നുണപറയുന്നതു സംബന്ധിച്ച യാഥാർഥ്യങ്ങൾ
“നുണയൻ!” അത്യന്തം വേദനപ്പെടുത്തുന്ന ആ വാക്ക് നിങ്ങളുടെ നേർക്ക് ആരെങ്കിലും എന്നെങ്കിലും തൊടുത്തുവിട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, അതുളവാക്കുന്ന വൈകാരിക ആഘാതം നിങ്ങൾ തിരിച്ചറിയുന്നുവെന്നതിൽ ഒരു സംശയവുമില്ല.
പ്രിയങ്കരമായി കരുതുന്ന ഒരു അലങ്കാരപാത്രം തട്ടിയിട്ടാൽ പൊട്ടിച്ചിതറിയേക്കാമെന്നതുപോലെതന്നെ, നുണപറയുന്നതിനാൽ ഒരു അമൂല്യ ബന്ധം തകർന്നേക്കാവുന്നതാണ്. ഉണ്ടായ നഷ്ടം കുറെക്കാലംകൊണ്ടു നിങ്ങൾക്കു പരിഹരിക്കാൻ കഴിഞ്ഞേക്കുമെന്നതു സത്യമാണെങ്കിലും ആ ബന്ധം വീണ്ടുമൊരിക്കലും മുമ്പിലത്തേതുപോലെതന്നെ ആയിത്തീരുകയില്ല.
“തങ്ങളോടു നുണപറഞ്ഞെന്നു കണ്ടെത്തിയവർ, സൗഹൃദം പുനഃസ്ഥാപിക്കാനുള്ള നുണയന്റെ ശ്രമങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുന്നു. കണ്ടെത്തിയ നുണകളുടെ വെളിച്ചത്തിൽ അവർ കഴിഞ്ഞകാല വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും വിലയിരുത്തുന്നു” എന്ന് നുണപറയൽ—പൊതു ജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും ധാർമിക തിരഞ്ഞെടുപ്പ് (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. വഞ്ചന വെളിച്ചത്തായിക്കഴിയുമ്പോൾ, തുറന്ന ആശയവിനിമയത്താലും വിശ്വാസത്താലും ഒരിക്കൽ സമ്പുഷ്ടമായിരുന്ന ബന്ധം സംശയത്താലും സന്ദേഹത്താലും ഉലയ്ക്കപ്പെട്ടേക്കാം.
നുണപറയലിനോടു ബന്ധപ്പെട്ട സകല നിഷേധാത്മക വികാരങ്ങളുടെയും വീക്ഷണത്തിൽ, ‘ഈ വഞ്ചകമായ നടപടി എങ്ങനെ ആരംഭിച്ചു?’ എന്നു നാം ചോദിക്കണം.
ആദ്യ നുണ
യഹോവയാം ദൈവം ആദ്യ മാനുഷ ജോടിയായ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചപ്പോൾ, അവരെ മനോഹരമായ ഒരു ഉദ്യാനഭവനത്തിൽ ആക്കിവെച്ചു. അവരുടെ ഭവനം ഏതൊരു തരത്തിലുമുള്ള വഞ്ചനയിൽനിന്ന് അല്ലെങ്കിൽ കാപട്യത്തിൽനിന്നു വിമുക്തമായിരുന്നു. അത് യഥാർഥമായും ഒരു പറുദീസയായിരുന്നു!
ഹവ്വാ സൃഷ്ടിക്കപ്പെട്ടു കുറെക്കാലം കഴിഞ്ഞ് പിശാചായ സാത്താൻ പ്രലോഭനാത്മകമായ ഒരു വാഗ്ദാനവുമായി അവളെ സമീപിച്ചു. ദൈവം വിലക്കിയ “വൃക്ഷത്തിന്റെ ഫലം” തിന്നാൽ ദൈവം പറഞ്ഞതുപോലെ അവൾ മരിക്കുകയില്ലെന്ന് അവൻ ഹവ്വായോടു പറഞ്ഞു. പകരം അവൾ ‘നന്മതിന്മകളെ അറിയുന്നവളായി ദൈവത്തെപ്പോലെ ആകു’മായിരുന്നു. (ഉല്പത്തി 2:17; 3:1-5) ഹവ്വാ സാത്താനെ വിശ്വസിച്ചു. അവൾ പഴം പറിച്ചുതിന്നിട്ട് കുറെ ഭർത്താവിനും നൽകി. സാത്താൻ വാഗ്ദാനം ചെയ്തവണ്ണം ദൈവത്തെപ്പോലെ ആയിത്തീരുന്നതിനു പകരം ആദാമും ഹവ്വായും അനുസരണംകെട്ട പാപികൾ, ദ്രവത്വത്തിന്റെ അടിമകൾ, ആയിത്തീർന്നു. (2 പത്രൊസ് 2:19) ആ ആദ്യ നുണ പറയുകവഴി സാത്താൻ “സകല നുണകളുടെയും പിതാവ്” ആയിത്തീർന്നു. (യോഹന്നാൻ 8:44, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) നുണപറയുന്നവനോ അതിൽ വിശ്വസിക്കുന്നവനോ പ്രയോജനം അനുഭവിക്കുകയില്ലെന്നു കാലക്രമത്തിൽ പാപികളായ ഈ മൂവർസംഘം തിരിച്ചറിഞ്ഞു.
മരണകരമായ ഫലങ്ങൾ
മനഃപൂർവമായ അനുസരണക്കേടിനു ശിക്ഷ ലഭിക്കാതെ പോകില്ലെന്നു സ്വർഗത്തിലും ഭൂമിയിലുമുള്ള തന്റെ സമസ്ത സൃഷ്ടികളും അറിയാൻ യഹോവ ആഗ്രഹിച്ചു. മത്സരിയായ ആത്മജീവിയെ അവന്റെ ശിഷ്ട ജീവിതകാലം ദൈവത്തിന്റെ വിശുദ്ധ സ്ഥാപനത്തിനു വെളിയിൽ ജീവിക്കാൻ ശിക്ഷവിധിച്ചുകൊണ്ട് യഹോവ സത്വരം പ്രവർത്തിച്ചു. അതിനുപുറമേ, ഒടുവിൽ സാത്താൻ പൂർണമായി നശിപ്പിക്കപ്പെടുന്നുവെന്ന് യഹോവയാം ദൈവം ഉറപ്പുവരുത്തും. നൽകാമെന്നു ദൈവം വാഗ്ദാനം ചെയ്ത “സന്തതി” തലയ്ക്കു മരണകരമായ പരിക്കേൽപ്പിക്കുമ്പോഴായിരിക്കും ഇതു സംഭവിക്കുന്നത്.—ഉല്പത്തി 3:14, 15; ഗലാത്യർ 3:16.
ആദാമിന്റെയും ഹവ്വായുടെയും സംഗതിയിൽ, അവർ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കപ്പെട്ടു. “നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും” എന്നു പറഞ്ഞുകൊണ്ട് ദൈവം ആദാമിനു ശിക്ഷവിധിച്ചു. കാലക്രമത്തിൽ, ദൈവം മുൻകൂട്ടി പറഞ്ഞതുപോലെ അവനും ഹവ്വായും മരിച്ചു.—ഉല്പത്തി 3:19.
ആദാമിന്റെ സന്തതികൾ എന്നനിലയിൽ മുഴു മാനുഷ കുടുംബവും ‘പാപത്തിന്നു ദാസന്മാരായി വില്ക്കപ്പെ’ട്ടിരിക്കുന്നു. മരണത്തിലേക്കു നയിക്കുന്ന അപൂർണത സകല മനുഷ്യരും അവകാശപ്പെടുത്തിയിരിക്കുന്നു. (റോമർ 5:12; 6:23; 7:14) ആദ്യ നുണയുടെ പരിണതഫലങ്ങൾ എത്ര ഭയാനകമായിരിക്കുന്നു!—റോമർ 8:22.
ആഴത്തിൽ വേരൂന്നിയ ഒരു നടപടി
സാത്താനും ദൈവത്തിനെതിരായ മത്സരത്തിൽ അവനോടു ചേർന്ന ദൂതൻമാരും ഇപ്പോൾവരെയും വധിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ആളുകളെ “ഭോഷ്കു പറ”യാൻ അവർ പ്രേരിപ്പിക്കുന്നതിൽ നാം അതിശയിക്കരുത്. (1 തിമൊഥെയൊസ് 4:1-3) തത്ഫലമായി, നുണപറയൽ മാനുഷ സമുദായത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. “നുണയോടുള്ള ബന്ധത്തിൽ സമൂഹം ഇപ്പോൾ വളരെയേറെ തഴമ്പിച്ചുപോകത്തക്കവിധം, നുണപറയൽ സമൂഹത്തിൽ അത്രയധികം ലയിച്ചുചേർന്നിരിക്കുന്നു”വെന്ന് ലോസാഞ്ചലസ് ടൈംസ് അഭിപ്രായപ്പെട്ടു. അനേകർ ഇന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും നുണപറയലുമായി അടുത്തു ബന്ധപ്പെടുത്തുന്നു. എന്നാൽ മതനേതാക്കൻമാർ ഏറ്റവും കുപ്രസിദ്ധരായ നുണയൻമാരിൽ പെടുന്നുവെന്ന കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ?
യേശുവിന്റെ മതവിരോധികൾ അവന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് അവനെക്കുറിച്ചു നുണകൾ പരത്തി. (യോഹന്നാൻ 8:48, 54, 55) “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. . . . അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു” എന്ന് പറഞ്ഞുകൊണ്ട് അവൻ അവരെ പരസ്യമായി കുറ്റംവിധിച്ചു.—യോഹന്നാൻ 8:44.
യേശുവിന്റെ പുനരുത്ഥാന ശേഷം അവന്റെ കല്ലറ ശൂന്യമാണെന്നു കണ്ടെത്തിയപ്പോൾ പ്രചരിപ്പിച്ച നുണ നിങ്ങൾ ഓർക്കുന്നുവോ? മഹാപുരോഹിതൻമാർ “പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു: അവന്റെ ശിഷ്യൻമാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടു പോയി എന്നു പറവിൻ” എന്നു പറഞ്ഞെന്നു ബൈബിൾ പ്രസ്താവിക്കുന്നു. ഈ നുണ വ്യാപകമായി പ്രചരിച്ചു. അനേകർ അതിനാൽ വഞ്ചിക്കപ്പെടുകയും ചെയ്തു. ആ മതനേതാക്കൻമാർ എത്ര ദുഷ്ടൻമാരായിരുന്നു!—മത്തായി 28:11-15.
മതപരമായ നുണകൾ ഇന്ന്
മതനേതാക്കൻമാർ ഈ കാലത്തു പറഞ്ഞ മുഖ്യ നുണ എന്താണ്? “നിങ്ങൾ മരിക്കയില്ല നിശ്ചയം” എന്നു സാത്താൻ ഹവ്വായോടു പറഞ്ഞ നുണയ്ക്കു സമാനമാണത്. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (ഉല്പത്തി 3:4) എന്നാൽ ഹവ്വാ മരിക്കുകതന്നെ ചെയ്തു. അവൾ മണ്ണിലേക്ക്, താൻ നിർമിക്കപ്പെട്ട പൊടിയിലേക്കു തിരികെപ്പോയി.
എന്നാൽ, അവൾ മരിച്ചതായി തോന്നുകമാത്രം ചെയ്യുകയും മറ്റേതെങ്കിലും രൂപത്തിൽ ജീവിക്കുകയുമായിരുന്നോ? മരണം മറ്റൊരു ജീവിതത്തിലേക്കുള്ള പ്രവേശനകവാടം മാത്രമാണോ? ഹവ്വായുടെ ഏതെങ്കിലും ബോധപൂർവകമായ ഭാഗം തുടർന്നും ജീവിച്ചിരുന്നുവെന്നതിനു ബൈബിൾ യാതൊരു സൂചനയും നൽകുന്നില്ല. അവളുടെ ദേഹി അതിജീവിച്ചില്ല. ദൈവത്തോട് അനുസരണക്കേടു കാണിച്ചുകൊണ്ട് അവൾ പാപം ചെയ്തു, ബൈബിൾ പറയുന്നു: “പാപം ചെയ്യുന്ന ദേഹി മരിക്കും.” (യെഹെസ്കേൽ 18:4) തന്റെ ഭർത്താവിനെപ്പോലെതന്നെ ഹവ്വായും ജീവനുള്ള ദേഹിയായി സൃഷ്ടിക്കപ്പെട്ടു, ജീവനുള്ള ദേഹിയെന്നനിലയിലുള്ള അവളുടെ ജീവിതം അവസാനിച്ചു. (ഉല്പത്തി 2:7) മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ബൈബിൾ പറയുന്നു: “മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) പക്ഷേ, സഭകൾ പൊതുവേ പഠിപ്പിക്കുന്നതെന്താണ്?
മനുഷ്യർക്ക് ഒരു അമർത്ത്യ ദേഹിയുണ്ടെന്നും സന്തുഷ്ടിയുടേതോ ദണ്ഡനത്തിന്റേതോ ആയ മറ്റൊരു ജീവിതം അനുഭവിക്കാനായി മരണം അതിനെ സ്വതന്ത്രമാക്കുന്നുവെന്നും സഭകൾ മിക്കപ്പോഴും പഠിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന് കത്തോലിക്കാ വിശ്വവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു: “നരകത്തിലെ വേദനകളുടെ നിത്യതയെ, പ്രകടമായ മതനിന്ദയാലല്ലാതെ ആർക്കും നിഷേധിക്കാനോ ചോദ്യംചെയ്യാനോ ആകാത്ത വിശ്വാസ സത്യമെന്നനിലയിൽ സഭ സ്പഷ്ടമായി പഠിപ്പിക്കുന്നു.”—വാല്യം 7, പേജ് 209, 1913 പതിപ്പ്.
ബൈബിൾ വ്യക്തമായി പറയുന്നതിൽനിന്ന് എത്ര വ്യത്യസ്തമാണ് ആ പഠിപ്പിക്കൽ! ഒരു വ്യക്തി മരിക്കുമ്പോൾ “അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു”വെന്നു ബൈബിൾ പഠിപ്പിക്കുന്നു. (സങ്കീർത്തനം 146:4) അതുകൊണ്ട്, ബൈബിൾ പറയുന്നതനുസരിച്ച്, മരിച്ചവർക്കു വേദന അനുഭവിക്കാൻ കഴിയുകയില്ല, എന്തെന്നാൽ അവർക്കു യാതൊന്നിനെക്കുറിച്ചും ബോധമില്ല. തന്മൂലം ബൈബിൾ ഉദ്ബോധിപ്പിക്കുന്നു: “ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ [“ഷീയോളിൽ,” NW—മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴി] പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാപ്രസംഗി 9:10.
ജാഗ്രത പുലർത്തേണ്ടതുണ്ട്
യേശുവിന്റെ നാളിലെ പുരോഹിതൻമാരുടെ നുണകളാൽ അനേകർ വഴിതെറ്റിക്കപ്പെട്ടതുപോലെ, ഇന്നത്തെ മതനേതാക്കൻമാരുടെ വ്യാജ പഠിപ്പിക്കലുകളാൽ വഞ്ചിക്കപ്പെടുന്നതിന്റെ അപകടമുണ്ട്. “ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാററിക്കള”യുകയും മാനുഷദേഹി അമർത്ത്യമാണ്, അതു നരകാഗ്നിയിൽ ദണ്ഡിപ്പിക്കപ്പെടും എന്നിങ്ങനെയുള്ള വ്യാജ പഠിപ്പിക്കലുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.—റോമർ 1:25.
അതിനുപുറമേ, ഇന്നത്തെ മതങ്ങൾ പൊതുവേ, മാനുഷ പാരമ്പര്യത്തെയും തത്ത്വശാസ്ത്രത്തെയും ബൈബിൾ സത്യത്തിന്റെ അതേ സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നു. (കൊലൊസ്സ്യർ 2:8) അങ്ങനെ, സത്യസന്ധതയും ലൈംഗിക നടത്തയും സംബന്ധിച്ച നിയമങ്ങൾ ഉൾപ്പെടെ, ധാർമികതയെ പറ്റിയുള്ള ദൈവത്തിന്റെ നിയമങ്ങൾ അന്തിമമായവയായിട്ടല്ല മറിച്ച് ആപേക്ഷികമായവയായിട്ടാണു വീക്ഷിക്കപ്പെടുന്നത്. പരിണതഫലം ടൈം മാഗസിനിൽ വിവരിച്ചിരിക്കുന്നതുപോലെയാണ്: “പരസ്പരമുള്ള പെരുമാറ്റത്തെ ഭരിക്കുന്ന നിയമങ്ങൾ ആളുകൾ മേലാൽ മനസ്സിലാക്കാത്തപ്പോൾ അല്ലെങ്കിൽ അവയോടു യോജിക്കാത്തപ്പോൾ, സാമൂഹിക അനിശ്ചിതത്വത്തിൽ നുണകൾ തഴച്ചുവളരുന്നു.”—യെശയ്യാവു 59:14, 15; യിരെമ്യാവു 9:5 ഇവ താരതമ്യം ചെയ്യുക.
സത്യം ഒട്ടുംതന്നെ ആദരിക്കപ്പെടാത്ത ഒരു ചുറ്റുപാടിൽ ജീവിക്കുന്നത്, നുണ പറയരുതെന്നുള്ള ദൈവത്തിന്റെ ഉദ്ബോധനം പിൻപറ്റുന്നതു ക്ലേശകരമാക്കുന്നു. എല്ലായ്പോഴും സത്യസന്ധരായിരിക്കാൻ എന്തിനു നമ്മെ സഹായിക്കാനാകും?
സത്യത്തിനുവേണ്ടി നിലകൊള്ളൽ
സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്താനുള്ള നമ്മുടെ ആഗ്രഹം സത്യസന്ധമായ സംസാരം നട്ടുവളർത്താനുള്ള അത്യുത്തമ പ്രചോദനമേകുന്നു. ബൈബിൾ അവനെ ‘വിശ്വസ്തദൈവം’ എന്നു വിളിക്കുന്നു. (സങ്കീർത്തനം 31:5) അതുകൊണ്ട്, ‘വ്യാജമുള്ള നാവിനെ’ വെറുക്കുന്ന നമ്മുടെ സ്രഷ്ടാവിനെ പ്രസാദിപ്പിക്കുക എന്നതു നമ്മുടെ ആഗ്രഹമാണെങ്കിൽ, നാം അവനെ അനുകരിക്കാൻ പ്രേരിതരാകും. (സദൃശവാക്യങ്ങൾ 6:17) നമുക്കിത് എങ്ങനെ ചെയ്യാവുന്നതാണ്?
ദൈവവചനത്തിന്റെ ഉത്സാഹപൂർവമായ പഠനത്തിന്, ‘താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരി’ക്കുന്നതിനുള്ള ധാർമിക ശക്തി നമുക്കു നൽകാനാകും. (എഫെസ്യർ 4:25) എന്നാൽ, ദൈവം നമ്മിൽനിന്ന് എന്താവശ്യപ്പെടുന്നുവെന്നു കേവലം അറിയുന്നതു മതിയാകുന്നില്ല. ലോകത്തിൽ ഇന്നുള്ള അനേകരെയുംപോലെതന്നെ, സത്യം സംസാരിക്കാൻ നാം എല്ലായ്പോഴും ചായ്വുള്ളവരായിരുന്നിട്ടില്ലെങ്കിൽ അങ്ങനെ ചെയ്യാൻ നാം ഒരു യഥാർഥ ശ്രമം നടത്തേണ്ടയാവശ്യമുണ്ട്. അപ്പോസ്തലനായ പൗലൊസിന്റെ ദൃഷ്ടാന്തം പിൻപറ്റിക്കൊണ്ട് നാം നമ്മോടുതന്നെ കർക്കശരായിരിക്കേണ്ടതുണ്ടായിരിക്കാം. ഞാൻ “എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു” എന്നു പൗലൊസ് എഴുതി.—1 കൊരിന്ത്യർ 9:27.
എല്ലാ സമയത്തും സത്യം സംസാരിക്കുന്നതിനുള്ള പോരാട്ടത്തിലെ മറ്റൊരു സഹായമാണു പ്രാർഥന. സഹായത്തിനായി യഹോവയോടു യാചിക്കുന്നതിനാൽ നമുക്കു “സാധാരണയിൽ കവിഞ്ഞ ശക്തി” നേടാവുന്നതാണ്. (2 കൊരിന്ത്യർ 4:7, NW) “സത്യം പറയുന്ന അധരം” നിലനിർത്തുന്നതും ‘വ്യാജം പറയുന്ന നാവ്’ ഒഴിവാക്കുന്നതും നിശ്ചയമായും ഒരു യഥാർഥ പോരാട്ടമായിരിക്കാം. (സദൃശവാക്യങ്ങൾ 12:19) എന്നാൽ യഹോവയുടെ സഹായത്താൽ അതു നിർവഹിക്കാനാകും.—ഫിലിപ്പിയർ 4:13.
നുണപറയൽ സാധാരണ സംഗതിയാണെന്നു തോന്നാൻ ഇടയാക്കുന്നതു പിശാചായ സാത്താനാണെന്ന് എല്ലായ്പോഴും ഓർമിക്കുക. ദുരുദ്ദേശ്യത്തോടെ നുണപറഞ്ഞുകൊണ്ട് അവൻ ആദ്യ സ്ത്രീയായ ഹവ്വായെ വഞ്ചിച്ചു. എന്നാൽ, നുണയിലധിഷ്ഠിതമായ സാത്താന്യ വഴികളുടെ വിപത്കരമായ പരിണതഫലങ്ങളെക്കുറിച്ചു നമുക്കു പൂർണമായ അറിവുണ്ട്. ഒരു സ്വാർഥ നുണയും മൂന്നു സ്വാർഥരും—ആദാമും ഹവ്വായും സാത്താനും—നിമിത്തം മാനുഷ കുടുംബം അസംഖ്യം ദുരിതങ്ങൾ അനുഭവിച്ചിരിക്കുന്നു.
അതേ, നുണപറയലിനെ മരണകരമായ വിഷത്തോട് ഉപമിക്കാമെന്നുള്ളതാണു സത്യം. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, അതിനോടുള്ള ബന്ധത്തിൽ നമുക്കു ചിലതു ചെയ്യാനാകും. നുണപറയൽശീലം നിർത്താനും “മഹാദയയും വിശ്വസ്തതയുമുള്ള” ദൈവമായ യഹോവയുടെ അംഗീകാരം നിത്യമായി ആസ്വദിക്കാനും നമുക്കു കഴിയും.—പുറപ്പാടു 34:6.
[19-ാം പേജിലെ ആകർഷകവാക്യം]
നുണപറയലിനെ മരണകരമായ വിഷത്തോട് ഉപമിക്കാവുന്നതാണ്
[17-ാം പേജിലെ ചിത്രം]
നുണപറയലിന്റെ പരിണതഫലങ്ങൾ ഒരു അലങ്കാരപാത്രം പൊട്ടിച്ചിതറുന്നതുപോലെയാണ്