ദൈവത്തിന്റെ പ്രതിച്ഛായയിലോ അതോ മൃഗത്തിന്റെ പ്രതിച്ഛായയിലോ?
ആദ്യ മനുഷ്യനായ ആദാം “ദൈവത്തിന്റെ മകൻ” എന്നു വിളിക്കപ്പെട്ടു. (ലൂക്കൊസ് 3:38) ഏതെങ്കിലും ഒരു മൃഗത്തെ ഒരിക്കലും അങ്ങനെ വിളിച്ചിട്ടില്ല. എങ്കിലും, മനുഷ്യരും ജന്തുക്കളും പലതിലും സമാനരാണെന്ന് ബൈബിൾ പ്രകടമാക്കുന്നു. ഉദാഹരണത്തിന്, മനുഷ്യരും ജന്തുക്കളും ദേഹികളാണ്. ദൈവം ആദാമിനെ സൃഷ്ടിച്ചപ്പോൾ ആ “മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു” എന്ന് ഉല്പത്തി 2:7 പറയുന്നു. 1 കൊരിന്ത്യർ 15:45 അതിനോട് ചേർച്ചയിൽ ഇങ്ങനെ പറയുന്നു: ‘ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായി തീർന്നു.’
ജന്തുക്കളെക്കുറിച്ച് ഉല്പത്തി 1:24 ഇങ്ങനെ പറയുന്നു: “കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ [“ജീവനുള്ള ദേഹികൾ,” NW] ഭൂമിയിൽനിന്നു ഉളവാകട്ടെ.” മനുഷ്യർ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണെന്നു വെളിപ്പെടുത്തിക്കൊണ്ട് അവർക്ക് അന്തസ്സു കൽപ്പിക്കുമ്പോൾത്തന്നെ ജന്തുക്കളെപ്പോലെ നമ്മളും കേവലം ഭൗമിക ദേഹികളാണെന്ന് ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. ഇനിയും, മനുഷ്യനും മൃഗത്തിനും മറ്റൊരു സംഗതിയിലുംകൂടെ സമാനതയുണ്ട്.
ബൈബിൾ വിശദീകരിക്കുന്നു: “മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; . . . മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; . . . എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.” അതേ, മനുഷ്യരും ജന്തുക്കളും മരണത്തിലും സമരാണ്. എവിടെനിന്നു വന്നുവോ, ആ “നില”ത്തേക്ക്, “പൊടി”യിലേക്കുതന്നെ ഇരുകൂട്ടരും മടങ്ങിപ്പോകുന്നു.—സഭാപ്രസംഗി 3:19, 20; ഉല്പത്തി 3:19.
പക്ഷേ, മരണം മനുഷ്യരെ ദുഃഖത്തിലാഴ്ത്തിക്കളയുന്നത് എന്തുകൊണ്ട്? എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ച് നാം സ്വപ്നം കാണുന്നത് എന്തുകൊണ്ട്? നമുക്ക് ജീവിതത്തിൽ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്? തീർച്ചയായും, നാം ജന്തുക്കളിൽനിന്നു വളരെ വളരെ വ്യത്യസ്തരാണ്!
നാം ജന്തുക്കളിൽനിന്ന് വ്യത്യസ്തരായിരിക്കുന്ന വശങ്ങൾ
ഭക്ഷിക്കുക, ഉറങ്ങുക, പുനരുത്പാദനം നടത്തുക ഇവ മാത്രമാണ് ജീവിതത്തിന്റെ ഉദ്ദേശ്യമെങ്കിൽ നിങ്ങൾ സന്തുഷ്ടരായിരിക്കുമോ? അത്തരമൊരു ആശയം അർപ്പണബോധമുള്ള പരിണാമവാദികൾക്കുപോലും വെറുപ്പുളവാക്കും. “സ്വന്തം ജീവൻ നിലനിർത്തുന്നതും ജീവപരമ്പര തുടർന്നു കൊണ്ടുപോകുന്നതും അല്ലാതെ എന്റെ ജീവിതത്തിന് എന്തെങ്കിലും അർഥവും ഉദ്ദേശ്യവുമുണ്ടോ? ഞാൻ ജീവിക്കുന്ന ഈ പ്രപഞ്ചത്തിന് എന്തെങ്കിലും അർഥമുണ്ടോ? ഈ പഴഞ്ചൻ ചോദ്യങ്ങൾക്ക് രഹസ്യമായെങ്കിലും ഉത്തരം ആരായാതിരിക്കാൻ പ്രബുദ്ധനും സന്ദേഹവാദിയും അജ്ഞേയവാദിയുമായ ആധുനിക മനുഷ്യന് കഴിയില്ല” എന്ന് പരിണാമവാദിയായ റ്റി. ഡൊബ്ഷാൻസ്കയി എഴുതുന്നു.
ജീവിതത്തിന്റെ അർഥം തേടിയുള്ള മനുഷ്യന്റെ അന്വേഷണം, സ്രഷ്ടാവിന്റെ അസ്തിത്വത്തെ നിഷേധിച്ചാലും നിലയ്ക്കുന്നില്ല. ചരിത്രകാരനായ ആർനോൾഡ് ടോയിൻബിയെ ഉദ്ധരിച്ചുകൊണ്ട് റിച്ചാർഡ് ലീക്കീ എഴുതുന്നു: “[മനുഷ്യന്റെ] നൈസർഗികമായ ഈ ആത്മീയ പ്രാപ്തി, താൻ പിറന്നു വീണ പ്രപഞ്ചവുമായി തന്നെത്തന്നെ അനുരൂപപ്പെടുത്തുന്നതിനുള്ള ഒരു ആയുഷ്കാല പോരാട്ടത്തിൽ അവനെ തളച്ചിടുന്നു.”
എന്നിട്ടും, മനുഷ്യപ്രകൃതത്തെക്കുറിച്ചും നമ്മുടെ ഉൽപ്പത്തിയെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമുള്ള അടിസ്ഥാന ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. സ്പഷ്ടമായും മനുഷ്യനും ജന്തുക്കൾക്കും ഇടയിൽ ഒരു വലിയ വിടവ് സ്ഥിതിചെയ്യുന്നു. ആ വിടവ് എത്രത്തോളം വലുതാണ്?
നികത്താനാകാത്തത്ര വലിയൊരു വിടവോ?
പരിണാമസിദ്ധാന്തം അഭിമുഖീകരിക്കുന്ന ഒരു അടിസ്ഥാന പ്രശ്നം മനുഷ്യർക്കും ജന്തുക്കൾക്കും ഇടയിലുള്ള വലിയ വിടവാണ്. അതു വാസ്തവത്തിൽ എത്രത്തോളം വലുതാണ്? അതിനെക്കുറിച്ച് പരിണാമവാദികൾതന്നെ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ പരിചിന്തിക്കുക.
19-ാം നൂറ്റാണ്ടിലെ, പരിണാമസിദ്ധാന്തത്തിന്റെ ഒരു പ്രമുഖ വക്താവായ തോമസ് എച്ച്. ഹക്സ്ലി ഇപ്രകാരം എഴുതി: “മനുഷ്യനും മൃഗങ്ങൾക്കും . . . ഇടയിലുള്ള വിടവിന്റെ വലുപ്പം സംബന്ധിച്ച് എന്നെക്കാൾ നന്നായി അറിയാവുന്ന ആരുമില്ല . . . , എന്തെന്നാൽ മനസ്സിലാകുന്ന രീതിയിൽ യുക്തിപൂർവകമായി സംസാരിക്കുന്നതിനുള്ള അത്ഭുതകരമായ നൈസർഗിക പ്രാപ്തി അവനു മാത്രമേയുള്ളൂ . . . അക്കാര്യത്തിൽ അവൻ താണ മൃഗങ്ങളെക്കാൾ, ഒരു പർവതശൃംഗത്തിലെന്നപോലെ, ഉയർന്നു നിൽക്കുന്നു.”
പരിണാമവാദിയായ മൈക്കിൾ സി. കോർബാല്ലിസ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “മനുഷ്യർക്കും മറ്റു പ്രൈമേറ്റുകൾക്കുമിടയിൽ ഭയങ്കരമായ വിടവുണ്ട് . . . ‘നമ്മുടെ ആകാരമുള്ള ഒരു പ്രൈമേറ്റിൽ ഉണ്ടായിരിക്കാൻ നാം പ്രതീക്ഷിക്കുന്നതിനെക്കാൾ മൂന്നു മടങ്ങു വലുതാണ് നമ്മുടെ മസ്തിഷ്കം.’“ നാഡീശാസ്ത്രജ്ഞനായ റിച്ചാർഡ് എം. റെസ്റ്റാക്ക് ഇങ്ങനെ വിശദീകരിക്കുന്നു: “അറിയപ്പെടുന്ന പ്രപഞ്ചത്തിലെ, സ്വയം മനസ്സിലാക്കാൻ ശ്രമിക്കുന്ന ഏക അവയവമാണ് [മനുഷ്യ] മസ്തിഷ്കം.”
ലീക്കീ ഇപ്രകാരം സമ്മതിച്ചുപറയുന്നു: “ആത്മാവബോധം ശാസ്ത്രജ്ഞന്മാർക്ക് ഒരു വിഷമപ്രശ്നം സൃഷ്ടിക്കുന്നു. ആ പ്രശ്നം പരിഹരിക്കാൻ പറ്റാത്തതാണെന്ന് ചിലർ വിശ്വസിക്കുന്നു. നമുക്ക് ഓരോരുത്തർക്കുമുള്ള ആത്മാവബോധം നമ്മുടെ സകല ചിന്തകളെയും പ്രവർത്തനങ്ങളെയും പ്രകാശമാനമാക്കുംവിധം അത്ര ഉജ്ജ്വലമാണ്.” അദ്ദേഹം ഇങ്ങനെയും പറയുന്നു: “ഭാഷ ഹോമോ സാപ്പിയൻസിനും [മനുഷ്യർ] പ്രകൃതിയിലുള്ള മറ്റു ജീവജാലങ്ങൾക്കും ഇടയിൽ തീർച്ചയായും ഒരു വിടവു സൃഷ്ടിക്കുന്നു.”
മനുഷ്യ മനസ്സിന്റെ മറ്റൊരു അത്ഭുതത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പീറ്റർ റസ്സൽ എഴുതുന്നു: “ഓർമശക്തി മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രാപ്തികളിലൊന്നാണ് എന്നതിനു സംശയമില്ല. അതില്ലായിരുന്നെങ്കിൽ പഠനമോ . . . . ബുദ്ധിപരമായ പ്രവർത്തനങ്ങളോ ഭാഷാ വികസനമോ . . . പൊതുവേ മനുഷ്യനുള്ള . . . ഏതെങ്കിലും ഗുണങ്ങളോ ഉണ്ടായിരിക്കുമായിരുന്നില്ല.”
ഇനിയും, ജന്തുക്കൾ ആരാധിക്കാറില്ല. തന്മൂലം എഡ്വേർഡ് ഒ. വിൽസൺ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “മതവിശ്വാസ ചായ്വ് മനുഷ്യ മനസ്സിലെ ഏറ്റവും സങ്കീർണവും പ്രബലവുമായ ശക്തിയാണ്. അത് സർവസാധ്യതയും അനുസരിച്ച് മനുഷ്യ പ്രകൃതത്തിന്റെ അവിഭാജ്യ ഘടകമാണ്.”
“മനുഷ്യസ്വഭാവം മറ്റു പല ഡാർവിനിയൻ നിഗൂഢതകളും സൃഷ്ടിക്കുന്നു” എന്ന് പരിണാമവാദിയായ റോബർട്ട് റൈറ്റ് സമ്മതിച്ചു പറയുന്നു. “നർമബോധവും ചിരിയും എന്തു ധർമങ്ങളാണു വഹിക്കുന്നത്? ആളുകൾ മരണശയ്യയിൽ കുമ്പസാരം നടത്തുന്നത് എന്തുകൊണ്ടാണ്? . . . കൃത്യമായി പറഞ്ഞാൽ, ദുഃഖം എന്തു കാര്യമാണ് സാധിക്കുന്നത്? . . . ഒരു വ്യക്തി മരിക്കുമ്പോഴുള്ള ദുഃഖം മാനവകുടുംബത്തിന്റെ നിലനിൽപ്പിന് സഹായകമാകുന്നത് എങ്ങനെ?”
പരിണാമവാദിയായ ഇലെയ്ൻ മോർഗൻ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “മനുഷ്യരെ സംബന്ധിച്ച ഏറ്റവും വലിയ നിഗൂഢതകളിൽ നാലെണ്ണം ഇവയാണ്: (1) അവർ രണ്ടു കാലിൽ നടക്കുന്നത് എന്തുകൊണ്ട്? (2) അവരുടെ രോമം കൊഴിഞ്ഞുപോയത് എന്തുകൊണ്ട്? (3) അവരിൽ ഇത്ര വലിയ മസ്തിഷ്കം വികാസം പ്രാപിച്ചിരിക്കുന്നത് എന്തുകൊണ്ട്? (4) അവർ സംസാരിക്കാൻ പഠിച്ചത് എന്തുകൊണ്ട്?”
പരിണാമവാദികൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് എങ്ങനെയാണ്? മോർഗൻ വിശദീകരിക്കുന്നു: “ഈ ചോദ്യങ്ങൾക്ക് സാധാരണ കിട്ടുന്ന മറുപടികൾ ഇവയാണ്: (1) ‘അത് ഇപ്പോഴും ഞങ്ങൾക്ക് അറിയില്ല’; (2) ‘അത് ഇപ്പോഴും ഞങ്ങൾക്ക് അറിയില്ല’; (3) ‘അത് ഇപ്പോഴും ഞങ്ങൾക്ക് അറിയില്ല’; (4) ‘അത് ഇപ്പോഴും ഞങ്ങൾക്ക് അറിയില്ല.’”
ഉലയുന്ന സിദ്ധാന്തം
“കാലാന്തരത്തിൽ സംഭവിച്ച മനുഷ്യ പരിണാമത്തിന്റെ ഒരു സ്ഥൂലചിത്രം വരയ്ക്കുകയായിരുന്നു” തന്റെ ലക്ഷ്യമെന്ന് ദ ലോപ്സൈഡഡ് എയ്പിന്റെ (ഇംഗ്ലീഷ്) ഗ്രന്ഥകാരൻ അഭിപ്രായപ്പെട്ടു. “നിഗമനങ്ങളിൽ പലതും ഊഹാപോഹത്തിൽ അധിഷ്ഠിതമാണ്. അവ മുഖ്യമായും കുറെ പഴഞ്ചൻ പല്ലുകളെയും എല്ലുകളെയും കല്ലുകളെയും ആധാരമാക്കി ഉള്ളവയാണ്.” വാസ്തവത്തിൽ, ഡാർവിന്റെതന്നെ ആദിമ സിദ്ധാന്തത്തെ പലരും അംഗീകരിക്കുന്നില്ല. റിച്ചാർഡ് ലീക്കീ ഇങ്ങനെ പറയുന്നു: “നാം പരിണമിച്ചുവന്ന വിധം സംബന്ധിച്ച ഡാർവിന്റെ ഭാഷ്യം ഏതാനും വർഷം മുമ്പുവരെ നരവംശശാസ്ത്രത്തെ അടക്കി വാണിരുന്നു. എന്നാൽ അതു തെറ്റാണെന്നു തെളിഞ്ഞു.”
ഇലെയ്ൻ മോർഗൻ പറയുന്നതനുസരിച്ച്, പല പരിണാമവാദികൾക്കും, “മുപ്പതു വർഷം മുമ്പ് തങ്ങൾക്ക് അറിയാമായിരുന്നുവെന്ന് അവർ കരുതിയിരുന്ന ഉത്തരങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.” അതുകൊണ്ട്, പരിണാമവാദികളുടെ സിദ്ധാന്തങ്ങളിൽ ചിലത് തറപറ്റിയതിൽ അതിശയിക്കാനില്ല.
ദുഃഖകരമായ ഭവിഷ്യത്തുകൾ
ഒരു ആൺമൃഗം എത്ര പെൺമൃഗങ്ങളുമായി ഇണചേരുന്നു എന്നത് ആണിന്റെയും പെണ്ണിന്റെയും ശരീര വലുപ്പത്തിലുള്ള വ്യത്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇതു നിമിത്തം ചിലർ, മനുഷ്യരുടെ ലൈംഗിക ശീലങ്ങൾ ചിമ്പാൻസികളുടേതുപോലെ ആയിരിക്കേണ്ടതാണെന്ന നിഗമനത്തിൽ എത്തിയിരിക്കുന്നു. എന്തെന്നാൽ ആൺ ചിമ്പാൻസികൾക്കു പുരുഷൻമാരെപ്പോലെതന്നെ, പെൺ ചിമ്പാൻസികളെക്കാൾ അൽപ്പംകൂടെ വലുപ്പമുണ്ട്. അതുകൊണ്ട് ചിമ്പാൻസികളെപ്പോലെ ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടായിരിക്കാൻ മനുഷ്യരെ അനുവദിക്കണമെന്ന് ചിലർ ന്യായവാദം ചെയ്യുന്നു. പല ആളുകൾക്കും അങ്ങനെയുണ്ടു താനും.
എന്നാൽ ചിമ്പാൻസികൾക്കു ഗുണകരം ആയിരിക്കുന്നതായി കാണപ്പെടുന്നത് മനുഷ്യർക്ക് ഒരു വിനയായിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നു. പല ലൈംഗിക പങ്കാളികളുള്ളത് ദുരിതത്തിലേക്കുള്ള വഴിയാണെന്ന് വസ്തുതകൾ പ്രകടമാക്കുന്നു. കുടുംബ തകർച്ചകൾ, ഗർഭച്ഛിദ്രങ്ങൾ, രോഗം, മാനസികവും വൈകാരികവുമായ പീഡ, അസൂയ, കുടുംബത്തിലെ അക്രമം, സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ കഴിയാതെ വളർന്നുവന്ന് അതേ ചരിത്രം തന്നെ ആവർത്തിക്കുന്ന ഉപേക്ഷിക്കപ്പെട്ട കുട്ടികൾ എന്നിവയെല്ലാം അതിന്റെ അനന്തരഫലങ്ങളാണ്. മൃഗങ്ങളുടെ പ്രകൃതം മനുഷ്യന് അനുയോജ്യമാണെങ്കിൽ അത് ഇത്രയേറെ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത് എന്തുകൊണ്ടാണ്?
പരിണാമ ചിന്താഗതി മനുഷ്യജീവന്റെ പവിത്രതയുടെമേലും സംശയത്തിന്റെ നിഴൽ പരത്തുന്നു. ദൈവമില്ലെന്നു നാം പറയുകയും നമ്മെത്തന്നെ കേവലം ഉയർന്ന ജന്തുക്കളായി വീക്ഷിക്കുകയും ചെയ്യുന്നെങ്കിൽ പിന്നെ എന്ത് അടിസ്ഥാനത്തിലാണ് മനുഷ്യജീവൻ പവിത്രമായിരിക്കുന്നത്? ബുദ്ധിശക്തി ഉള്ളതുകൊണ്ടായിരിക്കുമോ? അങ്ങനെയാണെങ്കിൽ, ദ ഹ്യൂമൻ ഡിഫറൻസ് എന്ന പുസ്തകത്തിൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന ചോദ്യം വളരെ ഉചിതമാണ്: “മനുഷ്യർക്ക് [പരിണാമപരമായ] എല്ലാ സൗഭാഗ്യങ്ങളും കിട്ടിപ്പോയതുകൊണ്ടു മാത്രം നായ്ക്കളെക്കാളും പൂച്ചകളെക്കാളും ശ്രേഷ്ഠരായി നമ്മെ കാണുന്നത് ഉചിതമാണോ?”
പരിണാമ ചിന്താഗതിയുടെ ഏറെ പുതിയ രൂപം പ്രചാരമാർജിക്കവേ അത് “തീർച്ചയായും ധാർമിക ചിന്താഗതിയെ ആഴത്തിൽ സ്വാധീനിക്കും” എന്ന് സന്മാർഗബോധമുള്ള മൃഗം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. എന്നാൽ അത്, നാം “പ്രകൃതിനിർധാരണ”ത്തിലൂടെ, അതായത് എച്ച്. ജി. വെൽസ് പറഞ്ഞതുപോലെ “ശക്തരും തന്ത്രശാലികളും ആയവർ ദുർബലരെയും ആശ്രയം അർപ്പിക്കുന്നവരെയും തോൽപ്പിക്കുന്ന” പ്രക്രിയയിലൂടെ ഉളവായവരാണെന്ന അനുമാനത്തിൽ അധിഷ്ഠിതമായിരിക്കുന്ന ക്രൂരമായ ഒരു ധാർമികതയാണ്.
ധാർമികതയെ വർഷങ്ങളോളം കാർന്നുതിന്നിട്ടുള്ള, പരിണാമവാദികളുടെ പല സിദ്ധാന്തങ്ങളും ചിന്തകരുടെ പിന്നത്തെ തിരയിൽ അടിച്ചൊഴുക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. എന്നാൽ ആ സിദ്ധാന്തങ്ങൾ വരുത്തിയ ഹാനി ഇപ്പോഴും അവശേഷിക്കുന്നു എന്നതാണ് സങ്കടകരമായ സംഗതി.
ആരാധിക്കേണ്ടത് സൃഷ്ടിയെയോ അതോ സ്രഷ്ടാവിനെയോ?
ഉത്തരങ്ങൾക്കായി ഉയരങ്ങളിലുള്ള സ്രഷ്ടാവിലേക്കു നോക്കുന്നതിനു പകരം താഴെയുള്ള സൃഷ്ടിയിലേക്കു നോക്കാനാണ് പരിണാമം ആളുകളെ പ്രേരിപ്പിക്കുന്നത്. നേരേമറിച്ച്, ധാർമിക മൂല്യങ്ങളെക്കുറിച്ചും ജീവിതോദ്ദേശ്യത്തെക്കുറിച്ചും അറിയുന്നതിന് സത്യദൈവത്തിലേക്കു നോക്കാൻ ബൈബിൾ നമ്മെ പ്രേരിപ്പിക്കുന്നു. തെറ്റു ചെയ്യുന്നത് ഒഴിവാക്കാൻ നമുക്ക് കഠിനശ്രമം ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടെന്നും മരണം മനുഷ്യരെ മാത്രം ഇത്രയധികം ദുഃഖിപ്പിക്കുന്നത് എന്തുകൊണ്ടെന്നും അത് വിശദീകരിക്കുന്നു. കൂടാതെ, തെറ്റു ചെയ്യുന്നതിനുള്ള പ്രവണത നമുക്കുണ്ടായിരിക്കുന്നത് എന്തുകൊണ്ടാണെന്നതു സംബന്ധിച്ച അതിന്റെ വിശദീകരണം മനുഷ്യ മനസ്സിലും ഹൃദയത്തിലും സത്യമായി ധ്വനിക്കുന്നു. ആ തൃപ്തികരമായ വിശദീകരണം പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
[7-ാം പേജിലെ ചിത്രങ്ങൾ]
മനുഷ്യനും മൃഗത്തിനും ഇടയിലുള്ള വിടവ് എത്ര വലുതാണ്?