ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഉണരുക!യെ അഭിനന്ദിക്കുന്നു
1996 ഡിസംബർ 8 ലക്കം ഉണരുക! “ഹൃദയാഘാതം—എന്തു ചെയ്യാൻ കഴിയും?” എന്ന തലക്കെട്ടിലുള്ള ഒരു ലേഖനപരമ്പര വിശേഷവത്കരിച്ചു. ജർമനിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന പ്രമുഖരിൽ ഒരാളും തൊറാസിക്ക് ആൻഡ് കാർഡിയോവാസ്ക്കുലർ ഡിപ്പാർട്ടുമെൻറിന്റെ തലവനുമായ പ്രൊഫസർ തോമസ് സ്റ്റെഗ്മാൻ ആ ലേഖനങ്ങൾ വായിച്ചിട്ട് അവയുടെ പ്രസാധകർക്ക് പിൻവരുന്നപ്രകാരം എഴുതി:
“ഹൃദ്രോഗത്തെക്കുറിച്ചും പ്രത്യേകാൽ ഹൃദയാഘാതത്തെക്കുറിച്ചുമുള്ള നിങ്ങളുടെ റിപ്പോർട്ട് ഞാൻ താത്പര്യത്തോടെ വായിച്ചു. ഹൃദയാഘാതത്തെക്കുറിച്ചുള്ള നിങ്ങളുടെ വിശദീകരണവും ആ വിഷയത്തെക്കുറിച്ചു നിങ്ങൾ പ്രദാനംചെയ്ത വിവരങ്ങളും വളരെ നന്നായിരുന്നുവെന്നു പറയാൻ പ്രസ്തുത മേഖലയിലെ ഒരു വിദഗ്ധനെന്ന നിലയിൽ ഞാൻ പ്രേരിതനാകുകയാണ്. നിങ്ങൾ ഓരോ ഹൃദ്രോഗിയോടും വളരെയധികം സഹാനുഭൂതി പ്രകടമാക്കുകയും അതേസമയം വൈദ്യശാസ്ത്ര വസ്തുതകളെക്കുറിച്ചു കൃത്യമായ വിവരണം നൽകുകയും ചെയ്തു. വസ്തുനിഷ്ഠമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ആ വിശദീകരണം വിജ്ഞാനപ്രദമായ ഒരു സംഗ്രഹമാണ്. ഹൃദയാഘാത ലക്ഷണങ്ങളെ ആരംഭത്തിൽതന്നെ തിരിച്ചറിയുന്നതിനു നിങ്ങൾ പ്രത്യേക പ്രാധാന്യം കൽപ്പിച്ചതും വളരെ പ്രധാനമായിരുന്നു.
“വൈദ്യശാസ്ത്രത്തിന്റെയും സമൂഹത്തിന്റെ പൊതുവേയുമുള്ള സംഘടിത ശ്രമങ്ങളുണ്ടായിട്ടും ആർട്ടീരിയോസ്ക്ലീറോസിസ്—പ്രത്യേകിച്ചും ഹൃദയാഘാതം—പാശ്ചാത്യരാജ്യങ്ങളിൽ മരണത്തിനിടയാക്കുന്ന ഏറ്റവും സാധാരണമായ കാരണമാണ്. അടിയുറച്ചതും വാസ്തവികവുമായ വിശദീകരണം ജനങ്ങൾക്ക്, പ്രത്യേകിച്ച് ഹൃദ്രോഗസാധ്യതയുള്ളവർക്ക് എത്രമാത്രം പ്രധാനമാണെന്ന് ഹൃദയധമനിയിലുണ്ടാകുന്ന ആർട്ടീരിയോസ്ക്ലീറോസിസിലെ ഗുരുതരമായ മാറ്റങ്ങൾ (കട്ടിയാകൽ, സങ്കോചിക്കൽ, രക്തക്കുഴൽ അടഞ്ഞുപോകൽ) ദിവസവും കൈകാര്യം ചെയ്യുകയും വിവിധ ഹൃദയശസ്ത്രക്രിയാ സമ്പ്രദായങ്ങളുപയോഗിച്ച് ഈ രോഗങ്ങൾ ചികിത്സിക്കുകയും ചെയ്യുന്ന ഒരു ഹൃദയ ശസ്ത്രക്രിയാവിദഗ്ധൻ എന്ന നിലയിൽ എനിക്കറിയാം.
“ഈ വിഷയം സംബന്ധിച്ച നിങ്ങളുടെ പ്രതിപാദനത്തെ ഊഷ്മളമായി അനുമോദിക്കാൻ ഞാനാഗ്രഹിക്കുന്നു. ഒപ്പം നിങ്ങളുടെ ലേഖനം കഴിയുന്നിടത്തോളം ആളുകൾക്ക് ലഭ്യമാക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.”
ഉണരുക! ക്രമമായി വായിക്കാനോ ഒരു സൗജന്യ ബൈബിളധ്യയനം നടത്തുന്നതിനായി ആരെങ്കിലും നിങ്ങളെ സന്ദർശിക്കാനോ ആഗ്രഹിക്കുന്നെങ്കിൽ Praharidurg Prakashan Society, Plot A/35, Nr Industrial Estate, Nangargaon, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക.