വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 10/22 പേ. 16-19
  • ഹിമത്തിൽനിന്ന്‌ വൈദ്യുതി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഹിമത്തിൽനിന്ന്‌ വൈദ്യുതി
  • ഉണരുക!—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വരണ്ട ദേശം
  • കെടു​തി​യിൽനിന്ന്‌ ഹിമത്തി​ലേക്ക്‌
  • ആൽപ്‌സി​ലെ ജീവിതം
  • പദ്ധതി​യു​ടെ വലിപ്പ​വും ശേഷി​യും
  • സ്‌നോ​യി പദ്ധതി​യു​ടെ പ്രവർത്ത​ന​വി​ധം
  • ഇത്‌ നല്ല ഊർജ​മാ​ണോ?
  • പ്രതിസന്ധി രൂക്ഷമായിരിക്കുന്നിടം
    ഉണരുക!—1997
  • ഡൗൺ അണ്ടറിലെ ജീവിതം വ്യത്യസ്‌തം
    ഉണരുക!—1997
  • ലണ്ടനിലെ ജലവിതരണം—ഒരു പുതിയമാനം
    ഉണരുക!—1996
  • വെള്ളം, വെള്ളം സർവ്വത്ര
    ഉണരുക!—1987
ഉണരുക!—1997
g97 10/22 പേ. 16-19

ഹിമത്തിൽനിന്ന്‌ വൈദ്യു​തി

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

ഓസ്‌​ട്രേ​ലി​യ​യു​ടെ മേൽക്കൂര എന്നു ചില​പ്പോ​ഴൊ​ക്കെ വിളി​ക്കാ​റുള്ള ഓസ്‌​ട്രേ​ലി​യൻ ആൽപ്‌സ്‌, ന്യൂസൗത്ത്‌ വെയിൽസ്‌, വിക്ടോ​റിയ എന്നീ സംസ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാപി​ച്ചു​കി​ട​ക്കു​ന്നു. ഈ ആൽപ്‌സി​ലാ​ണു ഹിമന​ദി​യു​ടെ ഉറവി​ട​മായ ഹിമപർവ​തങ്ങൾ സ്ഥിതി​ചെ​യ്യു​ന്നത്‌. നിമ്‌നോ​ന്ന​ത​മായ ഈ ആൽപ്‌സ്‌ പ്രദേ​ശ​ത്താ​ലും അവിടെ ആദ്യ​മെ​ത്തിയ കഠിനാ​ധ്വാ​നി​ക​ളായ കുതി​ര​ക്കാ​രാ​ലും പ്രചോ​ദി​ത​നാ​യി എ. ബി. (ബാഞ്ചോ) പാറ്റേ​ഴ്‌സൺ “ഹിമന​ദി​യിൽനി​ന്നുള്ള മനുഷ്യൻ” (ഇംഗ്ലീഷ്‌) എന്ന കാവ്യം രചിച്ചു. അതു പിന്നീട്‌ സിനി​മ​യാ​കു​ക​യും ചെയ്‌തു.

എന്നാൽ ഇന്ന്‌, ആ സാങ്കൽപ്പിക കുതി​ര​ക്കാ​രൻ യാത്ര ചെയ്‌തി​രുന്ന അപകട​ക​ര​മായ മലഞ്ചെ​രി​വു​ക​ളി​ലാ​ണു ഹിമപർവത ജല​വൈ​ദ്യു​ത പദ്ധതി എന്ന സാങ്കേ​തി​ക​വി​സ്‌മ​യ​ത്തി​ന്റെ ജലനിർഗമന കുഴലു​കൾ സ്ഥിതി ചെയ്യു​ന്നത്‌. ജലചാ​ലു​ക​ളും തുരങ്ക​ങ്ങ​ളും ഡാമു​ക​ളും വൈദ്യു​ത​നി​ല​യ​ങ്ങ​ളും അടങ്ങിയ സങ്കീർണ​മായ ഈ ശൃംഖ​ലയെ എഞ്ചിനി​യർമാ​രു​ടെ അമേരി​ക്കൻ സൊ​സൈറ്റി 1967-ൽ വിലയി​രു​ത്തി​യത്‌ “ആധുനിക ലോക​ത്തി​ലെ ഏഴ്‌ എഞ്ചിനി​യ​റിങ്‌ അത്‌ഭു​ത​ങ്ങ​ളി​ലൊന്ന്‌” എന്നാണ്‌. ആൽപ്‌സ്‌ പ്രദേ​ശത്തെ ഈ “അത്ഭുതം” കാണാൻ നിങ്ങളാ​ഗ്ര​ഹി​ക്കു​ന്നു​വോ? അത്‌ എന്തിനാണ്‌ നിർമി​ച്ചത്‌, ആരാണ്‌ നിർമി​ച്ചത്‌ എന്ന്‌ ആദ്യം നോക്കാം.

വരണ്ട ദേശം

അതിശ​യ​ക​ര​മെന്നു പറയട്ടെ, ഇവിടത്തെ ആദ്യ കുടി​യേ​റ്റ​ക്കാ​രു​ടെ മനസ്സിൽ ജല​വൈ​ദ്യു​ത പദ്ധതി എന്നൊ​രാ​ശയം ഒരിക്ക​ലും ഉദിച്ചി​രു​ന്നില്ല. അവർ പ്രിയ​ങ്ക​ര​മാ​യി കരുതി​യി​രുന്ന വെള്ളമാണ്‌ ആ പദ്ധതിക്ക്‌ അവലം​ബ​മാ​യി​ത്തീർന്നത്‌. വരൾച്ച​യു​ടെ കെടു​തി​കൾ നേരിട്ട 19-ാം നൂറ്റാ​ണ്ടി​ലെ മറി ഡാർലിങ്‌ താഴ്‌വ​ര​പ്ര​ദേ​ശത്തെ—ഓസ്‌​ട്രേ​ലി​യ​യി​ലെ ഏറ്റവും പ്രമുഖ കൃഷി​യി​ടത്തെ—ആ കർഷക​രു​ടെ അഭിലാ​ഷം കൂടുതൽ ആശ്രയ​യോ​ഗ്യ​മായ ജല​ശ്രോ​തസ്സ്‌ വേണ​മെ​ന്നാ​യി​രു​ന്നു.

വെള്ളം എവി​ടെ​യു​ണ്ടെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു—ഹിമന​ദി​യിൽ. എന്നാൽ, ഹിമനദി ആൽപ്‌സി​ന്റെ ഹരിതാ​ഭ​മായ മറുവ​ശ​ത്തു​കൂ​ടി താഴേക്ക്‌ ഒഴുകി ടാസ്‌മാ​നി​യൻ കടലിൽ പതിച്ചു. അതൊരു വൻനഷ്ടം​പോ​ലെ തോന്നി​ച്ചു. ആൽപ്‌സി​ന്റെ മുകളിൽവെച്ച്‌ ഈ തണുത്ത ശുദ്ധജലം, വെള്ളം അധിക​മൊ​ന്നു​മി​ല്ലാത്ത മറി, മറംബി​ജി നദിക​ളു​ടെ ശ്രോ​ത​സ്സു​ക​ളി​ലേക്കു തിരി​ച്ചു​വി​ടു​ക​യാ​ണെ​ങ്കിൽ അതു വരൾച്ച​യ്‌ക്കെ​തി​രെ ഒരു സംരക്ഷ​ണ​മാ​യി ഉതകു​മാ​യി​രു​ന്നു. മാത്രമല്ല, കൃഷി​ക്കാർക്കു നൂറു കോടി ഡോള​റി​ന്റെ നേട്ടമു​ണ്ടാ​കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അതൊരു മോഹന സ്വപ്‌ന​മാ​യി​രു​ന്നു.

1908-ൽ കാൻബെ​റ​യ്‌ക്ക്‌ അടുത്തുള്ള ഒരു ജില്ല ഓസ്‌​ട്രേ​ലി​യ​യു​ടെ ദേശീയ തലസ്ഥാ​ന​മാ​യി ഫെഡറൽ പാർല​മെൻറ്‌ തിര​ഞ്ഞെ​ടു​ത്ത​പ്പോൾ ആ സ്വപ്‌നം സാക്ഷാ​ത്‌കാ​ര​ത്തോ​ടു കുറെ​ക്കൂ​ടി അടുത്തു​വന്നു. പ്രസ്‌തുത ജല​വൈ​ദ്യു​ത പദ്ധതി, നിർമി​ക്കാ​നി​രുന്ന നഗരത്തി​ന്റെ ആവശ്യങ്ങൾ നിവർത്തി​ക്കു​മാ​യി​രു​ന്നോ? വീണ്ടു​മൊ​രി​ക്കൽക്കൂ​ടി എല്ലാ കണ്ണുക​ളും ഹിമപർവ​ത​ങ്ങ​ളി​ലേക്കു തിരിഞ്ഞു.

പല പദ്ധതി​നിർദേ​ശങ്ങൾ—ചിലർ ജല​വൈ​ദ്യു​ത പദ്ധതിയെ അനുകൂ​ലി​ച്ച​പ്പോൾ മറ്റു ചിലർ ജലസേചന പദ്ധതി​യെ​യാണ്‌ അനുകൂ​ലി​ച്ചത്‌—സമർപ്പി​ച്ചെ​ങ്കി​ലും തിരസ്‌ക​രി​ക്ക​പ്പെ​ടു​ക​യാ​ണു​ണ്ടാ​യത്‌. അങ്ങനെ, 1944-ൽ ജല​വൈ​ദ്യു​ത-ജലസേചന പദ്ധതി സമർപ്പി​ക്ക​പ്പെട്ടു. അതു പെട്ടെ​ന്നു​തന്നെ അംഗീ​കാ​രം നേടു​ക​യും ചെയ്‌തു. 1949-ൽ ഫെഡറൽ ഗവൺമെൻറ്‌, പ്രസ്‌തുത ഇരട്ട പദ്ധതി രൂപകൽപ്പന ചെയ്‌തു നിർമി​ക്കു​ന്ന​തി​നുള്ള ഉത്തരവാ​ദി​ത്വം ഹിമപർവത ജല​വൈ​ദ്യു​ത അതോ​റി​റ്റി​യെ ഏൽപ്പിച്ചു.

എന്നാൽ, വൈദ​ഗ്‌ധ്യ​മോ കൂടു​ത​ലായ മാനവ​ശേ​ഷി​യോ ഇല്ലാത്ത, അധികം പഴക്കമി​ല്ലാത്ത ഒരു കാർഷി​ക​രാ​ജ്യ​ത്തിന്‌ അളവി​ലും സങ്കീർണ​ത​യി​ലും മുമ്പൊ​രി​ക്ക​ലും ഏറ്റെടു​ത്തി​ട്ടി​ല്ലാ​ത്ത​തരം ഒരു പദ്ധതി എങ്ങനെ കൈകാ​ര്യം ചെയ്യാ​നാ​കു​മാ​യി​രു​ന്നു?

കെടു​തി​യിൽനിന്ന്‌ ഹിമത്തി​ലേക്ക്‌

കുടി​യേ​റ്റ​മാ​യി​രു​ന്നു അതിനുള്ള പരിഹാ​രം. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ തിക്തഫ​ല​ങ്ങ​ളിൽനിന്ന്‌ അപ്പോ​ഴും കരകയ​റാഞ്ഞ യൂറോപ്പ്‌ നാശന​ഷ്ട​ങ്ങ​ളു​ടെ​യും തൊഴി​ലി​ല്ലാ​യ്‌മ​യു​ടെ​യും ഭവനരാ​ഹി​ത്യ​ത്തി​ന്റെ​യും ഒരു പേടി​സ്വ​പ്‌ന​മാ​യി​രു​ന്നു. അതിനാൽ, ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളോ​ടു സഹകരി​ച്ചു​കൊണ്ട്‌, ആവശ്യ​മായ തൊഴിൽ വൈദ​ഗ്‌ധ്യ​മുള്ള ഏതൊരു യൂറോ​പ്യ​നെ​യും പ്രസ്‌തുത പദ്ധതി​യിൽ ജോലി ചെയ്യു​ന്ന​തി​നാ​യി ഓസ്‌​ട്രേ​ലിയ ക്ഷണിക്കു​ക​യു​ണ്ടാ​യി.

അതി​നോ​ടു പ്രതി​ക​രി​ച്ചു​കൊണ്ട്‌, 33 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള പതിനാ​യി​ര​ക്ക​ണ​ക്കി​നാ​ളു​കൾ യൂറോ​പ്പി​ലെ യുദ്ധ​ക്കെ​ടു​തി​കളെ വിട്ട്‌ ഓസ്‌​ട്രേ​ലി​യ​യ്‌ക്കു കപ്പൽ കയറി. പ്രസ്‌തുത പദ്ധതി​യിൽ പങ്കെടുത്ത ജോലി​ക്കാ​രിൽ മൂന്നിൽ രണ്ട്‌ ഭാഗവും അവരാ​യി​രു​ന്നു. അവർ ഓസ്‌​ട്രേ​ലി​യ​യി​ലെ വംശീയ പശ്ചാത്ത​ല​ത്തിന്‌ എന്നേക്കു​മാ​യി മാറ്റം വരുത്താൻ പോകു​ക​യാ​യി​രു​ന്നു. സ്‌നോ​യി എന്ന തന്റെ പുസ്‌ത​ക​ത്തിൽ ബ്രാഡ്‌ കോളിസ്‌ ഇങ്ങനെ പറയുന്നു: “ബ്രിട്ടീഷ്‌ പൈതൃ​ക​ത്തിൽനിന്ന്‌ . . . ഉയർന്നു​വന്ന ഒരു രാജ്യം ഒറ്റ രാത്രി​കൊണ്ട്‌ ലോക​ത്തി​ലെ മഹാ ഭിന്നസം​സ്‌കാ​ര​ങ്ങ​ളിൽ ഒന്നായി​ത്തീർന്നു.” അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു: “ജോലി ചെയ്യാൻ [പുരു​ഷ​ന്മാ​രെ]—ശത്രു​മി​ത്ര​ഭേ​ദ​മോ മർദക​മർദിത വ്യത്യാ​സ​മോ കൂടാതെ—പർവത​ങ്ങ​ളി​ലേക്ക്‌ അയച്ചു.” ഒറ്റ രാത്രി​കൊ​ണ്ട​ല്ലെ​ങ്കി​ലും, ക്രമേണ അവർ ഒരു ടീം പോലെ ഇടകലർന്നു.

ആൽപ്‌സി​ലെ ജീവിതം

പദ്ധതി​യു​ടെ പ്രാരം​ഭ​കാ​ലത്ത്‌ ആൽപ്‌സി​ലേ​ക്കുള്ള യാത്ര ദുഷ്‌ക​ര​മാ​യി​രു​ന്നു. മഞ്ഞുവീണ, ചെളി​നി​റഞ്ഞ, കിഴു​ക്കാം​തൂ​ക്കായ, വളഞ്ഞു​പു​ളഞ്ഞ വഴിക​ളി​ലൂ​ടെ​യുള്ള യാത്ര മന്ദഗതി​യി​ലു​ള്ള​താ​യി​രു​ന്നെന്നു മാത്രമല്ല വല്ലാതെ ക്ഷീണി​പ്പി​ക്കുന്ന ഒരനു​ഭവം കൂടി​യാ​യി​രു​ന്നു. ആ പ്രദേ​ശ​ത്തി​ന്റെ ചില ഭാഗങ്ങൾ അങ്ങേയറ്റം കിഴു​ക്കാം​തൂ​ക്കാ​യ​തും ദുഷ്‌ക​ര​വു​മാ​യി​രു​ന്ന​തി​നാൽ കംഗാ​രു​പോ​ലും അവിടെ ഒരു അപൂർവ ദൃശ്യ​മാ​യി​രു​ന്നു! കോളിസ്‌ പറയു​ന്ന​പ്ര​കാ​രം, “സീറ്റ്‌ബെൽറ്റു​കൾ ധരിക്കു​ന്നത്‌ നിർബ​ന്ധി​ത​മാ​ക്കിയ ലോക​ത്തി​ലെ ആദ്യത്തെ സംഘടന എന്ന ഖ്യാതി” സ്‌നോ​യി അതോ​റി​റ്റി​ക്കുണ്ട്‌ എന്നതിൽ തെല്ലും അതിശ​യി​ക്കാ​നില്ല.

താമസ​സൗ​ക​ര്യ​ങ്ങൾ റോഡു​ക​ളെ​ക്കാൾ ഒട്ടും ഭേദമാ​യി​രു​ന്നില്ല—സൈന്യ​ത്തി​ന്റെ ആവശ്യം കഴിഞ്ഞ്‌ മിച്ചമു​ണ്ടാ​യി​രുന്ന, തറ നിരപ്പാ​ക്കാത്ത കൂടാ​ര​ങ്ങ​ളാ​യി​രു​ന്നു അതിനാ​യു​ണ്ടാ​യി​രു​ന്നത്‌! ക്രമേണ, ആ പർവത​നി​ര​ക​ളു​ടെ മുകളിൽ 100-ലധികം ക്യാമ്പു​ക​ളും കൂടാ​ര​ന​ഗ​ര​ങ്ങ​ളും കൂണു​കൾപോ​ലെ മുളച്ചു​വന്നു. ഇവയി​ലൊ​ന്നായ കാബ്രമറ ഓസ്‌​ട്രേ​ലി​യ​യി​ലെ ഏറ്റവും ഉയരമുള്ള പട്ടണമെന്ന—അതു മേലാൽ ഒരു കൂടാ​ര​ന​ഗ​രമല്ല—ഖ്യാതി നേടി​യി​രി​ക്കു​ന്നു.

സങ്കൽപ്പി​ക്കാൻ കഴിയു​ന്ന​തു​പോ​ലെ, ഒറ്റപ്പെ​ട്ട​തും നിമ്‌നോ​ന്ന​ത​വു​മായ ആ പ്രദേ​ശത്തു ജോലി ചെയ്യു​ന്ന​തും അന്തിയു​റ​ങ്ങു​ന്ന​തും ആരു​ടെ​യും കരുത്തി​നെ അങ്ങേയറ്റം പരി​ശോ​ധി​ക്കു​ന്ന​താ​യി​രു​ന്നു. ശൈത്യ​കാല ഹിമവാ​തങ്ങൾ അസ്ഥിക​ളി​ലേക്കു അരിച്ചി​റ​ങ്ങു​ന്ന​താ​യി​രു​ന്നു, അസഹ്യ​മായ വേനൽച്ചൂ​ടിൽ ഒന്നനങ്ങു​ന്ന​തു​പോ​ലും വളരെ ശ്രമക​ര​മാ​യി​രു​ന്നു, ശല്യ​പ്പെ​ടു​ത്തുന്ന ഈച്ചക്കൂ​ട്ടങ്ങൾ വിയർപ്പൊ​ഴു​കുന്ന മുഖങ്ങ​ളി​ലും പുറത്തും പറ്റിപ്പി​ടി​ച്ചി​രു​ന്നു. യൂറോ​പ്യ​ന്മാർക്ക്‌ ഈച്ചകളെ എത്ര അറപ്പാ​യി​രു​ന്നെ​ന്നോ!

എന്നാൽ മിക്കവ​രും അത്തരം അവസ്ഥക​ളിൽ സഹിച്ചു​നി​ന്നു. യുദ്ധം സമ്മാനിച്ച കഠിന​ത​യും പരുക്കൻസ്വ​ഭാ​വ​വും ഉണ്ടായി​രുന്ന അവർ തങ്ങളുടെ പുതു​ജീ​വി​തം വിജയ​പ്ര​ദ​മാ​ക്കി മാറ്റാൻ ദൃഢനി​ശ്ചയം ചെയ്‌തു. വിചിത്ര ജീവി​ക​ളും പാമ്പു​ക​ളും, ചൂളമ​ടി​ക്കു​ക​യും ചിലയ്‌ക്കു​ക​യും ചെയ്യു​ന്ന​തി​നു പകരം കൂകി​വി​ളി​ക്കു​ക​യും പരുക്കൻ സ്വരത്തിൽ കരയു​ക​യും ചെയ്യുന്ന പക്ഷിക​ളു​മുള്ള ഓസ്‌​ട്രേ​ലി​യൻ കുറ്റി​ക്കാ​ടു​കൾ പലരും ഇഷ്ടപ്പെ​ടാൻ തുടങ്ങി. ക്രമേണ, കൂടാ​ര​ങ്ങ​ളു​ടെ സ്ഥാനത്ത്‌ തടി​കൊ​ണ്ടു നിർമിച്ച മാന്യ​മായ വീടുകൾ ഉയർന്നു​വന്നു. പിന്നെ, ജോലി​ക്കാ​രു​ടെ ഭാര്യ​മാ​രും കുട്ടി​ക​ളും എത്തി​ച്ചേർന്നു.

ഭിന്നഭാ​ഷ​ക​ളു​ടെ കാര്യ​മോ? വ്യക്തമാ​യി ആശയവി​നി​യമം ചെയ്യാൻ കഴിയാ​ത്തവർ കൂറ്റൻ യന്ത്രങ്ങ​ളും കുഴിക്കൽ ഉപകര​ണ​ങ്ങ​ളും പ്രവർത്തി​പ്പി​ക്കു​ന്ന​തോ സ്‌ഫോ​ട​ക​വ​സ്‌തു​ക്കൾ കൈകാ​ര്യം ചെയ്യു​ന്ന​തോ ഒന്നു സങ്കൽപ്പി​ച്ചു​നോ​ക്കൂ! അത്‌ അപകടം ക്ഷണിച്ചു​വ​രു​ത്തു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അതോ​റി​റ്റി, ജോലി കഴിഞ്ഞുള്ള സമയം സൗജന്യ ഇംഗ്ലീഷ്‌ ഭാഷാ ക്ലാസ്സുകൾ ഏർപ്പെ​ടു​ത്തി. ഇംഗ്ലീ​ഷിൽ അടിസ്ഥാന പരിജ്ഞാ​നം നേടി​യാൽ ജോലി​യിൽ തുടരാ​മെ​ന്ന​തി​നാൽ ആ ക്ലാസ്സു​ക​ളിൽ അനവധി പേർ സംബന്ധി​ച്ചു​വെ​ന്ന​തിൽ അതിശ​യി​ക്കാ​നില്ല!

അനേകം പ്രതി​സ​ന്ധി​കൾ ഉണ്ടായി​രു​ന്നി​ട്ടും 25 വർഷത്തി​നു​ശേഷം—1949 മുതൽ 1974 വരെ—ബജറ്റു​പ്ര​കാ​രം പദ്ധതി യഥാസ​മയം പൂർത്തി​യാ​യി. 82 കോടി ഡോളർ ഇന്നത്തെ കണക്കനു​സ​രിച്ച്‌ ന്യായ​മായ തുകയാ​ണെ​ങ്കി​ലും അന്ന്‌ ഭീമമായ ഒന്നായി​രു​ന്നു. പ്രത്യേ​കി​ച്ചും, യുദ്ധാ​ന​ന്തരം സ്വന്തം കാലിൽ നിൽക്കാൻ പാടു​പെ​ടുന്ന, എട്ടു ദശലക്ഷം ആളുകൾ മാത്ര​മുള്ള ഒരു രാഷ്‌ട്രത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം.

ഈ നേട്ടം കൈവ​രി​ച്ച​തി​ന്റെ ആഘോ​ഷ​ത്തി​നാ​യി അതോ​റി​റ്റി 1999-ലേക്കായി ഒരു 50-ാം വാർഷി​ക​പ​രി​പാ​ടി ആസൂ​ത്രണം ചെയ്യു​ക​യാണ്‌. ആ പദ്ധതി​യിൽ പ്രവർത്തിച്ച എല്ലാവ​രു​ടെ​യും ഒരു പുനഃ​സം​ഗമം അതിൽ ഉൾപ്പെ​ടും—അവരെ കണ്ടെത്താൻ കഴിഞ്ഞാൽ. “ലോക​ത്തി​ലെ എഞ്ചിനി​യ​റിങ്‌ അത്ഭുത​ങ്ങ​ളി​ലൊ​ന്നു നിർമി​ക്കാൻ സഹായിച്ച അവർ ഓസ്‌​ട്രേ​ലി​യ​യു​ടെ ചരി​ത്ര​ത്തി​ന്റെ ഗതിതന്നെ തിരി​ച്ചു​വി​ട്ടു” എന്ന്‌ നിലവി​ലുള്ള കമ്മീഷണർ പറയുന്നു. “അവരോ​ടു നന്ദി പറയാൻ ഞങ്ങളാ​ഗ്ര​ഹി​ക്കു​ന്നു.”

പദ്ധതി​യു​ടെ വലിപ്പ​വും ശേഷി​യും

ജലശക്തി (ഇംഗ്ലീഷ്‌) എന്ന ലഘുപ​ത്രിക ഇങ്ങനെ പറയുന്നു, “ഈ പദ്ധതി പ്രവർത്തി​ക്കു​ന്നത്‌ 3,200 കിലോ​മീ​റ്റർ വരുന്ന ഒരു പ്രദേ​ശ​ത്താണ്‌, കൂടാതെ 80 കിലോ​മീ​റ്റർ നീളമുള്ള ജലചാ​ലു​ക​ളും 140 കിലോ​മീ​റ്റർ നീളമുള്ള തുരങ്ക​ങ്ങ​ളും 16 വലിയ ഡാമു​ക​ളും അതിൽപ്പെ​ടും.” ഈ ഡാമു​ക​ളു​ടെ സംഭര​ണ​ശേഷി 7,000 ശതകോ​ടി ലിറ്ററാണ്‌—530 ശതകോ​ടി ലിറ്റർ സംഭര​ണ​ശേ​ഷി​യുള്ള സിഡ്‌നി ഹാർബ​റി​ന്റെ സംഭര​ണ​ശേ​ഷി​യു​ടെ ഏകദേശം 13 ഇരട്ടി​യാണ്‌ അത്‌. ഈ പദ്ധതി​യിൽപ്പെട്ട പ്രധാന ജലസം​ഭ​രണി യൂക്കമ്പിൻ തടാക​മാണ്‌. ഏഴ്‌ വൈദ്യു​ത​നി​ല​യ​ങ്ങ​ളും കൂടി മണിക്കൂ​റിൽ 6,400 ശതകോ​ടി വാട്ട്‌സി​നു തുല്യ​മാ​യി പ്രതി​വർഷം ഉത്‌പാ​ദി​പ്പി​ക്കുന്ന വൈദ്യു​തി ദക്ഷിണ​പൂർവ ഓസ്‌​ട്രേ​ലി​യൻ വൻകര​യു​ടെ 17 ശതമാനം ഊർജാ​വ​ശ്യ​ത്തിന്‌ ഉതകുന്നു. സിഡ്‌നി, മെൽബൺ, കാൻബെറ എന്നിവി​ടങ്ങൾ അതിലുൾപ്പെ​ടും.

ആവശ്യം കൂടു​ത​ലുള്ള സമയ​ത്തൊ​ഴി​കെ ടർ​ബൈ​നു​കൾ 24 മണിക്കൂ​റും പ്രവർത്തി​ക്കാ​റില്ല. അപ്പോൾ താപ​വൈ​ദ്യു​ത നിലയ​ങ്ങൾക്കു സഹായം ആവശ്യ​മാണ്‌. ആവശ്യം ഏറ്റവും കൂടു​ത​ലുള്ള സമയ​ത്തേക്ക്‌ ഊർജോ​ത്‌പാ​ദനം വർധി​പ്പി​ക്കു​ന്ന​തിന്‌ മണിക്കൂ​റു​കൾതന്നെ വേണ്ടി​വ​രുന്ന, കൽക്കരി ഇന്ധനം ഉപയോ​ഗി​ക്കുന്ന സംവി​ധാ​ന​ത്തെ​ക്കാൾ ജല​വൈ​ദ്യു​തി പ്രത്യേ​കി​ച്ചും ഉപകാ​ര​പ്ര​ദ​മാണ്‌. ഊർജാ​വ​ശ്യ​ത്തി​ന്റെ പെട്ടെ​ന്നുള്ള വർധന​വി​നോട്‌ അതിനു പെട്ടെ​ന്നു​തന്നെ—രണ്ടു-മൂന്നു മിനി​റ്റു​കൾക്കു​ള്ളിൽ—പ്രതി​ക​രി​ക്കാ​നാ​കും എന്നതാണ്‌ ഇതിനു കാരണം.

സ്‌നോ​യി പദ്ധതി​യു​ടെ പ്രവർത്ത​ന​വി​ധം

“അതിസ​ങ്കീർണ​വും ബഹുമു​ഖോ​ദ്ദേ​ശ്യ​ങ്ങൾക്ക്‌ ഉപകരി​ക്കു​ന്ന​തും പല ജലസം​ഭ​ര​ണി​കൾ ഉള്ളതു​മായ ലോക​ത്തി​ലെ ജല​വൈ​ദ്യു​ത പദ്ധതി എന്ന പ്രത്യേ​കത” ഈ പദ്ധതി​ക്കു​ണ്ടെന്നു സ്‌നോ​യി അതോ​റി​റ്റി പറയുന്നു. സ്‌നോ​യി-മറി സ്‌കീം, സ്‌നോ​യി-ട്യൂമട്ട്‌ സ്‌കീം എന്നീ രണ്ടു സംയോ​ജിത ഘടകങ്ങൾ ഇതിൽ ഉൾപ്പെ​ടു​ന്നു.

സ്‌നോ​യി-മറി സ്‌കീം, ഹിമന​ദി​യി​ലെ വെള്ളം ഐലൻഡ്‌ ബെൻഡ്‌ ഡാമിൽനിന്ന്‌ ഒരു തുരങ്കം​വഴി ഗിഹൈ ഡാമി​ലേക്കു തിരി​ച്ചു​വി​ടു​ന്നു. ആ ഡാമി​ലേക്ക്‌ ഗിഹൈ നദിയിൽനി​ന്നും വെള്ളം വരുന്നുണ്ട്‌. വെള്ളം ഇവി​ടെ​നിന്ന്‌ 820 മീറ്റർ താഴെ​യുള്ള രണ്ട്‌ മറി വൈദ്യു​ത​നി​ല​യ​ങ്ങ​ളി​ലേക്കു പതിക്കു​ന്നു. അതേസ​മയം, ഓസ്‌​ട്രേ​ലി​യ​യി​ലെ ഏറ്റവും ഉയർന്ന പർവത​മായ കൊസി​യോ​സ്‌കോ പർവത​ത്തി​ന്റെ സമീപത്ത്‌ ഹിമന​ദി​യു​ടെ ഉത്ഭവജ​ല​മാണ്‌ ഗഥഗ വൈദ്യു​ത​നി​ലയം ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നത്‌. ഗഥഗയിൽനിന്ന്‌ ഐലൻഡ്‌ ബെൻഡി​ലെ പ്രധാന തുരങ്ക​സം​വി​ധാ​ന​ത്തി​ലേക്കു വെള്ളം ഒഴുകു​ന്നു. ഈ പദ്ധതി​യു​ടെ ബഹുമു​ഖോ​പ​യോ​ഗം കാര്യ​മാ​യി വർധി​പ്പി​ച്ചു​കൊണ്ട്‌ ഐലൻഡ്‌ ബെൻഡ്‌-യൂക്കമ്പിൻ തുരങ്കം ഉൾപ്പെ​ടെ​യുള്ള അനേകം തുരങ്കങ്ങൾ ഇരുദി​ശാ​പ്ര​വാ​ഹം സാധ്യ​മാ​ക്കു​ന്നു.

സ്‌നോ​യി-ട്യൂമട്ട്‌ സ്‌കീ​മി​ന്റെ കാര്യ​ത്തി​ലാ​ണെ​ങ്കിൽ, യൂക്കമ്പിൻ തടാകം, ട്യൂമാ ഡാം, ഹാപ്പി ജാക്ക്‌സ്‌ ഡാം, ട്യൂമട്ട്‌ പോണ്ട്‌ ഡാം എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള വെള്ളം ജലനിർഗമന കുഴലു​ക​ളി​ലൂ​ടെ​യും നാലു ജല​വൈ​ദ്യു​ത നിലയ​ങ്ങ​ളി​ലൂ​ടെ​യും ഒഴുകി, മറംബി​ജി​യു​ടെ ഒരു പോഷ​ക​ന​ദി​യായ ട്യൂമട്ട്‌ നദിയി​ലേക്കു പ്രവഹി​ക്കു​ന്നു. ഈ ഭാഗത്താണ്‌ ട്യൂമട്ട്‌ 3 എന്ന ഏറ്റവും വലിയ വൈദ്യു​ത​നി​ല​യ​മു​ള്ളത്‌. അതിലെ ആറ്‌ ജലനിർഗമന കുഴലു​ക​ളിൽ ഓരോ​ന്നി​ലൂ​ടെ​യും ഒരു ഡബിൾഡെക്ക്‌ ബസിനു കടന്നു​പോ​കാം!

ഊർജാ​വ​ശ്യം അധിക​മി​ല്ലാത്ത സമയങ്ങ​ളിൽ ഈ സംവി​ധാ​നം ജിൻഡ​ബൈൻ തടാക​ത്തിൽനിന്ന്‌ വെള്ളം മുകളി​ലേക്കു പമ്പു​ചെ​യ്‌ത്‌ യൂക്കമ്പിൻ തടാക​ത്തി​ലെ​ത്തി​ക്കു​ന്നു. ഒരു പമ്പിങ്‌ നിലയ​മാ​യും വർത്തി​ക്കുന്ന ട്യൂമട്ട്‌ 3 വൈദ്യു​ത​നി​ല​യ​ത്തി​ന്റെ താഴെ​നി​ന്നു വെള്ളം ടാൽബി​ങ്‌ഗോ ജലസം​ഭ​ര​ണി​യി​ലേക്ക്‌ അടിച്ചു​ക​യ​റ്റു​ന്നു. എന്നാൽ മുകളി​ലേക്കു വെള്ളം പമ്പു ചെയ്‌ത്‌ എന്തിനാ​ണു വൈദ്യു​തി പാഴാ​ക്കു​ന്നത്‌? അതിശ​യ​ക​ര​മെന്നു തോന്നാ​മെ​ങ്കി​ലും, ലാഭത്തി​നു വേണ്ടി​യാ​ണത്‌. താപ​വൈ​ദ്യു​ത നിലയ​ങ്ങ​ളിൽനി​ന്നു ലഭിക്കുന്ന ചെലവു കുറഞ്ഞ​തും വൈദ്യു​താ​വ​ശ്യം ഏറ്റവു​മ​ധി​ക​മി​ല്ലാത്ത സമയത്ത്‌ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തു​മായ വൈദ്യു​തി​യാണ്‌ ഈ ആവശ്യ​ത്തിന്‌ ഉപയോ​ഗി​ക്കു​ന്നത്‌. എന്നിട്ട്‌ ആവശ്യം ഏറ്റവും കൂടിയ സമയത്ത്‌ വെള്ളം വീണ്ടും തുറന്നു​വിട്ട്‌ വൈദ്യു​തി ഉത്‌പാ​ദി​പ്പിച്ച്‌ ലാഭത്തിന്‌ അതു വിതര​ണ​ലൈ​നു​ക​ളി​ലേക്കു വിൽക്കു​ന്നു. തീർച്ച​യാ​യും ഈ വെള്ള​മെ​ല്ലാം—പ്രതി​വർഷം 2,000 ശതകോ​ടി ലിറ്റർ—പശ്ചിമ നദിക​ളി​ലേക്കു തുറന്നു​വി​ടു​ന്നത്‌ യാതൊ​രു ചെലവും കൂടാ​തെ​യാണ്‌.

ഇത്‌ നല്ല ഊർജ​മാ​ണോ?

അതേ. കാരണം, മലിനീ​ക​ര​ണ​മി​ല്ലാത്ത, പാഴ്‌വ​സ്‌തു​ക്ക​ളു​ണ്ടാ​കാത്ത പുതു​ക്കാ​വുന്ന ഒരു വിഭവ​മാണ്‌ വെള്ളം. ദൃശ്യ​ഭം​ഗി​യി​ല്ലാത്ത കൂറ്റൻ പുകക്കു​ഴ​ലു​ക​ളോ ശീതീ​കരണ ടവറു​ക​ളോ ആൽപ്‌സി​നു കളങ്ക​മേൽപ്പി​ക്കു​ന്നില്ല. അതിനാൽ, ശൈത്യ​കാ​ലത്ത്‌ ആൽപ്‌സി​ലെ കളിസ്ഥ​ലത്ത്‌ സ്‌കീ​യിങ്‌ നടത്തു​ന്ന​വ​രും വേനൽക്കാ​ലത്ത്‌ അവിടെ മലകൾ കയറു​ന്ന​വ​രും താഴെ ഈ മലകൾക്ക​ടി​യി​ലുള്ള വൻകു​ഴ​ലു​ക​ളെ​യും വൈദ്യു​ത​നി​ല​യ​ങ്ങ​ളെ​യും കുറിച്ച്‌ ബോധ​വാ​ന്മാ​രല്ല.

ഈ പദ്ധതി​യി​ലൂ​ടെ ഉത്‌പാ​ദി​പ്പി​ക്കുന്ന വൈദ്യു​തി, താപ​വൈ​ദ്യു​ത നിലയങ്ങൾ ഉപയോ​ഗി​ച്ചാണ്‌ ഉത്‌പാ​ദി​പ്പി​ച്ചി​രു​ന്ന​തെ​ങ്കിൽ ഓരോ വർഷവും അന്തരീ​ക്ഷ​ത്തി​ലേക്ക്‌ 50 ലക്ഷം മെട്രിക്‌ ടൺ കാർബൺ ഡൈ​യോ​ക്‌​സൈഡ്‌ പുറന്ത​ള്ള​പ്പെ​ടു​മാ​യി​രു​ന്നു.

എന്നിരു​ന്നാ​ലും, പരിസ്ഥി​തി പൂർണ​മാ​യും ദോഷ​വി​മു​ക്തമല്ല. പ്രത്യേ​കിച്ച്‌ ഹിമനദി. അതിലെ വെള്ളമ​ധി​ക​വും തിരി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​തി​നാൽ മുൻകാ​ല​ങ്ങളെ അപേക്ഷിച്ച്‌ അതൊരു കൊച്ച​രു​വി​യാ​യി മാറി​യി​രി​ക്കു​ക​യാണ്‌. മാത്രമല്ല, ഈ പദ്ധതി​യി​ലെ വൻഡാ​മു​കൾ ചില പുൽപ്ര​ദേ​ശ​ങ്ങ​ളെ​യും വെള്ളത്തി​ലാ​ഴ്‌ത്തി​യി​രി​ക്കു​ന്നു. ജലനി​രപ്പ്‌ ഉയർന്ന​തി​നാൽ അഡാമി​നബി, ജിൻഡ​ബൈൻ എന്നീ പട്ടണങ്ങൾ മാറ്റി​സ്ഥാ​പി​ക്കേ​ണ്ട​താ​യും വന്നു.

സ്‌നോ​യി പദ്ധതി വിശേ​ഷി​ച്ചും ആശ്രയ​യോ​ഗ്യ​മാണ്‌—അതോ​റി​റ്റി​യു​ടെ ആദ്യത്തെ കമ്മീഷ​ണ​റു​ടെ പണ്ഡി​തോ​ചിത പ്രസ്‌താ​വ​ന​യ്‌ക്ക്‌ ഒരു സാക്ഷ്യ​മാണ്‌ അത്‌: “സന്മനസ്സും ആദരവും ലഭിക്കു​ന്നത്‌ നേട്ടത്തി​ലൂ​ടെ​യാണ്‌, പ്രചര​ണ​ത്തി​ലൂ​ടെയല്ല.”

[16-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

16-19 പേജു​ക​ളി​ലെ എല്ലാ ചിത്രങ്ങളും: Snowy Mountains Hydro-electric Authority

[16-ാം പേജിലെ ചിത്രം]

സ്‌നോയി പദ്ധതി​യിൽപ്പെട്ട ഏറ്റവും വലിയ ട്യൂമട്ട്‌ വൈദ്യു​ത​നി​ല​യ​ത്തി​ന്റെ വിഹഗ വീക്ഷണം

[18-ാം പേജിലെ ചിത്രം]

പ്രയാസകരമായ ജീവി​താ​വ​സ്ഥ​കളെ ജോലി​ക്കാർക്കു സഹിച്ചു​നിൽക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌

[18-ാം പേജിലെ ചിത്രം]

ഒരു ടീം പോലെ പ്രവർത്തി​ക്കു​ന്ന​തി​നു ജോലി​ക്കാർക്ക്‌ ഇംഗ്ലീഷ്‌ പഠി​ക്കേ​ണ്ട​താ​യി​വന്നു

[19-ാം പേജിലെ ചിത്രം]

ഈ പദ്ധതി​യു​ടെ നിർമാ​ണ​ത്തിൽ തുരങ്കങ്ങൾ നിർമി​ക്കു​ന്നത്‌ ഉൾപ്പെ​ട്ടി​രു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക