ഹിമത്തിൽനിന്ന് വൈദ്യുതി
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഓസ്ട്രേലിയയുടെ മേൽക്കൂര എന്നു ചിലപ്പോഴൊക്കെ വിളിക്കാറുള്ള ഓസ്ട്രേലിയൻ ആൽപ്സ്, ന്യൂസൗത്ത് വെയിൽസ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഈ ആൽപ്സിലാണു ഹിമനദിയുടെ ഉറവിടമായ ഹിമപർവതങ്ങൾ സ്ഥിതിചെയ്യുന്നത്. നിമ്നോന്നതമായ ഈ ആൽപ്സ് പ്രദേശത്താലും അവിടെ ആദ്യമെത്തിയ കഠിനാധ്വാനികളായ കുതിരക്കാരാലും പ്രചോദിതനായി എ. ബി. (ബാഞ്ചോ) പാറ്റേഴ്സൺ “ഹിമനദിയിൽനിന്നുള്ള മനുഷ്യൻ” (ഇംഗ്ലീഷ്) എന്ന കാവ്യം രചിച്ചു. അതു പിന്നീട് സിനിമയാകുകയും ചെയ്തു.
എന്നാൽ ഇന്ന്, ആ സാങ്കൽപ്പിക കുതിരക്കാരൻ യാത്ര ചെയ്തിരുന്ന അപകടകരമായ മലഞ്ചെരിവുകളിലാണു ഹിമപർവത ജലവൈദ്യുത പദ്ധതി എന്ന സാങ്കേതികവിസ്മയത്തിന്റെ ജലനിർഗമന കുഴലുകൾ സ്ഥിതി ചെയ്യുന്നത്. ജലചാലുകളും തുരങ്കങ്ങളും ഡാമുകളും വൈദ്യുതനിലയങ്ങളും അടങ്ങിയ സങ്കീർണമായ ഈ ശൃംഖലയെ എഞ്ചിനിയർമാരുടെ അമേരിക്കൻ സൊസൈറ്റി 1967-ൽ വിലയിരുത്തിയത് “ആധുനിക ലോകത്തിലെ ഏഴ് എഞ്ചിനിയറിങ് അത്ഭുതങ്ങളിലൊന്ന്” എന്നാണ്. ആൽപ്സ് പ്രദേശത്തെ ഈ “അത്ഭുതം” കാണാൻ നിങ്ങളാഗ്രഹിക്കുന്നുവോ? അത് എന്തിനാണ് നിർമിച്ചത്, ആരാണ് നിർമിച്ചത് എന്ന് ആദ്യം നോക്കാം.
വരണ്ട ദേശം
അതിശയകരമെന്നു പറയട്ടെ, ഇവിടത്തെ ആദ്യ കുടിയേറ്റക്കാരുടെ മനസ്സിൽ ജലവൈദ്യുത പദ്ധതി എന്നൊരാശയം ഒരിക്കലും ഉദിച്ചിരുന്നില്ല. അവർ പ്രിയങ്കരമായി കരുതിയിരുന്ന വെള്ളമാണ് ആ പദ്ധതിക്ക് അവലംബമായിത്തീർന്നത്. വരൾച്ചയുടെ കെടുതികൾ നേരിട്ട 19-ാം നൂറ്റാണ്ടിലെ മറി ഡാർലിങ് താഴ്വരപ്രദേശത്തെ—ഓസ്ട്രേലിയയിലെ ഏറ്റവും പ്രമുഖ കൃഷിയിടത്തെ—ആ കർഷകരുടെ അഭിലാഷം കൂടുതൽ ആശ്രയയോഗ്യമായ ജലശ്രോതസ്സ് വേണമെന്നായിരുന്നു.
വെള്ളം എവിടെയുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു—ഹിമനദിയിൽ. എന്നാൽ, ഹിമനദി ആൽപ്സിന്റെ ഹരിതാഭമായ മറുവശത്തുകൂടി താഴേക്ക് ഒഴുകി ടാസ്മാനിയൻ കടലിൽ പതിച്ചു. അതൊരു വൻനഷ്ടംപോലെ തോന്നിച്ചു. ആൽപ്സിന്റെ മുകളിൽവെച്ച് ഈ തണുത്ത ശുദ്ധജലം, വെള്ളം അധികമൊന്നുമില്ലാത്ത മറി, മറംബിജി നദികളുടെ ശ്രോതസ്സുകളിലേക്കു തിരിച്ചുവിടുകയാണെങ്കിൽ അതു വരൾച്ചയ്ക്കെതിരെ ഒരു സംരക്ഷണമായി ഉതകുമായിരുന്നു. മാത്രമല്ല, കൃഷിക്കാർക്കു നൂറു കോടി ഡോളറിന്റെ നേട്ടമുണ്ടാകുകയും ചെയ്യുമായിരുന്നു. അതൊരു മോഹന സ്വപ്നമായിരുന്നു.
1908-ൽ കാൻബെറയ്ക്ക് അടുത്തുള്ള ഒരു ജില്ല ഓസ്ട്രേലിയയുടെ ദേശീയ തലസ്ഥാനമായി ഫെഡറൽ പാർലമെൻറ് തിരഞ്ഞെടുത്തപ്പോൾ ആ സ്വപ്നം സാക്ഷാത്കാരത്തോടു കുറെക്കൂടി അടുത്തുവന്നു. പ്രസ്തുത ജലവൈദ്യുത പദ്ധതി, നിർമിക്കാനിരുന്ന നഗരത്തിന്റെ ആവശ്യങ്ങൾ നിവർത്തിക്കുമായിരുന്നോ? വീണ്ടുമൊരിക്കൽക്കൂടി എല്ലാ കണ്ണുകളും ഹിമപർവതങ്ങളിലേക്കു തിരിഞ്ഞു.
പല പദ്ധതിനിർദേശങ്ങൾ—ചിലർ ജലവൈദ്യുത പദ്ധതിയെ അനുകൂലിച്ചപ്പോൾ മറ്റു ചിലർ ജലസേചന പദ്ധതിയെയാണ് അനുകൂലിച്ചത്—സമർപ്പിച്ചെങ്കിലും തിരസ്കരിക്കപ്പെടുകയാണുണ്ടായത്. അങ്ങനെ, 1944-ൽ ജലവൈദ്യുത-ജലസേചന പദ്ധതി സമർപ്പിക്കപ്പെട്ടു. അതു പെട്ടെന്നുതന്നെ അംഗീകാരം നേടുകയും ചെയ്തു. 1949-ൽ ഫെഡറൽ ഗവൺമെൻറ്, പ്രസ്തുത ഇരട്ട പദ്ധതി രൂപകൽപ്പന ചെയ്തു നിർമിക്കുന്നതിനുള്ള ഉത്തരവാദിത്വം ഹിമപർവത ജലവൈദ്യുത അതോറിറ്റിയെ ഏൽപ്പിച്ചു.
എന്നാൽ, വൈദഗ്ധ്യമോ കൂടുതലായ മാനവശേഷിയോ ഇല്ലാത്ത, അധികം പഴക്കമില്ലാത്ത ഒരു കാർഷികരാജ്യത്തിന് അളവിലും സങ്കീർണതയിലും മുമ്പൊരിക്കലും ഏറ്റെടുത്തിട്ടില്ലാത്തതരം ഒരു പദ്ധതി എങ്ങനെ കൈകാര്യം ചെയ്യാനാകുമായിരുന്നു?
കെടുതിയിൽനിന്ന് ഹിമത്തിലേക്ക്
കുടിയേറ്റമായിരുന്നു അതിനുള്ള പരിഹാരം. രണ്ടാം ലോകമഹായുദ്ധത്തിന്റെ തിക്തഫലങ്ങളിൽനിന്ന് അപ്പോഴും കരകയറാഞ്ഞ യൂറോപ്പ് നാശനഷ്ടങ്ങളുടെയും തൊഴിലില്ലായ്മയുടെയും ഭവനരാഹിത്യത്തിന്റെയും ഒരു പേടിസ്വപ്നമായിരുന്നു. അതിനാൽ, ഐക്യരാഷ്ട്രങ്ങളോടു സഹകരിച്ചുകൊണ്ട്, ആവശ്യമായ തൊഴിൽ വൈദഗ്ധ്യമുള്ള ഏതൊരു യൂറോപ്യനെയും പ്രസ്തുത പദ്ധതിയിൽ ജോലി ചെയ്യുന്നതിനായി ഓസ്ട്രേലിയ ക്ഷണിക്കുകയുണ്ടായി.
അതിനോടു പ്രതികരിച്ചുകൊണ്ട്, 33 രാജ്യങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിനാളുകൾ യൂറോപ്പിലെ യുദ്ധക്കെടുതികളെ വിട്ട് ഓസ്ട്രേലിയയ്ക്കു കപ്പൽ കയറി. പ്രസ്തുത പദ്ധതിയിൽ പങ്കെടുത്ത ജോലിക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും അവരായിരുന്നു. അവർ ഓസ്ട്രേലിയയിലെ വംശീയ പശ്ചാത്തലത്തിന് എന്നേക്കുമായി മാറ്റം വരുത്താൻ പോകുകയായിരുന്നു. സ്നോയി എന്ന തന്റെ പുസ്തകത്തിൽ ബ്രാഡ് കോളിസ് ഇങ്ങനെ പറയുന്നു: “ബ്രിട്ടീഷ് പൈതൃകത്തിൽനിന്ന് . . . ഉയർന്നുവന്ന ഒരു രാജ്യം ഒറ്റ രാത്രികൊണ്ട് ലോകത്തിലെ മഹാ ഭിന്നസംസ്കാരങ്ങളിൽ ഒന്നായിത്തീർന്നു.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ജോലി ചെയ്യാൻ [പുരുഷന്മാരെ]—ശത്രുമിത്രഭേദമോ മർദകമർദിത വ്യത്യാസമോ കൂടാതെ—പർവതങ്ങളിലേക്ക് അയച്ചു.” ഒറ്റ രാത്രികൊണ്ടല്ലെങ്കിലും, ക്രമേണ അവർ ഒരു ടീം പോലെ ഇടകലർന്നു.
ആൽപ്സിലെ ജീവിതം
പദ്ധതിയുടെ പ്രാരംഭകാലത്ത് ആൽപ്സിലേക്കുള്ള യാത്ര ദുഷ്കരമായിരുന്നു. മഞ്ഞുവീണ, ചെളിനിറഞ്ഞ, കിഴുക്കാംതൂക്കായ, വളഞ്ഞുപുളഞ്ഞ വഴികളിലൂടെയുള്ള യാത്ര മന്ദഗതിയിലുള്ളതായിരുന്നെന്നു മാത്രമല്ല വല്ലാതെ ക്ഷീണിപ്പിക്കുന്ന ഒരനുഭവം കൂടിയായിരുന്നു. ആ പ്രദേശത്തിന്റെ ചില ഭാഗങ്ങൾ അങ്ങേയറ്റം കിഴുക്കാംതൂക്കായതും ദുഷ്കരവുമായിരുന്നതിനാൽ കംഗാരുപോലും അവിടെ ഒരു അപൂർവ ദൃശ്യമായിരുന്നു! കോളിസ് പറയുന്നപ്രകാരം, “സീറ്റ്ബെൽറ്റുകൾ ധരിക്കുന്നത് നിർബന്ധിതമാക്കിയ ലോകത്തിലെ ആദ്യത്തെ സംഘടന എന്ന ഖ്യാതി” സ്നോയി അതോറിറ്റിക്കുണ്ട് എന്നതിൽ തെല്ലും അതിശയിക്കാനില്ല.
താമസസൗകര്യങ്ങൾ റോഡുകളെക്കാൾ ഒട്ടും ഭേദമായിരുന്നില്ല—സൈന്യത്തിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുണ്ടായിരുന്ന, തറ നിരപ്പാക്കാത്ത കൂടാരങ്ങളായിരുന്നു അതിനായുണ്ടായിരുന്നത്! ക്രമേണ, ആ പർവതനിരകളുടെ മുകളിൽ 100-ലധികം ക്യാമ്പുകളും കൂടാരനഗരങ്ങളും കൂണുകൾപോലെ മുളച്ചുവന്നു. ഇവയിലൊന്നായ കാബ്രമറ ഓസ്ട്രേലിയയിലെ ഏറ്റവും ഉയരമുള്ള പട്ടണമെന്ന—അതു മേലാൽ ഒരു കൂടാരനഗരമല്ല—ഖ്യാതി നേടിയിരിക്കുന്നു.
സങ്കൽപ്പിക്കാൻ കഴിയുന്നതുപോലെ, ഒറ്റപ്പെട്ടതും നിമ്നോന്നതവുമായ ആ പ്രദേശത്തു ജോലി ചെയ്യുന്നതും അന്തിയുറങ്ങുന്നതും ആരുടെയും കരുത്തിനെ അങ്ങേയറ്റം പരിശോധിക്കുന്നതായിരുന്നു. ശൈത്യകാല ഹിമവാതങ്ങൾ അസ്ഥികളിലേക്കു അരിച്ചിറങ്ങുന്നതായിരുന്നു, അസഹ്യമായ വേനൽച്ചൂടിൽ ഒന്നനങ്ങുന്നതുപോലും വളരെ ശ്രമകരമായിരുന്നു, ശല്യപ്പെടുത്തുന്ന ഈച്ചക്കൂട്ടങ്ങൾ വിയർപ്പൊഴുകുന്ന മുഖങ്ങളിലും പുറത്തും പറ്റിപ്പിടിച്ചിരുന്നു. യൂറോപ്യന്മാർക്ക് ഈച്ചകളെ എത്ര അറപ്പായിരുന്നെന്നോ!
എന്നാൽ മിക്കവരും അത്തരം അവസ്ഥകളിൽ സഹിച്ചുനിന്നു. യുദ്ധം സമ്മാനിച്ച കഠിനതയും പരുക്കൻസ്വഭാവവും ഉണ്ടായിരുന്ന അവർ തങ്ങളുടെ പുതുജീവിതം വിജയപ്രദമാക്കി മാറ്റാൻ ദൃഢനിശ്ചയം ചെയ്തു. വിചിത്ര ജീവികളും പാമ്പുകളും, ചൂളമടിക്കുകയും ചിലയ്ക്കുകയും ചെയ്യുന്നതിനു പകരം കൂകിവിളിക്കുകയും പരുക്കൻ സ്വരത്തിൽ കരയുകയും ചെയ്യുന്ന പക്ഷികളുമുള്ള ഓസ്ട്രേലിയൻ കുറ്റിക്കാടുകൾ പലരും ഇഷ്ടപ്പെടാൻ തുടങ്ങി. ക്രമേണ, കൂടാരങ്ങളുടെ സ്ഥാനത്ത് തടികൊണ്ടു നിർമിച്ച മാന്യമായ വീടുകൾ ഉയർന്നുവന്നു. പിന്നെ, ജോലിക്കാരുടെ ഭാര്യമാരും കുട്ടികളും എത്തിച്ചേർന്നു.
ഭിന്നഭാഷകളുടെ കാര്യമോ? വ്യക്തമായി ആശയവിനിയമം ചെയ്യാൻ കഴിയാത്തവർ കൂറ്റൻ യന്ത്രങ്ങളും കുഴിക്കൽ ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതോ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതോ ഒന്നു സങ്കൽപ്പിച്ചുനോക്കൂ! അത് അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. അതുകൊണ്ട് അതോറിറ്റി, ജോലി കഴിഞ്ഞുള്ള സമയം സൗജന്യ ഇംഗ്ലീഷ് ഭാഷാ ക്ലാസ്സുകൾ ഏർപ്പെടുത്തി. ഇംഗ്ലീഷിൽ അടിസ്ഥാന പരിജ്ഞാനം നേടിയാൽ ജോലിയിൽ തുടരാമെന്നതിനാൽ ആ ക്ലാസ്സുകളിൽ അനവധി പേർ സംബന്ധിച്ചുവെന്നതിൽ അതിശയിക്കാനില്ല!
അനേകം പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ടും 25 വർഷത്തിനുശേഷം—1949 മുതൽ 1974 വരെ—ബജറ്റുപ്രകാരം പദ്ധതി യഥാസമയം പൂർത്തിയായി. 82 കോടി ഡോളർ ഇന്നത്തെ കണക്കനുസരിച്ച് ന്യായമായ തുകയാണെങ്കിലും അന്ന് ഭീമമായ ഒന്നായിരുന്നു. പ്രത്യേകിച്ചും, യുദ്ധാനന്തരം സ്വന്തം കാലിൽ നിൽക്കാൻ പാടുപെടുന്ന, എട്ടു ദശലക്ഷം ആളുകൾ മാത്രമുള്ള ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം.
ഈ നേട്ടം കൈവരിച്ചതിന്റെ ആഘോഷത്തിനായി അതോറിറ്റി 1999-ലേക്കായി ഒരു 50-ാം വാർഷികപരിപാടി ആസൂത്രണം ചെയ്യുകയാണ്. ആ പദ്ധതിയിൽ പ്രവർത്തിച്ച എല്ലാവരുടെയും ഒരു പുനഃസംഗമം അതിൽ ഉൾപ്പെടും—അവരെ കണ്ടെത്താൻ കഴിഞ്ഞാൽ. “ലോകത്തിലെ എഞ്ചിനിയറിങ് അത്ഭുതങ്ങളിലൊന്നു നിർമിക്കാൻ സഹായിച്ച അവർ ഓസ്ട്രേലിയയുടെ ചരിത്രത്തിന്റെ ഗതിതന്നെ തിരിച്ചുവിട്ടു” എന്ന് നിലവിലുള്ള കമ്മീഷണർ പറയുന്നു. “അവരോടു നന്ദി പറയാൻ ഞങ്ങളാഗ്രഹിക്കുന്നു.”
പദ്ധതിയുടെ വലിപ്പവും ശേഷിയും
ജലശക്തി (ഇംഗ്ലീഷ്) എന്ന ലഘുപത്രിക ഇങ്ങനെ പറയുന്നു, “ഈ പദ്ധതി പ്രവർത്തിക്കുന്നത് 3,200 കിലോമീറ്റർ വരുന്ന ഒരു പ്രദേശത്താണ്, കൂടാതെ 80 കിലോമീറ്റർ നീളമുള്ള ജലചാലുകളും 140 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളും 16 വലിയ ഡാമുകളും അതിൽപ്പെടും.” ഈ ഡാമുകളുടെ സംഭരണശേഷി 7,000 ശതകോടി ലിറ്ററാണ്—530 ശതകോടി ലിറ്റർ സംഭരണശേഷിയുള്ള സിഡ്നി ഹാർബറിന്റെ സംഭരണശേഷിയുടെ ഏകദേശം 13 ഇരട്ടിയാണ് അത്. ഈ പദ്ധതിയിൽപ്പെട്ട പ്രധാന ജലസംഭരണി യൂക്കമ്പിൻ തടാകമാണ്. ഏഴ് വൈദ്യുതനിലയങ്ങളും കൂടി മണിക്കൂറിൽ 6,400 ശതകോടി വാട്ട്സിനു തുല്യമായി പ്രതിവർഷം ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദക്ഷിണപൂർവ ഓസ്ട്രേലിയൻ വൻകരയുടെ 17 ശതമാനം ഊർജാവശ്യത്തിന് ഉതകുന്നു. സിഡ്നി, മെൽബൺ, കാൻബെറ എന്നിവിടങ്ങൾ അതിലുൾപ്പെടും.
ആവശ്യം കൂടുതലുള്ള സമയത്തൊഴികെ ടർബൈനുകൾ 24 മണിക്കൂറും പ്രവർത്തിക്കാറില്ല. അപ്പോൾ താപവൈദ്യുത നിലയങ്ങൾക്കു സഹായം ആവശ്യമാണ്. ആവശ്യം ഏറ്റവും കൂടുതലുള്ള സമയത്തേക്ക് ഊർജോത്പാദനം വർധിപ്പിക്കുന്നതിന് മണിക്കൂറുകൾതന്നെ വേണ്ടിവരുന്ന, കൽക്കരി ഇന്ധനം ഉപയോഗിക്കുന്ന സംവിധാനത്തെക്കാൾ ജലവൈദ്യുതി പ്രത്യേകിച്ചും ഉപകാരപ്രദമാണ്. ഊർജാവശ്യത്തിന്റെ പെട്ടെന്നുള്ള വർധനവിനോട് അതിനു പെട്ടെന്നുതന്നെ—രണ്ടു-മൂന്നു മിനിറ്റുകൾക്കുള്ളിൽ—പ്രതികരിക്കാനാകും എന്നതാണ് ഇതിനു കാരണം.
സ്നോയി പദ്ധതിയുടെ പ്രവർത്തനവിധം
“അതിസങ്കീർണവും ബഹുമുഖോദ്ദേശ്യങ്ങൾക്ക് ഉപകരിക്കുന്നതും പല ജലസംഭരണികൾ ഉള്ളതുമായ ലോകത്തിലെ ജലവൈദ്യുത പദ്ധതി എന്ന പ്രത്യേകത” ഈ പദ്ധതിക്കുണ്ടെന്നു സ്നോയി അതോറിറ്റി പറയുന്നു. സ്നോയി-മറി സ്കീം, സ്നോയി-ട്യൂമട്ട് സ്കീം എന്നീ രണ്ടു സംയോജിത ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
സ്നോയി-മറി സ്കീം, ഹിമനദിയിലെ വെള്ളം ഐലൻഡ് ബെൻഡ് ഡാമിൽനിന്ന് ഒരു തുരങ്കംവഴി ഗിഹൈ ഡാമിലേക്കു തിരിച്ചുവിടുന്നു. ആ ഡാമിലേക്ക് ഗിഹൈ നദിയിൽനിന്നും വെള്ളം വരുന്നുണ്ട്. വെള്ളം ഇവിടെനിന്ന് 820 മീറ്റർ താഴെയുള്ള രണ്ട് മറി വൈദ്യുതനിലയങ്ങളിലേക്കു പതിക്കുന്നു. അതേസമയം, ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന പർവതമായ കൊസിയോസ്കോ പർവതത്തിന്റെ സമീപത്ത് ഹിമനദിയുടെ ഉത്ഭവജലമാണ് ഗഥഗ വൈദ്യുതനിലയം ഉപയോഗപ്പെടുത്തുന്നത്. ഗഥഗയിൽനിന്ന് ഐലൻഡ് ബെൻഡിലെ പ്രധാന തുരങ്കസംവിധാനത്തിലേക്കു വെള്ളം ഒഴുകുന്നു. ഈ പദ്ധതിയുടെ ബഹുമുഖോപയോഗം കാര്യമായി വർധിപ്പിച്ചുകൊണ്ട് ഐലൻഡ് ബെൻഡ്-യൂക്കമ്പിൻ തുരങ്കം ഉൾപ്പെടെയുള്ള അനേകം തുരങ്കങ്ങൾ ഇരുദിശാപ്രവാഹം സാധ്യമാക്കുന്നു.
സ്നോയി-ട്യൂമട്ട് സ്കീമിന്റെ കാര്യത്തിലാണെങ്കിൽ, യൂക്കമ്പിൻ തടാകം, ട്യൂമാ ഡാം, ഹാപ്പി ജാക്ക്സ് ഡാം, ട്യൂമട്ട് പോണ്ട് ഡാം എന്നിവിടങ്ങളിൽനിന്നുള്ള വെള്ളം ജലനിർഗമന കുഴലുകളിലൂടെയും നാലു ജലവൈദ്യുത നിലയങ്ങളിലൂടെയും ഒഴുകി, മറംബിജിയുടെ ഒരു പോഷകനദിയായ ട്യൂമട്ട് നദിയിലേക്കു പ്രവഹിക്കുന്നു. ഈ ഭാഗത്താണ് ട്യൂമട്ട് 3 എന്ന ഏറ്റവും വലിയ വൈദ്യുതനിലയമുള്ളത്. അതിലെ ആറ് ജലനിർഗമന കുഴലുകളിൽ ഓരോന്നിലൂടെയും ഒരു ഡബിൾഡെക്ക് ബസിനു കടന്നുപോകാം!
ഊർജാവശ്യം അധികമില്ലാത്ത സമയങ്ങളിൽ ഈ സംവിധാനം ജിൻഡബൈൻ തടാകത്തിൽനിന്ന് വെള്ളം മുകളിലേക്കു പമ്പുചെയ്ത് യൂക്കമ്പിൻ തടാകത്തിലെത്തിക്കുന്നു. ഒരു പമ്പിങ് നിലയമായും വർത്തിക്കുന്ന ട്യൂമട്ട് 3 വൈദ്യുതനിലയത്തിന്റെ താഴെനിന്നു വെള്ളം ടാൽബിങ്ഗോ ജലസംഭരണിയിലേക്ക് അടിച്ചുകയറ്റുന്നു. എന്നാൽ മുകളിലേക്കു വെള്ളം പമ്പു ചെയ്ത് എന്തിനാണു വൈദ്യുതി പാഴാക്കുന്നത്? അതിശയകരമെന്നു തോന്നാമെങ്കിലും, ലാഭത്തിനു വേണ്ടിയാണത്. താപവൈദ്യുത നിലയങ്ങളിൽനിന്നു ലഭിക്കുന്ന ചെലവു കുറഞ്ഞതും വൈദ്യുതാവശ്യം ഏറ്റവുമധികമില്ലാത്ത സമയത്ത് ഉത്പാദിപ്പിക്കുന്നതുമായ വൈദ്യുതിയാണ് ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. എന്നിട്ട് ആവശ്യം ഏറ്റവും കൂടിയ സമയത്ത് വെള്ളം വീണ്ടും തുറന്നുവിട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് ലാഭത്തിന് അതു വിതരണലൈനുകളിലേക്കു വിൽക്കുന്നു. തീർച്ചയായും ഈ വെള്ളമെല്ലാം—പ്രതിവർഷം 2,000 ശതകോടി ലിറ്റർ—പശ്ചിമ നദികളിലേക്കു തുറന്നുവിടുന്നത് യാതൊരു ചെലവും കൂടാതെയാണ്.
ഇത് നല്ല ഊർജമാണോ?
അതേ. കാരണം, മലിനീകരണമില്ലാത്ത, പാഴ്വസ്തുക്കളുണ്ടാകാത്ത പുതുക്കാവുന്ന ഒരു വിഭവമാണ് വെള്ളം. ദൃശ്യഭംഗിയില്ലാത്ത കൂറ്റൻ പുകക്കുഴലുകളോ ശീതീകരണ ടവറുകളോ ആൽപ്സിനു കളങ്കമേൽപ്പിക്കുന്നില്ല. അതിനാൽ, ശൈത്യകാലത്ത് ആൽപ്സിലെ കളിസ്ഥലത്ത് സ്കീയിങ് നടത്തുന്നവരും വേനൽക്കാലത്ത് അവിടെ മലകൾ കയറുന്നവരും താഴെ ഈ മലകൾക്കടിയിലുള്ള വൻകുഴലുകളെയും വൈദ്യുതനിലയങ്ങളെയും കുറിച്ച് ബോധവാന്മാരല്ല.
ഈ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി, താപവൈദ്യുത നിലയങ്ങൾ ഉപയോഗിച്ചാണ് ഉത്പാദിപ്പിച്ചിരുന്നതെങ്കിൽ ഓരോ വർഷവും അന്തരീക്ഷത്തിലേക്ക് 50 ലക്ഷം മെട്രിക് ടൺ കാർബൺ ഡൈയോക്സൈഡ് പുറന്തള്ളപ്പെടുമായിരുന്നു.
എന്നിരുന്നാലും, പരിസ്ഥിതി പൂർണമായും ദോഷവിമുക്തമല്ല. പ്രത്യേകിച്ച് ഹിമനദി. അതിലെ വെള്ളമധികവും തിരിച്ചുവിട്ടിരിക്കുന്നതിനാൽ മുൻകാലങ്ങളെ അപേക്ഷിച്ച് അതൊരു കൊച്ചരുവിയായി മാറിയിരിക്കുകയാണ്. മാത്രമല്ല, ഈ പദ്ധതിയിലെ വൻഡാമുകൾ ചില പുൽപ്രദേശങ്ങളെയും വെള്ളത്തിലാഴ്ത്തിയിരിക്കുന്നു. ജലനിരപ്പ് ഉയർന്നതിനാൽ അഡാമിനബി, ജിൻഡബൈൻ എന്നീ പട്ടണങ്ങൾ മാറ്റിസ്ഥാപിക്കേണ്ടതായും വന്നു.
സ്നോയി പദ്ധതി വിശേഷിച്ചും ആശ്രയയോഗ്യമാണ്—അതോറിറ്റിയുടെ ആദ്യത്തെ കമ്മീഷണറുടെ പണ്ഡിതോചിത പ്രസ്താവനയ്ക്ക് ഒരു സാക്ഷ്യമാണ് അത്: “സന്മനസ്സും ആദരവും ലഭിക്കുന്നത് നേട്ടത്തിലൂടെയാണ്, പ്രചരണത്തിലൂടെയല്ല.”
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
16-19 പേജുകളിലെ എല്ലാ ചിത്രങ്ങളും: Snowy Mountains Hydro-electric Authority
[16-ാം പേജിലെ ചിത്രം]
സ്നോയി പദ്ധതിയിൽപ്പെട്ട ഏറ്റവും വലിയ ട്യൂമട്ട് വൈദ്യുതനിലയത്തിന്റെ വിഹഗ വീക്ഷണം
[18-ാം പേജിലെ ചിത്രം]
പ്രയാസകരമായ ജീവിതാവസ്ഥകളെ ജോലിക്കാർക്കു സഹിച്ചുനിൽക്കേണ്ടിവന്നിട്ടുണ്ട്
[18-ാം പേജിലെ ചിത്രം]
ഒരു ടീം പോലെ പ്രവർത്തിക്കുന്നതിനു ജോലിക്കാർക്ക് ഇംഗ്ലീഷ് പഠിക്കേണ്ടതായിവന്നു
[19-ാം പേജിലെ ചിത്രം]
ഈ പദ്ധതിയുടെ നിർമാണത്തിൽ തുരങ്കങ്ങൾ നിർമിക്കുന്നത് ഉൾപ്പെട്ടിരുന്നു