എന്റെ തേനീച്ചകൾ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു!
സ്വീഡനു വടക്കുള്ള ഒരു കൊച്ചു ഫാമിലാണ് എന്റെ താമസം. അടുത്തയിടെ എന്റെ രണ്ട് കോഴികൾ അടയിരുന്നപ്പോൾ അവയുടെ അപ്പോഴത്തെ പെരുമാറ്റരീതി ഞാൻ ശ്രദ്ധിച്ചു. ആദ്യം മുട്ടവിരിഞ്ഞ് പുറത്തുവന്ന കോഴിക്കുഞ്ഞുങ്ങളിൽ ചിലത് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചുറ്റിയടിക്കാനിറങ്ങി. ആ വഴിക്ക് അവ മറ്റേ കോഴിയുടെ അരികിലൂടെ കടന്നുപോകാൻ ഇടയായി. അവൾ ഉടനടി അടയിരുന്നിരുന്ന മുട്ടകൾ ഉപേക്ഷിച്ച് എഴുന്നേറ്റു, ആ കോഴിക്കുഞ്ഞുങ്ങൾ തന്റേതാണെന്ന ധാരണയിൽ അവൾ അവയെ തന്റെ ചിറകിൻ കീഴിലാക്കാൻ തുടങ്ങി. ഏതു കോഴിയാണു തങ്ങളെ പരിപാലിക്കുന്നത് എന്നതു കോഴിക്കുഞ്ഞുങ്ങൾക്കും വിഷയമായിരുന്നില്ല.
ആ കോഴിയെക്കൊണ്ട് “മോഷ്ടിച്ച” കോഴിക്കുഞ്ഞുങ്ങളെ തിരികെ കൊടുപ്പിക്കാനും അവളുടെ സ്വന്തം മുട്ടകളിൽ അടയിരുത്താനും ഞാൻ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഉപേക്ഷിക്കപ്പെട്ട മുട്ടകൾ കളയാൻ തുടങ്ങവേ പെട്ടെന്നു ഞാൻ ഒരു നിമിഷം ചിന്തിച്ചു, ‘ഈ മുട്ടകളിൽ ഇപ്പോഴും ജീവനുണ്ടായിരിക്കും!’ അപ്പോൾ എന്റെ മനസ്സിൽ ഒരു ആശയം ഉദിച്ചു.
ഒരു വലിയ തേനീച്ചക്കൂട്ടിലെ സ്ഥായിയായ താപനില ഏതാണ്ട് 34 ഡിഗ്രി സെൽഷ്യസ് ആണ്. അതുകൊണ്ട് ഞാൻ ആ മുട്ടകൾ എടുത്ത് എന്റെ തേനീച്ചക്കൂട്ടിലെ പ്രജനന അറയുടെ മീതെ പഞ്ഞി നിരത്തി അതിന്മേൽ വെച്ചു. എന്നിട്ട് കൂട്ടിൽ ഈർപ്പമുണ്ടാകാൻ അവയ്ക്ക് അരികിലായി രണ്ട് കപ്പ് വെള്ളവും വെച്ചു. അടയിരിക്കുന്ന കോഴി ചെയ്യുന്നതുപോലെ ഞാൻ ദിവസവും ആ മുട്ടകൾ തിരിച്ചും മറിച്ചും വെച്ചു.
ഏതാനും ദിവസങ്ങൾക്കു ശേഷം ചില മുട്ടകളിൽനിന്ന് ഞാൻ സുവ്യക്തമായ ശബ്ദങ്ങൾ കേട്ടു. അൽപ്പസമയം കഴിഞ്ഞപ്പോൾ മുട്ട വിരിഞ്ഞ് നനഞ്ഞ പരുവത്തിൽ ഒരു കോഴിക്കുഞ്ഞ് പുറത്തേക്കു വന്നു! ഉടനടി ഞാൻ അതിനെ എടുത്ത് മുട്ടകൾ ഉപേക്ഷിച്ചുപോയ ആ കോഴിയുടെ ചിറകിനടിയിൽ വെച്ചുകൊടുത്തു. സന്തോഷകരമെന്നു പറയട്ടെ, അവൾ അതിനെ സ്വീകരിച്ചു. താമസിയാതെ അവൾക്ക് പരിപാലിക്കാൻ 12 കോഴിക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. ആ തേനീച്ചകളുടെ സഹായത്തോടെയാണ് ഇതു സാധിച്ചത്.—സംഭാവന ചെയ്യപ്പെട്ടത്.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
എല്ലാ ചിത്രങ്ങളും: Foto, Roland Berggren, Västerbottens-Kuriren, Sverige