ഒക്ടോബർ ചന്ത—“യൂറോപ്പിലെ ഏറ്റവും പുരാതനമായ രാജ്യാന്തര കുതിരച്ചന്ത”
അയർലൻഡിലെ ഉണരുക! ലേഖകൻ
കഴിഞ്ഞ ആഴ്ചവരെ ഈ കൊച്ചു പട്ടണം തികച്ചും പ്രശാന്തമായിരുന്നു. ആളുകൾ തങ്ങളുടെ ദൈനംദിന കാര്യാദികളിൽ മുഴുകി കഴിഞ്ഞുകൂടിയിരുന്നു. എന്നാൽ ഈ ആഴ്ച കഥ മാറി. 6,000-ത്തോളം നിവാസികളുള്ള ഈ പട്ടണത്തിലേക്ക് 50,000-ത്തിലധികം സന്ദർശകർ വന്നെത്തിയതോടെ ഇവിടെ സൂചികുത്താൻ സ്ഥലമില്ലാതായി. എന്നാൽ തിക്കിത്തിരക്കുന്ന ഈ ജനക്കൂട്ടമോ നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന വിൽപ്പന ശാലകളോ ചായം പൂശിയ തെരുവു വിനോദ പരിപാടിക്കാരോ ഒന്നും അല്ല ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പിന്നെയോ കുതിരകളാണ്! അതേ കുതിരകൾ, എവിടെത്തിരിഞ്ഞാലും കുതിരകൾ!
നാം ഇപ്പോൾ എവിടെയാണ്? അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിൻ നഗരത്തിന് ഏതാണ്ട് 140 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പട്ടണമായ ബാലിനാസ്ലോയിൽ. പൊതുവെ ശാന്തമായ ഈ നഗരത്തിലെ അവസ്ഥ അപ്പാടെ മാറാൻ കാരണമെന്താണ്? സംഘാടകർ പറയുന്നതനുസരിച്ച് “യൂറോപ്പിലെ ഏറ്റവും പുരാതനമായ രാജ്യാന്തര കുതിരച്ചന്ത,” ഒക്ടോബർ ചന്ത, അരങ്ങേറാൻ പോകുകയാണ്.
ബാലിനാസ്ലോയിൽ വെച്ചു നടത്താൻ കാരണമെന്ത്?
ഈ ഒക്ടോബർ ചന്തയെ ഇത്ര പ്രശസ്തമാക്കുന്നത് എന്താണ്? ഈ ചന്തയിൽ നിരവധി കുതിരകളെ വിറ്റിട്ടുള്ള ഒരു പ്രാദേശിക കർഷകനായ ജോർജുമായി ഉണരുക! അഭിമുഖം നടത്തുകയുണ്ടായി. “ബാലിനാസ്ലോയിൽ,” അദ്ദേഹം പറയുന്നു, “ദരിദ്രരെന്നോ സമ്പന്നരെന്നോ ഉള്ള യാതൊരു വ്യത്യാസവും കൂടാതെ ആർക്കും ഏതു തരം കുതിരയെയും വിൽക്കാം. അതേ, അതാണ് ഏറ്റവും ലളിതമായ ഉത്തരം.” എന്നാൽ ഇതിനെ ഇത്ര വ്യത്യസ്തം ആക്കുന്നത് എന്താണ്? “മറ്റു പല സ്ഥലങ്ങളിലും കുതിര വിൽപ്പനയ്ക്ക് അനേകം നിയന്ത്രണങ്ങളും പരിമിതികളും ഉണ്ട്,” ജോർജ് വിശദീകരിക്കുന്നു. “ചില വിൽപ്പന മേളകളിൽ ഒരിനം കുതിരകളെ മാത്രമേ പ്രദർശിപ്പിക്കാറുള്ളൂ. കച്ചവടവുമായി ബന്ധപ്പെട്ട് രേഖാ സംബന്ധമായ നൂറുകൂട്ടം നൂലാമാലകളും ഉണ്ടായിരിക്കും. ആർക്കു വേണമെങ്കിലും ഒരു കുതിരയെ കൊണ്ടുവന്നു വിൽക്കാൻ സാധിക്കുന്ന ഇത്തരം കുതിരച്ചന്തകൾ നന്നേ കുറവാണ്! കഴിഞ്ഞ രണ്ടുമൂന്നു നൂറ്റാണ്ടുകളായി ഇവിടുത്തെ വിൽപ്പന രീതി കാര്യമായ മാറ്റമൊന്നും കൂടാതെ തുടരുന്നു. വലിയ ഔപചാരികതയൊന്നും ഇല്ലാതെ കച്ചവടപ്പറമ്പിൽവെച്ച് നേരിട്ടു വിൽക്കുകയും വാങ്ങുകയും ചെയ്യുകയാണ് ഇവിടുത്തെ പതിവ്.”
‘എന്നാൽ ഇത്തരം തിരക്കുപിടിച്ച ഒരു പരിപാടിയുടെ വേദിയായി ബാലിനാസ്ലോ മാറിയത് എങ്ങനെ?’ എന്നു നാം ചിന്തിച്ചേക്കാം. ‘കുതിരകളെ വാങ്ങാനായി റഷ്യ പോലെയുള്ള വിദൂര സ്ഥലങ്ങളിൽ നിന്ന് വ്യാപാരികൾ ഇവിടേക്കു വരുന്നതോ?’ ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ അതിനുള്ള ഉത്തരം ലഭിക്കും.
ഡബ്ലിന് 30 കിലോമീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന റ്റാറായിൽ നിന്നായിരുന്നു അയർലൻഡിലെ ചില പ്രമുഖ രാജാക്കന്മാർ ഭരണം നടത്തിയിരുന്നത്. അത് അയർലൻഡിലെ മതപരവും പിന്നീട് രാഷ്ട്രീയവുമായ ഒരു കേന്ദ്രമായി വർത്തിച്ചു. നികുതി അടയ്ക്കാനും പാസ്സാക്കപ്പെട്ട പുതിയ നിയമങ്ങളെ കുറിച്ചു കേൾക്കാനും ഒക്കെയായി ആളുകൾ റ്റാറായിലേക്കു യാത്ര ചെയ്തിരുന്നു. എന്നാൽ റ്റാറായും ബാലിനാസ്ലോയും തമ്മിലുള്ള ബന്ധം എന്താണ്? പടിഞ്ഞാറുനിന്നു റ്റാറായിലേക്ക് പ്രകൃതിദത്തമായി രൂപംകൊണ്ടിരുന്ന ഒരു പാതയിൽ ആഴംകുറഞ്ഞ ഒരു പുഴക്കടവിനോടു ചേർന്നായിരുന്നു ബാലിനാസ്ലോ. രാജഗൃഹത്തിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നവർ ഈ നദിക്കടവിനെ വാർത്തകളും ചരക്കുകളും കൈമാറാനുള്ള സൗകര്യപ്രദമായ ഒരു സ്ഥലമായി കണ്ടു. പടിഞ്ഞാറെ തീരത്തുനിന്ന് ഏതാണ്ട് ഒരു ദിവസത്തെ കുതിരയാത്ര മതിയായിരുന്നു അവിടെ എത്താൻ. ‘പൊ.യു. അഞ്ചാം നൂറ്റാണ്ടിൽപ്പോലും ഇവിടെ കുതിര വ്യാപാരം നടന്നിരുന്നു എന്നതിനു തെളിവുകൾ’ ഉണ്ടെന്ന് ഒക്ടോബർ ചന്തയുടെ സംഘാടകർ പറയുന്നു.
18-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രൂപംകൊണ്ട ഈ വലിയ ഔദ്യോഗിക ചന്തയ്ക്കുള്ള തികച്ചും അനുയോജ്യമായ സ്ഥലമായി പിന്നീട് ബാലിനാസ്ലോ മാറാൻ കാരണം അതിന്റെ യുദ്ധതന്ത്രപ്രധാന സ്ഥാനമാണ്. ഇവിടെ എത്താനായി 200 കിലോമീറ്ററും മറ്റും യാത്ര ചെയ്യേണ്ടിയിരുന്ന ചില കർഷകർ ചന്ത തുടങ്ങുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പുതന്നെ തങ്ങളുടെ വിൽപ്പനച്ചരക്കിനെയും തെളിച്ച് യാത്ര പുറപ്പെടുമായിരുന്നു. ക്രമേണ കുതിരകൾ ഇവിടുത്തെ മുഖ്യ ആകർഷണമായിത്തീർന്നു.
ബാലിനാസ്ലോയുടെ പ്രാന്തപ്രദേശം വളരെ ഫലഭൂയിഷ്ഠവും മൃഗങ്ങളെ വളർത്താൻ തികച്ചും അനുയോജ്യവും ആണ്. ആരോഗ്യവും ഉത്പാദന ക്ഷമതയും ഉള്ള കരുത്തുറ്റ മൃഗങ്ങളാണ് അവിടെ ഉണ്ടാകുന്നത്. “അയർലൻഡിലെ കുതിരകൾ കരുത്തിനു പേരുകേട്ടവയാണ്,” ഗ്രന്ഥകാരനായ മാർക്ക് ഹോൾഡ്സ്റ്റോക്ക് പറയുന്നത് അങ്ങനെയാണ്. അദ്ദേഹം തുടരുന്നു: “ഐറിഷ് ഡ്രോഫ്റ്റ് പോലുള്ള ഇനങ്ങൾ നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് സമൃദ്ധമായി പെരുകിയിട്ടുണ്ട്. കാലം കടന്നുപോകുന്നത് അനുസരിച്ച് അവ കൂടുതൽ കരുത്തുറ്റത് ആയിത്തീരുക ആണ്.”
കുതിരകളുടെ ആവശ്യം
ഇന്ന് കുതിര വ്യാപാരമാണ് ഇവിടുത്തെ പരിപാടിയിലെ മുഖ്യ ഇനം! എന്നാൽ കുതിരകൾക്ക് ഇത്ര പ്രാധാന്യം കൈവന്നത് എങ്ങനെയാണ്? 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ അയർലൻഡിലെ കർഷകർ തങ്ങളുടെ വയലുകളിൽ പണിയെടുക്കാൻ കുതിരകളെ വ്യാപകമായി ഉപയോഗിച്ചിരുന്നു. നനവുള്ള ചതുപ്പു നിലങ്ങളിലൂടെ കലപ്പ വലിക്കാൻ അവർക്ക് നല്ല കരുത്തുള്ള, നന്നായി പണിയെടുക്കുന്ന കുതിരകളെ ആവശ്യമായിരുന്നു. എന്നാൽ കുതിരകളെക്കൊണ്ടു മറ്റൊരു പ്രധാന ഉപയോഗവും ഉണ്ടായിരുന്നു. യുദ്ധക്കളത്തിലെ ആരവങ്ങൾക്കു മുന്നിൽ വിരണ്ടുപോകാത്തതും കുണ്ടും കുഴിയും നിറഞ്ഞ സ്ഥലത്തുകൂടി പോലും നല്ല ഭാരം വലിക്കാൻ കരുത്തും ശേഷിയും ഉള്ളതുമായ കുതിരകളെ സൈന്യത്തിന് ആവശ്യമായിരുന്നു. ഐറിഷ് ഡ്രോഫ്റ്റ് എന്ന ഇനത്തിന് ഈ ഗുണങ്ങളെല്ലാംതന്നെ ഉണ്ടായിരുന്നു, അതുകൊണ്ട് അവയ്ക്ക് ആവശ്യക്കാർ ഏറെയായിരുന്നു. ഇവയെ തറോബ്രെഡ് വർഗവുമായി ഇണചേർത്ത് ഉത്പാദിപ്പിച്ച സങ്കരയിനം കുതിരകൾ നല്ല ധൈര്യവും കായികശേഷിയും ഉള്ളവ ആയിരുന്നു. അത്തരം കുതിരകളെ ആയിരുന്നു അശ്വസൈന്യത്തിനു വേണ്ടിയിരുന്നതും.
യുദ്ധങ്ങളിൽ, സൈനികരെപ്പോലെതന്നെ ആയിരക്കണക്കിനു കുതിരകളും മുറിവേറ്റു വീണിരുന്നു. യൂറോപ്പിലെ അടർക്കളങ്ങളിൽ ചത്തുവീണ കുതിരകൾക്കു പകരം ആശ്രയയോഗ്യമായ പുതിയ തറോബ്രഡ് കുതിരകളെ വാങ്ങാനായി നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന്, എന്തിന് അങ്ങ് റഷ്യയിൽനിന്നു പോലുമുള്ള സൈനിക പ്രതിനിധികൾ, ബാലിനാസ്ലോ വരെ യാത്ര ചെയ്യാൻ തയ്യാറായി. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ഒക്ടോബർ ചന്ത “യൂറോപ്പിലെ ഏറ്റവും വലിയ കുതിരച്ചന്ത” ആയി മാറിയിരുന്നു. “വാട്ടർലൂ യുദ്ധത്തിലെa പകുതി കുതിരകളെയും ബാലിനാസ്ലോയിൽ നിന്നു വാങ്ങിയതായിരുന്നു എന്നാണ് ശ്രുതി,” ഹോൾഡ്സ്റ്റോക്ക് പറയുന്നു.
കുതിര വ്യാപാരത്തിലെ തന്ത്രങ്ങൾ
കുതിരകളുടെ ഈ വർധിച്ച ആവശ്യം 20-ാം നൂറ്റാണ്ടിൽ പെട്ടെന്നു കുറഞ്ഞു. കുതിരകൾക്കു യുദ്ധത്തിൽ ഉണ്ടായിരുന്ന സ്ഥാനം സൈനിക വാഹനങ്ങൾ കൈയടക്കി. കുതിരകളെ ഉപയോഗിച്ചു നിലം ഉഴുന്നതിനു പകരം കർഷകർ ട്രാക്റ്റർ ഉപയോഗിക്കാനും തുടങ്ങി. ബാലിനാസ്ലോയിലെ കുതിര വ്യാപാരം നിലച്ചെന്നുതന്നെ പറയാം. എന്നുവരികിലും, ഏതാണ്ട് 40 വർഷം മുമ്പ് ഈ ചന്തയ്ക്കു വീണ്ടും ജീവൻ വെച്ചു.
നേരത്തെ പരാമർശിച്ച ജോർജ് ഇവിടെ കുതിര വ്യാപാരം നടത്തിയിരുന്നത് എങ്ങനെയാണ്? “വിൽക്കാനുള്ള കുതിരകളെയും തെളിച്ച് ഞാൻ കച്ചവട മൈതാനത്തേക്കു ചെല്ലുമായിരുന്നു, ചിലപ്പോൾ പെട്ടെന്നു തന്നെ ആരെങ്കിലും വരും അല്ലെങ്കിൽ അൽപ്പ സമയം കാത്തിരിക്കേണ്ടിവരും. വരുന്നവർ അവയ്ക്ക് എന്തു വില വേണമെന്നു ചോദിക്കും.” തുടർന്ന് ജോർജ് കുതിര വ്യാപാരത്തിലെ ചില തന്ത്രങ്ങൾ വിശദീകരിക്കുന്നു: “ഞങ്ങൾ ആദ്യം കുറച്ചു വിലപേശൽ നടത്തും. മിക്കപ്പോഴും ചൂടുപിടിച്ച പേശലായിരിക്കും നടക്കുക. വാങ്ങാൻ വരുന്ന ആൾക്ക് എന്റെ കുതിരയെ വേണമെങ്കിൽ, അയാൾ വലിയ താത്പര്യമൊന്നും പുറത്തു കാണിക്കുകയില്ല. കാരണം ഞാൻ വില കൂട്ടിയാലോ എന്ന് അയാൾക്കു പേടിയുണ്ട്. ചിലപ്പോൾ അയാൾ പോയേക്കാം, എങ്കിലും മറ്റാരും വില കൂട്ടി പറഞ്ഞിട്ടില്ല എന്ന പ്രതീക്ഷയിൽ അയാൾ മടങ്ങിവരും. ചിലപ്പോൾ, എന്നോട് വില പേശിക്കൊണ്ട് നിൽക്കാനായി അയാൾ തന്റെ കൂട്ടുകാരനെ പോലും എന്റെ അടുത്തേക്കു വിട്ടേക്കാം. കാരണം, അങ്ങനെയാകുമ്പോൾ മറ്റാരും വില പറയില്ലല്ലോ. അവസാനം ഞങ്ങൾ ഒരു വിലയ്ക്കു യോജിക്കുകയും കൈകൊടുത്ത് അത് ഉറപ്പിക്കുകയും ചെയ്യുന്നു. സാധാരണ പണമായിട്ടായിരിക്കും വില തരുന്നത്, അപ്പോൾ അവിടെ വെച്ചുതന്നെ കുതിരയെ കൈമാറുകയും ചെയ്യും. ഈ വിൽക്കലും വാങ്ങലുമൊക്കെ നിയന്ത്രിക്കാൻ കേന്ദ്ര സമിതിയൊന്നും ഇല്ലാത്തതിനാൽ കുതിരയെ വിറ്റു കഴിഞ്ഞാൽ പിന്നെ യാതൊരു ഉത്തരവാദിത്വവും ഇല്ല!”
എന്നാൽ ഇതൊക്കെ കണ്ടുകൊണ്ടുനിൽക്കുന്ന ഒരു വ്യക്തിക്ക് വിൽക്കാനുള്ള കുതിര ഏതാണ് അല്ലാത്തത് ഏതാണ് എന്നൊക്കെ തിരിച്ചറിയുക വളരെ ബുദ്ധിമുട്ടായിരിക്കും. “കുതിരയെ നിർത്തിയിരിക്കുന്നതു കച്ചവട മൈതാനത്താണെങ്കിൽ അതിനെ വിൽക്കാനുള്ളതാണ്,” ജോർജ് പറയുന്നു. തുടർന്ന് അദ്ദേഹം ചില നാട്ടുനടപ്പുകൾ വിവരിക്കുന്നു: “പണ്ടൊക്കെ ഒരു കുതിരയെ വിറ്റുകഴിഞ്ഞാൽ അതിന്റെ മുതുകിൽ പൃഷ്ഠഭാഗത്തായി കുറച്ചു മണ്ണു കുഴച്ചു വെക്കുമായിരുന്നു. ചിലപ്പോഴൊക്കെ ഇപ്പോഴും അങ്ങനെ ചെയ്യാറുണ്ട്. അല്ലെങ്കിൽ വാങ്ങിയ ഉടനെതന്നെ പുതിയ യജമാനൻ കുതിരയെ അവിടെനിന്നു കൊണ്ടുപോകുമായിരുന്നു. കുതിരയെ വാങ്ങുന്ന ആൾ പണം കൊടുത്തുകഴിഞ്ഞാൽ വിൽപ്പനക്കാരൻ ‘ഭാഗ്യവില’ കൊടുക്കുന്നത് അയർലൻഡിൽ നിലവിലുള്ള മറ്റൊരു പഴയ ആചാരമാണ്. കച്ചവടം കഴിയുമ്പോൾ തിരികെ കൊടുക്കുന്ന ഒരു ചെറിയ തുകയാണ് ഇത്. അത് കുതിരയ്ക്കു പുതിയ യജമാനന്റെ കൂടെ ഒരു ‘സൗഭാഗ്യ ജീവിതം’ നേരുന്നതിനെ സൂചിപ്പിച്ചു.
“നിങ്ങൾക്കു കുതിരകളെയും അവയുടെ വിലയെയും സംബന്ധിച്ച് നല്ല അറിവ് ഉണ്ടായിരിക്കണം,” ജോർജ് മുന്നറിയിപ്പു നൽകുന്നു. “സാധാരണമായി, മുടക്കുന്ന തുകയ്ക്കു നഷ്ടമില്ലാത്ത ഒന്നിനെ നിങ്ങൾക്കു കിട്ടും. അതുകൊണ്ട് മിക്കവരും ചന്തയിൽനിന്നു സന്തുഷ്ടരായാണു മടങ്ങിപ്പോകാറ്. എന്നാൽ പരിചയ സമ്പന്നരായ കുതിര വ്യാപാരികൾ പോലും ജാഗ്രത ഉള്ളവർ ആയിരിക്കേണ്ടതുണ്ട്. തന്റെ കുതിരയെ വിറ്റ ശേഷം, വീട്ടിലേക്കു മടങ്ങുന്നതിനു മുമ്പ് അൽപ്പം ‘കഴിച്ചിട്ടു’ പോയേക്കാം എന്നു കരുതി ബാറിൽ കയറിയ ഒരു വ്യാപാരിയുടെ കാര്യം എനിക്ക് അറിയാം. അതിനിടയിൽ കുതിരയുടെ പുതിയ യജമാനൻ അതിന്റെ രോമം കത്രിക്കുകയും ചീകുകയും ചെയ്തു. കുതിരയുടെ രൂപം പാടേ മാറി. ഈ ‘പുതിയ’ കുതിരയെ അതിന്റെ ആദ്യത്തെ യജമാനൻ താൻ വിറ്റതിലും കൂടുതൽ വില കൊടുത്തു വാങ്ങി, അതു മറ്റൊരു കുതിര ആണെന്നാണ് അദ്ദേഹം വിചാരിച്ചത്!
കച്ചവടത്തിൽ കളിപ്പു പറ്റിയേക്കാം എന്നതിനു പുറമേ മറ്റു ചില പ്രശ്നങ്ങളും കൂടെയുണ്ട്. “സൂക്ഷിച്ചുവേണം നിൽക്കാൻ!” ജോർജ് ഉപദേശിക്കുന്നു. “മണിക്കൂറുകളായി പരസ്പരം മുട്ടിമുട്ടി നിൽക്കുന്ന ഈ കുതിരകളിൽ ചിലതിന് അവയുടെ ചുറ്റും തകൃതിയായി നടക്കുന്ന കച്ചവടവും മറ്റും നിമിത്തം വെകിളി പിടിച്ചേക്കാം. അതുകൊണ്ട് തൊഴി കിട്ടാൻ സാധ്യതയുണ്ട്. കുതിരക്കാരൻ പരിചയ സമ്പന്നൻ ആണെങ്കിലും, പേടിച്ചരണ്ട പല കുതിരകളും മുൻകാലുയർത്തി ആക്രമിക്കാൻ ഒരുമ്പെടുന്നതു ഞാൻ കണ്ടിട്ടുണ്ട്.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പിന്നെ, കാലിൽ ചെളി പറ്റാതിരിക്കാനായി പാകമുള്ള ഒരു നല്ല വെല്ലിങ്ടൺ [റബർ ബൂട്ട്സ്] ധരിച്ചു വേണം പോകാൻ!”
[അടിക്കുറിപ്പുകൾ]
a 1815-ൽ യൂറോപ്പിൽ ആയിരുന്നു വാട്ടർലൂ യുദ്ധം നടന്നത്. പല സേനകളിലായി മൊത്തം ഏതാണ്ട് 1,85,000 പടയാളികൾ ഉണ്ടായിരുന്നു. യുദ്ധത്തിനും അതുപോലെതന്നെ ചരക്കുകൾ കൊണ്ടുപോകുന്നതിനും ഒക്കെയായി ആയിരക്കണക്കിനു കുതിരകളെ ഉപയോഗിച്ചിരിക്കാം.
[16-ാം പേജിലെ ചിത്രം]
കറുപ്പും വെളുപ്പും ഇടകലർന്ന ഒരു കോബ് കുതിരയെ വിൽപ്പനയ്ക്കു നിർത്തിയിരിക്കുന്നു
[16, 17 പേജുകളിലെ ചിത്രം]
ബാലിനാസ്ലോയിലെ ചന്തയുടെ പ്രാരംഭ ദിവസത്തിൽ കച്ചവട മൈതാനം
[17-ാം പേജിലെ ചിത്രം]
ഐറിഷ് ഡ്രോഫ്റ്റിന്റെയും തറോബ്രെഡിന്റെയും ഒരു സങ്കരയിനം