“മസ്തിഷ്കത്തിൻമേലുള്ള” ഒരു “ഇലക്ട്രോണിക് ആക്രമണം”
ടെലിവിഷന് വിനോദിപ്പിക്കാനും പ്രബോധനം നൽകാനും കഴിയും. എന്നാൽ അമിതമായ ടിവി കാഴ്ച നിങ്ങളുടെ ആരോഗ്യത്തിനു ഹാനികരമാണെന്ന് ടെൽ-അവീവ് സർവകലാശാലയിലെ പ്രൊഫസർ മോഷ് അരോൻസൻ മുന്നറിയിപ്പു നൽകുന്നു. അതെങ്ങനെ?
ടെലിവിഷൻ സെറ്റിനു മുമ്പിലിരിക്കുന്ന നിഷ്ക്രിയനായ കാഴ്ചക്കാരനിൽ അഴിച്ചുവിടാൻ കഴിയാത്തരീതിയിൽ പിരിമുറുക്കം രൂപംകൊള്ളുന്നു, ഇത് സമ്മർദ ഹോർമോണുകളുടെ ഉത്പാദനത്തിന് ഇടയാക്കുന്നു. ഉയർന്ന അളവിലാകുമ്പോൾ അവ ഹൈപ്പോകാമ്പസിലെ നാഡീ കോശങ്ങൾക്കു കേടുവരുത്തുന്നു. ഓർമയുടെ ഇരിപ്പിടമായ തലച്ചോറിന്റെ ഭാഗമാണ് ഹൈപ്പോകാമ്പസ്. കൂടുതലായ വിശകലനപഠനങ്ങൾ ആവശ്യമാണെന്ന് അഭിപ്രായപ്പെടവേ അദ്ദേഹം ഈ ക്ഷതം ചിത്തഭ്രമത്തിന് ഇടയാക്കിയേക്കാം എന്ന് സംശയിക്കുന്നു. ഒരുപക്ഷേ ഇത് ഒരാൾക്കു പിൽക്കാലജീവിതത്തിൽ അൽഷീമെഴ്സ് രോഗമുണ്ടാകാനുള്ള സാധ്യതയും വർധിപ്പിച്ചേക്കാം. എങ്ങനെയായാലും, ന്യൂ സയന്റിസ്റ്റ് മാസിക അമിതമായ ടെലിവിഷൻ കാഴ്ചയെ വിളിക്കുന്നത് “മസ്തിഷ്കത്തിൻമേലുള്ള ഇലക്ട്രോണിക് ആക്രമണം” എന്നാണ്.
ടിവി കാഴ്ചയിൽനിന്നു വ്യത്യസ്തമായി വായന ഭാവനാശക്തിയെ ഉത്തേജിപ്പിക്കുകയും ന്യായവാദ പ്രാപ്തികളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ഇത് തീർച്ചയായും ഒരു നിഷ്ക്രിയ പ്രവർത്തനമല്ല! ഓരോ ദൃശ്യവും ശബ്ദവും ടിവി കാഴ്ചക്കാരനു വ്യാഖ്യാനിക്കപ്പെടുമ്പോൾ വായനക്കാരൻ തന്റെ സ്വന്തമായ ദൃശ്യങ്ങളും ശബ്ദങ്ങളും സൃഷ്ടിച്ചെടുക്കുന്നു. മാനസിക ശക്തികളുടെ ഈ ക്രിയാത്മക ഉപയോഗം മനസ്സിന്റെ നിഷ്ക്രിയതക്കു തടസ്സം സൃഷ്ടിക്കുകയും ഒരുവന്റെ ആരോഗ്യത്തിനു പ്രയോജകീഭവിക്കുകയും ചെയ്യുന്നു. ഈ കാര്യങ്ങളുടെ വീക്ഷണത്തിൽ, നിങ്ങൾ ടെലിവിഷൻ സെറ്റിന്റെ മുമ്പിലിരുന്നു ചെലവഴിക്കുന്ന സമയത്തിന്റെ അളവ് കുറയ്ക്കുന്നതു ബുദ്ധിയായിരിക്കില്ലേ?