യുവജനങ്ങൾ ചോദിക്കുന്നു . . .
ആഗ്രഹിക്കുന്നതെല്ലാം വാങ്ങാൻ എനിക്കു കഴിയാത്തതെന്തുകൊണ്ട്?
“ചില വസ്തുക്കൾ വളരെ നല്ലതാണ്, അവ കിട്ടണമെന്നു ഞാൻ അതിയായി ആഗ്രഹിക്കാറുമുണ്ട്. എന്നാൽ അവ വാങ്ങിത്തരാനുള്ള പണം എന്റെ മാതാപിതാക്കൾക്ക് ഇല്ല.”—മൈക്ക്
നിങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും വാങ്ങാൻ കഴിയാത്ത സാധനങ്ങൾ ഉണ്ടോ? ഒരുപക്ഷേ ഒരു പുതിയ സ്റ്റീരിയോ സെറ്റോ മറ്റു കുട്ടികൾ ധരിക്കുന്നതുപോലുള്ള ഷൂസോ ഒരു പ്രശസ്ത കമ്പനിയുടെ അടയാളമുള്ള പുതിയ ജീൻസോ വാങ്ങാൻ നിങ്ങൾ അതിയായി ആഗ്രഹിച്ചേക്കാം. നിങ്ങളുടെ ചില കൂട്ടുകാർ അത്തരം വസ്തുക്കൾ വാങ്ങി പ്രദർശിപ്പിച്ചേക്കാം. അതുകൊണ്ട്, അവ വാങ്ങിത്തരാൻ തങ്ങളുടെ പക്കൽ പണമില്ലെന്നു മാതാപിതാക്കൾ പറയുന്നതു നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.
ഭൗതിക വസ്തുക്കൾ ഉണ്ടായിരിക്കാനുള്ള ആഗ്രഹം തികച്ചും സ്വാഭാവികം ആണെങ്കിലും, അനേക യുവജനങ്ങൾക്കും അതൊരു ഭ്രമമാണ്. അതിന്റെ മുഖ്യ കാരണം വാർത്താമാധ്യമങ്ങളിലെ പരസ്യങ്ങളാണെന്നു തോന്നുന്നു. ചില പ്രത്യേക തരം വസ്ത്രങ്ങളോ പ്രത്യേക ബ്രാൻഡ് നെയിമുള്ള ഉത്പന്നങ്ങളോ ഉപയോഗിക്കുന്നില്ലെങ്കിൽ നിങ്ങളെ ഒന്നിനും കൊള്ളില്ല എന്ന സന്ദേശമാണ് ടിവി, മാസികകൾ, റേഡിയോ എന്നിവയിലെ അത്തരം ആകർഷകമായ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. എന്തിന്, പ്രതിവർഷം ഐക്യനാടുകളിൽ മാത്രം കൗമാരപ്രായക്കാർ 10,000 കോടിയിൽ അധികം ഡോളർ ചെലവഴിക്കുന്നു!
കൂട്ടുകാരിൽനിന്നുള്ള സമ്മർദവും ഉണ്ട്. “കാണുന്നതും കേൾക്കുന്നതും അതുപടി അനുകരിക്കുന്ന കുമാരീകുമാരന്മാരുടെ ലോകത്ത്, കൂട്ടുകാരാൽ ‘പഴഞ്ചൻ’ ആയി വീക്ഷിക്കപ്പെടുന്നുവെന്ന് ഒരുവനു തോന്നുമ്പോൾ, അവർ തന്നെ അവരുടെ നിലവാരങ്ങളിൽ എത്താത്തവനായി കണക്കാക്കുന്നുവെന്നോ കൂട്ടത്തിൽ കൂട്ടാതിരിക്കുന്നുവെന്നോ മാത്രമല്ല അതു പരാജിതന്റെ അടയാളമാണെന്നുമാണ് അയാൾക്കു തോന്നുന്നത്,” മാർക്കറ്റിങ് ടൂൾസ് എന്ന മാസികയിലെ ഒരു ലേഖനം പ്രസ്താവിക്കുന്നു. എന്നാൽ “പഴഞ്ചൻ” ആയി വീക്ഷിക്കപ്പെടാതിരിക്കാൻ എന്തു ചെയ്യാനാകും? ഏറ്റവും നല്ലതും ഏറ്റവും പുതിയതുമായ വസ്തുക്കൾ വാങ്ങുന്നതാണു പലപ്പോഴും അതിനുള്ള മാർഗം. എന്നാൽ നിങ്ങൾക്ക് അതിനുള്ള വകയില്ലെങ്കിലോ? “അത് ശരിക്കും പ്രയാസകരമാണ്,” ഒരു ക്രിസ്തീയ യുവാവ് സമ്മതിക്കുന്നു. “പേരെടുക്കാത്ത കമ്പനികളുടെ സാധനങ്ങളുമായി സ്കൂളിൽ പോയാൽ എല്ലാവരും നിങ്ങളെ കളിയാക്കിയതുതന്നെ.” “ചിലപ്പോഴൊക്കെ എന്നെ എല്ലാവരും ഒഴിവാക്കുന്നതുപോലെ തോന്നാറുണ്ട്,” ഒരു യുവതി പറയുന്നു.
അടിസ്ഥാന ജീവിതാവശ്യങ്ങൾക്കായി ആളുകൾ ചോര നീരാക്കുന്ന വികസ്വര രാജ്യങ്ങളിലും സാഹചര്യം വ്യത്യസ്തമല്ല. നിങ്ങളുടെ കുടുംബത്തിന്റെ സ്ഥിതി അതാണെങ്കിൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കായി നിങ്ങൾ വാഞ്ഛിക്കുക സ്വാഭാവികമാണ്. സമ്പന്ന രാഷ്ട്രങ്ങളിൽ നിന്നുള്ള ടിവി പരിപാടികളും സിനിമകളും കാണുന്നത് അവയിൽ പ്രദർശിപ്പിക്കപ്പെടുന്ന വിലയേറിയ വസ്ത്രങ്ങളും വീടുകളും കാറുകളും സ്വന്തമാക്കാനുള്ള ആഗ്രഹം നിങ്ങളിൽ അങ്കുരിപ്പിച്ചേക്കാം. എന്നാൽ അത്തരം വസ്തുക്കൾ വാങ്ങാൻ നിങ്ങൾക്കു സാധിക്കുകയില്ല എന്നു മനസ്സിലാക്കുന്നത് നിങ്ങളെ അമർഷം കൊള്ളിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്തേക്കാം.
നിങ്ങൾ ജീവിക്കുന്നത് എവിടെയാണെങ്കിലും—ദരിദ്ര രാഷ്ട്രത്തിലോ സമ്പന്ന രാഷ്ട്രത്തിലോ ആകട്ടെ—ചില വസ്തുക്കൾ സ്വന്തമാക്കാൻ സാധിക്കാത്തതിൽ ദേഷ്യപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുന്നതു നിങ്ങൾക്കു ഹാനി വരുത്തുന്നതിൽ മാത്രമേ കലാശിക്കൂ. അതു മാതാപിതാക്കളുമായി സദാ ശണ്ഠയ്ക്കു കാരണമായേക്കാം. എന്നാൽ ചോദ്യമിതാണ്, നിങ്ങൾക്ക് അതിനെ എങ്ങനെ തരണം ചെയ്യാനാകും?
ഭൗതിക വസ്തുക്കൾ സംബന്ധിച്ച് സമനിലയുള്ള വീക്ഷണം
ഒന്നാമതായി, തന്റെ ജനം ദാരിദ്ര്യത്തിൽ കഴിയണമെന്നോ യഥാർഥത്തിൽ ആവശ്യമുള്ള വസ്തുക്കൾ അവർക്ക് ഉണ്ടായിരിക്കരുതെന്നോ യഹോവയാം ദൈവം ആഗ്രഹിക്കുന്നില്ലെന്നു തിരിച്ചറിയുക. എന്തായാലും ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചാക്കിയത് ഒരു കുപ്പക്കൂനയിലല്ലല്ലോ. കാണാൻ ഭംഗിയുള്ള വൃക്ഷങ്ങൾ നിറഞ്ഞുനിന്ന മനോഹരമായ ഒരു ഉദ്യാനത്തിലാണ് ദൈവം അവരെ സൃഷ്ടിച്ചാക്കിയത്. (ഉല്പത്തി 2:9) പിൽക്കാലത്തു ജീവിച്ചിരുന്ന അബ്രാഹാം, ഇയ്യോബ്, ശലോമോൻ തുടങ്ങിയ ചില ദൈവദാസന്മാർക്കും ധാരാളം ഭൗതിക സമ്പത്ത് ഉണ്ടായിരുന്നു. (ഉല്പത്തി 13:2; ഇയ്യോബ് 1:3) എന്തിന്, ശലോമോൻ സമ്പാദിച്ച സ്വർണം നിമിത്തം അവന്റെ വാഴ്ചക്കാലത്ത് വെള്ളിക്കു “വിലയില്ലായിരുന്നു”!—1 രാജാക്കന്മാർ 10:21, 23.
എന്നുവരികിലും, ദൈവജനത്തിൽ മിക്കവരുടെയും സാമ്പത്തിക സ്ഥിതി പൊതുവെ അത്ര ഉയർന്നതല്ലായിരുന്നു. യേശുക്രിസ്തു സമ്പന്നൻ അല്ലായിരുന്നു, അവനു ‘തല ചായിപ്പാൻ പോലും ഇടം ഇല്ലായിരുന്നു.’ (മത്തായി 8:20) പക്ഷേ താൻ ആഗ്രഹിച്ച സംഗതികൾ വാങ്ങാൻ പണം ഇല്ലാഞ്ഞതിന്റെ പേരിൽ അവൻ ആവലാതിപ്പെട്ടതായി നിങ്ങൾ ഒരിടത്തും വായിച്ചിട്ടില്ല. പകരം അവൻ ഇങ്ങനെയാണ് പഠിപ്പിച്ചത്: “ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. . . . സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”—മത്തായി 6:31-33.
എന്നാൽ, ഫാഷൻ വസ്ത്രങ്ങളോ പുതുപുത്തൻ ഇലക്ട്രോണിക് ഉപകരണങ്ങളോ സ്വന്തമാക്കാനുള്ള ഒരുവന്റെ അഭിലാഷം നിവർത്തിക്കാൻ ദൈവം ബാധ്യസ്ഥനാണ് എന്ന് ഇതിന് അർഥമില്ല. ദൈവം നമ്മുടെ ആവശ്യങ്ങൾ നിവർത്തിച്ചു തരുന്നു—എന്നാൽ ആഗ്രഹങ്ങൾ സാധിച്ചു തരണമെന്നില്ല. അതുകൊണ്ടാണ് “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ” തൃപ്തരായിരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്. (1 തിമൊഥെയൊസ് 6:8) പക്ഷേ, തൃപ്തർ ആയിരിക്കുക എളുപ്പമല്ല. “ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും ഇടയിൽ നിങ്ങൾക്ക് എപ്പോഴും ഒരു പോരാട്ടമുണ്ട്” എന്ന് യുവാവായ മൈക്ക് സമ്മതിക്കുന്നു. സ്വാർഥ ചായ്വുകൾക്കു പുറമേ, ദൈവത്തിന്റെ മുഖ്യ ശത്രുവായ പിശാചായ സാത്താന്റെ സ്വാധീനങ്ങൾക്ക് എതിരെയും നമുക്ക് പോരാടേണ്ടതുണ്ട്. (1 യോഹന്നാൻ 5:19) തങ്ങൾക്ക് എന്തോ നഷ്ടമാകുന്നുവെന്ന് ആളുകൾക്കു തോന്നാൻ ഇടയാക്കുന്നതാണ് അവന്റെ ഏറ്റവും പുരാതനമായ ഒരു തന്ത്രം. ഒരു പൂർണ പറുദീസയിൽ ജീവിച്ചിരുന്നിട്ടും തനിക്ക് എന്തോ നഷ്ടപ്പെടുന്നതായി ചിന്തിക്കാൻ ഹവ്വാ സ്വാധീനിക്കപ്പെട്ടു.—ഉല്പത്തി 3:2-6.
അസംതൃപ്തിയുടെ പടുകുഴിയിൽ വഴുതി വീഴുന്നതു നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാനാകും? ഒരുപക്ഷേ കേട്ടു തഴമ്പിച്ച ഒരു ആശയമാണെന്നു തോന്നിയേക്കാം എങ്കിലും നിങ്ങൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചു പരിചിന്തിക്കുന്നതു പ്രയോജനപ്രദമാണ്. ഇല്ലാത്ത സംഗതികളെ കുറിച്ചുള്ള നിഷേധാത്മക ചിന്തകളിൽ കുരുങ്ങി വിഷമിക്കരുത്. ക്രിയാത്മകമായി ചിന്തിക്കുക, നിങ്ങൾക്ക് ഉള്ളതിനെ കുറിച്ചു ധ്യാനിക്കുക. (ഫിലിപ്പിയർ 4:8 താരതമ്യം ചെയ്യുക.) മൈക്ക് ഇപ്രകാരം പ്രസ്താവിക്കുന്നു: “എനിക്കു വേണമെന്ന് അതിയായ ആഗ്രഹമുള്ള ധാരാളം സംഗതികൾ ഉണ്ട്. എന്നാൽ ഞാൻ അവയെ കുറിച്ചു ചിന്തിച്ചു തല പുണ്ണാക്കാറില്ല.”
നിങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന വഞ്ചനാത്മകമായ പരസ്യങ്ങൾ കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുന്നതും സഹായകമാണ്.a (സദൃശവാക്യങ്ങൾ 14:15) ആ പുതിയ ഷൂസോ സിഡി പ്ലെയറോ ഇല്ലാതെ നിങ്ങൾക്കു “ജീവിക്കാനാകില്ല” എന്ന് എടുത്തുചാടി നിഗമനം ചെയ്യുന്നതിനു മുമ്പ് സ്വസ്ഥമായിരുന്ന് കാര്യാദികൾ വിലയിരുത്താൻ ശ്രമിക്കുക. നിങ്ങളോടു തന്നെ ഇങ്ങനെ ചോദിക്കുക: ‘എനിക്ക് യഥാർഥത്തിൽ അതിന്റെ ആവശ്യം ഉണ്ടോ? അതു ശരിക്കും ഉപയോഗം ഉള്ളതാണോ? അതോ ഇപ്പോൾത്തന്നെ ഉള്ളതു മതിയോ?’ പ്രതാപം കാട്ടുന്നതിനായി സാധനസാമഗ്രികൾ വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്ന പരസ്യങ്ങളെ കുറിച്ചു പ്രത്യേകാൽ ജാഗ്രത ഉള്ളവരായിരിക്കണം. 1 യോഹന്നാൻ 2:16-ൽ രേഖപ്പെടുത്തിയിരിക്കുന്ന അപ്പൊസ്തലനായ യോഹന്നാന്റെ വാക്കുകൾ പ്രാധാന്യം അർഹിക്കുന്നു: “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.”
യഥാർഥത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോൾ
നിങ്ങൾക്കു ന്യായമായും ചില വസ്തുക്കൾ ആവശ്യമുണ്ടെങ്കിലോ? മാതാപിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കുന്നതിനു മുമ്പ് നിങ്ങൾ അതിനെ കുറിച്ച് ഗൗരവത്തോടെ പരിചിന്തിക്കേണ്ടതുണ്ട്. പ്രസ്തുത സാധനം നിങ്ങൾക്ക് ആവശ്യമുള്ളത് എന്തുകൊണ്ടാണെന്നും അത് എങ്ങനെ ഉപയോഗിക്കാനാണു നിങ്ങൾ പദ്ധതിയിടുന്നതെന്നും അത് ഉപകാരപ്രദം ആയിരിക്കും എന്നു നിങ്ങൾ കരുതുന്നതിന്റെ കാരണവും കൃത്യമായി വിവരിക്കാൻ തയ്യാറാകുക. അങ്ങനെയാകുമ്പോൾ മാതാപിതാക്കൾ അതു കുടുംബ ബജറ്റിൽ ഉൾക്കൊള്ളിച്ചേക്കാം. എന്നാൽ തത്കാലം അതു വാങ്ങിത്തരാൻ അവർക്കു സാധിക്കുന്നില്ലെങ്കിലോ? കാത്തിരിക്കുക അല്ലാതെ മറ്റു നിർവാഹമൊന്നും ഉണ്ടായിരിക്കുകയില്ല. (സഭാപ്രസംഗി 7:8) ഈ “ദുർഘടസമയങ്ങ”ളിൽ തങ്ങളുടെ മക്കൾ ആവശ്യപ്പെടുന്നതെല്ലാം സാധിച്ചുകൊടുക്കാൻ മിക്ക മാതാപിതാക്കൾക്കും വകയില്ല. (2 തിമൊഥെയൊസ് 3:1) ആവശ്യമില്ലാത്ത സംഗതികൾ വാങ്ങിത്തരണമെന്നു ശഠിക്കുന്നത് ഒഴിവാക്കിക്കൊണ്ട് നിങ്ങൾക്കു നിങ്ങളുടെ മാതാപിതാക്കളുടെ പ്രയാസങ്ങൾ അൽപ്പമൊന്നു ലഘൂകരിക്കാൻ സാധിക്കും.
എന്നുവരികിലും, നിങ്ങൾക്കു മുൻകൈ എടുക്കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾക്ക് കുറേശ്ശെ കാശു കിട്ടുന്നുണ്ടെങ്കിൽ ഓരോ മാസവും അതിൽ കുറച്ചു പണം സൂക്ഷിച്ചു വെക്കാൻ പഠിക്കുക. അടുത്തുള്ള ഒരു ബാങ്കിൽ നിങ്ങൾക്ക് ഒരു അക്കൗണ്ട് തുടങ്ങുക പോലും ചെയ്യാവുന്നതാണ്. (ലൂക്കൊസ് 19:23, NW താരതമ്യം ചെയ്യുക.) ഒരു കൊച്ചു പെൺകുട്ടി ആയ അബീഗയിൽ ചെയ്തത് അതായിരുന്നു. അവൾ പറയുന്നു: “എന്റെ പണം ഞാൻ രണ്ടായി പകുത്ത് ഒരു ഭാഗം ബാങ്കിൽ നിക്ഷേപിക്കാനും ബാക്കി ചെലവഴിക്കാനുമായി മാറ്റി വെക്കുമായിരുന്നു.” നിങ്ങൾക്കു ജോലി ചെയ്യാനുള്ള പ്രായമെത്തിയെങ്കിൽ, വല്ലപ്പോഴുമൊക്കെ എന്തെങ്കിലും ജോലി ചെയ്യാവുന്നതാണ്, അല്ലെങ്കിൽ അംശകാല ജോലി ചെയ്യാൻ ശ്രമിക്കുക.b സംഗതി എന്തായാലും, നിങ്ങൾ ഒരു സാധനം വാങ്ങാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്നുവെന്നും അതിനായി നിങ്ങൾ പണം സൂക്ഷിക്കുന്നുണ്ടെന്നും അറിയുമ്പോൾ, സാധിക്കുമെങ്കിൽ കുറച്ചു ചെലവു വഹിക്കാൻ മാതാപിതാക്കൾ പ്രചോദിതരായേക്കാം.
സാധനങ്ങൾ വാങ്ങുന്ന രീതിയിൽ അൽപ്പം മാറ്റങ്ങൾ വരുത്തുന്നതും പ്രയോജനകരം ആയിരുന്നേക്കാം. ഉദാഹരണത്തിന്, ഒരു സാധനത്തിന്റെ വില വളരെ കൂടുതൽ ആണെങ്കിൽ നിങ്ങൾക്കു വില പേശാവുന്നതാണ്. എന്നിട്ടും വില കുറയ്ക്കുന്നില്ലെങ്കിൽ ആരെങ്കിലും ആ വിലയ്ക്ക് വാങ്ങുന്നുണ്ടോ എന്നു നോക്കുക. അതേ സാധനം കുറഞ്ഞ വിലയ്ക്കു വാങ്ങാൻ സാധിക്കുമോ എന്നറിയാനായി മറ്റു കടകളിൽ അന്വേഷിക്കുക. സാധനങ്ങളുടെ ഗുണമേന്മ ശ്രദ്ധാപൂർവം പരിശോധിക്കാൻ പഠിക്കുക; ചിലപ്പോൾ പേരുകേട്ട കമ്പനികളുടേതല്ലാത്ത സാധനങ്ങളും വളരെ നല്ലതായിരുന്നേക്കാം.c
തൃപ്തരായിരിക്കാൻ പഠിക്കുക
സദൃശവാക്യങ്ങൾ 27:20 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “പാതാളത്തിന്നും [“ശവക്കുഴി,” NW] നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തി വരുന്നില്ല.” അതേ, ശവക്കുഴിക്ക് അടങ്ങാത്ത വിശപ്പുള്ളതുപോലെ, ചില ആളുകൾക്ക് എപ്പോഴും കൂടുതൽ കൂടുതൽ വേണം—ഇതിനോടകം എത്രമാത്രം സ്വന്തമാക്കിയിട്ടുണ്ട് എന്നത് അവർക്ക് ഒരു പ്രശ്നമേയല്ല. അത്തരം സ്വാർഥ ചിന്താഗതി ഒഴിവാക്കുക. നിരാശയും അസന്തുഷ്ടിയും ആണ് അത്യാഗ്രഹത്തിന്റെ അന്തിമഫലങ്ങൾ. ജോനാഥാൻ എന്നു പേരുള്ള ഒരു യുവാവ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “നിങ്ങളുടെ സന്തുഷ്ടി എല്ലായ്പോഴും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെങ്കിൽ നിങ്ങൾ ഒരിക്കലും സന്തുഷ്ടർ ആയിരിക്കുകയില്ല. വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്ന പുതിയ പുതിയ സാധനങ്ങൾ എപ്പോഴും ഉണ്ടായിരിക്കും. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ പഠിക്കേണ്ടതുണ്ട്.”
സംതൃപ്തനായിരിക്കുന്ന പക്ഷം നിങ്ങൾക്കു കൂട്ടുകാരിൽനിന്നുള്ള സമ്മർദത്തെ നേരിടാനാകും. യുവാവായ വിൻസെന്റ് പറയുന്നു: “ബ്രാൻഡ് നെയിമുള്ള ഷൂസിട്ട ഒരുത്തനെ കണ്ടെന്നുവെച്ച് ഓടിപ്പോയി അത്തരം ഒരെണ്ണം വാങ്ങണമെന്ന് എനിക്കു യാതൊരു നിർബന്ധവുമില്ല.” എന്നുവരികിലും ആഗ്രഹിക്കുന്ന സാധനങ്ങൾ വാങ്ങാൻ സാധിക്കാതെ വരുന്നതു ചിലപ്പോഴൊക്കെ നിങ്ങളെ വേദനിപ്പിച്ചേക്കാം എന്നതു ശരിതന്നെ. എന്നാൽ യഹോവ നിങ്ങളുടെ ആവശ്യങ്ങൾ അറിയുന്നു എന്നത് ഒരിക്കലും വിസ്മരിക്കരുത്. (മത്തായി 6:32) സമീപ ഭാവിയിൽത്തന്നെ അവൻ ‘ജീവനുള്ളതിന്നൊക്കെയും തൃപ്തിവരുത്തും.’—സങ്കീർത്തനം 145:16.
[അടിക്കുറിപ്പുകൾ]
a 1998 ആഗസ്റ്റ് 22 ലക്കം ഉണരുക!യിലെ “പരസ്യങ്ങൾ—നിങ്ങളെ എങ്ങനെ ബാധിക്കുന്നു?” എന്ന ലേഖന പരമ്പര കാണുക
b 1998 ആഗസ്റ്റ് 22 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കെങ്ങനെ കുറച്ച് കാശുണ്ടാക്കാം?” എന്ന ലേഖനം കാണുക.
c സഹായകമായ കൂടുതൽ നിർദേശങ്ങൾക്കായി 1995 ജനുവരി 22 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് എന്റെ വസ്ത്രശേഖരം എങ്ങനെ മെച്ചപ്പെടുത്താനാവും?” എന്ന ലേഖനം കാണുക.
[13-ാം പേജിലെ ആകർഷകവാക്യം]
“പേരെടുക്കാത്ത കമ്പനികളുടെ സാധനങ്ങളുമായി സ്കൂളിൽ പോയാൽ എല്ലാവരും നിങ്ങളെ കളിയാക്കിയതുതന്നെ”
[14-ാം പേജിലെ ചിത്രം]
ആഗ്രഹിക്കുന്നതെല്ലാം ഇല്ലാതെതന്നെ നിങ്ങൾക്ക് സന്തുഷ്ടർ ആയിരിക്കാൻ കഴിയും