ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഓമന മൃഗങ്ങളിൽനിന്നുള്ള സുരക്ഷിതത്വം “കുട്ടികൾ നിങ്ങളുടെ നായ്ക്കരികിൽ സുരക്ഷിതരാണോ?” (ജൂലൈ 8, 1997, ഇംഗ്ലീഷ്) എന്ന ലേഖനത്തിൽ നായയെ അടുക്കളയിൽ കിടത്തുന്നതിനെക്കുറിച്ച് നിങ്ങൾ പറഞ്ഞിരുന്നു. എന്നാൽ, ശുചിത്വ സംബന്ധമായ കാരണങ്ങളാൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് നിന്ന് ഓമന മൃഗങ്ങളെ അകറ്റി നിർത്തണമെന്ന് മുൻ ലേഖനങ്ങളിൽ നിങ്ങൾ പറഞ്ഞിരുന്നു.
ആർ. എച്ച്., സ്പെയിൻ
ഈ നിരീക്ഷണത്തെ ഞങ്ങൾ വിലമതിക്കുന്നു. കുട്ടികളുടെ സുരക്ഷിതത്വത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഞങ്ങളുടെ ലേഖനം. ശുചിത്വ സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട് വായനക്കാർ “നിങ്ങളുടെ തീറ്റി സുരക്ഷിതമാക്കുക” (ജൂലൈ 8, 1990) എന്ന ലേഖനത്തിനു ശ്രദ്ധ നൽകണമെന്നു ഞങ്ങൾ അഭ്യർഥിക്കുന്നു. അതിൽ ഇപ്രകാരം പറഞ്ഞിരുന്നു: “ഭക്ഷണമൊരുക്കുന്ന സ്ഥലത്തുനിന്നു വളർത്തു മൃഗങ്ങളെയും മറ്റും അകറ്റി നിർത്തുക.” പുറത്തുള്ള ഒരു കൂടോ അടുക്കളയ്ക്കു വെളിയിലുള്ള ഏതെങ്കിലും മുറിയോ ആയിരിക്കാം നായെ കിടത്താൻ കൂടുതൽ ഉചിതമായ സ്ഥലം.—പത്രാധിപർ.
ഡൗൺ അണ്ടറിലെ ജീവിതം “ഡൗൺ അണ്ടറിലെ ജീവിതം വ്യത്യസ്തം” (ഒക്ടോബർ 8, 1997) എന്ന ഊഷ്മളവും സജീവവുമായ ലേഖനത്തിന് ആഴത്തിലുള്ള കൃതജ്ഞത പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആകർഷകവും വൈവിധ്യമാർന്നതുമായ ഈ രാജ്യത്തെക്കുറിച്ചു വളരെയധികം കാര്യങ്ങൾ ഞാൻ വായിച്ചിട്ടുണ്ടെങ്കിലും യഹോവയുടെ വിസ്മയാവഹമായ സൃഷ്ടിയെപ്രതി അവനോട് എത്രത്തോളം കൃതജ്ഞരായിരിക്കണം എന്നു മനസ്സിലാക്കാൻ നിങ്ങളുടെ ലേഖനം എന്നെ സഹായിച്ചു.
എൽ. കെ., ജർമനി
പ്രശ്നവിമുക്തമായ പറുദീസ “പ്രശ്നവിമുക്തമായ ഒരു പറുദീസ—എപ്പോൾ?” (ഒക്ടോബർ 8, 1997) എന്ന ലേഖനത്തിനു ഞാൻ നിങ്ങളോടു വളരെ കൃതജ്ഞതയുള്ളവനാണ്. ഞാൻ ജനിക്കുന്നതിനു മുമ്പേ എന്റെ മുത്തശ്ശി മരിച്ചു. അർബുദം പിടിപെട്ടാണ് അവർ മരിച്ചത്. എന്നാൽ പറുദീസയിൽ മേലാൽ രോഗങ്ങൾ ഉണ്ടായിരിക്കില്ല. അവരെ പറുദീസയിൽ കാണാൻ കഴിയേണ്ടതിനു വിശ്വസ്തതയോടെ നിലകൊള്ളാൻ ഈ ലേഖനം എന്നെ പ്രോത്സാഹിപ്പിച്ചു.
എം. ജെ., ട്രിനിഡാഡ്
മൃഗമയക്കം “മൃഗമയക്കത്തിന്റെ മർമങ്ങൾ” (ഒക്ടോബർ 8, 1997) എന്ന ലേഖനത്തിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതു രസകരമായിരുന്നു—സൃഷ്ടികളെക്കുറിച്ച് ചില അത്ഭുതകരമായ കാര്യങ്ങൾ ഞാൻ പഠിച്ചു.
ജെ. ജി., പോർട്ടോറിക്കോ
എനിക്ക് ഒരു ഓമന മത്സ്യം ഉണ്ട്. മത്സ്യം ഉറങ്ങുമോ എന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് അതു ചലനമറ്റ് കിടക്കുന്നതായി കാണുമ്പോൾ അത് വിശ്രമിക്കുകയാണെന്ന് കണ്ടെത്താൻ കഴിഞ്ഞതിൽ എനിക്കു സന്തോഷം തോന്നി.
എ. പി. എൽ. എം., ബ്രസീൽ
നോവുന്ന പാദങ്ങൾ “നോവുന്ന പാദങ്ങൾക്ക് സഹായം” (ഒക്ടോബർ 8, 1997) എന്ന ലേഖനം പ്രധാനമായും സ്ത്രീകളെ ഉദ്ദേശിച്ച് എഴുതിയതുപോലെയാണു തോന്നിയത്. എന്നാൽ ഏതാനും ദിവസങ്ങൾക്കുശേഷം പാദങ്ങൾ നോവുന്നതായി എന്റെ ഭർത്താവു പരാതിപ്പെട്ടു. കഴിഞ്ഞ ഏഴു വർഷമായി അദ്ദേഹത്തിന് ഇതുണ്ട്. ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിൽവെച്ച് ഞങ്ങൾ ഒരു ചെരുപ്പുകടയിലേക്കു പോയി. 9 സൈസിന്റെ വീതി കൂടിയ ഷൂസ് വേണ്ടിയിരുന്ന അദ്ദേഹം 8 സൈസിന്റെ ഇടത്തരം വീതിയുള്ള ഷൂസാണ് ധരിച്ചിരുന്നത്. ഇപ്പോൾ അദ്ദേഹത്തിന് ആശ്വാസമുണ്ട്. ഉണരുക!യ്ക്ക് നന്ദി.
എസ്. ജെ., ഐക്യനാടുകൾ
ദിവസം മുഴുവൻ നിന്നുകൊണ്ടുവേണം എനിക്കു ജോലി ചെയ്യാൻ. ഉപ്പൂറ്റി പൊങ്ങിയ ചെരിപ്പ് ഉപയോഗിച്ചിരുന്നതുകൊണ്ട് എനിക്ക് പ്രശ്നമുണ്ടാകാൻ തുടങ്ങി. ഈ മാസം ഞാൻ ഒരു സഹായ പയനിയർ (അംശകാല സുവിശേഷക) ആയി സേവിച്ചു. ലേഖനം വായിച്ചതുകൊണ്ട് ഞാൻ 3 ജോഡി പാകമുള്ള ഷൂസുകൾ വാങ്ങി. ഞങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു കരുതുന്നതിനും ഞങ്ങൾക്ക് അറിവു പകർന്നു തരുന്നതിനും നന്ദി.
സി. എൽ., ജർമനി
യുദ്ധവും കുട്ടികളും “യുദ്ധം കുട്ടികളോടു ചെയ്യുന്നത്” (ഒക്ടോബർ 22, 1997) എന്ന ലേഖനത്തിനു വളരെ നന്ദി. യുദ്ധത്തിന്റെ വിനാശകമായ കെടുതികൾക്ക് അറുതി വരുത്താൻ യഹോവയുടെ രാജ്യം എത്രയധികം നമുക്ക് ആവശ്യമാണ് എന്നതു കാണാൻ അതു നമ്മെ ശരിക്കും സഹായിക്കുന്നു. നമ്മിൽ പലർക്കും അറിവില്ലാത്ത, മറ്റു ദേശങ്ങളിൽ നടക്കുന്ന ക്രൂരതയെ കാട്ടിത്തരുന്ന അത് കണ്ണു തുറപ്പിക്കുന്ന ഒന്നായിരുന്നു.
വൈ. സി., ഇംഗ്ലണ്ട്
കുട്ടികളോടുള്ള ദുഷ്പെരുമാറ്റത്തെക്കുറിച്ചു വായിക്കാൻ എനിക്ക് ഇഷ്ടമല്ല. കണ്ണീരോടെയാണ് ഞാൻ അതു വായിച്ചത്. നിസ്സംഗരായ മനുഷ്യരെക്കൊണ്ട് നിറഞ്ഞ ഹൃദയശൂന്യമായ ഒരു സമുദായമായി ലോകം മാറുന്നത് എന്നിൽ വെറുപ്പുളവാക്കുന്നു. കണ്ണു തുറപ്പിക്കുന്ന ഈ ലേഖനം അവതരിപ്പിച്ചതിലുള്ള നിങ്ങളുടെ നിഷ്കപടതയ്ക്ക് ഞാൻ നിങ്ങളെ പ്രശംസിക്കുന്നു.
കെ. ഇ., ഐക്യനാടുകൾ