ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഇന്റർനെറ്റ് ഞാൻ കമ്പ്യൂട്ടർ എഞ്ചിനിയറാകാൻ പഠിക്കുകയാണ്. “ഇന്റർനെറ്റ്—അതു നിങ്ങൾക്കുള്ളതോ?” (ജൂലൈ 22, 1997) എന്ന ലേഖനപരമ്പരയ്ക്ക് നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ലേഖനങ്ങൾ സംക്ഷിപ്തവും വിജ്ഞാനപ്രദവും ശാസ്ത്രീയമായി കൃത്യതയുള്ളതുമായിരുന്നു. ഇന്റർനെറ്റിനെ ചുറ്റിപ്പറ്റിയുള്ള അർഥശൂന്യമായ മുൻവിധിയും പരിഭ്രാന്തിയും ഒന്നും നിങ്ങൾക്ക് ഉണ്ടായിരുന്നില്ല. അതേസമയം, യഥാർഥ അപകടങ്ങൾ നിങ്ങൾ മറച്ചുവെക്കുകയും ചെയ്തില്ല.
എൽ. ഇ., ഇറ്റലി
ഞാൻ കമ്പ്യൂട്ടർ ക്ലാസ്സുകൾ എടുക്കുന്നുണ്ട്. സമകാലിക വിവരങ്ങൾ അറിയാൻ മിക്കപ്പോഴും ഞാൻ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മാസികകൾ വാങ്ങാറുണ്ട്. ഇന്റർനെറ്റിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഇത്രയും തുറന്നു സംസാരിക്കാൻ വേറൊരു മാസികയും ധൈര്യം കാണിച്ചിട്ടില്ല.
എ. എ. എസ്., ബ്രസീൽ
ഈയിടെയായി ഞാൻ ഇന്റർനെറ്റിനെക്കുറിച്ച് വളരെയധികം കാര്യങ്ങൾ കേൾക്കുന്നുണ്ട്. എന്നാൽ അതെന്താണെന്ന് എനിക്കു വ്യക്തമായിരുന്നില്ല. നിങ്ങളുടെ ലേഖനപരമ്പര ഈ വിഷയം എളുപ്പം മനസ്സിലാക്കാൻ പാകത്തിന് വളരെ ലളിതമായി വിവരിച്ചുതന്നു.
എ. എച്ച്., ഇന്ത്യ
വേൾഡ് വൈഡ് വെബിനെക്കുറിച്ച് കുറച്ചു മാത്രം അറിവുള്ള അല്ലെങ്കിൽ ഒട്ടുംതന്നെ അറിവില്ലാത്ത വായനക്കാർക്കുപോലും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിലാണ് നിങ്ങൾ എഴുതിയത്. അത് ഉപയോഗിക്കുന്നതിന്റെ ചെലവിനെക്കുറിച്ച് കണക്കുകൂട്ടി നോക്കാനും നിങ്ങൾ ഞങ്ങളെ സഹായിച്ചു.
ഇ. കെ., എത്യോപ്യ
കുറ്റപ്പെടുത്തൽ എനിക്ക് 15 വയസ്സുണ്ട്. “യുവജനങ്ങൾ ചോദിക്കുന്നു. . . കുറ്റം എപ്പോഴും എനിക്കായിരിക്കുന്നത് എന്തുകൊണ്ട്?” എന്ന ലേഖനം വായിച്ചപ്പോൾ എന്റെ കവിളിലൂടെ കണ്ണുനീർ ധാരയായി ഒഴുകി. വീട്ടിലെ ഇളയ കുട്ടി ഞാനാണ്. എപ്പോഴും എല്ലാറ്റിനും എന്നെയാണു കുറ്റപ്പെടുത്താറ്. ഈ വിഷയത്തെക്കുറിച്ച് എഴുതിയതിന് നന്ദി.
എൻ. എച്ച്., ഐക്യനാടുകൾ
ഭ്രംശതാഴ്വര “മഹാ ഭ്രംശതാഴ്വര” (ജൂലൈ 22, 1997) എന്ന ലേഖനം ഞാൻ പലവുരു വായിച്ചു. ഒരു പര്യവേക്ഷണം നടത്തുന്നതുപോലെ ആയിരുന്നു അത്. എന്റെ ഭർത്താവിന് ആഫ്രിക്കയിൽ ആയിരുന്നു ജോലി. അതുകൊണ്ട് ടാൻസാനിയയുടെ തെക്കുഭാഗത്തേക്കു ഞാൻ യാത്ര ചെയ്തിട്ടുണ്ട്. യാത്രയിലുടനീളം ഞാൻ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. ആഫ്രിക്ക വൈവിധ്യം പുലർത്തുന്ന ഒരു ദേശമാണ്, അവിടെ എല്ലാം വർണാഭമാണ്; അത് എന്റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചു.
ബി. എസ്., കാനഡ
അഭിവൃദ്ധി പ്രാപിക്കുന്ന കുട്ടികൾ “അഭിവൃദ്ധി പ്രാപിക്കാൻ നിങ്ങളുടെ മക്കളെ സഹായിക്കുക” (ആഗസ്റ്റ് 8, 1997) എന്ന വിശിഷ്ട ലേഖനപരമ്പരയ്ക്കു നന്ദി. അതു വളരെ പ്രയോജനപ്രദവും പ്രോത്സാഹജനകവുമായി എനിക്കു തോന്നി. എനിക്ക് മൂന്നു വയസ്സുള്ള ഒരു മകനുണ്ട്. അവന്റെ വീക്ഷണഗതി മനസ്സിലാക്കാനും അവന് ശിക്ഷണം നൽകുന്ന വിധം മെച്ചപ്പെടുത്താനും ഈ ലേഖനം എന്നെ സഹായിച്ചു. ഈ ലേഖനങ്ങൾ നൽകിയതിന് ഞാൻ യഹോവയ്ക്ക് ഹൃദയംഗമമായ നന്ദി നൽകുന്നു.
പി. എസ്., ഇറ്റലി
“കഠിന വാക്കുകൾ, കലങ്ങിയ മനസ്സുകൾ” എന്ന ലേഖനം എന്നെ ആഴത്തിൽ സ്പർശിച്ചു. ജീവിതം മുഴുവൻ ഞാൻ എന്നെത്തന്നെ നിശിതമായി വിമർശിക്കുകയായിരുന്നു. വിമർശിക്കുന്നതിനുപകരം വളരെയധികം ദുരിതങ്ങൾ സഹിച്ചിട്ടുള്ളവരെയെല്ലാം സഹായിക്കാൻ നിങ്ങൾ സ്നേഹപൂർവം ശ്രമിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. യഹോവ നിങ്ങളെ തുടർന്നും അനുഗ്രഹിക്കട്ടെ, ഇത്രയധികം പ്രയോജനപ്രദവും ആശ്വാസദായകവുമായ ലേഖനങ്ങൾ എഴുതാൻ അവൻ തുടർന്നും നിങ്ങളെ നയിക്കട്ടെ.
എൽ. ഡി., കാനഡ
ഞങ്ങളെപ്പോലെയുള്ള പലരും അനുഭവിച്ചിട്ടുള്ള ആന്തരിക പ്രക്ഷുബ്ധതയുടെ മൂല കാരണം മനസ്സിലാകത്തക്കവിധം ഈ ലേഖനങ്ങൾ അനേകരുടെയും കണ്ണുകൾ തുറപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് ഇത്രയധികം ചർച്ച ചെയ്തതിന് നന്ദി.
എൽ. ബി., ഐക്യനാടുകൾ
നഴ്സറി സ്കൂളിലെ അധ്യാപിക എന്ന നിലയിലുള്ള എന്റെ ജോലി മെച്ചമായി നിവർത്തിക്കാൻ ഇത്തരം ലേഖനങ്ങൾ എന്നെ സഹായിക്കുന്നു. ഞങ്ങൾക്ക് സമകാലിക വിവരങ്ങൾ നൽകുന്നതിനും ഞങ്ങളെ പുരോഗമിക്കാൻ സഹായിക്കുന്നതിനും ഒരായിരം നന്ദി.
ജി. ആർ., മെക്സിക്കോ
ഈ ലേഖനങ്ങൾ എനിക്ക് അൽപ്പം പ്രത്യാശ നൽകി. ഒരു തകർന്ന കുടുംബത്തിൽപ്പെട്ടവളാണ് ഞാൻ. യഹോവയെ സേവിക്കാനും എന്റെ കുഞ്ഞു മകളെ പരിപാലിക്കാനും ഞാൻ യോഗ്യയല്ലെന്ന് മിക്കപ്പോഴും എനിക്കു തോന്നാറുണ്ട്. ഈ ലേഖനത്തിലെ നിർദേശങ്ങൾ ബാധമാക്കാൻ ഞാൻ എന്നെക്കൊണ്ട് ആകുന്നതെല്ലാം ചെയ്യും. നിങ്ങളുടെ കരുതലിനു നന്ദി.
എ. എ., ഐക്യനാടുകൾ