ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ധീര യുവജനങ്ങൾ എനിക്ക് 15 വയസ്സുണ്ട്. “ജോഷ്വയുടെ വിശ്വാസം—കുട്ടികളുടെ അവകാശങ്ങൾക്ക് ഒരു വിജയം” എന്ന 1995 ജനുവരി 22 ലക്കത്തിലെ ലേഖനത്തിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അത്രമാത്രം വിശ്വാസവും യഹോവയോട് സ്നേഹവുമുള്ള എന്റെ അതേ പ്രായത്തിലുള്ള ഒരുവനെക്കുറിച്ചു വായിക്കുന്നത് എത്രമാത്രം ഹൃദയസ്പർശകമായിരുന്നു! ഞാൻ യഹോവയെ കൂടുതൽ ഗൗരവമായി കരുതേണ്ടതുണ്ടെന്നു മനസ്സിലാക്കാൻ ഈ ലേഖനത്തിന്റെ വായന എന്നെ സഹായിച്ചു.
എം. എസ്., ഐക്യനാടുകൾ
എനിക്ക് 16 വയസ്സുണ്ട്. നമ്മുടെ മാസികകളെല്ലാം വായിക്കാൻ സമയം കണ്ടെത്തുന്നതു വളരെ പ്രയാസമായി ഞാൻ കണ്ടെത്തുന്നു. എന്നാൽ ഞാൻ ജോഷ്വയെക്കുറിച്ചുള്ള ലേഖനം വായിക്കുകയുണ്ടായി. മറ്റൊന്നും എന്നെ ഒരിക്കലും ഇത്രയധികം സ്പർശിച്ചിട്ടില്ല. രക്തം സ്വീകരിക്കുന്നതിനെതിരെയുള്ള അവന്റെ നിലപാട് വളരെ ഉറച്ചതായിരുന്നു! എനിക്കു കരയാതിരിക്കാൻ കഴിഞ്ഞില്ല. യഹോവയുടെ സ്ഥാപനത്തിൽനിന്നു വരുന്നതെല്ലാം എനിക്കു കഴിയുന്നിടത്തോളം ഞാൻ വായിക്കേണ്ടതുണ്ടെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.
റ്റി. എസ്., ബ്രിട്ടൻ
ഞാൻ ഒരു ആംഗ്ലിക്കൻ സഭക്കാരനാണ്. എങ്കിലും ഉണരുക! വായിക്കാൻ എനിക്ക് ഇഷ്ടമാണ്. ജോഷ്വ അനുഭവിച്ചതിനെക്കുറിച്ചോർക്കുമ്പോൾ എനിക്കു കരയാതിരിക്കാൻ കഴിയുന്നില്ല. അതേസമയം ദൈവത്തിൽ ഇത്രമാത്രം വിശ്വാസംവെക്കുന്ന ആളുകളുണ്ടല്ലോ എന്നോർത്തു ഞാൻ അവനെ സ്തുതിക്കുകയും ചെയ്യുന്നു.
പി. ഒ., നൈജീരിയ
ഞാൻ 17 വയസ്സുള്ള ഒരു മുഴുസമയ ശുശ്രൂഷകയാണ്. രൂക്ഷമായ വിളർച്ചക്കിടയാക്കുന്ന ഒരു രോഗം മൂലം ഞാൻ ദുരിതമനുഭവിക്കുകയാണ്. എന്റെ ഡോക്ടർ രക്തപ്പകർച്ച നിർദേശിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഈ പ്രശ്നത്തെ ഞാൻ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാൻ ആ ലേഖനം പല തവണ വായിച്ചു. ഓരോ തവണയും അതെനിക്കു കൂടുതൽ ധൈര്യം പകർന്നുതന്നു.
ഐ. എൽ. എം., ബ്രസീൽ
പ്രിയപ്പെട്ടവരുടെ മരണം പോലും ഒരിക്കലും കരച്ചിൽ വരത്തക്കവണ്ണം എന്നെ ബാധിച്ചിട്ടില്ല. എന്നാൽ ജോഷ്വയുടെ അനുഭവം വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. അവന്റെ വിശ്വാസവും ധൈര്യവും നിർമലതയും എന്റെ ഹൃദയത്തെ സ്പർശിച്ചു.
റ്റി. എം., സിംബാബ്വേ
ശിശുവിനോടൊപ്പം ഉറങ്ങൽ ഡോ. ജെയിംസ് മാക്കെന്നയുടെ ഗവേഷണത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്യുന്ന ഒരു ഉദ്ധരണി നിങ്ങളുടെ 1994 ജൂലൈ 22 ലക്കത്തിൽ ഞങ്ങൾ ശ്രദ്ധിക്കുകയുണ്ടായി. (“ലോകത്തെ വീക്ഷിക്കൽ”) അമ്മമാർ ശിശുക്കളോടൊപ്പം കിടന്നുറങ്ങുന്നത് സിഡ്സ് (ക്ഷിപ്ര ശിശു മൃത്യുവ്യാധി) കുറയ്ക്കുമെന്ന് അത് അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ ഉറങ്ങുമ്പോൾ ശിശുവിനെ തങ്ങളോടൊപ്പം കിടത്തിയുറക്കിയാൽ സിഡ്സിനുള്ള വളരെ വർധിച്ച അപകടസാധ്യതയുണ്ടെന്ന് ന്യൂസിലൻഡിൽ സിഡ്സിനെക്കുറിച്ചു നടത്തിയ പഠനം പ്രകടമാക്കിയിരിക്കുന്നു.
ഡോ. എസ്. എൽ. റ്റി., ന്യൂസിലൻഡ്
ഈ വിവരത്തിനു നന്ദി. അടുത്തയിടെ ഡോ. മക്കെന്ന തന്റെ നിലപാടു വ്യക്തമാക്കുകയും അമ്മ കുഞ്ഞിനോടൊപ്പം ഉറങ്ങുമ്പോൾ കുഞ്ഞിന് അബദ്ധവശാൽ ശ്വാസംമുട്ടലുണ്ടാകുന്നതിന്റെ അപകടങ്ങൾ സമ്മതിക്കുകയും ചെയ്തു. (1 രാജാക്കൻമാർ 3:19 താരതമ്യം ചെയ്യുക.) അതുകൊണ്ട് കുഞ്ഞിന്റെകൂടെ കിടന്നുറങ്ങുന്നതു മിക്ക ഡോക്ടർമാരും നിരുത്സാഹപ്പെടുത്തുന്നു. ഉറങ്ങാനായി കുഞ്ഞിനെ തലയണയോ കട്ടിയുള്ള മെത്തയോ ഒന്നുമില്ലാത്ത ഒരു തൊട്ടിലിൽ കിടത്താൻ അവർ ശുപാർശ ചെയ്യുന്നു.—പത്രാധിപർ
കമ്പ്യൂട്ടറിനെതിരെ തേനീച്ച “കമ്പ്യൂട്ടറിനെതിരെ തേനീച്ച” എന്ന ലേഖനത്തിനു ഞാൻ നന്ദി പറയേണ്ടിയിരിക്കുന്നു. (ഫെബ്രുവരി 8, 1995) ആ ലേഖനം എന്നെ വളരെ ആഴത്തിൽ സ്പർശിച്ചു. നമ്മുടെ മഹദ്സ്രഷ്ടാവ് തേനീച്ചയെപ്പോലെയുള്ള ചെറു സൃഷ്ടികളെപ്പോലും അത്ഭുതകരവും അതിവിശിഷ്ടവുമായാണു സൃഷ്ടിച്ചിരിക്കുന്നത്.
സി. കെ., ജർമനി
ദിവാസ്വപ്നപ്രകൃതി “ദിവാസ്വപ്നപ്രകൃതി—കുഴപ്പിക്കുന്ന ഒരു ക്രമക്കേടിന്റെ വെല്ലുവിളികളെ നേരിടൽ” എന്ന ലേഖനത്തിനു നിങ്ങൾക്കു വളരെയധികം നന്ദി. (ഫെബ്രുവരി 8, 1995) എന്റെ സഭയിൽ ദിവാസ്വപ്നപ്രകൃതിയുള്ള ഒരു ആൺകുട്ടിയുണ്ട്, എനിക്ക് അവനെ വളരെ ഇഷ്ടമാണ്. ദിവാസ്വപ്നപ്രകൃതിയെക്കുറിച്ചു മനസ്സിലാക്കാൻ ലേഖനം എന്നെ സഹായിച്ചു. അവന്റെയും അവന്റെ അമ്മയുടെയും കൂടെ സമയം ചെലവഴിച്ചുകൊണ്ട് എനിക്കവരെ സഹായിക്കാനാവുമെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.
എ. എഫ്., ജപ്പാൻ
ഞങ്ങളുടെ മകൾ ദിവാസ്വപ്നപ്രകൃതിയുള്ളവളല്ല. എന്നാൽ അവൾക്കു സമാനമായ സ്വഭാവവിശേഷതകളുണ്ട്. പല കുട്ടികൾക്കുമുള്ള പ്രശ്നങ്ങളെക്കുറിച്ചു നിങ്ങൾ ആളുകളെ അറിയിക്കുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്. ജീവന് അർഹതയുള്ള മനുഷ്യജീവികളെന്ന നിലയിൽ ആളുകൾ അത്തരക്കാരായ കുട്ടികളോട് ഇടപെടുമ്പോൾ അത് വളരെ പ്രോത്സാഹജനകമാണ്. ‘എനിക്ക് നിന്നോട് വളരെ സഹതാപം തോന്നുന്നു’ അല്ലെങ്കിൽ ‘നിങ്ങൾ ചെയ്യുന്നതുപോലെ എനിക്ക് ഒരിക്കലും ചെയ്യാനാവില്ല’ തുടങ്ങിയ അഭിപ്രായങ്ങൾ കെട്ടുപണിചെയ്യുന്നതല്ല. ഞങ്ങളുടെ മകൾ സന്തുഷ്ടയാണ്. ഞങ്ങൾക്ക് കൂടുതൽ സമ്മർദമുണ്ടാക്കുന്നതു ചിലപ്പോൾ ഞങ്ങളുടെ മറ്റു കുട്ടികളാണ്. അവളുടെ ജനനത്തിൽ ഞങ്ങൾക്കു ഖേദമില്ല.
എൽ. എച്ച്., ഐക്യനാടുകൾ