അന്തർദ്ദേശീയ പ്രദർശനങ്ങൾ—അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടം
അന്തർദ്ദേശീയ പ്രദർശനങ്ങളും ലോകമേളകളും സാധാരണയായി വലിയ പൊതുജനതാൽപ്പര്യം ഉണർത്തിയിട്ടുണ്ട്. അവ ലോകവ്യാപാരത്തെ ഉന്നമിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ അവക്ക് അതിജീവിക്കാൻ കഴിയുമോ എന്ന് സംശയിക്കുന്നവർ ഉണ്ട്. ഇത് എന്തുകൊണ്ട്?
മേളകളുടെയും പ്രദർശനങ്ങളുടെയും ചരിത്രവും അവയുടെ ഉദ്ദേശ്യവും, ഒപ്പം അടുത്തകാലത്തെ ഒരു പ്രദർശനത്തിന്റെ നിരീക്ഷണങ്ങളും, ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സഹായിക്കും.
ഉത്ഭവവും ഉദ്ദേശ്യവും
മേളകളുടെ ചരിത്രം ക്രിസ്തീയകാലങ്ങൾക്ക് മുമ്പ് മദ്ധ്യപൗരസ്ത്യ ദേശത്തെ മതോത്സവങ്ങളുടെയും കൂടിവരവുകളുടെയും കാലത്തേക്ക് പിമ്പോട്ടു പോകുന്നതായി കണ്ടെത്താൻ കഴിയും. അവ ഫൊയ്നീക്യക്കാരെപ്പോലെയുള്ള വ്യാപാരികൾക്ക് മെഡിറററേനിയൻ പ്രദേശത്ത് മുഴുവൻ ചരക്കുകൾ വ്യാപിപ്പിക്കുന്നതിനുള്ള വഴി തുറന്നു.
നാം അറിയുന്ന തരത്തിലുള്ളവയോടു സമാനമായ വാണിജ്യ മേളകൾ യൂറോപ്പിൽ മദ്ധ്യയുഗത്തിൽ ആരംഭിച്ചു. അവ വ്യാപാരികൾക്കും മററുള്ളവർക്കും ഉള്ള വ്യാപാരകേന്ദ്രങ്ങളായിരുന്നു. മേളയുടെ ഇംഗ്ലീഷ് പദമായ “fair” മദ്ധ്യകാല മത മേളകളോടും ഉത്സവങ്ങളോടും ബന്ധപ്പെട്ട ഫെറിയെ (ഉത്സവം) എന്ന ലാററിൻ പദത്തിൽ നിന്നാണ് വന്നിട്ടുള്ളത് എന്ന വസ്തുതയിൽ നിന്ന് അവയുടെ മതപരമായ പശ്ചാത്തലം കാണാൻ കഴിയും. അതുപോലെ, “മേളയുടെ ജർമ്മൻപദമായ മെസ്സെ ‘ജനക്കൂട്ടം’ എന്നർത്ഥമുള്ള ലാററിൻപദമായ മിസ്സാ എന്ന വാക്കിൽ നിന്നാണ് വന്നിട്ടുള്ളത്.” (അമേരിക്കാനാ സർവവിജ്ഞാനകോശം, അന്തർദ്ദേശീയ പതിപ്പ്) എന്നിരുന്നാലും, കാലക്രമേണ, മതപരമായ പശ്ചാത്തലം മിക്കവാറും അപ്രത്യക്ഷമായി, ഊന്നൽ വ്യാവസായിക വശത്തേക്ക് മാറി.
ആ ഊന്നൽ ആദ്യത്തെ യഥാർത്ഥ അന്തർദ്ദേശീയ പ്രദർശനവും അതിനുശേഷം വന്നവയുടെ മാതൃകയും എന്ന് വീക്ഷിക്കപ്പെട്ട, ഇംഗ്ലണ്ടിലെ ലണ്ടനിൽ 1851-ൽ നടത്തപ്പെട്ട ക്രിസ്ററൽ പാലസ് പ്രദർശനത്തിൽ വ്യക്തമായിരുന്നു. അതിന്റെ ഉദ്ദേശ്യം, “ലോകത്തിന് ബ്രിട്ടീഷ് ചരക്കുകളും നിർമ്മാണപ്രക്രിയകളും പരിചയപ്പെടുത്തിക്കൊടുക്കുകയും അതുവഴി ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു.” അത് ഒരു വിജയമായിരുന്നോ?
അമേരിക്കാനാ സർവവിജ്ഞാനകോശം ഉത്തരം പറയുന്നു: “ബ്രിട്ടീഷുകാർ മററുള്ളവരുടെ പകിട്ടേറിയ കലകളെയും കരകൗശലങ്ങളെയും സംബന്ധിച്ച് മനസിലാക്കിയെന്നു മാത്രമല്ല, സന്ദർശകരും. . . ബ്രിട്ടീഷ് ചരക്കുകളുടെയും യന്ത്രങ്ങളുടെയും ഉൽപ്പാദന തന്ത്രങ്ങളുടെയും മേൻമ സൂക്ഷ്മമായി അറിയുകയും ചെയ്തു. പെട്ടെന്നുതന്നെ ബ്രിട്ടീഷ് സാധനങ്ങൾക്കുള്ള ഓർഡറുകൾ അത്യധികം വർദ്ധിച്ചു.”
അന്താരാഷ്ട്ര പ്രദർശനങ്ങളുടെ സംഖ്യ വർദ്ധിച്ചതോടെ, ഒരു ലോക സംഘടന ഇവയുടെ മേൽനോട്ടം വഹിക്കുന്നത് ഉചിതമാണെന്ന് വീക്ഷിക്കപ്പെട്ടു. (25-ാം പേജിലെ കോളത്തിൽ ഏറെ അറിയപ്പെടുന്ന ചില ലോകമേളകളുടെയും പ്രദർശനങ്ങളുടെയും ഭാഗികമായ പട്ടിക കൊടുത്തിരിക്കുന്നു.) അപ്രകാരം 1928-ൽ ഫ്രാൻസിലെ പാരീസിൽ “ലോക മേളകളുടെ ആവൃത്തിയും സംഘടിപ്പിക്കുന്ന വിധവും നിയന്ത്രിക്കുന്നതിന്” ഒരു നയതന്ത്ര സമ്മേളനം നടത്തുന്നതിനുള്ള കരാറിൽ 35 രാഷ്ട്രങ്ങൾ ഒപ്പു വെച്ചു. 1931 ആയതോടെ ഈ കൺവെൻഷൻ ഈ കൂടിവരവുകളുടെ മേൽനോട്ടം വഹിക്കുന്നതിന് ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷൻസ് (BIE) രൂപീകരിച്ചു.
എക്സ്പോ 86: 1986-ലെ ലോക പ്രദർശനം
ഏററവും അടുത്തകാലത്തെ അന്തർദ്ദേശീയ പ്രദർശനം 1986 മെയ് 2 മുതൽ ഒക്ടോബർ 13 വരെ കാനഡയിലെ വാൻകൂവറിൽ വെച്ച് നടന്ന എക്സ്പോസ് 86 ആയിരുന്നു. അതിന്റെ 173 ഏക്കർ സ്ഥലത്ത് 90-ലധികം പവലിയനുകൾ അങ്ങിങ്ങായി സ്ഥാപിക്കപ്പെട്ടിരുന്നു, 54 രാഷ്ട്രങ്ങൾ പങ്കെടുക്കുകയും ചെയ്തിരുന്നു. എക്സ്പോ 86-ന്റെ വിഷയപ്രതിപാദ്യം “ഗതാഗതവും വാർത്താവിനിമയങ്ങളും” എന്നതും അതിന്റെ വിഷയപ്രസ്താവന “ലോകം മുന്നോട്ട്—ലോകം സമ്പർക്കത്തിൽ” എന്നതും ആയിരുന്നു. അതിന്റെ കേന്ദ്രഭാഗത്തെ അലങ്കരിച്ചിരുന്നത് 17-നില ഉയരമുള്ളതും സ്ററീൽ കൊണ്ടു നിർമ്മിച്ചതുമായ ഒരു ഭൂഗണിതീയ കുംഭഗോപുരമായിരുന്ന എക്സ്പോ സെൻറർ ആയിരുന്നു. മററുള്ളവയുടെ കൂട്ടത്തിൽ എട്ടുനില ഉയരമുള്ള ഒരു പ്രാന്തദർശക സ്ക്രീനിൽ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് 500 സീററുകളോടുകൂടിയ ഒരു ഒമ്നിമാക്സ് തിയേറററും അതിൽ ഉണ്ടായിരുന്നു!
സോവിയററ് യൂണിയനും ഐക്യ നാടുകളും പര്യടനത്തിലും വാർത്താവിനിമയത്തിലും തങ്ങൾ എത്രമാത്രം നേട്ടമുണ്ടാക്കിയെന്ന് കാണിക്കുന്നതിന് അവരുടെ ശൂന്യാകാശ വാഹനങ്ങളും ഉപഗ്രഹങ്ങളും പ്രദർശിപ്പിച്ചിരുന്നു. എന്നിരുന്നാലും മേളയുടെ കാണേണ്ട ഭാഗം, കാനഡാ പ്ലെയ്സിൽ സ്ഥിതിചെയ്തിരുന്ന കനേഡിയൻ പവലിയനായിരുന്നു. അത് ഒരു “സ്ഥിരമായ ഫെഡറൽ ഗവൺമെൻറ് കോംപ്ലക്സ്” ആയിരിക്കാനുദ്ദേശിച്ചിരുന്ന 14 കോടി 48 ലക്ഷം ഡോളറിന്റെ പകിട്ടാർന്ന ഒരു സൗധമായിരുന്നു. വാൻകൂവർ ഹാർബറിൽ ഒരു കടൽപാലത്തിന്റെ മുകളിൽ നിർമ്മിച്ചിരിക്കുന്ന അത്, കടലിലിറക്കാൻ തയ്യാറായി നിൽക്കുന്ന ഒരു ആഡംബര യാത്രക്കപ്പലിന്റെയും അഞ്ചു കൊടി മരങ്ങളോടെ സഞ്ചരിക്കുന്ന ഒരു വൻ കപ്പലിന്റെയും സംയുക്താകൃതിയിൽ കാണപ്പെടുന്നു.
എക്സ്പോ അവസാനിച്ചശേഷം കാനഡാപ്ലെയ്സ് ലോക വ്യാപാര കേന്ദ്രം ആയിത്തീർന്നു. അത് അതിന് നന്നായി യോജിക്കുന്നതാണ്. അതിന്റെ ഉൾഭാഗത്തിന് രണ്ട് ഫുഡ്ബോൾ ഗ്രൗണ്ടുകളുടെ വലിപ്പമുണ്ട്. അതിൽ 5,000 പേരുടെ ഒരു സമ്മേളനക്കൂട്ടത്തെ കൊള്ളിക്കാൻ കഴിയും. വേറെ 23 മീററിംഗ് മുറികളും അതിലുണ്ട്. 500 മുറികളുള്ള ഒരു ഹോട്ടലും നൃത്തശാലയും പോലും അതിനോടനുബന്ധിച്ചുണ്ട്.
“അത് തക്ക മൂല്യമുള്ളതായിരുന്നോ?”
ചെലവ് എന്തുതന്നെയായിരുന്നാലും കെട്ടിടങ്ങളുടെയും പരിസരത്തിന്റെ വികസനങ്ങളുടെയും തുടർന്നുള്ള ഉപയോഗം നിമിത്തം ഒരു ലോക പ്രദർശനത്തിന് അതിന്റേതായ മൂല്യം ഉണ്ടെന്ന് ചിലർ പറയാനിടയാകുന്നു. അവർ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളും ടൂറിസവികസനവും നികുതി വരുമാനങ്ങളും പുതിയ യാത്രാ സൗകര്യങ്ങളും പാലങ്ങളും പെരുവഴികളും അതുപോലുള്ള മററ് മൂല്യവത്തായ എല്ലാ ആനുഷംഗിക പ്രയോജനങ്ങളും ചൂണ്ടിക്കാട്ടുന്നു.
അനേകരും ഒരു പ്രദർശനത്തിൽ കുടുംബങ്ങൾക്കു വേണ്ടിയുള്ള ശുദ്ധമായ വിനോദത്തിന്റെ അളവിനെ പ്രശംസിക്കുന്നു. എക്സ്പോയിൽ ഓരോ പവലിയനിലുമുള്ള വിദ്യാഭ്യാസപരമായ പ്രദർശനവസ്തുക്കൾക്കുപുറമെ ഒരു മദ്ധ്യപാതയും നാല് ഗ്യാലറികളും ചലച്ചിത്രങ്ങളും ഡാൻസുകൾ, സംഗീതക്കച്ചേരികൾ എന്നിവ പോലുള്ള 43,000 ത്തിലധികം സൗജന്യ പരിപാടികളും ഉണ്ടായിരുന്നു. അതിന്റെ അന്തരീക്ഷം ഒരു എഴുത്തുകാരൻ ഇപ്രകാരം പറയാൻ ഇടയാക്കി: “അതിലെ ചുററിനടക്കുന്നതു തന്നെ നിങ്ങൾക്ക് ഒരു നല്ല അനുഭൂതി ഉളവാക്കുന്നു.” സിനിമകളിലൊന്ന് “ഹ്രസ്വ വിഷയ ഇനത്തിൽ ഏററവും സജീവമായ അഭിനയത്തിനുള്ള ഒരു അക്കാദമി അവാർഡിന് നിർദ്ദേശിക്കപ്പെട്ടു.”
എന്നാൽ “അത് യഥാർത്ഥത്തിൽ മൂല്യവത്തായിരുന്നോ?” ഒരു വർത്തമാനപ്പത്രം ചോദിച്ചു. എക്സ്പോ 86-ന്റെ അവസാന ദിവസം ഒരു കനേഡിയൻ പത്രം, അഭിമുഖീകരിക്കേണ്ടിവരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ കടത്തെ സംബന്ധിച്ച് പരാമർശിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: “നാളെ പരിണത ഫലങ്ങൾ തുടങ്ങുന്നു.”
ചെലവുകളും കടങ്ങളും
“മേള 34 കോടി 90 ലക്ഷം ഡോളറിന്റെ കമ്മിയിൽ പര്യവസാനിച്ചു” എന്ന് ദി ടൊറോന്റോ സ്ററർ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കാലത്തെ പ്രദർശനങ്ങളിലെ നഷ്ടങ്ങൾ നേരത്തെ പരാമർശിച്ച ബോക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് എക്സ്പോ 86 വ്യത്യസ്തമല്ലായിരുന്നു. പ്രതീക്ഷിച്ചതിൽ കവിഞ്ഞ്, 2 കോടി 20 ലക്ഷത്തിൽ പരം സന്ദർശകരുണ്ടായിരുന്നു എന്നത് സത്യം തന്നെ. അതിന് ലോകമെങ്ങും വമ്പിച്ച സൗജന്യ പരസ്യവും ലഭിച്ചിരുന്നു—60 രാജ്യങ്ങളിൽനിന്നുള്ള 10,000 പത്രപ്രവർത്തകർ അതുസംബന്ധിച്ച് എഴുതാൻ നിയോഗിക്കപ്പെട്ടിരുന്നു. അതിന് എട്ടു വർഷത്തെ തയ്യാറെടുപ്പ് നടത്തിയിരുന്നു, അതിന്റെ പ്രോത്സാഹനാർത്ഥം ഒരു “ഉജ്ജ്വലമായ ആഗോള വിപണന പ്രസ്ഥാനവും” ഉണ്ടായിരുന്നു. എന്നിട്ടും അതിന് പണം നഷ്ടപ്പെട്ടു.
എന്നിരുന്നാലും, സമ്പദ്വ്യവസ്ഥക്ക് ഒരു ഉത്തേജനം ലഭിക്കയില്ലേ? “പ്രോവിൻസിന്റെ കുഴഞ്ഞ സമ്പൽസ്ഥിതിക്ക്, ഒരു മയക്കുമരുന്ന് ഉപയോക്താവ് തേടുന്ന തരത്തിലുള്ള ഒരു ഹ്രസ്വ സത്വര ക്ഷേമാനുഭൂതി ലഭ്യമായി. എന്നാൽ വാഗ്ദത്തംചെയ്യപ്പെട്ട അന്തർദ്ദേശീയ ധനനിക്ഷേപം സാക്ഷാത്കരിക്കപ്പെട്ടതായി തോന്നുന്നില്ല,” എന്ന് ഒരു റിപ്പോർട്ട് പറഞ്ഞു. ആ പ്രദേശത്തെ തൊഴിലില്ലായ്മ എക്സ്പോക്കു മുമ്പിലത്തെ അതിന്റെ നിലയിലേക്ക് പിന്നോക്കം പോയി.
നികുതിദാതാവിന്റെ ചെലവുകൾ തീർന്നില്ല. കാനഡാ പ്ലെയ്സ് പോലുള്ള ഒരു മനോഹര സൗകര്യത്തിന് ഭാവി ഉപയോഗമുണ്ടെങ്കിലും അതിന് നവീകരണം ആവശ്യമാണ്. കേവലം അകം പൊളിച്ചുമാററുന്നതിനു തന്നെ ഒരു കോടി ഡോളർ ചെലവാകുമെന്ന് കണക്കാക്കുന്നു. നവീകരണത്തിന് ഇപ്പോൾ തന്നെ ഏകദേശം 1 കോടി 8 ലക്ഷത്തിൽ പരം ഡോളർ ചെലവായി. എന്നാൽ പ്രദർശനങ്ങളുടെ അധഃപതനത്തെ സൂചിപ്പിക്കുന്ന മററു ഘടകങ്ങളും ഉണ്ട്.
അധഃപതനത്തിന്റെ മററ ഘടകങ്ങൾ
ഒരു എഴുത്തുകാരൻ ഇപ്രകാരം നിരീക്ഷിച്ചു: “നാം സാങ്കേതികവിദ്യയെ സംശയിക്കാൻ തുടങ്ങിയിരിക്കുന്നു; ഏററവും കുറഞ്ഞപക്ഷം നാം അതിനാൽ മേലാൽ ഭയചകിതരാകുന്നില്ല.” ഇത് മേലാൽ തികഞ്ഞ ആദരവ് ഉണർത്തുന്നില്ല.
ഒരു കനേഡിയൻ ശാസ്ത്രജ്ഞനായ ഡേവിഡ് സുസുക്കി എക്സ്പോ 86-നെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “കൃത്രിമ ബുദ്ധിശക്തിയുടെയും ശൂന്യാകാശ യാത്രയുടെയും ആണവ സംയോജനത്തിന്റെയും തിളങ്ങുന്ന വാഗ്ദാനത്തിൻമദ്ധ്യെ, [അത്] ഈ സംരംഭത്തിന്റെ പ്രബല സൈനിക പരിണത ഫലങ്ങളെക്കുറിച്ചൊ സ്വകാര്യ വ്യവസായം കൊയ്തെടുക്കുന്ന വമ്പിച്ച ലാഭങ്ങളെക്കുറിച്ചൊ വരാനിരിക്കുന്ന മാററങ്ങളുടെ സാമൂഹികവും പരിസ്ഥിതിപരവും വ്യക്തിപരവുമായ പരിണതഫലങ്ങളെക്കുറിച്ചൊ സൂചന നൽകിയില്ല.”
താൽപ്പര്യം കുറയുന്നതിന് പറയപ്പെടുന്ന മററു കാരണങ്ങളിൽ ചിലവ: “ലോക മേളകൾ മേലാൽ വ്യാവസായിക ലോകത്തിന്റെ നിരീക്ഷണ ലക്ഷ്യങ്ങളായിരിക്കുന്നില്ല.” “ഇന്നത്തെ ലോകത്തിൽ വിസ്മയബോധം കുറവാണ്. . . . ആളുകൾക്ക് . . . ലോകത്തിലെ മുഴു അത്ഭുതങ്ങളും അവരുടെ ടെലിവിഷൻസെററിൽ കാണാൻകഴിയും.” “കഴിഞ്ഞ രണ്ടു ദശകങ്ങളിലെ പ്രദർശന വർദ്ധനവ് തെളിവനുസരിച്ച് ചിലയാളുകളെ അവ സംബന്ധിച്ച് ക്ഷീണിപ്പിച്ചിട്ടുണ്ട്.”
പ്രദർശനങ്ങളുടെ ഭാവി എന്ത്?
എക്സ്പോ 86-ന്റെ കമ്മീഷ്നർ ജനറൽ പറയുന്നതനുസരിച്ച്, ‘ഇനംതിരിച്ചുള്ള വളരെയധികം മേളകളും, കുറഞ്ഞപക്ഷം ഐക്യ നാടുകളിലെങ്കിലും നേരിട്ട വളരെയധികം പരാജയങ്ങളും ലോക മേളാ സങ്കൽപ്പനം സംബന്ധിച്ച് ഒരു പുനർമൂല്യനിർണ്ണയത്തിലേക്ക് നയിക്കുന്നു.’ കൂടാതെ, അത് എക്സ്പോ 86 തുടങ്ങുന്നതിനു മുമ്പായിരുന്നു.
ഈ അടുത്ത കാലത്തെ അനേക പ്രദർശനങ്ങളിലേയും ഹാജരിന്റെ കുറവ് അവ സംഘടിപ്പിക്കുകയും പ്രോൽസാഹിപ്പിക്കയും ചെയ്യുന്നവരുടെയിടയിൽ ഉൽക്കണ്ഠ ഉണർത്തിയിരിക്കുന്നു. ആസ്ട്രേലിയാക്കാർ ബ്രിസ്ബനിൽ ഏപ്രിൽ 30-ന് എക്സ്പോ 88 തുടങ്ങാൻ ക്രമീകരണം ചെയ്തു. അതിന്റെ വിഷയം, “സാങ്കേതികശാസ്ത്രയുഗത്തിലെ വിശ്രമസമയം” എന്നായിരുന്നു. അത് എക്സ്പോ 86-ന്റെ വിജയം ആവർത്തിച്ചോ? കാലം തെളിയിച്ചു. അന്തർദ്ദേശീയ പ്രദർശനങ്ങൾ അതിജീവിക്കണമെങ്കിൽ വലിയ സദസ്സിനെ ആകർഷിക്കുന്നതിനും വലിയ സാമ്പത്തിക നഷ്ടങ്ങൾ തടയുന്നതിനും എന്തെങ്കിലും ചെയ്യണമെന്നത് സ്പഷ്ടമാണ്. (g88 1/8)
[27-ാം പേജിലെ ചതുരം/ചിത്രം]
പ്രസിദ്ധമായ ചില ലോക മേളകളും അന്തർദ്ദേശീയ പ്രദർശനങ്ങളും
◼ ചിക്കാഗോ ലോകമേള, 1893-ന് 2 കോടി 75 ലക്ഷം പേർ ഹാജരുണ്ടായിരുന്നു; അത് ലോകത്തിലെ ഏററവും ആദ്യത്തെ ഇരുമ്പു ചക്രം വിശേഷവൽക്കരിച്ചിരുന്നു.
◼ ന്യൂയോർക്ക് ലോകമേള, 1939-40, ഭാവിസംബന്ധമായ ട്രൈലോണും പെരിസ്ഫിയറും അതിന്റെ “നാളത്തെ ലോകം” എന്ന വിഷയം വിശേഷവൽക്കരിച്ചു; ഉദ്ദേശം 4 കോടി 50 ലക്ഷംപേർ ഹാജരുണ്ടായിരുന്നു.
◼ മറെറാരു ന്യൂയോർക്ക് ലോക മേള (1964-65), ഗോളാകൃതിയിൽ 140 അടി ഉയരമുള്ള സ്ററീൽ ഭൂഗോള മാതൃകയാൽ “ഗ്രാഹ്യത്തിലൂടെ സമാധാനം” എന്ന അതിന്റെ വിഷയത്തിന് ഊന്നൽ നൽകി. ആ മേളയുടെ ചെലവ് അതിന്റെ വരവിനെക്കാൾ 2 കോടി ഡോളറിൽ അധികം കവിഞ്ഞിരുന്നു.
◼ കാനഡാ, മോൺട്രിയലിലെ എക്സ്പോ 67 (1,000 ഏക്കർ), 5 കോടിയിലധികം ഹാജരും 60-ൽ അധികം രാഷ്ട്രങ്ങളുടെ പങ്കുകൊള്ളലും സഹിതം ഒരു വൻ വിജയമായി കണക്കാക്കപ്പെട്ടു. എന്നാൽ അത് “30 കോടി ഡോളറിന്റെ നഷ്ടം വരുത്തിവച്ചു.”
◼ ജപ്പാനിലെ ഒസാക്കാ ആതിഥേയത്വം വഹിച്ച എക്സ്പോ 70 (815 ഏക്കർ) 6,42,18,770 പേരുടെ ഹാജർ നേടി. 77 രാഷ്ട്രങ്ങളുടെ പങ്കുപററൽ ഒരു റിക്കാർഡായിരുന്നു.
◼ നോക്സ്വില്ലെ, ടെന്നെസി, യു.എസ്സ്.എ. (1982); 1 കോടി 11 ലക്ഷം പേരുടെ ഹാജരുണ്ടായിരുന്നു.
◼ യു. എസ്സ്. എ., ന്യൂ ഓർലിയാൻസ് (1984); 73 ലക്ഷം ഹാജരായി, പക്ഷെ കണക്കാക്കപ്പെട്ട പ്രകാരം 10 കോടി ഡോളറിന്റെ കമ്മിയോടെ അവസാനിച്ചു.
◼ ജപ്പാനിലെ സുക്കുബാ (252 ഏക്കർ) (1985); 2 കോടി 3 ലക്ഷംപേർ ഹാജരായി.
[കടപ്പാട്]
Background photo: Library of Congress
[25-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: ഭൂഗോള മാതൃക, ന്യൂയോർക്കിലെ ലോക പ്രദർശനം, 1964-65
ഇടത്ത്: അറേറാമിയം, ബ്രസൽസിലെ ലോക മേള, 1958
താഴെ: എക്സ്പോ സെൻറർ, വാൻകൂവർ പ്രദർശനം, 1986
[26-ാം പേജിലെ ചിത്രങ്ങൾ]
എക്സ്പോ 86, വാൻകൂവറിൽ നിന്നുള്ള രംഗങ്ങൾ
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Background photo: Library of Congress