ഞങ്ങളുടെ വായനക്കാരിൽനിന്ന്
നേരിട്ടുള്ള വിവരണത്തിനുള്ള പ്രതികരണം “മേലാൽ ഒരു പാറയോ ദ്വീപോ അല്ല” (നവംബർ 22, 1994) എന്ന ലാരി രൂബന്റെ ഹൃദയസ്പർശിയായ കഥയ്ക്കു വളരെയധികം നന്ദി. മുൻകാലത്ത് കഷ്ടമനുഭവിച്ചിട്ടുള്ളവരെ കണക്കിലെടുക്കാൻ പലപ്പോഴും പലരും പരാജയപ്പെടുന്നു. എനിക്ക് യഥാർഥ വിശ്വാസമുണ്ടെങ്കിൽ ഞാൻ ഉത്കണ്ഠപ്പെടുകയില്ലെന്ന് എന്റെ മകൻ തന്നെ ഒരിക്കൽ എന്നോടു പറഞ്ഞു! എന്നാൽ കഴിഞ്ഞുപോയതു മറക്കാൻ എല്ലാവരെക്കൊണ്ടൊന്നും സാധ്യമല്ല. ആളുകളുടെ ഇത്തരത്തിലുള്ള അനുഭവങ്ങൾ ദയവായി തുടർന്നും വിശേഷവത്കരിക്കുക. ചില ഹൃദയങ്ങളെ അത് മയപ്പെടുത്തണമേയെന്നാണ് എന്റെ പ്രാർഥന.
എം. എൽ., ബ്രിട്ടൻ
നന്ദി പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ വിഷമിക്കുകയാണ്. കഴിഞ്ഞകാല ദ്രോഹങ്ങളാൽ വ്രണിതരായവരെ നാം ഒട്ടുമിക്കപ്പോഴും കണ്ടുമുട്ടുന്നു. സഭയ്ക്കുള്ളിൽ പ്രവർത്തിക്കാനും യഹോവയുമായി ഒരു ബന്ധം നട്ടുവളർത്താനും അവരെ സഹായിക്കുന്നതു ഭയങ്കരമായ ഒരു വെല്ലുവിളിയാണ്. സ്നേഹവും ആശ്രയവും തോന്നാൻ പഠിക്കുന്നത് അത്തരക്കാരെ സംബന്ധിച്ചിടത്തോളം സാധ്യമാണെന്നു ലേഖനം പ്രകടമാക്കി.
ജെ. ഡി., കാനഡ
ഞാൻ ഇപ്പോൾ 25 വർഷമായി ഒരു ക്രിസ്ത്യാനിയാണ്. ഞാൻ എന്റെ തലച്ചോറുകൊണ്ട് വിശ്വസ്തമായി ദൈവത്തെ സേവിച്ചിരിക്കുന്നു. എന്നാൽ എന്റെ ഹൃദയം കല്ലുപോലെ കട്ടിയുള്ളതാണ്. മദ്യപൻമാരുള്ള ഒരു കുടുംബത്തിൽ വളർത്തപ്പെട്ട ഞാൻ അടിയും ലൈംഗിക ദുഷ്പെരുമാറ്റവും മറ്റു കഷ്ടതകളും അനുഭവിച്ചു. യഹോവ എനിക്കുവേണ്ടി വളരെയധികം ചെയ്തിരിക്കുന്നു. എന്നാൽ എനിക്ക് അവനോടു സ്നേഹം തോന്നുന്നില്ല. ഒരുപക്ഷേ, അതേ ഒരുപക്ഷേ ഒരുനാൾ എനിക്കും കഴിഞ്ഞതിനെ ഓർത്തു കരയാനും വികാരങ്ങളുണ്ടായിരിക്കാനും കഴിയുമായിരിക്കും എന്ന പ്രതീക്ഷയുടെ ഒരു കണിക ലാരി രൂബന്റെ കഥ എനിക്കു നൽകി. ലാരി രൂബന് ഇപ്പോഴുള്ള സംഗതികൾ എനിക്കും ലഭിക്കുമായിരിക്കും—അതായത് സ്നേഹവും ആശ്രയവും അംഗീകാരവും.
എ. എഫ്., ഐക്യനാടുകൾ
മുമ്പത്തെ ചില കഥകൾ ഭയവും ആന്തരിക സംഘട്ടനങ്ങളും തളർച്ചയും ഒന്നുമില്ലാത്ത അമാനുഷികരായി കാണപ്പെട്ട ചില ആളുകളെക്കുറിച്ചുള്ളവയായിരുന്നു. എന്നാൽ ലാരി രൂബന്റെ കഥ ഒരു വ്യത്യസ്ത കോണിൽനിന്നു പറയപ്പെട്ടതായിരുന്നു. അദ്ദേഹം തുറന്നുപറയുന്ന സ്വഭാവക്കാരനായിരുന്നു. അദ്ദേഹം തന്റെ ആന്തരിക വികാരങ്ങളെല്ലാം വെളിപ്പെടുത്തി. ഇത്തരത്തിലുള്ള ജീവിതകഥകൾ നമുക്ക് യഥാർഥങ്ങളാണ്. എന്തുകൊണ്ടെന്നാൽ അവ നമ്മുടെ സ്വന്തം ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ളവയാണ്.
എഫ്. ഡി. എസ്., ബ്രസീൽ
ആർഎച്ച് ഘടകം ഇത്തരം വിവാദപൂർണമായ വിഷയങ്ങൾ ഉണരുക! കൈകാര്യം ചെയ്യുന്ന വിധം യഥാർഥത്തിൽ പ്രശംസാർഹമാണ്. “ആർഎച്ച് ഘടകവും നിങ്ങളും” (ഡിസംബർ 8, 1994) എന്ന ലേഖനത്തിൽ ഉപയോഗിച്ചിരുന്ന സമീപനം ഒരു മതഭ്രാന്തന്റേതായിരുന്നില്ല. അത്യാധുനികമായ വൈദ്യശാസ്ത്ര പദങ്ങൾ ഉപയോഗിച്ച്, എങ്കിലും വ്യക്തമായി മനസ്സിലാക്കാവുന്ന രീതിയിൽ ശാസ്ത്രീയമായ കൃത്യതയോടെയാണു വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. യഹോവയുടെ സാക്ഷികൾ മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാത്ത അന്ധൻമാരായ മതഭ്രാന്തരാണെന്നുള്ള കുറ്റാരോപണം തെറ്റാണെന്ന് അതു തെളിയിക്കുന്നു.
ഐ. ആർ., ജർമനി
ഞാൻ ഗർഭിണിയാണ്. കുഞ്ഞിന്റെ രക്തത്തിനെതിരെ എന്റെ ശരീരം ആന്റിബോഡികൾ ഉണ്ടാക്കുന്നതു തടയാനായി ഞാനൊരു കുത്തിവെയ്പ് എടുക്കേണ്ടതുണ്ടെന്നു ഡോക്ടർ എന്നോടു പറഞ്ഞു. ആർഎച്ച് ഘടകത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലായിരുന്നതുകൊണ്ട് ഞാൻ എതിരൊന്നും പറഞ്ഞില്ല. കുത്തിവെയ്പു രക്തത്തിൽനിന്ന് ഉണ്ടാക്കിയതാണെന്ന് പിന്നീടു ഞാൻ മനസ്സിലാക്കിയപ്പോൾ രക്തം സംബന്ധിച്ച ദൈവത്തിന്റെ നിയമം ലംഘിച്ചിരിക്കുമോയെന്നോർത്തു ഞാൻ ഭയപ്പെട്ടു. കുത്തിവെയ്പ് എടുക്കുന്നത് ആത്യന്തികമായി മനസ്സാക്ഷിയുടെ ഒരു സംഗതിയാണെന്നു വിശദീകരിച്ചുകൊണ്ട് നിങ്ങളുടെ ലേഖനം എന്നെ സഹായിച്ചു.
സി. ഡബ്ലിയു., ഐക്യനാടുകൾ
മതത്തെക്കുറിച്ചുള്ള സംസാരം ഒരു ക്രിസ്ത്യാനിയായാണു വളർത്തപ്പെട്ടതെങ്കിലും പരസ്യമായ പ്രസംഗവേലയിൽ പൂർണമായി പങ്കെടുക്കുന്നതു സംബന്ധിച്ച് ഞാൻ വളരെ ലജ്ജയുള്ളവളായിരുന്നു, പ്രത്യേകിച്ച് സഹപാഠികളുടെയിടയിൽ. “യുവജനങ്ങൾ ചോദിക്കുന്നു . . . ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് എന്തിന്?” (സെപ്റ്റംബർ 22, 1994) എന്ന ലേഖനത്തിൽ നിങ്ങൾ നൽകിയ ഉപദേശം ആ വേലയുടെ പ്രാധാന്യത്തെക്കുറിച്ച് എന്നെ ഓർപ്പിച്ചു. ദൈവവചനത്തിന്റെ ഒരു നല്ല അധ്യാപികയെന്നനിലയിൽ വേണ്ടത്ര യോഗ്യതയുള്ളവളായിത്തീരുന്നതിനുള്ള നിങ്ങളുടെ പ്രോത്സാഹനം ഞാൻ ഹൃദയപൂർവം അനുസരിക്കും.
കെ. കെ., നൈജീരിയ
എനിക്കു 12 വയസ്സുണ്ട്. യഹോവയുടെ സാക്ഷികളിലൊരാളാണെന്നു പറയാൻ എനിക്കു യഥാർഥത്തിൽ ലജ്ജ തോന്നിയിരുന്നു. ഞാൻ വയൽശുശ്രൂഷയിൽ ആയിരിക്കുന്നത് എന്റെ സഹപാഠികൾ കാണരുതെന്നതായിരുന്നു എന്റെ ആശ. ഈ പ്രശ്നത്തെ കൈകാര്യം ചെയ്യേണ്ടിയിരുന്ന ഒരേ ഒരാൾ ഞാൻ മാത്രമല്ലായിരുന്നുവെന്നു കാണാൻ ലേഖനം എന്നെ സഹായിച്ചു. ലജ്ജയുടെ വികാരങ്ങളെ തരണം ചെയ്യാനും അതെന്നെ സഹായിച്ചു.
എം. വി. എസ്., ബ്രസീൽ