പക്ഷിനിരീക്ഷണം—ഏവർക്കും ഏർപ്പെടാവുന്ന രസകരമായ ഒരു ഹോബിയോ?
“പക്ഷിനിരീക്ഷകന്റെ ജീവിതം വിസ്മയങ്ങളുടെ നിലയ്ക്കാത്ത ഒരു പരമ്പരയാണ്.” ഡബ്ലിയു. എച്ച്. ഹഡ്സൺ—ഒരു പ്രകൃതിശാസ്ത്രജ്ഞന്റെ ഗ്രന്ഥം (ഇംഗ്ലീഷ്).
ദക്ഷിണാഫ്രിക്കയുടെയും മൊസാമ്പിക്കിന്റെയും അതിർത്തിക്കു സമീപമുള്ള കോസി ഉൾക്കടൽ തീരം. കിത്തും ഇവ്ലിനും ജനിയും അവരുടെ വഴികാട്ടിയും കൂടെ ഒരു പക്ഷിയെ തേടി 22 കിലോമീറ്റർ നടന്നു. അതൊരു സാധാരണ പക്ഷി ആയിരുന്നില്ല! അവർ പനങ്കായ് കഴുകനെ തേടുകയായിരുന്നു. കണ്ണുകൾക്കു ചുറ്റും ചെമന്ന തൊലിയുള്ള, കറുപ്പും വെളുപ്പും കലർന്ന ഒരു വലിയ പക്ഷിയാണ് അത്. ചത്ത മത്സ്യങ്ങളും എണ്ണപ്പനകളുടെ കായ്കളുമാണ് അവയുടെ ആഹാരം.
കിത്ത് ഇങ്ങനെ വിശദീകരിക്കുന്നു: “ദീർഘനേരത്തെ നടപ്പിനു ശേഷം ഞങ്ങൾ നിരാശരായി മടങ്ങി. കാരണം ഞങ്ങൾക്ക് ഒരെണ്ണത്തെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. അതും വളരെ ദൂരെക്കൂടി പറന്നുപോകുന്ന ഒന്നിനെ. കൂടാരത്തിൽ മടങ്ങി എത്തിയപ്പോൾ ഞങ്ങൾ കണ്ടതോ? മൂന്ന് പനങ്കായ് കഴുകൻമാർ ഞങ്ങളുടെ തലയ്ക്കു മുകളിലായി ഒരു പനയിലിരിക്കുന്നു! ഞങ്ങൾ അര മണിക്കൂറോളം അവയുടെ സഹവാസം ആസ്വദിച്ചു. പിന്നീട് ചിറകുകൾ പൂർണമായി വിരിച്ചുപിടിച്ച് അത്ഭുതകരമായ ഒരു പ്രകടനം കാഴ്ചവെച്ചുകൊണ്ട് അവ പറന്നകന്നു. അന്നുതന്നെ ഞങ്ങൾ ഒരു പെൽസ് മീൻകൂമനെയും ആദ്യമായി കണ്ടു. അതേ, മീൻപിടിക്കുന്ന മൂങ്ങയാണത്!
ഏവർക്കും പുളകപ്രദം
കാണാൻ ഭംഗിയുള്ളവയും, ശ്രുതിമധുരമായ പാട്ടുകൾ പാടുന്നവയുമായ പക്ഷികൾ ലോകമെമ്പാടുമുണ്ട്. 9,600-ലധികം പക്ഷിവർഗങ്ങൾ ജാഗ്രതയുള്ള ഏതു പക്ഷിനിരീക്ഷകനും നിരീക്ഷണത്തിന് അവസരമൊരുക്കുന്നു. ചാട്ടുളിപോലെ പായുന്ന ഒരു മൂളിപ്പക്ഷിയുടെയോ പൊന്മാന്റെയോ മിന്നിമറയുന്ന വർണശോഭ ആരെയാണ് പുളകമണിയിക്കാത്തത്? പരിഹാസപ്പക്ഷിയുടെയോ രാപ്പാടിയുടെയോ പ്രൗഢിയാർന്ന ഓസ്ട്രേലിയൻ ലൈർപക്ഷിയുടെയോ ഗാനങ്ങളോ കുയിലിന്റെ സവിശേഷതയുള്ള നാദമോ ഓസ്ട്രേലിയൻ മാഗ്പൈയുടെ ശ്രുതിമധുരമായ കളകളശബ്ദമോ കേട്ട് മതിമറന്നു നിൽക്കാത്ത ആരാണുള്ളത്?
പക്ഷിനിരീക്ഷണം എന്നാൽ കാട്ടുപക്ഷികളെ നിരീക്ഷിക്കലാണ്. നിങ്ങളുടെ ഇഷ്ടംപോലെ അത് എത്ര വേണമെങ്കിലും വിപുലമാക്കാം. അപൂർവ പക്ഷികളെ തേടി ചതുപ്പിലൂടെ ചെളി ചവുട്ടി പോകാനോ പർവതം കയറാനോ നിങ്ങൾക്ക് ആഗ്രഹമില്ലായിരിക്കാം. എന്നിരുന്നാലും, പലയാളുകളും തങ്ങളുടെ വീടിന്റെ പിൻമുറ്റത്തോ പൂന്തോട്ടത്തിലോ പക്ഷിനിരീക്ഷണം നടത്തുന്നത് സംതൃപ്തിദായകവും നവോൻമേഷപ്രദവുമായി കണ്ടെത്തുന്നു. പലരും സ്ഥലവാസികളായ പക്ഷികളെ ആകർഷിക്കാൻ വെള്ളവും ഒരു പാത്രത്തിൽ തീറ്റിയും വെക്കുന്നു. ഓരോ വർഷവും പക്ഷിനിരീക്ഷണ പ്രേമികളുടെ എണ്ണം കൂടിവരികയാണ്. അത് ശ്രമത്തിനുതക്ക മൂല്യമുള്ളതാണെന്ന് കൂടുതൽ കൂടുതൽ ആളുകൾ വിശ്വസിക്കുന്നു.
അതിന് ഇത്ര പ്രചാരം എന്തുകൊണ്ട്?
സ്റ്റിവ് എച്ച്. മർഡോക്ക് എഴുതിയ വെല്ലുവിളിക്കപ്പെട്ട ഒരു അമേരിക്ക (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച്, 1990-നും 2050-നും ഇടയ്ക്ക് പക്ഷിനിരീക്ഷകരുടെ എണ്ണം യു.എസ്. ജനസംഖ്യയെക്കാൾ വേഗത്തിൽ വർധിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. “കൂടുതൽ കൂടുതൽ ഇന്ത്യക്കാർ തൂവൽധാരികളായ ഇരുകാലികളെ നിരീക്ഷിക്കുന്നതിൽ വ്യാപൃതരാകുന്ന”തായി ന്യൂ സയന്റിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുകയുണ്ടായി. “ദക്ഷിണാഫ്രിക്കയിൽ . . . ബൈബിൾ കഴിഞ്ഞാൽപ്പിന്നെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ളത് [പക്ഷികളെക്കുറിച്ചുള്ള] പുസ്തകങ്ങൾക്കാണ്” എന്ന് ദക്ഷിണാഫ്രിക്കയിലെ പക്ഷികളെക്കുറിച്ചുള്ള പുസ്തക പ്രസാധക കമ്മിറ്റിയുടെ അധ്യക്ഷനായ ഗൊർഡൻ ഹൊൾട്ട്സ്ഹൗസൻ വിശ്വസിക്കുന്നു.
ഒരു പക്ഷിനിരീക്ഷകന്റെ അതേ ഉത്സാഹം ഉണ്ടായിക്കഴിഞ്ഞാൽ പക്ഷിനിരീക്ഷണം നിങ്ങൾക്കും ഒരു ഹരമായിരിക്കും! പക്ഷിനിരീക്ഷണം സാംക്രമികമാണ്. അത് തുറസ്സായ സ്ഥലങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുകയും നിങ്ങളുടെ മനസ്സിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന ചെലവുകുറഞ്ഞ ഒരു നേരമ്പോക്കാണ്. കൊല്ലാതെ നായാട്ടു നടത്തുന്നതിന്റെ ഒരു പ്രതീതിയാണ് അതിന്. കുട്ടികൾക്കും മുതിർന്നവർക്കും അതു വേഗത്തിൽ പഠിക്കാൻ കഴിയുന്നതുകൊണ്ട് കുടുംബമൊന്നിച്ചോ സുഹൃത്തുക്കളൊന്നിച്ചോ അത് ആസ്വദിക്കാൻ കഴിയും. ഒറ്റയ്ക്കും അതിൽ ഏർപ്പെടാൻ കഴിയും. ശുദ്ധവും ആരോഗ്യപ്രദവുമായ ഒരു നേരമ്പോക്കാണു പക്ഷിനിരീക്ഷണം. കൂടാതെ, വർഷം മുഴുവനും മിക്കവാറും എല്ലാ സ്ഥലങ്ങളിൽവെച്ചും അതിൽ ഏർപ്പെടാൻ കഴിയും.
പക്ഷിനിരീക്ഷണത്തിനുള്ള അടിസ്ഥാന സംഗതികൾ
ചിലപ്പോൾ നിങ്ങൾ ഒരു പക്ഷിയെ കണ്ടിട്ട് അതിന്റെ പേരെന്താണെന്ന് അതിശയിച്ചിട്ടുണ്ടോ? വിസ്മയം ഉണർത്തുന്ന പരുന്തുകളുടെയും മയിലുകളുടെയും അരയന്നങ്ങളുടെയും പേരുകൾ മാത്രമല്ല, എളുപ്പത്തിൽ അവഗണിക്കപ്പെടുന്ന രാച്ചുക്കുകളുടെയും കരിയിലക്കിളികളുടെയും പേരുകളും മനസ്സിലാക്കുന്നത് സംതൃപ്തി കൈവരുത്തും. ഇവയെ കൂടാതെ കണ്ടാൽ ഒരുപോലിരിക്കുന്ന പലതരം കാടക്കൊക്കുകളും തൂങ്ങിക്കിടക്കുന്ന തൂവലുകളുള്ള വുഡ് വാർബ്ലറുകളും അവയുടെ ഗണത്തിൽപ്പെടുന്ന മറ്റു പക്ഷികളുമുണ്ട്.a
അവയെ തിരിച്ചറിയുന്നതിന്, നിങ്ങളുടെ രാജ്യത്തെ അല്ലെങ്കിൽ പ്രദേശത്തെ പക്ഷികളെക്കുറിച്ചുള്ള ഒരു മേഖലാ വഴികാട്ടിപ്പുസ്തകം ആവശ്യമാണ്. ഓരോ സ്പീഷീസിലെയും ആൺ-പെൺ പക്ഷികളുടെ ചിത്രങ്ങളും വർണനകളും അടങ്ങുന്ന ഒരു പോക്കറ്റ് സൈസ് പുസ്തകമാണ് അത്. പക്ഷികൾക്ക് വളർച്ചയെത്തുന്നതിനു മുമ്പുള്ള തൂവൽജാലത്തെക്കുറിച്ചും കാലികമായി മുളച്ചുവരുന്ന പുതിയ തൂവൽജാലത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന കൂടുതൽ നല്ല വഴികാട്ടിപ്പുസ്തകങ്ങളുമുണ്ട്.
തുടക്കക്കാരനായ ഒരാൾക്ക് വേറെ എന്തൊക്കെയാണ് ആവശ്യമുള്ളത്? മീൻപിടുത്തക്കാരന് ചൂണ്ടയോ വലയോ എത്രമാത്രം പ്രധാനമാണോ അതുപോലെതന്നെയാണ് പക്ഷിനിരീക്ഷകനെ സംബന്ധിച്ചിടത്തോളം നല്ല ഒരു ബൈനോക്യുലർ. നിങ്ങളുടെ പരിസരത്തുള്ള പക്ഷികളെ ബൈനോക്യുലറുകളിലൂടെ കാണുമ്പോഴുള്ള വിശദാംശങ്ങളിൽ നിങ്ങൾ അമ്പരന്നുപോകും. ഉദാഹരണത്തിന്, ആഫ്രിക്കയിൽ ഒരു കൂറ്റൻ നീർക്കുതിര വേഗം കണ്ണിൽ പെടും. എന്നാൽ നീർക്കുതിരയുടെ മുതുകത്ത് പറ്റിപ്പിടിച്ചിരുന്ന് പരാദങ്ങളെ കൊത്തിവിഴുങ്ങുന്ന ചെറിയ ചെങ്കൊക്കൻ വട്ടൻകൊത്തിയെ ബൈനോക്യുലറുകളിലൂടെ നോക്കിയാലല്ലാതെ കാണാൻ കഴിഞ്ഞെന്നു വരില്ല.
എല്ലാ ബൈനോക്യുലറുകളും പക്ഷിനിരീക്ഷണത്തിന് ഉള്ളവയല്ല. വ്യത്യസ്ത മോഡലുകളുടെ പ്രവർത്തനം എങ്ങനെയെന്ന് യഥാർഥത്തിൽ താരതമ്യം ചെയ്തു നോക്കുന്നതാണ് ഏറ്റവും നല്ലത്. പക്ഷിനിരീക്ഷകർ സാധാരണ ഉപയോഗിക്കാറുള്ള രണ്ടു മോഡലുകളാണ് 7×42-ഉം 8×40-ഉം. ആദ്യത്തെ സംഖ്യ ആവർധന ശക്തിയെ സൂചിപ്പിക്കുന്നു. രണ്ടാമത്തേത് വലിയ ലെൻസിന്റെ വ്യാസം മില്ലിമീറ്ററിൽ കാണിക്കുന്നു. “ആവർധന ശക്തിയും ലെൻസിന്റെ വലുപ്പവും തമ്മിൽ 1:5 എന്ന അനുപാതത്തിലായിരിക്കുന്നതാണ് പ്രകാശ സംഗ്രഹണ ശേഷിക്ക് ഏറ്റവും അനുയോജ്യമെന്നാണ് പൊതുവേയുള്ള അഭിപ്രായം” എന്ന് നാഷണൽ ജിയോഗ്രഫിക്കിന്റെ വടക്കേ അമേരിക്കയിലെ പക്ഷികളെക്കുറിച്ചുള്ള മേഖലാ വഴികാട്ടി (ഇംഗ്ലീഷ്) വിശദീകരിക്കുന്നു. വെളിച്ചം കുറവുള്ളപ്പോൾപ്പോലും നിറങ്ങൾ തിരിച്ചറിയാൻ ഇതു സഹായിക്കുന്നു. അതുകൊണ്ട് ആവർധന ശക്തി കൂടിയതുകൊണ്ട് മെച്ചമുണ്ടാകണമെന്നില്ല. വ്യക്തതയാണ് ആവശ്യം.
എവിടെ തുടങ്ങണം? നിങ്ങളുടെ പരിസരത്ത്
സ്വന്തം പരിസരത്തുള്ള പക്ഷികളെക്കുറിച്ച് അറിയാവുന്ന വ്യക്തി അത്ര സാധാരണമോ അത്ര ദൃശ്യമോ അല്ലാത്ത പക്ഷികളെ തേടി മറ്റു സ്ഥലങ്ങളിലേക്കു പോകാൻ ഏറെ സജ്ജനായിരിക്കും. നിങ്ങളുടെ വീട്ടു പരിസരത്ത് സ്ഥിരമായി പാർക്കുന്ന പക്ഷിവർഗങ്ങൾ ഏതെല്ലാമാണെന്നു നിങ്ങൾക്കറിയാമോ? നിങ്ങളുടെ പ്രദേശത്തുകൂടെ പറന്ന് അടുത്തുള്ള തടാകത്തിലേക്കോ ചതുപ്പിലേക്കോ മറ്റോ പോകുന്ന, ഒരിക്കലും നിലത്തിറങ്ങാത്തതായി തോന്നുന്ന പക്ഷികൾ ഏതെല്ലാമാണ്? കാലിക യാത്രകളിൽ നിങ്ങളുടെ പ്രദേശത്തുകൂടെ കടന്നുപോകുന്ന ദേശാടന പക്ഷികൾ ഏതെല്ലാമാണ്? പക്ഷിനിരീക്ഷകന്റെ സുഹൃത്ത് (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ക്രിസ്റ്റഫർ ലേഹി ഇങ്ങനെ എഴുതി: “വടക്കേ അമേരിക്കയിലെ പ്രജനനം നടത്തുന്ന 645-ഓളം പക്ഷിവർഗങ്ങളിൽ 80 ശതമാനത്തോളം [ദേശാടന] പക്ഷികളാണ്.”
യാത്രയ്ക്കിടയിൽ ഈ ദേശാടന പക്ഷികളിൽ ചിലത് ഇന്ധനം നിറയ്ക്കുന്നതിനോ വിശ്രമിക്കുന്നതിനോ ആയി നിങ്ങളുടെ വീടിന്റെ പരിസരത്ത് എവിടെയെങ്കിലും പറന്നിറങ്ങിയേക്കാം. ചില പ്രദേശങ്ങളിലെ പക്ഷിനിരീക്ഷണ കുതുകികൾ തങ്ങളുടെ വീട്ടു പരിസരത്തായി 210-ലധികം സ്പീഷീസുകളെ തിരിച്ചറിഞ്ഞിരിക്കുന്നു! ഒരു സ്പീഷീസിനെ ഓരോ വർഷത്തിലും ആദ്യമായും അവസാനമായും കാണുന്ന തീയതികൾ കുറിച്ചിടുന്നത് രസകരവും അറിവുപകരുന്നതുമായി നിങ്ങൾ കണ്ടെത്തും.
പക്ഷിനിരീക്ഷണത്തിനുള്ള വഴികൾ
ബൈനോക്യുലറുകളും മേഖലാ വഴികാട്ടിയും ഉണ്ടെങ്കിൽ നിങ്ങൾക്കു മറ്റു സ്ഥലങ്ങളിൽ പോയി പര്യവേക്ഷണം നടത്താൻ സാധിക്കും. പാർക്കുകളിലും പ്രകൃതി സങ്കേതങ്ങളിലും പക്ഷികളുടെ ചെക്ക്ലിസ്റ്റുകൾ മിക്കപ്പോഴും ലഭ്യമാണ്. ഏതെല്ലാം സീസണുകളിലാണ് പക്ഷിവർഗങ്ങളെ അവിടെ കാണുന്നതെന്നും നിങ്ങൾ അവയെ കണ്ടെത്താൻ എത്രമാത്രം സാധ്യതയുണ്ടെന്നും ഒക്കെ സാധാരണ ഗതിയിൽ ചെക്ക്ലിസ്റ്റുകളിൽ സൂചിപ്പിച്ചിരിക്കും. നിങ്ങൾ കാണുന്ന കാര്യങ്ങൾ ഒത്തുനോക്കി സ്ഥിരീകരിക്കുന്നതിന് ഉപയോഗപ്രദമായ ഒന്നാണ് ചെക്ക്ലിസ്റ്റ്. നിങ്ങൾ കണ്ടെന്നു വിചാരിക്കുന്ന പക്ഷിയെ അപൂർവ പക്ഷികളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നതെങ്കിൽ അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് നന്നായിരിക്കും, പ്രത്യേകിച്ചും നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ. (“അടിസ്ഥാന തിരിച്ചറിയൽ വഴികാട്ടി” എന്ന ചതുരം കാണുക.) നേരേമറിച്ച്, സർവസാധാരണമായി കാണപ്പെടുന്ന പക്ഷികളുടെ ഗണത്തിലാണ് അതിനെ പട്ടികപ്പെടുത്തിയിരിക്കുന്നതെങ്കിൽ നിങ്ങൾ അതിനെ ശരിയായിത്തന്നെ തിരിച്ചറിഞ്ഞിരിക്കാനാണു സാധ്യത.
നിങ്ങൾ സമ്പർക്കത്തിൽ വരാനിടയുള്ള പക്ഷിപഥങ്ങളും ആവാസങ്ങളും അടയാളപ്പെടുത്തിയിട്ടുള്ള ഒരു പ്രദേശചിത്രം കരസ്ഥമാക്കാൻ ശ്രമിക്കുക. രണ്ടോ അതിലധികമോ ആവാസങ്ങൾ ഉള്ളിടത്ത് സാധാരണ ഗതിയിൽ പക്ഷികൾ കൂടുതൽ ഉണ്ടായിരിക്കും. നിങ്ങൾ നടക്കുകയോ നിൽക്കുകയോ ആണെങ്കിലും, ചുറ്റുപാടുകളുമായി ഇഴുകിച്ചേരാൻ ശ്രമിക്കുക. പക്ഷികൾ നിങ്ങളുടെ അടുത്തേക്കു വരാനായി കാത്തിരിക്കുക. ക്ഷമയുള്ളവരായിരിക്കുക.
ചില പ്രദേശങ്ങളിൽ, പക്ഷിനിരീക്ഷണ പ്രേമികൾക്ക് ഒരു ടെലഫോൺ നമ്പരിൽ അമർത്തി ആ പ്രദേശത്ത് അടുത്തയിടെ കണ്ട പക്ഷികളെക്കുറിച്ചുള്ള രസകരമായ റിപ്പോർട്ടുകൾ ശ്രദ്ധിക്കുവാൻ കഴിയും.
മുൻകൂട്ടിയുള്ള തയ്യാറാകൽ പ്രയോജനം ചെയ്യുന്നു
പ്രത്യേക പക്ഷികളെ ലക്ഷ്യം വെക്കുന്നതു ഫലകരമാണ്. എന്നാൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന പക്ഷികളെക്കുറിച്ചു മുൻകൂട്ടി വായിക്കുന്നത് നിങ്ങൾക്കു പ്രയോജനം ചെയ്യും. നിങ്ങൾ കരീബിയൻ പ്രദേശത്താണെങ്കിൽ ക്യൂബനോ പോർട്ടോറിക്കനോ ജമെയ്ക്കനോ ഇനത്തിൽപെട്ട ടോഡി പക്ഷിയെ കണ്ടെത്താനായിരിക്കും ഒരുപക്ഷേ നിങ്ങൾ ലക്ഷ്യം വെച്ചിരിക്കുന്നത്. വർണപ്പകിട്ടാർന്ന പച്ചയും ചെമപ്പും തൂവലുകളുള്ള, കൊഴുത്തുരുണ്ട, ഏവർക്കും പ്രിയങ്കരിയായ ഒരു കൊച്ചു പക്ഷിയാണത്. അതിനെ “കാണാൻ ബുദ്ധിമുട്ടാണ്. എങ്കിലും പലപ്പോഴും അതിന്റെ ശബ്ദം കേൾക്കാം” എന്ന് പോർട്ടോറിക്കോയിലെയും വിർജിൻ ദ്വീപുകളിലെയും പക്ഷികളെക്കുറിച്ചുള്ള വഴികാട്ടി (ഇംഗ്ലീഷ്) എന്ന ഹെർബർട്ട് റാഫിയലിന്റെ പുസ്തകം നമ്മോടു പറയുന്നു. ക്യൂബയിലെ ടോഡികൾ അത്യാർത്തിക്കും കുഞ്ഞുങ്ങളെ തീറ്റുന്നതിലുള്ള വേഗതയ്ക്കും പേരു കേട്ടവയാണ്. ആ പക്ഷി കുഞ്ഞുങ്ങളെ തീറ്റുന്ന രീതിയെക്കുറിച്ചു വർണിച്ചശേഷം റാഫിയൽ ഈ ഉപദേശം നൽകുന്നു: “രണ്ടു കല്ലുകൾ തമ്മിൽ കൂട്ടിയടിക്കുന്നത് മിക്കപ്പോഴും അവയുടെ ശ്രദ്ധ ആകർഷിക്കും.”
ഒരു സ്പീഷീസിന്റെ ജീവചരിത്രത്തിലെ ഒരു പ്രത്യേക സംഭവം നിരീക്ഷിക്കാൻ പറ്റുന്ന സമയത്ത് അതിന്റെ സ്വാഭാവിക പരിസ്ഥിതിയിലേക്ക് പോകാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഉദാഹരണത്തിന്, വസന്താരംഭത്തിൽ നിങ്ങൾക്ക് കാട്ടുകോഴികളുടെ ഗംഭീരമായ വാന പ്രദർശനം കാണാൻ കഴിയും. അല്ലെങ്കിൽ ജിബ്രാൾട്ടറിലോ ബോസ്പൊറസിലോ അസംഖ്യമായി തടിച്ചുകൂടി ശരത്കാലത്ത് ആഫ്രിക്കയിലേക്കു പറക്കാൻ തയ്യാറെടുക്കുന്ന വെള്ളക്കൊക്കുകളെ നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കാം. അതുമല്ലെങ്കിൽ ഇസ്രായേലിനു മുകളിലൂടെയുള്ള പക്ഷികളുടെ ദേശാടനം കാണാം.
ഒരു പ്രത്യേക പക്ഷിയെ കണ്ടെത്താനായി ശ്രമം ചെയ്യുന്നത്, എപ്പോഴും അവിടെത്തന്നെ ഉണ്ടാകുമെന്ന് നിങ്ങൾക്കറിയാവുന്ന ഒരു ചരിത്ര സ്മാരകം കാണാൻ പോകുന്നതിൽനിന്നു വ്യത്യസ്തമാണ്. പക്ഷികൾ എല്ലായ്പോഴും ഒരിടത്തുതന്നെ ഉണ്ടാവില്ല. അവ ഊർജസ്വലരാണ്. വൈവിധ്യവും വിസ്മയവും നിറഞ്ഞവയാണ്. എന്നാൽ തിരച്ചിലും കാത്തിരിപ്പും ശ്രമത്തിനു തക്ക മൂല്യമുള്ള സംഗതികളാണ്!
ഇതെല്ലാമാണ് പക്ഷിനിരീക്ഷണം ആവേശജനകമാക്കിത്തീർക്കുന്നത്. നിങ്ങൾ ആസൂത്രണം ചെയ്തു ചെല്ലുന്ന സമയത്ത് പക്ഷികൾ അവിടെ ഉണ്ടായിരിക്കണമെന്നില്ല—അല്ലെങ്കിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന പക്ഷികൾ ആയിരിക്കില്ല അവിടെ ഉണ്ടായിരിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായ മറ്റെന്തെല്ലാം കണ്ടുപിടിത്തങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് ആർക്കും പറയാനാവില്ല. ഒരു കാര്യം ഉറപ്പാണ്, പക്ഷികൾ ഒരിക്കലും നിങ്ങളെ നിരാശരാക്കി വിട്ടയയ്ക്കില്ല. ക്ഷമയുള്ളവരായിരിക്കുക. നിങ്ങളുടെ പക്ഷിനിരീക്ഷണത്തിന് എല്ലാ മംഗളങ്ങളും നേരുന്നു! എന്നാൽ അവയുടെ രൂപകൽപ്പിതാവിനെ മറക്കാതിരിക്കുക!—ഉല്പത്തി 1:20; 2:19; ഇയ്യോബ് 39:13-18, 27-29.
[അടിക്കുറിപ്പുകൾ]
a പക്ഷികളെ മുഖ്യമായി എട്ടു ദൃശ്യ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: (1) നീന്തുന്നവ—താറാവും താറാവിനെപ്പോലെയുള്ള പക്ഷികളും, (2) ഗഗനാഭ്യാസികൾ—കടൽക്കാക്കകളും കടൽക്കാക്കകളെപ്പോലെയുള്ള പക്ഷികളും, (3) വെള്ളത്തിൽ നടക്കുന്ന തോട്ടിക്കാലൻ പക്ഷികൾ—ഞാറകളും കൊക്കുകളും, (4) വെള്ളത്തിൽ നടക്കുന്ന ചെറു പക്ഷികൾ—മണൽക്കോഴികളും കാടക്കൊക്കുകളും, (5) കോഴികളെപ്പോലെയുള്ള പക്ഷികൾ—ചതുപ്പുനിലക്കോഴിയും കാടയും, (6) ഇരപിടിയൻ പക്ഷികൾ—പ്രാപ്പിടിയൻമാർ, പരുന്തുകൾ, മൂങ്ങകൾ, (7) ചേക്കയിരിക്കുന്നതിന് പ്രത്യേകം കാലുകളുള്ള പക്ഷികൾ, (8) അത്തരം കാലുകളില്ലാത്ത കരപ്പക്ഷികൾ.—റോജർ റ്റോറി പീറ്റർസണിന്റെ റോക്കി പർവതനിരകൾക്ക് കിഴക്കുള്ള പക്ഷികളെക്കുറിച്ചുള്ള ഒരു മേഖലാ വഴികാട്ടി (ഇംഗ്ലീഷ്).
[26-ാം പേജിലെ ചതുരം]
അടിസ്ഥാന തിരിച്ചറിയൽ വഴികാട്ടി
ഒരു പക്ഷിയെ ആദ്യമായി കാണുന്ന അവസരത്തിൽ പിൻവരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുന്നത് സഹായകമായിരുന്നേക്കാം:
1. പക്ഷിക്ക് ഏതു തരം വർണമാതൃകയാണുള്ളത്—ഒരേ നിറമാണോ, അതോ വരകളോ കുത്തുകളോ പുള്ളികളോ ഉണ്ടോ?
2. അതിന്റെ ആവാസസ്ഥലം ഏതാണ്—വെള്ളമോ വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളോ ചതുപ്പോ പുൽത്തകിടിയോ അതോ വനമോ?
3. പക്ഷിക്ക് എന്തു വലിപ്പമുണ്ട്? കുരുവി, മണ്ണാത്തി, പ്രാവ്, പ്രാപ്പിടിയൻ തുടങ്ങി പരിചയമുള്ള ഏതെങ്കിലും പക്ഷിയുടേതുമായി അതിന്റെ വലുപ്പം താരതമ്യം ചെയ്യുക.
4. പക്ഷിയുടെ സ്വഭാവരീതി എങ്ങനെയാണ്—അത് ഷഡ്പദങ്ങളുടെ പിന്നാലെ ശരവേഗത്തിൽ പായുന്നുണ്ടോ, ഉയർന്നു പറക്കുന്നുണ്ടോ, വാൽ വേഗത്തിൽ പൊക്കുകയും താഴ്ത്തുകയും ചെയ്യുന്നുണ്ടോ, അത് വാൽ ഉയർത്തിയോ താഴ്ത്തിയോ പിടിക്കുന്നുണ്ടോ, നിലത്തുകൂടെ നടക്കുന്നുണ്ടോ?
5. അതിന്റെ കൊക്കിന് എന്ത് ആകൃതിയാണ് ഉള്ളത്—അത് കുറിയതും കൂർത്തതുമാണോ, കുറിയതും തടിച്ചതുമാണോ, നീളമുള്ളതാണോ, വളഞ്ഞതോ കൊളുത്തിന്റെ ആകൃതിയിലുള്ളതോ ആണോ?
ഈ കാര്യങ്ങൾ നിരീക്ഷിക്കുന്നതിലൂടെയും ഒരു അടിസ്ഥാന വഴികാട്ടി പുസ്തകം പരിശോധിക്കുന്നതിലൂടെയും കന്നിക്കാരനു പോലും സാധാരണ പക്ഷിവർഗങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങാൻ കഴിയും.—എക്സിബിറ്റ് ഗൈഡ്, മെറിൽ ക്രീക്ക് റിസർവോയർ, ന്യൂ ജേഴ്സി, യു.എസ്.എ.
[23-ാം പേജിലെ ചിത്രത്തിന് കടപ്പാട]
23-7 പേജുകളിലെ പക്ഷികളുടെ ചിത്രങ്ങൾ: The Complete Encyclopedia of Illustration/J. G. Heck
[24, 25 പേജുകളിലെ ചിത്രങ്ങൾ]
നീല ജെയ്പക്ഷി
വടക്കേ അമേരിക്ക
മാക്കതത്ത
മധ്യ/തെക്കേ അമേരിക്ക
വെള്ള കഴുകൻ
വടക്കേ അമേരിക്ക
ഹിമവാത്ത
വടക്കേ അമേരിക്ക
മൂളിപ്പക്ഷി
വടക്കേ/മധ്യ അമേരിക്ക
പെലിക്കൻ
അമേരിക്കകൾ
കർദിനാൾ പക്ഷി
വടക്കേ/മധ്യ അമേരിക്ക
റ്റോണി പരുന്ത്
ആഫ്രിക്ക, ഏഷ്യ
റ്റൂക്കൻ
തെക്കേ അമേരിക്ക
കടുംചുവപ്പു നിറമുള്ള ഐബിസ്
തെക്കേ അമേരിക്ക
ഫ്രാങ്ക്ളിൻസ് കടൽക്കാക്ക
അമേരിക്കകൾ
പെരുമുണ്ടി
ലോകത്തിലുടനീളം
ചാഫിഞ്ച്
യൂറോപ്പ്, വടക്കേ ആഫ്രിക്ക
മാൻഡരിൻ താറാവ്
ചൈന
ബകം
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ
രാജഹംസം
ഉഷ്ണമേഖലാ പ്രദേശങ്ങൾ
കറുത്ത ചൂഡയുള്ള സാരസം
ആഫ്രിക്ക
ഗൂൾഡിയൻ കുരുവി
ഓസ്ട്രേലിയ
കൂക്കബറ
ഓസ്ട്രേലിയ
മയിൽ
ലോകത്തുടനീളം
ഒട്ടകപ്പക്ഷി
ആഫ്രിക്ക
റോസെല്ല
ഓസ്ട്രേലിയ
[കടപ്പാട്]
U.S. Fish and Wildlife Service, Washington, D.C./Glen Smart
Courtesy of Green Chimney’s Farm
Courtesy of San Diego Wild Animal Park
ഭൂപടം: The Complete Encyclopedia of Illustration/ J. G. Heck
Courtesy of San Diego Wild Animal Park