ഒരു ഭരണി കൊഴുപ്പിൽനിന്ന് ഒരു പാഠം
ബാല്യകാലസ്മരണകൾ അയവിറക്കുമ്പോൾ യുദ്ധഭീതിയുടെ ചില കറുത്ത ഓർമകളും തികട്ടിവരാറുണ്ട്. പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടടുത്ത് ഞങ്ങൾ ജീവനുംകൊണ്ടോടിയ രംഗം. അന്നെനിക്ക് വെറും നാലു വയസ്സായിരുന്നു. അക്കാലത്ത് ജർമനിയുടെ ഭാഗമായിരുന്ന കിഴക്കൻ പ്രഷയിലാണ് ഞങ്ങളുടെ ഏഴംഗ കുടുംബം പാർത്തിരുന്നത്.
ഒരു കൂട്ടം റഷ്യൻ ബോംബർ വിമാനങ്ങൾ ചാരത്തണയുന്ന ശബ്ദം കേട്ടുകൊണ്ട് ഞാൻ ഘോരമായ ഇരുട്ടിലേക്ക് തുറിച്ചുനോക്കി. പെട്ടെന്ന്, കണ്ണുമഞ്ചിക്കുന്ന തീജ്വാലകളും കാതടപ്പിക്കുന്ന സ്ഫോടനങ്ങളും ഏതാനും ശതമീറ്റർ അകലെയുള്ള ഇന്ധന സംഭരണ ടാങ്കുകൾക്ക് തീകൊളുത്തി. ഞങ്ങൾ സഞ്ചരിച്ചിരുന്ന തീവണ്ടി ആടിയുലഞ്ഞു, ആളുകൾ നിലവിളിയും തുടങ്ങി. എന്നാൽ പെട്ടെന്നുതന്നെ ബോംബർ വിമാനങ്ങൾ മടങ്ങി, ഞങ്ങൾ യാത്ര തുടർന്നു.
മറ്റൊരു സന്ദർഭത്തിൽ, ഇടമുറിഞ്ഞുള്ള ഉറക്കത്തിലെപ്പോഴോ ഞാൻ കണ്ണുതുറന്നപ്പോൾ വലിയ വായിൽ കരഞ്ഞുകൊണ്ട് ഒരു സ്ത്രീ കന്നുകാലികളെ കൊണ്ടുപോകുന്ന ബോഗിയിൽനിന്ന് പുറത്തുചാടാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഞങ്ങളും അതിലുണ്ടായിരുന്നു. അച്ഛൻ അവളെ ചാടാൻ അനുവദിക്കാതെ അകത്തേക്കു തള്ളിമാറ്റി. കുഞ്ഞിനെ കയ്യിലെടുത്തുവെച്ചുകൊണ്ട് ആ സ്ത്രീ വാതിലിനടുത്തിരുന്ന് ഉറങ്ങിപ്പോയിരുന്നു. ഉറക്കമുണർന്നപ്പോൾ കുഞ്ഞ് തണുപ്പേറ്റ് മരിച്ചുകിടക്കുന്നതാണ് അവൾ കണ്ടത്. ആളുകൾ ശവശരീരം പുറത്തുള്ള മഞ്ഞിലേക്ക് എറിഞ്ഞുകളഞ്ഞു. ദുഃഖാർത്തയായ ആ മാതാവ് വാതിൽ തുറന്ന് വെളിയിൽ ചാടി കുഞ്ഞിനോടൊപ്പം ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു.
മരംകോച്ചുന്ന തണുപ്പിൽനിന്നു രക്ഷനേടാനായി ഞങ്ങൾ സഞ്ചരിച്ചിരുന്ന കന്നുകാലി ബോഗിയുടെ നടുവിൽ ഒരു പോട്ട്ബെല്ലീഡ് സ്റ്റോവ് വെച്ചിരുന്നു. ബോഗിയുടെ ഒരറ്റത്തുവെച്ചിരുന്ന കുറച്ചു വിറക് അൽപ്പാൽപ്പമായി എടുത്ത് ഉരുളക്കിഴങ്ങ് പാകംചെയ്തു. ഉരുളക്കിഴങ്ങുകൾ ഞങ്ങൾക്കു കിടക്കകളായും ഉതകി. തറയിലെ തണുപ്പിൽനിന്ന് അവ ഞങ്ങൾക്ക് തെല്ലൊരാശ്വാസം പ്രദാനം ചെയ്തു.
ഞങ്ങൾ എന്തുകൊണ്ടാണ് ജീവനുംകൊണ്ടോടിയത്? അഭയാർഥികളെന്ന നിലയിൽ ഞങ്ങളുടെ കുടുംബം മാസങ്ങളോളം ജീവിതം തള്ളിനീക്കിയത് എങ്ങനെയാണ്? പറയാം.
യഹൂദ പൈതൃകം
ഞാൻ 1940 ഡിസംബർ 22-ന് അഞ്ചുമക്കളിൽ ഏറ്റവും ഇളയവനായി ജനിച്ചു. കിഴക്കൻ പ്രഷയിലെ ലിക്കിൽ (ഇപ്പോൾ പോളണ്ടിലെ എൽക്ക്) ആയിരുന്നു ജനനം. മതപീഡനം കാരണം യഹൂദരായ എന്റെ പൂർവികർക്ക് 1700-കളുടെ ഒടുവിൽ ജർമനി വിടേണ്ടിവന്നു. അവർ റഷ്യയിലേക്കാണു പോയത്. ചരിത്രത്തിലെ കൂട്ടത്തോടെയുള്ള വൻ കുടിയേറ്റങ്ങളിൽ ഒന്നായിരുന്നു അത്. പിന്നീട് 1917-ൽ, റഷ്യയിൽ അന്നുണ്ടായ ശേമ്യവിരുദ്ധ പീഡനത്തിൽനിന്നു രക്ഷനേടുന്നതിനായി യഹൂദനായ എന്റെ മുത്തച്ഛൻ വോൾഗ നദിക്കരയിലുള്ള തന്റെ ഗ്രാമത്തിൽനിന്ന് കിഴക്കൻ പ്രഷയിലേക്ക് കുടിയേറിപ്പാർത്തു.
മുത്തച്ഛൻ ജർമൻ പൗരത്വം സമ്പാദിച്ചു. കിഴക്കൻ പ്രഷ സുരക്ഷിതമായ ഒരു അഭയസങ്കേതമായി തോന്നി. യഹൂദ പേരുകൾ ഉണ്ടായിരുന്നവർ ആര്യൻ പേരുകൾ സ്വീകരിച്ചു. അങ്ങനെ എന്റെ അച്ഛൻ ഫ്രിഡ്റിച്ച് സാലോമോൻ, ഫ്രിറ്റ്സ് ആയി മാറി. എന്നാൽ അമ്മ പ്രഷക്കാരിയായിരുന്നു. സംഗീതജ്ഞനായിരുന്ന എന്റെ അച്ഛനും അമ്മയും 1929-ൽ വിവാഹിതരായി.
എന്റെ മാതാപിതാക്കളുടെ ജീവിതം ആനന്ദം തിരതല്ലുന്ന, പ്രതീക്ഷാനിർഭരമായ ഒന്നായി കാണപ്പെട്ടു. മുത്തശ്ശി ഫ്രേഡെറിക്കിനും മുതുമുത്തശ്ശി (അമ്മവഴിക്കുള്ള) വിൽഹെൽമിനും സാമാന്യം വലിയ ഒരു കൃഷിയിടമുണ്ടായിരുന്നു. അത് എന്റെ മാതാപിതാക്കളുടെയും മക്കളായ ഞങ്ങളുടെയും രണ്ടാം വീടായിരുന്നു. ഞങ്ങളുടെ കുടുംബജീവിതത്തിൽ സംഗീതത്തിന് വലിയൊരു സ്ഥാനമുണ്ടായിരുന്നു. അച്ഛന്റെ നൃത്തസംഘത്തിൽ അമ്മ ചെണ്ടകൊട്ടിയിരുന്നു.
നാസി അധിനിവേശം
1939-ൽ രാഷ്ട്രീയ ചക്രവാളത്തിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങി. യഹൂദ പ്രശ്നത്തിനുള്ള അഡോൾഫ് ഹിറ്റ്ലറിന്റെ അന്തിമ പരിഹാരം എന്നു വിളിക്കപ്പെട്ടത് എന്റെ മാതാപിതാക്കളെ അലട്ടാൻ തുടങ്ങി. കുട്ടികളായ ഞങ്ങൾക്ക് യഹൂദ പൈതൃകത്തെക്കുറിച്ച് അറിയില്ലായിരുന്നു. 1978-ൽ അമ്മ മരിക്കുംവരെ ഞങ്ങൾ അതേക്കുറിച്ച് മനസ്സിലാക്കിയുമില്ല. അച്ഛൻ മരിച്ച് ഒമ്പതു വർഷത്തിനു ശേഷമായിരുന്നു അമ്മയുടെ മരണം.
താനൊരു യഹൂദനാണെന്ന് ആരും സംശയിക്കാതിരിക്കാനായി അച്ഛൻ ജർമൻ സൈന്യത്തിൽ ചേർന്നു. ആദ്യം അദ്ദേഹം സേവിച്ചത് സൈന്യത്തിലെ സംഗീതവിഭാഗത്തിലാണ്. എന്നാൽ, പ്രത്യക്ഷത്തിൽ അദ്ദേഹത്തിന്റെ പശ്ചാത്തലമറിയാമായിരുന്ന ആരോ ഒരാൾ അദ്ദേഹം ഒരു യഹൂദനാണെന്നു പറഞ്ഞു. അതുകൊണ്ട് ഞങ്ങളുടെ മുഴു കുടുംബത്തെയും ചോദ്യംചെയ്യുകയും ഞങ്ങളുടെയെല്ലാവരുടെയും ഫോട്ടോയെടുക്കുകയും ചെയ്തു. ഞങ്ങൾക്ക് യഹൂദ സവിശേഷതകൾ ഉണ്ടോയെന്ന് നാസി വിദഗ്ധർ പരിശോധിച്ചു. ഞങ്ങൾ ആര്യൻമാരാണെന്ന് അവർക്ക് വേണ്ടത്ര തോന്നിയിരിക്കണം. അതുകൊണ്ട്, അനുഗ്രഹമെന്നു പറയട്ടെ, ഞങ്ങളെ അറസ്റ്റു ചെയ്യുകയോ തടവിലാക്കുകയോ ചെയ്തില്ല.
1939 സെപ്റ്റംബർ 1-ന് ജർമനി പോളണ്ടിനെ ആക്രമിച്ചപ്പോൾ സമാധാനം കളിയാടിയിരുന്ന ഞങ്ങളുടെ പ്രദേശത്ത് ഭയം കരിനിഴൽ വീഴ്ത്താൻ തുടങ്ങി. അമ്മയ്ക്ക് കുറെക്കൂടെ സുരക്ഷിതമായ ഒരു പ്രദേശത്തേക്ക് ഉടൻതന്നെ നീങ്ങിയാൽ കൊള്ളാമെന്നായി. എന്നാൽ നാസി അധികാരികൾ അതിൽനിന്നു ഞങ്ങളുടെ കുടുംബത്തെ കർശനമായി വിലക്കി. അങ്ങനെയിരിക്കെ, 1944-ലെ വേനൽക്കാലത്ത് റഷ്യൻ സേനകൾ കിഴക്കൻ പ്രഷയിലേക്ക് മുന്നേറിയപ്പോൾ ജർമൻകാർ ലിക്കിൽനിന്നും പരിസരപ്രദേശത്തുനിന്നും ഒഴിഞ്ഞുപോകാൻ തീരുമാനിച്ചു. അങ്ങനെ ജൂലൈയിൽ ഒരു നാൾ വെറും ആറു മണിക്കൂർകൊണ്ട് ഞങ്ങൾക്ക് വീടുവിട്ടു പോകേണ്ടിവന്നു.
ഭ്രാന്തമായ വൻപുറപ്പാട്
അമ്മ തരിച്ചുനിന്നുപോയി. എന്തെടുക്കണം? എവിടേക്കു പോകണം? എങ്ങനെ പോകണം? എന്നെങ്കിലും തിരിച്ചെത്തുമോ? വളരെ കുറച്ചു സാധനങ്ങളെ ഓരോ കുടുംബത്തിനും കൊണ്ടുപോകാൻ കഴിയുമായിരുന്നുള്ളൂ. സൗകര്യമായി കൊണ്ടുപോകാൻ കഴിയുന്ന അത്യാവശ്യ സാധനങ്ങൾ മാത്രം അമ്മ ബുദ്ധിപൂർവം തിരഞ്ഞെടുത്തു. മാട്ടിൻ കൊഴുപ്പും ഉപ്പിട്ടു പുകച്ചുണക്കിയ പന്നിയിറച്ചി കഷണങ്ങളും അടങ്ങിയ ഒരു മൺഭരണിയും ആ കൂട്ടത്തിലുണ്ടായിരുന്നു. മറ്റു കുടുംബങ്ങളാകട്ടെ വിലപിടിപ്പുള്ള ഭൗതിക വസ്തുവകകളാണ് കൊണ്ടുപോകാനായി തിരഞ്ഞെടുത്തത്.
1944 ഒക്ടോബർ 22-ന് റഷ്യൻ സേനകൾ കിഴക്കൻ പ്രഷയിൽ കടന്നു. ഒരു ലേഖകൻ ഇപ്രകാരം വിശദീകരിച്ചു: “സ്വന്തം കുടുംബങ്ങളെ അരിഞ്ഞുവീഴ്ത്തുന്നതും സ്വന്തം വീടുകളും വിളകളും ചുട്ടെരിക്കുന്നതും കണ്ട റഷ്യൻ ഭടൻമാർക്ക് പ്രതികാരബുദ്ധി തോന്നുക സ്വാഭാവികം മാത്രം.” വിനാശം കിഴക്കൻ പ്രഷയിൽ നടുക്കത്തിന്റെ അലകളുയർത്തി. ജനങ്ങൾ പരിഭ്രാന്തരായി ഓടി.
കിഴക്കൻ പ്രഷയുടെ പടിഞ്ഞാറേ അറ്റത്തു താമസിക്കുന്ന ഞങ്ങൾ അപ്പോഴേക്കും അഭയാർഥികളായിക്കഴിഞ്ഞിരുന്നു. ഒരേയൊരു രക്ഷാമാർഗം ബാൾട്ടിക് കടൽ വഴിയുള്ളതായി കാണപ്പെട്ടു. അതുകൊണ്ട് ആളുകൾ തുറമുഖ നഗരമായ ഡാൻസിഗിലേക്കോടി (ഇപ്പോൾ പോളണ്ടിലെ ഗഡാൻസ്ക്). അവിടെ കപ്പലുകൾ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി പിടിച്ചിട്ടിരിക്കുകയായിരുന്നു. 1945 ജനുവരി 30-ന് ഡാൻസിഗിനടുത്തുള്ള ഗഡിനിയയിൽനിന്നു പുറപ്പെടുന്ന വിൽഹെം ഗുസ്റ്റ്ലൊഫ് എന്ന ജർമൻ യാത്രാക്കപ്പലിൽ കയറാൻ തക്കവണ്ണം ഞങ്ങളുടെ കുടുംബത്തെ അവിടെ എത്തിക്കേണ്ടിയിരുന്ന തീവണ്ടി ഞങ്ങൾക്കു കിട്ടിയില്ല. റഷ്യൻ ടോർപിഡോകൾ ആ കപ്പലിനെ മുക്കിയെന്നും 8,000-ത്തോളം യാത്രക്കാർ ശൈത്യജലത്തിൽ മുങ്ങിമരിച്ചെന്നും പിന്നീട് ഞങ്ങളറിഞ്ഞു.
കടലിലൂടെയുള്ള രക്ഷാമാർഗം അടഞ്ഞപ്പോൾ ഞങ്ങൾ പടിഞ്ഞാറോട്ടു തിരിച്ചു. സൈന്യത്തിൽനിന്ന് തത്കാല അവധിക്കു വന്ന അച്ഛൻ, തുടക്കത്തിൽ വിവരിച്ചതുപോലെ കുറെദൂരം ഞങ്ങളോടൊപ്പം ട്രെയിനിൽ യാത്ര ചെയ്തു. എന്നാൽ പെട്ടെന്നുതന്നെ അദ്ദേഹത്തിന് സൈനികസേവനത്തിനായി മടങ്ങിപ്പോകേണ്ടിവന്നു. അങ്ങനെ ഞങ്ങൾ തനിയെ ദീർഘിച്ചതും അപകടംപിടിച്ചതുമായ യാത്ര തുടർന്നു. കൊഴുപ്പടങ്ങിയ ഭരണി അമ്മ സംരക്ഷിച്ചു. വഴിക്കുവെച്ചു കിട്ടിയ ഭക്ഷണ നുറുങ്ങുകളോടൊപ്പം ഞങ്ങൾ അതിൽനിന്ന് അൽപ്പാൽപ്പം എടുത്തു കഴിച്ചു. ദീർഘമായ ശൈത്യകാലത്ത് അത് ഞങ്ങളുടെ പ്രാണനെ നിലനിർത്തി. ആ ഒരു ഭരണി കൊഴുപ്പ് ഏതു സ്വർണത്തെക്കാളും വെള്ളിയെക്കാളും വിലപ്പെട്ടതാണെന്നു തെളിഞ്ഞു!
ഒടുവിൽ ഞങ്ങൾ സ്റ്റാർഗാർട്ട് പട്ടണത്തിലെത്തി. അവിടെ ജർമൻ ഭടൻമാരും റെഡ് ക്രോസും ചേർന്ന് റെയിൽവേ സ്റ്റേഷനടുത്തായി ഒരു സൂപ്പ്-അടുക്കള സ്ഥാപിച്ചിട്ടുണ്ടായിരുന്നു. വിശന്നുപൊരിഞ്ഞ ഒരു കുട്ടിക്ക് ആ സൂപ്പ് അമൃതുപോലെയായിരുന്നു. പിന്നെയും യാത്രചെയ്ത് ഞങ്ങൾ ജർമനിയിലെ ഹാംബർഗിലെത്തി. അപ്പോഴേക്കും ഞങ്ങൾ വിശന്നുതളർന്നിരുന്നു. എങ്കിലും ജീവനോടിരിക്കുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരായിരുന്നു. ഞങ്ങളെ എൽബ് നദിക്കടുത്തുള്ള ഒരു കൃഷിയിടത്തിൽ റഷ്യക്കാരും പോളണ്ടുകാരുമായ യുദ്ധത്തടവുകാരോടൊപ്പം ആക്കി. 1945 മേയ് 8-ന് യൂറോപ്പിൽ യുദ്ധം അവസാനിച്ചപ്പോൾ ഞങ്ങൾ വല്ലാത്ത അനിശ്ചിതാവസ്ഥയിലായിരുന്നു.
അഭയാർഥികളായുള്ള ജീവിതം
അമേരിക്കക്കാർ അച്ഛനെ തടവുകാരനായി പിടിച്ചുകൊണ്ടുപോയിരുന്നു. അവർ അദ്ദേഹത്തോട് നല്ല രീതിയിൽ പെരുമാറി, പ്രത്യേകിച്ചും അദ്ദേഹം ഒരു സംഗീതജ്ഞനാണെന്ന് മനസ്സിലാക്കിയപ്പോൾ. സ്വാതന്ത്ര്യദിനാഘോഷത്തിൽ അവർ അദ്ദേഹത്തിന്റെ സംഗീത പ്രാപ്തികൾ ഉപയോഗപ്പെടുത്തി. അതിനുശേഷം അധികം താമസിയാതെതന്നെ അദ്ദേഹം അവിടെനിന്ന് ഒരുതരത്തിൽ രക്ഷപ്പെട്ട് ഹാംബർഗിനു തിരിച്ചു. അവിടെവെച്ചുള്ള ഞങ്ങളുടെ പുനഃസമാഗമം സന്തോഷകരമായിരുന്നു. ഞങ്ങൾ ഒരു ചെറിയ വീട്ടിൽ താമസമാക്കി. പെട്ടെന്നുതന്നെ രണ്ടു മുത്തശ്ശിമാരും സുരക്ഷിതരായി ഞങ്ങളുടെയടുക്കൽ എത്തിച്ചേർന്നു.
എന്നാൽ, ക്രമേണ ഞങ്ങളുടെ ലൂഥറൻ സഭക്കാരുൾപ്പെടെ അവിടുത്തെ നാട്ടുകാർക്ക് അഭയാർഥികളിൽ അനേകരോടും വിരോധം തോന്നിത്തുടങ്ങി. ഒരു വൈകുന്നേരം സഭാശുശ്രൂഷകൻ ഞങ്ങളുടെ കുടുംബം സന്ദർശിച്ചു. അഭയാർഥികളെന്ന നിലയിലുള്ള ഞങ്ങളുടെ സ്ഥാനത്തെക്കുറിച്ച് നിന്ദാപൂർവം സംസാരിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളെ മനഃപൂർവം വെറുപ്പിക്കുന്നതായി തോന്നി. അച്ഛൻ—അദ്ദേഹം അരോഗദൃഢഗാത്രനായിരുന്നു—കോപാകുലനായി ആ മതപ്രാസംഗികനെ ആക്രമിച്ചു. അമ്മയും മുത്തശ്ശിമാരും അച്ഛനെ തടഞ്ഞു. അപ്പോൾ അദ്ദേഹം ആ പുരോഹിതനെ തൂക്കിയെടുത്ത് വാതിലിനടുത്തേക്ക് കൊണ്ടുപോയി പുറത്തേക്കു തള്ളിയിട്ടു. അന്നുമുതൽ വീട്ടിൽ മതത്തെപ്പറ്റിയുള്ള യാതൊരു ചർച്ചയും അദ്ദേഹം അനുവദിച്ചിട്ടില്ല.
ഈ സംഭവം കഴിഞ്ഞയുടനെ അച്ഛന് ജർമൻ റെയിൽവേയിൽ ജോലി കിട്ടി, ഞങ്ങൾ ഹാംബർഗിന്റെ പ്രാന്തപ്രദേശത്തേക്കു താമസംമാറ്റുകയും ചെയ്തു. അവിടെ ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു റയിൽവണ്ടിയിൽ ഞങ്ങൾ താമസമാക്കി. പിന്നീട് അച്ഛൻ ഞങ്ങൾക്കുവേണ്ടി സാമാന്യം നല്ലൊരു വീടു പണിതു. എന്നാൽ അഭയാർഥികളോടുള്ള വിരോധം തുടർക്കഥയായി. ഒരു കൊച്ചുകുട്ടിയായ എന്നെ നാട്ടുകാരായ കുട്ടികൾ ശാരീരികവും വൈകാരികവുമായി വളരെയധികം ദ്രോഹിച്ചു.
മതം സംബന്ധിച്ച ഞങ്ങളുടെ കുടുംബത്തിന്റെ തിരഞ്ഞെടുപ്പ്
കുട്ടിയായിരുന്നപ്പോൾ ഞാൻ എന്റെ മുത്തശ്ശിമാരുടെ മുറിയിലാണ് അന്തിയുറങ്ങിയിരുന്നത്. അച്ഛന്റെ വിലക്കുണ്ടായിരുന്നിട്ടും അദ്ദേഹം വീട്ടിലില്ലാത്ത മിക്ക സമയങ്ങളിലും അവർ ദൈവത്തെക്കുറിച്ച് എന്നോടു സംസാരിക്കുകയും പ്രാർഥനാഗീതങ്ങൾ ആലപിക്കുകയും ബൈബിൾ വായിക്കുകയും ചെയ്തിരുന്നു. എന്റെ ആത്മീയ താത്പര്യം സടകുടഞ്ഞെണീറ്റു. അങ്ങനെ, പത്തുവയസ്സുള്ളപ്പോൾ ഞാൻ ഞായറാഴ്ചകളിൽ ഏതാണ്ട് പതിനൊന്നു കിലോമീറ്റർ അകലെയുള്ള പള്ളിയിലേക്കു നടന്നുപോകാൻ തുടങ്ങി. എന്നാൽ, ഞാൻ ചോദിച്ച പല ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരം കിട്ടാഞ്ഞത് എന്നെ നിരാശനാക്കി എന്നു പറഞ്ഞേ പറ്റൂ.
അങ്ങനെയിരിക്കെ, 1951-ലെ വേനൽക്കാലത്ത് നന്നായി വസ്ത്രം ധരിച്ച ഒരു മനുഷ്യൻ ഞങ്ങളുടെ വാതിൽക്കൽ മുട്ടി വീക്ഷാഗോപുരം മാസികയുടെ ഒരു പ്രതി വെച്ചുനീട്ടി. “വീക്ഷാഗോപുരം ദൈവരാജ്യത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നു,” അദ്ദേഹം പറഞ്ഞു. അതു കേട്ടപ്പോൾ എന്റെ ഉള്ളം തുടികൊട്ടി. കാരണം ഞാനാഗ്രഹിച്ചത് അതായിരുന്നു. അമ്മ വിനയപൂർവം അത് നിരസിച്ചു, നിസ്സംശയമായും അത് അച്ഛന്റെ മതവിരോധം നിമിത്തമായിരുന്നു. എന്നാൽ, ഞാൻ ഒത്തിരി കേണപേക്ഷിച്ചപ്പോൾ അമ്മ മനസ്സലിഞ്ഞ് എനിക്കൊരു പ്രതി വാങ്ങിത്തന്നു. കുറെച്ചു നാളുകൾക്കുശേഷം എർനെസ്റ്റ് ഹിബ്ബിങ് മടങ്ങിവന്ന് “ദൈവം സത്യവാൻ” എന്ന പുസ്തകം നൽകി.
ആയിടയ്ക്കാണ് ജോലിസ്ഥലത്ത് ഒരപകടത്തിൽപെട്ട് അച്ഛന്റെ കാലൊടിഞ്ഞത്. അതു നിമിത്തം അദ്ദേഹത്തിന് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്നായി. അച്ഛനാണെങ്കിൽ വീട്ടിൽ കുത്തിയിരിക്കുന്നത് ഒട്ടും ഇഷ്ടമില്ലായിരുന്നു. കാലേൽ പ്ലാസ്റ്ററിട്ടിരിക്കുകയായിരുന്നെങ്കിലും അദ്ദേഹത്തിന് മുടന്തിനടക്കാമായിരുന്നു. ഭക്ഷണസമയങ്ങളിലൊഴികെ പകൽസമയത്ത് അദ്ദേഹം വീട്ടിൽനിന്ന് അപ്രത്യക്ഷനായിക്കൊണ്ടിരുന്നത് ഞങ്ങളെ അമ്പരപ്പിച്ചു. ഒരാഴ്ച അങ്ങനെ കടന്നുപോയി. അച്ഛൻ അപ്രത്യക്ഷനാകുമ്പോഴൊക്കെ എന്റെ പുസ്തകവും അപ്രത്യക്ഷമാകുന്നതായി ഞാൻ ശ്രദ്ധിച്ചു. ഒരിക്കൽ ഭക്ഷണസമയത്ത് അച്ഛൻ എന്നോടു പറഞ്ഞു: “ആ മനുഷ്യൻ ഇനിയും വരികയാണെങ്കിൽ എനിക്ക് അദ്ദേഹത്തെ കാണണം!”
ഹിബ്ബിങ് സഹോദരൻ മടങ്ങിവന്നപ്പോൾ അച്ഛൻ ഞങ്ങളെ അതിശയിപ്പിക്കുമാറ് ആ പുസ്തകം മേശയിലടിച്ചിട്ട് ഇപ്രകാരം പറഞ്ഞു: “ഈ പുസ്തകമാണ് സത്യം!” ഉടൻതന്നെ ഒരു ബൈബിളധ്യയനം ആരംഭിച്ചു. ക്രമേണ മറ്റു കുടുംബാംഗങ്ങളും അധ്യയനത്തിൽ പങ്കെടുക്കാൻ തുടങ്ങി. ഹിബ്ബിങ് സഹോദരൻ എനിക്ക് ഒരു വിശ്വസ്ത ഉപദേശകനും യഥാർഥ സുഹൃത്തുമായിത്തീർന്നു. പുതുതായി കണ്ടെത്തിയ വിശ്വാസങ്ങൾ പങ്കുവെക്കാൻ ശ്രമിച്ചതുനിമിത്തം ഉടൻതന്നെ എന്നെ സൺഡേ സ്കൂളിൽനിന്നു പുറത്താക്കി. അതുകൊണ്ട് ഞാൻ ലൂഥറൻ സഭയിൽനിന്നു രാജിവെച്ചു.
1952 ജൂലൈയിൽ ഞാൻ എന്റെ പ്രിയ സുഹൃത്തിനോടൊപ്പം വീടുതോറുമുള്ള ദൈവരാജ്യ സുവാർത്താ പ്രസംഗത്തിൽ പങ്കെടുത്തു തുടങ്ങി. വീട്ടുകാരോട് താൻ സന്ദേശം അവതരിപ്പിക്കുന്നതെങ്ങനെയെന്ന് ശ്രദ്ധാപൂർവം കേൾക്കാൻ ഹിബ്ബിങ് സഹോദരൻ ഓരോ ഞായറാഴ്ചയും എന്നോടു പറയുമായിരുന്നു. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ അദ്ദേഹം കെട്ടിടങ്ങളുടെ ഒരു വലിയ സമുച്ചയം ചൂണ്ടിക്കാട്ടിക്കൊണ്ടു പറഞ്ഞു: “അവ മുഴുവൻ നീ തന്നെ പ്രവർത്തിച്ചു തീർക്കണം.” ക്രമേണ, ഞാൻ സങ്കോചം തരണംചെയ്യുകയും ആളുകളോടു സംസാരിക്കുന്നതിലും അവർക്ക് ബൈബിൾ സാഹിത്യം സമർപ്പിക്കുന്നതിലും വളരെയധികം വിജയിക്കുകയും ചെയ്തു.
അധികം താമസിയാതെതന്നെ, യഹോവയ്ക്കുള്ള എന്റെ സമർപ്പണത്തെ സ്നാപനത്താൽ പ്രതീകപ്പെടുത്തുന്നതിന് ഞാൻ യോഗ്യത നേടി. അച്ഛനും ഞാനും 1953 മാർച്ച് 29-ന് സ്നാപനമേറ്റു. അതേ വർഷം അമ്മയും സ്നാപനമേറ്റു. ഒടുവിൽ, എന്റെ പെങ്ങൾ ഏറികാ; ജ്യേഷ്ഠൻമാരായ ഹൈൻറ്റ്സ്, ഹെർബെർട്ട്, വെർനെർ; അപ്പോഴേക്കും 80 പിന്നിട്ടിരുന്ന ഞങ്ങളുടെ എത്രയും പ്രിയപ്പെട്ട മുത്തശ്ശിമാർ എന്നിങ്ങനെ ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാവരും സ്നാപനത്തിന്റെ പടിയിലേക്കു കടന്നുവന്നു. പിന്നീട്, 1959 ജനുവരിയിൽ ഞാൻ ഒരു പയനിയർ—മുഴു സമയ ശുശ്രൂഷകരെ അങ്ങനെയാണ് വിളിക്കുന്നത്—ആയിത്തീർന്നു.
ഒരു പുതിയ നാട്ടിലെ ശുശ്രൂഷ
അച്ഛൻ ജർമനി വിട്ടുപോകാൻ എന്നെ എപ്പോഴും നിർബന്ധിക്കുമായിരുന്നു. പിന്തിരിഞ്ഞുനോക്കിയപ്പോൾ അത് ശേമ്യവിരോധത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ തീരാഭയം നിമിത്തമായിരിക്കുമെന്ന് ഞാൻ കരുതി. ഞാൻ ഓസ്ട്രേലിയയിലേക്കു കുടിയേറ്റത്തിനായി അപേക്ഷയയച്ചു. ഇത് പാപ്പുവ ന്യൂഗിനിയിലോ മറ്റേതെങ്കിലും പസഫിക് ദ്വീപിലോ മിഷനറിയായി സേവിക്കുന്നതിനുള്ള ചവിട്ടുപടിയാകുമെന്നു ഞാൻ പ്രതീക്ഷിച്ചു. ഞാനും ജ്യേഷ്ഠൻ വെർനെറും 1959 ജൂലൈ 21-ന് ഓസ്ട്രേലിയയിലെ മെൽബണിലെത്തി.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഞാൻ ഫുട്സ്ക്രേ സഭയിൽ ഒരു മുഴുസമയ ശുശ്രൂഷകയായി സേവിക്കുന്ന മെൽവ പീറ്റെഴ്സിനെ കണ്ടുമുട്ടി. ഞങ്ങൾ 1960-ൽ വിവാഹിതരായി. ഞങ്ങൾ രണ്ടു പുത്രിമാരാൽ അനുഗൃഹീതരായി, അവരും യഹോവയാം ദൈവത്തെ സ്നേഹിക്കാനും തങ്ങളുടെ ജീവിതത്തെ അവനു സമർപ്പിക്കാനും ഇടയായിത്തീർന്നു. ഒരു കുടുംബമെന്ന നിലയിൽ ആത്മീയ ലക്ഷ്യങ്ങൾ കൂടുതൽ പൂർണമായി പിന്തുടരാൻ തക്കവണ്ണം ജീവിതത്തെ ലളിതവും നിസ്സങ്കീർണവുമാക്കി നിർത്താൻ ഞങ്ങൾ കിണഞ്ഞു ശ്രമിച്ചിരിക്കുന്നു. ആരോഗ്യപ്രശ്നങ്ങളാൽ പയനിയറിങ് തുടരാൻ കഴിയാതാകുന്നതുവരെ വർഷങ്ങളോളം മെൽവ പയനിയറായി സേവിച്ചു. ഇപ്പോൾ ഞാൻ കാൻബെറ നഗരത്തിലെ ബെൽകൊനൻ സഭയിൽ ഒരു മൂപ്പനും പയനിയറുമായി സേവനമനുഷ്ഠിക്കുകയാണ്.
യഹോവയുടെ കരുതലുകളിൽ സന്തുഷ്ടിയും സംതൃപ്തിയും ഉള്ളവനായിരിക്കാൻ എന്റെ ബാല്യകാല അനുഭവങ്ങൾ എന്നെ പഠിപ്പിച്ചിരിക്കുന്നു. അമ്മ കൈവശം കരുതിയ ഒരു ഭരണി കൊഴുപ്പ് ദൃഷ്ടാന്തീകരിച്ചതുപോലെ അതിജീവനം, സ്വർണത്തെയോ വെള്ളിയെയോ അല്ല, അടിസ്ഥാന ഭൗതിക ആവശ്യങ്ങളെയും അതിലും പ്രധാനമായി ദൈവവചനമായ ബൈബിളിന്റെ പഠനത്തെയും അതു പഠിപ്പിക്കുന്ന കാര്യങ്ങളുടെ ബാധകമാക്കലിനെയും ആണ് ആശ്രയിച്ചിരിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കാനിടയായി.—മത്തായി 4:4.
യേശുവിന്റെ അമ്മയായ മറിയയുടെ അർഥഗർഭമായ ഈ വാക്കുകൾ തീർച്ചയായും സത്യമാണ്: “[യഹോവ] വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു.” (ലൂക്കൊസ് 1:53) സന്തോഷകരമെന്നു പറയട്ടെ, ഏഴു കൊച്ചുമക്കളുൾപ്പെടെ ബൈബിൾ സത്യത്തിന്റെ പാതയിൽ നടക്കുന്ന എന്റെ 47 കുടുംബാംഗങ്ങളെ എനിക്ക് എണ്ണാൻ കഴിയും. (3 യോഹന്നാൻ 4) ഇവരെക്കൂടാതെ അനേകം ആത്മീയ മക്കളും കൊച്ചുമക്കളുമുള്ള ഞാനും മെൽവയും യഹോവയുടെ ദയാപൂർവകമായ പരിപാലനത്തിൻ കീഴിലെ അത്ഭുതകരമായ സുരക്ഷിത ഭാവിക്കായും ഞങ്ങൾ സ്നേഹിക്കുന്ന മറ്റു പ്രിയപ്പെട്ടവർ പുനരുത്ഥാനം ചെയ്യപ്പെടുമ്പോഴുള്ള മഹത്തായ പുനഃസമാഗമത്തിനായും നോക്കിപ്പാർത്തിരിക്കുകയാണ്.—കുർട്ട് ഹാൻ പറഞ്ഞപ്രകാരം.
[21-ാം പേജിലെ ചിത്രം]
1944-ൽ റഷ്യൻ സേനകൾ കിഴക്കൻ പ്രഷയിലേക്ക് മുന്നേറുന്നു
[കടപ്പാട്]
Sovfoto
[23-ാം പേജിലെ ചിത്രം]
എന്റെ ജ്യേഷ്ഠൻ ഹൈൻറ്റ്സ്, പെങ്ങൾ ഏറികാ, അമ്മ എന്നിവരും ജ്യേഷ്ഠൻമാരായ ഹെർബെർട്ടും വെർനെറും, മുന്നിൽ ഞാനും
[24-ാം പേജിലെ ചിത്രം]
ഭാര്യ മെൽവയുമൊത്ത്
[24-ാം പേജിലെ ചിത്രം]
കൊഴുപ്പു നിറഞ്ഞ ഇതുപോലത്തെ ഒരു കുടം ഞങ്ങളുടെ ജീവൻ നിലനിർത്തി