൊടുക്കുക എന്നതാണ് യഹോവയുടെ ഉദ്ദേശ്യമെന്നു ബൈബിൾ സ്ഥിരീകരിക്കുന്നു. (ഇയ്യോബ് 14:14, 15) തന്റെ ഈ വിശ്വസ്ത ദാസന്മാർ ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല എന്നതുകൊണ്ട് യഹോവ അവരെ മറക്കുന്നില്ല. മറിച്ച്, യഹോവയെ സംബന്ധിച്ചിടത്തോളം ‘അവരെല്ലാം ജീവിച്ചിരിക്കുന്നു.’ (ലൂക്കോസ് 20:37, 38) തന്റെ ഓർമയിലുള്ളവരെ ജീവനിലേക്കു തിരികെ വരുത്താനുള്ള യഹോവയുടെ ഉദ്ദേശ്യം, യഹോവയുടെ വിശ്വസ്തതയുടെ ശക്തമായ തെളിവാണ്.
മരണത്തോളം വിശ്വസ്തത പ്രകടമാക്കിയിട്ടുള്ളവരെ യഹോവ വിശ്വസ്തതയോടെ ഓർക്കുകയും അവരെ പുനരുത്ഥാനപ്പെടുത്തുകയും ചെയ്യും
ബെർണാർഡ് ല്യോമസും (മുകളിൽ) വോൾഫ്ഗാങ് കുസ്സറോയും (മധ്യത്തിൽ) നാസികളാൽ വധിക്കപ്പെട്ടു
മോസസ് ന്യാമൂസുവായെ ഒരു രാഷ്ട്രീയസംഘം കുന്തംകൊണ്ടു കുത്തിക്കൊന്നു
യഹോവയുടെ വിശ്വസ്തസ്നേഹം രക്ഷയുടെ വഴി തുറക്കുന്നു
20. ‘കരുണയ്ക്കു യോഗ്യമായ പാത്രങ്ങൾ’ ആരാണ്, യഹോവ അവരോടു വിശ്വസ്തത കാണിക്കുന്നത് എങ്ങനെ?
20 ചരിത്രത്തിലുടനീളം യഹോവ വിശ്വസ്ത മനുഷ്യരോട് ശ്രദ്ധേയമായ വിശ്വസ്തത കാണിച്ചിട്ടുണ്ട്. ആയിരക്കണക്കിനു വർഷമായി യഹോവ ‘നാശത്തിനു അർഹമായ പാത്രങ്ങളെ വളരെ ക്ഷമയോടെ സഹിച്ചിരിക്കുന്നു.’ എന്തിനുവേണ്ടി? ‘താൻ മഹത്ത്വത്തിനായി മുമ്പുതന്നെ ഒരുക്കിയതും കരുണയ്ക്കു യോഗ്യമായതും ആയ പാത്രങ്ങളുടെ മേൽ തന്റെ മഹത്ത്വം സമൃദ്ധമായി വെളിപ്പെടുത്താൻ.’ (റോമർ 9:22, 23) ‘കരുണയ്ക്കു യോഗ്യമായ ആ പാത്രങ്ങൾ’ ക്രിസ്തുവിനോടുകൂടെ മിശിഹൈക രാജ്യത്തിൽ കൂട്ടവകാശികളായിരിക്കാൻ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്ന നീതിസ്നേഹികളാണ്. (മത്തായി 19:28) അവർക്കു രക്ഷയുടെ മാർഗം തുറന്നുകൊടുത്തുകൊണ്ട് യഹോവ അബ്രാഹാമിനോടു വിശ്വസ്തത പാലിച്ചു. കാരണം യഹോവ അബ്രാഹാമുമായി ഇങ്ങനെയൊരു ഉടമ്പടി ചെയ്തിരുന്നു: “നീ എന്റെ വാക്കു കേട്ടനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകല ജനതകളും അനുഗ്രഹം നേടും.”—ഉൽപത്തി 22:18.
യഹോവ വിശ്വസ്തനായതുകൊണ്ട് യഹോവയുടെ സകല വിശ്വസ്ത ദാസന്മാർക്കും ആശ്രയയോഗ്യമായ ഒരു ഭാവി പ്രത്യാശയുണ്ട്
21. (എ) ‘മഹാകഷ്ടതയെ’ അതിജീവിക്കുകയെന്ന പ്രത്യാശയുള്ള ‘ഒരു മഹാപുരുഷാരത്തോട്’ യഹോവ വിശ്വസ്തത പ്രകടമാക്കുന്നത് എങ്ങനെ? (ബി) യഹോവയുടെ വിശ്വസ്തത എന്തു ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു?
21 ‘മഹാകഷ്ടതയിൽനിന്ന്’ പുറത്തുവന്ന് ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രതീക്ഷ പുലർത്തുന്ന ‘ഒരു മഹാപുരുഷാരത്തോടും’ യഹോവ സമാനമായ വിശ്വസ്തത കാണിക്കുന്നു. (വെളിപാട് 7:9, 10, 14) തന്റെ ദാസന്മാർ അപൂർണരാണെങ്കിലും, ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരം യഹോവ വിശ്വസ്തമായി അവർക്കു പ്രദാനം ചെയ്യുന്നു. യഹോവ അതു ചെയ്യുന്നത് എങ്ങനെയാണ്? യഹോവയുടെ വിശ്വസ്തതയുടെ ഏറ്റവും വലിയ പ്രകടനമായ മോചനവില മുഖാന്തരം. (യോഹന്നാൻ 3:16; റോമർ 5:8) യഹോവയുടെ വിശ്വസ്തത, നീതിക്കുവേണ്ടി വിശക്കുന്നവരെ യഹോവയിലേക്ക് അടുപ്പിക്കുന്നു. (യിരെമ്യ 31:3) യഹോവ കാണിച്ചിരിക്കുന്നതും ഇനി കാണിക്കാനിരിക്കുന്നതുമായ അഗാധമായ വിശ്വസ്തത നിങ്ങളെ യഹോവയിലേക്ക് അടുപ്പിച്ചിരിക്കുന്നതായി തോന്നുന്നില്ലേ? ദൈവത്തോട് അടുക്കാൻ നാം ആഗ്രഹിക്കുന്നതിനാൽ, ദൈവത്തെ വിശ്വസ്തമായി സേവിക്കാനുള്ള നമ്മുടെ തീരുമാനത്തെ ബലിഷ്ഠമാക്കിക്കൊണ്ട് ദൈവത്തിന്റെ സ്നേഹത്തോടു നമുക്കു പ്രതികരിക്കാം.