ഉത്തരങ്ങൾക്കായി താഴേയ്ക്കല്ല, ഉയരത്തിലേക്ക് നോക്കുന്നു
മാറ്റങ്ങളുടെ ഒരു പരമ്പരയിലൂടെ മനുഷ്യർ ക്രമേണ ഒരു ഉയർന്നതരം ജന്തുവായി തീർന്നെന്ന് പരിണാമം പഠിപ്പിക്കുന്നു. നേരേമറിച്ച്, മനുഷ്യർ ദൈവത്തിന്റെ പ്രതിച്ഛായയിൽ പൂർണതയുള്ളവരായി സൃഷ്ടിക്കപ്പെട്ടെന്നും എന്നാൽ താമസിയാതെ അപൂർണത രംഗപ്രവേശം ചെയ്തപ്പോൾ മനുഷ്യവർഗത്തിന്റെ അധോഗതി തുടങ്ങിയെന്നും ബൈബിൾ പറയുന്നു.
നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും ധാർമിക സ്വാതന്ത്ര്യം തേടിപ്പോകുകയും ദൈവത്തോടുള്ള മനഃപൂർവമായ അനുസരണക്കേടിലൂടെ തങ്ങളുടെ മനഃസാക്ഷിയെ വ്രണപ്പെടുത്തുകയും ചെയ്തപ്പോഴാണ് അവരുടെ അധോഗതി തുടങ്ങിയത്. അവർ ദൈവനിയമമാകുന്ന സംരക്ഷണാത്മക കൈവരി മനഃപൂർവം തകർത്തുകൊണ്ട് വാഹനം ഓടിച്ചതുപോലെയായിരുന്നു അത്. അങ്ങനെ, നാം ഇപ്പോൾ ആയിരിക്കുന്ന രോഗം, വാർധക്യം, മരണം, വർഗീയ മുൻവിധികൾ, മത വിദ്വേഷങ്ങൾ, ഘോര യുദ്ധങ്ങൾ ഇവയെല്ലാമുള്ള അവസ്ഥയിലേക്ക് അവർ കൂപ്പുകുത്തി.—ഉല്പത്തി 2:17; 3:6, 7.
ജന്തു ജീനുകളോ വികല ജീനുകളോ?
ആദാമും ഹവ്വായും പാപം ചെയ്തപ്പോൾ അവരുടെ പൂർണതയുള്ള ശരീരങ്ങൾക്ക് എന്തു സംഭവിച്ചുവെന്ന് ബൈബിൾ ശാസ്ത്രീയ ഭാഷയിൽ വിശദീകരിക്കുന്നില്ല. ഒരു കാർ ഉടമസ്ഥനുള്ള നിർദേശകഗ്രന്ഥം മോട്ടോർവാഹന എഞ്ചിനീയറിങ്ങിനെക്കുറിച്ചുള്ള ഒരു പാഠപുസ്തകം അല്ലാത്തതുപോലെതന്നെ ബൈബിളും ഒരു ശാസ്ത്ര ഗ്രന്ഥമല്ല. എന്നാൽ കാർ ഉടമസ്ഥന്റെ നിർദേശകഗ്രന്ഥം പോലെതന്നെ ബൈബിളും കൃത്യതയുള്ളതാണ്. അത് ഒരു കെട്ടുകഥയല്ല.
ആദാമും ഹവ്വായും ദൈവനിയമമാകുന്ന സംരക്ഷണാത്മക വേലി തകർത്ത് പുറത്തുകടന്നപ്പോൾ അവരുടെ ജൈവഘടനയ്ക്ക് ഹാനി സംഭവിച്ചു. പിന്നീടുള്ള അവരുടെ ജീവിതം മരണത്തിലേക്ക് സാവധാനമുള്ള ഒരു യാത്രയായിരുന്നു. പാരമ്പര്യ നിയമങ്ങൾ വഴി അവരുടെ മക്കൾ—മനുഷ്യകുടുംബം—അപൂർണതയ്ക്കു വശംവദരായി. അങ്ങനെ അവരും മരണമടയുന്നു.—ഇയ്യോബ് 14:4; സങ്കീർത്തനം 51:5; റോമർ 5:12.
സങ്കടകരമെന്നു പറയട്ടെ, നമുക്ക് പാരമ്പര്യമായി കിട്ടിയ അപൂർണതയിൽ പാപം ചെയ്യുന്നതിനുള്ള പ്രവണത ഉൾപ്പെടുന്നു. സ്വാർഥതയുടെയും അധാർമികതയുടെയും രൂപത്തിൽ അതു പ്രകടമാകുന്നു. തീർച്ചയായും, ലൈംഗികതയ്ക്ക് ഉചിതമായ സ്ഥാനമുണ്ട്. ദൈവം ആദ്യ മനുഷ്യ ജോടിയോട് ഇങ്ങനെ കൽപ്പിച്ചു: “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറ”യുക. (ഉല്പത്തി 1:28) സ്നേഹവാനായ സ്രഷ്ടാവെന്ന നിലയിൽ ദൈവം, ആ കൽപ്പന അനുസരിക്കുന്നത് ഭാര്യാഭർത്താക്കന്മാർക്ക് സുഖകരമായ ഒരു അനുഭവമാക്കിത്തീർത്തു. (സദൃശവാക്യങ്ങൾ 5:18) എന്നാൽ മാനുഷിക അപൂർണത ലൈംഗികതയുടെ ദുരുപയോഗത്തിലേക്കു നയിച്ചിരിക്കുന്നു. വാസ്തവത്തിൽ, നമുക്കെല്ലാം അറിയാവുന്നതുപോലെ അപൂർണത മനസ്സിന്റെയും ശരീരത്തിന്റെയും പ്രവർത്തനങ്ങൾ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്നു.
എന്നാൽ അപൂർണത നമ്മുടെ ധാർമിക ബോധത്തെ കെടുത്തിക്കളഞ്ഞിട്ടില്ല. നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നപക്ഷം നമുക്ക് നിയന്ത്രണം കൈവരിക്കാനും പാപത്തിലേക്കു തിരിയുന്നതിനുള്ള പ്രവണതയോടു പോരാടിക്കൊണ്ട് ജീവിതത്തിലെ കെണികൾ ഒഴിവാക്കാനും കഴിയും. തീർച്ചയായും, അപൂർണ മനുഷ്യർക്കാർക്കും പാപത്തോട് പൂർണമായി പൊരുതി ജയിക്കാനാവില്ല. ദൈവം കരുണാപൂർവം ഈ സംഗതി കണക്കിലെടുക്കുന്നു.—സങ്കീർത്തനം 103:14; റോമർ 7:21-23.
നാം മരിക്കാൻ ആഗ്രഹിക്കാത്തതിന്റെ കാരണം
പരിണാമം തൃപ്തികരമായ വിശദീകരണം നൽകാത്ത മറ്റൊരു പ്രഹേളികയിലേക്കും ബൈബിൾ വെളിച്ചം വീശുന്നു. മരണം സ്വാഭാവികവും ഒഴിച്ചുകൂടാനാവാത്തതുമായി കാണപ്പെട്ടാലും അതിനെ സ്വീകരിക്കുന്നതിനുള്ള മനുഷ്യരുടെ മനസ്സില്ലായ്മയാണത്.
മരണം പാപത്തിന്റെ, അതായത് ദൈവത്തോടുള്ള അനുസരണക്കേടിന്റെ ഫലമാണെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. നമ്മുടെ ആദിമ മാതാപിതാക്കൾ അനുസരണമുള്ളവരായി നിലകൊണ്ടിരുന്നെങ്കിൽ അവരും അവരുടെ കുട്ടികളും എന്നേക്കും ജീവിച്ചിരിക്കുമായിരുന്നു. ഫലത്തിൽ, നിത്യജീവനായുള്ള ആഗ്രഹം ദൈവം മനുഷ്യ മനസ്സിൽ പ്രോഗ്രാം ചെയ്തു വെച്ചിരുന്നു. “അവൻ . . . നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു” എന്ന് സഭാപ്രസംഗി 3:11 പറയുന്നു. അതുകൊണ്ട് മരണ ശിക്ഷാവിധി മനുഷ്യരിൽ ഒരു ആന്തരിക സംഘട്ടനം, നിലനിൽക്കുന്ന ഒരു പൊരുത്തക്കേട്, ഉളവാക്കി.
ഈ ആന്തരിക സംഘട്ടനം ഇല്ലാതാക്കാനും എന്നേക്കും ജീവിക്കാനുള്ള സ്വാഭാവിക വാഞ്ഛയെ ശമിപ്പിക്കാനുമായി മനുഷ്യർ ആത്മാവിന്റെ അമർത്യത എന്ന പഠിപ്പിക്കൽ മുതൽ പുനർജന്മവിശ്വാസം വരെ, എല്ലാത്തരം വിശ്വാസങ്ങളും കെട്ടിച്ചമച്ചിരിക്കുന്നു. ശാസ്ത്രജ്ഞന്മാർ വാർധക്യം പ്രാപിക്കലിന്റെ നിഗൂഢതയെക്കുറിച്ചു സൂക്ഷ്മാന്വേഷണം നടത്തുകയാണ്. എന്തുകൊണ്ടെന്നാൽ മരണം ഇല്ലാതാക്കാൻ, കുറഞ്ഞപക്ഷം അതു നീട്ടിവെക്കാനെങ്കിലും, അവരും ആഗ്രഹിക്കുന്നു. നിരീശ്വര വിശ്വാസികളായ പരിണാമവാദികൾ നിത്യമായി ജീവിക്കാനുള്ള ആഗ്രഹത്തെ പരിണാമത്തിന്റെ ഒരു തന്ത്രമെന്നോ ചതിയെന്നോ പറഞ്ഞ് തള്ളിക്കളയുന്നു. എന്തുകൊണ്ടെന്നാൽ മനുഷ്യർ കേവലം ഉയർന്ന ജന്തുക്കളാണെന്ന അവരുടെ വീക്ഷണവുമായി അത് യോജിക്കുന്നില്ല. നേരേമറിച്ച്, മരണം ഒരു ശത്രുവാണെന്ന ബൈബിൾ പ്രസ്താവന ജീവിക്കാനുള്ള നമ്മുടെ സ്വാഭാവിക വാഞ്ഛയുമായി ഒത്തുവരുന്നു.—1 കൊരിന്ത്യർ 15:26.
അങ്ങനെയെങ്കിൽ, നാം എന്നേക്കും ജീവിക്കാൻ നിർമിക്കപ്പെട്ടതാണ് എന്നുള്ളതിന് നമ്മുടെ ശരീരത്തിൽ എന്തെങ്കിലും സൂചനകളുണ്ടോ? ഉണ്ട് എന്നതാണ് ഉത്തരം! ഇപ്പോൾ ജീവിക്കുന്നതിനെക്കാൾ വളരെയേറെക്കാലം ജീവിക്കാനാണ് നാം നിർമിക്കപ്പെട്ടിരിക്കുന്നത് എന്നതിന് നമ്മുടെ മസ്തിഷ്കം തന്നെ വിസ്മയാവഹമായ തെളിവുകൾ നൽകുന്നു.
എന്നേക്കും ജീവിക്കാൻ നിർമിക്കപ്പെട്ടവർ
ഏതാണ്ട് 1.4 കിലോഗ്രാം തൂക്കമുള്ള മസ്തിഷ്കത്തിൽ 1,000 കോടിമുതൽ 10,000 കോടിവരെ നാഡീകോശങ്ങളുണ്ട്. ഈ നാഡീകോശങ്ങളിൽ ഏതെങ്കിലും ഒരെണ്ണം മറ്റൊന്നുമായി കൃത്യമായി സമാനതയുള്ളതല്ലെന്നു പറയപ്പെടുന്നു. ഓരോ നാഡീകോശത്തിനും 2,00,000-ത്തോളം മറ്റു നാഡീകോശങ്ങളുമായി ആശയങ്ങൾ കൈമാറാൻ കഴിയും. അങ്ങനെ മസ്തിഷ്കത്തിൽ അസംഖ്യം വ്യത്യസ്ത സർക്യൂട്ടുകൾ അഥവാ പഥങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ടും അവസാനിക്കുന്നില്ല, “ഓരോ നാഡീകോശവും അതിസങ്കീർണമായ ഒരു കമ്പ്യൂട്ടറാണ്” എന്ന് സയൻറിഫിക് അമേരിക്കൻ പറയുന്നു.
നാഡീകോശങ്ങളുടെ പ്രവർത്തനവിധത്തെ സ്വാധീനിക്കുന്ന ഒരു രാസ സൂപ്പിൽ മസ്തിഷ്കം മുങ്ങിക്കിടക്കുന്നു. അത് ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടറിനെക്കാളും വളരെയധികം സങ്കീർണമാണ്. “ഓരോ തലയിലും . . . അത്ഭുതകരമായ ഓരോ പവർഹൗസ് ഉണ്ട്, ഒതുക്കവും കാര്യക്ഷമതയുമുള്ള ആ അവയവത്തെക്കുറിച്ച് പഠിക്കുന്തോറും അതിന്റെ പ്രാപ്തി അനന്തമായിരിക്കുന്നതായി തോന്നുന്നു” എന്ന് ടോണി ബൂസാനും ടെറന്റ്സ് ഡിക്സണും എഴുതുന്നു. പ്രൊഫസർ പ്യോട്ടർ ആനോച്ചിനെ ഉദ്ധരിച്ചുകൊണ്ട് അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മസ്തിഷ്കത്തിന്റെ പ്രാപ്തി മുഴുവനായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു മനുഷ്യനുമില്ല. അതുകൊണ്ടാണ് മനുഷ്യ മസ്തിഷ്കത്തിന്റെ പരിധികളെക്കുറിച്ചുള്ള അശുഭകരമായ കണക്കുകൂട്ടലുകൾ ഒന്നും ഞങ്ങൾ സ്വീകരിക്കാത്തത്. അതിന്റെ പ്രാപ്തി നിസ്സീമമാണ്.”
ഈ അമ്പരപ്പിക്കുന്ന വസ്തുതകൾ പരിണാമ സിദ്ധാന്തത്തിനു കടക വിരുദ്ധമാണ്. പരിണാമം, എളിയവരായ ഗുഹാവാസികൾക്കായി, അല്ലെങ്കിൽ ഇന്നത്തെ വിദ്യാസമ്പന്നർക്കായി, ഒരു ദശലക്ഷം ആയുഷ്കാലമോ 100 കോടി ആയുഷ്കാലം പോലുമോ ഉപയോഗിക്കാൻ കഴിയുന്ന ഒരു അവയവം എന്തിന് “സൃഷ്ടിക്കണം”? തീർച്ചയായും, യുക്തിസഹമായ ഉത്തരം മനുഷ്യൻ നിത്യമായി ജീവിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നതു മാത്രമാണ്! എന്നാൽ നമ്മുടെ ശരീരത്തിന്റെ കാര്യമെടുത്താലോ?
കേടുപോക്കലും നവീകരണവും—മനസ്സിലൂടെയും ശരീരത്തിലൂടെയും ഒരു യാത്ര (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “അസ്ഥികളും ശരീരകലകളും അവയവങ്ങളും സ്വയം കേടുപോക്കുന്ന വിധം അത്ഭുതാവഹം തന്നെയാണ്. നാം അതിനെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുന്നെങ്കിൽ ത്വക്ക്, തലമുടി, നഖം എന്നിവയുടെയും മറ്റു ശരീരഭാഗങ്ങളുടെയും നിശ്ശബ്ദമായ പുതുക്കൽ പ്രക്രിയ അങ്ങേയറ്റം അത്ഭുതകരമായിരിക്കുന്നതായി നാം കണ്ടെത്തും: അത് തുടർച്ചയായി 24 മണിക്കൂറും നടക്കുന്നു. ജൈവരസതന്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, നമ്മുടെ ആയുഷ്കാലത്തു നാം പലതവണ അക്ഷരാർഥത്തിൽ പുനഃസൃഷ്ടിക്കപ്പെടുന്നു.”
ദൈവത്തിന്റെ തക്ക സമയത്ത്, അത്ഭുതകരമായ ഈ സ്വനവീകരണ പ്രക്രിയയെ അനന്തമായി തുടർന്നു പോകാൻ അനുവദിക്കുന്നത് അവന് ഒരു പ്രശ്നമായിരിക്കില്ല. അങ്ങനെ, ഒടുവിൽ “മരണം ഇല്ലാതാക്ക[പ്പെടും].” (1 കൊരിന്ത്യർ 15:26, NW) എന്നാൽ യഥാർഥത്തിൽ സന്തുഷ്ടരായിരിക്കുന്നതിന് നമുക്കു നിത്യജീവൻ മാത്രം പോരാ. ദൈവവുമായും സഹ മനുഷ്യരുമായും നാം സമാധാനത്തിലായിരിക്കേണ്ടത് ആവശ്യമാണ്. ആളുകൾ പരസ്പരം യഥാർഥ സ്നേഹം പ്രകടമാക്കിയാൽ മാത്രമേ അത്തരം സമാധാനം യാഥാർഥ്യമാകൂ.
സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു പുതിയ ലോകം
“ദൈവം സ്നേഹം തന്നേ” എന്ന് 1 യോഹന്നാൻ 4:8 പറയുന്നു. സ്നേഹം വളരെ ശക്തമാണ്, പ്രത്യേകിച്ചും യഹോവയാം ദൈവത്തിന്റെ സ്നേഹം. എന്തുകൊണ്ടെന്നാൽ നമുക്ക് നിത്യജീവന്റെ പ്രത്യാശ ഉണ്ടായിരിക്കുന്നതിന്റെ അടിസ്ഥാന കാരണം അതാണ്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്ന് യോഹന്നാൻ 3:16 പറയുന്നു.
നിത്യജീവൻ! എന്തൊരു അത്ഭുതകരമായ പ്രതീക്ഷ! എന്നാൽ നമുക്കു പാപം പാരമ്പര്യമായി കിട്ടിയതുകൊണ്ട് നമുക്ക് ജീവന് യാതൊരു അവകാശവുമില്ല. “പാപത്തിന്റെ ശമ്പളം മരണമത്രേ” എന്ന് ബൈബിൾ പറയുന്നു. (റോമർ 6:23) എന്നാൽ, സന്തോഷകരമെന്നു പറയട്ടെ, നമുക്കു വേണ്ടി മരിക്കാൻ സ്നേഹം ദൈവപുത്രനായ യേശുക്രിസ്തുവിനെ പ്രേരിപ്പിച്ചു. അപ്പോസ്തലനായ യോഹന്നാൻ യേശുവിനെക്കുറിച്ച് ഇങ്ങനെയെഴുതി: ‘അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തു.’ (1 യോഹന്നാൻ 3:16) അതേ, അവനിൽ വിശ്വാസമർപ്പിക്കുന്ന നമ്മുടെ പാപങ്ങൾ റദ്ദാക്കപ്പെടുന്നതിനും നിത്യജീവൻ ലഭിക്കുന്നതിനും വേണ്ടി അവൻ തന്റെ പൂർണതയുള്ള മനുഷ്യ ജീവനെ “അനേകർക്കു വേണ്ടി . . . മറുവിലയായി” കൊടുത്തു. (മത്തായി 20:28) ബൈബിൾ ഇപ്രകാരം വിശദീകരിക്കുന്നു: “ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു.”—1 യോഹന്നാൻ 4:9.
അങ്ങനെയെങ്കിൽ, ദൈവവും അവന്റെ പുത്രനും നമ്മോടു കാണിച്ചിരിക്കുന്ന സ്നേഹത്തോട് നാം എങ്ങനെ പ്രതികരിക്കണം? ബൈബിൾ തുടർന്ന് ഇങ്ങനെ പറയുന്നു: “പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.” (1 യോഹന്നാൻ 4:11) നാം സ്നേഹിക്കാൻ പഠിക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാൽ ആ ഗുണം ദൈവത്തിന്റെ പുതിയ ലോകത്തിന്റെ ആണിക്കല്ലായിരിക്കും. യഹോവയാം ദൈവം തന്റെ വചനമായ ബൈബിളിൽ ഊന്നിപ്പറഞ്ഞിരിക്കുന്ന സ്നേഹത്തിന്റെ പ്രാധാന്യം ഇന്ന് അനേകരും വിലമതിക്കാൻ ഇടയായിട്ടുണ്ട്.
സ്നേഹം ലഭിക്കാത്ത “കുട്ടികൾ മരിച്ചുപോകുന്നതിനുള്ള സാധ്യതയുണ്ട്” എന്ന് സ്നേഹവും പ്രകൃതിയിലെ അതിന്റെ സ്ഥാനവും (ഇംഗ്ലീഷ്) എന്ന പുസ്തകം അഭിപ്രായപ്പെട്ടു. എന്നാൽ, സ്നേഹത്തിനു വേണ്ടിയുള്ള ആ ആവശ്യം ആളുകൾ മുതിർന്നു കഴിയുമ്പോൾ അവസാനിക്കുന്നില്ല. ഒരു പ്രമുഖ നരവംശശാസ്ത്രജ്ഞൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “സൂര്യൻ നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്നതുപോലെ” സ്നേഹം “മനുഷ്യന്റെ എല്ലാ ആവശ്യങ്ങളുടെയും കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്നു . . . സ്നേഹം ലഭിക്കാത്ത കുട്ടി സ്നേഹം ലഭിക്കുന്ന കുട്ടിയിൽനിന്ന് ജൈവരസതന്ത്രപരമായും ശരീരധർമപരമായും മനഃശാസ്ത്രപരമായും വളരെ വ്യത്യസ്തനാണ്. സ്നേഹം ലഭിക്കാത്ത കുട്ടിയുടെ വളർച്ചയും മറ്റേ കുട്ടിയുടേതിൽനിന്ന് വ്യത്യസ്തമായിരിക്കും.”
സകല ഭൂവാസികളും അന്യോന്യം യഥാർഥ സ്നേഹം പ്രകടമാക്കുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്ന് നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? ഒരു വ്യക്തി വ്യത്യസ്ത ദേശക്കാരനോ വർഗക്കാരനോ നിറക്കാരനോ ആണെന്ന കാരണത്താൽ ആരും അയാളുടെനേരെ മേലാൽ മുൻവിധി വെച്ചുപുലർത്തുകയില്ല! ദൈവത്തിന്റെ നിയമിത രാജാവായ യേശുക്രിസ്തുവിന്റെ ഭരണത്തിൻ കീഴിൽ ഭൂമിയിൽ സമാധാനവും സ്നേഹവും നിറഞ്ഞു കവിയും. അത് ഈ നിശ്വസ്ത ബൈബിൾ സങ്കീർത്തനത്തിന്റെ നിവൃത്തിയായിരിക്കും:
“ദൈവമേ, രാജാവിന്നു നിന്റെ ന്യായവും . . . നല്കേണമേ. ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ; . . . അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അററങ്ങൾവരെയും ഭരിക്കട്ടെ. അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.”—സങ്കീർത്തനം 72:1, 4, 7, 8, 12, 13.
പിൻവരുന്ന ബൈബിൾ സങ്കീർത്തനത്തിൽ വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നതുപോലെ, ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കാൻ ദുഷ്ടന്മാരെ അനുവദിക്കുകയില്ല: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:9-11.
അന്ന്, ശവക്കുഴിയിൽനിന്ന്, മരിച്ചവരുടെ ഇടയിൽനിന്ന് പുനരുത്ഥാനം ചെയ്യപ്പെടുന്നവർ ഉൾപ്പെടെയുള്ള അനുസരണമുള്ള സകല മനുഷ്യരുടെയും മനസ്സും ശരീരവും സൗഖ്യമാക്കപ്പെടും. ഒടുവിൽ, ജീവിച്ചിരിക്കുന്ന സകലരും ദൈവത്തിന്റെ പ്രതിച്ഛായ പൂർണമായി പ്രതിഫലിപ്പിക്കും. ശരിയായത് ചെയ്യുന്നതിനുള്ള വലിയ പോരാട്ടം അവസാനിക്കും. ജീവിച്ചിരിക്കാനുള്ള നമ്മുടെ വാഞ്ഛയും മരണമെന്ന ഇപ്പോഴത്തെ കഠിന യാഥാർഥ്യവും തമ്മിലുള്ള പൊരുത്തക്കേടും അവസാനിക്കും! അതേ, നമ്മുടെ സ്നേഹനിധിയായ ദൈവം നൽകുന്ന സുനിശ്ചിത പ്രത്യാശ ഇതാണ്: “ഇനി മരണം ഉണ്ടാകയില്ല.”—വെളിപ്പാടു 21:5; പ്രവൃത്തികൾ 24:15.
അതുകൊണ്ട്, ശരിയായതു ചെയ്യുന്നതിനുള്ള പോരാട്ടത്തിൽനിന്ന് നിങ്ങളൊരിക്കലും തളർന്നു പിന്മാറാതിരിക്കുക. ഈ ദിവ്യ അനുശാസനത്തിനു ചെവികൊടുക്കുക: “വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക.” ദൈവത്തിന്റെ പുതിയ ലോകത്തിലെ ആ ജീവനെയാണ് ബൈബിൾ ‘സാക്ഷാലുള്ള ജീവൻ’ എന്നു വിളിക്കുന്നത്.—1 തിമൊഥെയൊസ് 6:12, 19.
ബൈബിളിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന ഈ സത്യം നിങ്ങൾ മനസ്സിലാക്കാൻ ഇടവരട്ടെ: “യഹോവയാണ് ദൈവം. അവനാണ് നമ്മെ ഉണ്ടാക്കിയത്, നാം സ്വയം ഉണ്ടായിവന്നതല്ല.” ആ സത്യം മനസ്സിലാക്കുന്നത്, സ്നേഹവും നീതിയും കളിയാടുന്ന യഹോവയുടെ പുതിയ ലോകത്തിലെ ജീവിതത്തിനായി യോഗ്യത പ്രാപിക്കുന്നതിലെ ഒരു സുപ്രധാന പടിയാണ്.—സങ്കീർത്തനം 100:3, NW; 2 പത്രൊസ് 3:13.
[11-ാം പേജിലെ ആകർഷകവാക്യം]
ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവനെയാണ് ബൈബിൾ ‘സാക്ഷാലുള്ള ജീവൻ’ എന്നു വിളിക്കുന്നത്.—1 തിമൊഥെയൊസ് 6:19
[9-ാം പേജിലെ ചിത്രം]
മനുഷ്യർ ദൈവനിയമങ്ങളാകുന്ന സംരക്ഷണാത്മക കൈവരി തകർത്തു പുറത്തുകടന്നിരിക്കുന്നു, അതിന്റെ ഫലങ്ങളാകട്ടെ വിപത്കരവും
[10-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ ഭരണത്തിൻ കീഴിൽ, മനുഷ്യവർഗം സമാധാനപൂർണമായ ഒരു പുതിയ ലോകം ആസ്വദിക്കും