മനുഷ്യർ—നാം ആരാണ്?
മനുഷ്യർ, തങ്ങൾ ആരാണ് എന്നതു സംബന്ധിച്ച് ആകെ ചിന്താക്കുഴപ്പത്തിൽ ആണെന്നു തോന്നുന്നു. പരിണാമവാദിയായ റിച്ചാർഡ് ലീക്കീ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “തത്ത്വചിന്തകർ നൂറ്റാണ്ടുകളായി മനുഷ്യത്വത്തിന്റെ, മാനവികതയുടെ വിവിധ വശങ്ങൾ കൈകാര്യം ചെയ്തുകൊണ്ടാണിരിക്കുന്നത്. എങ്കിലും മനുഷ്യത്വ ഗുണം സംബന്ധിച്ച് സർവസമ്മതമായ ഒരു നിർവചനമില്ല എന്നത് അതിശയകരമാണ്.”
എന്നാൽ, കോപ്പെൻഹേഗൻ മൃഗശാല പ്രൈമേറ്റുകളെ സൂക്ഷിക്കുന്നിടത്ത് ഒരു പ്രദർശനം നടത്തുക വഴി അതിന്റെ അഭിപ്രായം ധീരമായി വ്യക്തമാക്കി. 1997 ബ്രിട്ടാനിക്ക ബുക്ക് ഓഫ് ദി ഇയർ ഇങ്ങനെ വിശദീകരിക്കുന്നു: “ആൾക്കുരങ്ങുകളുമായുള്ള മനുഷ്യരുടെ അടുത്ത ബന്ധത്തെക്കുറിച്ച് സന്ദർശകരെ ഓർമപ്പെടുത്തുന്നതിനുവേണ്ടി ഡെന്മാർക്കുകാരായ ഒരു ദമ്പതികൾ മൃഗശാലയിലെ താത്കാലിക വസതിയിലേക്കു താമസം മാറ്റി.”
മനുഷ്യർക്ക് ചിലയിനം ജന്തുക്കളോട് അടുത്ത കുടുംബബന്ധം ഉണ്ടെന്നുള്ള സങ്കൽപ്പത്തിന് പരാമർശ ഗ്രന്ഥങ്ങൾ വിശ്വാസ്യത പ്രദാനം ചെയ്യുന്നു. ഉദാഹരണത്തിന്, ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “സസ്തനികളുടെ ഓർഡറായ പ്രൈമേറ്റ്സിൽ മനുഷ്യരും മനുഷ്യക്കുരങ്ങുകളും ലീമറുകളും കുരങ്ങന്മാരും ടാർസിയറുകളും പെടുന്നു.”
എന്നാൽ, ജന്തുക്കൾക്കില്ലാത്ത ഒട്ടനവധി അതുല്യ സവിശേഷതകൾ മനുഷ്യനുണ്ട് എന്നതാണു വാസ്തവം. സ്നേഹം, മനസ്സാക്ഷി, ധാർമികത, ആത്മീയത, നീതി, കരുണ, നർമബോധം, സൃഷ്ടിപരത, സമയബോധം, ആത്മബോധം, സൗന്ദര്യാസ്വാദന പ്രാപ്തി, ഭാവിയെക്കുറിച്ചുള്ള ചിന്ത, തലമുറകൾ കടന്നുപോകുന്നതിനനുസരിച്ച് പരിജ്ഞാനം വർധിപ്പിക്കാനുള്ള കഴിവ്, മരണം നമ്മുടെ അസ്തിത്വത്തിന്റെ അവസാനമല്ല എന്ന പ്രത്യാശ എന്നിവ ഈ സവിശേഷതകളിൽ പെടുന്നു.
ഈ സവിശേഷതകളെ ജന്തുപ്രകൃതവുമായി കൂട്ടിയിണക്കാനുള്ള ശ്രമത്തിൽ ചിലർ പരിണാമം, മനഃശാസ്ത്രം, സാമൂഹികശാസ്ത്രം ഇവയുടെ മിശ്രണമായ പരിണാമ മനഃശാസ്ത്രത്തിലേക്കു വിരൽ ചൂണ്ടുന്നു. പരിണാമ മനഃശാസ്ത്രം മനുഷ്യപ്രകൃതത്തിന്റെ പ്രഹേളികയിലേക്ക് വെളിച്ചം വീശിയിട്ടുണ്ടോ?
ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്?
“പരിണാമ മനഃശാസ്ത്രത്തിന്റെ അനുമാനം ലളിതമാണ്,” പരിണാമവാദിയായ റോബർട്ട് റൈറ്റ് പറയുന്നു. “മറ്റേതൊരു അവയവത്തെയും പോലെതന്നെ മനുഷ്യ മനസ്സും അടുത്ത തലമുറയിലേക്ക് ജീനുകളെ കൈമാറാൻ വേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ടതാണ്; അത് ഉളവാക്കുന്ന വികാരങ്ങളെയും ചിന്തകളെയും പ്രസ്തുത അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുക.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മുടെ ജീനുകളാൽ നിർണയിക്കപ്പെടുകയും മനോവ്യാപാരങ്ങളിലൂടെ പ്രതിഫലിക്കുകയും ചെയ്യുന്ന നമ്മുടെ ആകമാന ജീവിതോദ്ദേശ്യം പ്രജനനം നടത്തുക എന്നതാണ്.
വാസ്തവത്തിൽ, പരിണാമ മനഃശാസ്ത്രം അനുസരിച്ച് “മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിലധികത്തിന്റെയും അന്തഃസത്ത നിർദയമായ ജനിതക സ്വാർഥതാത്പര്യമാണ്.” സന്മാർഗബോധമുള്ള മൃഗം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “പുരുഷന്മാർ അസംഖ്യം സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് പ്രകൃതിനിർധാരണം ‘ആഗ്രഹിക്കുന്നു.’” ഈ പരിണാമ സങ്കൽപ്പപ്രകാരം, ചില സാഹചര്യങ്ങളിൽ സ്ത്രീകൾ അധാർമികതയിലേർപ്പെടുന്നത് സ്വാഭാവിക സംഗതിയായി കണക്കാക്കപ്പെടുന്നു. മാതാപിതാക്കൾക്ക് കുട്ടികളോടുള്ള സ്നേഹം പോലും സന്താനങ്ങളുടെ അതിജീവനം ഉറപ്പാക്കാനുള്ള ജീനുകളുടെ തന്ത്രമായി കണക്കാക്കപ്പെടുന്നു. ഇപ്രകാരം, മാനവകുടുംബത്തിന്റെ നിലനിൽപ്പ് ഉറപ്പുവരുത്തുന്നതിൽ ജനിതക പൈതൃകം വഹിക്കുന്ന പ്രധാനപ്പെട്ട പങ്കിന് ഊന്നൽ കൊടുക്കുന്നതാണ് ഒരു വീക്ഷണം.
ചില സ്വയം-സഹായക ഗ്രന്ഥങ്ങൾ ഇപ്പോൾ പരിണാമ മനഃശാസ്ത്രമെന്ന പുതിയ തരംഗം ഉൾക്കൊള്ളുന്നു. അത്തരമൊരു പുസ്തകം മനുഷ്യപ്രകൃതത്തെ “ചിമ്പാൻസിയുടെയും ഗൊറില്ലയുടെയും ബാബൂണിന്റെയും പ്രകൃതത്തിൽനിന്ന് വളരെ വ്യത്യസ്തമല്ലാത്ത ഒന്നാ”യി വർണിക്കുന്നു. അത് ഇങ്ങനെയും പ്രസ്താവിക്കുന്നു: “പരിണാമത്തിന്റെ കാര്യത്തിൽ . . . പുനരുത്പാദനമാണ് പ്രധാനം.”
ബൈബിൾ പഠിപ്പിക്കുന്നത് നേരേമറിച്ചാണ്, ദൈവം മനുഷ്യരെ സൃഷ്ടിച്ചത് പ്രജനനം നടത്താൻ വേണ്ടി മാത്രമല്ല. ദൈവത്തിന്റെ ഗുണങ്ങൾ—പ്രത്യേകിച്ചും സ്നേഹം, നീതി, ജ്ഞാനം, ശക്തി എന്നിവ—പ്രതിഫലിപ്പിക്കുന്നതിനുള്ള പ്രാപ്തിയോടുകൂടി അവന്റെ “പ്രതിച്ഛായ”യിലാണ് നാം ഉണ്ടാക്കപ്പെട്ടത്. നേരത്തെ പരാമർശിച്ച അതുല്യ സവിശേഷതകൾ കൂടി കണക്കിലെടുക്കുമ്പോൾ, ബൈബിൾ മനുഷ്യർക്ക് ജന്തുക്കളെക്കാൾ ഉയർന്ന സ്ഥാനം കൽപ്പിക്കുന്നത് എന്തുകൊണ്ടെന്നത് വ്യക്തമാകുന്നു. വാസ്തവത്തിൽ, മനുഷ്യരെ സൃഷ്ടിച്ചപ്പോൾ ദൈവം അവർക്ക് എന്നേക്കും ജീവിക്കാനുള്ള ആഗ്രഹം മാത്രമല്ല താൻ വരുത്താൻ പോകുന്ന, നീതി വസിക്കുന്ന പുതിയ ലോകത്തിൽ ആ ആഗ്രഹനിവൃത്തി ആസ്വദിക്കുന്നതിനുള്ള പ്രാപ്തിയും കൊടുത്തെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു.—ഉല്പത്തി 1:27, 28, NW; സങ്കീർത്തനം 37:9-11, 29; സഭാപ്രസംഗി 3:11; യോഹന്നാൻ 3:16; വെളിപ്പാടു 21:3-5.
നാം എന്തു വിശ്വസിക്കുന്നു എന്നതിനു പ്രസക്തിയുണ്ട്
ശരിയായ വീക്ഷണം ഏതെന്നു തിട്ടപ്പെടുത്തുന്നത് ഒരു പ്രകാരത്തിലും സൈദ്ധാന്തികമല്ല. എന്തെന്നാൽ നമ്മുടെ ഉത്പത്തി സംബന്ധിച്ച് നാം എന്തു വിശ്വസിക്കുന്നു എന്നതിന് നമ്മുടെ ജീവിതരീതിയെ സ്വാധീനിക്കാൻ കഴിയും. 1859-ൽ ചാൾസ് ഡാർവിന്റെ വർഗോത്പത്തി പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം പലരും എത്തിച്ചേർന്ന നിഗമനങ്ങളെക്കുറിച്ച് ചരിത്രകാരനായ എച്ച്. ജി. വെൽസ് അഭിപ്രായപ്പെട്ടു.
“ഒരു യഥാർഥ ധാർമികച്യുതി സംഭവിച്ചു. . . . 1859-നു ശേഷം പലർക്കും വാസ്തവത്തിൽ വിശ്വാസം നഷ്ടമായി. . . . പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ ജീവിച്ചിരുന്ന പ്രബലരായ ആളുകൾ വിശ്വസിച്ചിരുന്നത് ശക്തരും തന്ത്രശാലികളും ആയവർ ദുർബലരെയും ആശ്രയം അർപ്പിക്കുന്നവരെയും തോൽപ്പിക്കുന്ന നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലൂടെയാണ് തങ്ങൾ ആധിപത്യം സ്ഥാപിച്ചത് എന്നാണ്. . . . മനുഷ്യൻ ഇന്ത്യൻ വേട്ടപ്പട്ടിയെപ്പോലുള്ള ഒരു സാമൂഹിക മൃഗമാണെന്ന് അവർ നിശ്ചയിച്ചു. . . . മനുഷ്യസമൂഹത്തിലെ വലിയ നായ്ക്കൾ ദുർബല നായ്ക്കളെ വിരട്ടുന്നതും കീഴ്പ്പെടുത്തുന്നതും ശരിയായ സംഗതിയായി അവർക്കു തോന്നി.”
വ്യക്തമായും, നാം യഥാർഥത്തിൽ ആരാണെന്നതു സംബന്ധിച്ച ശരിയായ വീക്ഷണം നേടുന്നത് പ്രധാനമാണ്. ഒരു പരിണാമവാദി ഇങ്ങനെ ചോദിച്ചു, “ലളിതമായ ആ പഴയ ഡാർവിനിസം . . . പാശ്ചാത്യ സംസ്കാരത്തിന്റെ ധാർമിക കരുത്ത് ചോർത്തിക്കളഞ്ഞെങ്കിൽ [പരിണാമ മനഃശാസ്ത്രമെന്ന] പുതിയ ഭാഷ്യം രൂഢമൂലമായി കഴിയുമ്പോൾ എന്തായിരിക്കും സംഭവിക്കുക?”
നമ്മുടെ ഉത്പത്തിയെക്കുറിച്ച് നാം എന്തു വിശ്വസിക്കുന്നു എന്നത് ജീവിതത്തെയും ശരിയെയും തെറ്റിനെയും സംബന്ധിച്ച നമ്മുടെ അടിസ്ഥാന വീക്ഷണങ്ങളെ ബാധിക്കുന്നതിനാൽ പ്രസ്തുത സംഗതി അടുത്തു പരിചിന്തിക്കുന്നത് മർമപ്രധാനമാണ്.
[4-ാം പേജിലെ ആകർഷകവാക്യം]
1859-ൽ ചാൾസ് ഡാർവിന്റെ വർഗോത്പത്തി പ്രസിദ്ധീകരിച്ചതിനു ശേഷം അനേകരും എത്തിച്ചേർന്ന നിഗമനങ്ങളെക്കുറിച്ച് ചരിത്രകാരനായ എച്ച്. ജി. വെൽസ് അഭിപ്രായപ്പെട്ടു: “ഒരു യഥാർഥ ധാർമികച്യുതി സംഭവിച്ചു. . . . 1859-നു ശേഷം പലർക്കും വാസ്തവത്തിൽ വിശ്വാസം നഷ്ടമായി”