നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
‘എല്ലാ തരം ആളുകളെയും’ സഹായിക്കുന്നു—പ്രിന്റിങ് ലളിതമാക്കിക്കൊണ്ട്
2025 ഒക്ടോബർ 1
‘എല്ലാ തരം ആളുകളും സത്യത്തിന്റെ ശരിയായ അറിവ് നേടണമെന്നാണ്’ ദൈവമായ യഹോവ ആഗ്രഹിക്കുന്നത്. (1 തിമൊഥെയൊസ് 2:3, 4) എങ്കിലും നമ്മുടെ സഹോദരങ്ങളും അതുപോലെ നമ്മൾ സന്തോഷവാർത്ത അറിയിക്കുന്ന ആളുകളും നൂറുകണക്കിനു ഭാഷകളാണ് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ വർഷവും ഒരുപാടു ഭാഷകളിലായി 200 കോടിയോളം പ്രസിദ്ധീകരണങ്ങളാണ് നമ്മൾ അച്ചടിക്കുന്നത്. നമുക്കു കിട്ടുന്ന സംഭാവനകൾ ഏറ്റവും നന്നായി ഉപയോഗിച്ചുകൊണ്ട് ഇത്രയധികം ഭാഷകളിൽ ആത്മീയഭക്ഷണം എത്തിക്കുന്നത് എങ്ങനെയാണ്?
കുറച്ച് പ്രിന്ററികൾ, നല്ല ഉപകരണങ്ങൾ
1980-കളിൽ നമ്മൾ 40-ലധികം സ്ഥലങ്ങളിലായി മാസികകൾ അച്ചടിച്ചിരുന്നു. ക്രമേണ നമ്മുടെ അച്ചടിയോട് ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ചില മാറ്റങ്ങൾ വരുത്തിയതുകൊണ്ട് ഇപ്പോൾ ഒൻപത് സ്ഥലങ്ങളിൽ മാത്രമേ നമ്മൾ അച്ചടിക്കുന്നുള്ളൂ. എന്നാൽ ഈ കാലയളവുകൊണ്ട് നമ്മൾ പതിവായി അച്ചടിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ ഭാഷകളുടെ എണ്ണം ഏകദേശം 500 ശതമാനമായി വർധിച്ചു. കുറച്ച് പ്രിന്ററികൾ ഉപയോഗിച്ച് കൂടുതൽ ഭാഷകളിൽ എങ്ങനെയാണ് നമുക്ക് അച്ചടിക്കാനാകുന്നത്? അതിന്റെ ഒരു പ്രധാന കാരണം നല്ല ഉപകരണങ്ങളാണ്.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പ്രസിദ്ധീകരണങ്ങൾ പ്രിന്റ് ചെയ്യാൻ പുതിയ പ്രസ്സുകൾ ഉള്ളതുകൊണ്ട് പറ്റുന്നു. പഴയ പ്രസ്സുകളിൽ ഒരു ജോലിചെയ്ത് തീർത്തതിനു ശേഷം അടുത്ത പ്രിന്റിങ് ജോലിയിലേക്ക് കടക്കാൻ നല്ല സമയം വേണമായിരുന്നു. എന്നാൽ ഇപ്പോൾ നല്ല ഉപകരണങ്ങൾ ഉള്ളതുകൊണ്ട് നാലു മടങ്ങ് വേഗത്തിൽ അതു ചെയ്യാനാകുന്നു. കുറച്ച് ആളുകൾ സംസാരിക്കുന്ന ഭാഷകളിൽപ്പോലും നമുക്കു കൂടുതൽ ജോലികൾ പെട്ടെന്ന് ചെയ്തുതീർക്കാൻ പറ്റുന്നുണ്ട്. എന്നാൽ ഈ ഓരോ പ്രിന്റിങ് ജോലിക്കും പുതിയ പ്രിന്റിങ് പ്ലേറ്റുകൾ ആവശ്യമാണ്. ഈ അടുത്ത 12 മാസ കാലയളവിൽ നമുക്ക് പ്രിന്റിങ് പ്ലേറ്റുകൾക്കുവേണ്ടി മാത്രം ഏകദേശം 20 ലക്ഷം ഡോളറാണ് വേണ്ടിവന്നത്.a അതുകൊണ്ട് ചെറിയ ജോലികൾക്കുവേണ്ടി പ്രിന്റിങ് പ്ലേറ്റുകൾ ആവശ്യമില്ലാത്ത ഡിജിറ്റൽ പ്രസ്സുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇതുപോലുള്ള ലേസർ ടെക്നോളജി ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്രസ്സുകൾ ഉള്ളതുകൊണ്ട് കുറച്ച് പ്രസിദ്ധീകരണങ്ങളാണെങ്കിൽപ്പോലും കുറഞ്ഞ ചെലവിൽ പ്രിന്റ് ചെയ്യാനാകുന്നു.
പ്രിന്റിങ് ജോലികൾക്കിടെ പ്ലെയ്റ്റുകൾ മാറ്റുന്നു
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ലോകമെങ്ങുമുള്ള പ്രിന്റിങ്ങിനും ബൈന്റിങ്ങിനും ഉള്ള ഉപകരണങ്ങൾ പുതുക്കുന്നതിനായി നമ്മൾ ഒരു കോടി ഡോളറിൽ അധികമാണ് ചെലവഴിച്ചത്. ബൈബിൾ പ്രിന്റ് ചെയ്യുന്നതിനുവേണ്ടി ഈ ഉപകരണങ്ങളിൽ ചിലത് നമ്മൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നു നോക്കാം. പണ്ട് ബൈബിൾ പ്രിന്റ് ചെയ്ത് പുറത്തിറക്കുന്നതിനു മുമ്പ് 40-ലധികം കാര്യങ്ങൾ ചെയ്തുതീർക്കണമായിരുന്നു, അത് തുന്നുന്നതും മുറിക്കുന്നതും അരിക് ഭംഗിയാക്കുന്നതും മിനുസം വരുത്തുന്നതും സ്വർണനിറം പൂശുന്നതും ഒക്കെയായി. അതുപോലെ ഓരോ കാര്യവും ചെയ്ത് കഴിയുമ്പോഴും അടുത്തതിനുവേണ്ടി നമ്മൾ ഈ ബൈബിളുകൾ കൈകൊണ്ട് എടുത്തുകൊണ്ടുപോയി അടുക്കിവെക്കണമായിരുന്നു. എന്നാൽ ഇപ്പോൾ വെറും പത്തു പടികൾ മാത്രം ചെയ്താൽമതി. കാരണം ഇന്നത്തെ മെഷീനുകളിൽ ഒരുപാട് കാര്യങ്ങൾ ഒരുമിച്ചുനടക്കുന്നു. മെഷീനുകൾ ഉപയോഗിച്ചാണ് ബൈബിൾ ഒരുപണി കഴിഞ്ഞ് മറ്റൊരു പണിക്ക് കൊണ്ടുപോകുന്നത്. അങ്ങനെ ബൈബിൾ പ്രിന്റ് ചെയ്യുന്നതിനു വേണ്ടിവന്നിരുന്ന പണി പകുതിയോളം കുറഞ്ഞു. ജപ്പാൻ ബ്രാഞ്ച് എല്ലാ എട്ടു മണിക്കൂറിലും 2,000 ബൈബിളുകൾ പ്രിന്റ് ചെയ്തിരുന്നു. എന്നാൽ ഇന്ന് അതേസമയംകൊണ്ട് ഏകദേശം 35,000 ബൈബിളുകളാണ് അവിടെ പ്രിന്റ് ചെയ്ത് പുറത്തിറക്കുന്നത്.
ബൈബിളിന്റെ ഓരോ ഭാഗവും തിരിച്ചറിയാനും ഒന്നിച്ചാക്കാനും തരംതിരിക്കാനും ബാർകോഡുകൾ ഉപയോഗിക്കുന്നു
സ്റ്റോക്ക് ചെയ്യുന്നത് കുറച്ചുകൊണ്ട് ചെലവ് കുറയ്ക്കുന്നു
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ചെയ്തതുകൊണ്ട് പണം കുറെയൊക്കെ നമുക്ക് ലാഭിക്കാനായി. ഉദാഹരണത്തിന്, ഇപ്പോൾ നമുക്ക് ചെറിയ അളവിൽ അച്ചടിക്കാൻ കഴിയുന്നു. അതുപോലെ ഒരു പ്രിന്റിങ് ജോലി തീർന്നതിനുശേഷം അടുത്തതിലേക്ക് പെട്ടെന്ന് കടക്കാനും പറ്റുന്നു. അതുകൊണ്ടുതന്നെ ഓരോ പ്രിന്ററികളിലും സ്റ്റോക്ക് ചെയ്യുന്ന പ്രസിദ്ധീകരണങ്ങളുടെ എണ്ണം നമുക്ക് കുറയ്ക്കാൻ പറ്റുന്നുണ്ട്. ഐക്യനാടുകളിലെ ബ്രാഞ്ചോഫീസിൽ സേവിക്കുന്ന ഗ്യാരി എന്ന സഹോദരൻ പറയുന്നു: “ചെറിയ അളവിൽ പ്രസിദ്ധീകരണങ്ങൾ കൂടെക്കൂടെ അച്ചടിക്കുന്നത് ആദ്യം ഒരു വിരോധാഭാസമായി തോന്നി. വലിയ അളവിൽ കുറച്ച് തവണ അച്ചടിക്കുന്നതാണ് നല്ലതെന്ന് നമുക്ക് തോന്നിയേക്കാം.” ഗ്യാരി തുടർന്ന് പറയുന്നു: “ചെറിയ അച്ചടിജോലികൾ കൂടുതൽ തവണ ചെയ്യാൻ തുടങ്ങിയതിനു ശേഷമുള്ള ആദ്യവർഷം, പ്രിന്റിങ് പ്ലേറ്റുകൾക്കും പേപ്പർ വേസ്റ്റിനും ഉള്ള ചെലവ് 60,000 ഡോളർ കൂടി. എന്നാൽ പേപ്പറും അച്ചടിച്ച പുസ്തകങ്ങളും സ്റ്റോക്ക് ചെയ്യുന്നതിലുള്ള ചെലവിൽ ആ വർഷം നമുക്ക് 15 ലക്ഷം ഡോളറിലധികം ലാഭിക്കാൻ പറ്റി!” ആ പണം രാജ്യഹാൾ നിർമാണം, ദുരിതാശ്വാസപ്രവർത്തനം പോലുള്ള മറ്റ് പ്രധാന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.
സാധനങ്ങൾ അധികം സൂക്ഷിച്ചുവെക്കുന്നില്ലാത്തതുകൊണ്ട് ചില ബ്രാഞ്ചോഫീസുകളിൽ കൂടുതൽ സ്ഥലം കിട്ടുന്നുണ്ട്. ആ സ്ഥലം ബഥേലിലെ മറ്റ് ആവശ്യങ്ങൾക്കുവേണ്ടി അവർ ഉപയോഗിക്കുന്നു. അതുപോലെ അച്ചടി ചില സ്ഥലങ്ങളിൽ മാത്രമാക്കിയതുകൊണ്ട് പുതിയ നിർമാണപ്രവർത്തനങ്ങളുടെ വലുപ്പം കുറയ്ക്കാനും മിക്കപ്പോഴും സാധിക്കുന്നു. ഉദാഹരണത്തിന്, 2018-ൽ ബ്രിട്ടൻ ബ്രാഞ്ചിലെ അച്ചടിപ്രവർത്തനങ്ങൾ സെൻട്രൽ യൂറോപ്പ് ബ്രാഞ്ചും മറ്റു പ്രിന്ററികളും ഏറ്റെടുത്തു. അതുകൊണ്ട് ഇംഗ്ലണ്ടിലെ ചെംസ്ഫോർഡിലുള്ള പുതിയ ബ്രാഞ്ചിന്റെ നിർമാണച്ചെലവിൽ ലക്ഷക്കണക്കിന് ഡോളർ ലാഭിക്കാനായി.
“അങ്ങ് എന്നെ ഓർത്തല്ലോ!”
ഏറ്റവും പ്രധാനമായി നമ്മുടെ ലളിതമായ പ്രവർത്തനങ്ങൾ ആളുകളെ ആത്മീയമായി സഹായിക്കുന്നു. ഇപ്പോൾ നമുക്ക് കൂടുതൽ ഭാഷകളിൽ അച്ചടിക്കാൻ കഴിയുന്നു, ഒരു പ്രസിദ്ധീകരണത്തിന്റെ കുറച്ച് കോപ്പികൾ മാത്രമേ ആവശ്യമുള്ളൂ എങ്കിൽപ്പോലും. ഉദാഹരണത്തിന്, ന്യൂ കാലിഡോണിയയിലും വാലിസ് ആൻഡ് ഫെറ്റൂണയിലും ആയി വല്ലീഷ്യൻ ഭാഷ സംസാരിക്കുന്നവർ ഏകദേശം 35,000 പേർ മാത്രമാണ് ഉള്ളത്. എങ്കിലും 2024 ആഗസ്റ്റിൽ നമ്മൾ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം മുഴുവനായി വല്ലീഷ്യൻ ഭാഷയിൽ പുറത്തിറക്കി. വല്ലീഷ്യൻ ഭാഷ സംസാരിക്കുന്ന സെലാഫിന എന്ന പ്രചാരക പറയുന്നു: “ഞാൻ ഫ്രഞ്ച് ബൈബിളാണ് വായിച്ചുകൊണ്ടിരുന്നത്. അതിൽ എനിക്ക് മനസ്സിലാകാത്ത പല വാക്കുകളും ഉണ്ടായിരുന്നു. വല്ലീഷ്യൻ ഭാഷയിൽ ബൈബിൾ കിട്ടിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ഞാൻ പ്രാർഥിച്ചു: ‘യഹോവേ അങ്ങ് എന്നെ ഓർത്തല്ലോ! അങ്ങ് പക്ഷപാതമില്ലാത്ത ദൈവമാണ്.’”
വല്ലീഷ്യൻ ഭാഷയിൽ പുതിയ ലോക ഭാഷാന്തരം മുഴുവനായി ഇപ്പോൾ ലഭ്യമാണ്
കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ സാങ്കെ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം അഞ്ചു ലക്ഷത്തിൽ താഴെയാണെങ്കിലും അവർക്ക് ആ ഭാഷയിൽ ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന പുസ്തകം ലഭ്യമാണ്. സാങ്കെ ഭാഷയിലുള്ള സഭയിലെ ഹോസ്വെ എന്ന സഹോദരൻ പറയുന്നു: “ബൈബിൾവിദ്യാർഥികൾക്ക് ചില വാക്കുകളും പദപ്രയോഗങ്ങളും വിശദീകരിച്ചുകൊടുക്കാനും പരിഭാഷപ്പെടുത്തിക്കൊടുക്കാനും ഒക്കെ മുമ്പ് നല്ല ശ്രമം വേണമായിരുന്നു. എങ്കിലും ചിലപ്പോഴൊക്കെ പുസ്തകത്തിൽ എന്താണു പറയുന്നതെന്ന് വിദ്യാർഥികൾക്ക് മനസ്സിലാകാതെപോകും. ഇപ്പോൾ സാങ്കെ ഭാഷയിൽ ഈ പുസ്തകമുള്ളതുകൊണ്ട് എത്ര ആശ്വാസമാണെന്നോ! പഠിപ്പിക്കുന്ന കാര്യങ്ങൾ വിദ്യാർഥികൾക്ക് ഇപ്പോൾ ശരിക്കും മനസ്സിലാകുന്നുണ്ട്. നീണ്ട വിശദീകരണം കൊടുക്കേണ്ട ആവശ്യംവരുന്നില്ല.”
ഏകദേശം 1,20,000 ആളുകൾ സംസാരിക്കുന്ന ഹോണ്ടുറാസിലെ ഗാരിഫൂണ ഭാഷയിൽ ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന പുസ്തകം ഉപയോഗിച്ച് ഒരു ബൈബിൾപഠനം നടത്തുന്നു
മുമ്പെന്നത്തെക്കാൾ അധികമായി നമ്മൾ ഇപ്പോൾ കൂടുതൽ ആളുകൾക്ക് കൂടുതൽ ഭാഷകളിൽ ആത്മീയഭക്ഷണം പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. donate.jw.org-ൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള നിങ്ങളുടെ എല്ലാ സംഭാവനകളുംകൊണ്ടാണ് ഞങ്ങൾക്ക് ഇതൊക്കെ ചെയ്യാൻ സാധിക്കുന്നത്. നിങ്ങൾ മനസ്സോടെ കാണിക്കുന്ന ആ ഉദാരതയ്ക്ക് നന്ദി.
a ഈ ലേഖനത്തിലെ ഡോളർ യു. എസ്. ഡോളർ ആണ്.