അതികഠോര പീഡനത്തിനുപയോഗിച്ച ഉപകരണങ്ങൾ
“വിലങ്ങ്,” “പീഡനം,” “വധനിർവഹണം.” ഈ വാക്കുകൾ നിങ്ങളിൽ ഞെട്ടലുളവാക്കുന്നുവോ? യൂറോപ്പിൽ (13-ഉം 19-ഉം നൂറ്റാണ്ടുകൾക്കിടയ്ക്ക്) അരങ്ങേറിയ മതവിചാരണയുടെയും മന്ത്രവാദിനി വിചാരണയുടെയും ആയിരക്കണക്കിന് ഇരകളെ സംബന്ധിച്ചിടത്തോളം അവ വേദനാകരമായ യാഥാർഥ്യമായിരുന്നു. അക്കാലത്ത് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇവിടെ കാണിച്ചിരിക്കുന്നത്. അവ ജർമനിയിലെ റൈൻ നദിക്കടുത്തായി റ്യൂഡെസ്ഹൈമിൽ സ്ഥിതിചെയ്യുന്ന ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നവയാണ്. അവയ്ക്ക് ഇരയാകേണ്ടിവന്നവർ എത്രമാത്രം വേദന അനുഭവിച്ചിരുന്നുവെന്ന് അവ സൂചിപ്പിക്കുന്നു.
പാവം ‘കുറ്റവാളിയെ’ കൂർത്ത മുള്ളുകൾ നിറഞ്ഞ മതവിചാരണാ കസേരയിൽ വിസ്താരത്തിനായി വിവസ്ത്രനായി ഇരുത്തിയപ്പോൾ അയാളനുഭവിച്ച കഠോരവേദന വാക്കുകളിലൂടെ വർണിക്കാനാവില്ല. മുട്ടാണികൾ അയാളുടെ കൈകാലുകളെയും സന്ധികളെയും പറിച്ചു കീറുകയോ നശിപ്പിക്കുകയോ ചെയ്തു. പൂച്ചയുടെ നഖപാദങ്ങൾ ഉപയോഗിച്ച് അയാളുടെ മാംസം കഷണങ്ങളായി പിച്ചിക്കീറി. ശരീരത്തിന്റെ ഒരു ഭാഗവും വെറുതെ വിട്ടില്ല. മുള്ളുകളുള്ള കഴുത്തുപട്ട ‘കുറ്റവാളി’യുടെ കഴുത്ത്, തോൾ, താടി എന്നിവിടങ്ങളെ നിർജീവമാക്കുകയും ഇത് പെട്ടെന്നുതന്നെ രക്തത്തിൽ വിഷംകലർന്ന് അയാൾ മരിക്കുന്നതിന് ഇടയാക്കുകയും ചെയ്തു.
റോമൻ കത്തോലിക്കാ സഭ നിയോഗിച്ച മതവിചാരകർ വിമതരെ ദ്രോഹിക്കുന്നതിന് ഇവയും സമാനമായ ഉപകരണങ്ങളും ഉപയോഗിച്ചു. ഈ വിമതരിൽ അധികവും അധിക്ഷേപത്തിനു പാത്രമായിരുന്ന സാധാരണക്കാരായിരുന്നു. ഇവരെ പീഡിപ്പിച്ച് “കുറ്റസമ്മതം” നടത്തിക്കുകയായിരുന്നു. വാസ്തവത്തിൽ, വാൾഡെൻസുകാരുടെ പാപ്പാ-മതവിചാരണയുടെ സമയത്ത് പീഡനോപകരണങ്ങളിൽ ആനാംവെള്ളം തളിക്കുകപോലും ചെയ്തിരുന്നു.
ക്രൈസ്തവലോകം മതവിചാരണയുടെ കാര്യത്തിൽ ഭാരിച്ച കുറ്റം പേറുന്നു. ചരിത്രകാരനായ വാൾട്ടർ നിഗ് വിശദീകരിക്കുന്നു: “ക്രൈസ്തവലോകം മതവിചാരണയുമായി ബന്ധപ്പെട്ട് ചെയ്തിട്ടുള്ള പാപങ്ങൾ ഏറ്റുപറയുകയും—പരസ്യമായും ഉറച്ച ബോധ്യത്തോടെയും—മതവുമായി ബന്ധപ്പെട്ട എല്ലാത്തരം അക്രമവും ആത്മാർഥമായും നിരുപാധികമായും വെടിയുകയും ചെയ്യുന്നതുവരെ അതിന് യാതൊരു അനുഗ്രഹവും ലഭിക്കുകയില്ല.”
[31-ാം പേജിലെ ചിത്രം]
മതവിചാരണാ കസേര
മുട്ടാണികൾ
പൂച്ചയുടെ നഖപാദങ്ങൾ
മുള്ളുകളുള്ള കഴുത്തുപട്ട
[കടപ്പാട്]
എല്ലാ ചിത്രങ്ങളും: Mittelalterliches Foltermuseum Rüdesheim/Rhein