ലോകത്തെ വീക്ഷിക്കൽ
യൂറോപ്പിൽ മതസ്വാതന്ത്ര്യത്തിനു ഭീഷണി
പല രാജ്യങ്ങളിലും ജനരഞ്ജകമല്ലാത്ത ചെറു മതവിഭാഗങ്ങളുടെ പട്ടികകളോ അവയെക്കുറിച്ചുള്ള റിപ്പോർട്ടുകളോ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് യു.എസ്.എ.യിലെ വാഷിങ്ടൺ ഡി.സി.യിൽ അടുത്തകാലത്തു നടന്ന ഒരു പത്രസമ്മേളനത്തിൽ, ഇറ്റലിയിലെ ടൂറിനിൽനിന്നുള്ള ഒരു റോമൻ കത്തോലിക്ക പണ്ഡിതനായ മാസിമോ ഇൻട്രോവിന്യ പറഞ്ഞു. “അപകടകാരികളായ മതവിഭാഗങ്ങ”ളായി വേർതിരിക്കപ്പെട്ട സംഘടനകളിൽ ബാപ്റ്റിസ്റ്റുകാർ, ബുദ്ധമതക്കാർ, കത്തോലിക്ക കാരിസ്മാറ്റിക്കുകാർ, ഹാസിദ് യഹൂദന്മാർ, യഹോവയുടെ സാക്ഷികൾ, ക്വേക്കർ വിഭാഗക്കാർ, ക്രിസ്തീയ യുവതീ സംഘടന എന്നിവർ ഉൾപ്പെടുന്നു. ജർമനിയിൽ നിന്നുള്ള ഒരു റിപ്പോർട്ട് ഇത്തരം 800 ഗ്രൂപ്പുകളെ പരാമർശിക്കുന്നു; ബെൽജിയത്തിൽനിന്ന് 187-ഉം ഫ്രാൻസിൽനിന്ന് 172-ഉം. ഫ്രാൻസിൽ “വർഷങ്ങളോളം മാന്യമായി ജോലിചെയ്ത അധ്യാപകരെ യഹോവയുടെ സാക്ഷികളാണെന്ന ഒറ്റക്കാരണത്താൽ പൊതു വിദ്യാലയങ്ങളിൽ നിന്ന് പുറത്താക്കി”യതായി ഇന്റ്രോവിന്യ എഴുതുന്നു. കോമ്പസ് ഡയറക്ട് വാർത്താവിതരണ വിഭാഗം റിപ്പോർട്ടു ചെയ്തപ്രകാരം ചെറു മതവിഭാഗങ്ങൾക്ക് എതിരായുള്ള പ്രസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ജനപിന്തുണ സംബന്ധിച്ച് ഇൻട്രോവിന്യ ഉത്കണ്ഠ പ്രകടിപ്പിച്ചു. “മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്, വഴിതെറ്റിക്കുന്ന, തെറ്റായ വിവരങ്ങളും അസഹിഷ്ണുതാപരമായ ലോകവീക്ഷണവും വ്യാപിപ്പിക്കുന്നതിൽ ഈ പ്രസ്ഥാനങ്ങൾ വലിയൊരു പങ്കുവഹിക്കുന്നു എന്നത് വളരെ വ്യക്തമാണ്,” അദ്ദേഹം പറഞ്ഞു.
സ്വയം പ്രവർത്തിക്കുന്ന ജാലകങ്ങൾ
താഴ്ന്നു പറക്കുന്ന ഒരു വിമാനം അടുത്തു വരുമ്പോൾ താനേ അടയുന്ന ഒരു ജാലകം ഓസ്ട്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റിയിലുള്ള ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നു. അലോസരപ്പെടുത്തുന്ന ശബ്ദസ്രോതസ്സ് കടന്നുപോയി കഴിയുമ്പോൾ ജാലകം പിന്നെയും തുറക്കുന്നു. വെളിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു മൈക്രോഫോണിന് ജാലകത്തിൽ ഘടിപ്പിച്ചിരിക്കുന്ന സോഫ്റ്റ്വെയറിന്റെ സഹായത്താൽ വലിയ ട്രക്കുകളുടേതു പോലുള്ള അലോസരപ്പെടുത്തുന്ന മറ്റു ശബ്ദങ്ങളുടെയും പ്രത്യേക ആവൃത്തികൾ തിരിച്ചറിയാൻ കഴിയും. ഈ ജാലകങ്ങൾക്ക് ഒച്ചയുടെ അളവ് 20 ഡെസിബലോളം കുറയ്ക്കാൻ കഴിയുമെന്ന് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. സ്വസ്ഥമായി ഉറങ്ങാൻ ഇതു മതിയാകുമെന്നു പ്രത്യാശിക്കപ്പെടുന്നു. ന്യൂ സയന്റിസ്റ്റ് മാസിക ഇങ്ങനെ അഭിപ്രായപ്പെടുന്നു: “വിലകൂടിയ എയർ കണ്ടീഷണർ ഘടിപ്പിക്കാതെ തന്നെ കെട്ടിടങ്ങളെ ശബ്ദരോധിതവും കാറ്റോട്ടമുള്ളതും ആക്കാം എന്നതാണ് ഈ സംവിധാനത്തിന്റെ ഒരു വലിയ പ്രയോജനം.”
കുട്ടികളുടെമേൽ ടിവി-ക്കുള്ള സ്വാധീനം
“കാർട്ടൂണുകളും വീഡിയോ ഗെയിമുകളും 6 മുതൽ 12 വരെ വയസ്സുള്ള കുട്ടികളുടെ പെരുമാറ്റത്തെ സ്കൂളിനെക്കാൾ അധികമായി സ്വാധീനിക്കുന്നു. എന്തെന്നാൽ അവർ ഓരോ ആഴ്ചയിലും 38 മണിക്കൂർ വരെ ടിവി കണ്ടുകൊണ്ടു ചെലവഴിക്കുമ്പോൾ ക്ലാസ് മുറിയിൽ വെറും 23 മണിക്കൂറെ ചെലവഴിക്കുന്നുള്ളൂ” എന്ന് മെസ്കിക്കോയിലെ പത്രമായ എൽ യൂണിവെഴ്സാൽ റിപ്പോർട്ടു ചെയ്യുന്നു. പ്രത്യേക സാഹചര്യങ്ങളിൽ എന്തു മനോഭാവങ്ങളാണ് പുലർത്തേണ്ടതെന്ന് ടിവി കുട്ടികളെ പഠിപ്പിക്കുന്നു—എന്നാൽ ആ മനോഭാവങ്ങൾ നല്ലതോ മോശമോ എന്നു കുട്ടിക്ക് അറിയില്ല എന്ന് ഗവേഷകനായ ഓമാർ റ്റൊറെബ്ലാങ്കാ അഭിപ്രായപ്പെട്ടു. അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: “കുട്ടി കാണുന്ന കാർട്ടൂണുകളിലെയോ സിനിമയിലെയോ ഒരു കഥാപാത്രത്തിന്റെ പ്രവർത്തനം തൃപ്തികരമായ ഫലമുള്ളതാണെങ്കിൽ കുട്ടി അയാളുടെ പ്രവർത്തനം അനുകരിക്കുന്നതിന് സർവസാധ്യതയുമുണ്ട്.” “കുട്ടികൾ അവരുടെ നിത്യജീവിതത്തിൽ ബാധകമാക്കുന്നത് ഓരോ ദിവസവും ടിവി-യിൽനിന്നു പഠിക്കുന്ന കാര്യങ്ങളാണ്, അല്ലാതെ സ്കൂളിൽനിന്നു പഠിക്കുന്ന കാര്യങ്ങളല്ല” എന്ന് റ്റൊറെബ്ലാങ്കായുടെ ഗവേഷണം സൂചിപ്പിച്ചു. “എന്തെന്നാൽ കുട്ടികൾ സ്കൂളിനെ വെറുമൊരു ബാധ്യതയായി മാത്രമാണ് കാണുന്നത്.”
നടപ്പ് ആയുർദൈർഘ്യം വർധിപ്പിച്ചേക്കാം
ദിവസവും നടക്കുന്നത് ഒരുവന്റെ ആയുസ്സ് ഗണ്യമായ തോതിൽ വർധിപ്പിക്കുന്നു എന്ന് ഏഷ്യാവീക്ക് പറയുന്നു. 61-നും 81-നും ഇടയ്ക്കു പ്രായമുള്ള, നടക്കാൻ പറ്റുന്ന, പുകവലിക്കാത്ത 707 പുരുഷൻമാരെക്കുറിച്ച് 12 വർഷം പഠനം നടത്തുകയുണ്ടായി. “ദിവസവും കേവലം 3.2 കിലോമീറ്റർ (രണ്ടു മൈൽ) നടന്നവരുടെ കാര്യത്തിൽ—സാവധാനമാണ് നടന്നതെങ്കിൽ പോലും—എല്ലാ കാരണങ്ങളാലുമുള്ള മരണ സാധ്യത പകുതിയായി കുറഞ്ഞ”തായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. നടക്കാഞ്ഞവർക്ക് ഏതുതരത്തിലുള്ള കാൻസറിനാലും മരണം സംഭവിക്കുന്നതിന് ദിവസേന 3.2 കിലോമീറ്ററെങ്കിലും നടന്നവരെ അപേക്ഷിച്ച് 2.5 ഇരട്ടി സാധ്യതയുണ്ടായിരുന്നു. ദിവസേന 0.8 കിലോമീറ്റർ നടക്കുന്നതു പോലും മരണനിരക്ക് കുറച്ചതായി ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കപ്പെട്ട പഠന റിപ്പോർട്ട് സൂചിപ്പിച്ചു. ആയാസം കുറഞ്ഞ ഇത്തരം വ്യായാമത്തിന്റെ മൂല്യത്തെ മുമ്പു ചില വ്യായാമ വിദഗ്ധർ ചോദ്യം ചെയ്തിരുന്നു. ഇപ്പോൾ, ഈ പഠനം നടത്തിയവർ ഇങ്ങനെ നിഗമനം ചെയ്യുന്നു: “പ്രായം ചെന്നവരെ നടക്കാൻ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ ആരോഗ്യത്തിനു നല്ലതാണ്.”
സംഗീതം കുട്ടികൾക്കു സഹായകരം
മൂന്നോ നാലോ വയസ്സുള്ള കുട്ടികളെ സംഗീതോപകരണങ്ങൾ വായിക്കാൻ പഠിപ്പിക്കുന്നത് ന്യായവാദം ചെയ്യാനും ചിന്തിക്കാനും അവരെ സഹായിക്കുന്നുവെന്ന് ഇർവൈനിലുള്ള കാലിഫോർണിയ യൂണിവേഴ്സിറ്റയിലെ ഫിസിക്സ് പ്രൊഫസറായ ഗോർഡൻ ഷാ പറയുന്നു. ഈ ചെറു പ്രായത്തിൽ മസ്തിഷ്ക ബന്ധങ്ങൾ എളുപ്പത്തിൽ രൂപം കൊള്ളുന്നു. ദിവസേന കേവലം പത്തു മിനിറ്റ് പതിവായി സംഗീതം അഭ്യസിക്കുന്നതുപോലും “കുട്ടി ന്യായവാദം ചെയ്യുകയും ചിന്തിക്കുകയും ചെയ്യുന്ന രീതിയിൽ ദീർഘകാല പുരോഗതിക്ക്” ഇടയാക്കുന്നുവെന്ന് ഗവേഷകർ പ്രകടമാക്കിയിരിക്കുന്നു. പിയാനോ പരിശീലനം ലഭിച്ച കുട്ടികളെ കമ്പ്യൂട്ടർ പരിശീലനം ലഭിച്ച കുട്ടികളുടെ കൂട്ടങ്ങളും യാതൊരു തരം പരിശീലനവും ലഭിക്കാഞ്ഞ കുട്ടികളുടെ കൂട്ടങ്ങളും ആയി താരതമ്യം ചെയ്തുകൊണ്ട് ഒമ്പതു മാസക്കാലം ഒരു പരീക്ഷണം നടത്തി. പിയാനോ വായിക്കാൻ പഠിച്ചവർ ബുദ്ധിശക്തി പരിശോധനയിൽ 35 ശതമാനം അഭിവൃദ്ധി പ്രകടമാക്കിയപ്പോൾ മറ്റു രണ്ട് ഗ്രൂപ്പുകൾ വളരെക്കുറച്ചു പുരോഗതിയെ വരുത്തിയുള്ളൂ, അല്ലെങ്കിൽ ഒട്ടും പുരോഗതി വരുത്തിയില്ല എന്ന് ലണ്ടനിലെ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
കടലോര പരിസ്ഥിതിശാസ്ത്രം
അമിത ശുചീകരണം ഒരു കടലോരത്തെ നശിപ്പിക്കുമോ? ഉവ്വ് എന്നാണ് വെയ്ൽസിലെ സ്വാൻസി ഉൾക്കടലിനെക്കുറിച്ചുള്ള ഒരു പഠനം കാണിക്കുന്നത്. ഒരു കടൽത്തീരം ആരോഗ്യമുള്ളത് ആയിരിക്കണമെങ്കിൽ കരയും കടലും സന്ധിക്കുന്നിടത്ത് ദിവസവും വേലിയേറ്റ സമയത്ത് രണ്ടു തവണവീതം അവശിഷ്ടങ്ങൾ വന്നടിയണം. ഈ അവശിഷ്ടങ്ങളിൽ മരങ്ങൾ, ഒഴുകി നടക്കുന്ന തടികൾ, ആൽഗകൾ, പുല്ല്, ജന്തുക്കളുടെ മൃതശരീരങ്ങൾ, കടൽപ്പോച്ച ഇവയെല്ലാം ഉൾപ്പെടാം. ഈ മിശ്രിതം സസ്യപദാർഥങ്ങളെ വിഘടിപ്പിക്കുന്ന കൊച്ച് അകശേരുകികളുടെ ആവാസമാണ്. ഇങ്ങനെ വിഘടിപ്പിക്കപ്പെടുന്ന പദാർഥങ്ങൾ കാറ്റിനാലും തിരമാലകളാലും നാലു പാടും ചിതറിക്കപ്പെടുകയും മണൽത്തരികളെ തമ്മിൽ ചേർത്തു നിർത്തുകയും ചെയ്യുന്നു. കരയും കടലും സന്ധിക്കുന്നിടം ഇതിനു പുറമേ പക്ഷികൾക്കും വോൾ എലി, ചുണ്ടെലി, മുയൽ, കുറുക്കന്മാർ എന്നിങ്ങനെയുള്ള ജന്തുക്കൾക്കും ആഹാരം പ്രദാനം ചെയ്യുന്നു. കരയും കടലും സന്ധിക്കുന്നിടത്ത് വന്ന് വെള്ളത്തിലൂടെ നടന്ന് തീറ്റി കൊത്തിപ്പെറുക്കുന്ന പക്ഷികളുടെ എണ്ണം കുറഞ്ഞപ്പോഴാണ് കടൽത്തീരം പതിവായി ശുചിയാക്കുന്നത് അതിന്റെ ദുർബലമായ പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിക്കുന്നുവെന്ന വസ്തുത പരിസ്ഥിതി സംരക്ഷണ വാദികൾക്കു മനസ്സിലായത്. കടലോര പ്രേമികളിൽ പലരും കടലോരം അങ്ങേയറ്റം വൃത്തിയുള്ളതായിരിക്കാൻ ആഗ്രഹിക്കുന്നു. ഒരു സന്ദർശകനാണെങ്കിൽ മണലിൽനിന്ന് ഉരുണ്ട കല്ലുകൾ പോലും എടുത്തു കളയാൻ പ്രതീക്ഷിച്ചതായി ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
ആഗോള ഭക്ഷ്യ അളവ്
ദിവസേന ലോകമെമ്പാടുമായി ആളുകൾ എത്രമാത്രം ആഹാരം കഴിക്കുന്നുണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദിവസേനയുള്ള ഭക്ഷ്യ ഉപഭോഗം സംബന്ധിച്ച ഞെട്ടിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകൾ ഗ്രീക്ക് പത്രമായ റ്റൊ വിമ റിപ്പോർട്ടു ചെയ്യുകയുണ്ടായി. ലോകവ്യാപകമായി ഉത്പാദിപ്പിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന മുട്ടകളുടെ എണ്ണം 200 കോടി ആണ്—അത്രയും മുട്ടകൾകൊണ്ട് സൈപ്രസ് ദ്വീപിന്റെ വലുപ്പമുള്ള ഒരു ഓംലെറ്റ് ഉണ്ടാക്കാൻ കഴിയും! ഗോളമെമ്പാടുമായി ആളുകൾ 16 ലക്ഷം ടൺ ചോളവും 5,00,000 ടൺ ഉപ്പും ഉപയോഗിക്കുന്നു. ഉരുളക്കിഴങ്ങും ഒരു പ്രിയ വസ്തുവാണ്, 7,27,000 ടണ്ണാണ് ദിവസവും ചെലവാകുന്നത്! ഭൗമ ജനസംഖ്യയുടെ നല്ലൊരു ഭാഗത്തിന്റെ അടിസ്ഥാന ഭക്ഷണം ചോറാണ്. ദിവസവും 15 ലക്ഷം ടൺ നെല്ല് ആണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ 3,65,000 ടണ്ണും കഴിക്കുന്നത് ചൈനക്കാരാണ്. 7,000 ടൺ തേയില ദിവസവും ഏതാണ്ട് 300 കോടി കപ്പുകളിൽ നിറയുന്നു. ലോകത്തിലെ സമ്പന്നരായ ആളുകൾ ആസ്വദിക്കുന്ന ഉപ്പിട്ടുണക്കിയ മീൻമുട്ടയുടെ അളവ് 2.7 ടണ്ണാണ്. പാശ്ചാത്യ നാടുകളിലെ പ്രായപൂർത്തിയെത്തിയ ഒരു സാധാരണക്കാരൻ ദിവസവും 4,000 കലോറി അകത്താക്കുമ്പോൾ—ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത് 2,500 കലോറിയാണ്—ഒരു ശരാശരി ആഫ്രിക്കക്കാരൻ 1,800 കലോറിയേ കഴിക്കുന്നുള്ളൂ.
മനിഞ്ഞിലുകൾ പ്രവർത്തനത്തിൽ
ജപ്പാനിൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് മനിഞ്ഞിലുകളെ ഉപയോഗിക്കുന്നതായി ദ ഡെയ്ലി യോമിയൂറി റിപ്പോർട്ടു ചെയ്യുന്നു. വെള്ളത്തിന്റെ ഗുണനിലവാരത്തിലുള്ള നേരിയ വ്യത്യാസങ്ങളോടു പോലും മനിഞ്ഞിലുകൾ പ്രതികരിക്കുന്നതായി ഹിരോഷിമ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കെഞ്ചി നാമ്പ അഞ്ചു വർഷം മുമ്പ് കണ്ടെത്തി. കാഡ്മിയമോ സയനൈഡോ പോലെയുള്ള ഹാനികരമായ പദാർഥങ്ങൾ മനിഞ്ഞിലിന്റെ ഹൃദയമിടിപ്പ് കുറഞ്ഞുപോകുന്നതിന് ഇടയാക്കുന്നു. എന്നാൽ കാൻസറിനിടയാക്കുന്ന ട്രൈക്ലോറോഎഥിലീൻ അതിന്റെ ഹൃദയമിടിപ്പ് പെട്ടെന്നു വർധിപ്പിക്കുന്നു. ഈ അതുല്യ സംവേദനക്ഷമത ഉപയോഗപ്പെടുത്തുന്ന ഒരു യന്ത്രം ഇപ്പോൾ വിപണിയിലിറങ്ങിയിട്ടുണ്ട്. മനിഞ്ഞിൽ യന്ത്രത്തിലെ അക്രിലിക് കുഴലിൽ കിടക്കുന്നു. വെള്ളം കുഴലിലൂടെ ഒഴുകുമ്പോൾ കുഴലുമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോഡുകൾ മനിഞ്ഞിലിന്റെ ഹൃദയമിടിപ്പിന്റെ നിരക്ക് പരിശോധിക്കുന്നു. ഹൃദയമിടിപ്പിലുണ്ടാകുന്ന ഏതൊരു വ്യതിയാനവും പേജറിന്റെ സഹായത്താൽ ടെക്നീഷ്യൻ അറിയുന്നു. പ്രത്യേകിച്ചും ശുദ്ധമായ വെള്ളത്തിൽ വളരുന്ന മനിഞ്ഞിലുകളെ ആണ് ഈ ജോലിക്കായി തിരഞ്ഞെടുക്കുന്നത്. കൃത്യത നിലനിർത്തുന്നതിനായി മാസംതോറും മനിഞ്ഞിലുകളെ മാറ്റുകയും ചെയ്യുന്നു.
സുരക്ഷാ ബെൽറ്റുകളും യാത്രാ മരണങ്ങളും
കോസ്റ്ററിക്കയിലെ സുപ്രീം കോടതിയുടെ ഭരണഘടനാ ചേംബർ ഒരു നിർബന്ധിത സീറ്റ് ബെൽറ്റ് നിയമം അടുത്തയിടെ അസാധുവാക്കിയതായി കോസ്റ്ററിക്കയിലുള്ള സാൻ ഹോസേയിലെ ദ ടിക്കോ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ആ നിയമം വ്യക്തി സ്വാതന്ത്ര്യത്തെ അതിലംഘിക്കുന്നു എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. അതിനുശേഷം, ആ രാജ്യത്ത് സീറ്റ് ബെൽറ്റ് ധരിക്കുന്ന ഡ്രൈവർമാരുടെ ശതമാനം 87-ൽനിന്ന് വെറും 44 ആയി കുറഞ്ഞു, അപകടങ്ങളും അപകടമരണങ്ങളും വർധിക്കുകയും ചെയ്തു. പരിക്കുകൾ കുറയ്ക്കുന്നതിനായി കോസ്റ്ററിക്കയിലെ ഹൈവേ സുരക്ഷിതത്വ സമിതി ഒരു അടിയന്തിര ശ്രമം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തപ്പോൾ ആ ശ്രമം പാഴാകുന്നുവെന്ന് റിപ്പോർട്ട് പ്രസ്താവിക്കുന്നു. “ഉത്തരവാദിത്വബോധമുള്ള ഡ്രൈവർമാർ ആയിരിക്കുക വഴി ആളുകൾക്ക് പരിക്കുകളിൽനിന്നും അപകട മരണങ്ങളിൽനിന്നും സ്വയം രക്ഷിക്കാൻ കഴിയുമെന്ന് മനസ്സിലാക്കിക്കൊടുക്കാനാണ് ഞങ്ങൾ യഥാർഥത്തിൽ ശ്രമിക്കുന്നത്” എന്ന് സമിതിയുടെ പ്രതിനിധിയായ മാൻഫ്രെറ്റ് സെർവാന്റെസ് പറയുന്നു.
പുകയില ഹേതുവായുള്ള മരണങ്ങൾ
ലോകവ്യാപകമായി 110 കോടിയോളം ആളുകൾ പുകവലിക്കുന്നതായി പുകയില നിയന്ത്രണ ഏഷ്യൻ ആലോചന സമിതിയിലെ പ്രൊഫസർ ജൂഡിത്ത് മക്കെയ് പറയുന്നു. 1990-ൽ പുകയിലയുടെ ഉപയോഗം നിമിത്തം മുപ്പതു ലക്ഷം പേർ മരണമടഞ്ഞതായി പുകയിലയും ആരോഗ്യവും സംബന്ധിച്ച പത്താം ലോക സമ്മേളനത്തിൽ കണക്കാക്കപ്പെട്ടതായി ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. 2025-നും 2030-നും ഇടയ്ക്ക് ഈ മരണനിരക്ക് ഒരു കോടിയായി വർധിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. അടുത്ത മൂന്നു ദശകങ്ങളിൽ പുകവലിയുമായി ബന്ധപ്പെട്ട മരണങ്ങളുടെ വർധനവ് വികസിത രാജ്യങ്ങളിലായിരിക്കില്ല, മറിച്ച് വികസ്വര രാജ്യങ്ങളിലായിരിക്കുമെന്ന് ആ ജേർണൽ പ്രസ്താവിക്കുന്നു. “ചൈനയിൽ ഇപ്പോൾത്തന്നെ പുകയിലയുമായി ബന്ധപ്പെട്ട് മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ ആളുകൾ മരിക്കുന്ന”തായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വൈദ്യശാസ്ത്ര സ്ഥിതിവിവര കണക്കുകളുടെ ഒരു പ്രൊഫസറായ റിച്ചാർഡ് പിറ്റോ പറയുന്നു.