ഞങ്ങളുടെ വായനക്കാരിൽനിന്ന്
സൃഷ്ടിക്കെതിരെ പരിണാമം “നാം ഇവിടെ എങ്ങനെ വന്നു? യാദൃച്ഛിക സംഭവത്താലോ രൂപകൽപ്പനയാലോ?” (മേയ് 8, 1997) എന്ന ലേഖനപരമ്പര വ്യക്തവും ലളിതവും തികച്ചും യുക്തിപരവുമായാണ് അവതരിപ്പിക്കപ്പെട്ടത്. സൃഷ്ടിപ്പിനെ പിന്താങ്ങുന്ന ശാസ്ത്രീയ തെളിവുകൾ ഓരോ പേജിലും കാണാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ആവേശം പകരുന്നതായിരുന്നു. ദൃഷ്ടാന്തങ്ങൾ ബോധ്യംവരുത്തുന്നവയായിരുന്നു. കോശത്തെയും അതിലെ എല്ലാ ഘടകങ്ങളെയും കുറിച്ച് വീണ്ടും വായിക്കാനായത് ഞാൻ പ്രത്യേകിച്ചും ആസ്വദിച്ചു. സ്കൂൾ പഠനം കഴിഞ്ഞശേഷം മൈറ്റോകോൺഡ്രിയണിന്റെയും ഗോൾഗി വസ്തുക്കളുടെയും ധർമത്തെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടേയില്ലായിരുന്നു. ഞാനത് ശരിക്കും ആസ്വദിച്ചു.
ജെ. എസ്., ഐക്യനാടുകൾ
ഒരു ജീവശാസ്ത്ര വിദ്യാർഥിയും ആയുഷ്കാല അജ്ഞേയവാദിയുമെന്നനിലയിൽ ഈ ലേഖനങ്ങൾക്കു നന്ദിപറയാൻ ഞാനാഗ്രഹിക്കുന്നു. ആ ലേഖനങ്ങളിൽ അമിതമായി ലളിതമാക്കിയ ചില ഭാഗങ്ങൾ . . . ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ പരിണാമ സിദ്ധാന്തത്തോടു ബന്ധപ്പെട്ട ഒരു യഥാർഥ പ്രശ്നത്തിലേക്ക് അതു വിരൽചൂണ്ടി: തെളിവിന്റെ കാര്യത്തിൽ ധാരാളം വിടവുകളുണ്ടെങ്കിലും പ്രകൃതിനിർധാരണത്തിലൂടെയുള്ള പരിണാമത്തിന് ശാസ്ത്ര സമുദായം ഏതാണ്ട് ലോകമൊട്ടാകെ കൽപ്പിക്കുന്ന ശ്രേഷ്ഠത. ശാസ്ത്രത്തെ ശരിക്കും ശാസ്ത്രമെന്നു വിളിക്കണമെങ്കിൽ സന്ദേഹവാദികളാൽ അത് നിരന്തരം പരിശോധനയ്ക്കു വിധേയമാകേണ്ടതുണ്ട്. നവഡാർവിനിസത്തിന്റെ അപര്യാപ്തതയിലേക്കു ശ്രദ്ധ ക്ഷണിക്കുകവഴി നിങ്ങൾ യഹോവയിലുള്ള വിശ്വാസത്തിനു വേണ്ടിയുള്ള ഒരു വാദമുഖം അവതരിപ്പിക്കുക മാത്രമായിരുന്നില്ല പിന്നെയോ, ശാസ്ത്രീയ ഗവേഷണ നിരീക്ഷണത്തിന്റെ ഭാവിക്ക് ഒരു സേവനം കൂടി ചെയ്യുകയായിരുന്നു. നന്ദി.
എ. എസ്., ഐക്യനാടുകൾ
കുടിയേറിപ്പാർക്കൽ “കുടിയേറിപ്പാർക്കലിന്റെ വരുംവരായ്കകൾ കണക്കാക്കുക!” (മേയ് 8, 1997) എന്ന ലേഖനം ഞാൻ നന്നായി ആസ്വദിച്ചു. നിങ്ങൾ വിവരിച്ച വരുംവരായ്കകളിൽ മിക്കതും ഞാൻ അനുഭവിക്കുകയാണ്. ആഫ്രിക്കയിൽനിന്നു യൂറോപ്പിലേക്കു കുടിയേറിയതുനിമിത്തം വംശം, ഭാഷ, തൊലിനിറം, എല്ലാറ്റിനുമുപരിയായി മുൻവിധി എന്നിവയുൾപ്പെടെ വേദനാകരമായ പ്രതിസന്ധികളുമായി ഞാൻ നിരന്തരം മല്ലിടുകയാണ്. ജനപ്രിയ വാർത്താമാധ്യമങ്ങൾ ആഫ്രിക്കക്കാരെയും വിദേശികളെയും കുറിച്ചു പൊതുവേ വളച്ചൊടിച്ച വിവരങ്ങളാണു പ്രദാനം ചെയ്തിരിക്കുന്നത്.
പി. എ., ജർമനി
വിനോദം“വിനോദത്തിന് എന്തു സംഭവിച്ചിരിക്കുന്നു?” (മേയ് 22, 1997) എന്ന ലേഖനത്തിനു നന്ദി. 12 വയസ്സുള്ള ഞാൻ സ്കൂൾ അവധി ദിവസങ്ങളിൽ വളരെയധികം സമയം ടിവി കാണും. എനിക്കു ചെയ്യാനാകുന്നതും രസകരവുമായ മറ്റു സംഗതികളുമുണ്ടെന്നു മനസ്സിലാക്കാൻ പ്രസ്തുത ലേഖനം എന്നെ സഹായിച്ചിരിക്കുന്നു.
ജെ. എൽ., ഇംഗ്ലണ്ട്
ആഫ്രിക്കൻ ഗ്രാമങ്ങളിൽ പ്രസംഗിക്കൽ“കോഴി മഴയത്ത് പിന്തുടരുന്നത് . . .” (മേയ് 22, 1997) എന്ന ലേഖനത്തിനു നന്ദിപറയാൻ ഞാനാഗ്രഹിക്കുന്നു. നൈജീരിയയിലുള്ള നമ്മുടെ സഹോദരങ്ങളുടെ ആത്മത്യാഗപരമായ അർപ്പണ മനോഭാവവും സഹിഷ്ണുതയും ഞാൻ വിലമതിക്കുന്നു. പാമ്പ്, മുതല, അട്ട എന്നിവയെ നേരിടേണ്ടിവന്നിട്ടും ആളുകളോടുള്ള സ്നേഹം അവരെ പ്രസംഗ പ്രവർത്തനത്തിനു പ്രചോദിപ്പിച്ചു. പ്രസംഗവേലയിൽ ഇനി ചൂടേറ്റ് തളരുകയോ ക്ഷീണിക്കുകയോ ചെയ്യുമ്പോൾ നൈജീരിയയിലെ നമ്മുടെ പ്രിയ സഹോദരങ്ങളെ ഞാൻ ഓർക്കും.
എസ്. എസ്., ഐക്യനാടുകൾ
ലൈംഗികത—മാറിവരുന്ന മനോഭാവങ്ങൾ“ലൈംഗികത—മാറിവരുന്ന മനോഭാവങ്ങളുടെ അർഥം” (ജൂൺ 8, 1997) എന്ന ലേഖനപരമ്പരയോടുള്ള ആത്മാർഥമായ നന്ദി പ്രകടിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു. എന്റെ വിശ്വാസത്തെ വളരെ ബലിഷ്ഠമാക്കുന്നതായിരുന്നു അത്. അടുത്തകാലത്ത്, 19 വയസ്സായിട്ടും ഒരു കന്യകയായി തുടരുന്നതിനാൽ എനിക്കു ‘ശാരീരിക വൈകല്യമുണ്ടെന്ന്’ അയൽപക്കത്തുള്ള ഒരു മനുഷ്യൻ എന്നോടു പറഞ്ഞു. യഹോവയുടെ ദൃഷ്ടിയിൽ ഞാൻ ശാരീരികമായും ആത്മീയമായും ആരോഗ്യവതിയാണെന്ന് അയാളെ അറിയിക്കാൻ സാധിച്ചതിൽ എനിക്കു സന്തോഷമുണ്ട്.
ഡബ്ലിയു. എം. സി. സി., സിംബാബ്വേ
“അനുവാദാത്മകതയുടെ ജീനുക”ളെക്കുറിച്ചുള്ള 10-ാം പേജിലെ നിങ്ങളുടെ പരാമർശം ശരിയല്ല. ഒരു ക്രോമസോമിലുള്ള, അതിനുള്ളിൽ ചലിക്കുന്നതോ ഒരു പുതിയ ക്രോമസോമിലേക്കു മാറുന്നതോ ആയ ജീനുകളെയാണ് “അനുവാദാത്മകതയുടെ ജീനുകൾ” എന്ന് പരാമർശിക്കുന്നതെന്ന് ജീവശാസ്ത്രത്തിൽ ഡിഗ്രിക്കു പഠിക്കുന്ന ഒരു നാലാം വർഷ വിദ്യാർഥിനിയായ എനിക്കു പറയാനാകും. അതിന് പെരുമാറ്റവുമായി യാതൊരു ബന്ധവുമില്ല.
എൽ. പി., കാനഡ
“അനുവാദാത്മകതയുടെ ജീനുക”ളോടെയല്ല ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് എന്ന പ്രസ്താവന വാസ്തവത്തിൽ, സ്കോട്ട്ലണ്ടിലെ എഡിൻബർഗിലുള്ള ആംഗ്ലിക്കൻ ബിഷപ്പിന്റെ ഒരു പ്രസംഗത്തെ പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു. ആ പ്രസംഗത്തിന്റെ ഒരു ഭാഗം അതേ “ഉണരുക!”യുടെ നാലാം പേജിൽ ഉദ്ധരിച്ചിരുന്നു. “ദൈവം . . . അനുവാദാത്മകതയുടെ ജീനുകളെ നമുക്കു നൽകിയിരിക്കുന്നു” എന്ന് ആ ബിഷപ്പ് പ്രസ്താവിച്ചു—വ്യക്തമായും അധാർമിക പ്രവൃത്തിക്ക് ഒഴികഴിവു കാണാനുള്ള ഒരു ശ്രമം. ഞങ്ങളുടെ ലേഖനം അത്തരം അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാണിക്കുകയാണ് ചെയ്തത്.—പത്രാധിപർ.