നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ഒരു ഡിജിറ്റൽ ലോകത്തിൽ
2026 ഏപ്രിൽ 1
ബൈബിളോ നമ്മുടെ പ്രസിദ്ധീകരണങ്ങളോ വായിക്കാൻ തോന്നുമ്പോൾ നിങ്ങൾ സാധാരണ എന്താണു ചെയ്യാറുള്ളത്? നമ്മളിൽ പലരും, അച്ചടിച്ച ഒരു പുസ്തകമോ മാസികയോ എടുക്കുന്നതിനു പകരം സ്മാർട്ട് ഫോണോ ടാബോ എടുക്കും, ശരിയല്ലേ? ഒരുപക്ഷേ ഈ ലേഖനംപോലും നിങ്ങൾ വായിക്കുന്നത് ഒരു ഇലക്ട്രോണിക് ഉപകരണത്തിൽനിന്നായിരിക്കും. നമ്മുടെ പ്രസിദ്ധീകരണങ്ങൾ JW ലൈബ്രറി ആപ്പിലും jw.org-ലും ഉള്ളതിൽ നമ്മളൊക്കെ എത്ര നന്ദിയുള്ളവരാണ്!
നമ്മുടെ മിക്ക പ്രസിദ്ധീകരണങ്ങളും ഓൺലൈനായി പ്രസിദ്ധീകരിക്കുന്നത് എന്തുകൊണ്ടാണ്? സാക്ഷികളിൽ മിക്കവർക്കും അതാണു കൂടുതൽ ഇഷ്ടം. കാരണം അത് ഉപയോഗിക്കാൻ എളുപ്പമാണ്. മാത്രമല്ല അച്ചടിച്ച പ്രസിദ്ധീകരണങ്ങളിൽ കിട്ടാത്ത പല ഫീച്ചറുകളും അതിലുണ്ട്. ഇനി, നമ്മൾ ഇപ്പോഴും ശുശ്രൂഷയിൽ അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ കൊടുക്കാറുണ്ടെങ്കിലും നമ്മുടെ പ്രധാനലക്ഷ്യം ആളുകളുമായി ഒരു സംഭാഷണം തുടങ്ങുക എന്നതാണ്.
അതുകൊണ്ടുതന്നെ അച്ചടി 10 വർഷം മുമ്പത്തേതിനെ അപേക്ഷിച്ച് 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2015 മുതലാണ് JW ലൈബ്രറി ഉപയോഗിച്ച് പ്രസിദ്ധീകരണങ്ങൾ കൂടുതലായി ഡൗൺലോഡ് ചെയ്യാൻതുടങ്ങിയത്. അതിനു മുമ്പ് നമ്മുടെ മിക്ക അച്ചടിശാലകളും 16 മണിക്കൂർ പ്രവർത്തിപ്പിക്കണമായിരുന്നു. ഇനി, അച്ചടിച്ച പ്രസിദ്ധീകരണങ്ങളുടെ ആവശ്യം കൂടിയപ്പോൾ 24 മണിക്കൂർവരെ പ്രസ്സുകൾ പ്രവർത്തിപ്പിക്കാൻ പ്ലാൻ ചെയ്ത സമയങ്ങൾപോലും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്നു നമ്മുടെ മിക്ക അച്ചടിശാലകളും എട്ടു മണിക്കൂർ മാത്രമാണു പ്രവർത്തിപ്പിക്കുന്നത്.
നമ്മൾ മാത്രമല്ല അച്ചടി കുറച്ചിരിക്കുന്നത്. അടുത്തകാലത്തായി പത്രമാസികകളുടെയും അതുപോലുള്ള മറ്റു പ്രസിദ്ധീകരണങ്ങളുടെയും അച്ചടിയിൽ വലിയ കുറവ് വന്നിരിക്കുന്നതായി പല പഠനങ്ങളും തെളിയിക്കുന്നു. ആളുകൾ ഇന്നു കൂടുതലായി ഓൺലൈൻ പ്രസിദ്ധീകരണങ്ങളെ ആശ്രയിക്കുമ്പോൾ നമ്മൾ ഇനിയും അവ അച്ചടിക്കേണ്ടതുണ്ടോ? ഉണ്ട്. നമ്മൾ തുടർന്നും പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നത് എന്തുകൊണ്ടാണെന്നും അതിനു നിങ്ങളുടെ സംഭാവനകൾ എങ്ങനെ സഹായിക്കുന്നെന്നും നമുക്ക് ഇനി നോക്കാം.
മലാവിയിലെ സഹോദരിമാർ ജീവിതം ആസ്വദിക്കാം! ലഘുപത്രികയുടെ അച്ചടിച്ച കോപ്പി ഉപയോഗിച്ച് ഒരു ബൈബിൾപഠനം നടത്തുന്നു
അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ഇനിയും വേണം
നമ്മുടെ സഹോദരങ്ങളിൽ ചിലർ ഇപ്പോഴും അച്ചടിച്ച പ്രസിദ്ധീകരണങ്ങളെയാണ് ആശ്രയിക്കുന്നത്. ചിലർക്കു പറയാനുള്ളത് എന്താണെന്നു നോക്കാം:
“ഞാൻ ഇപ്പോഴും അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. കാരണം ഒരു ഇലക്ട്രോണിക് ഉപകരണം വാങ്ങാനുള്ള സാമ്പത്തികമൊന്നും എനിക്കില്ല. ഇനി, അഥവാ ഒരെണ്ണം വാങ്ങിയാൽത്തന്നെ ഇവിടെ മിക്കപ്പോഴും പവർക്കട്ട് ഉണ്ടാകുന്നതുകൊണ്ട് അതു ചാർജ് ചെയ്യുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ഡിജിറ്റൽ രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങളിൽ ആശ്രയിക്കുന്നത് അത്ര പ്രാക്ടിക്കലല്ല.”—ഒഡേട്ടെ, മൊസാമ്പിക്ക്.
“ഒരു ഇലക്ട്രോണിക് ഉപകരണം വാങ്ങാനുള്ള പണമൊന്നും എന്റെ കൈയിലില്ല. അഥവാ വില കുറഞ്ഞ ഒരെണ്ണം വാങ്ങാമെന്നുവെച്ചാൽ അതു പെട്ടെന്നു കേടാകും, എപ്പോഴും നന്നാക്കിക്കൊണ്ടിരിക്കണം. എന്തായാലും അതു നന്നാക്കാൻ കൊടുക്കുന്ന സമയത്ത് അച്ചടിച്ച പ്രസിദ്ധീകരണങ്ങളില്ലാതെ വായിക്കാനും പഠിക്കാനും പറ്റില്ലല്ലോ.”—ലിൻലി, മലാവി.
“ഞങ്ങൾ പാവപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ഞാനും എന്റെ രണ്ടു പെൺമക്കളും ഒരു ഫോൺ ആണ് ഉപയോഗിക്കുന്നത്. മീറ്റിങ്ങിനു പോകുമ്പോൾ ഞങ്ങൾ അതു മാറിമാറി ഉപയോഗിക്കും. ഒരാൾ ഫോൺ ഉപയോഗിക്കുമ്പോൾ മറ്റേ രണ്ടു പേരും അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ നോക്കും.”—സൈനിനെ, മൈക്രോനേഷ്യ.
ഇനി, വേറെ ചില സഹോദരങ്ങൾക്കു ഡിജിറ്റൽ രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യാൻ പറ്റും. പക്ഷേ, അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാനാണ് അവർക്ക് ഇഷ്ടം. അവർ എന്താണു പറയുന്നതെന്നു നോക്കാം:
“ഞാൻ മിക്കപ്പോഴും ഡിജിറ്റൽ രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാറുണ്ട്. പക്ഷേ മീറ്റിങ്ങിനു തയ്യാറാകുമ്പോൾ അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാനാണ് എനിക്ക് ഇഷ്ടം. അതിൽനിന്ന് വായിക്കുകയും അതു കൈയിൽ പിടിക്കുകയും ഒക്കെ ചെയ്യുമ്പോൾ ഒരു പ്രത്യേകസുഖമാണ്. പ്രധാനാശയങ്ങൾ അടയാളപ്പെടുത്തുന്നതും മാർജിനിൽ കുറിപ്പുകൾ എഴുതുന്നതും എനിക്ക് ഇഷ്ടമാണ്. ഇതൊക്കെ ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളിലും ചെയ്യാമെന്നുള്ളതു ശരിയാ. പക്ഷേ പേപ്പറിൽ ചെയ്യുമ്പോൾ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയുന്നതുപോലെ തോന്നും.”—മാർസിയ, ബ്രസീൽ.
“ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് വായിക്കുന്നതിനെക്കാൾ അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ വായിക്കാനാണ് എനിക്കു കൂടുതൽ എളുപ്പം. അപ്പോൾ കണ്ണിനു ക്ഷീണം കുറവായിരിക്കും. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ഞാൻ അത്ര എക്സ്പെർട്ട് ഒന്നുമല്ല. അതിൽ കുറിപ്പുകൾ എടുക്കാനും ഫയലുകൾ ഡൗൺലോഡ് ചെയ്യാനും വിവരങ്ങൾ കണ്ടുപിടിക്കാനും ഒക്കെ എനിക്കു വലിയ ബുദ്ധിമുട്ടാണ്.”—സെലീന, മൊസാമ്പിക്ക്.
“ഞാനാണെങ്കിൽ ദിവസം മുഴുവൻ ഫോണും കമ്പ്യൂട്ടറും ഒക്കെ ഉപയോഗിക്കുന്ന ആളാണ്. പക്ഷേ പഠിക്കാൻവേണ്ടി അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നതാണ് എനിക്ക് ഇഷ്ടം. അങ്ങനെയാകുമ്പോൾ മെസ്സേജുകളൊക്കെ വന്നിട്ട് ശ്രദ്ധ പതറില്ലല്ലോ. ശാന്തമായി, സ്വസ്ഥമായി യഹോവയുടെകൂടെ സമയം ചെലവഴിക്കാൻ പറ്റും.”—ജിയോം, കാനഡ.
“ശുശ്രൂഷയിൽ ആദ്യമായി കണ്ടുമുട്ടുന്ന ഒരാളോട് ഇലക്ട്രോണിക് രൂപത്തിലുള്ള പ്രസിദ്ധീകരണം അയച്ചുകൊടുക്കാൻവേണ്ടി ഫോൺനമ്പറും മറ്റും ചോദിക്കുന്നത് എപ്പോഴും അത്ര എളുപ്പമല്ല. അച്ചടിച്ച ഒരു പ്രസിദ്ധീകരണം കൊടുക്കുന്നതാണു സാധാരണഗതിയിൽ കൂടുതൽ എളുപ്പം. ഇനി, ഞങ്ങൾ പ്രവർത്തിക്കുന്ന ചില പ്രദേശങ്ങളിൽ കുറ്റകൃത്യം വളരെ കൂടുതലാണ്. അത്തരം സ്ഥലങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ അധികം ഉപയോഗിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കും.”—തെക്കേ അമേരിക്കയിൽനിന്നുള്ള ഒരു സർക്കിട്ട് മേൽവിചാരകൻ.
മീറ്റിങ്ങിനു തയ്യാറാകാൻ അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നതാണു പലർക്കും ഇഷ്ടം
അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ആവശ്യമുള്ളവരെയോ അത് ഉപയോഗിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നവരെയോ സഹായിക്കാൻവേണ്ടി സംഘടന എന്താണു ചെയ്യുന്നത്?
സഹോദരങ്ങളുടെ ആവശ്യങ്ങൾക്കായി
നമ്മുടെ ഒൻപതു ബ്രാഞ്ചോഫീസുകളിൽ ഇപ്പോഴും പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നുണ്ട്. 2025 സേവനവർഷത്തിൽ നമ്മൾ 150 കോടിയിലധികം പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചു. അവയിൽ 30 ലക്ഷത്തിലധികം ബൈബിളുകളും ഒരു കോടി 80 ലക്ഷത്തിലധികം പുസ്തകങ്ങളും 94 കോടി 10 ലക്ഷത്തിലധികം ലഘുലേഖകളും ക്ഷണക്കത്തുകളും ഉൾപ്പെടും. ഇവ അച്ചടിക്കുന്നതിനായി നമ്മൾ ഏകദേശം 324 കോടി രൂപ ചെലവഴിച്ചു. കൂടാതെ അച്ചടിക്കാനും ബൈൻഡ് ചെയ്യാനും ഉള്ള ഉപകരണങ്ങൾ നവീകരിക്കുന്നതിനുവേണ്ടി ഏതാണ്ട് മൂന്നു വർഷംകൊണ്ട് 90 കോടിയിലധികം രൂപയും ചെലവഴിച്ചു.
സംഭാവനയായി കിട്ടുന്ന പണം നമ്മൾ വളരെ സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ സഹോദരങ്ങൾക്ക് ആവശ്യമായ പ്രസിദ്ധീകരണങ്ങൾ മാത്രമേ നമ്മൾ അച്ചടിക്കാറുള്ളൂ. നേരത്തേ പറഞ്ഞതുപോലെ നമ്മൾ ഇപ്പോഴും പ്രസിദ്ധീകരണങ്ങൾ ആളുകൾക്കു കൊടുക്കാറുണ്ടെങ്കിലും സംഭാഷണം തുടങ്ങുന്നതിലാണു നമ്മൾ കൂടുതലായും ശ്രദ്ധിക്കുന്നത്. അതുകൊണ്ട് ഉണരുക! മാസികയുടെ അച്ചടിയിലും നമ്മൾ വലിയ കുറവ് വരുത്തിയിട്ടുണ്ട്. മുമ്പ് ഒരു പ്രചാരകന് വർഷത്തിൽ 86 മാസിക എന്ന കണക്കിലാണു നമ്മൾ അത് അച്ചടിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് വെറും 11 ആയി കുറച്ചിരിക്കുന്നു. പല സാക്ഷികളും ഇപ്പോൾ സന്ദർശകകാർഡുകൾ കൂടുതലായി ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് 2020-നുശേഷം അതിന്റെ അച്ചടി മൂന്നിരട്ടിയായി വർധിപ്പിച്ചിരിക്കുന്നു.
“ദൈവത്തിന് എല്ലാവരെയുംകുറിച്ച് ചിന്തയുണ്ട്”
നമ്മൾ ഇപ്പോഴും പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിൽ പല സഹോദരങ്ങളും ഒരുപാടു നന്ദിയുള്ളവരാണ്. ബ്രസീലിൽനിന്നുള്ള റിക്കാർഡോ സഹോദരൻ പറയുന്നു: “ഇത്രയും സ്നേഹമുള്ള ഒരു സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ എനിക്കു ശരിക്കും അഭിമാനം തോന്നുന്നു. കാരണം ഡിജിറ്റൽ രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കാനോ ഡൗൺലോഡ് ചെയ്യാനോ കഴിയാത്തവർക്കുപോലും സംഘടന ആത്മീയഭക്ഷണം ലഭ്യമാക്കുന്നു. അതുകൊണ്ട് ‘ദാഹിക്കുന്ന എല്ലാവർക്കും, ആഗ്രഹിക്കുന്ന എല്ലാവർക്കും’ ബൈബിൾസത്യങ്ങൾ പഠിക്കാനാകുന്നു.” (വെളിപാട് 22:17) തഹീതിയിൽനിന്നുള്ള ബർണാഡ് പറയുന്നു: “അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ഇപ്പോഴും കിട്ടുന്നതിൽ എനിക്ക് ഒരുപാടു നന്ദിയുണ്ട്. യഹോവയുടെ സംഘടന എത്ര സ്നേഹവും ജ്ഞാനവും ഉള്ള, ഞങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയാണെന്ന് ഇതു തെളിയിക്കുന്നു. ഓരോരുത്തരുടെയും സാഹചര്യം എന്തുതന്നെയായാലും, അവർ ചെറുപ്പക്കാരോ പ്രായമായവരോ, പണക്കാരോ പാവപ്പെട്ടവരോ ആയാലും, അവർക്കെല്ലാം ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പഠിക്കാനാകുന്നെന്ന് ഈ സംഘടന ഉറപ്പുവരുത്തുന്നു. ഓരോ വ്യക്തിയെക്കുറിച്ചും ദൈവത്തിന് എത്രമാത്രം ചിന്തയുണ്ടെന്നല്ലേ അതു കാണിക്കുന്നത്?”
പ്രസിദ്ധീകരണങ്ങൾ അച്ചടിക്കാൻവേണ്ടി തന്റെ സംഭാവനയും ഉപയോഗിക്കുന്നു എന്നതിൽ ബ്രസീലിൽനിന്നുള്ള ആൻഡ്രിയയ്ക്ക് ഒത്തിരി സന്തോഷമുണ്ട്. അവർ പറയുന്നു: “ഡിജിറ്റൽ രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാൻ പറ്റാത്തവർക്ക് അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി നമ്മുടെ സംഘടന പണവും സമയവും സ്വമേധാസേവകരുടെ കഴിവും ആരോഗ്യവും ഒക്കെ ഉപയോഗിക്കുന്നു. ഇതു കാണുമ്പോൾ ദൈവത്തിന് എല്ലാവരെയുംകുറിച്ച് ചിന്തയുണ്ടെന്ന് എനിക്കു ബോധ്യമാകുന്നു. എന്റെ സംഭാവന പ്രസിദ്ധീകരണങ്ങൾ അച്ചടിക്കാൻവേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽപ്പോലും ഞാൻ സന്തോഷത്തോടെ അതു കൊടുക്കും.”
നിങ്ങൾ donate.jw.org വഴി തരുന്ന സംഭാവനകൾ ഉൾപ്പെടെ നിങ്ങളുടെ എല്ലാ സംഭാവനകളും ഞങ്ങൾ ഒത്തിരി വിലമതിക്കുന്നു. അച്ചടിച്ച പ്രസിദ്ധീകരണങ്ങളെ മാത്രം ആശ്രയിക്കുന്നവർക്കോ അതു കൂടുതൽ ഇഷ്ടപ്പെടുന്നവർക്കോ വേണ്ടി അവ തുടർന്നും ലഭ്യമാക്കാൻ നിങ്ങൾ തരുന്ന ഓരോ സംഭാവനയും ഞങ്ങളെ സഹായിക്കുന്നു.