ലോകത്തെ വീക്ഷിക്കൽ
ടിവി കാണാത്ത കുടുംബങ്ങൾ
സമയത്തിന്റെ അധികപങ്കും ടിവി കണ്ടുകൊണ്ടു ചെലവഴിക്കുന്ന ആ ഏതാനും കുട്ടികളെ തങ്ങൾക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയുമെന്ന് കുട്ടികളിൽ ഭൂരിപക്ഷവും ടിവി കാണാത്ത ഒരു സ്കൂളിലെ അധ്യാപകർ അവകാശപ്പെടുന്നു. “നേഴ്സറി കുട്ടികൾ വീരപരാക്രമശാലികളായി നടിക്കുകയും കൊല്ലുകയും മുറിക്കുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്യുന്നതായി അഭിനയിക്കുകയും ചെയ്യുന്നത് അവർ ടിവി കാണുന്നുണ്ടെന്നുള്ളതിന്റെ സുനിശ്ചിതമായ സൂചനയാണ്,” ഒരു വിദഗ്ധ വിശദമാക്കി. ടിവി കാഴ്ച നിർത്തിയവർ പ്രയോജനങ്ങൾ കൊയ്തിരിക്കുന്നതായി ദ വാൾ സ്ട്രീററ് ജേർണൽ റിപ്പോർട്ടു ചെയ്തു. ഒരു 17 വയസ്സുകാരി ഇപ്രകാരം പറഞ്ഞു: “മുമ്പൊക്കെ, ഞങ്ങൾ ഡാഡിയെ ജോലിക്കു പോകുന്നതിനുമുമ്പ് ഒന്നു കാണും. അദ്ദേഹം വീട്ടിൽ തിരിച്ചെത്തുമ്പോൾ ഞങ്ങളോടൊപ്പമിരുന്ന് ടിവി കാണും. പിന്നെ ‘ഗുഡ്നൈററ് ഡാഡ്,’ തീർന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് ഏതുസമയത്തും സംസാരിക്കാൻ കഴിയുന്നു. ഞങ്ങൾ ശരിക്കും അടുത്തിരിക്കുന്നു.” അവൾ ഇപ്രകാരം കൂട്ടിച്ചേർത്തു: “എനിക്കൊരു കുടുംബമാകുമ്പോൾ ഞാൻ ടിവി വാങ്ങുകയില്ല.”
ചപ്പുചവറിൽനിന്നു മുളച്ചുവരുന്ന കെട്ടിടങ്ങൾ?
ചപ്പുചവറുകൾ നീക്കംചെയ്യാനുള്ള അതുല്യമായ ഒരു മാർഗവുമായി ഇതാ ചൈന. ചപ്പുചവറുകളും കളിമണ്ണും കൂട്ടിക്കുഴച്ച് ഇഷ്ടികയുണ്ടാക്കുന്ന ഒരു പദ്ധതി പരിസ്ഥിതിയും ശുചിത്വവും സംബന്ധിച്ച ബെയ്ജിങ് ഗവേഷണ സ്ഥാപനം അടുത്തകാലത്തു വികസിപ്പിക്കുകയുണ്ടായി. നിർമാണ വ്യവസായത്തിനു പററിയ “ഉയർന്ന ഗുണമേൻമയുള്ള ഇഷ്ടികകൾ” എന്നാണ് ഈ അന്തിമോത്പന്നത്തെ ചൈനാ ററുഡേ മാസിക വർണിക്കുന്നത്. വെറും ഏതാനും മാസങ്ങൾകൊണ്ട് ഒരു ഇഷ്ടിക ചൂളയിൽ ഏതാണ്ട് 5 കോടി 40 ലക്ഷം ഇഷ്ടികകൾ ഉണ്ടാക്കപ്പെട്ടു. “ഉപയോഗിച്ച ചപ്പുചവറോ 46,884 ടൺ.” ഏതാണ്ട് 1,000 മുതൽ 2,000 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ ചുട്ടെടുക്കുന്ന ഈ ഇഷ്ടികകൾക്ക് “സാധാരണ ഇഷ്ടികകളെക്കാൾ ഒട്ടും ശുചിത്വം കുറവല്ല” എന്നു പറയപ്പെട്ടിരിക്കുന്നു.
നീരാവി കുളിയുടെ നാട്
“നീരാവിയിൽ കുളിക്കുന്നതിന് (sauna) ഫിൻലൻഡിലെ ആളുകളുടെ അത്രയും കൊതികാണിക്കുന്നവർ ലോകത്തിൽ മററാരുമില്ല” എന്ന് സുവോമെൻ സിൽററ മാസിക പറയുന്നു. വിശ്രമത്തിനും ശുചിത്വത്തിനുമായി ഫിൻലൻഡിലെ ഭൂരിപക്ഷമാളുകളും ആഴ്ചയിലൊന്ന് ഈ നീരാവി കുളി നടത്തുന്നു. ശരാശരി ഊഷ്മാവ് 80-ഉം 100-ഉം ഡിഗ്രി സെൽഷ്യസിനിടയിൽ വരും. ഈ കുളി കഴിഞ്ഞാലുടൻ തണുത്ത വെള്ളത്തിൽ കുളിക്കുകയോ തടാകത്തിലേക്കു ചാടുകയോ ചെയ്യുന്നത് അവിടെ നാട്ടുനടപ്പാണ്. ഏതാണ്ടു 16 ലക്ഷം ഫിൻലൻഡുകാർ ഈ കുളി നടത്തുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നുവെന്ന് സുവോമെൻ സിൽററ പറയുന്നു. അതിന്റെ അർഥം 50 ലക്ഷത്തെക്കാൾ അൽപ്പംകൂടെ ജനസംഖ്യയുള്ള ഈ വടക്കൻ യൂറോപ്യൻ രാജ്യത്തിലെ ഏതാണ്ട് 3 പേരിൽ ഒരാൾ വീതം ഈ കുളി നടത്തുന്നവരാണെന്നാണ്.
ആഹാരം തൊണ്ടയിൽ തടയൽ
പുറത്തു തട്ടുന്നത് ആഹാരം തൊണ്ടയിൽ തടഞ്ഞിരിക്കുന്ന ആളെ രക്ഷിക്കാൻ ഏററവും ഫലപ്രദമായ മാർഗമല്ല. ബർക്ക്ലെ വെൽനെസ്സ് ലെററർ പറയുന്നതനുസരിച്ച് ഹൈംലിക്ക് നടപടി എന്നപേരിൽ ചിലപ്പോൾ അറിയപ്പെടുന്നത് പരീക്ഷിക്കുന്നതു നന്നായിരിക്കും. വാർത്താപത്രം ഈ നടപടിയെപ്പററി ഇപ്രകാരം വിവരിച്ചുകൊണ്ടു തുടരുന്നു: “ആഹാരം തൊണ്ടയിൽ തടഞ്ഞ ആളുടെ പിന്നിൽ നിന്നിട്ട് അയാളുടെ അരക്കെട്ടിനു മുകളിലായി കൈകൾ വട്ടം പിടിക്കുക. പിന്നെ അദ്ദേഹത്തിന്റെ നെഞ്ചെല്ലിനും പൊക്കിളിനും ഇടയിലായി മുഷ്ടി ചുരുട്ടി പിടിക്കുക. അപ്പോൾ തള്ളവിരൽ ഉദരത്തിനു നേരേ ആയിരിക്കണം. മറേറ കൈകൊണ്ട് മുഷ്ടി പിടിച്ച് അകത്തേക്കും പുറത്തേക്കും വേഗത്തിൽ ശക്തിയോടെ തള്ളുക. തടഞ്ഞിരിക്കുന്ന ആഹാരമോ സാധനമോ തള്ളിപ്പോരുന്നതുവരെ ഇത് ആവർത്തിക്കുക. ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ ഈ രീതി ഉപയോഗിക്കരുത്. അവർക്ക് വ്യത്യസ്തരീതിയിലുള്ള അടിയന്തിര ശ്രദ്ധ ആവശ്യമാണ്.” ആരോഗ്യരക്ഷാ പ്രവർത്തകർ നടത്തുന്ന പ്രഥമശുശ്രൂഷാ ക്ലാസ്സിലോ സിപിആർ (ഹൃദയശ്വാസകോശ പുനരുജ്ജീവനം) ക്ലാസ്സിലോ ഈ ചികിത്സാരീതി പഠിക്കാവുന്നതാണ്. “മേൽഭാഗ-വായുനാള തടസ്സങ്ങൾ ഐക്യനാടുകളിൽ ഓരോ വർഷവും 3,000 മുതൽ 4,000 വരെ മരണങ്ങൾക്ക് ഇടയാക്കുന്നു”വെന്ന് വെൽനെസ്സ് ലെററർ സൂചിപ്പിക്കുന്നു.
ഇരുമ്പു താടിയെല്ലുള്ള പട്ടികൾ
കഴിഞ്ഞവർഷം ന്യൂയോർക്ക് പട്ടണത്തിൽ 10,753 പേരെ പട്ടി കടിച്ചെന്നു റിപ്പോർട്ടു ചെയ്തതായി ഡെയ്ലി ന്യൂസ് സൂചിപ്പിച്ചു. അവിടെ ശരാശരി, ഏതാണ്ട് ആഴ്ചയിൽ ഒന്നുവീതം പൊലീസും പട്ടിയും തമ്മിൽ ഏററുമുട്ടലുണ്ടായിരുന്നു. അതിൽ തോക്കുകൾ ഉപയോഗിച്ചിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടതനുസരിച്ച്, ചില പട്ടികളാണെങ്കിൽ ആറു വെടിയുണ്ടകൾ തുളഞ്ഞുകയറിയിട്ടും ഓഫീസർമാരെ ആക്രമിച്ചുകൊണ്ടിരുന്നു. പല പൊലീസ് ഓഫീസർമാർക്കും കടിയേററു. മററു ചിലർക്കാണെങ്കിൽ “ഇരുമ്പു താടിയെല്ലുകളുള്ള വേട്ടപ്പട്ടികളുമായി മല്ലിടവേ, തെറിച്ചു വന്ന വെടിയുണ്ടകൾ കൊണ്ട് മുറിവേററു” എന്ന് പത്രം റിപ്പോർട്ടുചെയ്തു. ശൗര്യമുള്ള നായ്ക്കളുടെനേരേ വെടിക്കോപ്പുകൾ ഉപയോഗിക്കുമ്പോൾ ഉന്നംപിഴച്ച് തെറിച്ചുവരുന്ന വെടിയുണ്ടകൾ മനുഷ്യർക്കുണ്ടാക്കുന്ന അപകടത്തെപ്പററി പൊലീസ് ഡിപ്പാർട്ടുമെൻറ് ഉദ്യോഗസ്ഥൻമാർ ഇപ്പോൾ ചിന്തയുള്ളവരാണ്. നായയുൾപ്പെട്ടിരിക്കുന്ന അപകടകരമായ ഒരു സാഹചര്യത്തെ നേരിടുമ്പോൾ കുരുമുളകു സ്പ്രേ പോലെയുള്ള, ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന, ഹിംസാപരമല്ലാത്ത മാർഗങ്ങൾ ഉപയോഗിക്കാൻ പൊലീസുകാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു.
അപകടകാരികളായ ബാറററികൾ
“പ്രിവൻറ് ബ്ലൈൻഡ്നസ്സ് ഉട്ടാ എന്ന സ്ഥാപനം പറയുന്നതനുസരിച്ച്” ഐക്യനാടുകളിൽ “ബാറററികൾ പൊട്ടിത്തെറിക്കുന്നതുമൂലം ഓരോ വർഷവും 6,000 പേർക്ക് കോർണിയയ്ക്കു പൊള്ളലും കണ്ണിനു മററു പരിക്കുകളും ഏൽക്കുന്നു.” ഒരു വാഹനത്തിന്റെ ബാറററിയോടു ബന്ധിപ്പിച്ചിട്ടുള്ള ഒരു ജംപർ കേബിൾ ഉപയോഗിച്ച് മറെറാരു വാഹനത്തിന്റെ എഞ്ചിൻ സ്ററാർട്ട് ചെയ്യുമ്പോഴാണ് ഈ അപകടങ്ങളിൽ പലതും സംഭവിക്കുന്നതെന്ന് സ്നോ കണ്ട്രി എന്ന മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ബാറററിയിൽ നിന്നുണ്ടാകുന്ന തീപ്പൊരിക്ക് വായുവിലുള്ള വാതകങ്ങളെ കത്തിക്കാൻ കഴിയും. ജംപർ കേബിൾ ഉപയോഗിച്ച് വണ്ടി സ്ററാർട്ട് ചെയ്യുമ്പോൾ “കറുത്ത കേബിൾ ബാറററിയുടെ നെഗററീവ് ടെർമിനലുമായി ബന്ധിപ്പിക്കുന്നതിനു പകരം വായുവിൽ തുറന്നിരിക്കുന്ന ബോൾട്ട് പോലുള്ള പെയിൻറടിക്കാത്ത ഒരു ലോഹത്തിലേക്കു ബന്ധിപ്പിക്കുന്നത് ഒരു സംരക്ഷണ നടപടിയായിരിക്കും എന്ന് മാഗസിൻ ശുപാർശചെയ്യുന്നു. അത് വൈദ്യുത ആർക്കിങ്ങിനുള്ള സാധ്യത കുറയ്ക്കുന്നു. അത് ഉണ്ടായാൽ സ്ഫോടനത്തിനുള്ള സാധ്യതയുണ്ട്.” കൂടാതെ, കേബിളുകൾ കൂടിപ്പിണയാതെ സൂക്ഷിക്കണം. “ജംപർ കേബിൾ ഉപയോഗിച്ച് വാഹനങ്ങൾ സ്ററാർട്ട് ചെയ്യുമ്പോൾ മോട്ടോർ ഡ്രൈവർമാർ സംരക്ഷക ഗ്ലാസ്സുകൾ വയ്ക്കുകയും വേണം.”
നഷ്ടമായ പേശികൾ
ആഹാരക്രമീകരണം ഹാനികരമായിരുന്നേക്കാം. പ്രത്യേകിച്ച് ശരീര കൊഴുപ്പ് കുറയ്ക്കാനുള്ള ശ്രമത്തിൽ ആളിന്റെ പേശീകലകളും നഷ്ടമാകുമ്പോൾ. ആരോഗ്യം സംബന്ധിച്ച ഒരു പംക്തിയെഴുത്തുകാരനായ വെയ്ൻ വെസ്കോട്ട് ഇപ്രകാരം വിശദീകരിക്കുന്നു: “ദിവസത്തിലുടനീളം നാം ചെയ്യുന്ന അനേകം കാര്യങ്ങളിൽ പേശി വളരെ പ്രധാനമായ ഒരു പങ്കുവഹിക്കുന്നു—അതിന്റെ നഷ്ടം നിങ്ങളുടെ ശരീരത്തിന് താങ്ങാൻ പററുന്നതല്ല.” കുത്തിയിരിപ്പുകാരാണെങ്കിൽ, ആഹാരക്രമീകരണം നോക്കാത്തവർക്കും പേശികൾ നഷ്ടമാകുന്നതിനുള്ള അപകടമുണ്ട്. കുത്തിയിരിപ്പുകാരനായ ഒരാൾക്ക് ഓരോ പത്തു വർഷത്തിലും ശരീര കൊഴുപ്പ് 7 കിലോഗ്രാം വർധിക്കുമ്പോൾ പേശിയുടെ അളവ് ശരാശരി രണ്ടു കിലോഗ്രാം കുറയുന്നു. “ഒരു ത്രാസ്സിൽ തൂക്കിയാൽ അത് [5 കിലോഗ്രാം] (കൊഴുപ്പിന്റെ 15 പൗണ്ടിൽനിന്ന് [7 കിലോഗ്രാം] പേശിയുടെ 5 പൗണ്ട് [2 കിലോഗ്രാം] കുറച്ചത്) തൂക്കവർധനവ് കാണിക്കും,” ഡോ. വെസ്കോട്ട് നിരീക്ഷിച്ചു. “എന്നാൽ യഥാർഥത്തിൽ അത് 20 പൗണ്ടിന്റെ [9 കിലോഗ്രാം] പ്രശ്നമാണ് (കൊഴുപ്പിന്റെ 15 പൗണ്ടും [7 കിലോഗ്രാം] നഷ്ടമായ പേശിയുടെ 5 പൗണ്ടും [2 കിലോഗ്രാം] കൂട്ടിയത്).” ആരോഗ്യവും ശരീരക്ഷമതയും നിലനിർത്തുന്നതിന് ഓക്സിജന്റെ ഉപയോഗം വർധിപ്പിക്കുന്നതരം പ്രവർത്തനങ്ങളും ശക്തിപരിശീലനവും വളരെയധികം ശുപാർശചെയ്യപ്പെടുന്നു.
രക്തപ്പകർച്ചകൾ നിഷേധിക്കാനുള്ള അവകാശം
“രോഗികൾക്ക് രക്തപ്പകർച്ചകൾ നിഷേധിക്കാനുള്ള അവകാശമുണ്ട്” എന്ന് മൈനീച്ചി ഡെയ്ലി ന്യൂസിലെ ഒരു തലക്കെട്ട് പ്രഖ്യാപിച്ചു. ടോക്കിയോ മുഖ്യനഗരാശുപത്രികൾക്കും പ്രസവാശുപത്രികൾക്കും വേണ്ടിയുള്ള ധാർമിക കമ്മിററി രൂപീകരിച്ച വിദഗ്ധരുടെ ഒരു സമിതി നടത്തിയ ശുപാർശയെപ്പററി റിപ്പോർട്ടുചെയ്യുകയായിരുന്നു അത്. പ്രമുഖമായ സർവകലാശാല ആശുപത്രികൾ ഇതിനോടകംതന്നെ സമാനമായ തീരുമാനങ്ങളെടുത്തിട്ടുണ്ടെങ്കിലും പ്രാദേശിക ഗവൺമെൻറ് തലത്തിലെടുക്കുന്ന ആദ്യത്തെ തീരുമാനമാണ് ഇത്. രക്തപ്പകർച്ച അത്യന്താപേക്ഷിതമാണെന്ന് ഡോക്ടർമാർക്ക് തോന്നുന്നെങ്കിലും രക്തം ഉപയോഗിക്കാതെ ചികിത്സ ആഗ്രഹിക്കുന്ന മുതിർന്ന രോഗികളുടെ ആഗ്രഹങ്ങളെ ടോക്കിയോയിലെ ആശുപത്രികൾ ആദരിക്കണമെന്ന് റിപ്പോർട്ട് ശുപാർശചെയ്യുന്നു. “ബോധരഹിതനായി ആശുപത്രിയിൽ ആക്കപ്പെട്ട ഒരു രോഗിയുടെ പക്കൽ തനിക്ക് രക്തപ്പകർച്ച വേണ്ട എന്നു കാണിക്കുന്ന ഒരു രേഖയുണ്ടെങ്കിൽ ഡോക്ടർ ആ ആഗ്രഹത്തിന് മുൻതൂക്കം കൊടുക്കണ”മെന്ന് പത്രം റിപ്പോർട്ടു ചെയ്യുന്നു. “രക്തപ്പകർച്ച സംബന്ധിച്ച ഹൈസ്കൂൾ കുട്ടികളുടെ ആഗ്രഹങ്ങൾ മുതിർന്നവരുടേതെന്നപോലെ ആദരിക്കപ്പെടും.” എങ്കിലും, ജൂണിയർ ഹൈസ്കൂൾ പ്രായത്തിനും അതിനു താഴെയും ഉള്ള മൈനർമാരുടെ ചികിത്സയുടെ കാര്യത്തിൽ അന്തിമ വാക്ക് ഡോക്ടർമാരുടേതായിരിക്കും, മാതാപിതാക്കളുടേതായിരിക്കില്ല എന്ന് റിപ്പോർട്ട് ശുപാർശചെയ്യുന്നു.
പൂവിന്റെ ശക്തി
മഡഗാസ്കർ ദ്വീപുവാസികളെ സംബന്ധിച്ചിടത്തോളം അവിടത്തെ സസ്യങ്ങൾ ദീർഘനാളായി ഔഷധമൂല്യമുള്ളവയാണ്. “പനിയും പുഴുക്കടിയുംമുതൽ മുഴകൾവരെയുള്ള രോഗങ്ങൾ” ചികിത്സിക്കാനായി വ്യത്യസ്ത പുഷ്പങ്ങളുടെ സത്ത് ഉപയോഗിച്ചുവരുന്നുവെന്ന് ആഫ്രിക്ക—പരിസ്ഥിതിയും വന്യജീവികളും (ഇംഗ്ലീഷ്) എന്ന ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. സുന്ദരമായ ഓർക്കിഡ് പോലും ഉപയോഗപ്രദമാണ്. ഉദാഹരണത്തിന്, വൈറസ് രോഗബാധയും ചാപിള്ള ജനനവും തടയുന്നതിന് ഇതിന്റെ ഒരു വർഗം (അൻഗ്രേകം എബർനിയം) ഉപയോഗിച്ചുവരുന്നു. രക്താർബുദത്തിനുള്ള ഒരു ഔഷധ സ്രോതസ്സ് അടുത്തകാലത്ത് ഈ ദേശത്തു കണ്ടെത്തുകയുണ്ടായി. അത് റോസുനിറത്തിലുള്ള ആരോഹിച്ചെടിയാണ് (കതാരന്തസ് റോസിയസ്). എന്നാൽ ഈ പുഷ്പങ്ങളിൽനിന്ന് ഇനി എത്രനാൾകൂടെ പ്രയോജനമനുഭവിക്കാൻ കഴിയും? “ശ്രമം തുടങ്ങിക്കഴിഞ്ഞു,” റിപ്പോർട്ട് വിലപിക്കുന്നു. എന്തുകൊണ്ടെന്നാൽ മരംവെട്ട്, കൃഷി, ഖനനം തുടങ്ങിയ വ്യവസായ നടപടികൾ മുഖാന്തരം ഓരോ ദിവസവും കണ്ടെത്തപ്പെടാത്ത അനേകം സസ്യ ഇനങ്ങൾ നഷ്ടപ്പെടുന്നു. ഇവയുടെ എണ്ണം എത്രവരുമെന്ന് അറിഞ്ഞുകൂടാ.”
ഇന്ത്യയിലെ പുകയില ഉപഭോക്താക്കൾ
“ഗവൺമെൻറിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയിൽ 15 വയസ്സിനു മേൽ പ്രായമുള്ള 14 കോടി 20 ലക്ഷം പുരുഷൻമാരും 7 കോടി 20 ലക്ഷം സ്ത്രീകളും പുകയില നിരന്തരം ഉപയോഗിക്കുന്നവരാണെ”ന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പറയുന്നു. “ഏറെ ദരിദ്രരായ ആളുകൾ പുകയില ചവയ്ക്കുന്നതു വിശപ്പടക്കാനാണ്” എന്ന് റിപ്പോർട്ടു കൂട്ടിച്ചേർക്കുന്നു. ചൈനയും ഐക്യനാടുകളും കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ ഏററവും വലിയ പുകയില ഉത്പാദക രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുകയിലയ്ക്ക് വലിയ സാമ്പത്തിക പ്രാധാന്യമുണ്ട്. ഈ രാജ്യം ആയിരക്കണക്കിന് ആളുകളെ പണിയെടുപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, വായ്, തൊണ്ട, ശ്വാസനാളത്തിന്റെ മേൽഭാഗം, അന്നനാളം, ശ്വാസകോശങ്ങൾ എന്നിവിടങ്ങളിലുണ്ടാകുന്ന കാൻസറിനെ സംബന്ധിച്ച് ഐസിഎംആറിന് (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്) ആശങ്കയുണ്ട്. “പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ട രോഗങ്ങളാൽ കഷ്ടമനുഭവിക്കുന്ന രോഗികളെ ചികിത്സിക്കുന്നതിനു വേണ്ടിവരുന്ന ചെലവ് പുകയില വ്യവസായത്തിൽനിന്നുള്ള വരുമാനത്തെക്കാളധികമാണെ”ന്ന് ഐസിഎംആർ അവകാശപ്പെട്ടതായി ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. പുകയിലയുടെ ഉപയോഗം ആരോഗ്യത്തിനുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും പുകയില കൃഷി നിർത്തിയിട്ട് മററു വിളകൾ കൃഷിചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവാൻമാരാക്കുന്ന പ്രചരണ പ്രസ്ഥാനങ്ങൾ ആവിഷ്കരിക്കാനാണു ഡോക്ടർമാരുടെയും സർക്കാരേതര സംഘങ്ങളുടെയും ശുപാർശ.
ആസക്തി പ്രശ്നം
ബോണിലെ, ആസക്തിയിൽനിന്നുള്ള അപകടങ്ങൾക്കെതിരെയുള്ള ജർമൻ കേന്ദ്രം പറയുന്നതനുസരിച്ച് ജർമനിയിൽ ആസക്തിമൂലം കഷ്ടമനുഭവിക്കുന്നവർ അമ്പതുലക്ഷത്തിലധികംവരും. ഇവരിൽ 14 ലക്ഷത്തിന് ഔഷധ പദാർഥങ്ങളോടാണ് ആസക്തി. 1,20,000-ത്തോളം പേർക്ക് ഹെറോയിനോടും. 1,00,000-ത്തിലധികം പേർക്ക് ആസക്തി ചൂതാട്ടത്തോടാണ്. എന്തായാലും, മദ്യാസക്തരുടെ ഗ്രൂപ്പുതന്നെയാണ് മുമ്പിൽ നിൽക്കുന്നതെന്ന് സ്യൂഡോയ്ച്ച ററ്സൈററുങ് റിപ്പോർട്ടു ചെയ്യുന്നു. “കുടിയുടെ കാര്യത്തിൽ ലോക ചാമ്പ്യൻമാരാണ് ജർമൻകാർ” എന്ന് അത് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. 1950-മുതൽ മദ്യത്തിന്റെ ഉപയോഗം ജർമനിയിൽ മൂന്നിരട്ടിയായെന്നു മാത്രമല്ല, കേന്ദ്രം കണക്കാക്കുന്നതനുസരിച്ച് 25 ലക്ഷം ആളുകൾക്ക് മദ്യത്തിന്റെ ദുശ്ശീലത്തിന് ചികിത്സ ആവശ്യമായിരിക്കയുമാണ്.