ഒച്ചുപനി—അതിനൊരവസാനം ആസന്നമോ?
നൈജീരിയയിലെ ഉണരുക! ലേഖകൻ
ചികിത്സാരംഗത്തും ശാസ്ത്രരംഗത്തും അഭൂതപൂർവമായ പുരോഗതികൾ ഉണ്ടായിട്ടുകൂടി, മാനവരാശിക്ക് അതിന്റെ യുഗപ്പഴക്കമുള്ള മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുന്നില്ല. ഒച്ചുപനി നിയന്ത്രണാധീനമാക്കാനുള്ള ശ്രമങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്.
പ്രത്യക്ഷത്തിൽ, ആ രോഗം ചികിത്സിച്ചു മാറ്റുന്നതിനാവശ്യമായതെല്ലാം ലഭ്യമാണ്. ആ രോഗത്തിനു കാരണമായ പരാദജീവിയുടെ ജീവചക്രത്തെക്കുറിച്ചു ഡോക്ടർമാർ മനസ്സിലാക്കിയിരിക്കുന്നു. രോഗം വളരെ പെട്ടെന്നു തിരിച്ചറിയാൻ സാധിക്കും. ചികിത്സയ്ക്കാവശ്യമായ ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. അതു തടയാനാവശ്യമായ ശ്രമങ്ങളെ ഉന്നമിപ്പിക്കാൻ ഗവൺമെൻറ് നേതാക്കൾ ഉത്സുകരാണ്. എന്നിട്ടും, ആഫ്രിക്ക, ഏഷ്യ, കരീബിയൻ പ്രദേശങ്ങൾ, മധ്യപൂർവദേശങ്ങൾ, തെക്കേ അമേരിക്ക തുടങ്ങിയ ഇടങ്ങളിലെല്ലാം കോടിക്കണക്കിനാളുകളെ ബാധിക്കുന്ന ഈ രോഗത്തിന് ഒരു അവസാനം അത്ര പെട്ടെന്നൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല.
(ബിൽഹർസിയ എന്നും ഷിസ്റ്റോസോമിയ എന്നും വിളിക്കപ്പെടുന്ന) ഒച്ചുപനി ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യനെ ബാധിച്ചിരിക്കുന്നു. ഈജിപ്ഷ്യൻ മമ്മികളിൽ കണ്ടെത്തിയ കാൽസ്യ നിക്ഷേപത്തോടു കൂടിയ മുട്ടകൾ ഫറവോമാരുടെ കാലത്തുപോലും ഈജിപ്തുകാരെ ഈ രോഗം ബാധിച്ചിരുന്നതായി തെളിവു നൽകുന്നു. മുപ്പതു ശതാബ്ദങ്ങൾക്കു ശേഷം, അതേ രോഗം ഈജിപ്തിനെ ഇപ്പോഴും ബാധിക്കുന്നു, ആ രാജ്യത്തെ ലക്ഷങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാണ് ഈ രോഗം. നൈൽ നദീതടത്തിലുള്ള ചില ഗ്രാമങ്ങളിൽ 10-ൽ 9 പേരെ ഈ രോഗം ബാധിച്ചിരിക്കുന്നു.
ഒച്ചുപനി സർവസാധാരണമായുള്ള 74-ഓ അതിലേറെയോ രാജ്യങ്ങളിൽ ഒന്നു മാത്രമാണ് ഈജിപ്ത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) കണക്കുപ്രകാരം, ലോകവ്യാപകമായി 20 കോടി ആളുകളെ ഈ രോഗം ബാധിച്ചിട്ടുണ്ട്. ദീർഘകാലമായി ഈ രോഗമുള്ള 20 കോടി ആളുകളിൽ ഏകദേശം 2,00,000 പേർ ഓരോ വർഷവും മരിക്കുന്നു. രോഗബാധിതരായ ആളുകളുടെ എണ്ണവും അതു മൂലമുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക നഷ്ടവും കണക്കിലെടുക്കുമ്പോൾ, പരാദജീവികൾ നിമിത്തമുണ്ടാകുന്ന ഉഷ്ണമേഖലാ രോഗങ്ങളിൽ രണ്ടാം സ്ഥാനത്തു വരുന്നു ഒച്ചുപനി. മലമ്പനി മാത്രമേ അതിനെ കവച്ചുവെക്കുന്നുള്ളൂ.
പരാദജീവിയുടെ ജീവചക്രം
ഒച്ചുപനിയെക്കുറിച്ചു മനസ്സിലാക്കി അതു തടയണമെങ്കിൽ അതിനു കാരണമായ പരാദജീവികളെക്കുറിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഒരു പ്രധാന ഘടകം ഇതാണ്: ഈ പരാദജീവിക്ക് ഒരു തലമുറയിൽനിന്നു മറ്റൊരു തലമുറയിലേക്ക് അതിജീവിച്ചു പെരുകുന്നതിന് അതിന് ആശ്രയിക്കാനാകുന്ന രണ്ട് ആതിഥേയരുടെ ആവശ്യമുണ്ട്. അതിനു പോഷണം ലഭിക്കുന്നതിനും വളർച്ച പ്രാപിക്കുന്നതിനും വേണ്ട സാഹചര്യങ്ങൾ ഈ രണ്ടു ജീവികളുടെ ശരീരത്തിലുമുണ്ടായിരിക്കണം. അതിലൊന്ന് മനുഷ്യനോ അതുപോലുള്ള ഒരു സസ്തനിയോ; രണ്ടാമത്തേത് ശുദ്ധജലത്തിൽ ജീവിക്കുന്ന ഒച്ച്.
സംഭവിക്കുന്നതിതാണ്. ഒരു പരാദജീവി വാഹകൻ ഒരു കുളത്തിലോ തടാകത്തിലോ അരുവിയിലോ പുഴയിലോ ഉള്ള വെള്ളത്തിൽ മൂത്രമൊഴിക്കുകയോ മലവിസർജനം നടത്തുകയോ ചെയ്യുമ്പോൾ, അയാൾ പരാദജീവിയുടെ മുട്ടകൾ പുറത്തുവിടുന്നു—സാധ്യതയനുസരിച്ച് ദിവസവും ഒരു ലക്ഷത്തോളം മുട്ടകൾ. ഈ മുട്ടകൾ വളരെ ചെറുതായതിനാൽ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാനാകൂ. മുട്ടകൾ വെള്ളവുമായി സമ്പർക്കത്തിൽ വരുമ്പോൾ അവ വിരിഞ്ഞ് പരാദജീവികൾ പുറത്തുവരുന്നു. പരാദജീവികൾ തങ്ങളുടെ ശരീരത്തിലുള്ള കൊച്ചു രോമങ്ങൾ ഉപയോഗിച്ച് ഒരു ശുദ്ധജല ഒച്ചിന്റെ അടുത്തേക്കു നീന്തിച്ചെന്ന് അതിന്റെ ഉള്ളിൽ കടന്നുകൂടുന്നു. ഒച്ചിന്റെ ശരീരത്തിനുള്ളിൽ കടക്കുന്ന അവ നാലുമുതൽ ഏഴുവരെ ആഴ്ച സമയംകൊണ്ടു പെരുകുന്നു.
ഒച്ചിനെ വിട്ടു പുറത്തുകടക്കുന്ന അവ 48 മണിക്കൂറിനുള്ളിൽ ഒരു മനുഷ്യന്റെയോ സസ്തനിയുടെയോ ശരീരത്തിൽ കടക്കണം. ഇല്ലെങ്കിൽ അവ ചത്തുപോകും. വെള്ളത്തിലിറങ്ങുന്ന അത്തരം ഒരു ആതിഥേയജീവിയിൽ എത്തിച്ചേർന്നാൽ, ആ പരാദജീവി അതിന്റെ തൊലി തുളച്ചു രക്തപ്രവാഹത്തിൽ പ്രവേശിക്കുന്നു. ഇതു വ്യക്തിക്ക് അൽപ്പം ചൊറിച്ചിലുളവാക്കുന്നെങ്കിലും, മിക്കപ്പോഴും അയാൾക്കു തന്റെ ശരീരം ആക്രമിക്കപ്പെട്ടിരിക്കുന്നതായി യാതൊരു സൂചനയും ലഭിക്കുന്നില്ല. രക്തപ്രവാഹത്തിൽക്കടക്കുന്ന പരാദജീവി, അതാതു വർഗമനുസരിച്ച് മൂത്രാശയത്തിലെയോ കുടലിലെയോ രക്തക്കുഴലുകളിലേക്കു നീങ്ങുന്നു. ആഴ്ചകൾക്കുള്ളിൽ ഈ പരാദജീവികൾ ഏകദേശം 25 മില്ലിമീറ്ററോളം നീളമുള്ള ആൺ, പെൺ ജീവികളായി പൂർണവളർച്ച പ്രാപിക്കുന്നു. ഇണചേർന്നു കഴിഞ്ഞാൽ, പെൺജീവി ആതിഥേയജീവിയുടെ രക്തപ്രവാഹത്തിൽ മുട്ടകൾ നിക്ഷേപിക്കാൻ തുടങ്ങുന്നു. അങ്ങനെ അതിന്റെ ജീവചക്രം പൂർത്തിയാകുന്നു.
പകുതിയോളം മുട്ടകൾ ആതിഥേയജീവിയുടെ ശരീരത്തിൽനിന്നു മലത്തിലൂടെയോ (കുടൽസംബന്ധമായ ഒച്ചുപനി) മൂത്രത്തിലൂടെയോ (മൂത്രസംബന്ധമായ ഒച്ചുപനി) പുറത്തുപോകുന്നു. ശരീരത്തിനുള്ളിൽ അവശേഷിക്കുന്ന ബാക്കി മുട്ടകൾ പ്രധാന ശരീരാവയവങ്ങൾക്കു കേടു വരുത്തുന്നു. രോഗം മൂർച്ഛിക്കുമ്പോൾ, രോഗിക്കു പനിയോ ഉദരവീക്കമോ ആന്തരിക രക്തസ്രാവമോ ഉണ്ടായേക്കാം. ഈ രോഗത്തിന്റെ ഫലമായി ക്രമേണ മൂത്രാശയത്തിൽ അർബുദമുണ്ടായേക്കാം, അല്ലെങ്കിൽ കരളിന്റെയോ വൃക്കയുടെയോ പ്രവർത്തനം നിലച്ചുപോയേക്കാം. ചിലർക്കു വന്ധ്യതയോ പക്ഷവാതമോ ഉണ്ടായേക്കാം. മറ്റു ചിലർ മരിക്കുന്നു.
പരിഹാരമാർഗങ്ങളും പ്രശ്നങ്ങളും
രോഗവ്യാപനം തടയുന്നതിന്, ചുരുങ്ങിയത് നാലു സംഗതികളെങ്കിലും ചെയ്യാൻ സാധിക്കും. ഈ നടപടികളിൽ ഒന്നെങ്കിലും ലോകവ്യാപകമായി നടപ്പാക്കിയിരുന്നെങ്കിൽ, രോഗം തുടച്ചുനീക്കപ്പെടുമായിരുന്നു.
ഒന്നാമത്തെ നടപടി ജലസ്രോതസ്സുകളിലുള്ള ഒച്ചുകളെ നിർമാർജനം ചെയ്യുക എന്നതാണ്. ഈ ഒച്ചുകൾ പരാദജീവികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിത ഘടകങ്ങളാണ്. ഒച്ചുകളില്ലെങ്കിൽ, ഒച്ചുപനിയും ഇല്ല.
പ്രധാനമായും ശ്രമം നടത്തിയത് ഒച്ചുകളെ കൊല്ലാൻ തക്ക ശക്തിയുള്ളതും എന്നാൽ പരിസ്ഥിതിയെ മലിനീകരിക്കുകയില്ലാത്തതുമായ ഒരു വിഷം ഉത്പാദിപ്പിക്കാനാണ്. 1960-കളിലും 1970-കളിലും ഒച്ചുകളുടെ സമൂലനാശത്തിനു വേണ്ടി ചെയ്ത ശ്രമങ്ങൾ വളരെയേറെ പ്രദേശങ്ങളിലെ ജലജീവജാലങ്ങളെ മുഴുവൻ നശിപ്പിക്കുന്നതിനു കാരണമായി. ഈജിപ്തിലെ റ്റെയോഡോർ ബിൽഹാർസ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മറ്റു ജീവരൂപങ്ങൾക്കു ഹാനി വരുത്തുകയില്ലാത്ത ഒരു മൊളൂസിസൈഡ് (ഒച്ചുകളെ കൊല്ലാനുപയോഗിക്കുന്ന മരുന്ന്) കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡൻറായ ഡോ. അലി സേൻ എൽ ആബാഡിൻ അത്തരമൊരു വസ്തുവിനെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “വിളകൾക്കായി ഉപയോഗിക്കുകയും മനുഷ്യരും മൃഗങ്ങളും കുടിക്കുകയും മത്സ്യങ്ങൾ ജീവിക്കുകയും ചെയ്യുന്ന വെള്ളത്തിലാണ് അത് ഇടാൻ പോകുന്നത്. അതുകൊണ്ട് ഈ പറഞ്ഞ യാതൊന്നിനെയും അതു ബാധിക്കുകയില്ലെന്നു നമുക്കു നല്ല ഉറപ്പുണ്ടായിരിക്കണം.”
രണ്ടാമത്തെ നടപടി മനുഷ്യരിലുള്ള പരാദജീവികളെ കൊല്ലുക എന്നതാണ്. 1970-കളുടെ മധ്യംവരെ, ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന മരുന്നുകൾ വളരെയേറെ പാർശ്വഫലങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു. മിക്കപ്പോഴും, വേദനാജനകമായ കുത്തിവെപ്പുകളുടെ ഒരു പരമ്പരതന്നെ ചികിത്സയിൽ ഉൾപ്പെട്ടിരുന്നു. ചികിത്സ രോഗത്തെക്കാൾ കഠിനമായിരുന്നുവെന്നു ചിലർ പരാതിപ്പെട്ടു! അപ്പോൾ മുതൽ ഒച്ചുപനിക്കെതിരെ പ്രേസിക്വാന്റെൽ പോലുള്ള ഫലപ്രദമായ പുതിയ മരുന്നുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ വായിൽക്കൂടി കഴിക്കാവുന്നതാണ്.
ഈ മരുന്നുകൾ ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും പൊതുജനങ്ങളുടെ ഇടയിൽ വിജയകരമായിരുന്നെങ്കിലും അതിന്റെ ഉയർന്ന വില പല രാജ്യങ്ങൾക്കും പ്രശ്നമായി. ഡബ്ലിയുഎച്ച്ഒ 1991-ൽ ഇങ്ങനെ വിലപിച്ചു: “രോഗമുള്ള രാജ്യങ്ങൾ, ഉയർന്ന ചികിത്സാ ചെലവു നിമിത്തം വ്യാപകമായ അളവിലുള്ള [ഒച്ചുപനി] നിയന്ത്രണ പരിപാടികളുമായി മുന്നോട്ടുപോകാൻ അപ്രാപ്തമാണ്; സാധാരണ, മരുന്നിന്റെ വിലതന്നെ മിക്ക ആഫ്രിക്കൻ രാജ്യങ്ങളും നീക്കിവെച്ചിട്ടുള്ള മൊത്ത ആളോഹരി ബജറ്റിനെക്കാൾ കൂടുതലാണ്.”
രോഗിക്കു സൗജന്യമായി മരുന്നു കിട്ടുന്ന ഇടങ്ങളിൽപ്പോലും, മിക്ക ആളുകളും ചികിത്സയ്ക്കു പോകാറില്ല. എന്തുകൊണ്ട്? ഒരു കാരണം, ഈ രോഗം നിമിത്തമുള്ള മരണനിരക്കു താരതമ്യേന കുറവാണ് എന്നതാണ്. അതുകൊണ്ട് ചില ആളുകൾ ഇതിനെ ഗുരുതരമായ ഒരു പ്രശ്നമായി കണക്കാക്കുന്നില്ല. മറ്റൊരു കാരണം, ആളുകൾ മിക്കപ്പോഴും അതിന്റെ രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നില്ല എന്നതാണ്. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ മൂത്രത്തിൽ രക്തം കാണുന്നത് (ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളിൽ ഒന്ന്) വളരെ സാധാരണമായതിനാൽ പ്രായപൂർത്തിയിലേക്കു വളരുന്നതിന്റെ ഭാഗമായാണ് അതിനെ കണക്കാക്കുന്നത്.
മൂന്നാമത്തെ നടപടി അതിന്റെ മുട്ടകൾ ജലസ്രോതസ്സുകളിൽ എത്തിപ്പെടാതെ സൂക്ഷിക്കുക എന്നതാണ്. പ്രാദേശിക അരുവികളും കുളങ്ങളും മലിനമാക്കപ്പെടുന്നതു തടയുന്നതിനു കക്കൂസുകൾ പണിയുകയും എല്ലാവരും അതുപയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ, ഒച്ചുപനി പിടിപെടുന്നതിനുള്ള സാധ്യത കുറയുമായിരുന്നു.
പൈപ്പിലൂടെയുള്ള ജലവിതരണ സംവിധാനവും കക്കൂസുകളും സ്ഥാപിതമായതിനു ശേഷം ഈ രോഗം ഗണ്യമായി കുറഞ്ഞതായി ആഗോള പഠനങ്ങൾ തെളിയിക്കുന്നു. എങ്കിലും ഇവ രോഗപ്രതിരോധം ഉറപ്പുനൽകുന്നില്ല. 20 വർഷത്തിലേറെ ഒച്ചുപനിയെക്കുറിച്ചു ഗവേഷണം നടത്തിയ ശാസ്ത്രജ്ഞനായ അലെൻ ഫെൻവിക്കിന്റെ അഭിപ്രായപ്രകാരം “അതിന്റെ ജീവചക്രം നിലനിർത്തുന്നതിന് ഒരൊറ്റയാൾ മാത്രം കനാലിൽ വിസർജിച്ചാൽ മതി.” പൊട്ടിപ്പോയ മലിനജല പൈപ്പിൽനിന്നു ജലസ്രോതസ്സുകളിലേക്കു വിസർജ്യവസ്തുക്കൾ ഒഴുകിച്ചെല്ലാനുള്ള സാധ്യതയുണ്ട്.
നാലാമത്തെ നടപടി പരാദജീവിയാൽ മലിനീകൃതമായ ജലത്തിൽനിന്ന് ആളുകളെ അകറ്റി നിർത്തുക എന്നതാണ്. ഇതും വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല. പല രാജ്യങ്ങളിലും തടാകങ്ങൾ, അരുവികൾ, പുഴകൾ തുടങ്ങി കുടിവെള്ളം പ്രദാനം ചെയ്യുന്ന ഉറവുകൾ കുളിക്കുന്നതിനും വിളകൾക്കു ജലസേചനം നടത്തുന്നതിനും തുണികൾ കഴുകുന്നതിനും കൂടി ഉപയോഗിക്കുന്നു. മത്സ്യബന്ധനക്കാർ നിത്യേന വെള്ളവുമായി സമ്പർക്കത്തിൽ വരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കടുത്ത ചൂടിൽ, ഒരു ജലാശയം കാണുമ്പോൾ കുട്ടികൾക്കു നീന്താനുള്ള ആഗ്രഹം അടക്കാനാവാത്തതായിരിക്കും.
എന്തു ഭാവി പ്രത്യാശ?
ആത്മാർഥതയുള്ള ആളുകളും സംഘടനകളും ഒച്ചുപനിക്കെതിരായുള്ള പോരാട്ടത്തിൽ ശുഷ്കാന്തിയോടെ പങ്കുപറ്റുന്നുവെന്നതിലും അതിൽ വളരെയധികം പുരോഗതി കൈവരിച്ചിരിക്കുന്നുവെന്നതിലും സംശയമില്ല. ഗവേഷകർ അതിനെതിരായ ഒരു പ്രതിരോധമരുന്നു വികസിപ്പിച്ചെടുക്കുന്നതിന് ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
എന്നിരുന്നാലും, ഈ രോഗം നിർമാർജനം ചെയ്യപ്പെടുമെന്ന പ്രതീക്ഷ വിദൂരത്താണെന്നു തോന്നുന്നു. ഫ്രഞ്ച് മെഡിക്കൽ പത്രികയായ ലാ റെവ്യൂ ഡ്യൂ പ്രാറ്റിസിയനിൽ ഡോ. എം. ലാറീവ്യർ ഇങ്ങനെ പ്രസ്താവിക്കുന്നു: “പുരോഗതിയെല്ലാമുണ്ടായിരുന്നിട്ടും . . . , രോഗം അപ്രത്യക്ഷമാകുന്നില്ല.” രോഗപ്രതിരോധവും ചികിത്സയും വ്യക്തികളുടെ കാര്യത്തിൽ സത്യമായിരിക്കാമെങ്കിലും, ഒച്ചുപനി എന്ന പ്രശ്നത്തിനു സാർവത്രികമായ ഒരു പരിഹാരം ദൈവത്തിന്റെ പുതിയ വ്യവസ്ഥിതി ഇവിടെ വന്നാലേ സാധ്യമാകൂ. അപ്പോൾ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു.—യെശയ്യാവു 33:24.
[15-ാം പേജിലെ ചിത്രം]
മനുഷ്യർ മലിനജലത്തിലിറങ്ങുമ്പോൾ, ഒച്ചുപനിയുണ്ടാക്കുന്ന പരാദജീവികൾ അവരിൽ കയറിക്കൂടുന്നു