കോൾമയിർക്കൊള്ളിച്ച പുനസ്സംഗമം
തന്നെ ദത്തെടുത്തതാണെന്നു മനസ്സിലാക്കുമ്പോൾ ഡേന ഫോൾട്സിന് എട്ടു വയസ്സായിരുന്നു. വർഷങ്ങൾക്കുശേഷം അവൻ ചിന്തിക്കാൻ തുടങ്ങി, ‘ആരാണ് എന്റെ അമ്മ? അമ്മ ഏതു തരക്കാരിയായിരുന്നു? അമ്മ എന്നെ ദത്തുനൽകിയത് എന്തിനായിരുന്നു? എനിക്കു സഹോദരീസഹോദരന്മാരുണ്ടോ?’ പെറ്റമ്മയെ കണ്ടെത്തിയ വിധവും തുടർന്നുണ്ടായ അതിയായ വിസ്മയവും സംബന്ധിച്ച ഡേനയുടെ അനുഭവത്തെക്കുറിച്ചു വായിക്കുക.
ആയിരത്തിത്തൊള്ളായിരത്തറുപത്താറ് ആഗസ്റ്റ് ഒന്നിന്, യു.എസ്.എ.-യിലെ അലാസ്കയിലുള്ള കെച്ചികാനിലാണു ഞാൻ ജനിച്ചത്. എന്റെ സഹോദരി പാം എന്നെക്കാൾ രണ്ടു വയസ്സിനു മൂത്തതായിരുന്നു. ഇന്ത്യയുമായുള്ള പൊതു ഇടപാടുകൾക്കുള്ള ബ്യൂറോയിലെ ഒരു സാമൂഹിക പ്രവർത്തകനായിരുന്നു ഞങ്ങളുടെ പിതാവ്. അടിക്കടി അദ്ദേഹത്തിനു സ്ഥലംമാറ്റം ലഭിച്ചിരുന്നു. അലാസ്കയിൽ ഞങ്ങൾ ഓരോരോ സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു. പിന്നീട് ഞങ്ങൾ ഐയ്യൊവ, ഓക്ളഹോമ, അരിസോണ, ഓറിഗൺ എന്നിവിടങ്ങളിലാണു താമസിച്ചത്.
1975-ലെ വേനൽക്കാലത്ത് വിസ്കോൺസിനിലെ ചില ബന്ധുക്കളെ സന്ദർശിക്കുന്ന അവസരത്തിൽ അവരുടെ ചില കുട്ടികൾ ഞങ്ങളുടെ ബന്ധത്തിൽത്തന്നെയുള്ള മറ്റൊരു കുട്ടിയെക്കുറിച്ച് അനുകമ്പയില്ലാത്തവിധം ചില അഭിപ്രായപ്രകടനങ്ങൾ നടത്തി. “അവനെ ദത്തെടുത്തതാണ്. അതുകൊണ്ട് അവൻ വാസ്തവത്തിൽ നമ്മുടെ കുടുംബത്തിൽപ്പെട്ടവനല്ല.” ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയശേഷം ഞാൻ അമ്മയോട് ഇതിനെപ്പറ്റി ചോദിച്ചു. അമ്മയുടെ മുഖത്തുണ്ടായ ഞെട്ടൽ എന്നെ അത്ഭുതപ്പെടുത്തി. ദത്തെടുക്കൽ എന്താണെന്ന് അമ്മ വിവരിച്ചു. എന്നെയും സഹോദരിയെയും ദത്തെടുത്തതാണെന്ന് ആ രാത്രി കണ്ണീരോടെ അമ്മ എന്നോടു പറഞ്ഞു.
ദത്തെടുക്കൽ അത്ര വലിയൊരു കാര്യമാണെന്ന് അപ്പോഴൊന്നും എനിക്കു തോന്നിയില്ല. കുറേ കാലത്തേക്കു ഞാൻ അതിനെക്കുറിച്ചു കാര്യമായി ചിന്തിച്ചില്ല. എനിക്കു മമ്മിയും ഡാഡിയുമുണ്ടായിരുന്നതുകൊണ്ട് ജീവിതം സാധാരണരീതിയിലുള്ളതായിരുന്നു. മാറി മാറി താമസിക്കുന്നതു നിർത്തി ഒരിടത്തു സ്ഥിരതാമസമാക്കാൻ എന്റെ മാതാപിതാക്കൾ തീരുമാനിച്ചു. എനിക്ക് ഒമ്പതു വയസ്സുള്ളപ്പോൾ ഞങ്ങൾ വാഷിങ്ടണിലെ വാൻകൂവറിൽ സ്ഥിരതാമസമാക്കി. ഡാഡിയോട് എനിക്കു നല്ല അടുപ്പമുണ്ടായിരുന്നെങ്കിലും മമ്മിയോട് അത്രയ്ക്കുണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ ഞാൻ തന്നിഷ്ടക്കാരനും നിഷേധിയുമായിരുന്നു. ഇതുമൂലം മമ്മിക്കുണ്ടായ നിരാശയായിരിക്കാം ഞങ്ങളെ തമ്മിൽ അകറ്റിയത്.
അനുരാഗവും കോളെജും
ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു ഞാൻ ട്രീനയെ കണ്ടുമുട്ടി. പെട്ടെന്നുതന്നെ ഞങ്ങൾ സുഹൃത്തുക്കളായി. ബിരുദമെടുത്തശേഷം ഓറിഗണിലെ കോർവാല്ലിസിലുള്ള ഓറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേരുന്നതിന് എനിക്കു കലാലയ സ്കോളർഷിപ്പ് ലഭിച്ചു. ഒഴിവുകിട്ടുമ്പോൾ ഞാൻ വാൻകൂവറിലേക്കും അവിടെനിന്നു തിരിച്ചും യാത്ര ചെയ്യും, ട്രീനയോടൊപ്പം സമയം ചെലവഴിക്കാൻ. ഹൈസ്കൂൾ പൂർത്തിയാക്കാൻ അവൾക്ക് ഒരു വർഷംകൂടെ വേണമായിരുന്നു. ഞാൻ കാര്യമായിട്ടൊന്നും പഠിച്ചിരുന്നില്ല. കോളെജിലെ പരീക്ഷയിൽ എങ്ങനെയെങ്കിലും കടന്നുകൂടാമെന്നു ഞാൻ കണക്കുകൂട്ടി. ആദ്യത്തെ റിപ്പോർട്ട് കാർഡ് എന്നെ ഞെട്ടിച്ചു കളഞ്ഞു. എനിക്കു ലഭിച്ചിട്ടുള്ളതിലേക്ക് ഏറ്റവും മോശമായ ഒന്നായിരുന്നു അത്! എനിക്കു ലജ്ജ തോന്നി. പക്ഷേ ട്രീനയെ സന്ദർശിക്കുന്നതു ഞാൻ നിർത്തിയില്ല; സന്ദർശനവേളകളിൽ പഠിക്കാമെന്നു കരുതി ഞാൻ എന്റെ പുസ്തകങ്ങളും കൊണ്ടുപോയി.
പിന്നീട് ഒരു ദിവസം, വാൻകൂവറിൽനിന്നു മോട്ടോർസൈക്കിളിൽ സ്കൂളിലേക്കു മടങ്ങുന്ന സമയത്ത് ഞാൻ വലിയൊരു അത്യാഹിതത്തിൽപ്പെട്ടു. അതിനുശേഷം അധികം വൈകാതെ എനിക്ക് അതിലും ഗുരുതരമായ പരിക്കേറ്റു. തെരുവു മുറിച്ചുകടക്കുന്നതിനിടയിൽ എന്നെ ഒരു കാറിടിച്ചതായിരുന്നു കാരണം. ഞാൻ ജോലി ചെയ്യാൻ തുടങ്ങി. കോളെജിൽ പോകാനുള്ള ആഗ്രഹം എനിക്കില്ലാതായി.
മതത്തിൽ താത്പര്യം
താമസിയാതെ, ഞാനും ട്രീനയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി. ഞങ്ങൾ ദൈവത്തിൽ വിശ്വസിച്ചിരുന്നു. അവനെ അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും, സഭകൾ കാപട്യമുള്ളവയാണെന്നു ഞങ്ങൾക്കു തോന്നി. അതുകൊണ്ട് തന്നെത്താൻ ബൈബിൾ വായിക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷേ, ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല.
ഒരു ദിവസം, ഓറിഗണിലെ പോർട്ട്ലാൻറിൽ ഞാൻ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ കൂടെയുള്ള ജീവനക്കാർ ഒരാളെ കളിയാക്കാൻ തുടങ്ങി. കണ്ടുമുട്ടിയിട്ടുള്ളതിലേക്ക് ഏറ്റവും നല്ല ഒരു വ്യക്തിയായിട്ടാണ് അദ്ദേഹത്തെ ഞാൻ കണക്കാക്കിയിരുന്നത്. റാൻഡി ശാന്തനായി അതെല്ലാം സഹിച്ചു. ആ ദിവസം പിന്നീടൊരു സമയത്ത് ഞാൻ അദ്ദേഹത്തോടു ചോദിച്ചു: “നിങ്ങൾ ഒരു മതശുശ്രൂഷകനാണന്നൊക്കെ കേട്ടതു ശരിയാണോ?”
“ശരിയാണ്, ഞാൻ ഒരു മതശുശ്രൂഷകനാണ്,” അദ്ദേഹം പറഞ്ഞു.
“ഏത് മതസംഘടനയുടെ?” ഞാൻ ചോദിച്ചു.
“ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്.”
“ആരാണീ യഹോവയുടെ സാക്ഷികൾ?”
“താങ്കൾ അറിയാനായി ചോദിക്കുന്നതാണോ?” അത്ഭുതത്തോടെ അദ്ദേഹം ആരാഞ്ഞു.
“അതേ,” ഞാൻ പറഞ്ഞു. “ആരാണീ യഹോവയുടെ സാക്ഷികൾ? ഞാൻ അതറിയുന്നതിൽ വിരോധമുണ്ടോ?”
“ഒരു വിരോധവുമില്ല, താങ്കൾ അത് അറിയേണ്ടതാണ്,” പുഞ്ചിരിതൂകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “ഊണിന്റെ സമയത്ത് താങ്കൾ എന്താണു ചെയ്യാൻ പോകുന്നത്?”
ഊണിന്റെ സമയത്തു നടത്തിയ നിരവധി ബൈബിൾ ചർച്ചകളിൽ ആദ്യത്തേതായിരുന്നു അത്. ഒരു രാത്രിയിൽ ഞാൻ ഇതിനെക്കുറിച്ചു ട്രീനയോടു പറഞ്ഞു. “യഹോവയുടെ സാക്ഷികളോടൊന്നും സംസാരിക്കാൻ പോകണ്ട!” അവൾ അഭിപ്രായപ്പെട്ടു. “അവർ വിചിത്രരീതിയുള്ളവരാണ്. അവർ ക്രിസ്ത്യാനികൾ പോലുമല്ല. അവർ ക്രിസ്മസ് ആഘോഷിക്കാത്തവരാണ്.” തുടർന്ന്, യഹോവയുടെ സാക്ഷികളെക്കുറിച്ചു കേട്ടിട്ടുള്ള മറ്റു കാര്യങ്ങളും അവൾ എന്നോടു പറഞ്ഞു.
“തെറ്റായ ഒരുപാടു കാര്യങ്ങൾ നിനക്ക് ആരോ പറഞ്ഞുതന്നിട്ടുണ്ട്,” ഞാൻ പറഞ്ഞു. നീണ്ട ഒരു ചർച്ചയ്ക്കുശേഷം, അവൾ സത്യം മുഴുവൻ കേട്ടിട്ടില്ലെന്ന് അവളെ ബോധ്യപ്പെടുത്താൻ എനിക്കു കഴിഞ്ഞു. അതിനുശേഷം, അവൾ എന്നെക്കൊണ്ട് റാൻഡിയോടു ചോദ്യങ്ങൾ ചോദിപ്പിക്കാൻ തുടങ്ങി. തിരിച്ചുവരുമ്പോൾ വ്യക്തമായ ഓരോരോ തിരുവെഴുത്ത് ഉത്തരങ്ങൾ ഞാൻ കൊണ്ടുവരും. ഒടുവിൽ ട്രീന പറഞ്ഞു: “ഇതെല്ലാം ബൈബിളിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അവർ വിചിത്രരീതിയുള്ളവരാണെന്നാണു ഞാൻ ഇപ്പോഴും കരുതുന്നത്. ബൈബിളിനെക്കുറിച്ചു നിങ്ങൾക്ക് അയാളോടു തുടർന്നും സംസാരിക്കണമെന്നുണ്ടെങ്കിൽ എനിക്കു വിരോധമൊന്നുമില്ല. പക്ഷേ വീട്ടിൽവന്ന് അതൊന്നും എന്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.”
പ്രക്ഷുബ്ധമായ ഒരു കാലഘട്ടം
ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങളൊക്കെ എനിക്കു വിശ്വാസമായിരുന്നു. എന്നാൽ, അതനുസരിച്ചു ജീവിക്കാൻ എനിക്ക് ഒട്ടും സാധിക്കുകയില്ലെന്നു തോന്നി. ട്രീനയും ഞാനും കൂടെക്കൂടെ വഴക്കിടുമായിരുന്നു. അതുകൊണ്ട് ഞാനും എന്റെ ഒരു സുഹൃത്തും ഞങ്ങളുടെ കാമുകിമാരെ ഉപേക്ഷിച്ച് ഓക്ളഹോമിൽ ചെന്നു പുതിയൊരു ജീവിതം തുടങ്ങാനുള്ള തീരുമാനമെടുത്തു. ഞാൻ ജോലിയിൽനിന്ന് അവധിയെടുത്തു. താമസിയാതെ, ഞാനും സുഹൃത്തും ടെക്സാസിന്റെ അതിരിനടുത്തുള്ള ചെറിയൊരു പട്ടണത്തിലെ ഒരു അപ്പാർട്ടുമെൻറിൽ താമസമാക്കി. ട്രീനയുടെ അഭാവം അനുഭവപ്പെടാൻ അധികകാലം വേണ്ടിവന്നില്ല. എന്നാൽ, എന്തു വന്നാലും ജീവിതം ആസ്വദിക്കണമെന്നു ഞാൻ തീർച്ചയാക്കി.
ടെക്സാസിൽ മദ്യപാനം തുടങ്ങാവുന്ന പ്രായം 19 ആണെന്നു ഞാൻ മനസ്സിലാക്കി. അതുകൊണ്ട് എന്റെ സുഹൃത്ത് യാത്രയ്ക്കു പോയപ്പോൾ നന്നായിട്ടൊന്ന് ആസ്വദിക്കാൻ ഞാൻ ഒരു രാത്രിയിൽ അതിർത്തി കടന്നു പ്രസിദ്ധമായ ഒരു നിശാനർത്തക ശാലയിൽ എത്തി. ഞാൻ നന്നായി മദ്യപിച്ചു. ബാറിൽനിന്നു തിരിച്ചുവരുന്ന സമയത്ത് ഞാൻ കാർ ഒരിടത്തു കൊണ്ടിടിപ്പിച്ചു. അങ്ങനെ ഞാൻ ജയിലിലായി. ഒട്ടുംവൈകാതെ എനിക്കു ഡാഡിയുമായി ബന്ധപ്പെടാൻ സാധിച്ചു. അദ്ദേഹം എന്നെ ജയിലിൽനിന്നു ജാമ്യത്തിലിറക്കി. ട്രീന എന്നെ വീണ്ടും സ്വീകരിച്ചതിൽ ഞാൻ എത്രമാത്രം സന്തോഷിച്ചുവെന്നോ! ഞാൻ തിരിച്ച് എന്റെ പഴയ ജോലിയിൽ പ്രവേശിച്ചു. കൂടാതെ, റാൻഡിയുമായുള്ള ബൈബിൾ ചർച്ചയും പുനഃരാരംഭിച്ചു.
ജീവിതം നിയന്ത്രിക്കൽ
യഹോവയുടെ സാക്ഷികളെക്കുറിച്ച് ആദ്യമായി ഞാൻ കേൾക്കുന്നത് രണ്ടു വർഷംമുമ്പായിരുന്നു. ബൈബിൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ഞാൻ തീരുമാനിച്ചു. എനിക്കപ്പോൾ 20 വയസ്സായിരുന്നു. എന്റെ ദത്തെടുക്കൽ സംബന്ധിച്ച് ലേഖനത്തിന്റെ തുടക്കത്തിൽ ഞാൻ പ്രതിപാദിച്ച ആ ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങി. അതുകൊണ്ട് പെറ്റമ്മയെ കണ്ടെത്താൻ ഞാൻ കാര്യമായ അന്വേഷണം ആരംഭിച്ചു.
അലാസ്കയിൽ ഞാൻ ജനിച്ച ആശുപത്രിയിലേക്കു ഫോൺ ചെയ്ത് മുന്നോട്ടു നീങ്ങേണ്ട വിധം സംബന്ധിച്ച് അന്വേഷിച്ചു. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു മനസ്സിലാക്കിയശേഷം എന്റെ യഥാർഥ ജനന സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് ഞാൻ കൈവശപ്പെടുത്തി. എന്റെ അമ്മയുടെ പേര് സാൻഡ്ര ലീ ഹെർഷ് എന്നാണെന്നു ഞാൻ കണ്ടെത്തി. എന്നാൽ, എന്റെ പിതാവിനെക്കുറിച്ചുള്ള രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഞാൻ ജനിക്കുമ്പോൾ സാൻഡ്രയ്ക്കു 19 വയസ്സായിരുന്നു. അതുകൊണ്ട്, അവിവാഹിതയായിരിക്കെ കുഴപ്പത്തിൽ ചാടിയശേഷം പേടിച്ച് പ്രയാസകരമായ തീരുമാനമെടുത്ത ഒരു പെൺകുട്ടിയായിരുന്നിരിക്കാം അമ്മ എന്നു ഞാൻ ഊഹിച്ചു. അമ്മയെ കണ്ടെത്താൻ മതിയായ വിവരങ്ങളൊന്നും എന്റെ ജനന സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നില്ല.
ഇതിനിടയിൽ, റാൻഡിയോടൊത്തുള്ള ബൈബിൾ പഠനത്തിന്റെ ഫലമായി സത്യമതമാണു ഞാൻ കണ്ടെത്തിയിരിക്കുന്നത് എന്നെനിക്കു ബോധ്യമായി. പുകയിലയുടെ ദുഷിപ്പിക്കുന്ന ഉപയോഗം നിർത്തലാക്കുന്നതിൽ ഞാൻ പലതവണ പരാജയപ്പെട്ടു. (2 കൊരിന്ത്യർ 7:1) യഹോവ എന്നെ കൈവിട്ടുവെന്ന് എനിക്കു തോന്നി. അപ്പോഴാണ്, രാജ്യഹാളിൽവെച്ച് ഒരു സാക്ഷി ഒരു കാര്യം പറഞ്ഞത്. അതെന്നെ വാസ്തവത്തിൽ സഹായിക്കുകയുണ്ടായി. നാം പരാജയപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തി സാത്താനാണെന്നും പരാജയപ്പെട്ടു പിന്മാറിയതിന്റെ പേരിൽ ഒരാൾക്കു നിത്യജീവൻ ലഭിക്കാതെ പോകുന്നതു കാണുക ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ ഭാരം യഹോവയുടെ മേൽ ഇടേണ്ടതും വിഷമഘട്ടങ്ങളിലൂടെ കടന്നുപോകാൻ കഴിയേണ്ടതിന് അവനെ പൂർണമായി ആശ്രയിക്കേണ്ടതും ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.—സങ്കീർത്തനം 55:22.
എനിക്ക് ആവശ്യമായിരുന്നത് അതുതന്നെയായിരുന്നു! യഹോവയുടെ സഹായത്തിനായി കൂടെക്കൂടെ പ്രാർഥിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതു ഞാൻ ബാധകമാക്കാൻ തുടങ്ങി. താമസിയാതെ, പുകയില ഉപയോഗിക്കുന്നതു ഞാൻ നിർത്തി. ട്രീനയും ഞാനും വിവാഹിതരായി. ബൈബിൾ പഠനങ്ങളിൽ ഞാൻ ക്രമമുള്ളവനായിത്തീർന്നു. താമസിയാതെ, ട്രീനയും പഠിക്കാൻ തുടങ്ങി. 1991 ജൂൺ 9-ന് യഹോവയ്ക്കുള്ള സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. രണ്ടാഴ്ച പിന്നിട്ടില്ല, അതിനുമുമ്പ് ഞങ്ങളുടെ ആദ്യത്തെ മകൾ, ബ്രിയാന ജിൻ ജനിച്ചു.
ഡാഡിയുമായുള്ള എന്റെ ബന്ധം
ഡാഡിയോട് എനിക്കു നല്ല അടുപ്പമുണ്ടായിരുന്നു. അദ്ദേഹം വളരെ ദയാവായ്പുള്ള ഒരു വ്യക്തിയായിരുന്നു, ഞാൻ നിരാശനാകുമ്പോഴൊക്കെ പ്രോത്സാഹനവുമായി അദ്ദേഹം എപ്പോഴും അരികിലുണ്ടാകും. എങ്കിലും, എനിക്കു ശിക്ഷണം ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം കാർക്കശ്യം കാട്ടിയിരുന്നു. അതുകൊണ്ട്, 1991-ന്റെ ആരംഭത്തിൽ, ഡാഡിക്കു മാരകമായ ശ്വാസകോശ അർബുദമുണ്ടെന്നു മനസ്സിലാക്കിയ ആ സമയം പ്രയാസം നിറഞ്ഞതായിരുന്നു. ആ സമയമായപ്പോഴേക്കും മമ്മിയും ഡാഡിയും മൊൺടാനയിലെ ഹാമിൽറ്റണിലേക്കു മാറിത്താമസിച്ചിരുന്നു. അദ്ദേഹത്തെ കാണാൻ ഞങ്ങൾ മിക്കപ്പോഴും അവിടേക്കു യാത്ര ചെയ്തു, മമ്മിക്കു പിന്തുണ നൽകാനും ശ്രമിച്ചു.
ഈ ജീവിതം മാത്രമാണോ ഉള്ളത്? എന്ന പുസ്തകം ഡാഡിക്കു നൽകാൻ ഞങ്ങൾക്കു സാധിച്ചു. അതു വായിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. കുടുംബത്തിന്റെ ക്ഷേമത്തെക്കുറിച്ചു തനിക്കു വേവലാതിയുണ്ടെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. എന്റെ അവസാന സന്ദർശനവേളയിൽ, എന്നെപ്പോലെ ഒരു മകനെ ലഭിച്ചതിൽ എത്രമാത്രം അഭിമാനം കൊള്ളുന്നുവെന്നും എന്നെ എത്രയധികം സ്നേഹിച്ചിരുന്നുവെന്നും അദ്ദേഹം എന്നോടു പറഞ്ഞു. പിന്നെ, കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ അദ്ദേഹം ജനലിനടുത്തേക്കു മുഖംതിരിച്ചുകളഞ്ഞു. ഞാൻ തിരിച്ചുപോരുന്നതിനുമുമ്പ് പലപ്രാവശ്യം ഞങ്ങൾ കെട്ടിപ്പിടിച്ചു. 1991 നവംബർ 21-ന് ഡാഡി മരിച്ചു. മരിക്കുന്നതിനുമുമ്പ് പുസ്തകത്തിന്റെ മുക്കാൽ ഭാഗം അദ്ദേഹം വായിച്ചുതീർത്തിരുന്നു.
ഡാഡിയുടെ മരണശേഷം വാഷിങ്ടണിലെ മോസസ് ലേയ്ക്കിലേക്കു ഞങ്ങൾ താമസം മാറ്റിയപ്പോൾ എന്റെ കഴിഞ്ഞകാലത്തെക്കുറിച്ചു മനസ്സിലാക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അന്വേഷണത്തിനായി ഞാൻ സമയം ചെലവിട്ടിരുന്നെങ്കിലും ആത്മീയ താത്പര്യങ്ങൾ ഞങ്ങൾ അവഗണിച്ചിരുന്നില്ല. 1993 ജൂൺ 5-ന് ട്രീന സ്നാപനമേറ്റു. ആറുമാസത്തിനുശേഷം അവൾ രണ്ടാമതൊരു പെൺകുഞ്ഞിനെ പ്രസവിച്ചു. അവളുടെ പേര് സിയെറ ലിൻ എന്നാണ്.
ഞാൻ പെറ്റമ്മയെ കണ്ടെത്തിയ വിധം
അലാസ്കയിലെ നിയമവ്യവസ്ഥയിൽനിന്നുള്ള വിവരങ്ങൾക്കായി ഞാൻ നിരന്തരം അഭ്യർഥിച്ചുകൊണ്ടിരുന്നു. വിവിധ കാര്യാലയങ്ങളിലേക്കു ഞാൻ ഒന്നിനു പുറകേ ഒന്നായി കത്തുകൾ എഴുതിക്കൊണ്ടിരുന്നു. അതേസമയം ഞാൻ എന്റേതായ കമ്പ്യൂട്ടർ അന്വേഷണങ്ങളും നടത്തി. എന്നാൽ അതെല്ലാം പാഴ്വേലയായിരുന്നു. പിന്നീട്, 1995-ന്റെ അവസാനത്തിൽ വൈദ്യപരിശോധന നടത്തിയപ്പോൾ എന്റെ ഹൃദയത്തിന്റെ പ്രവർത്തനത്തിൽ തകരാറുള്ളതായി വെളിപ്പെട്ടു. എനിക്ക് 29 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടർക്ക് എന്റെ വൈദ്യശാസ്ത്രപരമായ ചരിത്രം അറിയേണ്ടതുണ്ടായിരുന്നു.
എന്റെ ശാരീരിക ക്ഷേമത്തിന് എന്റെ ദത്തെടുക്കൽ ഫയലുകളിലുള്ള വിവരങ്ങൾ മർമപ്രധാനമായേക്കാമെന്നു കാണിച്ചുകൊണ്ട് ഡോക്ടർ അടിയന്തിരമായ, സമഗ്രവും സൂക്ഷ്മവുമായ, അപേക്ഷയെഴുതി. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്കു മറുപടി ലഭിച്ചു. ഫയൽ തുറക്കാൻ മാത്രം ഗുരുതരമായ വൈദ്യശാസ്ത്രപരമായുള്ള ആവശ്യം എന്റെ കാര്യത്തിൽ കാണുന്നില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ജഡ്ജിയുടെ വിധി അതിൽ അടങ്ങിയിരുന്നു. ഞാൻ തകർന്നുപോയി. എന്നാൽ ഏതാനും ആഴ്ചകൾക്കുശേഷം രണ്ടാമതൊരു ജഡ്ജിയിൽനിന്ന് എനിക്കൊരു കത്തു ലഭിച്ചു. എന്റെ ദത്തെടുക്കൽ ഫയലുകൾ പരിശോധിക്കാനുള്ള അനുവാദം നൽകുന്ന കോടതി ഉത്തരവായിരുന്നു അത്.
1996 ജനുവരി ആരംഭത്തിൽ എന്റെ സാക്ഷാൽ ദത്തെടുക്കൽ ഫയലുകൾ വന്നെത്തി. അതിൽ എന്റെ പെറ്റമ്മയുടെ സ്വദേശവും കുടുംബ പശ്ചാത്തലവും നൽകിയിരുന്നു. ഉടനടി, ഞാൻ സാൻഡ്രയുടെ പേരും ഒപ്പം അവരുടെ സ്വദേശവും കമ്പ്യൂട്ടറിൽ അന്വേഷിക്കാൻ തുടങ്ങി. ആറ് ഫോൺ നമ്പറുകൾ ഞാൻ കണ്ടെത്തി. ഫോൺവിളികൾ ട്രീന നടത്തുന്നതായിരിക്കും നല്ലതെന്നു ഞങ്ങളിരുവരും തീരുമാനിച്ചു. മൂന്നാമത്തെ നമ്പറിൽ വിളിച്ചപ്പോൾ, ഒരു സ്ത്രീ സാൻഡ്ര തന്റെ അനന്തരവളാണെന്നു പറഞ്ഞു. അവർ ട്രീനയ്ക്കു ഫോൺ നമ്പർ നൽകി.
ഫോൺവിളിയും വിസ്മയവും
ട്രീന ആ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്ത സ്ത്രീ താൻ ആരാണെന്നു വെളിപ്പെടുത്താൻ വിസമ്മതിച്ചു. ഒടുവിൽ ട്രീന വെട്ടിത്തുറന്നു പറഞ്ഞു: “1966 ആഗസ്റ്റ് 1-ന് അലാസ്കയിലെ കെച്ചികാനിലാണ് എന്റെ ഭർത്താവു ജനിച്ചത്. ഞാൻ അന്വേഷിക്കുന്ന വ്യക്തി നിങ്ങളാണോ എന്നെനിക്ക് അറിയേണ്ടതുണ്ട്.” ദീർഘനേരത്തെ മൗനത്തിനുശേഷം വിറയാർന്ന ശബ്ദത്തിൽ ആ സ്ത്രീ ട്രീനയുടെ പേരും ഫോൺനമ്പറും ചോദിച്ചു. ഇങ്ങോട്ടു വിളിക്കാമെന്നും പറഞ്ഞു. അമ്മ പെട്ടെന്നു തിരിച്ചുവിളിക്കില്ലെന്നു ഞാൻ വിചാരിച്ചു. അതുകൊണ്ട് ഞങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിനു കടയിലേക്കു പോകാൻ ഞാൻ തീരുമാനിച്ചു.
ഞാൻ തിരിച്ചുവന്നപ്പോൾ ട്രീന ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ ഫോൺ എനിക്കു നൽകി. അമ്മയും ഞാനും ഹലോ പറഞ്ഞു. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽത്തന്നെ ട്രീന മന്ത്രിച്ചു, “അമ്മയ്ക്കു നിങ്ങളെ ദത്തുനൽകാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല.” തന്നെക്കുറിച്ചുള്ള കാര്യങ്ങൾ അമ്മ പറയാൻ തുടങ്ങിയപ്പോൾ എനിക്കു ദയ തോന്നി. “എനിക്കു ജന്മം നൽകിയതിന് അമ്മയോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” ഞാൻ പറഞ്ഞു. “നല്ലൊരു ജീവിതമാണ് എന്റേത്. ആവശ്യമുള്ളതെല്ലാം എനിക്കുണ്ട്. നല്ല മാതാപിതാക്കൾ, ആവശ്യത്തിലധികം സ്നേഹം, എല്ലാം എനിക്കു ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നല്ലൊരു ഭാര്യയെയും സുന്ദരികളായ രണ്ടു പെൺമക്കളെയും. ഞാൻ വളരെ സന്തുഷ്ടനാണ്.”
അമ്മ കരയാൻ തുടങ്ങി. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ബലാൽസംഗം ചെയ്യപ്പെട്ടതിനെക്കുറിച്ചും ഗർഭിണിയായതിനെക്കുറിച്ചും എന്നെ ദത്തുനൽകാൻ നിർബന്ധിതയായതിനെക്കുറിച്ചും അമ്മ എന്നോടു പറഞ്ഞു. പിന്നീട് അമ്മ വിവാഹിതയായെന്നും ഏതാനും നാളുകൾക്കുശേഷം ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്ന അവസരത്തിൽ അമ്മ പ്രസവിച്ച പെൺകുഞ്ഞും അമ്മയുടെ അമ്മയും തീപിടിത്തത്തിൽ കൊല്ലപ്പെട്ടതായും പറഞ്ഞു. അതു സംഭവിച്ചപ്പോൾ, മകനെ ഉപേക്ഷിച്ചതിനു ദൈവം നൽകിയ ശിക്ഷയാണ് അതെന്നു തോന്നിയതായി അമ്മ പറഞ്ഞു. “അല്ല, ദൈവം അങ്ങനെ ചെയ്യില്ല!” ഉടനെ ഞാൻ പറഞ്ഞു. ഇപ്പോൾ തനിക്ക് അത് അറിയാമെന്നും ആ ദുരന്തത്തിനുശേഷം “ബൈബിൾ സത്യ”ത്തിനുവേണ്ടി അന്വേഷണം ആരംഭിക്കുകയും ഇപ്പോൾ താൻ “ഒരു ബൈബിൾ വിദ്യാർഥി”യാണെന്നും അമ്മ പറഞ്ഞു.
‘ഇതു സത്യമായിരിക്കാൻ വഴിയില്ല’ ഞാൻ ചിന്തിച്ചു. ഞാൻ ചോദിച്ചു: “ആരോടൊത്താണ് അമ്മ ബൈബിൾ പഠിച്ചത്?” ദീർഘനേരത്തെ മൗനത്തിനുശേഷം അമ്മ പറഞ്ഞു: “യഹോവയുടെ സാക്ഷികളോടൊത്ത്.” സംസാരിക്കാൻ സാധിക്കാത്തവിധം ഞാൻ വികാരഭരിതനായി. കണ്ണീരോടെ ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു, “ഞാനും ഒരു സാക്ഷിയാണ്.” അത് ഒന്നുകൂടെ വ്യക്തമായി ആവർത്തിച്ചു പറഞ്ഞപ്പോൾ അമ്മ ആനന്ദംകൊണ്ടു വീർപ്പുമുട്ടി. അതെല്ലാം വളരെ വിസ്മയാവഹമായിരുന്നു!
1975-ൽ, പെൺകുഞ്ഞു മരിച്ച് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അമ്മ ഒരു സാക്ഷിയായിത്തീർന്നു. ഭർത്താവ് ആത്മീയമായി പുരോഗമിച്ചപ്പോൾ അമ്മ എന്നെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം അമ്മയെ സാന്ത്വനപ്പെടുത്തി എന്നെ അന്വേഷിക്കാമെന്നും പറഞ്ഞു. എന്നാൽ അധികം കഴിയുന്നതിനുമുമ്പ് പറക്കമുറ്റാത്ത മൂന്നു മക്കളെ അമ്മയ്ക്കു നോക്കാൻ വിട്ടിട്ട് അദ്ദേഹം ഒരു കാറപകടത്തിൽ മരണമടഞ്ഞു. അതുകഴിഞ്ഞ്, പല സായാഹ്നങ്ങളിലും മണിക്കൂറുകളോളം ഞങ്ങൾ സംസാരിച്ചു. ഒടുവിൽ 1996 ഫെബ്രുവരിയിലെ രണ്ടാമത്തെ ആഴ്ചയിൽ അരിസോണയിലെ ഫീനിക്സിൽ കണ്ടുമുട്ടാൻ ഞങ്ങൾ തീരുമാനിച്ചു. മറ്റൊരു ക്രിസ്തീയ സഹോദരിയോടൊപ്പം അവിടെ സന്ദർശിക്കാൻ അമ്മ പദ്ധതിയിട്ടിരുന്നു.
ഒരു അവിസ്മരണീയ പുനസ്സംഗമം
കുട്ടികളെ വീട്ടിൽവിട്ടിട്ടാണു ഞാനും ട്രീനയും ഈ യാത്ര നടത്തിയത്. വിമാനത്തിൽനിന്നിറങ്ങി നടക്കവെ ഞാൻ എന്റെ അമ്മയെ കണ്ടു. ഒടുവിൽ എനിക്ക് അമ്മയെ കെട്ടിപ്പിടിക്കാൻ സാധിച്ചു. ഞങ്ങൾ ആലിംഗനം ചെയ്തപ്പോൾ എന്നെ ഒന്നു കെട്ടിപ്പിടിക്കാൻ 29 വർഷമായി കാത്തിരിക്കുന്നു എന്ന് അമ്മ പറഞ്ഞു. വളരെനേരം അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ടുനിന്നു. വിശിഷ്ടമായ ഒരു സന്ദർശനമായിരുന്നു ഞങ്ങളുടേത്. ഫോട്ടോകളും കഥകളും ഞങ്ങൾ പങ്കുവെച്ചു. എങ്കിലും പ്രധാന സംഭവം ഫീനിക്സിലെ രാജ്യഹാളിൽ അമ്മയുടെ അരികിലായി ഇരുന്നതായിരുന്നു! ഞങ്ങൾ ഒരുമിച്ച് യോഗങ്ങളിൽ സംബന്ധിച്ചു. അടുത്തടുത്തുനിന്നു രാജ്യഗീതങ്ങൾ പാടി. അത് ഒരു വിശിഷ്ടമായ അനുഭവമായിരുന്നു. എക്കാലത്തും ഞാൻ അത് ഓർക്കും.
1996 ഏപ്രിലിൽ എന്റെ സഹോദരി ലോറ, ഐയ്യൊവയിലെ അവളുടെ ഭവനത്തിൽനിന്നു ഞങ്ങളെ സന്ദർശിക്കാനെത്തി. അവളോടൊത്ത് ഊഷ്മളമായ ക്രിസ്തീയ സഹവാസം ആസ്വദിക്കുന്നത് എത്ര വിശിഷ്ടമായ ഒരനുഭവമാണെന്നോ! പുതുതായി കണ്ടെത്തിയ എന്റെ രണ്ടു സഹോദരന്മാരോട് ഞാൻ ഫോണിലൂടെ സംസാരിച്ചിട്ടുമുണ്ട്. എന്റെ കുടുംബത്തോടൊപ്പം ഒന്നുചേരുന്നതു വിശിഷ്ടമായ ഒരനുഭവമായിരുന്നു. എന്നാൽ യഹോവയുടെ സ്ഥാപനത്തിനകത്തു സ്നേഹത്തിൽ ഒന്നുചേരുന്നതു നമ്മുടെ മഹാ ദൈവമായ യഹോവയ്ക്കു മാത്രം നൽകാൻ കഴിയുന്ന ഒരു സമ്മാനമാണ്.—ഡേന ഫോൾട്സ് പറഞ്ഞപ്രകാരം.
[23-ാം പേജിലെ ചിത്രം]
എന്റെ പെറ്റമ്മയോടൊപ്പം